“അമ്മ എന്നാൽ എന്നും അമ്മ തന്നെയാണ്, ജീവിച്ചിരിക്കുന്നവയിൽ വെച്ച് ഏറ്റവും വിശുദ്ധമായ ഒന്നാണത്.”— സാമുവൽ ടെയ്ലർ കോളറിഡ്ജ്
എല്ലാ രാവുകളും കാത്തിരിപ്പിന്റേതാണ്. വെളിച്ചം അടർന്നുവീഴാൻ തുടങ്ങുമ്പോൾ ഓരോ കാത്തിരിപ്പും പ്രതീക്ഷകളുടെ വാതിൽ തുറക്കും. എന്നാൽ, പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് ലേക്ഷോർ ഹോസ്പിറ്റലിൽ വെച്ച് ആ രാവ് കടന്നുവന്നത് ഒരു താക്കീതായിട്ടായിരുന്നു.
26 ജൂൺ 2011, പുലർച്ചെ അഞ്ചു മണി.
ഉമ്മയുടെ വിയോഗം ഒരു വലിയ നഷ്ടം തന്നെയായിരുന്നു. അറിവിന്റെ ഒരു വലിയ വെളിച്ചമായിരുന്നു ആ ജീവിതമെന്നതു മനസ്സിലാക്കാൻ പലർക്കും കഴിഞ്ഞിട്ടില്ല
അക്ഷരങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും ഞാൻ ഈ ലോകത്തെ തിരിച്ചറിയുന്നതിനും എത്രയോ മുൻപ് ഉമ്മയായിരുന്നു എന്റെ ആദ്യത്തെ വായനശാല. വായന ഉമ്മയുടെ അസാധാരണമായ ഒരു ഗുണമായിരുന്നു—ബൗദ്ധികമായും വൈകാരികമായും ഞങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുകയും വഴിനടത്തുകയും ചെയ്ത ഒരു നിശ്ശബ്ദ പ്രവാഹം.
ഞങ്ങളുടെ കുടുംബം തികച്ചും പ്രതിസന്ധികളിലൂടെ കടന്നുപോയ നാളുകളായിരുന്നു അത്. എങ്കിലും ആ കലുഷിതമായ അന്തരീക്ഷത്തിലും മനോഹരമായ ഒരു ശീലം ഞങ്ങളിൽ വളർന്നു വന്നു. എന്റെ സ്കൂൾ ദിനങ്ങളിൽ, തിരുവനന്തപുരത്തെ കമലേശ്വരത്തുള്ള എസ്.എൻ.എസ്.എസ് (SNSS) ലൈബ്രറിയിൽ പോയി ഉമ്മയ്ക്കായി ഞാൻ മലയാളം നോവലുകളും കഥകളും എടുത്തു കൊണ്ടുവരുമായിരുന്നു. നിധിപോലെയാണ് ആ പുസ്തകങ്ങൾ ഞാൻ വീട്ടിലെത്തിച്ചിരുന്നത്.
അതിലൂടെ ഞാൻ പോലുമറിയാതെ അറിവിന്റെ, ജീവിതകഥകളുടെ വിത്തുകൾ എന്നിലും വളർന്നു. പിൽക്കാലത്ത് ഞാനും വായനയുടെ വഴിയിലേക്ക് തിരിഞ്ഞത് ഉമ്മയ്ക്ക് പുസ്തകങ്ങളോടുണ്ടായിരുന്ന ആ അടങ്ങാത്ത പ്രിയം കണ്ടുകൊണ്ടായിരുന്നു.
ജീവിതം തുന്നിക്കെട്ടിയ നാളുകൾ
ഞാൻ അഞ്ചു വർഷം മുമ്പ് കുറിച്ചത് വീണ്ടും ആവർത്തിക്കുന്നു. തകർന്നടിഞ്ഞ ജീവിതത്തെ തുന്നിച്ചേർക്കാൻ “നല്ലൊരു തയ്യൽക്കാരി” തന്നെ വേണമത്രേ! ഉമ്മ അതായിരുന്നു. അനാഥത്വം ഞങ്ങളെ അറിയിക്കാതെ, പട്ടിണിയിലേക്കുള്ള പാലം പണിയാതെ ഉമ്മ ഞങ്ങളെ കാത്തു. രാവും പകലും തയ്യൽ മെഷീന്റെ താളങ്ങൾക്കിടയിലും സൂചിയുടെ ചലനങ്ങൾക്കിടയിലും ജീവിതമെന്ന താക്കീതുകൾ ഉമ്മ ഞങ്ങൾക്ക് തന്നുകൊണ്ടേയിരുന്നു.
ഉമ്മയ്ക്ക് ജീവിതം എന്നത് ഒരു അദ്ധ്വാനം തന്നെയായിരുന്നു; ഒരു ശമ്പളവുമില്ലാത്ത, അവധിയില്ലാത്ത, ഒരിടക്കാലാശ്വാസവുമില്ലാത്ത അദ്ധ്വാനം!
യൗവനത്തിൽ നഷ്ടപ്പെട്ട സ്വന്തം ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉമ്മ ആരോടും പറഞ്ഞില്ല. പകരം, ജീവിതം തുന്നിക്കെട്ടിക്കൊണ്ടിരുന്ന ആ കരങ്ങളിൽ നാല് ജീവിതങ്ങളുടെ ബാല്യവും യൗവനവും സുരക്ഷിതമായിരുന്നു. ആ അദ്ധ്വാനം എത്രമാത്രം വിലപ്പെട്ടതായിരുന്നു എന്ന് അന്ന് ആരാണ് അറിഞ്ഞത്?
സഹാനുഭൂതി ആ തയ്യൽക്കാരിക്ക് അന്യമായിരുന്നില്ല. എങ്കിലും മറ്റുള്ളവരുടെ ജീവിതങ്ങൾ തുന്നിച്ചേർക്കുന്ന തിരക്കിൽ, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആവോളം സമയമില്ലാതെ പോയ ഒരു തുന്നൽ ജീവിതമായിരുന്നു അത്. കമലേശ്വരം ലൈബ്രറിയിൽ നിന്നും ഞാൻ കൊണ്ടുകൊടുത്തിരുന്ന പുസ്തകങ്ങളായിരുന്നു ഒരുപക്ഷേ ആ തിരക്കുകൾക്കിടയിൽ ഉമ്മയുടെ ഒരേയൊരു അഭയസ്ഥാനവും ലോകവും.
ആ അവസാന താക്കീത്
രോഗങ്ങൾ ആ ജീവിതയാത്രയിലെ സന്തതസഹചാരികളായിരുന്നു. എങ്കിലും ഓരോ വേദനയെയും സഹിഷ്ണുതയുടെ കിടക്കയിൽ ഉമ്മ ഉറക്കിക്കിടത്തി. നഷ്ടങ്ങളുടെ കണക്കുപുസ്തകം സൂക്ഷിക്കാൻ ഉമ്മ തുനിഞ്ഞില്ല. പകരം, കാപട്യങ്ങളില്ലാത്ത നേർരേഖ സ്വയം കണ്ടെത്തണമെന്ന തിരിച്ചറിവ് ഞങ്ങൾക്ക് നൽകിക്കൊണ്ടിരുന്നു.
ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്റെ തലേന്നാൾ, ഉമ്മയുടെ മുതുകിൽ ഞാൻ തടവിക്കൊടുക്കുമ്പോൾ, ആ വേദനയെ ഉമ്മ എത്രമാത്രം കടിച്ചിറക്കുകയായിരുന്നു എന്ന് എനിക്ക് തൊട്ടറിയാമായിരുന്നു.
ആ അവസാന ദിനങ്ങൾ എല്ലാ കാപട്യങ്ങളെയും അരിച്ചുകളഞ്ഞു. ജീവിതത്തിന്റെ വില എന്നത് കാപട്യങ്ങളിൽ കെട്ടിപ്പൊക്കിയ എടുപ്പുകൾ അല്ലെന്ന് ആ നാളുകൾ ഞങ്ങളെ ബോധ്യപ്പെടുത്തി. വാക്കുകൾക്ക് സൂക്ഷ്മത വേണമെന്നും, ജീവിതത്തിന് എളിമ വേണമെന്നും, പറച്ചിലിനും പെരുമയ്ക്കും അതിരുകളുണ്ടെന്നും അടയാളപ്പെടുത്തിയ ഒടുക്കത്തെ നിമിഷങ്ങൾ.
അരുവിയുടെ സംഗീതം
“സ്നേഹത്തെക്കുറിച്ചുള്ള സ്വന്തം ധാരണയാൽ മുറിവേൽക്കാൻ തയ്യാറാവണമെന്ന” സന്ദേശം ബാക്കിവെച്ചാണ് ആ രാവ് കടന്നുപോയത്.
ആരുമറിയാതെ, ഖലീൽ ജിബ്രാന്റെ പ്രണയഗീതം സ്വന്തം ജീവിതം കൊണ്ട് പാടിത്തീർക്കുകയായിരുന്നു ആ തുന്നൽ ജീവിതം:
“ഉരുകി, രാത്രിയോട് രാഗങ്ങൾ പാടുന്ന
പാഞ്ഞൊഴുകുന്ന ഒരരുവിയാകുക.
അത്യധികമായ ഹൃദയമൃദുലതയുടെ വേദനയറിയുക.
സ്നേഹത്തെക്കുറിച്ചുള്ള നിങ്ങളുടെ സ്വന്തം ധാരണയാൽ മുറിവേൽക്കുക;
സന്തോഷത്തോടെയും മനസ്സോടെയും ചോര വാർക്കുക.”
ആ തുന്നൽവേലകൾ അവസാനിച്ചു, പുസ്തകത്താളുകൾ മടക്കിവെക്കപ്പെട്ടു. എങ്കിലും ഉമ്മ എന്ന വായനശാല ഞങ്ങളുടെ ഉള്ളിൽ എന്നും തുറന്നുതന്നെയിരിക്കും.



Leave A Comment