മാതൃഭൂമി ( ആഗസ്റ്റ് 8) ലേഖനത്തിന്റെ പൂർണരൂപം
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയത് പോലെതന്നെ ചെയ്തു. തന്റെ താക്കീതുകളും ഭീഷണികളും ഇന്ത്യയ്ക്കെതിരായ ശിക്ഷാനടപടികളാക്കി മാറ്റി. മോദിയുമായും ഇന്ത്യയുമായും ഏറെ കൊട്ടിഘോഷിക്കപ്പെട്ട “സൗഹൃദം” ഇപ്പോൾ പ്രതിസന്ധിയിലായി. ട്രംപിന്റെ വിലപേശൽ തന്ത്രങ്ങളുടെ കാപട്യവും കൗശലവും ഇന്ന് തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. വ്യാപാരരംഗത്തെ അമേരിക്കയുടെ പ്രഖ്യാപിത എതിരാളികളുമായിപോലും, ഒരു അമേരിക്കൻ പ്രസിഡന്റും ഇത്രയും കഠിനവും ശിക്ഷാർഹവുമായ രാഷ്ട്രീയ ആയുധങ്ങൾ ഉപയോഗിച്ചിട്ടില്ല. നേരത്തെ ചൈനയോടും ബ്രസീലിനോടും കാട്ടിയ ധാർഷ്ട്ര്യം മുൻ ഉദാഹരണങ്ങളാണ്.
അന്താരാഷ്ട്ര ബന്ധങ്ങളിൽ സ്ഥിരമായ സുഹൃത്തുക്കളോ ശത്രുക്കളോ ഇല്ല എന്ന പഴയ പ്രമാണം ട്രംപിന്റെ ഭരണത്തിൻകീഴിൽ ഏറ്റവും നിന്ദ്യവും അപകടകരവുമായ ഒരു ആവിഷ്കാരമായി മാറുന്ന കാഴ്ചയാണ് ലോകം കണ്ടത്. വ്യാപാരരംഗത്തെ ഈ അധമരാഷ്ട്രീയത്തിന്റെ വില കൊടുക്കേണ്ടിവരുന്നത് മറ്റു പല രാജ്യങ്ങളും കൂടിയാണ്.
ഇന്ത്യ റഷ്യൻ അസംസ്കൃത എണ്ണ തുടർച്ചയായി വാങ്ങുന്നതിനുള്ള പിഴയായാണ് ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതികൾക്ക് 25% അധിക തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഇത് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള മൊത്തം അമേരിക്കൻ തീരുവ 50% ആയി ഉയർത്തി. ഇത് ചൈനയേക്കാൾ 20 ശതമാനവും പാകിസ്ഥാനേക്കാൾ 31 ശതമാനവും കൂടുതലാണ്. ട്രംപിന്റെ എക്സിക്യൂട്ടീവ് ഓർഡറിൽ പുടിന്റെ യുക്രെയ്നിലെ യുദ്ധത്തിന് ഇന്ത്യ “നേരിട്ടോ അല്ലാതെയോ” ധനസഹായം നൽകിയതായി ട്രംപ് ആരോപിക്കുന്നുണ്ട്. സമാനമായ റഷ്യൻ എണ്ണവാങ്ങുന്ന മറ്റ് രാജ്യങ്ങൾക്കും അദ്ദേഹം മുന്നറിയിപ്പ് നൽകി. പുതിയ ഉത്തരവ് പ്രകാരം 21 ദിവസത്തിന് ശേഷം അധിക 25% മൂല്യതീരുവ പ്രാബല്യത്തിൽ വരും. ഇതിനകം കയറ്റിയയക്കപ്പെട്ട ചരക്കുകൾക്കു പരിമിതമായ ഇളവുകൾ മാത്രമേയുള്ളൂ. മിക്ക ഇന്ത്യൻ ഇറക്കുമതികൾക്കും ഇത് ബാധകമാണ്.
സാഹചര്യങ്ങൾ മാറുകയോ, തിരിച്ചടി സംഭവിക്കുകയോ, അല്ലെങ്കിൽ നടപടിയേറ്റ രാജ്യങ്ങൾ അമേരിക്കൻ സുരക്ഷാ, വിദേശനയ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടാൻ നടപടികൾ സ്വീകരിക്കുകയോ ചെയ്താൽ ഭാവിയിൽ വിട്ടുവീഴ്ചകൾക്ക് തയ്യാറാകുമെന്ന് ഉത്തരവിൽ പറയുന്നു. ഇത് വിലപേശലിന്റെ പ്രത്യക്ഷരൂപമാണ്. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന മറ്റ് രാജ്യങ്ങളെ നിരീക്ഷിക്കാനും, ആവശ്യമെങ്കിൽ സമാനമായ നടപടികൾ ശുപാർശ ചെയ്യാനും, തീരുവ നടപ്പിലാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും അമേരിക്കൻ ഏജൻസികൾക്ക് ട്രംപ് ഉത്തരവ് നൽകിയിട്ടുണ്ട്. “റഷ്യൻ ഫെഡറേഷൻ എണ്ണ” എന്നത് റഷ്യയിൽ നിന്നുള്ള അസംസ്കൃത, അല്ലെങ്കിൽ പെട്രോളിയം ഉൽപ്പന്നങ്ങളെയാണ് ഉത്തരവിൽ നിർവചിച്ചിരിക്കുന്നത്. കൂടാതെ “പരോക്ഷമായി ഇറക്കുമതി ചെയ്യുക” എന്നത് ഇടനിലക്കാർ വഴിയോ മൂന്നാം രാജ്യങ്ങൾ വഴിയോ വാങ്ങുന്നതിനെയാണ് സൂചിപ്പിക്കുന്നത്.
തീരുവവർദ്ധനവിലൂടെ അമേരിക്കയിലേക്കുള്ള ഏകദേശം 64 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യൻ കയറ്റുമതിയെയാണ് ബാധിക്കുന്നതു. ഇത് 2024-ൽ അമേരിക്കൻ വിപണിയിലേക്കുള്ള ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 80% ആയിരുന്നു. വസ്ത്രങ്ങൾ, ഔഷധങ്ങളും അനുബന്ധഘടകങ്ങളും, രത്നങ്ങൾ, ആഭരണങ്ങൾ, പെട്രോകെമിക്കൽസ് എന്നിവ ട്രംപിന്റെ കടുംവെട്ടിൽ വീഴുന്ന പ്രധാന മേഖലകളാണ്. പിഴ ചുമത്തുന്നത് 2025–26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 0.2–0.3 ശതമാനം കുറയ്ക്കുമെന്ന് സർക്കാരിന്റെ ഒരു ആഭ്യന്തര വിലയിരുത്തൽ കണക്കാക്കുന്നു. ഇത് 6.6% ൽ നിന്ന് ഏകദേശം 6.4% ആയികുറയും.
ആഗോളവിപണി സാഹചര്യം നിർബന്ധിതമാക്കുന്ന ഒന്നാണെന്ന് പറഞ്ഞുകൊണ്ടാണ് റഷ്യയിൽ നിന്നുള്ള എണ്ണവാങ്ങലിനെ സർക്കാർ ന്യായീകരിച്ചത്. അമേരിക്കയും യൂറോപ്യൻ യൂണിയനും ഉൾപ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങൾ ഗണ്യമായി റഷ്യൻചരക്കുകൾ ഇറക്കുമതി ചെയ്യുന്നത് തുടരുകയാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഉദാഹരണത്തിന്, 2024 ൽ റഷ്യയിൽ നിന്ന് 67.5 ബില്യൺ യൂറോയുടെ ദ്രവീകൃത പ്രകൃതിവാതക ഇറക്കുമതിയാണ് പാശ്ചാത്യരാജ്യങ്ങൾ നടത്തിയത്. ഇത് ഇരട്ടത്താപ്പല്ലാതെ മറ്റെന്താണ്?
ട്രംപിന്റെ “നിർജ്ജീവ സമ്പദ്വ്യവസ്ഥ” എന്ന പരാമർശം തള്ളിക്കളഞ്ഞ റിസർവ്ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര, ആഗോളവളർച്ചയ്ക്ക് ഇന്ത്യ 18% സംഭാവന ചെയ്യുന്നുവെന്നും, അമേരിക്കയുടേത് ഇത് കേവലം 11% ആണെന്നും എടുത്തുകാണിച്ചു. കൂടാതെ 2025-ൽ അമേരിക്കയുടെ ജിഡിപി കുറയുമ്പോൾ ഇന്ത്യയുടെ ജിഡിപി വളർച്ച 6.5% ആയിരിക്കുമെന്ന പ്രവചനങ്ങളെ അദ്ദേഹം ഉദ്ധരിച്ചു.
കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ സ്തംഭിച്ചതും പകരതീരുവ വർദ്ധനവിനു കാരണമായി. ഇന്ത്യയുടെ സംരക്ഷിത കാർഷിക, ക്ഷീര മേഖലകളിലേക്ക് കൂടുതൽ പ്രവേശനം നൽകണമെന്ന അമേരിക്കയുടെ ആവശ്യങ്ങളെച്ചൊല്ലി നടന്ന ചർച്ചകൾ തടസ്സപ്പെട്ടു. ദശലക്ഷക്കണക്കിന് ചെറുകിട കർഷകരുടെ ഉപജീവനത്തിന് ഇത് നിർണായകമാണ്. ഇതിനായി എന്ത് വിലകൊടുക്കാനും ഇന്ത്യ തയ്യാറാണെന്ന മോദിയുടെ പ്രസ്താവന വ്യക്തമാണ് (ട്രംപിന്റെ പേരെടുത്തു പറഞ്ഞില്ലെങ്കിലും). വ്യാപാര തർക്കങ്ങളെ റഷ്യയുമായുള്ള ഇന്ത്യയുടെ തന്ത്രപരമായ ബന്ധങ്ങളുമായി ട്രംപ് ബന്ധിപ്പിക്കുന്നത് ഭൗമരാഷ്ട്രീയ ലക്ഷ്യങ്ങൾക്കായിതന്നെയാണ്. ഇതിനായി വ്യാപാരചർച്ചകളെ ട്രംപ് ആയുധമാക്കുന്നു.
ഇന്ത്യയ്ക്കും ബ്രസീലിനും ചൈനയ്ക്കുമെതിരായ തീരുവഭീഷണികൾ, റഷ്യൻ ഊർജ്ജത്തിന്മേലുള്ള ദ്വിതീയ ഉപരോധങ്ങൾ, ചൈനയുമായുള്ള ദുർബലമായ വ്യാപാര ഉടമ്പടി നീട്ടാനുള്ള ശ്രമങ്ങൾ, ഇതെല്ലം ലോകം കണ്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യയെ ശിക്ഷിക്കുന്നത് ഇന്തോ-പസഫിക്കിലെ അമേരിക്കയുടെ ഇന്തോ-പസഫിക്കിലെ തന്ത്രപരമായ സ്വാധീനത്തെ ദുർബലപ്പെടുത്തുമെന്നും ഇന്ത്യ തന്നെ റഷ്യയോടും ചൈനയോടും കൂടുതൽ അടുത്തേക്കുമെന്നും അറിയാത്ത ആളല്ല ട്രംപ്. പക്ഷെ എല്ലാവരെയും മുൾമുനയിൽ നിർത്തി ആട്ടം കാണാനാണ് അദ്ദേഹത്തിന് താൽപ്പര്യം.
ട്രംപിന്റെ വിലപേശൽ വ്യാപാര നയം ബഹുമുഖ സ്വതന്ത്രവ്യാപാരത്തിൽ നിന്ന് വ്യതിചലിക്കുന്നു. മിക്കവാറും എല്ലാ പ്രധാന വ്യാപാരപങ്കാളികളിൽ നിന്നുമുള്ള ഇറക്കുമതികൾക്ക് ഉയർന്ന തീരുവ ഏർപ്പെടുത്തിക്കൊണ്ട് അത് ഉടച്ചുവാർക്കുന്നു. 2025-ന്റെ തുടക്കത്തിൽ, ശരാശരി അമേരിക്കൻ തീരുവ നിരക്ക് 2.5% ൽ നിന്ന് 27% ആയി ഉയർന്നു. ഒരു നൂറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്ക്. ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ സഖ്യകക്ഷികൾപോലും വലിയ തീരുവകകൾക്കു കീഴ്പെട്ടു. കാനഡയും മറ്റു യൂറോപ്യൻ രാജ്യങ്ങളും കടുത്ത സമ്മർദ്ദത്തിലാണ്.
അമേരിക്കൻ സമ്പദ് വ്യവസ്ഥയ്ക്ക് ഈ നയങ്ങൾ കടുത്ത ആഘാതം സൃഷ്ടിച്ചു തുടങ്ങി. ഈ വർഷം തീരുവകകൾ അമേരിക്കൻ ഉപഭോക്തൃവില വർദ്ധിപ്പിച്ചതായും പണപ്പെരുപ്പത്തെ ഉയർത്തിയതായും ജെ.പി. മോർഗൻ വിലയിരുത്തുന്നു. ജിഡിപി നഷ്ടം തന്നെ പ്രതിവർഷം 0.2–0.36% ആയി കണക്കാക്കപ്പെടുന്നു. ഇറക്കുമതിയെ ആശ്രയിക്കുന്ന മേഖലകളായ ഓട്ടോമൊബൈൽസ്, ഇലക്ട്രോണിക്സ്, നിർമ്മാണം തുടങ്ങിയവയിൽ 2 മുതൽ 4.5% വരെ ചെലവ് വർദ്ധനവ് നേരിട്ടു തുടങ്ങി. രാജ്യത്തെ ചെറുവാഹന വില 11% ൽ കൂടുതൽ ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു. നയപരമായ അനിശ്ചിതത്വം നിർമ്മാണ, കയറ്റുമതി അധിഷ്ഠിതവ്യവസായങ്ങളിലെ നിക്ഷേപത്തെയും നിയമനങ്ങളേയും തടസ്സപ്പെടുത്തുന്നതിനാൽ രാജ്യത്തെ ബിസിനസ്സ് ആത്മവിശ്വാസവും ദുർബലമായി.
തീരുവകകൾ 124–161 ബില്യൺ ഡോളർ അധിക ഫെഡറൽ വരുമാനം വർധിപ്പിച്ചിട്ടുണ്ടെങ്കിലും ചൈന, യൂറോപ്യൻ യൂണിയൻ, കാനഡ, ഇന്ത്യ തുടങ്ങിയ പങ്കാളികളിൽ നിന്നുള്ള, പ്രതികാരതീരുവ മൂലം നഷ്ടപ്പെട്ട കയറ്റുമതി മത്സരശേഷി, നേട്ടങ്ങളെ അപ്രസക്തമാകുന്നു. വിതരണശൃംഖലകൾ പുനർനിർമ്മിച്ചും ഉൽപ്പാദനം (ചൈന ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നും) മറ്റിടങ്ങളിലേക്ക് മാറ്റിയും പരീക്ഷണങ്ങൾ തുടങ്ങിയെങ്കിലും ഇതിന്റെ ഫലം ആർക്കും പ്രവചിക്കാൻ കഴിയുന്നില്ല. ഉയർന്ന ഉൽപ്പാദന ചിലവുള്ളതുകൊണ്ടു ആഭ്യന്തര ഉല്പാദനമേഖകൊണ്ട് ഇതെല്ലം പരിഹരിക്കാമെന്ന് ട്രംപ് പോലും കരുതുന്നില്ല. അതേസമയം ഈ പിന്തിരിപ്പൻ നയങ്ങൾകാരണം രാജ്യത്തെ വളർച്ചയെ മന്ദഗതിയിലാക്കിയെന്നും മത്സരശേഷിയെ ദുർബലപ്പെടുത്തിയെന്നും വിമർശകർ ചൂണ്ടികാട്ടുന്നുണ്ട്.
ട്രംപിന്റെ അജണ്ട ഉഭയകക്ഷി വ്യാപാബന്ധങ്ങളെ മാത്രമല്ല, യുദ്ധാനന്തര ആഗോള മുതലാളിത്തത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെയും തകർക്കുന്നു. 1980-കൾ മുതൽ, നവലിബറൽ ചട്ടക്കൂട് തുറന്ന വിപണികൾ, താരതമ്യ നേട്ടം, ആഗോള വിതരണ ശൃംഖല സംയോജനം, മൂലധന ചലനക്ഷമത, ബഹുമുഖഭരണം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. ട്രംപിന്റെ തീരുവ നയങ്ങൾ ഈ ഓരോ ഘടകങ്ങളെയും ദുർബലപ്പെടുത്തുന്നു. ഉൽപ്പാദന ശൃംഖലകളെ വിഘടിപ്പിക്കുന്നതിലൂടെയും, ചെലവുകൾ വർദ്ധിപ്പിക്കുന്നതിലൂടെയും, കാര്യക്ഷമതയെക്കാൾ ഭൗമരാഷ്ട്രീയ പരിഗണനകൾ അടിസ്ഥാനമാക്കിയുള്ള വിതരണ ശൃംഖലകൾ മാറ്റുന്നതിലൂടെയും, സ്പെഷ്യലൈസേഷനിൽ നിന്നുള്ള ഉൽപ്പാദനക്ഷമതാ നേട്ടങ്ങളെ ഇല്ലാതാക്കുന്നതിലൂടെയും ട്രംപ് മുതലാളിത്വത്തിന്റെ ആഗോളീകരണകാലത്തെ വികസനതന്ത്രങ്ങളെതന്നെ അട്ടിമറിക്കുന്നു.
വ്യാപാര അനിശ്ചിതത്വം സൃഷ്ടിച്ചുകൊണ്ട് മൂലധനചലനാത്മകതയെ ട്രംപിന്റെ നയങ്ങൾ തടസ്സപ്പെടുത്തുന്നു. ഇത് അപകടപ്രീമിയങ്ങൾ വർദ്ധിപ്പിക്കുന്നു. അതിർത്തി കടന്നുള്ള നിക്ഷേപത്തെ തടയുന്നു. സാങ്കേതിക കൈമാറ്റം മന്ദഗതിയിലാക്കുന്നു. ഇറക്കുമതി ചെലവുകൾ വർദ്ധിപ്പിച്ചും, യഥാർത്ഥ വേതനവും ഉപഭോഗവും കുറച്ചും, വിപണിയുടെ ഗതീയതയെ തെറ്റിദ്ധരിപ്പിക്കുന്ന നികുതിയായി പ്രവർത്തിച്ചും ഇത് വിലകളെ കൃത്രിമമാക്കുന്നു. കാര്യക്ഷമതയേക്കാൾ സാമ്പത്തികദേശീയതയ്ക്ക് മുൻഗണന നൽകുന്നതിലൂടെയും ചെലവേറിയതും മത്സരാധിഷ്ഠിതമല്ലാത്തതുമായ വിതരണശൃംഖലകളിലേക്ക് സമ്പദ് വ്യവസ്ഥയെ നയിക്കുന്നതിലൂടെയും കാര്യങ്ങൾ സങ്കീർണമാക്കുന്നു. ലോകവ്യാപാരസംഘടയുടെ തർക്കപരിഹാര സംവിധാനങ്ങളെ മറികടന്ന്, ആഗോള നിയമങ്ങളിലുള്ള വിശ്വാസം ഇല്ലാതാക്കി, രാജ്യങ്ങളെ ഏകപക്ഷീയമായ പ്രതികാര നടപടികളിലേക്കോ ബദൽ വ്യാപാര സംവിധാനങ്ങളിലേക്കോ തള്ളിവിടുന്നതിലൂടെയും ബഹുകക്ഷിവാദത്തെ ട്രംപ് ദുർബലപ്പെടുത്തുന്നു.
നവലിബറലിസത്തിന്റെ മരണമായി ചിലർ ഇതിനെ വ്യാഖ്യാനിക്കുന്നുണ്ട്. എന്നാൽ കോർപ്പറേറ്റ് നികുതി ഇളവുകൾ, നിയന്ത്രണങ്ങൾ നീക്കൽ, തുടങ്ങിയവയിലൂടെ വരേണ്യ ശാക്തീകരണം തുടങ്ങിയ മൂലധന അനുകൂല മുൻഗണനകൾ നിലനിർത്തിക്കൊണ്ട് കൂടുതൽ സ്വേച്ഛാധിപത്യപരവും ഏകപക്ഷീയവുമായ രൂപത്തിലേക്കുള്ള പരിവർത്തനമാണെന്ന് ലോകം കാണുന്നത്. ഫലം കൂടുതൽ വിഘടിച്ചതും ഉയർന്ന ചെലവുള്ളതുമായ ആഗോള സമ്പദ്വ്യവസ്ഥയെ എല്ലാവരും താങ്ങേണ്ടി വരുമെന്നതാണ്. പ്രതിസന്ധികളോട് കൂട്ടായി പ്രതികരിക്കാനുള്ള ശേഷി ഇതോടുകൂടി കുറയുന്നു. ജി-20 രാജ്യങ്ങൾ ഒരേസമയം തീരുവ വർദ്ധിപ്പിച്ചാൽ, പ്രത്യേകിച്ച് ഊർജ്ജ ആഘാതങ്ങളോ സാമ്പത്തികഅസ്ഥിരതയോ കൂടിച്ചേർന്നാൽ, സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന് ഉറപ്പാണ്. ചുരുക്കത്തിൽ ട്രംപിന്റെ നവസംരക്ഷണവാദം അസമത്വം വർദ്ധിപ്പിക്കുകയും, തിരഞ്ഞെടുത്ത വ്യവസായങ്ങൾക്ക് ഗുണം ചെയ്യുകയും, മിക്ക ആളുകളുടെയും ജീവിതച്ചെലവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ആഗോള വ്യാപാരത്തിൽ അനിശ്ചിതത്വത്തിന്റെയും ആശങ്കയുടെയും അന്തരീക്ഷത്തെ ശക്തിപ്പെടുത്തുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ട്രംപിന്റെ 50% തീരുവ+പകരച്ചുങ്കം സാമ്പത്തിക ബാധ്യതയേക്കാൾ പ്രാധാന്യമുള്ളതാണ്. അത് രാജ്യത്തിൻറെ പരമാധികാരത്തിനും സ്വയം നിർണ്ണയാവകാശത്തിനും മേലുള്ള പരീക്ഷണമാണ്. ഇന്ത്യക്കു മുമ്പിലുള്ള വെല്ലുവിളികൾ പലതാണ്. തീരുവ ഇളവുകൾക്ക് പകരമായി കൃഷി പോലുള്ള നിർണ്ണായക മേഖലകളിൽ ഭാഗിക വിപണി പ്രവേശനം വാഗ്ദാനം ചെയ്തുകൊണ്ട് അമേരിക്കയുമായി വിട്ടുവീഴ്ച ചെയ്യാൻ ഭരണകൂടത്തിന് കഴിയും. ഇത് ഹ്രസ്വകാല കയറ്റുമതി നഷ്ടങ്ങൾ ലഘൂകരിക്കുമെങ്കിലും ആഭ്യന്തര രാഷ്ട്രീയ തിരിച്ചടിക്ക് കാരണമാകും. മോഡി സർക്കാരിന് ഇത് നല്ലതുപോലെ അറിയാം. യൂറോപ്യൻ ഉണഷൻ, ബ്രിട്ടൺ, ആസിയാൻ, പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിലൂടെയും നിലവിലുള്ള കരാറുകൾ പ്രയോജനപ്പെടുത്തുന്നതിലൂടെയും വ്യാപാര പങ്കാളിത്തങ്ങൾ വൈവിധ്യവത്കരിക്കാൻ ഇന്ത്യക്കു കഴിയും. റഷ്യയുമായും ചൈനയുമായും ഉള്ള ബന്ധം ശക്തിപ്പെടുത്താനും, ഊർജ്ജ സഹകരണം, പ്രതിരോധ സംഭരണം, ബ്രിക്സ് സാമ്പത്തിക സംരംഭങ്ങളിൽ പങ്കാളിത്തം എന്നിവ വികസിപ്പിക്കാനും ഇന്ത്യക്കു കഴിയും. ഇത് കൂടുതൽ അമേരിക്കൻ പ്രതികാര നടപടികൾ ക്ഷണിച്ചുവരുത്തുമെങ്കിലും, പാശ്ചാത്യ സാമ്പത്തിക സമ്മർദ്ദത്തിൽ നിന്ന് പുറത്തുകടക്കാനുള്ള മാർഗങ്ങളാണ്.
ഇന്ത്യ ഇതിനകം തന്നെ റഷ്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുകയാണ്. പ്രതിരോധ സംവിധാനങ്ങളുടെ കൈമാറ്റത്തെക്കുറിച്ചും തന്ത്രപരമായ സഹകരണത്തെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മോസ്കോ സന്ദർശനം ഈ ചുവടുവെപ്പുകളുടെ സൂചനയാണ്. മോദിയുടെ ചൈനാ സന്ദർശനവും പാശ്ചാത്യരാജ്യങ്ങൾ ഉറ്റുനോക്കുന്നുണ്ട്. റഷ്യയുമായും ചൈനയുമായും കൂടുതൽ അടുക്കുന്നത് അമേരിക്കയുമായുള്ള തന്ത്രപരമായ പിരിമുറുക്കങ്ങൾ വർദ്ധിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ചുരുക്കത്തിൽ ട്രംപിന്റെ നയതന്ത്രം സാമ്പത്തിക പരസ്പരാശ്രിതത്വത്തിനും ഭൗമരാഷ്ട്രീയ മത്സരത്തിനും ഇടയിലുള്ള പിരിമുറുക്കം നിർവചിക്കുന്ന ഘടകമായി തുടരുമെന്ന് ഉറപ്പായിരിക്കുന്നു.


