Published in Mathrubhumi, 9 April 2026

അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ ആരംഭിച്ച പ്രകോപനരഹിതമായ യുദ്ധം ഇപ്പോൾ അനിശ്ചിതത്വങ്ങൾ നിറഞ്ഞ ഒരു ഇടവേളയിൽ എത്തിനിൽക്കുകയാണ്. ട്രംപിന്റെ പ്രഖ്യാപനത്തിലൂടെ കണ്ടത് യഥാർത്ഥ വെടിനിർത്തലല്ല. ഇനിയും വ്യക്തതയില്ലാത്ത രണ്ടാഴ്ചത്തെ ഈ ‘ഉടമ്പടി’ ഭാഗികവും അസ്ഥിരവുമാണ്. പ്രത്യേകിച്ച് ലെബനനിൽ ഇസ്രായേൽ സൈനികനീക്കങ്ങൾ ഇനിയും തുടരുമെന്ന പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ. നിലവിലെ അവസ്ഥയെ സമാധാനമെന്ന് കരുതാനാവില്ല. സമ്മർദ്ദങ്ങളും, യുദ്ധം വ്യാപിക്കുമെന്ന ഭീതിയും, ആഗോള സാമ്പത്തിക തകർച്ചയെക്കുറിച്ചുള്ള ആശങ്കകളും രൂപപ്പെടുത്തിയ അസ്വസ്ഥത നിറഞ്ഞ ഒരു ചെറിയ ഇടവേളയിൽ ഉണ്ടായ താൽക്കാലിക ആശ്വാസം മാത്രമാണിത്.

ഈ താത്കാലിക ഉടമ്പടി നിലനിൽക്കുമോ എന്നതാണ് പ്രധാന ചോദ്യം. നിലവിൽ ഇതിനുള്ള സാധ്യത വളരെ കുറവാണ്. പാകിസ്ഥാന്റെ നേതൃത്വത്തിൽ തുടരുന്ന ചർച്ചകൾ മറ്റൊരു ഇടവേളമാത്രമായിരിക്കും. നേരത്തെ ഒമാൻ തുടങ്ങിവെച്ച ചർച്ചകളെ അട്ടിമറിച്ചുകൊണ്ടാണ് അമേരിക്കയും ഇസ്രയേലും ആക്രമണം തുടങ്ങിയത്. പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ പ്രതിസന്ധിയുടെ മൗലികകാരണങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെടാതെ തുടരുന്നു. യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള അവകാശം, സാമ്പത്തിക ഉപരോധങ്ങളിൽ നിന്നുള്ള മോചനം, തന്ത്രപരമായ സ്വയംഭരണം എന്നിവയിൽ ഇറാൻ ഉറച്ചുനിൽക്കുന്നു. ചർച്ചകളിലൂടെ എളുപ്പത്തിൽ പരിഹരിക്കാവുന്ന ചെറിയ തർക്കങ്ങളല്ല ഇതെല്ലം. ഉടമ്പടി നിലനിൽക്കുമ്പോഴും സംഘർഷാവസ്ഥ അയയാത്തത് കാണിക്കുന്നത്, ഈ ഇടവേള യുദ്ധത്തെ അവസാനിപ്പിക്കുകയല്ല, മറിച്ച് വൈകിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ്.

യുദ്ധം വളരെ സങ്കീർണമായ ഒരു ഫലമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിൽ വ്യക്തമായ ഒരു വിജയിയില്ല. ഇറാനെ ദുർബലപ്പെടുത്തുക, അവരുടെ ആണവ പദ്ധതികൾ തകർക്കുക, ഒരു ഭരണമാറ്റം തന്നെ കൊണ്ടുവരിക എന്നീ ലക്ഷ്യങ്ങളോടെയാണ് അമേരിക്കയും ഇസ്രായേലും രംഗത്തിറങ്ങിയത്. എന്നാൽ ഇതിലൊന്നും അവർ വിജയിച്ചില്ല. കുറെയേറെ നേതാക്കളെ വധിച്ചിട്ടുണ്ടെകിലും ഇറാന്റെ രാഷ്ട്രീയ സംവിധാനം ഇപ്പോഴും സുരക്ഷിതമാണ് അവരുടെ സൈനിക ശേഷി തകർന്നിട്ടില്ല, ആണവ പ്രശ്നം ഇപ്പോഴും പരിഹരിക്കപ്പെടാതെ തുടരുന്നു.

അതേസമയം ഇറാനു ‘വിജയം’ ആഘോഷിക്കാനും കഴിയില്ല. അടിസ്ഥാന സൗകര്യങ്ങൾക്കും സമ്പദ്‌വ്യവസ്ഥയ്ക്കും വൻ നാശനഷ്ടങ്ങളാണ് ഇറാൻ നേരിട്ടത്. എങ്കിലും, കനത്ത ആക്രമണങ്ങളെ അതിജീവിച്ചത് ചർച്ചകളിൽ ഇറാന്റെ ഭൗമരാഷ്ട്രീയ പദവി ശക്തമാക്കിയിട്ടുണ്ട്. തോൽപ്പിക്കപ്പെട്ട ഒരു രാജ്യം എന്ന നിലയിലല്ല, മറിച്ച് പൊരുതിനിന്ന ഒരു രാജ്യം എന്ന നിലയിലാണ് ഇറാൻ ഇനി ചർച്ചകളിൽ പങ്കെടുക്കുക.

ഈ യുദ്ധത്തിൽ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ഗൾഫ് രാജ്യങ്ങൾക്കാണ്. സമ്പത്തും സുരക്ഷാ സഖ്യങ്ങളും ഉണ്ടായിരുന്നിട്ടും, മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്ക് അവർ നേരിട്ട് ഇരയാകേണ്ടി വന്നു. അവരുടെ സമ്പദ്‌വ്യവസ്ഥ താളംതെറ്റുകയും ബാഹ്യസുരക്ഷാ സംവിധാനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുകയും ചെയ്തു. മേഖലാസംഘർഷങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ തങ്ങൾക്ക് കഴിയില്ലെന്ന് ഈ യുദ്ധം അവരെ ബോധ്യപ്പെടുത്തി.

ആഗോളതലത്തിലുണ്ടായ പ്രത്യാഘാതങ്ങളും ഗൗരവകരമാണ്. ഹോർമുസ് കടലിടുക്ക് തന്ത്രപ്രധാനമായ ഒരു കേന്ദ്രമായി മാറിയിരിക്കുന്നു. ഇത് പൂർണ്ണമായും അടച്ചുപൂട്ടിയിട്ടില്ലെങ്കിൽപോലും, തടസ്സമുണ്ടാകുമെന്ന ഭീതി തന്നെ എണ്ണവില വർദ്ധിപ്പിക്കാനും കപ്പൽ ഗതാഗതത്തെ ബാധിക്കാനും ആഗോള വിതരണ ശൃംഖലയെ തളർത്താനും കാരണമായി. ഹോർമുസ് കടലിടുക്കിന്റെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ഇതിൽ കൂടുതൽ നിയന്ത്രണം കൊണ്ടുവരാൻ ഇറാൻ ശ്രമിച്ചാൽ, അത് ആഗോള ഊർജ്ജവിപണിയെ തകിടം മറിക്കുകയും ടെഹ്‌റാന് ദീർഘകാലാടിസ്ഥാനത്തിൽ മേൽക്കൈ നൽകുകയും ചെയ്യും.

ഈ സാഹചര്യത്തിൽ, നിലവിലെ ‘വെടിനിർത്തൽ’ താൽക്കാലികമായ ആശ്വാസം മാത്രമാണ് നൽകുന്നത്. ഇത് വിപണിയെ കുറച്ചുകാലത്തേക്ക് ശാന്തമാക്കിയേക്കാം. എന്നാൽ അടിസ്ഥാന പ്രശ്നങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ ഇരുപക്ഷവും തയ്യാറാകാത്തിടത്തോളം കാലം ശാശ്വതമായ സമാധാനം സാധ്യമല്ല. അതല്ലെങ്കിൽ, ഹോർമുസ് കടലിടുക്ക് ഒരു സമ്മർദ്ദകേന്ദ്രമായും ഈ പ്രദേശം ഇടയ്ക്കിടെ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെടുന്ന ഒരു മേഖലയായും തുടരും. സൈനികശക്തിക്ക് നാശമുണ്ടാക്കാൻ കഴിയുമെങ്കിലും രാഷ്ട്രീയമായ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാൻ കഴിയില്ല എന്ന യാഥാർഥ്യമാണ് ഈ യുദ്ധം ഓർമിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വെടിനിർത്തൽ ഒരു പരിഹാരമല്ല, അവസാനിക്കാത്ത ഒരു യുദ്ധത്തിലെ ചെറിയൊരു ഇടവേള മാത്രമാണ്. 

https://www.mathrubhumi.com/news/world/iran-israel-conflict-analysis-2026-ceasefire-geopolitics-waz748e5