കാൽനൂറ്റാണ്ട് മുമ്പാണ്. എറണാകുളം ജില്ലയിലെ ഒരു സമ്മേളനവേദിയിൽ വെച്ച് വിഎസ്സുമായി സംസാരിക്കുകയായിരുന്നു. അന്ന് പ്രതിപക്ഷനേതാവാണ്. കാസർഗോട്ടെ ചില പഞ്ചായത്തുകളിൽ മാരകരോഗം ബാധിച്ച മനുഷ്യരെയും മൃഗങ്ങളെയും കുറിച്ച്‌ശ്രീപദ്രെയുടെ ലേഖനങ്ങളും അതിനു കാരണമായ എൻഡോസൾഫാൻ കീടനാശിനിയുടെ ദീർഘനാളത്തെ ഉപയോഗവും ശ്രദ്ധയിൽപെടുത്തി. അന്ന് കേരളമോണിറ്ററിൽ വന്ന എന്റെ ലേഖനത്തെക്കുറിച്ചു പറയുകയും ചെയ്തു. തല്ക്കാലം അതിന്റെ ഉപയോഗം നിർത്തിയിട്ടുണ്ടല്ലോ എന്ന് പറയുകയും  ഇത് സംബന്ധിച്ച വസ്തുതകൾ കൂടുതൽ ശേഖരിക്കേണ്ടതുണ്ടെന്നു അദ്ദേഹം നിർദ്ദേശിക്കുകയും ചെയ്തു.

പിന്നീട് എത്രയോ പഠനങ്ങൾ വന്നു. എത്രയോ ശാസ്ത്രീയ ഗവേഷണകണ്ടെത്തലുകളും ഇതിനിടയിൽ വന്നു. ഇരകൾ ഒന്നൊന്നായി മരിക്കുകയും പുതിയ രോഗബാധിതർ വന്നുകൊണ്ടിരിക്കുകയും ചെയ്തു. അക്കാലമെല്ലാം വിഎസ്സ്‌ഇരകളോടൊപ്പമായിരുന്നു. അവർക്കുവേണ്ടി ചെയ്യാവുന്നതെല്ലാം ചെയ്തുകൊണ്ടിരുന്നു. അക്കാലത്താണ് ഞങ്ങളുടെ ഗവേഷകർ ശശികുമാറും പ്രതുഷ്ചന്ദ്രനും പ്രശ്നബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും വിവരശേഖരണം നടത്തുകയും ചെയ്തത്. ഇതിന്റെ ഭാഗമായി നിർമ്മിച്ച ഒരു ഡോക്യൂമെന്ററിയിൽ അച്യുതാനന്ദൻ ഒരു അഭിമുഖം നൽകുകയും ഡോക്യുമെന്ററി മഹാത്മാഗാന്ധി സർവകലാശാലയിൽ പ്രദർശിപ്പിക്കുന്ന ദിവസം വേദിയിൽ സന്നിഹിതനായി രണ്ടു വാക്ക് സംസാരിക്കുകയും ചെയ്തു. 

വി.എസ്. നൈതികരാഷ്ട്രീയം നെഞ്ചോടു ചേർത്തയാളാണ്. പൊതുസേവനം സത്യനിഷ്ഠയിൽ അധിഷ്ഠിതമായിരിക്കണം എന്ന് എല്ലാക്കാലത്തും പറഞ്ഞുകൊണ്ടിരുന്ന ഒരു രാഷ്ട്രീയനേതാവായിരുന്നു വി.എസ്.  അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ധാർമ്മികതയും രാഷ്ട്രീയവും രണ്ടല്ല. അവ രണ്ടും  ഗാഢമായി ഇഴചേർന്ന  വിഷയങ്ങളാണ്: ഒന്ന് മറ്റൊന്നില്ലാതെ അർത്ഥപൂർണ്ണമായി നിലനിൽക്കില്ല. മൗലികാശയങ്ങൾ പ്രവർത്തനത്തെ നിർണ്ണയിക്കണമെന്ന് അദ്ദേഹം ശാഠ്യം പിടിച്ചു. പ്രത്യയശാസ്ത്രം അർത്ഥപൂർണമാകുന്നത് അത് അനുഭവജ്ഞാനവുമായി ചേർത്തുവെയ്ക്കുമ്പോഴാണ്. കേവലം പുസ്തകങ്ങളിലോ മുദ്രാവാക്യങ്ങളിലോ മാത്രമായി കമ്മ്യൂണിസ്റ്റുകൾ ഒതുങ്ങിനിൽക്കരുത് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.

മാർക്സിസത്തോടുള്ള വിഎസ്സിന്റെ സമീപനം കേവലം യാന്ത്രികമായിരുന്നില്ല. അങ്ങനെ കരുതിയവരും അദ്ദേഹത്തെ സ്റ്റാലിനിസ്റ്റ് എന്ന് വിളിച്ചവരും ഉണ്ടായിരുന്നു. കർക്കശമോ മുരട്ടുവാദമോ അദ്ദേഹത്തിന്റെ നിലപാടുകളിൽ കണ്ടില്ല.  നീതി, സമത്വം, സത്യസന്ധത എന്നിവയോടുള്ള യഥാർത്ഥ പ്രതിബദ്ധതയെ അദ്ദേഹത്തിന്റെ നിലപാടുകൾ പ്രതിഫലിച്ചു. അതുകൊണ്ടാണ് വിഎസ്സിന്റെ ആശങ്കകൾ വർഗ പ്രശ്‌നങ്ങൾക്കപ്പുറത്തേക്ക് നീങ്ങിയത്. അതിൽ പരിസ്ഥിതിയും ലിംഗാവകാശങ്ങളും പ്രാന്തസ്ഥരായവരോടുള്ള രാഷ്ട്രീയാനുകമ്പയും എല്ലാമുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ ബോദ്ധ്യങ്ങളെ പ്രത്യയശാസ്ത്രം മാത്രമല്ല, ജൈവാനുഭവങ്ങളും സ്വാധീനിച്ചു.

അച്യുതാനന്ദൻ എപ്പോഴും ഓർമ്മിപ്പിച്ചുകൊണ്ടിരുന്നത് പ്രകൃതിവിഭവങ്ങൾ വരേണ്യവർഗത്തിന് മാത്രമല്ല, എല്ലാവർക്കും അവകാശപ്പെട്ടതെന്നാണ്. കേരളത്തിലെ സുസ്ഥിരവികസനത്തെക്കുറിച്ച് ആദ്യം ആശങ്ക ഉന്നയിച്ചവരിൽ ഒരാളാണ് അദ്ദേഹം. മാളുകൾ, റിസോർട്ടുകൾ, ഹൈവേകൾ എന്നിവയുടെ ക്രമരഹിതമായ നിർമ്മാണം സംസ്ഥാനത്തിൻ്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തകർത്തേക്കുമെന്നു അദ്ദേഹം നിരന്തരം മുന്നറിയിപ്പ് നൽകി.

വിഎസ്സിനെ സംബന്ധിച്ചിടത്തോളം പുരോഗതി‘ ‘വികസനംഎന്നൊക്കെ പറയുന്നത് ഒരിക്കലും പ്രകൃതിയുടെയോ മനുഷ്യൻ്റെ അന്തസ്സിൻ്റെയോ വിനാശകരമായ, ഹാനികരമായ പ്രവർത്തനങ്ങളല്ല.  ദ്രുതഗതിയിലുള്ള ആധുനികവൽക്കരണത്തോടൊപ്പമുള്ള പാരിസ്ഥിതിക തകർച്ചയിൽ നിന്ന് യഥാർത്ഥത്തിൽ ആർക്കാണ് പ്രയോജനം ലഭിച്ചത് എന്ന് അദ്ദേഹം ഇടയ്ക്കിടെ ചോദ്യം ചെയ്യുന്നുണ്ടായിരുന്നു. ഈ ചോദ്യങ്ങൾ അദ്ദേഹത്തെ പലപ്പോഴും അധികാരത്തിലിരിക്കുന്നവർക്ക് അനഭിമതനാക്കി.

കേരള രാഷ്ട്രീയചരിത്രത്തിൽ അച്യുതാനന്ദൻ ചെയ്തതുപോലെ പരിസ്ഥിതിയെക്കുറിച്ച് കപടതകൾ ഇല്ലാതെ സംസാരിച്ച നേതാക്കൾ കുറവാണ്. അദ്ദേഹത്തിൻ്റെ രാഷ്ട്രീയസജീവതയെ നയിച്ചത് കാലാകാലങ്ങളിൽ ഉയർന്നുവന്ന പ്രശ്നങ്ങൾ മാത്രമായിരുന്നില്ല, മറിച്ച് ദീർഘവീക്ഷണമായിരുന്നു അതിന്റെ ആധാരം.

മുത്തങ്ങയിൽ ആദിവാസികൾക്കൊപ്പം നടന്നു. മൂന്നാറിലെ തോട്ടം തൊഴിലാളികക്കൊപ്പം ഇരുന്നു.   കാസർകോട്ടെ എൻഡോസൾഫാൻ ഇരകളോടൊപ്പം അണിനിരന്നു. ജലസ്രോതസ്സുകളുടെ കോർപ്പറേറ്റ് ദുരുപയോഗത്തിനെതിരായ പോരാട്ടത്തിൽ പ്ലാച്ചിമടയിലെ ജനങ്ങൾക്കൊപ്പമായിരുന്നു അദ്ദേഹം. നിയമവിരുദ്ധമായ ഭൂമി ഏറ്റെടുക്കലുകളെ, കയ്യേറ്റങ്ങളെ അദ്ദേഹം എതിർത്തു. അത് സ്വന്തം രാഷ്ട്രീയ പ്രസ്ഥാനത്തിനുള്ളിൽ നിന്നുപോലും പ്രതിഷേധങ്ങൾ ഉണ്ടാക്കി. സാമൂഹിക സമത്വവും പരിസ്ഥിതി സംരക്ഷണവും ഉൾപ്പെടെയുള്ള അദ്ദേഹത്തിൻ്റെ നീതിബോധം ഇതിനെയെല്ലാം മറികടന്നു.  

നിയമങ്ങൾ ശാസ്ത്രവിധികളും പരിസ്ഥിതി ഉത്തരവാദിത്തവും ഉയർത്തിപ്പിടിക്കണമെന്ന് വിഎസ് വാദിച്ചു. ഈ വിഷയത്തിൽ രാഷ്ട്രീയ എതിരാളികളേയും സഖ്യകക്ഷികളേയും ഒരുപോലെ പ്രതിക്കൂട്ടിൽ നിർത്തുന്നതിൽ അദ്ദേഹത്തിനു മടിയിലായിരുന്നു. പശ്ചിമഘട്ടത്തെക്കുറിച്ചുള്ള വിദഗ്ധ വിലയിരുത്തലുകൾ അവഗണിച്ചപ്പോൾ അദ്ദേഹം സ്വന്തം ഭരണ സംവിധാനങ്ങളെത്തന്നെ വിമർശിച്ചു, കൂടാതെ കേരളം കണ്ട  വികസന ഉച്ചകോടി മാമാങ്കങ്ങൾ അനിയന്ത്രിതമായ സ്വകാര്യവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അദ്ദേഹം തുറന്നടിച്ചു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം നൈതികബോധ്യങ്ങളില്ലാത്ത രാഷ്ട്രീയ മുദ്രാവാക്യങ്ങൾ അർത്ഥശൂന്യമായിരുന്നു.

അച്യുതാനന്ദൻ ഒറ്റയാനായി നിന്നുകൊണ്ട് പോരാടാൻ മടികാണിച്ചില്ല. സ്വന്തം സഹപ്രവർത്തകർ  തന്നെ  അടച്ചവാതിലുകൾക്ക് പിന്നിൽ പ്രവർത്തിക്കുമ്പോൾ, അദ്ദേഹം സുതാര്യത തിരഞ്ഞെടുത്തു. പുരോഗതിയുടെ പേരിൽ ഭരണകൂടങ്ങളും സ്വകാര്യവ്യക്തികളും നടത്തിയ എല്ലാ കുറുക്കുവഴികളും പിന്നാമ്പുറ ഇടപാടുകളും പൊള്ളയായ വാഗ്ദാനങ്ങളും അദ്ദേഹം ധൈര്യപൂർവം പൊളിച്ചടുക്കി.

വിഎസ്സിന്റെ ലളിതവും എന്നാൽ ശക്തവുമായ സന്ദേശം ജനങ്ങൾ കേട്ടു:  മൗലിക പ്രാധാന്യമുള്ളത് സംരക്ഷിക്കുക. ഉപരിപ്ലവമായ വശീകരണങ്ങളിൽ വീഴരുത്. പാർശ്വവൽക്കരിക്കപ്പെട്ടവരെ ഉയർത്തുക. ഭൂമിയെ പരിപാലിക്കുക. സത്യത്തെ ബഹുമാനിക്കുക.

മതനിരപേക്ഷരാഷ്ട്രീയത്തിന്റെ ശക്തമായ മുഖമായിരുന്നു വിഎസ്സിന്റേതു. വർഗ്ഗീയതയെ തുറന്നെതിർക്കുകയും അതിൽ മതം വഹിക്കുന്ന പ്രതിലോമമായ പങ്കിനെ നിർദ്ദയം വിമർശിക്കുകയും ചെയ്തിരുന്നു. ഭൂരിപക്ഷ വർഗ്ഗീയതേയും ന്യൂനപക്ഷ വർഗ്ഗീയതയെയും വേറിട്ട് കാണാൻ വിഎസ്സ്‌ശ്രമിച്ചിട്ടില്ല.

ഞാൻ ഓർക്കുന്നു 1992 ജൂലൈ മാസത്തിൽ തിരുവനന്തപുരം പൂന്തുറയിൽ നടന്ന വർഗ്ഗീയ കലാപം. അന്ന് എന്റെ സഹോദരിയുടെ അമ്പലത്തറയിലുള്ള വീട് വർഗ്ഗീയശക്തികൾ തകർക്കുകയും വീട്ടുസാമാനങ്ങൾ കൊള്ളയടിക്കുകയും ചെയ്ത സംഭവം. ഉമ്മയും സഹോദരിയും മാത്രമാണ് അന്ന് വീട്ടിൽ ഉണ്ടായിരുന്നത്. ഭാഗ്യം കൊണ്ട് രണ്ടുപേരും രക്ഷപ്പെട്ടു. വാളുകൊണ്ട് വീട്ടുസാധനങ്ങൾ എല്ലാം തകർത്തു. വിലപിടിപ്പുള്ളതെല്ലാം കവർന്നു. അന്ന് വിഎസ്സും സഖാക്കളും വീട് സന്ദർശിക്കുകയും അത് പിറ്റേന്ന് വലിയ വാർത്താപ്രാധാന്യം നൽകി പത്രങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. മുൻ കേരളനിയമസഭാ സ്പീക്കർ കെ.എം. സീതിസാഹിബിന്റെ കൊച്ചുമകളുടെ വീടാണ് തകർത്തതെന്നറിഞ്ഞപ്പോൾ അദ്ദേഹത്തിന് സങ്കടവും ആശങ്കയും ഉണ്ടായി. ബാബറി മസ്ജിത് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പൂന്തുറ ഭാഗത്തു അബ്ദുൽ നാസർ മദനി തുടങ്ങിവെച്ച വിദേഷ പ്രസംഗവും റൂട്ട് മാർച്ചുമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.

ഐഎസ്‌എസ്‌എന്ന മദനി ഉണ്ടാക്കിയ സംഘടന  പിന്നീട് പിഡിപി എന്ന പേരിൽ  പുനഃപ്രവേശം ചെയ്തു. മദനിയുടെ രാഷ്ട്രീയത്തെ ശക്തമായി എതിർത്ത ഒരാളായിരുന്നു വിഎസ്സ് (പിന്നീട് മദനിയെ ഇടതുപക്ഷം തന്നെ തോളിലേറ്റിയപ്പോൾ വിഎസ്സ് അതിനെ അനുകൂലിച്ചിരുന്നില്ല എന്നാണു ചരിത്രം പറയുന്നത്).

എല്ലാ രാഷ്ട്രീയപോരാട്ടങ്ങളിലും വിഎസ്സ് വിജയിച്ചില്ല എന്നത് സത്യം. പക്ഷേ അദ്ദേഹം തൻ്റെ ആദർശങ്ങളിൽ സത്യസന്ധനായി നിന്നു.

അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ധൈഷണികതയും ഇച്ഛാശക്തിയും  അളക്കേണ്ടത് അദ്ദേഹം അലങ്കരിച്ച പദവികൾ കൊണ്ടല്ല, മറിച്ച് മനുഷ്യനന്മയിൽ അധിഷ്ഠിതമായ ധീരമായ പോരാട്ടത്തിന്റെ, വിയോജിപ്പിന്റെ, പ്രതിരോധത്തിന്റെ ഇടങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടായിരിക്കണം. 

സർക്കാരുകൾ മാറിവരുമ്പോഴും, സഖ്യങ്ങൾ പുതിയ അക്ഷാംശങ്ങൾ തേടുമ്പോഴും അദ്ദേഹം ഒരു ആശയത്തിൽ ഉറച്ചുനിന്നു: രാഷ്ട്രീയം ജനങ്ങൾക്കും, പരിസ്ഥിതിക്കും, ചരിത്രത്തിൻ്റെ വിധിന്യായത്തിനും ഉത്തരം നൽകണം.

വിഎസ്.അച്യുതാനന്ദൻ്റെ ജീവിതം ഓർമ്മിപ്പിക്കുന്നത് ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ    യഥാർത്ഥരാഷ്ട്രീയനിലപാട് ആർപ്പുവിളികളിലും സ്വയംപുകഴ്ത്തലിലുമല്ല ചെന്നെത്തേണ്ടത് എന്നാണ്.   അത് നൈതികതയിലും രാഷ്ട്രീയഇച്ഛാശക്തിയിലും അടിയുറച്ച, അനീതിയെ നേർക്കുനേർ എതിർക്കാനുള്ള     പോരാട്ടങ്ങളുടെ ചരിത്രമാണ്.  വിഎസ്സിന്റെ അന്ത്യയാത്രയിൽ ജനങ്ങൾ നൽകിയ വിടവാങ്ങൽ മുദ്രാവാക്യങ്ങൾ മറ്റെന്താണ് സൂചിപ്പിക്കുന്നത്?