ട്രൂകോപ്പി വെബ്സീൻ 2021 ഏപ്രിൽ 19 ലക്കത്തിൽ എഡിറ്റു ചെയ്ത ഭാഗം പ്രസിദ്ധീകൃതമായി
അടുത്ത കാലത്ത് സ്ത്രീകളെ സംബന്ധിച്ച ആഖ്യാനങ്ങളിലും ചരിത്രരചനകളിലും വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെകിലും മുഖ്യധാരാ ചരിത്രഇടങ്ങളിൽ അവർ ഇപ്പോഴും അദൃശ്യരോ പ്രാതിനിധ്യം നഷ്ട്ടപ്പെട്ടവരോ ആയിത്തുടരുന്നു. ഒന്നുകില്‍ സ്ത്രീകളുടെ സാന്നിധ്യം പൂര്‍ണ്ണമായും ഇല്ലാതിരിക്കുക, അല്ലെങ്കില്‍ നിരന്തരമായ പുരുഷ അടിച്ചമര്‍ത്തലിന്റെ ഇരകളായി, ആജ്ഞാനുവര്‍ത്തികളും താണതരക്കാരുമായി അവരെ ചിത്രീകരിക്കുക. ഇതാണ് പതിവ്. ദേശരാഷ്ട്രങ്ങള്‍ക്കതീതമായി ഇതാണ് കാലാകാലങ്ങളായി തുടര്‍ന്നുപോരുന്ന രീതി. തത്ഫലമായി, ചരിത്രപധാനമായ രേഖകളിലും കൃതികളിലും സ്ത്രീകളുടെ പങ്കിനെക്കുറിച്ചും ഇടപെടലുകളെക്കുറിച്ചും അപൂര്‍വ്വമായി മാത്രമേ പ്രതിപാദിച്ചിരുന്നുള്ളു.
എന്നാൽ ഇക്കഴിഞ്ഞ ദശാബ്ദങ്ങളില്‍ മുഖ്യധാരാ ചരിത്രം ഇക്കാരണങ്ങൾ കൊണ്ടുതന്നെ നിരവധി വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. സ്ത്രീകള്‍ക്കും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കുമെതിരെയുള്ള അതിന്റെ സഹജമായ പക്ഷപാതിത്വവും മുന്‍ധാരണകളും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ശ്രേണീബദ്ധമായി ഇത്തരം ചരിത്രനിര്മ്മാണങ്ങളുടെ രീതിശാസ്ത്രം തന്നെ പുരുഷ കേന്ദ്രീകൃതമാണെന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്.
നവോത്ഥാന ചരിത്രത്തിന്റേയും, സാഹിത്യത്തിന്റേയും കാര്യത്തിലും ഇത് പ്രകടമാണ്. ജനാധിപത്യ പോരാട്ടങ്ങളുടേയും സാമൂഹിക മുന്നേറ്റങ്ങളുടേയും നൂറ്റാണ്ടുകളുടെ ചരിത്രം അവകാശപ്പെടുന്ന കേരളത്തിന്റെ കാര്യവും വ്യത്യസ്തമല്ല.
ഈ സന്ദർഭത്തിലാണ് വക്കം ആസ്ഥാനമായി സ്ഥാപിതമായ വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം “ഹലീമ ബീവിയും കേരള നവോത്ഥാനവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ച പ്രസക്തമാകുന്നത്. കേരളത്തിന്റെ മുഖ്യധാര ചരിത്രത്തിന്റെ അരികുകളെക്കുറിച്ചുള്ള പുതിയ സംവാദങ്ങള്‍ക്കു ഇത് കാരണമായി.
ചരിത്രനിര്‍മ്മാണത്തിന്റെ ഈ പ്രകൃതം കാരണം “സ്ത്രീകള്‍ക്കും ദളിതര്‍ക്കും കേരളത്തിന്റെ മുഖ്യധാര ചരിത്രത്തില്‍ സ്ഥാനമുണ്ടായിരുന്നില്ല” എന്ന് എഴുത്തുകാരിയും, കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായ ഡോ. ഖദീജ മുംതാസ് പറയുന്നു. അതു കൊണ്ടു തന്നെ നവോത്ഥാന നേട്ടങ്ങളുടെ കേവലം വികലാനുകരണമായി ലിഖിത ചരിത്രം ചുരുങ്ങുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
“ചരിത്രരചനയും ആഖ്യാനവും സവിശേഷാധികാരം കൈയ്യാളുന്ന വിഭാഗങ്ങളുടേയും മേൽ ജാതിയില്‍ പെട്ടവരുടേയും കുത്തകയായി തുടരുന്നതുവരെ, സ്ത്രീകളുടേയും ദളിതരുടേയും പിന്നാക്കവിഭാഗങ്ങളുടേയും നിരാകരണം തുടര്‍ന്നു കൊണ്ടിരിക്കും. എന്നാല്‍ കേരളത്തിന്റെ നവോത്ഥാന പ്രക്രിയ ആരംഭിച്ചതു തന്നെ അടിച്ചമര്‍ത്തപ്പെട്ട വര്‍ഗ്ഗത്തിന്റേയും ജാതികളുടെയും പോരാട്ടങ്ങളില്‍ നിന്നായിരുന്നെന്ന വസ്തുത നമ്മള് മറക്കുകയാണ്.”
“കേരള നവോത്ഥാനത്തില്‍ സ്ത്രീകളുടെ പങ്ക് തുടച്ചുമാറ്റപ്പെട്ടതിന് നിരവധി കാരണങ്ങളാണുള്ളത്. വക്കം മൗലവിയുടേയും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടേയും സംഭവനകളെയും പ്രവര്ത്തനങ്ങളെയുംകുറിച്ച് ചര്‍ച്ച ചെയ്യുന്ന നമ്മള് പക്ഷെ അവരുടെ തന്നെ പിന്തുടര്ച്ചക്കാരായ സ്ത്രീകളെ മാറ്റിനിര്‍ത്തുകയാണ്.”
വിസ്മൃതിയിലേയ്ക്ക് തള്ളപ്പെട്ട ഹലീമ ബീവി (1918-2000) യുടെ കാര്യമെടുക്കുക. കേരളത്തിലെ ആദ്യ മുസ്ലിം പെണ്പത്രാധിപ ഹലീമ ബീവിയായിരുന്നു. സ്വന്തം സമുദായത്തിനകത്തു നിന്നും പുറത്തു നിന്നും അവര്‍ എതിര്‍പ്പുകള്‍ നേരിട്ടു. സി.പി രാമസ്വാമി അയ്യരെ പോലുള്ള അധികാര കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രലോഭനങ്ങളും ഭീഷണികളും വക വെക്കാതെ അവര്‍ ഉറച്ചു നിന്നു. “സങ്കടകരമെന്നു പറയട്ടെ, മാധ്യമപ്രവര്‍ത്തനം, സാമൂഹിക സേവനം തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ ഇടപെടുകയും, നിറവേറ്റുകയും ചെയ്ത ഹലീമ ബീവി വിസ്മൃതിയില്‍ മാഞ്ഞുപോയി” ഡോ. ഖദീജ മുംതാസ് പറഞ്ഞു.
മറ്റു സാമൂഹിക പ്രസ്ഥാനങ്ങളിലും സമാനമായത് സംഭവിച്ചത് ഡോ. മുംതാസ് ചൂണ്ടിക്കാട്ടുന്നുണ്ട്. “പൊയ്കയില്‍ അപ്പച്ചന് അര്‍ഹമായ അംഗീകാരം നല്കുമ്പോള് തന്നെ, അദ്ദേഹത്തിന്റെ മരണ ശേഷവും ദശാബ്ദങ്ങളോളം ആ ആത്മീയ പ്രസ്ഥാനത്തെ മുന്നോട്ടു നയിച്ച ജീവിത പങ്കാളി ജാനമ്മയെക്കുറിച്ച് നവോത്ഥാന ചരിത്രത്തില്‍ കാര്യമായി പ്രതിപാദിക്കുന്നില്ല. കുമരകം ചിന്നമ്മയെ പോലുള്ള ധീരരായ സ്ത്രീകളും വിസ്മൃതിയിലാണ്ടു.”
സ്ത്രീ എന്ന നിലയിലും, മുസ്ലിം എന്ന നിലയിലും രണ്ടു തരം വെല്ലുവിളികളെ ഹലീമ ബീവിക്ക് നേരിടേണ്ടി വന്നതായി ഡോ. മുംതാസ് പറയുന്നു. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനു പോലും അനുവാദമില്ലാതിരുന്ന കാലമായിരുന്നത്. ആത്മരക്ഷയ്ക്കായി അകമ്പടിയോടെ അവര്‍ക്ക് സ്കൂളില്‍ പോകേണ്ടി വന്നിട്ടുണ്ട്.
ഹലീമ ബീവിയുടെ ജീവിതം പോരാട്ടത്തിന്റേയും നിശ്ചയദാര്‍ഢ്യത്തിന്റേയും ചരിത്രമാണ്. 20 വയസ്സില്‍ മാധ്യമരംഗത്തെ തന്റെ ആദ്യ സംരംഭമായ ‘മുസ്ലിം വനിത’ (1938) യുടെ പ്രഥമ പത്രാധിപയായി. സാമ്പത്തിക നഷ്ടങ്ങള്‍ക്കും സമുദായത്തിലെ യാഥാസ്ഥിതിക വിഭാഗത്തില്‍ നിന്നുള്ള എതിര്‍പ്പുകള്‍ക്കിടയിലും ഹലീമ ബീവി ഉറച്ചു നിന്നു. 1944-ല്‍ ‘ഭാരതചന്ദ്രിക’ എന്ന പേരില്‍ ഒരു പ്രസിദ്ധീകരണം ഹലീമ ബീവി ആരംഭിച്ചു. തകഴി ശിവശങ്കര പിള്ള, പി. കേശവദേവ്, ജി. ശങ്കര കുറുപ്പ്, എം.പി അപ്പന്, പി. കുഞ്ഞിരാമന് നായര്‍, ഒ.എന്‍.വി കുറുപ്പ്, എസ്. ഗുപ്തന് നായര്‍, എന്‍. ബാലാമണിയമ്മ തുടങ്ങി അക്കാലത്തെ പ്രമുഖ എഴുത്തുകാരെല്ലാം ഇതില്‍ നിരന്തരം എഴുതാറുണ്ടായിരുന്നു. വക്കം അബ്ദുള്‍ കാദറും വൈക്കം മുഹമ്മദ് ബഷീറും പ്രസിദ്ധീകരണത്തിന്റെ എഡിറ്റോറിയല്‍ ബോര്‍ഡിലുണ്ടായിരുന്നു. ‘വനിത’ എന്ന പേരില്‍ ഒരു മാസിക ആരംഭിച്ച ഹലീമ ബീവി, 1970 ല്‍ ‘ആധുനിക വനിത’ എന്ന മറ്റൊരു പ്രസിദ്ധീകരണത്തിനും നേതൃത്വം നല്കി.
“രണ്ടാം ലോകയുദ്ധകാലത്തു തിരുവല്ല മുനിസിപ്പല്‍ കൗണ്‍സിലറായി ഹലീമ ബീവി പ്രവര്‍ത്തിച്ചത് അവരുടെ സാമൂഹിക ഇടപെടലുകളിലെ ദൃഢതയുടേയും സംഘാടന മികവിന്റേയും തെളിവാണ്. കേരളത്തിലെ ഇസ്ലാമിക് ഫെമിനിസത്തിന്റെ പ്രോദ്ഘാടകരിലൊരാളാണ് ഹലീമ ബീവി. എന്നിട്ടും, അവരുടെ ജീവിതത്തിന്റേയും പോരാട്ടങ്ങളെുടേയും ചരിത്ര സാക്ഷ്യം നമ്മുടെ പക്കല്‍ ഇല്ലാതെ പോയത് നിഗൂഢവും പരിഹാസ്യവുമാണ്. ഈയടുത്ത് മാത്രമാണ് നൂറയും നൂര്‍ജഹാനും ചേര്‍ന്നെഴുതിയ ഹലീമ ബീവിയുടെ ജീവചരിത്രം പ്രസിദ്ധീകരിക്കുന്നത്” ഡോ. ഖദീജ മുംതാസ് പറഞ്ഞു.
ഹലീമ ബീവിയുടെ ജീവചരിത്രം എഴുതുന്ന ഘട്ടത്തിൽ നേരിട്ട വെല്ലുവിളികളെക്കുറിച്ച് എഴുത്തുകാരിയും അധ്യാപികയുമായ നൂറ പറയുന്നുണ്ട്. ഒരു ഏജന്‍സി എന്ന നിലയ്ക്ക് സ്ത്രീകള്‍ സമൂഹത്തില്‍ നിന്ന് നിരവധി വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട്. ചരിത്രത്തിന്റെ രേഖകളുടെ ശേഖരത്തില്‍ സ്ത്രീകളുടെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് സ്ഥാനമില്ല. ഹലീമ ബീവി ഒരുദാഹരണം മാത്രമാണ്. സമാനമായ വനിതകള്‍ ചരിത്രത്തില്‍ വേറെയും ഉണ്ടായിരിക്കും.
ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ റിസേര്‍ച്ച ഫെല്ലോയും സഹഎഴുത്തുകാരിയുമായ നൂര്‍ജഹാനെ സംബന്ധിച്ച്, സ്ത്രീ എന്ന നിലയ്ക്കും മുസ്ലിം എന്ന നിലയ്ക്കുമുള്ള സ്വത്വമാണ് ഹലീമ ബീവിയുടെ ജീവിതം ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയതിന് കാരണം. തങ്ങളുടെ നവോത്ഥാന ചരിത്രത്തെ കുറിച്ച് ആവേശം കൊള്ളുന്ന മുസ്ലിം സംഘടനകളും ഹലീമ ബീവിയെ സൗകര്യപൂര്‍വ്വം മറന്നതായി നൂര്ജഹാന് ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളുടെ പ്രശ്നങ്ങള്‍ പൊതു ജീവിതത്തിന്റെ മധ്യത്തില്‍ ഉയര്‍ന്നു വരികയും, ഇസ്ലാമിക് ഫെമിനിസം പിന്നീട് ഒരുപാട് മുന്നേറുകയും ചെയ്തെങ്കിലും, ഹലീമ ബീവിയുടേതു പോലുള്ള സംഭാവനകളെ അംഗീകരിക്കാന്‍ ഈ പ്രസ്ഥാനങ്ങള്‍ക്ക് മടിയാണ്. ഹലീമ ബീവിയുടെ ജീവചരിത്രം ഒരു തുടക്കം മാത്രമാണ്. വിവിധ മേഖലകളിലുള്ള അവരുടെ സംഭാവനകള്‍ കേരളത്തില്‍ സാംസ്കാരിക ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതുണ്ടെന്നും നൂര്ജഹാന് പറയുന്നു.
ചർച്ചകളിൽ ഡോ. ബി.ഇഖ്ബാൽ, ഡോ. എ. കെ. രാമകൃഷ്ണൻ, ഡോ. ഷാഹിന ജവാദ്, ഷബീറ, എ, കെ. സുഹൈർ, മുജീബുർ റഹ്മാൻ കിനാലൂർ, മുഹ്സിൻ, നാജിയ, ആൽഫാ, കെ. എം. അൽത്താഫ് തുടങ്ങിയവരും പങ്കെടുത്തു.