കെ. എം സീതി

പ്രിയപ്പെട്ട ലൈലാ,

……ഒരു തമാശ പോലെ തോന്നുന്നു.
പുഷ്പം ഭൂമിയുടെ മന്ദഹാസം ആകുന്നു !
ഇതാരാ പറഞ്ഞിട്ടുള്ളത്?
ഞാൻ തന്നെ….!
എനിയ്ക്കു പുഷ്പവും ആവേണ്ട !
ഒരു ഇഴജന്തുവോ തവളയോ എലിയോ എറുമ്പോ ആയാൽ മതി.
അതും വേണ്ട, വെറും ഒരു ഞാഞ്ഞൂലായാൽ മതി.
പക്ഷേ, മനുഷ്യനായിപ്പോയി. എന്തു ചെയ്യാം?
ഒരു സന്യാസി ആയി ജീവിതം അവസാനിപ്പിച്ചാൽ കൊള്ളാമെന്ന് ആഗ്രഹമുണ്ടായിരുന്നു. സാധിച്ചില്ല.
സഞ്ചാരിയായി.
ഒടുവിൽ സാഹിത്യ-എഴുത്തുകാരനായി.
എന്നാൽ, ഒന്നിനെപ്പറ്റിയും ജ്ഞാനമുണ്ടായിരുന്നില്ല.
അനുഭവങ്ങളും ചിന്തകളുമായിരുന്നു സമ്പത്തു.
…..(വൈക്കം മുഹമ്മദ് ബഷീർ 19.8.1968)

പ്രിയപ്പെട്ട വക്കം അബ്ദുൽ ഖാദർ,

…..”വായിക്കുക.”
“രക്തസാക്ഷികൾ ചിന്തുന്ന വീരരക്തത്തെക്കാൾ പവിത്രമത്രേ ജ്ഞാനികളുടെ തൂലികത്തുമ്പിലെ മഷി.”
ജ്ഞാനികൾ !
അവർ എവിടെ? ഇന്നലയിലോ, അതോ നാളയിലോ ?….
കാലഹരണപ്പെട്ട വിശ്വാസങ്ങൾ. കരുതിക്കൂട്ടി കെട്ടിച്ചമച്ച കള്ളക്കഥകൾ. ഇന്നലെയിലുണ്ട്; ഇന്നിലും.
നാളെ?
കഴിഞ്ഞു പോയ ലക്ഷോപലക്ഷം വർഷങ്ങളിലെ ഓരോ ഇന്നലെയും, നാളെയായിരുന്നു.
ആ പഴയ നാളുകൾ എവിടെ?
…..മാനവരാശിയുടെ സുരക്ഷിത ബോധം നശിച്ചു.
നാളെ ഞങ്ങളുടെ ശിരസ്സുകൾ ഉടലുകളിലുണ്ടാവുമോ?
സന്ദേഹമാണ് !
എങ്കിലും ഉറങ്ങും. ചിലർ അനന്തമായി…
(വൈക്കം മുഹമ്മദ് ബഷീർ 15.4.1970)


ബഷീറിന്റെ ഓരോ എഴുത്തും കാല-ദേശ-സമൂഹങ്ങളെ ഉല്ലംഘിക്കുന്ന വെളിപാടുകളാണ്. അതിൽ മാനവികതയുണ്ട്. സൗഹാർദ്ദ വിചാരങ്ങളുണ്ട്. സാർവദേശീയ പ്രഖ്യാപനങ്ങളുണ്ട്. ഭാവിയുടെ മുന്നറിയിപ്പുകൾ ഉൾച്ചേർന്ന പ്രസ്താവനകളുണ്ട്. രാജ്യാന്തര പാഠങ്ങളുണ്ട് . സാമൂഹിക ഭാവനകളുണ്ട്. രാഷ്ട്രീയ മുൻകരുതലുകളുണ്ട്.
ഓരോ വരികളിലും വീണ്ടുവിചാരങ്ങളുണ്ട്. എഴുത്തിലെ വൈരുദ്ധ്യങ്ങളെ മറികടക്കാനുള്ള രചനാതന്ത്രങ്ങളുണ്ട്. ചേർത്തുനിർത്താനും രാഷ്ട്രീയ അകലം പാലിക്കാനുമുള്ള സൂത്രങ്ങളുണ്ട്. സാംസ്കാരിക അകലം നിർവീര്യമാക്കാനുള്ള രസതന്ത്രവൈഭവമുണ്ട്. ചെറുതിനെ പുൽകാനും വലുതിനെ ഭയക്കാനുമുള്ള തന്റേടമുണ്ട്.
താക്കീതുകളുടെ ഉപാസകൻ കൂടിയായിരുന്നു ബഷീർ. ഭയം ഒരു സാംസ്‌കാരിക രോഗാവസ്ഥയാണെന്നു തിരിച്ചറിഞ്ഞ എഴുത്തുകാരനും. കൂട്ടിച്ചേർക്കൽ വെട്ടിമുറിക്കലിനേക്കാൾ മഹത്വരമാണെന്നു തിരിച്ചറിഞ്ഞ മനുഷ്യസ്നേഹി. ജീവിതം അനന്തമായ പ്രാർഥനയാണെന്നു പറയുകയും ആ പ്രാർത്ഥനയിൽ ജീവനുള്ളതിനെല്ലാത്തിനും വേണ്ടി വാദിക്കുകയും ചെയ്ത ബഷീർ. ഓരോ വരികളിലും, സരളമായി, ഹൃദയം കൊണ്ട് സംസാരിക്കുന്ന ജൈവമനുഷ്യൻ. അനുഭവങ്ങളെ, ഓർമ്മകളെ, അക്ഷരവെളിച്ചങ്ങളാക്കി മാറ്റാനുള്ള അനന്യമായ ശൈലി അദ്ദേഹത്തിന്റേത് മാത്രം.


ബഷീർ ഓർമകൾക്ക് മുമ്പിൽ….

(ചിത്രം പ്രിയ സുഹൃത്ത് റസാഖ് കോട്ടക്കൽ എടുത്തത് )