മഹാത്മാഗാന്ധി സർവകലാശാല ഒരു ‘തലമുറമാറ്റ’ ത്തിന് തയ്യാറെടുത്തു തുടങ്ങിയിട്ട് കുറച്ചുകാലമായി. 2023-ൽ നാല്പ്പത് വർഷം പിന്നിടുന്ന സർവകലാശാലയുടെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ ‘തലമുറമാറ്റം’ ഏറെക്കുറെ പൂർത്തിയാകും.
സർവകലാശാലയുടെ നിർമിതിയുടെ ആദ്യഘട്ടത്തിൽ പ്രവർത്തിച്ചിരുന്നവർ ഒന്നൊന്നായി പടിയിറങ്ങി. പിരിഞ്ഞുപോയവരും, അകാലത്തിൽ വിടപറഞ്ഞവരും, ‘കയറി’പ്പോയവരും നിരവധി.
2021-ൽ സർവകലാശാലയ്ക്ക് ഒന്നാം തലമുറയിലെ മൂന്നുപേർ കൂടി ‘നഷ്ട’മാകുന്നു. സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസിലെ പ്രൊഫ. എ. എം. തോമസ്, സ്കൂൾ ഓഫ് ലെറ്റേഴ്സിലെ പ്രൊഫ. കെ. എം. കൃഷ്ണൻ, സ്കൂൾ ഓഫ് സോഷ്യൽ സയൻസസ്സിലെ പ്രൊഫ. പി. സനൽ മോഹൻ. ഈ മൂന്ന്പേരും എനിയ്ക്ക് പ്രിയപ്പെട്ടവർ.
ഈ മൂന്ന് പഠനവകുപ്പുകളും പരസ്പരം ‘കൊടുത്തും വാങ്ങിയും’ കഴിഞ്ഞ നാളുകൾ ഓർമയിൽ വരുന്നു. അവരുടെ സാംസ്‌കാരിക-രാഷ്ട്രീയ വിനിമയ ചരിത്രം, ഈ സമൂഹത്തിന്റെ തന്നെ ചരിത്രമായി മാറിയ പാഠം നമ്മോടൊപ്പമുണ്ട്. സാമൂഹികശാസ്ത്ര-മാനവിക-നിയമ-വിഷയങ്ങളിൽ ഗാന്ധിയൻപഠന വിഭാഗവും, കെ. എൻ. രാജ് പഠന കേന്ദ്രവും നിയമപഠന വകുപ്പും ഈ വിനിമയ പാരമ്പര്യത്തിന് പുത്തനുണർവ് നൽകുന്നുണ്ട്. അതുപോലെ മറ്റു പഠനവകുപ്പുകളും.
തോമസും കൃഷ്ണനും സനൽമോഹനും വ്യത്യസ്ത വൈജ്ഞാനിക മേഖലയിൽ നിന്നുള്ളവരാണെങ്കിലും അവരുടെ പൊതുസ്വഭാവവും മേന്മകളും ശ്രദ്ധേയമാണ്. ഈ മൂന്നു പേരെയും അടുത്തറിഞ്ഞിട്ടുള്ള ഒരാളെന്ന നിലയ്ക്ക് ചിലതു പറയുവാൻ കഴിയുന്നത് പറയുകതന്നെ വേണം. മൂവരുടെയും സവിശേഷ വ്യക്തിത്വങ്ങൾ കൊണ്ടു തന്നെ ചിലപ്പോഴെല്ലാം അവർ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
കൃഷ്ണൻ പ്രതിജ്ഞാബദ്ധതയുള്ള അധ്യാപകനാണ്. മിതഭാഷിയും, രസികനും, എന്നാൽ ആവശ്യത്തിന് ഗൗരവം കാണിക്കുന്ന ഒരാളുമാണ്. ഞങ്ങൾ ഏറെനാൾ ഒരു കുടുംബമായി തന്നെയാണ് കഴിഞ്ഞിരുന്നത്. വാസസ്ഥലങ്ങൾ മാറിയെങ്കിലും ഇപ്പോഴും ആ കുടുംബാന്തരീക്ഷം ഊഷ്മളമായി നിലനിൽക്കുന്നു. അപ്പുവും കുഞ്ഞുണ്ണിയും ലിയയുടെയും കൃഷ്ണന്റെയും കൂടി മക്കളാണ്. ചന്തു ഞങ്ങളുടെയും. കൃഷ്ണന്റെയും ലിയയുടെയും ജേഷ്ട-സഹോദരങ്ങൾ, മാതാപിതാക്കൾ, ഞങ്ങളുടെയും കൂടിയാണ്.
വായനയുടെയും കഥപറച്ചിലിന്റെയും ലോകം ഞങ്ങളുടെ മക്കൾക്ക് തുറന്നു കൊടുത്തതു കൃഷ്ണനും ലിയായും കൂടിയാണ്. ആർഭാടങ്ങളില്ലാത്ത, യാതൊരു കപടതകളുമില്ലാത്ത, തികഞ്ഞ ആത്മാർത്ഥതയുള്ള വ്യക്തിത്വങ്ങളാണ് അവരുടേത്.
മുപ്പതുവർഷത്തോടടുക്കുന്ന ഈ കാലയളവിൽ ഒന്ന് വഴക്കുകൂടാൻ പോലും കൃഷ്‌ണൻ എനിയ്ക്ക് അവസരം തന്നില്ല. ശാന്തനും, സൗമ്യനും, നാട്യങ്ങളൊന്നുമില്ലാത്തതുമായ കൃഷ്‌ണൻ ആരെയും വേദനിപ്പിക്കാനോ ആരുമായും അനാവശ്യമായി വഴക്കിടാനോ ശ്രമിച്ചിട്ടില്ല. നന്നായി വായിക്കും. നന്നായി പഠിപ്പിക്കും. നന്നായി ഗൃഹപാഠം ചെയ്യും. ഗവേഷകർക്ക് നല്ലൊരു മാർഗദർശി. കൃത്യനിഷ്‌ഠ ഔദ്യാഗിക ജീവിതത്തിലുടനീളം. ആത്മസംതൃപ്തിയോടെ പടിയിറങ്ങാൻ മറ്റെന്തു വേണം?
നന്നായി എഴുതാനും പ്രസംഗിക്കാനും കഴിയുന്ന കൃഷ്ണൻ ആ രംഗത്തു് മറ്റു പലരെയും പോലെ ‘ജ്വലിച്ചു’ നിൽക്കാൻ ആഗ്രഹിച്ചിട്ടില്ല എന്ന് ഏവർക്കും അറിയാം. അധികാരരതി കൃഷ്ണനു തീരെയില്ലായിരുന്നു. ഭരണ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരുമ്പോൾ പുറംതിരിഞ്ഞു നിന്നില്ല എന്നേയുള്ളൂ. അധികാര സ്ഥാനങ്ങളുടെ പിന്നാലെ പോയിട്ടില്ല. ആരുടേയും പിന്നാമ്പുറത്തുകൂടി സഞ്ചരിച്ചു സ്ഥാനമാനങ്ങൾ നേടാൻ ശ്രമിച്ചിട്ടില്ല. സംഘടനാ സ്ഥാനങ്ങൾ പോലും മാന്യമായി പരിപാലിക്കുകയാണ് ചെയ്തിട്ടുള്ളത്. അത് തന്റെ ‘ഉയർച്ച’യുടെ ഏണിപ്പടിയാക്കാൻ കൃഷ്ണനു ഒരിക്കലും കഴിയുമായിരുന്നില്ല.
‘തലമുറമാറ്റം’ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കൃഷ്‌ണനെയും സനൽമോഹനെയും തോമസിനെയും നോക്കുക. അവർ എന്ത് ചെയ്തു എന്നതിനോടൊപ്പം, അവർ എന്തു ചെയ്തില്ല എന്നുകൂടി നോക്കണം. ആ ‘ചെയ്യായ്മ’കളാണ് അവരെ വലിയ മനുഷ്യരാക്കുന്നതു.
യന്ത്രംപോലെ പ്രവർത്തിച്ചുകൊണ്ടിരിക്കേണ്ട ഒരു വർഗമല്ല സർവകലാശാല അധ്യാപകർ. ജൈവപരമായി, രാഷ്ട്രീയബോധത്തോടെ സാമൂഹിക വിഷയങ്ങളിൽ ഇടപെട്ടുകൊണ്ടിരിക്കേണ്ടത് അവരുടെ ബാധ്യതയാണ്.
രാജ്യ-രാജ്യാന്തര റേറ്റിങ് കൂട്ടാനും റാങ്കിങ് നില വർധിപ്പിക്കാനും രാപകൽ ശ്രമിക്കുന്നവർ മറന്നുപോകുന്ന ഒരു കാര്യം കൂടിയാണിത്. കൃഷ്ണൻ സാമൂഹിക-സാംസ്‌കാരിക പ്രസക്തിയുള്ള ഒരു കൃതി മലയാളത്തിലേക്കും (തിരിച്ചും) വിവർത്തനം ചെയ്യുമ്പോൾ റാങ്കിങ് ഏജൻസികൾക്കു വിഷയമല്ലായിരിക്കാം. പക്ഷേ അതൊരു വലിയ സാംസ്‌കാരിക-ബൗദ്ധിക വിനിമയത്തിന്റെ സൂചകമാണ്.
സൈദ്ധാന്തിക, വൈജ്ഞാനിക മൂല്യമുള്ള ഒരു കൃതി / പ്രബന്ധം ‘പ്രയുക്ത’ (applied) മാനങ്ങളുള്ള നൂറു കൃതികളെക്കാൾ സവിശേഷമായിരിക്കും. പക്ഷേ റേറ്റിംഗിന് പിറകേ പായുന്നവർക്കു ഇത് തമ്മിലുള്ള ആപേക്ഷിക വ്യത്യാസം പോലും തിരിച്ചറിയണമെന്നില്ല.
‘പ്രയുക്ത’ വൈജ്ഞാനിക മേഖലകളിൽ ആണ്ടുകിടക്കുന്ന പടുകുഴികളിൽ നിന്ന് ‘വൈജ്ഞാനിക ഉരുൾപ്പൊട്ടൽ’ ഉണ്ടാകാത്തത് അതുകൊണ്ടാണ്. വാർത്തു വെച്ചിരിക്കുന്ന അച്ചുകളിൽ കൂടി ‘ഇഷ്ടയപ്പം’ നിറവും രുചിയും മാറ്റി മാറ്റി ചുട്ടെടുക്കുന്നതു ‘വിപ്ലവ’കരമായ ബൗദ്ധിക പ്രവർത്തനമല്ല.
പുതിയ അച്ചുകൾ തന്നെ ഉണ്ടാക്കാൻ ശ്രമിക്കുന്നവരാണ്, വാർപ്പുമാതൃകകളെ ചോദ്യം ചെയ്യുന്നവരാണ് യഥാർത്ഥ അറിവുൽപ്പാദകർ. അധ്യാപകർ ഉണ്ടാക്കിവെച്ചിരിക്കുന്ന വാർപ്പുമാതൃകകളിൽ ‘ഇഷ്ടയപ്പം’ ചുടാൻ വിധിക്കപ്പെട്ടവരല്ല വിദ്യാർത്ഥികൾ. ഈ വാർപ്പുമാതൃകകൾക്കു നേർക്ക് വിദ്യാർത്ഥികൾ വിരൽ ചൂണ്ടുമ്പോഴാണ് വിജ്ഞാനം മുളപൊട്ടുന്നതു.
സനൽമോഹൻ വർഷങ്ങളായി ചെയ്‌തുകൊണ്ടിരിക്കുന്നതും ബൗദ്ധികലോകത്തെ ഈ ‘ഉപജാപക’മാണ്. ഇതിനെ അങ്ങിനെ പേരിട്ടു വിളിക്കുന്നവർ ശ്രദ്ധിക്കുക. വലിയ വാർപ്പുമാതൃകകൾക്കുള്ളിൽ ഉപജാപക വൃത്തി ചെയ്യുന്നതിനേക്കാൾ മഹത്തരമാണ് അതിനു പുറത്തിരുന്നു, സുതാര്യമായി ആ സൽക്രിയ ചെയ്യുന്നത്.
സനൽമോഹൻ സഞ്ചരിച്ച വഴികളും, വായിച്ച രേഖകളും പഠിച്ച പാഠങ്ങളും സർവകലാശാലയ്ക്കു ഇനിയും ബോധ്യപ്പെട്ടിട്ടുണ്ടാവില്ല. ആ മനുഷ്യനുമായി നേർക്കുനേരിരുന്നു ഒന്ന് കലഹിക്കുക. അപ്പോൾ കാണാം, അറിവിന്റെ കുത്തൊഴുക്ക്; ഉൾക്കാഴ്ചയുടെ, അനുഭവപാഠങ്ങളുടെ നീരൊഴുക്ക്. സനൽവിമർശനം എപ്പോഴും സാമൂഹികമാണ്—വൈയക്തികമല്ല, വൈകാരികവുമല്ല. ഈ വൈഞ്ജാനിക മണ്ഡലത്തെ ഒരു റേറ്റിംഗ് സ്ഥാപനത്തിനും ഉൾക്കൊള്ളാനാവില്ല; അതിന്റെ നാലു മുഴം കൊണ്ട് അളക്കാനുമാവില്ല.
സനൽമോഹൻ കൃഷ്ണനെപ്പോലെ കാപട്യമില്ലാത്ത ഒരു മനുഷ്യനാണ്. തികഞ്ഞ ആത്മാർത്ഥതയാണ് ആ മനുഷ്യന്റെ പ്രതികരണങ്ങളിൽ, പ്രവർത്തികളിൽ എപ്പോഴും കാണുന്നത്. സനൽമോഹന്റെ ‘ദേഷ്യം’ (അങ്ങനെയൊന്നു ഉണ്ടെങ്കിൽ) അതൊരു രാഷ്ട്രീയപ്രവർത്തനം തന്നെയാണ്.. അധികാര സ്ഥാപനങ്ങളോടുള്ള കലഹിക്കൽ ഒരു ബദൽ തേടിയുള്ള അന്വേഷണം കൂടിയാണ്.
നല്ല അധ്യാപകൻ, ഗൗരവമുള്ള വായനക്കാരൻ, ഉൾക്കാഴ്ചയുള്ള എഴുത്തുകൾ, നല്ല പ്രാസംഗികൻ. അധികാര സ്ഥാനങ്ങൾ തേടി സഞ്ചരിക്കാൻ തയ്യാറാകാത്ത ഒരാൾ. അത്തരം വഴികൾ പോലും സ്വയം അടച്ചിട്ടു, തന്റെ വായനകളിലും എഴുത്തിലും അഭിരമിയ്ക്കുന്ന രാജ്യന്തര പ്രശസ്തി നേടിയ ഗവേഷകൻ.
44 വർഷങ്ങൾ നീണ്ട സൗഹൃദമാണ് തോമസ്സുമായി എനിക്കുള്ളത്. 1970കളിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ആരംഭിച്ച ബന്ധം. 1984-85 ൽ സർവകലാശാലയിൽ ഒന്നിച്ചു പ്രവർത്തിക്കാൻ തുടങ്ങി. 36 വർഷങ്ങൾ ഇവിടെ ഒന്നിച്ച്. പിണക്കവും ഇണക്കവും കലഹവും ഞങ്ങളുടെ സ്വാഭാവിക ‘ചര്യ’കളായിരുന്നു.
കൃഷ്ണന്റെ കാര്യത്തിലെന്ന പോലെ ഒരു കുടുംബമായി ജീവിച്ച നാളുകൾ. ട്രീസയും ആനിയും മാത്യുവും ഞങ്ങളുടെ ഭാഗമായിരുന്നു. തോമസ് കൃത്യനിഷ്‌ഠയുള്ള അധ്യാപകനായിരുന്നു. ക്ലസ്സുമുറിയിലെ തോമസ് ഗൗരവക്കാരനും കണിശക്കാരനുമായിരുന്നു. എന്നാൽ തമാശയില്ലാത്ത തോമസ് ഒരു തോമസ്സേയല്ല. പഴയ പാട്ടുകളുടെ ഇഷ്ടക്കാരൻ. എനിക്ക് ശണ്ഠ കൂടാൻ സ്വാതന്ത്ര്യം ഉള്ള ഒരാളായിരുന്നു തോമസ്. ചിലപ്പോഴെല്ലാം താൻ അർഹിക്കാത്ത വിമർശനങ്ങൾപോലും ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ട്.
രാജ്യന്തരപഠന വകുപ്പിന്റെ പ്രവർത്തന ചരിത്രം നോക്കുന്ന ആർക്കും തോമസിനെ ഓർക്കാതെ കടന്നുപോകാൻ കഴിയില്ല. സംഭാഷണങ്ങൾക്ക് എപ്പോഴും ചടുലത വരുന്നത് തോമസിന്റെ കൊച്ചു കൊച്ചു തമാശകൾ കൊണ്ടാണ്. നന്നായി പഠിപ്പിക്കാനും എഴുതാനും പ്രസംഗിക്കാനും കഴിയുന്ന തോമസും അധികാര സ്ഥാനങ്ങളുടെ പിറകെ പോയിട്ടില്ല. എന്നാൽ തന്നെ തേടിയെത്തിയ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ആത്മാർഥമായി ശ്രമിച്ചിട്ടുണ്ട്. തോമസും 2018 മുതൽ നിരവധി തവണ സർവകലാശാലയുടെ വൈസ് ചാൻസലർ പദവി വഹിച്ചിട്ടുണ്ട്. ആ ‘വഹി’ക്കൽ അത്ര പന്തിയല്ല എന്ന് ഞങ്ങൾക്ക് പലപ്പോഴും തോന്നിയിട്ടുമുണ്ട്. അധികാരത്തിന്റെ ‘അകവും പുറവും’ നന്നായി ‘ബോധ്യ’പ്പെട്ടിട്ടുള്ളവർക്ക് പറഞ്ഞിട്ടുള്ള പണിയല്ല ഇതെന്ന് തിരിഞ്ഞുനോക്കുമ്പോൾ ഏവർക്കും മനസ്സിലാകും.
കൃഷ്ണനും സനൽമോഹനും തോമസും പടിയിറങ്ങുമ്പോൾ സർവകലാശാലയ്ക്ക് ഉണ്ടാകുന്ന ‘നഷ്‌ടം’ സമൂഹത്തിന്റെ ‘ലാഭ’മായി മാറട്ടെ എന്ന് മാത്രം പറയാനാണ് ആഗ്രഹിക്കുന്നത്.
നന്നായി എഴുതാനും സംസാരിക്കാനും കഴിയുന്നവരാണ് സമൂഹത്തിന്റെ ചാലകശക്തികൾ. മാറ്റത്തിന്റെ പുതിയ പാഠങ്ങൾ ഉണ്ടാകുന്നത് എപ്പോഴും പടിയിറങ്ങുമ്പോൾ മാത്രമാണ്.
നന്ദി. സർവകലാശാലകൾ ‘ഇല്ലാതാകുന്നതിന്റെ’ഒരു നിരൂപണം കൂടിയാണിത്
Thanks Jose