The Full text of the article published in Mathrubhumi, 1 January 2026 
രാജ്യാന്തരരംഗം വളരെ കലുഷിതവും സംഘർഷാത്മകവുമായി മാറിയ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ 25 വർഷങ്ങളാണ് കഴിഞ്ഞുപോയത്. പുതിയ വർഷത്തിലേക്കു കടക്കുമ്പോൾ ഈ ചരിത്രകാലയളവ് ഏൽപ്പിച്ച ബാധ്യതകളും ആഘാതങ്ങളും പെട്ടെന്നൊന്നും അവസാനിക്കുമെന്ന് കരുതാനാവില്ല. ‘ശീതയുദ്ധാനന്തരലോക’മെന്ന വിശേഷണം തീർത്തും അപ്രസക്തമാക്കിയ സംഭവങ്ങളാണ് ഇക്കഴിഞ്ഞ വർഷങ്ങളിൽ ലോകം കണ്ടത്. യുദ്ധവും മഹാമാരിയും കാലാവസ്ഥ മാറ്റങ്ങളും ആഭ്യന്തര വംശീയ-മത സംഘർങ്ങളും, ആഗോള സാമ്പത്തിക പ്രതിസന്ധിയും ഒരു വശത്ത് രാജ്യങ്ങളെ തളർത്തിയപ്പോൾ, സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടം പ്രതീക്ഷകളുടെയും പ്രത്യാശയുടെയും സാദ്ധ്യതകൾ തുറന്നിട്ടു.
‘സുരക്ഷ’ എന്ന വ്യവഹാരം കേവലം രാജ്യ-ദേശീയ സുരക്ഷ എന്നതിൽനിന്നും മനുഷ്യ, ആരോഗ്യ, പാരിസ്ഥിതിക, സൈബർ സുരക്ഷയിലേക്കു മാറുന്നത് പുതിയ കാഴ്ചയായി. ‘രാജ്യാന്തരവിനിമയത്തിലും വിനിമയസംവിധാനങ്ങളിലും വന്ന മാറ്റങ്ങൾ പുതിയ കാലത്തും സാധ്യതകളും വെല്ലുവിളികളും ഉയർത്തും.
ആഗോളവൽക്കരണത്തിന്റെ അമിതാവേശം ഇപ്പോൾ ഏറെക്കുറെ അവസാനിച്ച മട്ടാണ്. നയതന്ത്ര വീമ്പുപറച്ചിലുകൾ ഇപ്പോഴും തുടരുന്നെകിലും രാജ്യങ്ങൾ തമ്മിലുള്ള പരസ്പര വിശ്വാസം ഏറ്റവും കുറഞ്ഞ നിലയിലാണ്. 2026-ൽ ഒരു പുതിയ തുടക്കമാകാനുള്ള സാധ്യതകളേക്കാൾ കൂടുതൽ അപകടം പിടിച്ച ഒരു ലോകസാഹചര്യമാണ് അനാവൃതമാകുന്നത്.
ആദ്യ കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ, ലോകം ഒരു പുതിയ യാഥാർത്ഥ്യബോധമുള്ള രാഷ്ട്രീയത്തിലേക്ക് മാറിയിരിക്കുകയാണ് എന്ന് അവകാശപ്പെടുന്നവരുണ്ട്. പഴയ ആഗോളക്രമങ്ങൾ തകരുകയും പകരം ഓരോ രാജ്യവും സ്വന്തം താൽപ്പര്യങ്ങൾക്ക് മാത്രം മുൻഗണന നൽകുന്ന ഒരു സവിശേഷസഹസാഹര്യമാണെന്നകാര്യത്തിൽ രണ്ടുപക്ഷം ഉണ്ടാവാൻ ഇടയില്ല. എന്നാൽ ഇതിന്റെ പ്രധാന ഇരയാകുന്നതു രാജ്യാന്തരരംഗത്തെ ധാർമ്മികവ്യവസ്ഥിതി ഉയർത്തിപ്പിടിക്കുന്ന സംവിധാനങ്ങളാണ്.
ഡൊണാൾഡ് ട്രംപിന്റെ തിരിച്ചുവരവ് അമേരിക്കയെ ഒരു നവവാണിജ്യസംരക്ഷണശക്തിയായി നിലനിർത്താൻ സഹായിച്ചിട്ടുണ്ട്. ഇത് ആഗോളവ്യാപാരബന്ധങ്ങളെ തകിടം മറിക്കുന്നു. മുതലാളിത്തത്തിന്റെ തന്നെ പ്രതിസന്ധികൂടിയാണിത്.
2025-ൽ ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക മാറ്റം ഡീഡോളറൈസേഷൻ പ്രവണതയാണ്. അന്താരാഷ്ട്രവ്യാപാരത്തിന് അമേരിക്കൻ ഡോളറിനെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇന്ത്യ, ചൈന, റഷ്യ ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ ശക്തമായ നീക്കങ്ങൾ നടത്തി. ഡോളർ ഒരു സാമ്പത്തിക ആയുധമായി അമേരിക്ക ഉപയോഗിക്കുന്നു എന്ന ഭീതി പല വികസ്വരരാജ്യങ്ങളെയും സ്വന്തം കറൻസികളിൽ വ്യാപാരം നടത്താൻ പ്രേരിപ്പിച്ചു. 2026-ഓടെ ലോകം ഒരു മൾട്ടി-കറൻസി വ്യവസ്ഥയിലേക്ക് മാറുന്നതിന്റെ സൂചനകളാണ് ഇപ്പോൾ കാണുന്നത്. പക്ഷേ ഇതിനെ അട്ടിമറിക്കാൻ ട്രംപ് ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കും. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ വീണ്ടും സമ്മർദ്ദത്തിലാകും.
ലോകത്തിലെ ഏറ്റവും സംഘർഷഭരിതമായ മേഖലകളായി പശ്ചിമേഷ്യയും ദക്ഷിണേഷ്യയും മാറിക്കഴിഞ്ഞു. ഹമാസിന്റെ ആക്രമണത്തെത്തുടർന്ന് ഇസ്രായേൽ ഗസയിൽ തുടങ്ങിവെച്ച മനുഷ്യകുരുതിയുടെയും ആക്രമണങ്ങളുടെയും പ്രത്യാഘാതങ്ങൾ വർഷങ്ങളോളം നീണ്ടുനിൽക്കും. ഭീകരസംഘടനകൾ ഈ സാഹചര്യം മുതലാക്കി പുതിയ തന്ത്രങ്ങൾ മെനയാൻ തുടങ്ങിയേക്കും. ഇതോടൊപ്പം ഇസ്രായേലും ഇറാനും തമ്മിലുണ്ടായ കടുത്ത പോരാട്ടം മേഖലയിലെ സുരക്ഷാ സന്തുലിതാവസ്ഥയെ സാരമായി ബാധിക്കും. ഗൾഫ്മേഖലയിലെ സംഘർഷങ്ങൾ പുതിയ തലങ്ങളിലേക്ക് നീങ്ങുകയാണിപ്പോൾ.
സൗദി അറേബ്യയും യുഎഇയും തമ്മിലുള്ള ബന്ധത്തിൽ വലിയ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ദക്ഷിണ യമനിലെ വിഘടനവാദികളെ യുഎഇ പിന്തുണയ്ക്കുമ്പോൾ, യമന്റെ അഖണ്ഡതയ്ക്കാണ് സൗദി മുൻഗണന നൽകുന്നത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനികവും രാഷ്ട്രീയവുമായ തർക്കങ്ങൾക്ക് കാരണമായി. സുഡാനിലെ സ്വർണ്ണഖനികളിലും തന്ത്രപ്രധാനമായ ഇടങ്ങളിലും സ്വാധീനം ഉറപ്പിക്കാൻ ഇരു രാജ്യങ്ങളും വ്യത്യസ്ത വിഭാഗങ്ങളെ പിന്തുണയ്ക്കുന്നത് ആഫ്രിക്കൻ മേഖലയിലെ സമാധാനത്തിനും വലിയ വെല്ലുവിളിയായി. നേരത്തെ ഖത്തറിനെതിരെ ഇതേരാജ്യങ്ങൾ സ്വീകരിച്ച നടപടികളും ഗൾഫ്മേഖല അത്ര ശാന്തമായിരിക്കില്ല എന്ന സൂചനയാണ് നൽകുന്നത്.
യുക്രൈൻ യുദ്ധം നാലാം വർഷത്തിലേക്കു കടക്കുമ്പോൾ സമാധാന ശ്രമങ്ങൾ വീണ്ടും വഴിമുട്ടിയ അവസ്ഥയിലാണ്. റഷ്യ വിട്ടുവീഴ്ചകൾക്ക് തയ്യാറില്ലെന്ന സൂചനകൾ ഇപ്പോൾ വരുന്നുണ്ട്. ഒരു ഘട്ടത്തിൽ പാശ്ചാത്യരാജ്യങ്ങൾ സൈനികസഹായം കുറച്ചതോടെ യുദ്ധം ഒരു മരവിച്ച അവസ്ഥയിലേക്ക് നീങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ ഇടവിട്ടിടവിട്ട് അക്രമണങ്ങൾ തുടരുന്നു.യുക്രൈനിൽ നിന്നും പലായനം ചെയ്ത ലക്ഷക്കണക്കിന് മനുഷ്യർ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
യുദ്ധം അമിതമായ സാമ്പത്തികബാധ്യത വരുത്തിവെക്കുമെന്ന് രാജ്യങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങുമെന്ന പ്രതീക്ഷയിലാണ് പശ്ചിമേഷ്യയിലും യുക്രൈയ്നിലും സമാധാന ചർച്ചകൾക്ക് സാധ്യത തെളിഞ്ഞത്. ഗൾഫ് രാജ്യങ്ങൾ എണ്ണയ്ക്ക് പകരമായി മറ്റ് വരുമാന മാർഗ്ഗങ്ങൾ (വിനോദസഞ്ചാരം, സാങ്കേതികവിദ്യ തുടങ്ങിയവ) തേടുന്നത് മേഖലയിൽ താൽക്കാലിക ശാന്തതയ്ക്ക് കാരണമാകുമെന്ന പ്രതീക്ഷയും നിലനിൽക്കുന്നു.
രാജ്യാന്തര രംഗത്ത് വിഭവങ്ങൾക്കായുള്ള പോരാട്ടം, ഭക്ഷണം, വെള്ളം, സാങ്കേതികവിദ്യക്കാവശ്യമായ ധാതുക്കൾ എന്നിവയ്ക്കായുള്ള മത്സരം വർദ്ധിപ്പിക്കും. അതോടൊപ്പം കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പലായനങ്ങൾ വലിയ പ്രശ്നമാകും. പല രാജ്യങ്ങളും തങ്ങളുടെ അതിർത്തികൾ കൂടുതൽ കർശനമാക്കിതുടങ്ങിക്കഴിഞ്ഞു. കുടിയേറ്റത്തെ ഇത് സാരമായി ബാധിക്കും. ഇക്കാര്യത്തിൽ ട്രംപ് ഭരണകൂടത്തെ മാതൃകയാക്കാൻ ചില രാജ്യങ്ങൾ ശ്രമിക്കുന്നുണ്ട്.
ലോക വ്യാപാര സംഘടന പോലുള്ള സംവിധാനങ്ങൾ ദുർബലമാവുകയും, കരുത്തരായ രാജ്യങ്ങൾ സ്വന്തം നിയമങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന പ്രവണത തുടരാനാണ് സാധ്യത. ലോകത്തിന്റെ പോലീസുകാരൻ എന്ന വേഷം ഇപ്പോൾ അമേരിക്ക പുനരാവിഷ്‌ക്കരിക്കുകയാണ്. “പണം നൽകുന്നവർക്ക് മാത്രം സംരക്ഷണം” എന്ന ട്രംപിന്റെ നയം നാറ്റോ പോലുള്ള സഖ്യങ്ങളെ പ്രതിസന്ധിയിലാക്കിതുടങ്ങി. ലാറ്റിൻ അമേരിക്കയിൽ മൺറോ സിദ്ധാന്തത്തിന്റെ പുതിയ പതിപ്പുകൾ ഇറക്കാൻ ട്രംപ് കച്ചകെട്ടിയിരിക്കയാണ്.
അതുപോലെ അമേരിക്ക പിൻവാങ്ങുന്ന ഇടങ്ങളിൽ സ്വാധീനം ഉറപ്പിക്കാൻ ചൈന ശ്രമിക്കുമെന്നു പാശ്ചാത്യ നിരീക്ഷകർ മുന്നറിയിപ്പുനൽകുന്നു. വികസ്വര രാജ്യങ്ങളെ ഒപ്പം നിർത്തി ഒരു പുതിയ സാമ്പത്തിക സഖ്യം അവർ കെട്ടിപ്പടുക്കുമെന്നു അവർ ആശങ്കപ്പെടുന്നു. ഏഷ്യൻ രാജ്യങ്ങളുമായി കൂടുതൽ അടുക്കുന്ന റഷ്യ, ഒരു “കിഴക്കൻ ശക്തിയായി” മാറാൻ ശ്രമിക്കുമെന്നും അവർ ഭയപ്പെടുന്നു. സൈനിക നീക്കത്തേക്കാൾ സൈബർ യുദ്ധങ്ങൾക്കും പ്രചരണങ്ങൾക്കുമായിരിക്കും റഷ്യ മുൻഗണന നൽകുക എന്ന് അവർ വിശ്വസിക്കുന്നു.
ദക്ഷിണേഷ്യയിൽ ഇന്ത്യ ഒരു നിർണ്ണായക ശക്തിയായി മാറുമെങ്കിലും അയൽപക്കങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ നിസ്സാരമായിരിക്കില്ല. പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽനിന്നും വരുന്ന സൂചനകൾ അതാണ്. ഒരു പക്ഷത്തും ചേരാതെ അമേരിക്കയുമായും റഷ്യയുമായും ഒരേസമയം ബന്ധം പുലർത്തുന്ന ഒരു ചാഞ്ചാട്ട രാജ്യമായി ഇന്ത്യ തുടരും. ഇതിനെ ചേരിചേരാനയം എന്നുവിളിക്കാൻ കഴിയില്ല. കാരണം ചേരിചേരാപ്രസ്ഥാനം ഉയർത്തിയ മുദ്രാവാക്യങ്ങൾ തീർത്തും അപ്രസക്തമാക്കിയ ഒരു ആഗോളഭൗമ സാഹചര്യത്തിലാണ് ഇന്ത്യ ഉൾപ്പടെയുള്ള വികസ്വരരാജ്യങ്ങൾ അകപ്പെട്ടിരിക്കുന്നത്.


