Full text of Mathrubhumi article 


പശ്ചിമേഷ്യ  അനിശ്ചിതത്വത്തിന്റെയും അപ്രതീക്ഷിതനീക്കങ്ങളുടെയും പല അദ്ധ്യായങ്ങൾ കണ്ട ഒരു സങ്കീർണമേഖലയാണ്. ഏറ്റവുമൊടുവിൽ നടന്ന ഇസ്രായേൽ-ഇറാൻ യുദ്ധവും അമേരിക്കൻ വ്യോമാക്രമണവും പരമ്പരാഗതസംഘർഷങ്ങളിൽ നിന്ന് വ്യത്യസ്തമാകുന്നത് യുദ്ധലക്ഷ്യങ്ങളും യുദ്ധതന്ത്രങ്ങളും അമേരിക്കൻ ഭരണകൂടത്തിന്റെ പുതിയ വിദേശനയതാല്പര്യങ്ങളുമായി ചേർന്നുപോകുന്നു എന്നത്കൊണ്ടാണ്. “അമേരിക്ക-മുമ്പിൽ” എന്ന ട്രംപിന്റെ പ്രമാണവാക്യം അടിവരയിടുന്നത് യുദ്ധത്തിനായാലും സമാധാനത്തിനായാലും അന്തിമവിധി അമേരിക്കയുടേതായിരിക്കും എന്നാണ്.
ഹെറിറ്റേജ് ഫൗണ്ടേഷന്റെ പ്രൊജക്റ്റ് 2025′ ൽ ഇറാനെയും ഇസ്രയേലിനെയും കുറിച്ച് പറയുന്നഭാഗങ്ങൾ ഊന്നിപ്പറയുന്നതും അതേകാര്യമാണ്.

അമേരിക്കയുടെ അപ്രതീക്ഷിതവ്യോമാക്രമണവും ട്രംപിന്റെ ജൂൺ 24-ലെ വെടിനിർത്തൽപ്രഖ്യാപനവും പുതിയ അമേരിക്കൻ തന്ത്രത്തിന്റെ ഭാഗംതന്നെയാണ്. എന്നാൽ ഇറാനും ഇസ്രയേലും യുദ്ധം താൽക്കാലികമായെങ്കിലും അവസാനിപ്പിച്ചെങ്കിലും  സംഘർഷം ഉണ്ടാക്കിയ ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾ അവശേഷിക്കുന്നു. ആണവനിർവ്യാപനം, നയതന്ത്രത്തിന്റെഭാവി, പശ്ചിമേഷ്യയുടെ സുരക്ഷ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ ബാക്കിവെച്ചുപോയ യുദ്ധമാണ് ലോകം കണ്ടത്. 

ഇറാന്റെ ആണവകേന്ദ്രങ്ങൾക്ക് കനത്തനാശനഷ്ടങ്ങൾ ഉണ്ടാക്കുകയും പത്തിലേറെ മുതിർന്ന ആണവശാസ്ത്രജ്ഞരെ കൊലപ്പെടുത്തുകയും ചെയ്തിട്ടും ഉയർന്ന അളവിൽ യുറേനിയം സമ്പുഷ്‌ടീകരണത്തിനുള്ള    കഴിവ് ഇറാൻ ഇപ്പോഴും നിലനിർത്തുന്നുണ്ട് . യുദ്ധത്തിന് മുമ്പ്, ഇറാൻ 60%വരെ സമ്പുഷ്‌ടീകരിച്ചയുറേനിയം സംഭരിച്ചിരുന്നു. കൂടാതെ അവയുടെ ഭൂരിഭാഗവും രഹസ്യകേന്ദ്രങ്ങളിലേയ്ക്ക് മാറ്റിയിരുന്നു.

ആണവനിർവ്യാപനകരാറിൽ (NPT) ഒപ്പുവെയ്ക്കാത്ത ഇസ്രായേലാണ് ഇതേ കരാർ ലംഘിച്ചുവെന്ന് പറഞ്ഞു ഇറാനെ ആക്രമിക്കുന്നത്. കരാറിൽ ഒപ്പിട്ട ഇറാൻ ആണവായുധങ്ങൾ ഇതുവരെ ഉണ്ടാക്കിയിട്ടുമില്ല. എന്നാൽ നിർവ്യാപന ഉടമ്പടിയിൽ ചേരാത്ത ഇസ്രായേലിനു 80 ന്യൂക്ലീയർ ബോംബുകളുണ്ടെന്നു സ്റ്റോക്ക്ഹോംപീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അതിന്റെ 2025-ലെ റിപ്പോർട്ടിൽ  സ്ഥിരീകരിക്കുന്നുണ്ട്. ഈ ഇരട്ടത്താപ്പിൽ പ്രതിഷേധിച്ചു അന്താരാഷ്ട്രആണവോർജ്ജ ഏജൻസിയുമായി (IAEA) സഹകരിക്കുന്നത്  ഇറാൻ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന്  ചില സൂചനകൾ വന്നിട്ടുണ്ട്. 

യുദ്ധം അടിച്ചേൽപ്പിച്ചതിൽ പ്രതിഷേധിച്ചു ഇസ്രയേലും അമേരിക്കയും ഉയർത്തുന്ന ഭീഷണികൾക്കെതിരെ ഒരു “ഇൻഷുറൻസ്‘  എന്നനിലയിൽ ഇറാൻ ആണവായുധങ്ങൾ (ഉടനെയല്ലെങ്കിലും) വികസിപ്പിക്കാൻ ശ്രമിച്ചേക്കുമെന്ന ആശങ്കനിലനിൽക്കുണ്ട്.  ഇത് ആണവനിർവ്യാപനവ്യവസ്ഥകളെ ദുർബലപ്പെടുത്തുക മാത്രമല്ല, മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങൾ സമാനമായ രീതിയിൽ നീങ്ങുമെന്ന്  പലരും ഭയപ്പെടുന്നു.

അന്താരാഷ്ട്രനിയമങ്ങൾ ലംഘിച്ചുകൊണ്ടുള്ള ഇസ്രേയേലിആക്രമണങ്ങൾ ഇറാന്റെ ആണവപദ്ധതിയെ താൽക്കാലികമായെങ്കിലും തടസ്സപ്പെടുത്തിയിട്ടുണ്ട്.  പക്ഷെ അവ IAEA നിയന്ത്രണത്തിലുള്ള അന്താരാഷ്ട്രമേൽനോട്ടസംവിധാനങ്ങളിലുള്ള വിശ്വാസത്തെ ഇല്ലാതാക്കുമെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. 

യുദ്ധത്തിൽ ഇസ്രായേലിന്റെ മുഖ്യലക്ഷ്യങ്ങൾ മൂന്നായിരുന്നു – ഇറാൻ ആണവായുധങ്ങൾ ഉണ്ടാക്കുന്നത്  തടയുക; ഇറാന്റെ മിസൈൽപ്രതിരോധ സംവിധാനങ്ങൾ തകർക്കുക; ഹിസ്ബുള്ള, ഹൂത്തി, ഹമാസ്  പോലുള്ള സംഘടനകളെ ദുർബലപ്പെടുത്തുക.  ട്രംപും  ഈ ലക്ഷ്യങ്ങൾ ആവർത്തിക്കുണ്ടായിരുന്നു. മാത്രമല്ല, തന്ത്രപരമായ ഒരു  തലംകൂടി ട്രംപ്  കൂട്ടിച്ചേർത്തു – മേഖലയിൽ അമേരിക്കൻ ആധിപത്യം പുനഃസ്ഥാപിക്കുക; ചൈന, റഷ്യ തുടങ്ങിയ എതിരാളികൾക്ക് വ്യക്തമായ സന്ദേശം അയയ്ക്കുക; ഗൾഫ് രാജ്യങ്ങളുമായുള്ള സുരക്ഷാ-വ്യാപാര  സഖ്യങ്ങൾ ശക്തിപ്പെടുത്തുക. ഒരു ഐസനോവർ ഡോക്രിന്റെ പുതിയ പതിപ്പ്.

ഇസ്രായേൽ യുദ്ധത്തെ  തന്ത്രപരമായ ഒരുവിജയമായി ആഘോഷിക്കുന്നുണ്ട്.  ആണവ കേന്ദ്രങ്ങൾക്കെതിരെ ആക്രമണം നടത്തുന്നതിന് അമേരിക്ക നടത്തിയ ഇടപെടൽ ഒരു മാതൃകസൃഷ്ടിച്ചതായി അവർ വിശ്വസിക്കുന്നു. അമേരിക്കയുടെ മേഖലയിലെ മുൻകാല സ്വയംനിയന്ത്രണങ്ങളിൽനിന്നുള്ള വ്യക്തമായ ഒരു മാറ്റമാണിത്.

60%വരെ സമ്പുഷ്ടടീകരിച്ച യുറേനിയം ഇറാൻ കൈവശംവച്ചിരിക്കുന്നത്  രഹസ്യമായി ആണവപരിപാടികൾ മുന്നോട്ടുകൊണ്ടുപോകാൻ തന്നെയാണെന്ന് അമേരിക്കയും ഇസ്രയേലും വിശ്വസിക്കുന്നു. അതിനാൽ യുദ്ധം ഇറാന് ഒരു താൽക്കാലികതിരിച്ചടി മാത്രമാണ്നൽകിയത്, ഒരു ദീർഘകാലപരിഹാരമല്ല.ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിച്ച വെടിനിർത്തൽ ഏറ്റുമുട്ടലുകൾക്കു വിരാമം നൽകിയെങ്കിലും അത് ഒരു സമാധാനകരാറിന്റെ ഫലം ഉണ്ടാക്കുന്നില്ല.

യുദ്ധത്തെ ഒരു വിജയമായി ചിത്രീകരിച്ചതിലൂടെ  ഇറാൻഭരണകൂടവും അതിന്റെ പ്രധാനലക്ഷ്യങ്ങൾ നിലനിർത്തിയെന്നു വിശ്വസിക്കുന്നു. ഷിയാഭരണകൂടത്തിന്റെ നിലനിൽപ്പ്, ആണവപദ്ധതിയുടെ തുടർച്ച, മിസൈൽ, പ്രതിരോധആസ്തികളുടെ സംരക്ഷണം. ഇവയെല്ലാം ഇറാന്റെ വിജയത്തിന്റെ പ്രതീകങ്ങളാണ്.

ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം, ഒരു പ്രധാന ചോദ്യം അവശേഷിക്കുന്നു –  യുദ്ധത്തിൽ നേടിയ നേട്ടങ്ങൾ ഇനി നയതന്ത്രപരമായി ഉറപ്പാക്കാൻ കഴിയുമോഅതോ ലബനോനിലെന്നപോലെ ആവർത്തിച്ചുള്ള സൈനികനടപടികൾ തുടരേണ്ടിവരുമോഒരു പുതിയ ആണവകരാർ നടപ്പിലായില്ലെങ്കിൽ  ആക്രമണങ്ങളും രഹസ്യഇടപെടലുകളും നിഴൽയുദ്ധങ്ങളും വീണ്ടും തുടരും.   

ട്രംപിന്റെ വെടിനിർത്തൽപ്രഖ്യാപനം വന്നത് ദോഹയിലെ അമേരിക്കൻ സൈനിക താവളത്തിനു നേരെ ഇറാനിയൻ മിസൈൽആക്രമണങ്ങൾ തുടങ്ങിയതോടെയാണ്. ഇതൊരു ദുസ്സൂചനയായി ട്രംപ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗൾഫ്മേഖലയിലെ തിരിച്ചടികൾ അമേരിക്കയ്ക്ക് ദോഷം ചെയ്യുന്നതിനേക്കാൾ  തന്റെ ബിസിനസ് സാമ്രാജ്യത്തിനാണ് കൂടുതൽ അപകടം ഉണ്ടാക്കാൻ പോകുന്നതെന്ന് ട്രംപ് മനസ്സിലാക്കിയിട്ടുണ്ട്.

ഗൾഫിലുടനീളമുള്ള അദ്ദേഹത്തിന്റെ വിശാലമായബിസിനസ്സ് താൽപ്പര്യങ്ങൾക്കു യുദ്ധം ഭീഷണിയാണ്.  സൗദിഅറേബ്യയിൽ, ആഡംബരറിസോർട്ടുകൾ നിർമ്മിക്കുന്നതിനായി അദ്ദേഹം കരാറുകളിൽഏർപ്പെട്ടിട്ടുണ്ട്. യുഎഇയിൽ, ദുബായിലെ ഉയർന്നനിലവാരമുള്ള സമുച്ചയങ്ങൾക്കു അദ്ദേഹം തന്റെ ബ്രാൻഡിന് ലൈസൻസ് നൽകുന്നു. ഖത്തറിൽ, അനേകം ബില്യൺഡോളറിന്റെ ആഡംബര റിസോർട്ട് പുരോഗമിക്കുന്നു. ട്രംപ് ബ്രാൻഡഡ് ബിസിനസ് സംരംഭങ്ങൾക്ക് ഒമാനിലും പച്ചപരവതാനി വിരിച്ചിരിക്കുന്നു. 

ട്രംപിന്റെ ഈ ബിസിനസ് സംരംഭങ്ങൾ മേഖലാസുരക്ഷിതത്വത്തെയും ഗൾഫ് സഹകരണത്തെയും ആശ്രയിച്ചിരിക്കുന്നു. ഇറാനുമായുള്ള നീണ്ടുനിൽക്കുന്ന യുദ്ധം ഈ താൽപ്പര്യങ്ങൾക്ക് ഭീഷണിയാകുമെന്ന ബോധ്യമുണ്ട്, അദ്ദേഹത്തിന്.  ട്രംപിന്റെ പെട്ടെന്നുള്ള വെടിനിർത്തൽ പ്രഖ്യാപനം യുദ്ധം തുടർന്നാൽ സാമ്പത്തികപ്രതിസന്ധി സൃഷിക്കുമെന്ന അമേരിക്കയിലെയും ഗൾഫിലെയും  നിക്ഷേപകരുടെ  ആശങ്കകളെ തൽക്കാലത്തേക്കെങ്കിലും ഇല്ലാതാക്കി.

സൗദി അറേബ്യ, യുഎഇ തുടങ്ങിയ  പശ്ചിമേഷ്യൻ-ഗൾഫ് രാജ്യങ്ങൾ  യുദ്ധത്തെ അപലപിച്ചെങ്കിലും ഇറാനെ പിന്തുണയ്ക്കുകയോ സംഘർഷത്തിൽ അണിചേരുകയോ ചെയ്തില്ല. എന്നാൽ മേഖലയിലെസംഘർഷം രൂക്ഷമാകാനുള്ളസാധ്യത കണക്കിലെടുത്തു ചില പിന്നാമ്പുറനയതന്ത്രനീക്കങ്ങൾ അവർ നടത്തിയിരുന്നു. അറബ്-ഗൾഫ്രാജ്യങ്ങൾ നേരിട്ട് യുദ്ധത്തിൽപങ്കെടുത്തില്ലെങ്കിലും, അമേരിക്കയെ നിശബ്ദമായി പിന്തുണച്ചതായി വിമർശനങ്ങൾ ഉയരുന്നുണ്ട്.  മതപരമായഭിന്നതകളിലും ഭൗമരാഷ്ട്രീയതാല്പര്യങ്ങളിലും വേരൂന്നിയ ഇറാനുമായുള്ള അറബ്രാജ്യങ്ങളുടെ  ദീർഘകാലസംഘർഷം, ഷിയാ ഭരണകൂടത്തെ തകർക്കുക  എന്ന പാശ്ചാത്യലക്ഷ്യങ്ങളുമായി ചേർന്നുപോകുന്നുണ്ടോ എന്ന് പലരും സംശയിക്കുന്നുണ്ട്.  നിഴൽയുദ്ധങ്ങളും ആക്രമണങ്ങളുംകൊണ്ട് ഇതിനകംസംഘർഷഭരിതമായ പശ്ചിമേഷ്യ ഇപ്പോൾ  അഭൂതപൂർവമായ ഒരു പൊരുത്തപ്പെടലിനു സാക്ഷിയായി – ഇറാനെതിരെയുള്ള തന്ത്രപരമായ  ഒരു ഐക്യനിര; അതിനു നേതൃത്വം കൊടുക്കുന്നതു അമേരിക്കൻ ഭരണകൂടം.

രാഷ്ട്രീയവും സാമ്പത്തികവും ഭൗമരാഷ്ട്രീയവുമായ  സമ്മർദ്ദങ്ങൾ ട്രംപും നെതന്യാഹുവും നേരിടുന്നുണ്ട്. ആഭ്യന്തരമായ പ്രതിഷേധങ്ങൾ ഇരുരാജ്യങ്ങൾക്കുളിൽനിന്നും ഉയർന്നുവരുന്ന സന്ദർഭംകൂടിയാണിത്. ഇറാന്റെ ഭീഷണി എന്നെന്നേക്കുമായി ഇല്ലാതാക്കാൻ നെതന്യാഹുവിന് ആഗ്രഹമുണ്ടെങ്കിലും, അമേരിക്കൻ സൈനിക പിന്തുണയും ഇസ്രയേലിനുള്ളിൽ ആഭ്യന്തരസ്ഥിരതയും ഇല്ലാതെ ദീർഘകാല ഏറ്റുമുട്ടലിന് സാധ്യതയില്ലന്നു നെതന്യാഹു മനസ്സിലാക്കി.

റഷ്യയും ചൈനയും ആക്രമണങ്ങളെ അപലപിക്കുന്നതോടൊപ്പം  പാശ്ചാത്യ കപടതയെ മുൻനിർത്തി സ്വന്തം നയതന്ത്രപങ്കാളിത്തങ്ങൾ വികസിപ്പിക്കാനും ഇരുരാജ്യങ്ങളും ശ്രമിച്ചു.  ടെഹ്‌റാനുമായി തന്ത്രപരമായസഖ്യം  നിലനിൽക്കുമ്പോഴും സൈനികസഹായംകൊണ്ട് ഇറാനെ ശക്തിപ്പെടുത്താൻ അവർതയ്യാറായില്ല. ചൈന നയതന്ത്രസംഭാഷണത്തിന് ഊന്നൽനൽകികൊണ്ട് ഗൾഫിൽ ബദൽസുരക്ഷാ ചട്ടക്കൂടുകൾക്കായി ചില കരുക്കൾനീക്കിയിരുന്നു.  

ഐക്യരാഷ്ട്രസഭ ഇത്തവണയും  പ്രതീകാത്മകമായ പങ്ക്മാത്രമേ വഹിച്ചുള്ളൂ.  ആക്രമണങ്ങളെ അന്താരാഷ്ട്രനിയമങ്ങളുടെ ലംഘനമായി  അപലപിച്ചെങ്കിലും മറ്റൊന്നും ചെയ്യാൻ ശ്രമിച്ചില്ല. ഒരു ശക്തമായ പ്രമേയംപോലും സെക്യൂരിറ്റി കൗൺസിലിൽ പാസ്സാക്കാൻ കഴിഞ്ഞില്ല.

ട്രംപിന്റെ വെടിനിർത്തൽപ്രഖ്യാപനം വിപണികളെ താൽക്കാലികമായെങ്കിലും സ്ഥിരപ്പെടുത്തുകയും അദ്ദേഹത്തിന്റെ ബിസിനസ്സ്താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്‌തിരിക്കാം. പക്ഷേ അമേരിക്കൻ നേതൃത്വത്തിലോ അന്താരാഷ്ട്രക്രമത്തിലോ ഉള്ള വിശ്വാസം പുനഃസ്ഥാപിക്കുന്നതിൽ അത് കാര്യമായൊന്നും ചെയ്യുന്നില്ല.  ഏകപക്ഷീയമായ സൈനികഇടപെടൽ എല്ലാ ധാർമ്മികതകളെയും  മറികടക്കുന്ന  രീതിയെ ഈ യുദ്ധവും അടിവരയിട്ടു.

യുദ്ധം തുടങ്ങിയതിനുശേഷം ഇസ്രായേലിന് തന്ത്രപരമായആയുധങ്ങളുടെ ലഭ്യതയിൽ കാര്യമായ കുറവ്അനുഭവപ്പെട്ടിരുന്നു. ഇറാന്റെ തുടരെയുള്ള മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ യുദ്ധംതുടർന്നാൽ  ഇസ്രായേലിന് പ്രതിരോധമേഖലയിൽ തിരിച്ചടികൾ ഉണ്ടാകുമെന്നു അവർ ഭയപ്പെട്ടു. ഒരു നിർണ്ണായക ഘട്ടത്തിൽ ഖത്തറിനെ ഇടപെടുത്തിയതും അതിലൂടെയുള്ള  ട്രംപിന്റെ മധ്യസ്ഥതയും ഇരുരാജ്യങ്ങൾക്കും വെടിനിർത്തൽ അംഗീകരിക്കാൻ നിർബന്ധിതമാക്കി. 

നിലവിലെ യുദ്ധവിരാമം ഇപ്പോൾ ചെറിയൊരു പ്രതീക്ഷ ബാക്കി വെക്കുന്നുണ്ട്.  എന്നാൽ ഇത് ശാശ്വതമായ സമാധാനം കൊണ്ടുവരുമെന്ന് ആരും വിശ്വസിക്കുന്നില്ല. ഇരു രാജ്യങ്ങളും തങ്ങളുടെ എതിരാളി വെടിനിർത്തൽ ലംഘിക്കില്ലെങ്കിൽ മാത്രമേ തങ്ങൾ അതു പാലിക്കൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇസ്രയേലും ഇറാനും തമ്മിലുള്ള മൗലികപ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. അമേരിക്കയും  പശ്ചിമേഷ്യൻ സഖ്യകക്ഷികളും നടത്തുന്ന നയതന്ത്രചർച്ചകൾ കൂടുതൽ സാർത്ഥകമായ ഫലങ്ങൾ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇറാന്റെ ആണവപദ്ധതിയും മേഖലയിലെ പലസ്റ്റീൻ ഉൾപ്പടെയുള്ള മറ്റുപ്രശ്നങ്ങൾക്കും പരിഹാരംകാണാതെ വന്നാൽ പശ്ചിമേഷ്യൻസ്ഥിതിഗതികൾ  കൂടുതൽ കലുഷിതമാകാനാണു സാധ്യത.