First Published in Samakalika Malayalam Varika

 

ഏതാണ്ട് രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പാണ്. കൊച്ചിയിലെ യാത്രക്കിടയിൽ എസ്. ജയചന്ദ്രൻ നായരെ (എസ്.ജെ) കാണണമെന്ന ആഗ്രഹമുണ്ടായി. നേരെ എക്സ്പ്രസ്സ് ബിൽഡിംഗിലേയ്ക്ക് പോയി. മുറിയിലേക്ക് ചെന്നയുടനെ ഒരു ചോദ്യം: “എന്താ ഞാൻ ബിജെപിക്കാരനായെന്ന് സീതി കരുതിയോ?’

ഞാൻ പരുങ്ങലോടെ ചോദിച്ചു, അയ്യോ എന്താ സാർ ഇങ്ങനെ?

പിന്നെ എന്താ ഒന്നും എഴുതാത്തത്?” അദ്ദേഹം തിരിച്ചു ചോദിച്ചു.

അപ്പൊ അതായിരുന്നു കാര്യം.

കുറച്ചുകാലമായി സമകാലിക മലയാളത്തിൽ ഞാൻ ഒന്നും എഴുതിയിരുന്നില്ല. മനഃപൂർവ്വമായിരുന്നില്ല.

എന്നാൽ ആരെങ്കിലും അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചതാകാനും ഇടയുണ്ടെന്നു ഞാൻ ഊഹിച്ചു.

അദ്ദേഹം ഞാൻ എഴുതാത്തതിനുള്ള സങ്കടം കാണിച്ചെന്നേയുള്ളൂ.

ഒരു കാലത്തും ജയചന്ദ്രൻ നായരുടെ രാഷ്ട്രീയനിലപാടിൽ എനിക്ക് അശേഷം സംശയമുണ്ടായിരുന്നില്ല. എനിക്ക് പിതൃതുല്യനായിരുന്നു അദ്ദേഹം. എന്റെ പിതാവ് കെ.എസ്. മുഹമ്മദുമായി കേരള ജനതയിൽ പ്രവർത്തിച്ച കാര്യങ്ങളെക്കുറിച്ചു ഒരിക്കൽ പറഞ്ഞതോടെ എനിക്ക് അദ്ദേഹത്തെ അങ്ങനെതന്നെ കാണാനായിരുന്നു ആഗ്രഹം.  

എഴുപതുകളുടെ അവസാനമാണ് ഞാൻ മലയാളത്തിൽ ചെറിയ കുറിപ്പുകൾ എഴുതിത്തുടങ്ങുന്നതു. മാതൃഭൂമിയിലും കേരളപത്രികയിലും മറ്റും എഴുതിത്തുടങ്ങിയ ഞാൻ കേരളകൗമുദിയിൽ ഒരു ലേഖനം അയക്കുന്നത് എൺപതുകളുടെ ആദ്യമാണ്. ജയചന്ദ്രൻ നായർ അന്നവിടെയുണ്ട്. ലാറ്റിൻ അമേരിക്കൻ ഇതിഹാസമായ സൈമൺ ബൊളിവറെക്കുറിച്ചുള്ള ഒരു ലേഖനം കൗമുദി വരാന്തപ്പതിപ്പിൽ വന്നപ്പോൾ അന്ന് പത്രത്തിലുണ്ടായിരുന്ന ഞങ്ങളുടെ സുഹൃത്തുകൂടിയായിരുന്ന ഫസിലുദ്ദിനോട് എസ്.ജെ. ഞാൻ ആരാണെന്നു തിരക്കിയതായി അറിഞ്ഞു. അന്നൊന്നും നേരിൽ കാണാൻ കഴിഞ്ഞിട്ടില്ല.

പിന്നെയും കുറച്ചു കഴിഞ്ഞാണ് അദ്ദേഹം ഏറ്റെടുത്ത കലാകൗമുദിയിലേക്കു ഞാൻ ലേഖനങ്ങൾ അയക്കുന്നത്. പിന്നീട് അദ്ദേഹം സമകാലിക മലയാളംപത്രാധിപരാകുന്നതോടെ വളരെ നല്ലബന്ധമാണ് ഞങ്ങൾ തമ്മിലുണ്ടായത്. എഴുതാൻ അദ്ദേഹം നിരന്തരം ആവശ്യപ്പെടും. ചിലപ്പോഴെല്ലാം അയക്കും. മലയാളത്തിൽ എഴുതാനുള്ള വലിയ പ്രചോദനമായിരുന്നു എസ്.ജെയുമായുള്ള സമ്പർക്കം.

ചിലപ്പോൾ ലേഖനങ്ങൾ അയക്കുന്നതിനു മുമ്പ് വിളിച്ചു ചോദിക്കും. വിഷയം പറയും. ഉടനെ അയക്കാൻ പറയും. ഒരു ലേഖനമൊഴിച്ച്‌ എല്ലാം വന്നിട്ടുണ്ട്. പ്രസിദ്ധീകരിക്കാത്ത ആ ലേഖനത്തെച്ചൊല്ലി അൽപ്പം നീരസവുമുണ്ടായി. അക്കാലത്തു വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും കാരണമായ പ്രാഥമിക വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണപദ്ധതിയായ ഡിപിഇപിയെ വിമർശിച്ചുകൊണ്ടുള്ള ലേഖനം അയച്ചിരുന്നു. രണ്ടാഴ്ചകഴിഞ്ഞിട്ടും അത് വരാത്തതുകൊണ്ടു കൊണ്ട് എസ്.ജെക്കു ഒരു കത്തെഴുതി. അതെഴുതാനുള്ള കാരണം ഡിപിഇപിയെ സാധൂകരിച്ചുകൊണ്ടുള്ള മറ്റൊരു ലേഖനം വരുകയും അതിൽ ഡിപിഇപി വിമർശകരെ പരിഹസിക്കുന്ന തരത്തിൽ ചില പരാമർശങ്ങൾ കാണുകയും ചെയ്തതാണ്. വാസ്തവത്തിൽ പ്രസിദ്ധീകരിക്കാൻ വേണ്ടിയായിരുന്നില്ല ആ കുറിപ്പയച്ചത്. എന്നാൽ എസ്.ജെ ആ കത്ത് പ്രസിദ്ധീകരിക്കുകയും എന്റെ കത്തിലെ ദുസ്സൂചനകൾ നിർഭാഗ്യകരമെന്നു പറയുകയും, “മലയാളത്തിന് ലോകബാങ്കിൽ നിന്നും പണമൊന്നും ലഭിച്ചിട്ടില്ലെന്നും പത്രാധിപരുടെ ഒരു അടിക്കുറിപ്പുകൂടി ചേർത്തു.  ഞാൻ ശരിക്കും ഞെട്ടിപ്പോയി. ലേഖനം ഒരു പക്ഷെ പ്രസിദ്ധീകരിക്കാൻ വേണ്ടി മാറ്റിവെച്ചതാകും. എന്റെ വികാരത്തിളപ്പിൽ എഴുതിപ്പോയ കത്ത് അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടാകും എന്ന് തീർച്ച.

പിന്നീടൊരിക്കൽ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അദ്ദേഹം ഒരു വിദ്വേഷവും കാണിച്ചില്ല. തികച്ചും സൗഹൃദപരമായിരുന്നു സംഭാഷണം. വീണ്ടും ലേഖനങ്ങൾ അയക്കാൻ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. സുഹൃത്തായ ഐ.വി. ബാബു ദേശാഭിമാനിയിൽ നിന്നും മലയാളത്തിലേക്ക് മാറിയ കാലം കൂടിയായിരുന്നു അത്. ബാബുവും കൂടിയെത്തിയതോടെ എഴുതാനുള്ള സമ്മർദ്ദങ്ങൾ കൂടി. എന്നാൽ പുതിയ തലമുറ എഴുത്തുകാരെ ആ വഴിക്കു തിരിച്ചുവിടാനായിരുന്നു എനിക്ക് താൽപ്പര്യം. എസ്.ജെ കലാകൗമുദിയിൽ ഉള്ള കാലം മുതൽക്കുതന്നെ ആ കാഴ്ചപ്പാടുള്ള ആളായിരുന്നു. ബാബുവും അത്തരത്തിൽപ്പെട്ട ചിന്താഗതിക്കാരനായിരുന്നു. 

വലിയ എഴുത്തുകാരെക്കൊണ്ട് എഴുതിക്കുന്ന അതേ ആർജ്ജവം പുതുതലമുറയോടും എസ്.ജെ കാണിച്ചു. പ്രായമോ, എഴുത്തു പരിചയമോ ഒന്നും അദ്ദേഹം നോക്കിയില്ല. എന്തെഴുതി, എങ്ങനെയെഴുതി എന്ന് മാത്രമായിരുന്നു അദ്ദേഹം പരിഗണിച്ചിരുന്നത്.

കെ. ബാലകൃഷ്ണന്റെ ‘കൗമുദി’യും എം. ഗോവിന്ദന്റെ ‘സമീക്ഷ’യും എങ്ങിനെയാണ് രാഷ്ട്രീയവും സാഹിത്യവും കലയും എല്ലാം ഒരു പ്രസിദ്ധീകരണത്തിന്റെ താളുകളിലൂടെ ആവിഷ്‌കൃതമാക്കിയോ അതേ സർഗാത്മക പത്രപ്രവർത്തന പാരമ്പര്യം പിന്തുടർന്ന ഒരാളായിരുന്നു എസ്.ജെ. സാഹിത്യത്തിലും സിനിമയിലും രാഷ്ട്രീയത്തിലും തന്റേതായ നിലപാടുകൾ യാതൊരു ഭയാശങ്കയുമില്ലാതെ അടയാളപ്പെടുത്തിയ അപൂർവ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.

രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ചുനടന്ന ഒരു ചടങ്ങിനിടയിലാണ് സജി ജെയിംസ് എസ്.ജെയുടെ അസുഖവിവരം പറയുന്നത്. ടി.ജെ.എസ് ജോർജിന് വേണ്ടി വക്കം മൗലവി പുരസ്‌കാരം  സ്വീകരിച്ച സന്ദർഭത്തിലാണ് അദ്ദേഹം ഇത് സൂചിപ്പിച്ചതു. അടുത്തുതന്നെ ബംഗളുരുവിൽ  പുരസ്‌കാരം ടി.ജെ.എസ്സിനു നേരിട്ട് സമർപ്പിക്കാൻ പോകുമ്പോൾ എസ്.ജെയെ കാണാൻ തീരുമാനിച്ചിരിക്കയായിരുന്നു. പക്ഷെ എല്ലാവരെയും ദുഃഖത്തിലാക്കി അദ്ദേഹം മുന്നേ കടന്നുപോയി.

പ്രതിബദ്ധതയും, ലാളിത്യവും, ബൗദ്ധികസത്യസന്ധതയും ഒത്തുചേർന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. മലയാളികൾക്ക് എക്കാലവും ഓർത്തുവെക്കാൻ കഴിയുന്ന രചനകളുടെ അവതാരകനും ശില്പിയും എല്ലാമായിരുന്നു ജയചന്ദ്രൻ നായർ.