ഇമ്രാന്‍ ഖാന്‍: ചരിത്രം വെച്ചുനീട്ടുന്ന വെല്ലുവിളികള്‍

കെ.എം സീതി

ഏഷ്യാനെറ്റ് ന്യൂസ് , 31 ജൂലൈ 2018

പാകിസ്ഥാന്‍ ഒരു രാഷ്ടീയ മാറ്റത്തിന് വീണ്ടും തയ്യാറെടുക്കുകയാണ്. പൊതുതെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ലെങ്കിലും, ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി (പി.ടി.ഐ) ക്ക്  സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. പാക്കിസ്ഥാന്‍ പിറവി ദിനമായ ആഗസ്ത് 11 ന് താന്‍ അധികാരം ഏറ്റെടുക്കുമെന്ന് ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രവിശ്യകളിലും രാഷ്ട്രീയ മാറ്റങ്ങള്‍ ഉണ്ടാകും. പഞ്ചാബ് തുടങ്ങിയ പ്രവിശ്യകളില്‍ പിടിഐ ക്കു സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ഇമ്രാന്‍ അവകാശപ്പെടുന്നത്. നവാസ് ഷെരീഫ് നയിക്കുന്ന മുസ്ലിം ലീഗിനും (പിഎംല്‍) ബിലാവല്‍ ഭൂട്ടോ നയിക്കുന്ന പിപിപിയ്ക്കും എതിരായ ജനവിധിയാണ് തെരഞ്ഞെടുപ്പ് ഫലം മുഖ്യമായും അടിവരയിടുന്നത്. പാനമ  രേഖകളുടെ വിവാദത്തിന്റെയും കോടതി വിധികളുടെയും പശ്ചാത്തലത്തില്‍, നവാസ് ഷെരീഫ്, മകള്‍ മറിയം എന്നിവര്‍ ജയില്‍വാസം അനുഭവിക്കുമ്പോള്‍   അഴിമതിക്കെതിരെ വ്യാപക ചര്‍ച്ചകള്‍  നടന്നു.  പ്രതീക്ഷിച്ചതുപോലെ  ഇത് ഇമ്രാന്‍ ഖാന്റെ പിടിഐയ്ക്ക് നേട്ടമുണ്ടാക്കി.  വടക്കുപടിഞ്ഞാറന്‍ ഖൈബര്‍ പക്തൂണ്‍ഖ്വയിലെ പ്രവിശ്യ നിലവില്‍ ഇമ്രാന്റെ പാര്‍ട്ടിയാണ് ഭരിച്ചിരുന്നത്. അഴിമതി, തെരഞ്ഞെടുപ്പ് ക്രമക്കേട് തുടങ്ങിയ ആരോപണങ്ങള്‍ വ്യാപകമായി ഉയര്‍ന്നിട്ടും, ഇമ്രാന്‍ എതിരാളികളെ പ്രതിരോധത്തിലാക്കുകയും ആരോപണങ്ങള്‍ സുതാര്യമായി അന്വേഷിക്കാമെന്ന് ജനങ്ങള്‍ക്കു  ഉറപ്പുനല്‍കി ജനവിധിയെ തനിക്കു അനുകൂലമായി മാറ്റുകയുമായിരുന്നു.

ഇമ്രാന്റെ ‘ഇസ്ലാമിക റിപ്പബ്ലിക്ക്

‘നവ പാക്കിസ്താന്‍’ മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ഇമ്രാന്‍ ഒരു കോടി പുതിയ തൊഴിലവസരങ്ങളും നിര്‍ധനര്‍ക്കായി 50 ലക്ഷം വീടുകളുമാണ് വാഗ്ദാനം ചെയ്തത്. വിദേശത്തുകഴിയുന്ന സമ്പന്നരായ പ്രവാസി സമൂഹം രാജ്യത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ഗണ്യമായ നിക്ഷേപവും, വൈദഗ്ധ്യവും നല്‍കാമെന്ന് തനിക്ക് വാക്കു നല്‍കിയിട്ടുണ്ടെന്നും ഇമ്രാന്‍ അവകാശപ്പെട്ടു. പൂര്‍ണ്ണ ഫലപ്രഖ്യാപനം വരുന്നതിനുമുമ്പ് ഇമ്രാന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്, രാഷ്ട്രപിതാവ് മുഹമ്മദലി ജിന്ന വിഭാവനം ചെയ്ത പാകിസ്ഥാനാണ് താന്‍ കെട്ടിപ്പടുക്കുക എന്നാണ്. ‘ഇസ്ലാമിക ഭരണത്തിന്‍ കീഴിലെ മദീന പോലെ, വിധവകള്‍ക്കും അഗതികള്‍ക്കും ശ്രദ്ധകിട്ടുന്ന’ പാകിസ്ഥാനാണ് താന്‍ സ്വപ്നം കാണുന്നതെന്നും ഇമ്രാന്‍ പറഞ്ഞു (ഡോണ്‍ 26 ജൂലൈ 2018).

ഇമ്രാന്റെ സ്വപ്നങ്ങളില്‍ പറയുന്ന ‘പ്രവാചകന്റെ ഭരണക്രമം’ എന്നാല്‍ പാക്കിസ്താന് പുതുമയല്ല. നേരത്തെ തന്നെ അത്തരമൊരു പരീക്ഷണം നടന്നിരുന്നു. 1977 ല്‍ ജമാഅത്തെ ഇസ്ലാമിയുടെ മുന്‍കൈയില്‍ ഒത്തുചേര്‍ന്ന ഒമ്പതു പാര്‍ട്ടികളുടെ മുന്നണി സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ നേതൃത്വത്തിലുള്ള മതേതര സര്‍ക്കാറിനെ അട്ടിമറിച്ച് പാകിസ്താനില്‍ ഒരു ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കാനായിരുന്നു ശ്രമിച്ചത്. എന്നാല്‍,  സിയാ ഉല്‍ ഹഖിന്റെ നേതൃത്വത്തില്‍നടന്ന പട്ടാള അട്ടിമറി ഈ ശ്രമം തകര്‍ത്തു. ഇസ്ലാമികവല്‍കരണത്തിന്റെ മറവിലുള്ള ഒരു ദശകം നീണ്ട സൈനിക ഭരണത്തിനാണ് പിന്നീട് പാക്കിസ്താന്‍ സാക്ഷ്യം വഹിച്ചത്.

പാകിസ്താനെക്കുറിച്ച് ജിന്നയ്ക്കുണ്ടായിരുന്ന സ്വപ്നം എന്തായിരുന്നുവെന്ന് ഇമ്രാന്‍ ഖാന് ഓര്‍മ്മയുണ്ടോ എന്ന് വ്യക്തമല്ല. 1947 ആഗസ്റ്റ് 11 ന് പാകിസ്താന്‍ ഭരണഘടനാ നിര്‍മാണ സഭയില്‍ ജിന്ന പറഞ്ഞത് ഇപ്രകാരമാണ്:.

”നിങ്ങള്‍ സ്വതന്ത്രരാണ്. സ്വതന്ത്രമായി നിങ്ങള്‍ക്കു നിങ്ങളുടെ അമ്പലത്തില്‍ പോകാം, സ്വതന്ത്രമായിത്തന്നെ നിങ്ങള്‍ക്ക് നിങ്ങളുടെ പള്ളികളിലോ മറ്റ് ആരാധനാലയങ്ങളിലോ പോകാം. നിങ്ങള്‍ ഏത് ജാതിയിലോ മതത്തിലോ വര്‍ഗത്തിലോ എന്നത് ഭരണകൂടത്തിന്റെ പരിഗണനാ വിഷയമേയല്ല. സമുദായങ്ങള്‍ തമ്മിലോ ജാതികള്‍ തമ്മിലോ വര്‍ഗങ്ങള്‍ തമ്മിലോ വിവേചനമോ വേര്‍തിരിവോ ഇല്ലാത്ത നാളുകള്‍ക്കാണ് നാം തുടക്കമിടുന്നത്. എല്ലാ പൗരന്‍മാരും തുല്യരും അവര്‍ക്ക് തുല്യാവകാശങ്ങളുമുള്ള രാജ്യം എന്ന മൗലിക തത്വങ്ങളിലാണ് നാം തുടങ്ങുന്നത്. ഈ ആദര്‍ശമാവണം നിങ്ങളുടെ മുന്നിലുണ്ടാവേണ്ടത്. ഹിന്ദുക്കള്‍ക്ക് അവരായും മുസ്ലിംകള്‍ക്ക് അവരായും കഴിയാന്‍ പറ്റുന്ന ഒരു രാജ്യം. മതം എന്നത് വ്യക്തിപരമായ വിശ്വാസമാണ്. രാഷ്ട്രീപരമായി എല്ലാവരും രാജ്യത്തെ പൗരന്‍മാരാണ്” (ജിന്നയുടെ ഭരണഘടനാ സഭയിലെ പ്രസംഗം, 11 ആഗസ്ത് 1947).

ഇമ്രാന്റെ ‘ഇസ്ലാമിക റിപ്പബ്ലിക്കി’ല്‍ അത്തരമൊരു സമത്വ ജനസമൂഹത്തിന് ഇടമുണ്ടോ? 70 വര്‍ഷത്തിനുശേഷവും പാകിസ്താനില്‍ ന്യൂനപക്ഷങ്ങളുടെ അവസ്ഥ ശുഭകരമല്ല. ഉദാഹരണത്തിന് അഹമ്മദീയ വിഭാഗങ്ങളുടെ അവസ്ഥ എന്താണ്? തങ്ങള്‍ക്കായി പ്രത്യേകം വോട്ടര്‍ പട്ടിക ഉണ്ടാക്കുന്നതില്‍ പ്രതിഷേധിച്ച്  ജൂലായ് 25ന് നടന്ന തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്നാണ് അവര്‍ പ്രഖ്യാപിച്ചിരുന്നത്. ആ വിഷയത്തില്‍, തന്റെ പക്ഷപാതിത്വം ഇമ്രാന്‍ മറച്ചു വെച്ചിട്ടുമില്ല. അഹമ്മദീയ വിഭാഗം മുസ്ലിംകള്‍ അല്ലെന്ന് പ്രഖ്യാപിക്കുന്ന രണ്ടാം ഭരണഘടനാ ഭേദഗതിയെ റദ്ദാക്കുന്നതിനെ അദ്ദേഹം തുറന്നെതിര്‍ത്തു.

രാഷ്ട്രീയ സമ്പദ് വ്യവസ്ഥ മാറുമോ? 

തന്റെ പ്രഥമ പത്രസമ്മേളനത്തില്‍ ഇമ്രാന്‍, ദരിദ്രരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. അദ്ദേഹം ഇങ്ങനെ പറയുന്നു: ”കര്‍ഷകര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന് പകുതി പോലും പ്രതിഫലം കിട്ടുന്നില്ല, 2.5 കോടി കുട്ടികള്‍ സ്‌കൂളിനുപുറത്താണ്, അടിസ്ഥാന ആരോഗ്യപരിരക്ഷ നല്‍കാനാവാത്തതിനാല്‍ നമ്മുടെ സ്ത്രീകള്‍ പ്രസവത്തിനിടെ മരിക്കുകയാണ്, ജനങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം നല്‍കാന്‍ കഴിയുന്നില്ല.  സമ്പന്നരുടെ ജീവിതശൈലിയിലൂടെയല്ല ഒരു രാജ്യം തിരിച്ചറിയപ്പെടുന്നത് പകരം ദരിദ്രരുടെ ജീവിതശൈലിയിലൂടെയാണ്. പാവങ്ങളുടെ കടലിനു ചുറ്റും സമ്പന്നരുടെ തുരുത്തുമായി ഒരു രാജ്യത്തിനും അഭിവൃദ്ധി പ്രാപിക്കാനാവില്ല.” (ഡോണ്‍ 26 ജൂലൈ 2018).

തെരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു അഭിമുഖത്തില്‍ ഇമ്രാന്‍ ഇതുകൂടി പറഞ്ഞു: ”ഇവിടെ രാഷ്ട്രീയവര്‍ഗ്ഗം അത്രയൊന്നും മാറിയിട്ടില്ല. നിങ്ങള്‍ക്ക് പുതിയ ശക്തികളെ കൊണ്ടുവരാം,  പക്ഷേ രാഷ്ട്രീയവര്‍ഗത്തെ മൊത്തമായി മാറ്റാനാവില്ല. അതുകൊണ്ടാണ് മഹാതിര്‍ മുഹമ്മദിന്റെ ഉദാഹരണം ഞാന്‍ പറയുന്നത്. അദ്ദേഹം ഫലപ്രദമായ നേതൃത്വത്തിലൂടെ അതേ രാഷ്ട്രീയവര്‍ഗത്തെ ഉപയോഗിച്ച് മലേഷ്യയെ അടിമുടി മാറ്റി.” (ഡോണ്‍, 5 ജൂലൈ 2018). പാക്കിസ്ഥാനിലെ രാഷ്ട്രീയ സമ്പദ് വ്യവസ്ഥയില്‍ എന്തെങ്കിലും അടിസ്ഥാനപരമായ മാറ്റം ഇമ്രാന്‍ വിഭാവനം ചെയ്യുന്നില്ല എന്നത് ഇവിടെ വ്യക്തമാണ്. ഭരണവര്‍ഗ രാഷ്ട്രീയ ശക്തികള്‍ക്ക് എല്ലായ്‌പ്പോഴും സൈനിക- ഉദ്യോഗസ്ഥ-രാഷ്ട്രീയ ശക്തികളുടെ കൂട്ടുകെട്ടിന്റെ സ്വഭാവമാണ്.

സൈന്യത്തോടുള്ള സമീപനം

പാക് സൈന്യത്തിന് സ്വാഭാവികമായും ഇഷ്ടപ്പെട്ട നേതാവാണ്  ഇമ്രാനും പിടിഐയും എന്ന ധാരണ എങ്ങുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍, രാജ്യത്തിനകത്തും പുറത്തുമുള്ള വിശാല രാഷ്ട്രീയ മണ്ഡലങ്ങള്‍ വിമര്‍ശനാത്മകമായി ഉറ്റുനോക്കുന്ന ഒരു കാര്യം സൈന്യത്തെ ഇമ്രാന്‍ എങ്ങനെ കൈകാര്യം ചെയ്യും എന്നതാണ്. പാക് വിദേശകാര്യ നയരൂപവല്‍ക്കരണത്തില്‍, സൈന്യത്തിന്റെ സ്വാധീനം എന്തെന്ന ചോദ്യം ഒരഭിമുഖത്തില്‍ ഉയര്‍ന്നപ്പോള്‍ അദ്ദേഹം പറഞ്ഞത്, സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്ന ഇടങ്ങളില്‍ സൈന്യം ഇടപെടുമെന്നായിരുന്നു. ”അമേരിക്കയുടെ അഫ്ഗാന്‍ നയം നോക്കൂ, അവയില്‍ ഭൂരിഭാഗവും പെന്റഗണിന്റെ സ്വാധീനത്താല്‍ ഉണ്ടായതാണ്. അഫ്ഗാനിസ്ഥാനില്‍ യുദ്ധം അവസാനിപ്പിക്കണമെന്നായിരുന്നു താല്‍പ്പര്യമെങ്കിലും ബറാക് ഒബാമ യുദ്ധം തുടര്‍ന്നത് പെന്റഗണ്‍ ബോധ്യപ്പെടുത്തിയതിന് അനുസരിച്ചായിരുന്നു (ഡോണ്‍, 5 ജൂലൈ 2018).

ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു: ‘പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ജനാധിപത്യ സര്‍ക്കാറുകള്‍ ഉണ്ടെങ്കില്‍, അതവരുടെ കരുത്താണ്. മോശം സര്‍ക്കാറുകള്‍ ഉണ്ടായിരുന്നതിനാലാണ് പാക്കിസ്താന്‍ രാഷ്ട്രീയത്തില്‍ സൈന്യത്തിന് ഇത്രയും സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞത്. ന്യായീകരിക്കാന്‍ വേണ്ടി പറയുകയല്ല, എവിടെ ഒരു ശൂന്യത ഉണ്ടായാലും   അതവിടെ പരിഹരിക്കപ്പെട്ടിരിക്കും”. അഴിമതിയില്‍ മുങ്ങിയ ദുഷ്ടലാക്കുള്ള സര്‍ക്കാറുകള്‍ ഉണ്ടാവുമ്പോള്‍ ജനം സായുധരായ സൈന്യത്തെ സ്വാഗതം ചെയ്യും.  1999ല്‍ മുഷറഫ് പട്ടാളനിയമം പ്രഖ്യാപിക്കുമ്പോള്‍ നവാസ് ഷെരീഫിന്റെ കേന്ദ്രമായ ലാഹോറില്‍ ജനങ്ങളത് ആഘോഷിക്കുകയായിരുന്നു. കാരണം, ഭരണം പരാജയമായിരുന്നു’ (ഡോണ്‍, 5 ജൂലൈ 2018).

ഇമ്രാനെതിരെയുള്ള മറ്റൊരു വിമര്‍ശനം പാകിസ്താനിലെ ഇസ്ലാമിക ശക്തികളോടുള്ള  മൃദുസമീപനത്തെക്കുറിച്ചാണ്. ഇക്കാര്യത്തില്‍ ഇമ്രാന്റെ നിലപാടില്‍ പലര്‍ക്കും സംശയമുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ അദ്ദേഹം പറഞ്ഞത്, ഒരു ഇരട്ട നയം ഉണ്ടാവുമെന്നാണ്. ഒന്ന് ചര്‍ച്ചയുടെ മാര്‍ഗം. മറ്റേത് സൈനിക മാര്‍ഗം. ‘അമേരിക്കന്‍ സമ്മര്‍ദ്ദം മൂലം പാകിസ്താന്‍ നടപ്പാക്കിയ ഏകമാന നയത്തോട് യോജിപ്പ് പ്രകടിപ്പിക്കാത്തതിനാലാണ് ‘താലിബാന്‍ ഖാനെ’ന്ന് മുദ്രകുത്തപ്പെടാന്‍ കാരണം. സൈനിക നടപടി കൊണ്ടുമാത്രം പ്രശ്‌നപരിഹാരം കാണാനാവില്ലെന്നതിനുള്ള ക്ലാസിക്കല്‍ ഉദാഹരണമാണ് അഫ്ഗാന്‍ യുദ്ധം. സൈന്യത്തെ കൊണ്ട് പരിഹാരം ഉണ്ടാക്കാന്‍ 15 വര്‍ഷം അമേരിക്ക ശ്രമിച്ചിട്ടും പരാജയപ്പെട്ടു. താലിബാനുമായി നിരുപാധിക ചര്‍ച്ച വേണമെന്ന അഭിപ്രായത്തില്‍ അമേരിക്കന്‍, അഫ്ഗാന്‍ സര്‍ക്കാരുകള്‍ക്കും സഖ്യകക്ഷികള്‍ക്കും ഒരേ അഭിപ്രായം ഉണ്ടെങ്കില്‍ അതിനര്‍ത്ഥം സൈനിക പരിഹാരം പരാജയപ്പെട്ടുവെന്നാണ് (ഡോണ്‍, 5 ജൂലൈ 2018).

ഇന്ത്യയുമായുള്ള ബന്ധം എന്താവും? 

കുറച്ചു വര്‍ഷമായി വഷളായിക്കൊണ്ടിരിക്കുന്ന ഇന്ത്യയുമായുള്ള ബന്ധം എങ്ങനെ കൈകാര്യം ചെയ്യും എന്നതാണ്  ഇമ്രാനു മുന്നിലുള്ള ഏറ്റവും കടുത്ത വെല്ലുവിളി. ഇമ്രാന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വന്നാല്‍, ഇന്ത്യയോടുള്ള നിലപാട് കൂടുതല്‍ അക്രമാസക്തമാകുമെന്ന തോന്നല്‍ ഇതിനകം അദ്ദേഹത്തിന്റെ ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഡോണിനു നല്‍കിയ അഭിമുഖത്തില്‍ എതിരാളിയായ നവാസ് ഷെരീഫിനെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു: ‘അദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീട്ടിലേക്ക് ക്ഷണിക്കുന്ന, വ്യക്തിപരമായ ശ്രമമടക്കം, എല്ലാം ചെയ്തിരുന്നു. അത്രയ്ക്കാരും എത്തിയിട്ടില്ല. പാക്കിസ്താനെ ഒറ്റപ്പെടുത്തുകയാണ് മോദി സര്‍ക്കാറിന്റെ നയം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അവര്‍ക്ക് കടുത്ത പാക് വിരുദ്ധതയുണ്ട്. കാരണം, അവര്‍ കശ്മീരില്‍ കാണിക്കുന്ന കാട്ടാളത്തത്തിന് പാക്കിസ്താനെ കുറ്റപ്പെടുത്തുക എന്നതാണ് മോദിയുടെ താല്‍പ്പര്യം. ഈ നിലപാടുകാരോട് എന്ത് ചെയ്യാനാണ്?” (ഡോണ്‍, 5 ജൂലൈ 2018).

കശ്മീര്‍ പോലുള്ള സങ്കീര്‍ണ്ണ വിഷയങ്ങളില്‍ നിലപാട് മാറ്റാതെ തന്നെ, ഇന്ത്യയോട് കുറച്ചുകൂടി അയഞ്ഞ നിലപാടെടുത്ത ഇമ്രാനെയാണ് തെരഞ്ഞെടുപ്പിന് ശേഷം നടത്തിയ പ്രസംഗത്തില്‍ കണ്ടത്. ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്തുന്നത് നമുക്കെല്ലാവര്‍ക്കും നല്ലതാണെന്നാണ് ഇമ്രാന്‍ പറഞ്ഞത്. ”നമുക്ക് വ്യാപാര ബന്ധം ഉണ്ടാവണം.  വ്യാപാര ബന്ധം മെച്ചപ്പെട്ടാല്‍ ഇരു രാജ്യങ്ങള്‍ക്കും അതു കൊണ്ട് ഗുണമുണ്ടാവും” (ഡോണ്‍ 26 ജൂലൈ 2018).

എന്നാല്‍ ഇന്ത്യാ പാക്കിസ്താന്‍ വാണിജ്യ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ പാക്കിസ്താനാണ് വിമുഖത കാണിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ആയിരത്തിലധികം സാധനങ്ങളുടെ ഇറക്കുമതി വിലക്കുന്ന പട്ടിക നിലനിര്‍ത്തുന്നു പാക്കിസ്ഥാന്‍.  ഇന്ത്യക്ക് വ്യാപാരതുല്യപദവി (എം.എഫ്.എന്‍ – most favored nation)   പാക്കിസ്താന്‍ ഇതുവരെ നല്‍കിയിട്ടില്ല. പാകിസ്താന് എം.എഫ്.എന്‍ പദവി നല്‍കിയത് വെറും ആലങ്കാരികമാക്കാതെ തിരിച്ചും അതുണ്ടാവണമെന്നാണ് ഇന്ത്യ നിരന്തരം ആവശ്യപ്പെടുന്നത്.

കശ്മീരിനെ പരാമര്‍ശിച്ചുകൊണ്ട് ഇമ്രാന്‍ പറയുന്നു: ”കശ്മീരും അവിടത്തെ സാഹചര്യങ്ങളും 30 വര്‍ഷമായി കശ്മീരികള്‍ അനുഭവിക്കുന്ന സഹനവുമെല്ലാം കാതലായ വിഷയമാണ്. ഇന്ത്യാ പാക് നേതൃത്വങ്ങള്‍ ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് ഈ വിഷയം പരിഹരിക്കണം. അല്ലെങ്കില്‍, ഇത് എവിടെയും എത്താന്‍ പോകുന്നില്ല”.  കൂടുതല്‍ മയപ്പെടുത്തി ഇമ്രാന്‍ തുടര്‍ന്നു: ”ഇന്ത്യയുമായി) ഞങ്ങള്‍ തുടങ്ങിയിടത്തുതന്നെ എത്തിയിട്ടുണ്ട്. ഇന്ത്യന്‍ നേതൃത്വം തയ്യാറെങ്കില്‍, ഞങ്ങള്‍ ബന്ധം മെച്ചപ്പെടുത്താന്‍ തയ്യാറാണ്. ഒരടി നിങ്ങള്‍ മുന്നോട്ടുവെച്ചാല്‍, രണ്ടടി ഞങ്ങള്‍ മുന്നോട്ട് വരാം. ഇരു രാജ്യങ്ങളും തമ്മില്‍ നല്ല ബന്ധമുണ്ടാവുക എന്നത് ഈ ഉപഭൂഖണ്ഡത്തെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്” (ഡെയിലി പാക്കിസ്താന്‍ 26 ജൂലൈ 2018).

കശ്മീരിന്റെ അതിര്‍ത്തിക്കപ്പുറവും ഇപ്പുറവും ഒരുപോലെ ജനാധിപത്യ പ്രക്രിയ മുന്നോട്ടുപോവാന്‍ പാക്കിസ്താന്‍ അനുവദിക്കുമോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഇന്ത്യന്‍ നിയന്ത്രണത്തിലുള്ള കശ്മീരിനെക്കുറിച്ച് സംസാരിക്കുമ്പോഴും ഇമ്രാന്‍ സംസാരിക്കാന്‍ താല്‍പ്പര്യപ്പെടാത്ത കാര്യം ആസാദ് കശ്മീരിലെ ജനാധിപത്യപ്രക്രിയയാണ്.  കശ്മീരില്‍ ശാശ്വതമായി തുടരുന്ന പ്രശ്നങ്ങളുടെ ഒരു കാരണം തീവ്രവാദികള്‍ക്ക് പാക്കിസ്താനില്‍നിന്ന് തുടര്‍ച്ചയായി ലഭിക്കുന്ന സഹായമാണ്. ഇതാണ് സമാധാനപ്രക്രിയയ്ക്ക് മുഖ്യതടസ്സമായി ഇന്ത്യ കാണുന്നത്.

സമ്പദ് വ്യവസ്ഥയെ എന്ത് ചെയ്യും? 

പാക് സമ്പദ് വ്യവസ്ഥയെ മുന്നോട്ടുകൊണ്ടുപോവുക, ഇസ്ലാമിക ശക്തികളില്‍നിന്നുള്ള ഭീഷണികള്‍  നേരിടുക എന്നിവയാണ് ഇമ്രാന് മുന്നിലുള്ള നിര്‍ണായക പരീക്ഷണങ്ങള്‍. സാമ്പത്തിക മേഖലയിലെ ധനശേഷിയുടെ അഭാവം തുടങ്ങി വ്യപാര കമ്മി, തൊഴിലില്ലായ്മ, തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ പാക്കിസ്ഥാന്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. പാക്കിസ്ഥാന്റെ ധനക്കമ്മി നിരാശാജനകമാണെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐ എം എഫ്) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഐ എം എഫ് കണക്ക് പ്രകാരം രാജ്യത്തെ ധനക്കമ്മി മൊത്തം ദേശീയ വരുമാനത്തിന്റെ 4.8% (16.6 ബില്ല്യണ്‍ ഡോളര്‍) ആണ്.  ഇത് സര്‍ക്കാറിന്റെ കണക്കുകളേക്കാള്‍ 83% കൂടുതലാണ്. പാക്കിസ്ഥാനിലെ മൊത്തം വിദേശ നാണ്യ കരുതല്‍ ശേഖരം 12.1 ബില്ല്യണ്‍ ഡോളര്‍ ആയി കുറയാമെന്ന് ഐഎംഎഫ് മുന്നറിയിപ്പ് നല്‍കുന്നു. അങ്ങനെ വന്നാല്‍, 10 ആഴ്ചത്തെ ഇറക്കുമതിക്ക് മാത്രമേ ഇതു തികയൂ. കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനും ഭീകരര്‍ക്ക് ധനസഹായം നല്‍കുന്ന സംവിധാനങ്ങള്‍ ഇല്ലാതാക്കാനും ഐഎംഎഫ് പാകിസ്താനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശമേഖലയില്‍ നിര്‍ണായക ക്ഷതമേല്‍ക്കുന്നത് കുറയ്ക്കുന്നതിന് കറന്‍സിയുടെ മൂല്യം കുറയ്ക്കാനും ബജറ്റ് കമ്മി കൂടുന്നത് നിയന്ത്രിക്കുന്നതിന് കൂടുതല്‍ നികുതി ഏര്‍പ്പെടുത്താനും ഐ എം എഫ് ആവശ്യപ്പെടുന്നു. ഇറക്കുമതി കൂടുന്നത് ധനക്കമ്മി കൂടുന്നതിനും വിദേശ ധനസഹായങ്ങള്‍ക്കിടയിലും അന്താരാഷ്ട്ര കരുതല്‍ നാണ്യശേഖരം കുറയുന്നതിനും ഇടയാക്കുമെന്ന് പറയുന്നു. 2017 -18 സാമ്പത്തിക വര്‍ഷം  ധനക്കമ്മി ജിഡിപിയുടെ 4.8 ശതമാനത്തില്‍ എത്താം. ധനവിനിമയ നിരക്കിന്റെ പശ്ചാത്തലത്തില്‍, മൊത്തം വിദേശനാണ്യശേഖരം കുറയാനും ഇതിടയാക്കും. ഇത് 16.6 ബില്യന്‍ ഡോളറിന് തുല്യമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പാക്കിസ്താന്‍ അഭിമുഖീകരിച്ച 12. 1 ഡോളറിന്റെ കമ്മിയേക്കാള്‍ വളരെക്കൂടുതലും (ഐ എം എഫ്,  പാക്കിസ്ഥാന്‍ റിപ്പോര്‍ട്ട് 18/78, 2018).

ലോകബാങ്കിന്റെ പുതിയ കണക്കുകളും പാക്കിസ്ഥാന്റെ ദയനീയമായ ചിത്രം വരച്ചുകാട്ടുന്നു. മനുഷ്യ വികസന സൂചികകയുടെ, പ്രത്യേകിച്ച് വിദ്യാഭ്യാസത്തിന്റെ  കാര്യത്തില്‍ ദക്ഷിണേഷ്യന്‍ മേഖലയിലെ ഏറ്റവും താഴ്ന്ന അവസ്ഥയിലാണ് പാകിസ്താനെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അഞ്ചുവയസ്സില്‍ താഴെയുള്ളവരുടെയും ശിശുക്കളുടെയും മരണനിരക്ക് സമാനമാണ്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലും മറ്റെല്ലാ സാമ്പത്തിക മേഖലകളിലും ലിംഗ വിവേചനം നിലനില്‍ക്കുകയാണ്. മേഖലയിലെ ഏറ്റവും കുറഞ്ഞ സ്ത്രീ തൊഴിലാളി പങ്കാളിത്ത നിരക്ക്് പാക്കിസ്താനിലാണ്. പോഷകാഹാര കുറവും ഒരു വെല്ലുവിളി തന്നെയാണ്.  അഞ്ച് വയസ്സിനു താഴെയുള്ള 44  ശതമാനം കുട്ടികളും വളര്‍ച്ച മുരടിച്ച നിലയിലായത് ചെലവുകുറക്കല്‍ പ്രക്രിയയ്ക്ക് തടസ്സമാണ്. ഇപ്പോള്‍ ജി.ഡി.പിയുടെ 3 ശതമാനമായ ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം എന്നി മേഖലകളിലെ വിഹിതം മിക്ക രാജ്യങ്ങളെയും അപേക്ഷിച്ച് വളരെ കുറവാണ്. സര്‍ക്കാര്‍ വരുമാനം വര്‍ധിപ്പിക്കാതെ ഈ വിഹിതങ്ങള്‍ വര്‍ദ്ധിപ്പിക്കാനാവില്ല. ജി ഡി പി നികുതി അനുപാതം 12.4 ശതമാനമാണ്. ഇത് ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണ്.

വിദേശ സാമ്പത്തിക സ്രോതസ്സുകളെ ദീര്‍ഘകാലമായി ആശ്രയിക്കുന്ന രാജ്യമെന്ന നിലയില്‍ (പ്രതിരോധ, ആയുധനിര്‍മ്മാണ മേലയിലാണ് ഇതിലേറെയും ചിലവഴിക്കുന്നത്) ലോക ബാങ്കിന്റെയും ഐഎംഎഫിന്റെയും കണക്കുകള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. പാക്കിസ്ഥാനിലെ വിദേശ നാണ്യ വിനിയമത്തിന്റെ പ്രധാന ഘടകം പ്രവാസികളില്‍നിന്നുള്ള പണം വരവായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ ഇത് 19.82 ആയി കുറഞ്ഞിട്ടുണ്ട്. 2016 സെപ്തംബറില്‍ ഇത് 1.609 ബില്യന്‍ ഡോളര്‍ ആയിരുന്നു. എന്നാല്‍, 2017ല്‍ 1.29 ബില്യന്‍ ഡോളറായി കുറഞ്ഞു.  (ടൈംസ് ഓഫ് ഇസ്ലാമബാദ് 10 മാര്‍ച്ച്, 2017; ഡോണ്‍ ജൂണ്‍ 10, 2017). ഗള്‍ഫ് രാജ്യങ്ങളിലെ തദ്ദേശവല്‍കരണ നടപടികള്‍ മൂലം പ്രവാസികളുടെ പണം വരുന്നത് കുറഞ്ഞതിന്റെ ആഘാതം മറ്റ് ദക്ഷിണേഷ്യന്‍, തെക്ക് കിഴക്കനേഷ്യന്‍ രാജ്യങ്ങളെ പോലെ പാക്കിസ്താനും നേരിടാന്‍ പോകുകയാണ്.

ഇസ്ലാമിസ്റ്റ് സംഘങ്ങളോടുള്ള നിലപാട് 

പാക്കിസ്താനിലെ മതമൗലികവാദത്തിന്റെയും ഭീകരവാദത്തിന്റെയും   സാഹചര്യങ്ങളാണ് ഇമ്രാന്‍ ഏറ്റവും മുഖ്യമായി അഭിമുഖീകരിക്കേണ്ട വെല്ലുവിളി.  1960ല്‍ തുടങ്ങുകയും സിയാ ഉല്‍ഹഖിനുശേഷമുള്ള 1970കളില്‍ ശക്തി പ്രാപിക്കുകയും ചെയ്ത പ്രഭുത്വ അധികാരക്രമത്തിന്റെ (സിവില്‍, സൈനിക, പുരോഹിത കൂട്ടുകെട്ട്) ആവിര്‍ഭാവവുമായി മതമൗലികവാദ, ഭീകരവാദ വളര്‍ച്ചയ്ക്കുള്ള ബന്ധവും അദ്ദേഹം മനസിലാക്കിയിരിക്കണം.  1990കളില്‍ ബേനസീര്‍ ഭൂട്ടോയുടെയും നവാസ് ഷെരീഫിന്റെയും ഭരണകാലങ്ങളിലാണ് താലിബാനെപ്പോലുള്ള ഇസ്ലാമിക ശക്തികള്‍ പാക്കിസ്താനകത്തും പുറത്ത് അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലാകെയും പടര്‍ന്നത്.  കാര്‍ഷിക, വ്യാവസായിക നയങ്ങളിലെ പാളിച്ചകള്‍ മൂലം തൊഴില്‍രഹിതരാക്കപ്പെട്ട നിരവധി കുടുബങ്ങള്‍, നിലനില്‍പ്പും പ്രതീക്ഷകളുമില്ലാതെ ജീവിതം വഴിമുട്ടിയ മനുഷ്യര്‍ തുടങ്ങിയ സാഹചര്യങ്ങളാണ് ഈ വളര്‍ച്ചയെ പ്രധാനമായും സഹായിച്ചത്.   പാകിസ്താനിലെതന്നെ പണ്ഡിതര്‍  അഭിപ്രായപ്പെടുന്നത് പോലെ, ട്രാക്ടറിന്റെ വരവ് കൊണ്ടു മാത്രം വഴിയാധാരമായത് കൂട്ടുകൃഷി ചെയ്തുപോന്നിരുന്ന നിരവധി കുടുംബങ്ങളാണ്. ആയിരക്കണക്കിനാളുകളുടെ ജീവിതമാര്‍ഗമാണ് മുട്ടിപ്പോയത്. ഈ നേരത്തുതന്നെയാണ് വന്‍ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ അവിടെ അതിശയങ്ങളുമായി പ്രത്യക്ഷപ്പെടുന്നത്. ഗതിമുട്ടിയ അനേകം കുടുംബങ്ങളിലെ കുട്ടികളെ ഈ മദ്രസകള്‍ ഏറ്റെടുത്തു. സൗജന്യ ട്യൂഷന്‍ നല്‍കി. ഭക്ഷണവും താമസവും നല്‍കി.

വൈകാതെ, ഈ മേഖല വിഭാഗീയ കൂട്ടക്കുരുതികളുടെ കേന്ദ്രമായി. സുന്നികളും ഷിയാക്കളും തമ്മിലും ദിയോബാന്തു സുന്നികളും ബറെല്‍വി സുന്നികളും തമ്മിലുണ്ടായ കലാപങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. താലിബാനുമായി ബന്ധമുള്ള സായുധ സംഘങ്ങള്‍ ഇതിന്റെ മുന്നണിയില്‍ വന്നു. കുറച്ചു വര്‍ഷത്തിനുള്ളില്‍ ഈ സായുധ സംഘങ്ങള്‍ക്ക് പുതിയ രൂപവും പേരുകളും കൈവന്നു. ജിഹാദിസത്തിന്റെ പുതിയ രൂപങ്ങളുമായി എത്തിയ തെഹ്രീകെ താലിബാന്‍ പാക്കിസ്താന്‍, ലഷ്‌കറെ ത്വയ്യിബ, ലഷ്‌കറെ ജാന്‍ഗ്വി, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഇസ്ലാമിക സൈനിക ഗ്രൂപ്പുകള്‍  മധ്യവര്‍ഗത്തിന്റെ  അസംതൃപ്തി മുതലെടുത്ത് സൈനിക ശക്തിയിലൂടെ സ്റ്റേറ്റിന്റെ ഭരണം പിടിച്ചടക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. ഇത്തരം സായുധ സംഘങ്ങളെ നേരിടാനുള്ള പ്രയോഗിക നയങ്ങള്‍ക്ക് രൂപം നല്‍കുന്നതിന് പകരം ഇവയെ പ്രീണിപ്പിക്കുകയായിരുന്നു ഓരോ സര്‍ക്കാറുകളും. ഈ വീഴ്ചയ്ക്ക് വലിയ വില കൊടുക്കേണ്ടി വന്നു. ദക്ഷിണേഷ്യയിലെ കൊലക്കളങ്ങളായി പാക്കിസ്താന്‍ മാറി.

സ്വന്തം പദ്ധതികളുമായി മുന്നോട്ടുപോവുന്ന ഇത്തരം സായുധ ഇസ്ലാമിസ്റ്റ് സംഘങ്ങള്‍ കാരണം പാക് ഭരണകൂടത്തിന് സൈന്യത്തിന് മേലുണ്ടായിരുന്ന ആധിപത്യത്തില്‍ ഇടിച്ചിലുണ്ടായി. സര്‍ക്കാര്‍ നയങ്ങള്‍ ഈ മത തീവ്രവാദ സംഘങ്ങള്‍ക്ക് എത്രയേറെ വഴങ്ങിയോ അത്രയ്ക്ക്, ഒരു സമവായത്തിനും തയ്യാറാവാത്ത കടുംനിലപാടുകള്‍ ചെലുത്താവുന്ന രീതിയിലേക്ക് അവര്‍ വളര്‍ന്നു.  ഇമ്രാന്റെ ‘നവ പാക്കിസ്താന്‍’ ഈ ചോദ്യങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് കാത്തിരുന്ന് കാണണം.

ഇമ്രാന്റെ വിജയം ഭൂട്ടോ-നവാസ് ഷെരിഫ് കുടുംബ വാഴ്ചകളുടെ അന്ത്യം കുറിച്ചെന്ന തോന്നലാണ് പൊതുവെ പാകിസ്ഥാനിലുള്ളത്. രാജ്യത്തെ പുത്തന്‍ മധ്യവര്‍ഗ വികാരങ്ങളെ എങ്ങനെ തനിക്കു അനുകൂലമാക്കാമെന്ന പരീക്ഷണത്തില്‍ വിജയിച്ച  ഇമ്രാന്‍ തന്റെ കഴിഞ്ഞ രണ്ടു ദശകത്തിലേറെയുള്ള പ്രയത്‌നങ്ങള്‍ക്കും കാത്തിരിപ്പിനും ഒരു പുതിയ വഴിത്തിരിവ് കണ്ടെത്തിയിരിക്കുകയാണ്. ദേശീയ സഭയില്‍ ചെറുകക്ഷികളെയും സ്വാതന്ത്രരെയും സംഘടിപ്പിച്ചു ഭൂരിപക്ഷം നേടിയാലും വളരെ നേരിയ നൂല്‍പ്പാലത്തിലൂടെ അടുത്ത അഞ്ചുവര്‍ഷം തനിക്കു എങ്ങനെ നടക്കാന്‍ ആവുമെന്ന് ഇമ്രാന്‍ ആലോചിച്ചിട്ടുണ്ടാവില്ല. രാഷ്ട്രീയം ക്രിക്കറ്റ് കളിപോലെയല്ലെന്നു മനസ്സിലാക്കിയിട്ടുള്ള ഇമ്രാനു ഇതു ചരിത്രം വെച്ചു നീട്ടിയ വലിയ ഒരു വെല്ലുവിളിയാണ്.