“തുടിപ്പു നിങ്ങളിൽ നൂറ്റാണ്ടുകളുടെ
ചരിത്രമെഴുതിയ ഹൃദയങ്ങൾ
കൊളുത്തി നിങ്ങൾ തലമുറ തോറും
കെടാത്ത കൈത്തിരി നാളങ്ങൾ…”


ഈ വരികൾക്ക് ജീവൻ വെച്ച ഒരിടം അക്ഷരനഗരിയിലുണ്ട്.
പലർക്കും അറിയാതിരുന്ന അത്തരം അപൂർവ്വയിടങ്ങൾ ഒരു മഹാമാരിക്കാലത്തു ഉണർത്തുപാട്ടുകളായി മാറുന്നു. ചിലപ്പോൾ വലിയ സങ്കടമായും.

കോട്ടയത്തെ രണ്ടു ഹോട്ടലുകൾ ഇപ്പോൾ വാർത്തകളിൽ നിറയുന്നു. ലേഖനങ്ങൾ, കുറിപ്പുകൾ എന്നിവ നിത്യവും വന്നുകൊണ്ടിരിക്കുന്നു.
സെൻട്രൽ ജംഗ്ഷനിലെ ‘ബെസ്റ്റോട്ടൽ’ അതിന്റെ ‘ചരിത്ര ദൗത്യം’ അവസാനിപ്പിക്കുന്നു എന്ന വാർത്തയാണ് ആദ്യം ഇടം പിടിച്ചത്.

പിന്നാലെ തിരുനക്കരയിലുള്ള ‘ആനന്ദമന്ദിര’വും പൂട്ടുന്നു എന്ന പ്രഖ്യാപനം വന്നു.

രണ്ടും മഹാമാരിക്കാലത്തെ ദുരന്തങ്ങളായി വേണമെങ്കിൽ വിശേഷിപ്പിക്കാം.

എന്നാൽ ഈ പൂട്ടലും തുറക്കലും കോട്ടയത്തിനു പുത്തരിയല്ല.
ഞങ്ങളുടെ ഓർമയിലെ ഒരു ‘വലിയ പൂട്ടൽ’ നടന്നത് 1986 ഫെബ്രുവരിയിലാണ്.
ശാസ്ത്രി റോഡിലെ ‘ബീബീസ് ‘ എന്നന്നേക്കുമായി താഴിട്ട ആ സംഭവം ഓർമയിൽ നിന്നും മാഞ്ഞിട്ടില്ല.

എൺപതുകളിലെ ഒരു ഒന്നൊന്നര പൂട്ടലായിരുന്നു അത്.
അതിനു കാരണക്കാരൻ പോപ്പ് ജോൺ പോൾ രണ്ടാമൻ ആണെന്ന് പറഞ്ഞാൽ കലഹിക്കരുത് (കോവിഡ് മഹാമാരി കഴിഞ്ഞാൽ പോപ്പ് ഫ്രാൻസിസ് രാജ്യം സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ച്).

പോപ്പിന്റെ വരവ് നാലു സർവകലാശാലാ പഠനവകുപ്പുകൾ പ്രവർത്തിച്ചിരുന്ന നാഗമ്പടത്തെ പുളിക്കൻസ് ബിൽഡിങ്ങിനു മുന്നിലുള്ള മൈതാനിയിലായിരുന്നു. കാടും പടലവും നിറഞ്ഞു കിടന്ന നാഗമ്പടം മൈതാനി പോപ്പിനെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങുന്നതു ഞങ്ങൾ നേരിൽ കാണുകയാണ്. നഗരം മൊത്തത്തിൽ തന്നെ അണിഞ്ഞൊരുങ്ങുന്നു. വലിയ തയ്യാറെടുപ്പുകൾ നാടെങ്ങും നടക്കുമ്പോൾ ഹോട്ടൽ ബീബീസും തങ്ങളുടെ ദൗത്യം നിർവഹിക്കാൻ ഒരുങ്ങി.

കുറഞ്ഞത് ഒരു ലക്ഷം പേരെങ്കിലും പോപ്പിനെ കാണാൻ വരുമെന്ന് ഹോട്ടൽ ഉടമ പ്രതീക്ഷിച്ചു. നാഗമ്പടം മൈതാനിയിൽ നിന്നും ഏകദേശം 150 മീറ്റർ നടന്നാൽ എത്താവുന്ന ഹോട്ടൽ ആണിത്. ഭക്തജനങ്ങൾ വന്നാൽ ഉടൻ പോകാനും സാധ്യതയില്ല. അവർക്കു ചുരുങ്ങിയത് രണ്ടു നേരത്തെ ഭക്ഷണമെങ്കിലും വേണ്ടിവരും. വെള്ളവും മറ്റു പാനീയങ്ങളും വേറെ.

പാവം ബീബീസ് തൊഴിലാളികൾ ഊണും ഉറക്കവും കളഞ്ഞു പണി തുടങ്ങി. പതിനായിരക്കണക്കിന് ബിരിയാണി പായ്ക്കറ്റുകൾ റെഡി. മറ്റു ഭക്ഷണങ്ങൾ വേറെ. ആർക്കും ഒരു കുറവും വരരുതല്ലോ.

പോപ്പ് വന്നു. കണ്ടു.
പക്ഷേ കീഴടങ്ങിയതു പാവം ബീബീസ് മുതലാളി.

ലക്ഷക്കണക്കിന് ഭക്തർ മൈതാനത്തു എത്തിയത് രണ്ടു ദിവസത്തെ ഭക്ഷണങ്ങളുമായിട്ടെന്നാണ് മുതലാളിയ്ക്ക് കിട്ടിയ വാർത്ത.
ഒരു തുള്ളി വെള്ളം പോലും അവർക്കു വില കൊടുത്തു വാങ്ങേണ്ടി വന്നില്ലത്രേ.

ബീബീസ് മുതലാളി ആത്മഹത്യ ചെയ്തില്ലെന്നേയുള്ളൂ. പതിനായിരക്കണക്കിന് ബിരിയാണി പായ്ക്കറ്റുകൾ കുഴിച്ചുമൂടിയെന്നാണ് പിന്നീട് ഞങ്ങൾ അറിഞ്ഞത്.  ലക്ഷക്കണക്കിന് രൂപയുടെ ബാധ്യത വന്ന മുതലാളി പിന്നെ അത് തുറന്നിട്ടില്ല. കുറേക്കാലം അടഞ്ഞുകിടന്ന ആ സ്ഥാപനം പിന്നീട് ആരോ വാങ്ങിച്ചു മറ്റൊരു ഹോട്ടൽ തുടങ്ങി. ബീബീസിന്റെ രുചിയും മണവും ആർക്കും പിന്നീട് പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ പുതുതലമുറയ്ക്ക് ഹരമായി മാറിയ ’12-to12′ നു പോലും.

ഞങ്ങളുടെ സർവകലാശാല “നാഗമ്പടം ജീവിത” കാലത്തു ഇടയ്ക്കിടയ്ക്ക് അന്നം തന്നിരുന്ന ഒരു നല്ല ഹോട്ടലായിരുന്നു ബീബീസ്.

‘ബെസ്റ്റോട്ടൽ’


എ.കെ.ജി, തകഴി, വയലാർ, പൊന്‍കുന്നം വര്‍ക്കി, മുട്ടത്ത് വര്‍ക്കി, പത്മരാജന്‍, അരവിന്ദന്‍, ജോണ്‍ എബ്രഹാം, പ്രേംനസീര്‍, ഷീല, മധു, കെ എസ് ജോർജ്, കെ പി ഉമ്മർ, യേശുദാസ്, ഷമ്മി കപൂര്‍, ബല്‍രാജ് സാഹ്നി, ദിലീപ് കുമാര്‍, സൈറബാനു തുടങ്ങി നിരവധി പ്രമുഖർ സ്വന്തം വീടുപോലെ കരുതിയിരുന്ന ബെസ്റ്റോട്ടൽ കാലയവനികയ്ക്കുള്ളിൽ മറയുകയാണ്.

ഓഗസ്റ് 31-നു അതിനു താഴുവീഴുമെന്നു ഹോട്ടലിന്റെ ഇപ്പോഴത്തെ സാരഥി കേരള മുന്‍ രഞ്ജിതാരവും രഞ്ജി ട്രോഫി മുന്‍ സെലക്റ്ററുമായിരുന്ന എ.പി.എം ഗോപാലകൃഷ്ണന്‍ പറയുമ്പോൾ രുചിയുടെ ‘ചരിത്രമെഴുതിയ ഹൃദയങ്ങൾ’ക്കു വിടനല്കാൻ അക്ഷരനഗരിക്ക് സങ്കടം.
ഗോപാലകൃഷ്‍ണന്റെ അച്ഛൻ – രഞ്ജി ട്രോഫിയില്‍ തിരു-ക്കൊച്ചി ടീമിന്റെ ക്യാപ്റ്റനായിരുന്ന പി.എം. രാഘവൻ – ആയിരുന്നു ഇതിന്റെ തുടക്കക്കാരൻ. 1944-ൽ തലശ്ശേരിയിൽ നിന്നും കോട്ടയത്തെത്തുമ്പോൾ ആദ്യം തുടങ്ങിയത് ഒരു ബേക്കറിയായിരുന്നു. പത്തുവർഷം കഴിഞ്ഞപ്പോൾ 22 മുറികളുള്ള ഒരു ഹോട്ടലും കൂടിയായി ബെസ്റ്. സെൻട്രൽ തിയേറ്റർ ആണ് ബെസ്റ്റോട്ടലായി രൂപാന്തരം പ്രാപിച്ചത്.

ബെസ്റ്റോട്ടലിന്റെ ഒമ്പതാം നമ്പര്‍ മുറി തകഴിയ്ക്ക് ‘രണ്ടിടങ്ങഴി’യുടെ പണിപ്പുരയായിരുന്നു. വയലാറിന്റെ ‘ബലികുടീരങ്ങളേ..’ എന്ന വിപ്ലവ ഗാനം ജനിക്കുന്നതും ഇവിടെ. അത് ഏഴാം നമ്പർ മുറിയിലായിരുന്നു എന്നാണ് പറയുന്നത്.

അരുന്ധതി റോയിയുടെ ‘ദി ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്സ്’ എന്ന നോവലില്‍ ബെസ്റ്റോട്ടലിന്റെ സാന്നിധ്യം പല സന്ദർഭങ്ങളിലും നമുക്ക് അനുഭവപ്പെടാം. നോവലിലെ ബേബി കൊച്ചമ്മയുടെ പ്രിയപ്പെട്ട ബേക്കറി ആയിരുന്നു അത്. കൊച്ചു മറിയ തനിക്കിഷ്ട്ടപ്പെട്ട ക്രീംബൺ ബെസ്റ് ബേക്കറിയിൽ നിന്നും കൊണ്ടുവരുമ്പോൾ പെയിന്റ് അടർന്നുതുടങ്ങിയ തന്റെ ഫ്രിഡ്ജിൽ പൂട്ടി വെയ്ക്കുന്നതിനെപ്പറ്റി പറയുന്നുണ്ട്.

“കോട്ടയത്തിന്റെ സാംസ്കാരിക ഭൂമികയുടെ ആരുഢമായിരുന്നു ബെസ്റ്റോട്ടൽ” എന്ന് എന്റെ വാപ്പിയുടെ സഹപ്രവർത്തകനും സാഹിത്യകാരനും അധ്യാപകനുമായിരുന്ന സി. ആർ. ഓമനക്കുട്ടൻ പറയുന്നു. “കടലില്ലാത്ത കോട്ടയത്ത്, നാട്ടുകാരുടെ നാവിൽ രുചിയുടെ കപ്പലോടിച്ച,” സ്നേഹം വിളമ്പിയ “ഉപ്പിലിട്ട ഓർമ്മയാണ് ” ബെസ്റ്റോട്ടലിന്റേതെന്നു അദ്ദേഹം എഴുതി.

കോട്ടയത്തെ അധ്യാപക ജീവിതം തുടങ്ങിയ മൂന്നര പതിറ്റാണ്ടുമുമ്പ് ഞങ്ങളുടെ ഇടയ്ക്കിടയ്ക്കുള്ള സന്ദർശന കേന്ദ്രമായിരുന്നു ബെസ്റ്റോട്ടൽ. അന്നു രാജ്യാന്തരപഠന വകുപ്പ് പ്രവർത്തിച്ചിരുന്നത് സി.എം.എസ് കോളേജിലെ ആസ്‌ക്വിത് ഹോസ്റ്റലിൽ ആയിരുന്നത് കൊണ്ട് നഗരത്തിൽ എത്താൻ വെറും ഏഴു മിനുട്ടു മതി. ചിലപ്പോൾ പ്രാതൽ, ചിലപ്പോൾ ഉച്ചയൂണ്. മിക്കപ്പോഴും ഡിന്നർ.

നഗരത്തിലെ ഞങ്ങളുടെ രുചിഭേദങ്ങൾ തീരുമാനിച്ചിരുന്നത് രാജു താടിക്കാരനായിരുന്നു.

താടിക്കാരൻ ഇക്കാര്യത്തിൽ ഞങ്ങളുടെ ഉസ്താദ് തന്നെയായിരുന്നു. ഹോട്ടലുകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിലും അദ്ദേഹത്തിനു തന്നെയായിരുന്നു അവസാന വാക്ക്. ഞാനും രാംകിയും(എ.കെ.രാമകൃഷ്‌ണൻ), എ. എം. തോമസും, പിന്നീട് ഞങ്ങളുടെ ഗണത്തിൽ വന്ന എച് . ശ്രീകാന്ത്, കെ. എൻ. ഹരിലാൽ തുടങ്ങിയവർ ഒക്കെയും താടിക്കാരന്റെ ഇക്കാര്യത്തിലുള്ള പ്രാവീണ്യം അംഗീകരിച്ചിരുന്നു.

അക്കാലത്തെ ഞങ്ങളുടെ മുഖ്യ ആശ്രയങ്ങൾ ബെസ്റ്റോട്ടലിനു പുറമെ, ഹോട്ടൽ ഐഡ, ആനന്ദമന്ദിരം, ഇന്ദ്രപ്രസ്ഥം, ആർക്കാഡിയ, ഇന്ത്യൻ കോഫീ ഹൌസ്, വേമ്പനാട് ലെക്ക് റിസോർട്, ബീബീസ്, തണ്ടുർ റസ്റ്ററൻറ് തുടങ്ങിവയായിരുന്നു.

ഇടയ്ക്കു മീൻപീര കഴിക്കാൻ തിരുനക്കര മൈതാനത്തിനു മുന്നിലുണ്ടായിരുന്ന കുമരകം ഹോട്ടലിലേക്കും ഞങ്ങളെ കൊണ്ടുപോകാറുണ്ടായിരുന്നു.
ചിക്കൻ കൈകൊണ്ട് പോലും തൊടാതിരുന്ന എന്നെ കോട്ടയത്ത് വെച്ച് ‘ചിക്കൻ-സ്നാനം’ ചെയ്യിച്ചത് താടിക്കാരനായിരുന്നു.

അന്ന് തുശ്ചമായ ശമ്പളത്തിലാണ് ജീവിതം തുടങ്ങിയത്. സി.എം.എസ് കോളേജിലെ പോസ്റ്റ് ഗ്രാജുവേറ്റു മെസ് ആയിരുന്നു മുഖ്യഭക്ഷണ കേന്ദം. മെസ് നടത്തിയിരുന്ന തോമസേട്ടന്റെ ഭക്ഷണത്തിനു ഒരു പ്രത്യേക രുചി ഉണ്ടായിരുന്നു. അത് പലപ്പോഴും വൈകുന്നേരങ്ങളിൽ ഒഴിവാക്കിയാണ് മറ്റിടങ്ങളിൽ കൂടിച്ചേരൽ.

ചില ദിവസങ്ങളിൽ ഗൗരവമുള്ള വിഷയങ്ങൾ കടന്നു വരുമ്പോൾ താടിക്കാരൻ പറയും, “we will discuss it in the evening.”
അതുപറയുമ്പോൾ എല്ലാവർക്കും മനസ്സിലാകും വൈകിട്ടത്തെ പരിപാടി.

പലപ്പോഴും ഡിന്നർ ഒരു നിമിത്തമാകുമായിരുന്നു. ഔദ്യോഗികമായ കാര്യങ്ങൾ ഉൾപ്പടെയുള്ള പല വിഷയങ്ങളെക്കുറിച്ചും ചർച്ചകൾ നടക്കുന്നതും തീരുമാനങ്ങൾ എടുക്കുന്നതും ഈ സായാഹ്ന കൂടിച്ചേരലുകളിലായിരുന്നു.

എപ്പോഴും ഞങ്ങൾ മാത്രമായിരുന്നില്ല ഒന്നിച്ചുകൂടുന്നത്. ചിലപ്പോഴെല്ലാം വിദ്യാർഥികൾ കാണും. ചിലപ്പോൾ സി.എം.എസ്സിലെ അദ്ധ്യാപകർ കാണും. പിന്നെ സുഹൃത്തുക്കൾ, സഹപാഠികൾ…..ബന്ധുക്കൾ വരെ വന്നു പോകാറുണ്ട്.

ഒരിക്കൽ അബ്ദ ഉപ്പുപ്പായും ഈസ ഉപ്പുപ്പായും കോട്ടയത്ത് വന്നത് എന്നെ കാണാനല്ല. മനോരമയിൽ ലൈബ്രറിയുടെയും ആർകൈവ്‌സിന്റെയും ചുമതലയുണ്ടായിരുന്ന ജി. പ്രിയദർശനെ കാണാനായിരുന്നു അവർ എത്തിയത് — വക്കം മൗലവിയെപ്പറ്റി ജീവചരിത്രം എഴുതുന്നതിന്റെ ഭാഗമായി (ഈസ സാഹിബ് വക്കം മൗലവിയുടെ മകനും അബ്ദ സാഹിബ് മൗലവിയുടെ മരുമകനുമായിരുന്നു).

ഉച്ചയ്ക്ക് ഞാൻ അവരെയും കൊണ്ട് ബെസ്റ്റോട്ടലിൽ ഊണ് കഴിക്കാൻ പോയി. കൂടെ രാംകിയും ഉണ്ടെന്നാണ് എന്റെ ഓർമ. പതിവുപോലെ ഗംഭീര ഊണ്. കൂട്ടത്തിൽ ഫിഷ് ഫ്രയും വരുത്തി.

അപ്രതീക്ഷിതമായി പ്ലേറ്റ് നിറഞ്ഞു തുളുമ്പുന്ന നെയ്മീൻ മുന്നിലെത്തി. ആവി പറക്കുന്നു. അസാധാരണ വലിപ്പം. കഴിച്ചു തീർക്കാൻ തന്നെ പാട്പെട്ടു.പക്ഷെ എന്തൊരു രുചി. ഓർക്കുമ്പോൾ ഇപ്പോഴും അതിന്റെ ആവി പറക്കുന്ന മണം മൂക്കത്തു വരുന്നു. അബ്ദ-ഈസ ഉപ്പുപ്പമാർ ഈ നെയ്മീൻ പുരാണം എത്ര കാലം എത്രപേരോട് പറഞ്ഞു എന്ന് എനിക്ക് തന്നെ തിട്ടമില്ല.

അതുപോലെ തന്നെയായിരുന്നു ആനന്ദമന്ദിരവും ഇന്ദ്രപ്രസ്ഥവും. ഗംഭീര വെജിറ്റേറിയൻ ഭക്ഷണങ്ങൾ കഴിക്കാൻ മറ്റെങ്ങും ഞങ്ങൾ പോകാറില്ലായിരുന്നു. വർഷങ്ങൾ കഴിഞ്ഞാണ് ഹോംസ്റ്റെഡിലെ താലി റെസ്റ്ററന്റ് വരുന്നത്.


ആനന്ദമന്ദിരവും വലിയ പാരമ്പര്യമുള്ള ഹോട്ടലാണ്. ഏതാണ്ട് ഒരു നൂറ്റാണ്ടായിക്കാണും അത് തുടങ്ങിയിട്ട്. തകഴി, വയലാർ, പൊന്‍കുന്നം വര്‍ക്കി, മുട്ടത്ത് വര്‍ക്കി, പത്മരാജന്‍, അരവിന്ദന്‍ തുടങ്ങിയവർക്കൊക്കെ പ്രിയപ്പെട്ട ഹോട്ടൽ.

തിരുനക്കര അമ്പലവും ബസ് സ്റ്റാൻഡും എല്ലാം ഇതിനെ വലിയ തിരക്കുള്ള ഒരു ഭോജനശാലയാക്കി മാറ്റിയിരുന്നു. ആനന്ദമന്ദിരത്തിലെ പേപ്പർ റോസ്റ്റ് അസാധാര വലിപ്പമുള്ള ഒരു വിഭവമായിരുന്നു. പായസം കൂട്ടിയുള്ള ഉച്ചയൂണും കേമം തന്നെ.

ഇന്ദ്രപ്രസ്ഥവും നല്ല ഹോട്ടലായിരുന്നു. പാത്രം കവിഞ്ഞു തുളുമ്പുന്ന പപ്പടമായിരുന്നു അവിടുത്തെ ഒരു പ്രത്യേകത. കാലാന്തരത്തിൽ ഇന്ദ്രപ്രസ്ഥം മാഞ്ഞുപോയി. ആ സ്ഥാനത്തു ഇപ്പോൾ കല്യാണമണ്ഡപവും ‘ന്യൂജൻ’ ഹോട്ടലും.

സർവകലാശാല പഠന വകുപ്പുകളുടെ തട്ടകം മാറി മാറി വന്നപ്പോൾ ഞങ്ങളുടെ ആവാസ വ്യവസ്ഥയും മാറാൻ തുടങ്ങി.

നാഗമ്പടത്തെ പുളിക്കൻസ് ബിൽഡിംഗിൽ വന്നതോടെ ഭക്ഷണത്തിനു പുതിയ മേച്ചിൽപുറങ്ങളും തേടാൻ തുടങ്ങി.

പിന്നെ ചെറുവാണ്ടുർ ക്യാമ്പസ്, ഒടുവിൽ അതിരമ്പുഴ ആസ്ഥാനം.

ഓരോ മാറ്റത്തിലും പുതിയ രുചിഭേദങ്ങൾ വന്നു തുടങ്ങിയിരുന്നു.

പക്ഷെ, ബെസ്റ്റോട്ടലും ആനന്ദമന്ദിരവും ഐഡയും എല്ലാം അതിന്റെ തനിമ നിലനിർത്തിയിരുന്നു.

ഭക്ഷണം ആസ്വദിക്കുന്നതിനു മൂന്ന് ‘പ്പ് ‘ ആവശ്യമാണെന്ന് ഒരു രസികനെ ഉദ്ധരിച്ചുകൊണ്ട് കെ.പി. കേശവമേനോൻ തന്റെ “ജീവിത ചിന്തകളിൽ” എഴുതി. ‘വിശപ്പ്, വെതിപ്പ്, വെടിപ്പ്‌’ – ഇത് മൂന്നും ഉണ്ടായാലേ ഭക്ഷണം വേണ്ടപോലെ ആസ്വദിക്കാൻ കഴിയൂ എന്നാണ് ‘രസികനെ’ ഉദ്ധരിച്ചുകൊണ്ട് മേനോൻ പറയുന്നത്. സാധനങ്ങൾക്ക് രുചിയുണ്ടായാൽ മാത്രം പോരെന്നും ഇരുന്നു കഴിക്കുന്ന സ്ഥലവും അത് വിളമ്പുന്നവരുടെ വൃത്തിയും വെടിപ്പും ഭക്ഷണത്തിന്റെ ആസ്വാദനത്തിനു അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ബെസ്റ്റോട്ടലും ആനന്ദമന്ദിരവും ഐഡയും എല്ലാം വ്യത്യസ്തമായിരുന്നത് അക്കാര്യത്തിൽ തന്നെയായിരുന്നു.

പത്രപ്രവർത്തകരും, സാംസ്‌കാരിക പ്രവർത്തകരും, വിദ്യാർത്ഥികളും അധ്യാപകരും, ഉദ്യോഗസ്ഥരും സാധാരണ ജനങ്ങളും എല്ലാം ഈ ഭോജനഇടങ്ങളെ സ്നേഹിച്ചിരുന്നതു, ഇഷ്ടപ്പെട്ടിരുന്നത് വെറും ഭക്ഷണം കൊണ്ടുമാത്രമല്ലെന്നു അന്നും ഇന്നും വിശ്വസിക്കുന്നു.

അവർ വിളമ്പിയിരുന്നത് സ്നേഹവും സൗഹാർദ്ധവും കൂടിയായിരുന്നു.

അതുകൊണ്ടു തന്നെയാണ് ഈ രണ്ടു സ്ഥാപനങ്ങളുടെയും യാത്ര പറച്ചിൽ വളരെ സങ്കടത്തോടെ അക്ഷരനഗരിയിലെയും ഇതര സ്ഥലങ്ങളിലെയും മനുഷ്യർ കാണുന്നത്.

സ്നേഹത്തിന്റെ, രുചിയുടെ, സൗഹാർദ്ദത്തിന്റെ ‘കെടാത്ത കൈത്തിരി നാളങ്ങൾ’ സൂക്ഷിക്കാൻ ഇനി എത്രപേർ അക്ഷരനഗരിയിൽ ഉണ്ടാകുമെന്നത് കണ്ടറിയാം !