TrueCopyThink - KM Seethi https://kmseethi.com Author and IR Scholar, Mahatma Gandhi University, India Sun, 02 Oct 2022 02:19:17 +0000 en-US hourly 1 https://wordpress.org/?v=6.4.3 193541978 നവലിബറലിസം തുറന്നിടുന്ന അസ്വസ്ഥതകള്‍ നിയോ ഫാഷിസത്തെ വളര്‍ത്തുന്നു https://kmseethi.com/%e0%b4%a8%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%ac%e0%b4%b1%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%82-%e0%b4%a4%e0%b5%81%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8/ Sat, 01 Oct 2022 15:13:50 +0000 https://kmseethi.com/?p=66081 രണ്ട് ചോദ്യങ്ങള്‍

കെ.എം. സീതി / കമൽറാം സജീവ്​

ട്രൂകോപ്പി, 1 ഒക്ടോബർ 2022

നവലിബറലിസം തുറന്നിടുന്ന അസ്വസ്ഥതകള്‍ ​​​​​​​നിയോ ഫാഷിസത്തെ വളര്‍ത്തുന്നു

ഫാഷിസത്തിന് രൂപപരിണാമങ്ങള്‍  സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ്. മുന്‍കാല അനുഭവങ്ങളില്‍ നിന്ന്​ പല പാഠങ്ങളും അവര്‍ പഠിച്ചിട്ടുണ്ട്. ജനാധിപത്യ സംവിധാനങ്ങളിലൂടെ രാഷ്ട്രീയാധിപത്യം സ്ഥാപിക്കാന്‍ പല വഴികളും അവര്‍ തേടാറുമുണ്ട്. അതില്‍ പ്രധാനമാണ് സിവില്‍ സമൂഹത്തിലൂടെയുള്ള പ്രവര്‍ത്തനങ്ങള്‍.

കമൽറാം സജീവ്​: നിയോ ഫാഷിസത്തിൽ വേരുകളുള്ള ബ്രദേർസ് ഒഫ് ഇറ്റലിയുടെ നേതാവ് ജോർജിയ മെലോനി ഇറ്റലിയുടെ പ്രധാനമന്ത്രി ആവുകയാണ്. യൂറോപ്പിൽ മാറി വീശുന്ന രാഷ്ട്രീയക്കാറ്റ് ഭയം ജനിപ്പിക്കുന്നതാണ്. ഹംഗറിയിൽ പ്രധാനമന്ത്രി വിക്റ്റർ ഒർബാൻ നടത്തിയ ശുദ്ധ നാസിപ്രസംഗത്തിൻ്റെ ഭയവ്യാപനം തുടരുകയാണ്.ഈയടുത്തു നടന്ന പൊതു തെരഞ്ഞെടുപ്പോടെ യെമ്മി ഓക്കെസണിൻറെ തീവ്ര വലതുപക്ഷ പാർട്ടിയായ സ്വീഡൻ ഡെമോക്രാറ്റ്സ് സ്വീഡനിലെ രണ്ടാമത്തെ പാർട്ടിയായി മാറിയിരിക്കുകയാണ്. ഫ്രാൻസിൽ, മറീൻ ലെ പെൻ, ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇമ്മാനുവേൽ മാക്രോണമായുള്ള മത്സരത്തിൽ നേടിയത് 41 ശതമാനം വോട്ടാണ്. യൂറോപ്പിലാകെ തീവ്ര ദേശീയ വലതുപക്ഷത്തിൻ്റെ ഭാഗത്തേക്ക് മാറിയടിക്കുന്ന കാറ്റ് രണ്ടാം ലോകയുദ്ധത്തിനു മുൻപ്  പ്രബലമായിരുന്ന രാഷ്ട്രീയ സങ്കൽപ്പങ്ങളെ തിരിച്ചു കൊണ്ടുവരികയല്ലേ ചെയ്യുന്നത്?

 കെ.എം. സീതി : ഇറ്റലിയിലെ തീവ്രവലതുപക്ഷത്തേക്കുള്ള ഭരണമാറ്റം തീർച്ചയായും ആശങ്കയുയർത്തുന്നതാണ്. യൂറോപ്പ്യൻ രാഷ്ട്രീയത്തിൽ സ്വീഡനും ഹങ്കറിയും പോളണ്ടുമെല്ലാം നേരത്തെ തന്നെ ആ വഴിക്കു നീങ്ങിയത് നല്ലൊരു സൂചനയായിട്ടല്ല ലോകം കണ്ടത്. കോവിഡ് ഉണ്ടാക്കിയ സാമൂഹിക സാമ്പത്തിക അസ്വസ്ഥതകളുടെ ബാക്കിയായി കൂടി ഇതിനെ കാണേണ്ടതുണ്ട്. ഈ ആഗോള പ്രതിസന്ധി ഘട്ടത്തിൽ ഭരണകൂടങ്ങളുടെ നിസ്സംഗതയും ജനവിരുദ്ധ നയങ്ങളും നിരവധി രാജ്യങ്ങളിൽ ഇത്തരം ഭരണമാറ്റങ്ങൾക്കും തീവ്രവലതു പ്രസ്ഥാനങ്ങൾക്കും കാരണമായിട്ടുണ്ട്.

എന്നാൽ ഇതിലൂടെ ഈ രാജ്യങ്ങളെല്ലാം കഴിഞ്ഞ നൂറ്റാണ്ടിലെ ഫാസിസ്റ്റു – സ്വേച്ഛാധിപത്യ പ്രവണതകളിലേയ്ക്ക് മടങ്ങുമെന്നു കരുതാൻ വയ്യ. കാരണം ജർമ്മനി, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ ജനതകൾ അനുഭവിച്ച ദുരനുഭവങ്ങൾ ആവർത്തിക്കാൻ അവർക്കു അത്ര എളുപ്പത്തിൽ ആവില്ല. പുതിയ തലമുറ  ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും പ്രാധാന്യം നന്നായി മനസ്സിലാക്കിയവരാണ്. തീവ്രവലതുപക്ഷത്തേക്ക് പോകുമ്പോഴും സാർവദേശീയ ധാർമികതയെ പാടെ ഉപേക്ഷിച്ചു പോകാൻ അവർക്കാവില്ല. അത്തരമൊരു ലോകത്തിലാണ് ജീവിക്കുന്നതെന്ന ബോധ്യം അവർക്കുണ്ട്. രാഷ്ട്രീയ അധികാരം പിടിക്കുന്നതിനു വേണ്ടി സാമൂഹിക അസ്വാസ്ഥ്യങ്ങളെ ഉപയോഗിച്ച് കൊണ്ട് ‘ദേശീയത’യെ മുൻ നിർത്തി വോട്ടു രാഷ്ട്രീയം കളിക്കുക മാത്രമാണ് അവർ ചെയ്യുന്നത്.

നവ ലിബറൽ നയങ്ങൾ തീവ്രമായി നടപ്പാക്കിയ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിലെല്ലാം ഈ പ്രവണതകൾ കാണിക്കുന്നുണ്ട്. വലതു രാഷ്ട്രീയം സുഗമമായി സഞ്ചരിക്കുന്ന വഴികളാണ് നവലിബറലിസം തുറന്നിടുന്നത്. ആ വഴികളിൽ നിന്നും ഉയരുന്ന അസ്വസ്ഥതകൾ തീവ്ര വലതു പ്രസ്ഥാനങ്ങളെ സ്വാഭാവികമായും വളർത്തും. ഇറ്റലി കടന്നു പോയതും ഇതിലൂടെയാണ്.

‘ബ്രദേഴ്‌സ്‌ ഓഫ്‌ ഇറ്റലി’ യുടെ ആവിർഭാവം ഇത്തരത്തിൽ ആണ് കാണേണ്ടത്. എന്നാൽ  ഈ തീവ്ര വലതുകക്ഷിക്കു മുസ്സോളിനിയുടെ ഫാസിസ്റ്റു പ്രസ്ഥാനമാകാൻ അത്ര എളുപ്പത്തിൽ ആവില്ല. ഈ കക്ഷിയുടെ നയങ്ങൾ തന്നെ നിഗൂഢവും പലതും അപ്രഖ്യാപിതവുമാണ്. മാത്രമല്ല ഒരു മുന്നണി സംവിധാനത്തിൽ, പ്രത്യേകിച്ച് വ്യത്യസ്തമായ രാഷ്ട്രീയ വീക്ഷണമുള്ളവർ അടങ്ങിയ സർക്കാരിലൂടെ ഒരു സ്വേച്ഛാഭരണം കൊണ്ട് നടക്കാൻ മിലോണിക്കു കഴിയുമെന്ന് തോന്നുന്നില്ല. മാത്രമല്ല ഇറ്റലി രാഷ്ട്രീയ അസ്ഥിരതയുടെ ചരിത്രമുള്ള ഒരു രാജ്യമാണ്. കഴിഞ്ഞ 77 വർഷങ്ങൾക്കുള്ളിൽ 69 സർക്കാരുകൾ മാറിമാറി വന്നു. ഒരു സർക്കാരിന്റെ ശരാശരി ആയുസ്സു ഒരു വർഷവും ഏതാനും മാസങ്ങൾ മാത്രമാണ്.  18 മാസംമാത്രം അധികാരത്തിലിരുന്ന മരിയോ ദാഗ്രിയുടെ നേതൃത്വത്തിലുള്ള ദേശീയ സർക്കാർ സാമ്പത്തിക സാമൂഹിക മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതെ പോയതാണ് തിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. വിലക്കയറ്റം, ഇന്ധന പ്രതിസന്ധി, തൊഴിലില്ലായ്മ തുടങ്ങിയവ നേരിടാൻ  മുൻ യൂറോപ്യൻ സെൻട്രൽ ബാങ്ക്‌ മേധാവിയായ ദാഗ്രിക്കു സാധിച്ചില്ല. ഇതിനെ നന്നായി തിരഞ്ഞെടുപ്പിൽ മുതലെടുത്തവർ ഒത്തുകൂടിയാണ് മുന്നണി വിജയം ഉറപ്പിച്ചത്. എന്നാൽ മെലോണിയുടെ ‘ബ്രദേഴ്‌സ് ഓഫ്  ഇറ്റലി’ കേവലം 26 ശതമാനം വോട്ടുകൾ മാത്രമാണ് നേടിയത് എന്നത് മുന്നണി രാഷ്ട്രീയം വീണ്ടും കലുഷിതമാക്കിയേക്കാം. പ്രത്യേകിച്ച് സഖ്യത്തിലുള്ളവർക്കു വിവിധ നിലപാടുകൾ ഉള്ളപ്പോൾ. മെലോണിയും, സാൽവിനിയും, ബർലുസ്‌കോണിയും പല വിഷയങ്ങളിലും അഭിപ്രായ വിത്യാസമുള്ളവളാണ്.

കമൽറാം സജീവ്​: ഹിറ്റ്ലറുടെ ഫാഷിസത്തിൽ നിന്നും ഇപ്പോൾ യൂറോപ്പിൽ പ്രകടമാവുന്ന നിയോ ഫാഷിസത്തിനു വലിയ വ്യത്യാസം കാണുന്നു. ഹിറ്റ്ലറുടേത് പൂർണമായും റേഷ്യൽ ആയ ദേശീയ വാദമായിരുന്നെങ്കിൽ മെലോനിയും ഒർബാനും ലെ പെന്നുമൊക്കെ പ്രതിനിധീകരിക്കുന്ന ഫാഷിസ്റ്റ് പരിപ്രേക്ഷ്യത്തിന് അവർ തന്നെ ഉയർത്തിക്കാണിക്കുന്ന ക്രിസ്ത്യൻ മുഖവും ഉണ്ട്. ഇവരുടെ രാഷ്ട്രങ്ങളിലെ അഭയാർത്ഥികളുടെ മത ശതമാനവും അതുവഴി ഉണ്ടാവുന്ന ഇസ്ലാമോഫോബിയയും ആയിരിക്കുമോ നിയോ ഫാഷിസത്തിൻ്റെ മതമുഖത്തിന് പിന്നിൽ?

കെ.എം. സീതി : ഫാസിസത്തിന് രൂപ പരിണാമങ്ങൾ  സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ്. മുൻകാല അനുഭവങ്ങളിൽ നിന്നും പല പാഠങ്ങളും അവർ പഠിച്ചിട്ടുണ്ട്. ജനാധിപത്യ സംവിധാനങ്ങളിലൂടെ രാഷ്ട്രീയാധിപത്യം സ്ഥാപിക്കാൻ പല വഴികളും അവർ തേടാറുമുണ്ട്. അതിൽ പ്രധാനമാണ് സിവിൽ സമൂഹത്തിലൂടെയുള്ള പ്രവർത്തനങ്ങൾ. ബലം നേരിട്ട് ഉപയോഗിക്കാതെ തന്ത്രപരമായി പിടിച്ചെടുക്കൽ ഇതിന്റെ ഭാഗമാണ്. സാംസ്‌കാരിക രംഗം ഇതിന്റെ ഫലഭൂയിഷ്ഠമായ മേഖലയാണ്‌. ഇതിനെക്കുറിച്ചെല്ലാം സവിസ്തരം പറഞ്ഞിട്ടുള്ളത് ഇറ്റാലിയൻ ചിന്തകനായ അന്റോണിയോ ഗ്രാംഷിയാണ്. ഫാസിസ്റ്റു ജയിൽ കിടന്നു കൊണ്ട്   എഴുതിയ കുറിപ്പിലെല്ലാം ഇത് വിവരിക്കുന്നുണ്ട്. ഇന്ത്യയിൽ സംഘ് പരിവാറും ഇതേ കൃത്യം ചെയ്യുന്നു. സാംസ്‌കാരിക സ്ഥാപനങ്ങളും ജനങ്ങളുടെ മത-വംശീയ വികാരങ്ങളും ഈ സിവിൽ സമൂഹ-കേന്ദ്രീകൃത പ്രവർത്തനങ്ങളുടെ മുന്നോട്ടു പോക്കിന് അനിവാര്യമാണ്.

മെലോണിയുടെ ബ്രദേഴ്‌സ് ഓഫ്  ഇറ്റലി മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തിൽ ഇതിൽ പ്രകടമായി കാണുന്നുണ്ട്. ഞങ്ങൾ  “എൽജിബിടിക്കൊപ്പമല്ല, യഥാർത്ഥ കുടുംബങ്ങൾക്കൊപ്പമാണ്. ആണും പെണ്ണും എന്ന യാഥാർത്ഥ്യത്തിനൊപ്പമാണ്. ലൈംഗീക ന്യൂനപക്ഷവാദത്തിനൊപ്പമല്ല. ഇസ്ലാമിക ഭീകരർക്കൊപ്പമല്ല. ഈ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്‌ക്കൊപ്പമാണ്. കുടിയേറ്റക്കാർക്കൊപ്പമല്ല, ഈ നാട്ടിലെ പൗരന്മാർക്കൊപ്പമാണ്. ആഗോള സാമ്പത്തിക ആശങ്കകൾക്കൊപ്പമല്ല, ഇറ്റലിയുടെ സാമ്പത്തിക ഭദ്രതയ്‌ക്കൊപ്പമാണ്” എന്ന പ്രഖ്യാപനങ്ങൾ മറ്റെന്താണ് സൂചിപ്പിക്കുന്നത്.

ഇറ്റലിയിലെ കുടിയേറ്റ വിരുദ്ധതയ്ക്കു ദീർഘനാളത്തെ ചരിത്രമുണ്ട്. ഒരു ഇടവേളയ്ക്കു ശേഷം ഇന്ന് യൂറോപ്പിൽ എത്തുന്ന കുടിയേറ്റക്കാരിൽ വലിയൊരു ശതമാനം ഇറ്റലിയിലാണ് എത്തിപ്പെടുന്നത്. മെഡിറ്ററേനിയൻ കടന്നു വരുന്ന വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലെ കുടിയേറ്റക്കാരും അഭയാർത്ഥികളും ഉൾപ്പടെ ഇറ്റാലിയൻ ജനതയ്ക്കു ഭീഷണിയാണെന്ന പ്രചാരണം മെലോണിയെ നന്നായി സഹായിച്ചു. രണ്ടു ദശ ലക്ഷത്തോളം പേർ തൊഴിലില്ലാത്തവരായി ഇറ്റലിയിൽ ഉണ്ട്. ഇവരുടെയും പുതു തലമുറയുടെയും ജീവിത സാഹചര്യങ്ങളെ മാറ്റിമറിക്കാൻ ഈ കുടിയേറ്റ-അഭയാർത്ഥികൾക്ക് സാധിച്ചേക്കുമെന്ന ഭീഷണി അവർ നന്നായി തിരഞ്ഞെടുപ്പിൽ പ്രയോജനനപ്പെടുത്തി.

ഇതിൽ സ്വാഭാവികമായും മതപക്ഷപാതിത്വം ഉണ്ട്. ആറു കോടി വരുന്ന ജനസംഖ്യയിൽ കേവലം ഒന്നര ദശലക്ഷം മാത്രം വരുന്ന മുസ്ലിം ജനവിഭാഗങ്ങൾ  ഇറ്റലിക്ക് ‘ഭീഷണി’യാകുന്നത് ആഭ്യന്തര വിഷയങ്ങൾ മാത്രം ചൂണ്ടിക്കാണിച്ചല്ല. അതിൽ കുടിയേറ്റക്കാരും സാർവദേശീയ രംഗത്തെ വിഷയങ്ങളും ഉൾച്ചേർന്നിരിക്കുന്നു. അതാണ് ‘ഇസ്ലാമിക ഭീകരവാദ’ മായി മെലോണിയും കൂട്ടരും പറയുന്നതു. എന്നാൽ ഇതൊന്നും അത്ര എളുപ്പത്തിൽ ഒരു ഭരണ കൂടത്തിന്റെ നയങ്ങളായി പുറത്തുവരാൻ സാധിക്കില്ല. കാരണം ഒരേ സമയം യൂറോപ്പ്യൻ യൂണിയന്റെ  ഭാഗമായും സ്വതന്ത്ര ഭരണകൂടമായും പ്രവർത്തിക്കുമ്പോൾ വിവിധ വിഷയങ്ങളിൽ ഒത്തുതീർപ്പുകൾക്കു വിധേയമാകേണ്ടി വരും.  അത് കൊണ്ട് തന്നെ പുതിയ സർക്കാർ മുൻ കാലങ്ങളിലെപോലെ “പ്രതിസന്ധി പരിഹാര” സർക്കാറായി മാറാൻ ശ്രമിക്കാനാണ് സാധ്യത. കാരണം പുതിയ പ്രതിസന്ധികൾ സൃഷ്ഠിക്കുന്നതിലൂടെ  അസ്ഥിരതയ്ക്കു ആക്കം കൂട്ടുമെന്ന മുൻ അനുഭവങ്ങൾ ഇറ്റലിക്കുണ്ട്.

The post നവലിബറലിസം തുറന്നിടുന്ന അസ്വസ്ഥതകള്‍ നിയോ ഫാഷിസത്തെ വളര്‍ത്തുന്നു first appeared on KM Seethi.

]]>
66081
ശ്രീലങ്ക എങ്ങനെ ഒരു ദുരന്ത ദ്വീപായി https://kmseethi.com/%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95-%e0%b4%8e%e0%b4%99%e0%b5%8d%e0%b4%99%e0%b4%a8%e0%b5%86-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8/ Sat, 19 Mar 2022 06:09:49 +0000 https://kmseethi.com/?p=65988 ശ്രീലങ്കയും സാമ്പത്തിക മാന്ദ്യവും


ശ്രീലങ്ക എങ്ങനെ ഒരു ദുരന്ത ദ്വീപായി

കെ. എം. സീതി

ട്രൂകോപ്പി വെബ്‌സീൻ, മാർച്ച് 18, 2022

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ശ്രീലങ്ക അതിൽ നിന്നും പുറത്തുകടക്കാൻ ശ്രമം തുടരുന്നതിനിടയിൽ വലിയ ജനകീയ പ്രക്ഷോഭങ്ങൾക്കു സാക്ഷിയാവുകയാണ്. പ്രസിഡന്‍റ് ഗോതബയ രാജപക്സ ഉടനടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ജനങ്ങൾ തെരുവിലിറങ്ങാൻ തുടങ്ങിയതോടെ ഭരണകൂടം ആഭ്യന്തരമായ പരിഹാരങ്ങൾ ഇനി സാധ്യമല്ലെന്നു തിരിച്ചറിഞ്ഞു വിദേശ രാജ്യങ്ങളെയും അന്താരാഷ്ട്രധനകാര്യ സ്ഥാപനങ്ങളെയും സമീപിക്കുകയാണ്.

ആഗോള മനുഷ്യവികസന സൂചികയിൽ ഇന്ത്യ ഉൾപ്പടെയുള്ള മറ്റേതൊരു ദക്ഷിണേഷ്യൻ രാജ്യത്തെക്കാളും ഉയർന്ന റാങ്കിൽ നിൽക്കുന്ന ശ്രീലങ്കയ്ക്ക് എങ്ങനെ ഈ ദുർഗതി വന്നു എന്ന് ചിന്തിക്കുന്നവരുണ്ടാകും. അതെ, മനുഷ്യവികസന സൂചിക ഒരിക്കലും ഒരു നല്ല സമ്പദ് വ്യവസ്ഥയുടെ പ്രതിനിധാനം ആകണമെന്നില്ല. മനുഷ്യവികസന സൂചികയിൽ ഏറ്റവും ഉയർന്ന റാങ്കിൽ നിന്ന ഐസ്‌ലൻഡ് ഒരു ഘട്ടത്തിൽ തകർന്നടിഞ്ഞു പാപ്പരായത് ലോകം കണ്ടതാണ്. ആഗോള മുതലാളിത്തത്തിന്റെ ധനമൂലധന കമ്പോളത്തിൽ കുമിള പൊട്ടുന്നതുപോലെ സമ്പദ് വ്യവസ്ഥകൾ തകർന്നടിയുന്നത് 2008 മുതൽ പല നാടുകളിലും സംഭവിച്ചു.

ഇന്ന് ഗ്ലോബൽ സൗത്ത് എന്ന് അറിയപ്പെടുന്ന പല വികസ്വര-അവികസിത രാജ്യങ്ങളിലും ഇതിന്റെ ആഘാതവും പ്രത്യാഘാതവും ഉണ്ടായി. സമ്പദ് വ്യവസ്ഥകൾക്കുള്ളിലെ പൊട്ടലും പേറലും ചിലപ്പോൾ വാർത്തകൾ പോലുമല്ലാതായി. ആഗോളവൽക്കരണത്തിന്റെ വിജയക്കൊടി പല സാമ്പത്തിക ശാസ്‌ത്രജ്ഞന്മാരും താഴ്ത്തി കെട്ടാൻ തുടങ്ങിയെങ്കിലും ഉദാരീകരണം ഈ രാജ്യങ്ങളിലെല്ലാം യഥേഷ്ടം നടന്നു കൊണ്ടിരുന്നു. നവലിബറൽ സാമ്പത്തിക നയങ്ങൾ ഏതെല്ലാം വികസ്വര-അവികസിത രാജ്യങ്ങളിൽ നടപ്പാക്കിയോ അവിടെയെല്ലാം ഈ ദുരിതങ്ങളും ദുരന്തങ്ങളും ഒന്നിനൊന്നു വർധിച്ചു വന്നു. ദീർഘനാളത്തെ സാമ്പത്തികമാന്ദ്യത്തിനുശേഷം രണ്ടു വർഷത്തിലേറെകാലം നീണ്ട മഹാമാരി ഈ സമ്പദ് വ്യവസ്ഥകളെ തകർത്തുകളഞ്ഞു. ശ്രീലങ്ക ഈ ഗണത്തിൽപ്പെട്ട ഒരു രാജ്യമാണ്.

വിദേശനാണയം അപകടകരമാംവിധം ശോഷിച്ചതോടെ രൂക്ഷമായ വിലക്കയറ്റത്തിൽ രാജ്യം അസ്വസ്ഥമാകുകയാണ്. പ്രതിസന്ധിക്ക് അയവു വരുത്താൻ സർക്കാർ ശ്രീലങ്കൻ രൂപയുടെ മൂല്യം കുറച്ചിരുന്നു. ഇത് അവശ്യസാധനങ്ങളുടെ വില അസാധാരണമാംവിധം കുതിച്ചുയരാൻ കാരണമായി. അരി കിലോയ്ക്ക് 448 ലങ്കൻ രൂപയും (128 ഇന്ത്യൻ രൂപ) ഒരു ലിറ്റർ പാലിന് 263 ലങ്കൻ രൂപയും (75 ഇന്ത്യൻ രൂപ) വർദ്ധിച്ചത് കുറച്ചൊന്നുമല്ല ജനങ്ങളെ അസ്വസ്ഥരാക്കിയത്. പോരാത്തതിന് പെട്രോളിനും ഡീസലിനും നാൽപ്പത് ശതമാനം വില കൂട്ടിയതു ഇന്ധനക്ഷാമം രൂക്ഷമാക്കി. പെട്രോൾ ലിറ്ററിന് 283 ശ്രീലങ്കൻ രൂപയും ഡീസൽ ലിറ്ററിന് 176 ശ്രീലങ്കൻ രൂപയുമായതു ഗതാഗതസംവിധാനത്തെ താറുമാറാക്കി.

പ്രവർത്തന മൂലധനത്തിന്റെ അഭാവത്തിൽ പല വൈദ്യുതി നിലയങ്ങളും ഇപ്പോൾ അടച്ചിട്ടിരിക്കുന്നു. ദിവസം ഏഴര മണിക്കൂറിലേറെ പവർകട്ടാണ് ഇപ്പോൾ രാജ്യത്തു ഏർപ്പെടുത്തിയിരിക്കുന്നത്.

പ്രതിസന്ധിയിൽ തകർന്നടിഞ്ഞ ശ്രീലങ്കൻസമ്പദ് വ്യവസ്ഥയുടെ ഖജനാവിൽ വിദേശനാണയം ഇല്ലാതായതോടെ അവശ്യസാധനങ്ങളുടെ ഇറക്കുമതി തടസ്സപ്പെട്ടു. ഇതാണ് ഭരണകൂടത്തെ ഇപ്പോൾ അന്താരാഷ്ട്രനാണയനിധിയുടെയും ഇന്ത്യയുടെയുമെല്ലാം സഹായം തേടാൻ നിർബന്ധിതമാക്കിയത്. ഇതിനായി ശ്രീലങ്കൻ ധനമന്ത്രി ബേസിൽ രാജപക്സ ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു. 140 കോടി ഡോളർ സഹായമാണ് ഇന്ത്യ ഇതുവരെ ശ്രീലങ്കയ്ക്ക് നൽകിയിട്ടുള്ളത്. കൂടാതെ ഒരു ബില്യൺ ഡോളർകൂടി മോദി വാഗ്ദാനം ചെയ്തതായി റിപോർട്ടുണ്ട്. മാത്രമല്ല ഐഎംഎഫിൽ നിന്ന് വായ്പ എടുക്കുന്നതിനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്നും വാർത്തകളുണ്ട്.

ഏറെക്കാലമായി ശ്രീലങ്കയുടെ വിദേശ നാണയ കരുതൽ ശേഖരത്തിൽ വലിയ വിള്ളലുകൾ ഉണ്ടാക്കികൊണ്ടു കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള അന്തരം വർധിച്ചു വന്നു. ഇറക്കുമതി വല്ലാതെ വർധിക്കുകയും കയറ്റുമതി കാര്യമായി കുറഞ്ഞു വരികയും ചെയ്തതോടെ നാണയ കരുതൽ ശേഖരം ശുഷ്കമായി. വിദേശനാണയശേഖരം തകർന്നത് മാത്രമല്ല, രാജ്യത്തിന് ഇപ്പോൾ എട്ടു ബില്യൻ ഡോളറിലേറെ വിദേശകടവുമുണ്ട്. ഇതിന്റെ പരിഹാരമെന്നോണം ഇറക്കുമതിയിൽ കടുത്ത നിരോധനങ്ങൾക്കും നിബന്ധനകൾക്കും വഴങ്ങേണ്ടി വന്നു. പഴവും പാലും തുടങ്ങി കാറുകളും മറ്റനേകം നിർമാണസമഗ്രഹികളും വരെ ഈ നിരോധനത്തിൽപ്പെടും. ഇത് ഭക്ഷ്യക്ഷാമത്തിനും കരിഞ്ചന്തയ്ക്കും ആക്കം കൂട്ടി. അവശ്യവസ്തുക്കളുടെ വില ക്രമാതീതമായി ഉയർന്നതാണ് ജനരോഷം വർധിക്കാൻ കാരണമായത്.

രാജ്യതലസ്ഥാനത്തു പ്രതിപക്ഷപാർട്ടിയായ യുണൈറ്റഡ് പീപ്പിൾസ് ഫോഴ്സിന്‍റെ നേതൃത്വത്തിലാണ് സർക്കാരിനെതിരെയുള്ള പ്രതിഷേധം ശക്തമായത്. പ്രതിപക്ഷനേതാവ് മുൻ ശ്രീലങ്കൻ പ്രസിഡന്റ് പ്രേമദാസയുടെ മകൻ സജിത് പ്രേമദാസയാണ്. അദ്ദേഹമാണ് മുൻനിരയിൽ നിന്നും സമരത്തെ നയിക്കുന്നത്. “ഈ ദുരിതം രണ്ട് വർഷകാലമായി അനുഭവിക്കുന്നു, ഇതിനിയും സഹിക്കാനാകുമോ” എന്നാണ് സമരമുദ്രാവാക്യം. ഭക്ഷ്യക്ഷാമം രൂക്ഷമായാൽ രാജ്യം ഭക്ഷ്യകലാപത്തിലേക്കു നീങ്ങുമോ എന്ന് പരക്കെ ആശങ്കയുണ്ട്. തെക്കു കിഴക്കനേഷ്യയിലും ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും നേരത്തെ ഇത്തരം കലാപങ്ങൾ അരങ്ങേറിയിരുന്നു. അവയെല്ലാം സാമ്പത്തിക ഉദാരീകരണത്തെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും ഉരുൾപൊട്ടിയതാണ്.

പ്രതിസന്ധിക്കു കാരണമായി ചൂണ്ടിക്കാണിക്കുന്നത് മഹാമാരി ഉയർത്തിയ സാമ്പത്തികപ്രശ്‌നങ്ങളും പ്രധാനവരുമാന സ്രോതസ്സായ ടൂറിസം നിലച്ചതുമാണ്‌. എന്നാൽ, പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം ദീർഘകാലമായി നടപ്പാക്കിവന്ന സാമ്പത്തിക നവലിബറൽ പരിപാടികളാണെന്നു സമ്മതിച്ചുതരാൻ ഭരണകൂടമോ അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളോ തയാറാകില്ല. ദക്ഷിണേഷ്യയിൽ ആദ്യമായി സാമ്പത്തിക ഉദാരീകരണം നടപ്പാക്കിയ രാജ്യമാണ് ശ്രീലങ്ക. ഇന്ത്യയും മറ്റു രാജ്യങ്ങളും അതിനുശേഷമാണ് ഉദാരീകരണത്തിലേയ്ക്ക് തിരിഞ്ഞത്. ആയിരത്തി തൊള്ളായിരത്തി എഴുപതുകളിൽ ജയവർദ്ധനെ ഭരണകൂടം ഉദാരീകരണം നടപ്പാക്കാൻ തുടങ്ങിയതോടെയാണ് സിംഹള-തമിഴ് പ്രശ്നങ്ങൾ രൂക്ഷമാകുന്നത്. അതിന്റെ വിത്തുകൾ പാകിയത് ഭരണകൂടത്തിന്റെ വംശീയ ചായ്‌വുള്ള വികസന നയങ്ങൾ ആയിരുന്നു. തമിഴ് ഈള വാദം ശക്തിപ്രാപിക്കുന്നതും പിന്നീട് എൽ.ടി.ടി.ഇ. പോലുള്ള തീവ്രവാദ ഗ്രൂപ്പുകൾ രംഗത്തുവരുന്നതും ഈ പശ്ചാത്തലത്തിലായിരുന്നു.

ഈ കാലഘട്ടത്തിൽ തന്നെയാണ് ഭരണകൂടം വളരെ പ്രതിലോമകരമായ തീവ്രവാദനിരോധന നിയമനങ്ങൾ കൊണ്ടുവരുന്നത്. തമിഴ് പുലികൾ ക്കെതിരെയുള്ള ആയുധമായാണ് കൊണ്ടുവന്നതെങ്കിലും ഈ നിയമം ആർക്കെതിരെ വേണമെങ്കിലും പ്രയോഗിക്കാമെന്ന നിലവന്നു. ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യരുടെ വാക്കുകളിൽ പറഞ്ഞാൽ അന്താരാഷ്ട്ര സ്റ്റാറ്റൂട്ട് പ്രമാണങ്ങൾക്ക് തന്നെ അപമാനകരമായ കാടൻ നിയമങ്ങളായിരുന്നു അത്. ജനാധിപത്യത്തിന്റെ പേരിൽ ഭരണകൂടം സ്വേച്ഛാധികാരം കയ്യാളുന്ന സന്ദർഭമായിരുന്നു അത്. ജയവർധനയ്ക്കു ശേഷം വന്ന ഭരണകൂടങ്ങളെല്ലാം ഈ നിയമത്തെ വലിയ തോതിൽ ദുരുപയോഗം ചെയ്തു. ഇന്നും ജനകീയ പ്രക്ഷോഭണങ്ങളെ അമർച്ചചെയ്യാൻ ഭരണകൂടത്തിന് ‘നിയമ’മെന്ന ഈ ആയുധമുണ്ട്. 2009-ത്തിലെ തമിഴ്വേട്ടയ്ക്കുശേഷം ഭരണകൂടം കൂടുതൽ സൈനിക സന്നാഹം സമാഹരിച്ച കാലഘട്ടം കൂടിയാണിത്.

എൺപതുകൾക്കു ശേഷം ഉദാരീകരണവും സൈനികവൽക്കരണവും ഒരുപോലെ മാറിവന്ന ഭരണകൂടങ്ങൾ മുന്നോട്ടു കൊണ്ടുപോയി.  ഉദാരീകരണം മുഖ്യമായും ബാധിച്ചത് ചെറുകിട-ഇടത്തരം വിഭാഗം കർഷകരെയും കച്ചവടക്കാരെയുമാണ്. തൊഴിലിടങ്ങളിൽ നിന്നും ബഹിഷ്‌കൃതരായ അനേക ലക്ഷം ജനങ്ങൾ ശ്രീലങ്കയിലുണ്ട്. ആകെ ഉണർവുണ്ടാക്കിയ മേഖല ടൂറിസമായിരുന്നു. എന്നാൽ വംശീയ സംഘർഷങ്ങളുടെ കാലത്തു ആ മേഖലയും കാര്യമായി മുന്നേറിയില്ല. ഇപ്പോൾ മഹാമാരിക്കാലത്തു മുഖ്യമായും തകർന്നടിഞ്ഞതും ആ മേഖല തന്നെ. 2019-ൽ ഈസ്റ്റർ ദിനത്തിൽ നടന്ന തീവ്രവാദി ആക്രമണവും ശ്രീലങ്കയുടെ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചു തുടങ്ങി. മഹാമാരി ആ പ്രക്രിയയ്ക്ക് ആക്കംകൂട്ടി എന്ന് മാത്രം. ഉക്രൈൻ യുദ്ധം മറ്റെല്ലാ രാജ്യങ്ങളെയും പോലെ ശ്രീലങ്കയെയും കാര്യമായി പിടിച്ചുകുലുക്കി.

ഇതിലെല്ലാമുപരി, സർക്കാരിന്റെ അമിത ചെലവും നികുതി ഇളവുകൾ നൽകിയതും, കടം തിരിച്ചടവും വിദേശ കറൻസി ശേഖരത്തിലെ വൻ ഇടിവുമാണ് പ്രശ്‌നം കൂടുതൽ ഗുരുതരമാക്കിയത്. ഇതിനിടയിൽ വിദേശ ബോണ്ടുകളും ആഭ്യന്തര കടവും വീട്ടാനായി സർക്കാർ കൂടുതൽ പണം അച്ചടിച്ചതു പണപ്പെരുപ്പം കൂട്ടി.
ലോകബാങ്കിന്റെ രേഖകൾ പ്രകാരം കോവിഡ് കാലത്തു ശ്രീലങ്കയിൽ അഞ്ചുലക്ഷംപേർ പുതുതായി ദരിദ്രരായി. പതിനായിരങ്ങൾക്ക് തൊഴിൽ നഷ്ട്ടപെട്ടു. കഴിഞ്ഞ വർഷം അവസാനം പണപ്പെരുപ്പം 11.1 ശതമാനമെന്ന സർവകാല റെക്കോഡിലെത്തി. ഇത് രാജ്യത്തെ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നയിച്ചു. അവശ്യവസ്തുക്കൾ പൂഴ്‌ത്തിവയ്ക്കുന്നത് തടയാനും സർക്കാർ നിരക്കിൽ അവ വിൽക്കാനുംവേണ്ടി സൈന്യത്തിന്‌പോലും അമിത അധികാരം നൽകി.

ഇതിനിടയിൽ പ്രതിസന്ധിയുടെ കാരണക്കാർ ചൈനയാണെന്നും ഇന്ത്യയാണെന്നുമുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങളും പല കോണുകളിൽ നിന്നുമുണ്ടായി. ചൈനയിൽ നിന്നും പല വികസന -പശ്ചാത്തല പ്രവർത്തനങ്ങൾക്കുമായി ഭരണകൂടം വൻതോതിൽ കടമെടുത്തിരുന്നെന്നും അതിന്റെ തിരിച്ചടവുപോലും സാധ്യമല്ലാത്ത വിധം കടക്കെണിയിൽ ശ്രീലങ്ക വീണെന്നും ഒരു ഭാഗത്തു ആഖ്യാനങ്ങൾ വന്നു തുടങ്ങി. ഇന്ത്യയിലും മറ്റു പാശ്ചാത്യ രാജ്യങ്ങളിലും ഇതിനു വ്യാപക പ്രചാരണങ്ങളും കൊടുത്തു. വാസ്തവത്തിൽ ഇത് കണക്കുകൾക്കു അപ്പുറമുള്ള പ്രചാരണങ്ങൾ തന്നെയാണ് എന്ന് ബോധ്യപ്പെടാൻ ശ്രീലങ്കൻ സമ്പദ് ഘടന കടന്നുപോയ വഴികൾ പരിശോദിച്ചാൽ മതി. ശ്രീലങ്കയുടെ കഴിഞ്ഞ ഒന്നൊന്നര പതിറ്റാണ്ടുകാലത്തെ ചൈന ബന്ധങ്ങൾ ഇത്തരം പ്രചാരണങ്ങൾക്ക് ശക്തി നൽകിയിരുന്നു എന്നത് സത്യം. ഇന്ത്യപോലും ശ്രീലങ്കയുടെ ചൈനബന്ധങ്ങളെ സംശയത്തോടെയാണ് വീക്ഷിച്ചിട്ടുള്ളത്. എന്നാൽ കടക്കെണിയിൽ വീണ ശ്രീലങ്കയെ സഹായിക്കാൻ ഇന്ത്യ തയാറാകുന്നത് മറ്റൊന്നും കൊണ്ടല്ല. കഴിഞ്ഞ കുറെ വർഷങ്ങളായി ശ്രീലങ്കൻ സമ്പദ് വ്യവസ്ഥയിൽ ഇന്ത്യ നിർണായകമായ നിക്ഷേപങ്ങൾ നടത്തിവന്നിരുന്നു. നിരവധി കോർപ്പറേറ്റ് സ്ഥാപനങ്ങൾ ഉൾപ്പടെ ഈ രംഗത്തു പ്രവർത്തിച്ചവർക്കെല്ലാം ശ്രീലങ്കൻ സമ്പദ് വ്യവസ്ഥ ഉണർന്നെണീക്കേണ്ടത്‌ വലിയ ആവശ്യമാണ്.

ചൈനയുടെ മുഖ്യനിക്ഷപം പശ്ചാത്തലമേഖലകളിലാണ്. അന്താരാഷ്ട്രസമുദ്ര വ്യാപാരത്തിൽ നിർണായകമായ പങ്കുവഹിക്കുന്ന ശ്രീലങ്കയ്ക്കു ഇന്ത്യയേക്കാൾ പ്രിയം ചൈനയോടാണെന്നത് ഭൗമരാഷ്ട്രീയത്തിന്റെ കളിക്കളത്തിലൂടെ നോക്കിയാൽ ശരിയാണ്. സമുദ്രതന്ത്രത്തിൽ ചൈനയ്ക്ക് വലിയ ലക്ഷ്യങ്ങൾ ഉണ്ടെന്നു ഇന്ത്യയെപ്പോലെ പാശ്ചാത്യരാജ്യങ്ങൾക്കും അറിയാം. എന്നാൽ ശ്രീലങ്കയുടെ ഇപ്പോഴത്തെ പ്രതിസന്ധിയിൽ ഒരു പരിധിക്കപ്പുറം ഇടപെടാൻ ചൈനയ്ക്കു പരിമിതികളുണ്ട്. അതിൽ മുഖ്യം ഇപ്പോൾ നിലവിലുള്ള ശ്രീലങ്കയുടെ കടബാധ്യതകൾ തന്നെ. അവരുടെ കടം തിരിച്ചടവിനു ശ്രീലങ്ക മറ്റു മാർഗ്ഗങ്ങൾ തേടട്ടെ എന്ന് ചൈന തീരുമാനിച്ചാൽ അതിനർത്ഥം ആ രാജ്യത്തെ വീണ്ടും അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളുടെ കടക്കെണിയിലേക്കു തള്ളിവിടുക എന്നതാണ്. മാത്രമല്ല, ഉക്രൈൻ യുദ്ധം അടിച്ചേൽപ്പിച്ച ബാധ്യതകൾ എത്രയെന്നു തിട്ടപ്പെടുത്താൻ ചൈനയ്ക്കു സമയം വേണ്ടിവരും. റഷ്യയെ സഹായിച്ചാൽ ചൈനയും പാശ്ചാത്യ ഉപരോധം നേരിടേണ്ടി വരും എന്നുള്ള ഭീഷണി നിലനിൽക്കെ അവർ പുതിയ ബാധ്യതകൾ ഏറ്റെടുക്കുമോ എന്ന് കണ്ടറിയണം. കോവിഡിന്റെ അടുത്ത വരവ് ചൈനയെ ഇപ്പോൾ കൂടുതൽ അസ്വസ്ഥമാക്കി തുടങ്ങിയിട്ടുമുണ്ട്. എന്ന് വെച്ച് ശ്രീലങ്കയെ പാടെ ഉപേക്ഷിക്കാൻ ചൈന തയ്യാറാകില്ല. പ്രത്യേകിച്ച് ദീർഘകാലാടിസ്ഥാനത്തിലുള്ള നിക്ഷേപങ്ങൾ അവർക്കു ശ്രീലങ്കയിൽ ഉള്ളകാലത്തോളം.

നിശ്ചയമായും ഇപ്പോഴത്തെ പ്രതിസന്ധിയെ മറികടക്കാൻ അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങൾ മുന്നോട്ട് വരും. പ്രതിസന്ധികളാണല്ലോ അവരുടെ ആയുധം. മാത്രമല്ല അതിനെ പ്രോത്സാഹിപ്പിക്കാനുള്ള ആഭ്യന്തര ശക്തികളും ഇപ്പോൾ ശ്രീലങ്കയിൽ സജീവമാണ്. വികസിത മുതലാളിത്ത സമ്പദ് ഘടനകൾ എല്ലാക്കാലത്തും നിർവഹിക്കുന്ന ധർമം ഈ പ്രതിസന്ധി ഘട്ടത്തിലും നിർവഹിക്കും. പക്ഷേ, പഴയതു പോലെ ലക്ഷണങ്ങൾക്കാണ് ചികിത്സ. രോഗത്തിനല്ല. രോഗം നിലനിർത്തിയാലെ ഇനിയും പ്രതിസന്ധികൾ ഉണ്ടാകൂ. ഓരോ പ്രതിസന്ധികളും അവസരങ്ങൾ ആക്കുന്ന (Crisis As Opportunity) മുതലാളിത്ത പ്രത്യശാസ്ത്ര രൂപങ്ങൾക്ക് കാലാകാലങ്ങളിൽ ചില രൂപപരിണാമങ്ങൾ ഉണ്ടാകും എന്ന് മാത്രം. ഓരോ ശ്രീലങ്കൻ പൗരനെയും ഇപ്പോൾ കാത്തിരിക്കുന്നത് ഈ ലക്ഷണ ചികിത്സയാണ്. രാജപക്സ ഭരണകൂടത്തിന് അതിന്റെ പ്രത്യയശാസ്ത്ര ചട്ടക്കൂടിൽ നിന്നുകൊണ്ടു മറ്റൊന്നും ചെയ്യാനുമില്ല.


The post ശ്രീലങ്ക എങ്ങനെ ഒരു ദുരന്ത ദ്വീപായി first appeared on KM Seethi.

]]>
65988
തൊഴിലാളികളും പ്രതിസന്ധികാലത്തെ മരണവ്യാപാരവും https://kmseethi.com/%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf/ Sat, 01 May 2021 17:00:27 +0000 https://kmseethi.com/?p=50858 First Published in TrueCopy Think, 1 Mat 2021

ഇന്ത്യൻ തൊഴിലാളി വർഗ ചരിത്രം രചിച്ച സുകോമൾ സെൻ എഴുതി:

“1918-ൽ ലോകമൊട്ടാകെ ഭീകരമായ തോതിൽ സാംക്രമിക രോഗം പടർന്നു പിടിച്ചു. പൊതുജനാരോഗ്യത്തെ സംബന്ധിച്ചു ഇന്ത്യയിലെ സാമ്രാജ്യത്വ ഗവണ്മെന്റിനുണ്ടായിരുന്ന അനാസ്ഥമൂലം ജനസംഖ്യയിൽ 50 മുതൽ 80 ശതമാനം വരെയുള്ളവർ ഇതിന്റെ പിടിയിൽ പെട്ടു. 1918 ജൂൺ മുതലുള്ള ഒരു വർഷത്തിനിടയ്ക്കു 7,00,000-പേർ മരിച്ചിട്ടുണ്ടാകുമെന്നാണ് ഔദ്യോഗിക കണക്കു. അത് എത്രയോ ചുരുങ്ങിയ കണക്കാണുതാനും. ദശലക്ഷക്കണക്കിനാളുകളുടെ ജീവഹാനിക്കിടയാക്കിയ ഈ സംഭവം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ക്രൂരമായ ചൂഷണത്തിന്റെ ഉദാഹരണമാണ്.” “തൊഴിലാളി ജനസാമാന്യത്തിന്റെ ദാരിദ്ര്യത്തിന്റെ കാഠിന്യത്തിനു നേരെ വിപരീതമായി കൊളോണിയലിസ്റ്റുകളുടെയും ഇന്ത്യക്കാരായ ധനവാന്മാരുടെയും ജീവിതസാഹചര്യങ്ങൾ സുഖസമൃദ്ധമായിരുന്നു” എന്നും  സെൻ കുറിച്ചു.

2018-19- കാലത്തെ സ്പാനിഷ് ഫ്ലൂ കവർന്നെടുത്തതു 10 മുതൽ 20 ദശലക്ഷം വരെ ജീവനുകളെയായിരുനെന്നാണ് കണക്കുകൾ പറയുന്നത്. ലോകമൊട്ടാകെ 100 ദശലക്ഷം പേർ ആ മഹാമാരിയിൽ കൊല്ലപ്പെട്ടു. ജീവിതം നഷ്ടപ്പെട്ടതിൽ ബഹുഭൂരിപക്ഷം പേരും പാവപ്പെട്ടവരും തൊഴിലാളികളും ആയിരുന്നു. സാമ്രാജ്യത്വരാഷ്ട്രങ്ങൾ ഈ വിപത്തിനെ നിസ്സാരവൽക്കരിച്ചു. ഒന്നാം ലോകയുദ്ധം ഉണ്ടാക്കിയ കൊടിയ ദുരന്തങ്ങളുടെമേൽ വന്നു പതിച്ച ഈ മഹാമാരി കൊന്നൊടുക്കിയത് ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ പാവപ്പെട്ട ജനങ്ങളെയായിരുന്നു എന്നതു സാമ്രാജ്യത്വ-മുതലാളിത്വ രാജ്യങ്ങൾക്കു വിഷയമേയല്ലാതായി.

ആഗോള മനുഷ്യഭൂപടത്തിൽ അതിനിർണായകമായ പ്രതിസന്ധികൾക്കും സാമൂഹിക വ്യതിയാനങ്ങൾക്കും കാരണമായിട്ടുള്ള യുദ്ധം, മഹാമാരി, സാമ്പത്തികമാന്ദ്യം തുടങ്ങിയ വിപത്തുകൾ ഏറ്റവുമധികം ബാധിച്ചിട്ടുള്ളത് തൊഴിലാളികളും കർഷകരും ഉൾപ്പെട്ട താഴെത്തട്ടിലെ ഒരു വലിയ വിഭാഗം ജനങ്ങളെയാണ് എന്ന കാര്യത്തിൽ തർക്കമില്ല.

കഴിഞ്ഞ നൂറ്റാണ്ടിൽ മുതലാളിത്തം ഒരു ആഗോള വ്യവസ്ഥയാകുകയും അതിന്റെ വ്യാപനസ്വഭാവം നിർണയിക്കാനാവാത്ത തരത്തിലുള്ള ഇടപെടലുകളിലൂടെയും നുഴഞ്ഞുകയറ്റങ്ങളിലൂടെയും നിലനിൽക്കുകയും ചെയ്യുമ്പോൾ ഓരോ പ്രതിസന്ധിയെയും സാധ്യതകളാക്കി മാറ്റുന്ന പ്രവണതയാണ് ലോകം കണ്ടത്.

സങ്കേത-മൈത്രീമുതലാളിത്തം (Techno-crony capitalism) അതിന്റെ ‘അതിജീവനം’ തേടുന്നത്  എപ്പോഴും പ്രതിസന്ധികളെ മുൻനിർത്തിയാണ്. കോവിഡ് മഹാമാരിയുടെ ഈ കെട്ടകാലത്തും  അതിനു മാറ്റമില്ലാതെ തുടരുന്നു. ഇതിനു യാതൊരു മറയുമില്ലാതെ സാർവദേശീയ പ്രസിദ്ധി കൊടുക്കുവാൻ ബൂർഷ്വാ മാധ്യമങ്ങൾ മത്സരിക്കുകയും കൂടി ചെയ്യുന്നു.  ഇന്ന് സമ്പന്നരുടെ പട്ടികയിൽ ആരാണ് മുകളിൽ, ആരൊക്കെയാണ്  ആദ്യ പത്തിൽ, ആദ്യനൂറിൽ, എന്നൊക്കെ കണക്കുനിരത്താൻ ഇവർക്ക് ഒരു മടിയുമില്ല. പട്ടിണിക്കോലങ്ങളുടെ കണക്കിനേക്കാൾ ‘എഴുന്നെള്ളിപ്പ്’ സമ്പന്നരുടെ ഉയരുന്ന ഗ്രാഫാണ്.

മുതലാളിത്ത ലോകത്തെ മഹാകോടീശ്വരന്മാരുടെ ഇപ്പോഴത്തെ ആസ്തി ഈ മഹാമാരിക്കാലത്ത് 60 ശതമാനം വർധിച്ചു 14 ട്രില്യൺ  ഡോളറായി മാറിയതായി അന്താരാഷ്ട ഏജൻസികൾ ചൂണ്ടിക്കാട്ടി. എന്നാൽ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളുടെയും കർഷകരുടെയും സ്ഥിതിയോ?  അതിദയനീയം. മഹാമാരിക്കാലത്തു 700 ദശലക്ഷം പേർ തീവ്രപട്ടിണിയിലായിരുന്നു. 2020-ൽ മാത്രം 115 ദശലക്ഷം മനുഷ്യർ ഈ വിഭാഗത്തിൽ നരകയാതന അനുഭവിച്ചുവന്നു. 2021-ന്റെ ആദ്യ മാസങ്ങളിൽ തന്നെ ഇതിന്റെ എണ്ണം 150 ദശലക്ഷമായി ഉയർന്നു. ഭീതിപ്പെടുത്തുന്ന ഈ സാമൂഹികാസമത്വമാണ് മഹാമാരികാലത്ത് ‘മരണവ്യാപാര’ത്തിന്റെ ‘അനന്തരസാധ്യതകൾ’ ഉയർത്തുന്നത്.

അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ഐ.എൽ. ഓ) യുടെ ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം ഇക്കഴിഞ്ഞ വർഷം തൊഴിൽ നഷ്ട്ടപെട്ടവരുടെ എണ്ണം ഭയാനകമായി ഉയർന്നു. മഹാമാരിയുടെ പുതിയ തരംഗങ്ങളുടെ ഇക്കാലത്തു അത് പതിന്മടങ്ങു വർധിക്കാനാണ് സാധ്യത.

ഐ.എൽ.ഓ  നിരത്തുന്ന കണക്കു പറയുന്നത് 255 ദശലക്ഷം തൊഴിലുകൾ കഴിഞ്ഞ ഒരു വർഷം കൊണ്ട് മാത്രം നഷ്ട്ടപെട്ടുവെന്നാണ്. 2009-ലെ ആഗോള സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ നഷ്ടപ്പെട്ടതിന്റെ നാലിരട്ടി വരും ഇത്.  തൊഴിൽ നഷ്ട്ടപെട്ടതിലൂടെയോ, തൊഴിൽ സമയം വെട്ടിക്കുറച്ചതിലൂടെയോ ഭൂരിപക്ഷം ജനങ്ങളും കഷ്ടപ്പെടുകയാണ്. 71 ശതമാനം തൊഴിൽനഷ്ടവും പ്രവർത്തനം ഇല്ലാത്തതു കൊണ്ടുണ്ടായത് കാരണമാണ്.

തൊഴിൽ പ്രവർത്തനം ഇല്ലാതാകുന്നത്  അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ അടച്ചിട്ടത് കൊണ്ടാണ്. ഈ അടച്ചിടലിൽ ഒരു വലിയ വിഭാഗത്തെ മൃദുവായി ഒഴിവാക്കപ്പെടുകയാണ്. അടച്ചിടൽ അനിവാര്യമാണെങ്കിൽ ആകാമെന്നല്ലാതെ അതൊരു സാധ്യതയായി കണ്ടു തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവരെ നിശ്ശബ്ദരാക്കി പുറന്തള്ളാനുള്ള അവസരമായി പലരും ഉപയോഗിച്ച്‌ തുടങ്ങി. ലോകത്തിലെ ബഹുഭൂരിപക്ഷം തൊഴിൽ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് സ്വകാര്യ-അനൗപചാരിക മേഖലകളിലാണ്. സംഘടിത തൊഴിലാളി പ്രവർത്തനങ്ങൾ അസാധ്യമായ മേഖല കൂടിയാണിത്. അതുകൊണ്ടു തന്നെ ചൂഷണം അങ്ങേയറ്റം നിലനിൽക്കുന്ന  മേഖല കൂടിയാണിത്.

മഹാമാരിയുടെ കാലത്തു നിബന്ധനകളും നിയന്ത്രണങ്ങളും അടിച്ചേൽപ്പിക്കപ്പെടുന്ന പശ്ചാത്തലത്തിൽ തൊഴിലിടങ്ങളിൽ ശബ്ദിക്കുന്നവരുടെ എണ്ണം കുറയ്ക്കപ്പെടുകയാണ്. ‘പുതിയ സാധാരണത്വം’ (New Normal) തൊഴിലാളിവർഗത്തിന് അസാധാരണമായ, തിക്തമായ ജീവിതാനുഭവങ്ങളാണ് നൽകുന്നത്. ചോദ്യം ചെയ്യാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്ന ‘അസാധാരണത്വം.’  ഭരണകൂടത്തിന്റെ ‘തിരിച്ചുവരവ്’ (Return of the State) പ്രതീക്ഷിച്ചിരുന്ന ഒരു വലിയ വിഭാഗം ജനത്തിന് താങ്ങാനാവാത്ത തരത്തിലുള്ള ഭാരമാണ് അവരുടെ ചുമരുകളിൽ വന്നു വീണുകൊണ്ടിരിക്കുന്നതു.

ഏറ്റവുമൊടുവിൽ പ്രതിരോധ കുത്തിവെപ്പിനും കോവിഡ് പരിശോധനയ്ക്കും വരെ വില പേശുന്ന തരത്തിൽ ദേശീയ ആരോഗ്യ സംവിധാനങ്ങൾ മാറുന്ന കാഴ്ച നിത്യവും കാണുന്നു. സുപ്രീംകോടതിയും മറ്റു ഹൈക്കോടതികളും വരെ ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന കാഴ്ച നമ്മൾ കണ്ടു

ദില്ലിപോലുള്ള നഗരങ്ങളിൽ പ്രാണവായുവിനു വേണ്ടി കരിഞ്ചന്തയിൽ പോകേണ്ടിവരുന്ന അവസ്ഥ ‘മരണവ്യാപാര’ത്തിന്റെ പുതിയ മാനങ്ങളെയാണ് കാണിച്ചുതരുന്നത്. ഒടുവിൽ ഇത് സംസ്ഥാനങ്ങളും കേന്ദ്രവും, സംസ്ഥാനങ്ങൾ  തമ്മിലുമുള്ള പ്രശ്നങ്ങളായി മാത്രം ചർച്ച ചെയ്യപ്പെടും. അടിസ്ഥാന പ്രശ്നത്തിലേക്ക് കടക്കാൻ സാധിക്കാത്ത തരത്തിൽ ചർച്ചകളെ വഴിതിരിച്ചു വിടുകയും ചെയ്യും. മൈത്രീ-മുതലാളിത്തം അത്രത്തോളം അദൃശ്യമായി, വിദഗ്ധമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു.

ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ മഹാമാരികാലത്തെ തൊഴിൽ പ്രതിസന്ധി രൂക്ഷമാണ്.  കഴിഞ്ഞ ഏതാനും മാസങ്ങളിൽ മാത്രം എൺപതു ദശലക്ഷം തൊഴിൽ നഷ്ട്ടങ്ങൾ ഏഷ്യ-പസിഫിക് മേഖലയിൽ  ഉണ്ടായി. ഏതാണ്ട് 10 ശതമാനം വരുമാനം തൊഴിൽ മേഖലയിൽ ഇടിഞ്ഞു. വരുമാനം കുറഞ്ഞ രാജ്യങ്ങളിൽ 15 ശതമാനമാണ് തൊഴിൽ നഷ്ട്ടം. ഇതിൽ തന്നെ സ്ത്രീകളാണ് ഈ വലിയ നഷ്ടത്തിന്റെ മുഖ്യ ഇരകൾ. ഭക്ഷണ-സേവന, വാസ-സേവന മേഖലകളിൽ 20 ശതമാനം തൊഴിൽ നഷ്ടമുണ്ടായി. അതുപോലെ ചില്ലറ വിൽപ്പന മേഖലകളിലും ഉൽപ്പാദന മേഖലകളിലും തൊഴിൽ കുത്തനെ ഇടിഞ്ഞു. ഓൺലൈൻ വ്യാപാരം ചെറുകിട വ്യാപാരത്തെയും അതിനെ ആശ്രയിച്ചു നിൽക്കുന്ന ചെറുകിട കർഷകരെയും സാരമായി ബാധിച്ചു. ടൂറിസം മേഖലയും അതിനെ ആശ്രയിച്ചു കഴിഞ്ഞിരുന്ന വലിയൊരു വിഭാഗം തൊഴിലാളികളും പട്ടിണിയിലായി.

വിദ്യാഭ്യാസം ‘പുതിയ സാധാരണത്വം’ കൈവരിച്ചതോടെ വഴിയാധാരമായത് സ്വകാര്യ-അനൗപചാരിക മേഖലയിൽ പണിയെടുക്കുന്ന ലക്ഷക്കണക്കിന് അധ്യാപകരാണ്. ഇവർ സംഘടിതർ പോലുമല്ല എന്നുള്ളത് ഈ മേഖലയിൽ പണിയെടുക്കുന്നവരുടെ ദുര്യോഗം പതിന്മടങ്ങു വർധിപ്പിക്കുന്നു. മഹാമാരിക്കാലത്തു  ഈ മേഖലയിൽ തുടർന്നും  പണിയെടുക്കുന്നവരുടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ പാടില്ല എന്നുള്ള ആജ്ഞ പോലും ഈ സ്വകാര്യ വിദ്യാഭ്യാസ വ്യവസായികളെ ബാധിച്ചിട്ടില്ല. സർക്കാർ പോലും ഇക്കാര്യത്തിൽ ഇടപെടുന്നില്ല എന്നുള്ളതു  ആശ്ചര്യത്തിനു വക നൽകുന്നില്ല.

വിവര-സാങ്കേതിക മേഖലയിലും ഇൻഷുറൻസ് മേഖലയിലും ‘പുതിയ സാധാരണത്വം’  ഉണർവുണ്ടാക്കിയപ്പോൾ  മഹാമാരിയുടെ പശ്ചാത്തലത്തിൽ ആരോഗ്യമേഖലയിലെ ചില പ്രത്യേക ഇടങ്ങളിൽ വലിയ തീവെട്ടികൊള്ളകൾ നടന്നു. ഇപ്പോഴും നടക്കുന്നു. വാക്സിൻ വ്യാപാരം ഇതിന്റെ പുതിയ സാദ്ധ്യതകൾ ഇപ്പോഴും തേടിക്കൊണ്ടിരിക്കുന്നു.

ഇന്ത്യയിൽ കോവിഡ് ഒന്നാം തരംഗം ആരംഭിച്ചു ആറുമാസത്തിനുള്ളിൽ നാലു ദശലക്ഷത്തിലേറെ യുവാക്കളുടെ തൊഴിൽ നഷ്ട്ടപെട്ടു.  നിർമാണ-കാർഷിക മേഖലയിലാണ് ഇവയിൽ ഭൂരിപക്ഷവും. എന്നാൽ കേന്ദ്രസർക്കാരിന്റെ ഉത്തേജന പാക്കേജുകൾ വെറും പ്രഖ്യാപനങ്ങൾ മാത്രമായി. കർഷകരെയും തൊഴിലാളികളെയും കടക്കെണിയിലേക്കു നയിക്കുന്ന വായ്‌പാ കെണികളായി ഇത്തരം ഉത്തേജന പ്രഖ്യാപനങ്ങൾ മാറിയപ്പോൾ ബാങ്കിങ് മേഖല തകർച്ചയിലേക്ക് നീങ്ങിത്തുടങ്ങി.

ചരക്കു-സേവന നികുതിയിലൂടെയും പെട്രോൾ-ഡീസൽ വിലവർദ്ധനവിലൂടെയും, പുതിയ കാർഷിക-വ്യവസായ നിയമങ്ങളിലൂടെയും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളെ ചൊല്പടിയിൽ നിർത്താൻ  തുടങ്ങിയതോടെ ജനകീയ പ്രക്ഷോഭങ്ങൾ പൊട്ടിപുറപ്പെട്ടു. അതിനു പിന്തുണ കൊടുക്കുന്നവരെ ദേശസുരക്ഷാ നിയമങ്ങൾ ഉപയോഗിച്ച്  ഭീഷണിപ്പെടുത്തിയും തടവിലാക്കിയും പ്രതിഷേധിക്കാനുള്ള അവകാശം പോലും നിഷേധിച്ചു.

കോവിഡിന്റെ രണ്ടാം തരംഗം ഇപ്പോൾ പുതിയ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്. 2021-ൽ 100 ദശലക്ഷത്തോളം തൊഴിലുകൾ നഷ്ടപ്പെടുമെന്ന് ഐ.എൽ. ഓ ഉൾപ്പെടെയുള്ള ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.  ദശലക്ഷക്കണക്കിന് വരുന്ന ആഭ്യന്തര, വിദേശ കുടിയേറ്റ തൊഴിലാളികൾ ഇന്ന് ആശങ്കയിലാണ്. അടച്ചിടൽ ഭീഷണികൾ ഏറ്റവും അധികം ബാധിക്കുന്ന അസംഘടിതരായ വലിയൊരു വിഭാഗമാണിത്. കോവിഡിന്റെ ഒന്നാം തരംഗത്തിൽ അവർ നേരിട്ട ദുരിതങ്ങൾ ലോകം നേരിട്ട് കണ്ടതാണ്. ഇനിയൊരു ആഘാതം അവരെ സംബന്ധിച്ചിടത്തോളം ജീവിതഹത്യക്കുള്ള വാറണ്ടാണ്.

മഹാമാരിയുടെ പിന്നാമ്പുറത്തുകൂടി പൊതുമേഖലാ സ്ഥാപനങ്ങളെ ഇല്ലായ്മ ചെയ്യാൻ മൈത്രീ-മുതലാളിത്തത്തിന് യാതൊരു മടിയും കാണില്ല. തൊഴിലാളി വർഗത്തെയും അവരുടെ മൗലികാവകാശങ്ങളെയും ആരോഗ്യ അടിയന്തിരാവസ്ഥയുടെ പേരിൽ റദ്ദ് ചെയ്യാൻ പുത്തൻ മുതലാളിത്ത കൂട്ടുകെട്ടുകൾക്കു സർക്കാരിന്റെ  ‘നിബന്ധന-നിയന്ത്രണ’ മാനദണ്ഡങ്ങൾ മാത്രം മതിയാവും. തൊഴിലാളിവർഗം കൂടുതൽ ജാഗരൂകരാകേണ്ടത് ഇത്തരം സന്ദർഭങ്ങളിലാണ്.

ക്ഷേമരാഷ്ട്രനയങ്ങൾ  പാടെ ഉപേക്ഷിച്ച നവലിബറൽ ഭരണകൂടങ്ങൾക്ക്  ജനങ്ങളുടെ താക്കീതുകളിൽ കൂടി മാത്രമേ അൽപ്പമെങ്കിലും കരുണ കാണിക്കാൻ കഴിയൂ. സ്വയം കരുണ കാണിക്കുന്ന, തൊഴിലാളി വർഗവുമായി ന്യായമായി സംവദിക്കുന്ന  ഭരണകൂടങ്ങൾ ഇപ്പോൾ ഇല്ല എന്ന് തന്നെ പറയാം. അതുതന്നെയാണ് രാഷ്ട്രീയ പോരാട്ടങ്ങളുടെ പ്രസക്തി വീണ്ടും വീണ്ടും അടിവരയിടുന്നത്.

 

The post തൊഴിലാളികളും പ്രതിസന്ധികാലത്തെ മരണവ്യാപാരവും first appeared on KM Seethi.

]]>
50858
നവോത്ഥാനവും പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളും https://kmseethi.com/%e0%b4%a8%e0%b4%b5%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82-%e0%b4%aa%e0%b4%be%e0%b5%bc%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%b5%e0%b5%bd%e0%b4%95%e0%b5%8d%e0%b4%95/ Mon, 19 Apr 2021 07:47:18 +0000 https://kmseethi.com/?p=48394 ട്രൂകോപ്പി വെബ്സീൻ 2021 ഏപ്രിൽ 19 ലക്കത്തിൽ എഡിറ്റു ചെയ്ത ഭാഗം പ്രസിദ്ധീകൃതമായി

അടുത്ത കാലത്ത് സ്ത്രീകളെ സംബന്ധിച്ച ആഖ്യാനങ്ങളിലും ചരിത്രരചനകളിലും വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെകിലും മുഖ്യധാരാ ചരിത്രഇടങ്ങളിൽ അവർ ഇപ്പോഴും അദൃശ്യരോ പ്രാതിനിധ്യം നഷ്ട്ടപ്പെട്ടവരോ ആയിത്തുടരുന്നു. ഒന്നുകില്‍ സ്ത്രീകളുടെ സാന്നിധ്യം പൂര്‍ണ്ണമായും ഇല്ലാതിരിക്കുക, അല്ലെങ്കില്‍ നിരന്തരമായ പുരുഷ അടിച്ചമര്‍ത്തലിന്റെ ഇരകളായി, ആജ്ഞാനുവര്‍ത്തികളും താണതരക്കാരുമായി അവരെ ചിത്രീകരിക്കുക. ഇതാണ് പതിവ്. ദേശരാഷ്ട്രങ്ങള്‍ക്കതീതമായി ഇതാണ് കാലാകാലങ്ങളായി തുടര്‍ന്നുപോരുന്ന രീതി.  തത്ഫലമായി, ചരിത്രപധാനമായ രേഖകളിലും കൃതികളിലും സ്ത്രീകളുടെ പങ്കിനെക്കുറിച്ചും ഇടപെടലുകളെക്കുറിച്ചും അപൂര്‍വ്വമായി മാത്രമേ പ്രതിപാദിച്ചിരുന്നുള്ളു.

എന്നാൽ ഇക്കഴിഞ്ഞ ദശാബ്ദങ്ങളില്‍ മുഖ്യധാരാ ചരിത്രം ഇക്കാരണങ്ങൾ കൊണ്ടുതന്നെ നിരവധി വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. സ്ത്രീകള്‍ക്കും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കുമെതിരെയുള്ള അതിന്റെ സഹജമായ പക്ഷപാതിത്വവും മുന്‍ധാരണകളും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ശ്രേണീബദ്ധമായി ഇത്തരം ചരിത്രനിര്‍മ്മാണങ്ങളുടെ രീതിശാസ്ത്രം തന്നെ പുരുഷ കേന്ദ്രീകൃതമാണെന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്.
നവോത്ഥാന ചരിത്രത്തിന്റേയും, സാഹിത്യത്തിന്റേയും കാര്യത്തിലും ഇത് പ്രകടമാണ്. ജനാധിപത്യ പോരാട്ടങ്ങളുടേയും സാമൂഹിക മുന്നേറ്റങ്ങളുടേയും നൂറ്റാണ്ടുകളുടെ ചരിത്രം അവകാശപ്പെടുന്ന കേരളത്തിന്റെ കാര്യവും വ്യത്യസ്തമല്ല.


ഈ സന്ദർഭത്തിലാണ് വക്കം ആസ്ഥാനമായി സ്ഥാപിതമായ വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം “ഹലീമ ബീവിയും കേരള നവോത്ഥാനവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ച പ്രസക്തമാകുന്നത്. കേരളത്തിന്റെ മുഖ്യധാര ചരിത്രത്തിന്റെ അരികുകളെക്കുറിച്ചുള്ള പുതിയ സംവാദങ്ങള്‍ക്കു ഇത് കാരണമായി.

ചരിത്രനിര്‍മ്മാണത്തിന്റെ ഈ പ്രകൃതം കാരണം “സ്ത്രീകള്‍ക്കും ദളിതര്‍ക്കും കേരളത്തിന്റെ മുഖ്യധാര ചരിത്രത്തില്‍ സ്ഥാനമുണ്ടായിരുന്നില്ല” എന്ന് എഴുത്തുകാരിയും, കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായ ഡോ. ഖദീജ മുംതാസ് പറയുന്നു. അതു കൊണ്ടു തന്നെ നവോത്ഥാന നേട്ടങ്ങളുടെ കേവലം വികലാനുകരണമായി ലിഖിത ചരിത്രം ചുരുങ്ങുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

“ചരിത്രരചനയും ആഖ്യാനവും സവിശേഷാധികാരം കൈയ്യാളുന്ന വിഭാഗങ്ങളുടേയും മേൽ ജാതിയില്‍ പെട്ടവരുടേയും കുത്തകയായി തുടരുന്നതുവരെ, സ്ത്രീകളുടേയും ദളിതരുടേയും പിന്നാക്കവിഭാഗങ്ങളുടേയും നിരാകരണം തുടര്‍ന്നു കൊണ്ടിരിക്കും. എന്നാല്‍ കേരളത്തിന്റെ നവോത്ഥാന പ്രക്രിയ ആരംഭിച്ചതു തന്നെ അടിച്ചമര്‍ത്തപ്പെട്ട വര്‍ഗ്ഗത്തിന്റേയും ജാതികളുടെയും പോരാട്ടങ്ങളില്‍ നിന്നായിരുന്നെന്ന വസ്തുത നമ്മള്‍ മറക്കുകയാണ്.”
“കേരള നവോത്ഥാനത്തില്‍ സ്ത്രീകളുടെ പങ്ക് തുടച്ചുമാറ്റപ്പെട്ടതിന് നിരവധി കാരണങ്ങളാണുള്ളത്. വക്കം മൗലവിയുടേയും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടേയും സംഭവനകളെയും പ്രവര്‍ത്തനങ്ങളെയുംകുറിച്ച് ചര്‍ച്ച ചെയ്യുന്ന നമ്മള്‍ പക്ഷെ അവരുടെ തന്നെ പിന്തുടര്‍ച്ചക്കാരായ സ്ത്രീകളെ മാറ്റിനിര്‍ത്തുകയാണ്.”


വിസ്‌മൃതിയിലേയ്ക്ക് തള്ളപ്പെട്ട ഹലീമ ബീവി (1918-2000) യുടെ കാര്യമെടുക്കുക. കേരളത്തിലെ ആദ്യ മുസ്ലിം പെണ്‍പത്രാധിപ ഹലീമ ബീവിയായിരുന്നു. സ്വന്തം സമുദായത്തിനകത്തു നിന്നും പുറത്തു നിന്നും അവര്‍ എതിര്‍പ്പുകള്‍ നേരിട്ടു. സി.പി രാമസ്വാമി അയ്യരെ പോലുള്ള അധികാര കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രലോഭനങ്ങളും ഭീഷണികളും വക വെക്കാതെ അവര്‍ ഉറച്ചു നിന്നു. “സങ്കടകരമെന്നു പറയട്ടെ, മാധ്യമപ്രവര്‍ത്തനം, സാമൂഹിക സേവനം തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ ഇടപെടുകയും, നിറവേറ്റുകയും ചെയ്ത ഹലീമ ബീവി വിസ്മൃതിയില്‍ മാഞ്ഞുപോയി” ഡോ. ഖദീജ മുംതാസ് പറഞ്ഞു.

മറ്റു സാമൂഹിക പ്രസ്ഥാനങ്ങളിലും സമാനമായത് സംഭവിച്ചത് ഡോ. മുംതാസ് ചൂണ്ടിക്കാട്ടുന്നുണ്ട്. “പൊയ്കയില്‍ അപ്പച്ചന് അര്‍ഹമായ അംഗീകാരം നല്‍കുമ്പോള്‍ തന്നെ, അദ്ദേഹത്തിന്റെ മരണ ശേഷവും ദശാബ്ദങ്ങളോളം ആ ആത്മീയ പ്രസ്ഥാനത്തെ മുന്നോട്ടു നയിച്ച ജീവിത പങ്കാളി ജാനമ്മയെക്കുറിച്ച് നവോത്ഥാന ചരിത്രത്തില്‍ കാര്യമായി പ്രതിപാദിക്കുന്നില്ല. കുമരകം ചിന്നമ്മയെ പോലുള്ള ധീരരായ സ്ത്രീകളും വിസ്മൃതിയിലാണ്ടു.”

സ്ത്രീ എന്ന നിലയിലും, മുസ്ലിം എന്ന നിലയിലും രണ്ടു തരം വെല്ലുവിളികളെ ഹലീമ ബീവിക്ക് നേരിടേണ്ടി വന്നതായി ഡോ. മുംതാസ് പറയുന്നു. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനു പോലും അനുവാദമില്ലാതിരുന്ന കാലമായിരുന്നത്. ആത്മരക്ഷയ്ക്കായി അകമ്പടിയോടെ അവര്‍ക്ക് സ്‌കൂളില്‍ പോകേണ്ടി വന്നിട്ടുണ്ട്.

ഹലീമ ബീവിയുടെ ജീവിതം പോരാട്ടത്തിന്റേയും നിശ്ചയദാര്‍ഢ്യത്തിന്റേയും ചരിത്രമാണ്. 20 വയസ്സില്‍ മാധ്യമരംഗത്തെ തന്റെ ആദ്യ സംരംഭമായ ‘മുസ്ലിം വനിത’ (1938) യുടെ പ്രഥമ പത്രാധിപയായി. സാമ്പത്തിക നഷ്ടങ്ങള്‍ക്കും സമുദായത്തിലെ യാഥാസ്ഥിതിക വിഭാഗത്തില്‍ നിന്നുള്ള എതിര്‍പ്പുകള്‍ക്കിടയിലും ഹലീമ ബീവി ഉറച്ചു നിന്നു. 1944-ല്‍ ‘ഭാരതചന്ദ്രിക’ എന്ന പേരില്‍ ഒരു പ്രസിദ്ധീകരണം ഹലീമ ബീവി ആരംഭിച്ചു. തകഴി ശിവശങ്കര പിള്ള, പി. കേശവദേവ്, ജി. ശങ്കര കുറുപ്പ്, എം.പി അപ്പന്‍, പി. കുഞ്ഞിരാമന്‍ നായര്‍, ഒ.എന്‍.വി കുറുപ്പ്, എസ്. ഗുപ്തന്‍ നായര്‍, എന്‍. ബാലാമണിയമ്മ തുടങ്ങി അക്കാലത്തെ പ്രമുഖ എഴുത്തുകാരെല്ലാം ഇതില്‍ നിരന്തരം എഴുതാറുണ്ടായിരുന്നു. വക്കം അബ്ദുള്‍ കാദറും വൈക്കം മുഹമ്മദ് ബഷീറും പ്രസിദ്ധീകരണത്തിന്റെ എഡിറ്റോറിയല്‍ ബോര്‍ഡിലുണ്ടായിരുന്നു. ‘വനിത’ എന്ന പേരില്‍ ഒരു മാസിക ആരംഭിച്ച ഹലീമ ബീവി, 1970 ല്‍ ‘ആധുനിക വനിത’ എന്ന മറ്റൊരു പ്രസിദ്ധീകരണത്തിനും നേതൃത്വം നല്‍കി.

“രണ്ടാം ലോകയുദ്ധകാലത്തു തിരുവല്ല മുനിസിപ്പല്‍ കൗണ്‍സിലറായി ഹലീമ ബീവി പ്രവര്‍ത്തിച്ചത് അവരുടെ സാമൂഹിക ഇടപെടലുകളിലെ ദൃഢതയുടേയും സംഘാടന മികവിന്റേയും തെളിവാണ്. കേരളത്തിലെ ഇസ്ലാമിക് ഫെമിനിസത്തിന്റെ പ്രോദ്ഘാടകരിലൊരാളാണ് ഹലീമ ബീവി. എന്നിട്ടും, അവരുടെ ജീവിതത്തിന്റേയും പോരാട്ടങ്ങളെുടേയും ചരിത്ര സാക്ഷ്യം നമ്മുടെ പക്കല്‍ ഇല്ലാതെ പോയത് നിഗൂഢവും പരിഹാസ്യവുമാണ്. ഈയടുത്ത് മാത്രമാണ് നൂറയും നൂര്‍ജഹാനും ചേര്‍ന്നെഴുതിയ ഹലീമ ബീവിയുടെ ജീവചരിത്രം പ്രസിദ്ധീകരിക്കുന്നത്” ഡോ. ഖദീജ മുംതാസ് പറഞ്ഞു.
ഹലീമ ബീവിയുടെ ജീവചരിത്രം എഴുതുന്ന ഘട്ടത്തിൽ നേരിട്ട വെല്ലുവിളികളെക്കുറിച്ച് എഴുത്തുകാരിയും അധ്യാപികയുമായ നൂറ പറയുന്നുണ്ട്. ഒരു ഏജന്‍സി എന്ന നിലയ്ക്ക് സ്ത്രീകള്‍ സമൂഹത്തില്‍ നിന്ന് നിരവധി വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട്. ചരിത്രത്തിന്റെ രേഖകളുടെ ശേഖരത്തില്‍ സ്ത്രീകളുടെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് സ്ഥാനമില്ല. ഹലീമ ബീവി ഒരുദാഹരണം മാത്രമാണ്. സമാനമായ വനിതകള്‍ ചരിത്രത്തില്‍ വേറെയും ഉണ്ടായിരിക്കും.


ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ റിസേര്‍ച്ച ഫെല്ലോയും സഹഎഴുത്തുകാരിയുമായ നൂര്‍ജഹാനെ സംബന്ധിച്ച്, സ്ത്രീ എന്ന നിലയ്ക്കും മുസ്ലിം എന്ന നിലയ്ക്കുമുള്ള സ്വത്വമാണ് ഹലീമ ബീവിയുടെ ജീവിതം ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയതിന് കാരണം. തങ്ങളുടെ നവോത്ഥാന ചരിത്രത്തെ കുറിച്ച് ആവേശം കൊള്ളുന്ന മുസ്ലിം സംഘടനകളും ഹലീമ ബീവിയെ സൗകര്യപൂര്‍വ്വം മറന്നതായി നൂര്‍ജഹാന്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളുടെ പ്രശ്നങ്ങള്‍ പൊതു ജീവിതത്തിന്റെ മധ്യത്തില്‍ ഉയര്‍ന്നു വരികയും, ഇസ്ലാമിക് ഫെമിനിസം പിന്നീട് ഒരുപാട് മുന്നേറുകയും ചെയ്തെങ്കിലും, ഹലീമ ബീവിയുടേതു പോലുള്ള സംഭാവനകളെ അംഗീകരിക്കാന്‍ ഈ പ്രസ്ഥാനങ്ങള്‍ക്ക് മടിയാണ്. ഹലീമ ബീവിയുടെ ജീവചരിത്രം ഒരു തുടക്കം മാത്രമാണ്. വിവിധ മേഖലകളിലുള്ള അവരുടെ സംഭാവനകള്‍ കേരളത്തില്‍ സാംസ്‌കാരിക ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതുണ്ടെന്നും നൂര്‍ജഹാന്‍ പറയുന്നു.

ചർച്ചകളിൽ ഡോ. ബി.ഇഖ്ബാൽ, ഡോ. എ. കെ. രാമകൃഷ്ണൻ, ഡോ. ഷാഹിന ജവാദ്, ഷബീറ, എ, കെ. സുഹൈർ, മുജീബുർ റഹ്മാൻ കിനാലൂർ, മുഹ്സിൻ, നാജിയ, ആൽഫാ, കെ. എം. അൽത്താഫ് തുടങ്ങിയവരും പങ്കെടുത്തു.



The post നവോത്ഥാനവും പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളും first appeared on KM Seethi.

]]>
48394
ഡോ. അംബേദ്കറുടെ സാമ്പത്തിക ദർശനങ്ങൾ https://kmseethi.com/%e0%b4%a1%e0%b5%8b-%e0%b4%85%e0%b4%82%e0%b4%ac%e0%b5%87%e0%b4%a6%e0%b5%8d%e0%b4%95%e0%b4%b1%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4/ Mon, 08 Mar 2021 14:03:54 +0000 https://kmseethi.com/?p=41945 കോഴിക്കോട് ബാലുശ്ശേരി ഡോ. അംബേദ്‌കർ മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടത്തിയ ഡോ. അംബേദ്‌കർ അനുസ്‌മരണ പ്രഭാഷണം.  ട്രൂ കോപ്പി വെബ്‌സീനിൽ (മാർച്ച് 8, 2021) എഡിറ്റ് ചെയ്ത പ്രസംഗം പ്രസിദ്ധീകൃതമായി

കെ.എം.സീതി


ഡോ. അംബേദ്‌കറുടെ ജീവിതവും പ്രവർത്തനങ്ങളും ഇന്ത്യൻ സാമൂഹികാവസ്ഥയെ ക്കുറിച്ചുള്ള മൗലികമായ ചോദ്യങ്ങളും അന്വേഷണങ്ങളുമടങ്ങിയ ബൃഹത്തായ ഒരു ചരിത്ര-സാമൂഹിക പാഠമാണ്. ഇന്ത്യയുടെ സങ്കീർണമായ സാമൂഹികാവസ്ഥയുടെ ജനിതകഘടനയെ ഇത്ര ആഴത്തിലും പരപ്പിലും അപഗ്രഥിച്ചിട്ടുള്ള ഒരു ധിഷണാശാലി കഴിഞ്ഞ നൂറ്റാണ്ടിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.

സാമൂഹിക ചിന്തകൻ, ഭരണഘടനാ ശില്പി, സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രി, അധഃസ്ഥിതരുടെ വിമോചകൻ, വൈസ്രോയി എക്സിക്യൂട്ടീവ് കൗൺസിൽ അംഗം, ബോംബെ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം, ലേബർ യൂണിയൻ നേതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തി നേടിയ ഡോ. അംബേദ്‌കറുടെ മൗലിക നിലപാടുകൾ ഏതെങ്കിലും അക്കാദമിക-വൈജ്ഞാനിക കള്ളികളിൽ മാത്രം ഒതുക്കി വിശകലനം ചെയ്യാൻ കഴിയുന്നതല്ല. അദ്ദേഹത്തിന്റെ ചിന്തകൾ സവിശേഷമായി അന്തർ-വൈജ്ഞാനിക മേഖലകളിൽ നിറഞ്ഞു നിൽക്കുന്നു. ഡോ. അംബേദ്‌കറുടെ ഭരണഘടനാ-നിയമ-ഭരണരംഗത്തെ പരിജ്ഞാനവും ഇടപെടലുകളും ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

അതുപോലെ അധഃസ്ഥിത വിഭാഗങ്ങളുടെ അവകാശങ്ങളെക്കുറിച്ചും ജാതിവ്യവസ്ഥ സൃഷ്ടിക്കുന്ന സാമൂഹിക അരക്ഷിതാവസ്ഥയെക്കുറിച്ചും അദ്ദേഹം നടത്തിയിട്ടുള്ള വിശകലങ്ങൾ, ഇടപെടലുകൾ, ഒട്ടേറെ പഠനങ്ങൾക്കും സാമൂഹിക മാറ്റത്തിനും കാരണമായിട്ടുണ്ട്.  എന്നാൽ വേണ്ടത്ര ശ്രദ്ധ കിട്ടിയിട്ടില്ല എന്ന് പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ള ഒരു മേഖലയാണ് അദ്ദേഹത്തിന്റെ സാമ്പത്തിക ദർശനങ്ങൾ. ഡോ. അംബേദ്‌കറുടെ സാമ്പത്തിക ദർശനങ്ങളുടെ പ്രസക്തിയെപ്പറ്റി ചർച്ച ചെയ്യുമ്പോൾ സമകാലിക സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളെ മുൻനിർത്തി തന്നെയാണ് അത് അപഗ്രഥിക്കേണ്ടത്.

ഉത്തരേന്ത്യയെ അക്ഷരാർത്ഥത്തിൽ സ്തംഭിപ്പിച്ച കർഷക സമരത്തിന്റെ അടിസ്ഥാന കാരണങ്ങൾ ഒരു നൂറ്റാണ്ടുമുമ്പ് ഡോ. അംബേദ്‌കർ ചർച്ച ചെയ്ത കാർഷിക മേഖലയിലെ കൈവശഭൂമിയെ സംബന്ധിച്ച്‌ ഉയർന്നു വന്ന പ്രശ്നങ്ങളുടെ മാറ്റൊലിയാണ്. അതുപോലെ കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധങ്ങളിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളും ഡോ. അംബേദ്‌കർ ഒരു നൂറ്റാണ്ടു മുമ്പ് മുന്നോട്ടു വെച്ച ആശയങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധിക്കപ്പെടേണ്ടതുണ്ട്. രാജ്യത്തിന്റെ മാറുന്ന നാണയ നയവും രൂപയുടെ വിനിമയ പ്രശ്നങ്ങളും ഡോ. അംബേദ്‌കർ ദശകങ്ങൾക്ക് മുമ്പ് ഗവേഷണം ചെയ്തു ആവിഷ്ക്കരിച്ച തത്വങ്ങളുടെ അടിസ്ഥാനത്തിൽ സമീപിക്കാവുന്നതാണ്. മാത്രമല്ല, തൊഴിലിനെ സംബന്ധിച്ചും, സാമ്പത്തിക സമത്വം, ലിംഗനീതി തുടങ്ങിയവയെക്കുറിച്ചും അംബേദ്‌കർ സ്വീകരിച്ച നിലപാടുകൾ എക്കാലത്തേയും പ്രസക്തമായ ആശയങ്ങളാണ്.

ഡോ. അംബേദ്കറുടെ സാമ്പത്തിക ദർശനങ്ങളെ വിലയിരുത്തുന്ന വിദഗ്ദർ പലപ്പോഴും അദ്ദേഹത്തെ മുതലാളിത്ത പ്രത്യയശാസ്ത്രത്തിന്റെയോ സോഷ്യലിസ്റ്റ് ആശയഗതിയുടെയോ മാത്രം ഉപാസകനായി ചിത്രീകരിക്കാറുണ്ട്.

എന്നാൽ അദ്ദേഹം ഈ രണ്ടു പ്രത്യയശാസ്ത്ര ധാരകളെയും പല സന്ദർഭത്തിലും വിമർശിക്കുകയും ബദൽ സമീപനങ്ങളെ അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്. സാമൂഹിക ജനാധിപത്യം സ്വപ്നം കണ്ടിരുന്ന അംബേദ്‌കർ അതിന്റെ രാഷ്ട്രീയ-സമ്പദ് ശാസ്‌ത്രത്തെ മാറ്റിനിർത്തികൊണ്ടു വിശകലനം നടത്തുകയോ ഇടപെടുകയോ ചെയ്തിട്ടില്ല.

1947 ൽ പട്ടികജാതി വിഭാഗങ്ങളുടെ പരിരക്ഷകളെപറ്റിയുള്ള ഒരു മെമ്മോറാണ്ടം ഭരണഘടന നിർമാണസഭയിൽ സമർപ്പിച്ചുകൊണ്ട് പറയുന്നത് ഇപ്രകാരമാണ്:

“ഒരു വ്യക്തി, ഒരു മൂല്യം എന്നതാണ് ജനാധിപത്യത്തിന്റെ ആത്മാവ്. നിർഭാഗ്യവശാൽ ജനാധിപത്യം ഈ തത്വത്തിന് പ്രാബല്യം നൽകുന്നത് രാഷ്ട്രീയ ഘടനയെ സംബന്ധിച്ചു മാത്രമാണ്. ഒരു വ്യക്തി, ഒരു മൂല്യം എന്ന തത്വത്തെ പ്രായോഗിക തലത്തിലേക്ക് പരിവർത്തിപ്പിക്കാമെന്ന മട്ടിൽ സ്വീകരിക്കപ്പെടുന്നതു ഒരു വ്യക്തി, ഒരു വോട്ട് എന്ന ചട്ടമാണ്. സാമ്പത്തിക ഘടനയെ, അതിനു രൂപം നല്കാൻ പോന്നവരുടെ ഇംഗിതത്തിനു വിട്ടുകൊടുക്കുന്നു. ഇങ്ങനെ സംഭവിക്കുന്നത് ഭരണഘടനാ നിയമവിശാരദന്മാരുടെ കാലഹരണപ്പെട്ട സങ്കല്പനം മൂലമാണ്. …എന്നാൽ ജനാധിപത്യം, ഒരു വ്യക്തി, ഒരു മൂല്യം എന്ന തത്വത്തിനൊത്തു പുലരണമെങ്കിൽ സമൂഹത്തിന്റെ സാമ്പത്തിക ഘടനയുടെ രൂപനിർണയനവും തുല്യ പ്രാധാന്യം അർഹിക്കുന്നു എന്നത് അവർ മനസ്സിലാക്കിയില്ല” (ഡോ. അംബേദ്‌കർ, “സംസ്ഥാനങ്ങളും ന്യുനപക്ഷങ്ങളും 1947,” സമ്പൂർണകൃതികൾ, വാല്യം 2: 164-65).

ഭരണഘടനാ നിർമാണസഭയിൽ അദ്ദേഹം മുന്നോട്ടു വെച്ച ആശയങ്ങൾ കുറച്ചുകൂടി വ്യക്തമായി രേഖപ്പെടുത്താം.
“സ്വകാര്യ സംരംഭകരുടെ വഴിയടയ്ക്കാതെ ഉൽപ്പാദന ക്ഷമത പരമാവധി ഉയർത്തുകയും ധാർമികാടിസ്ഥാനത്തിൽ സാമ്പത്തിക വിതരണം നടത്തുകയും ചെയ്യാൻ പറ്റിയ തരത്തിൽ ജനങ്ങളുടെ സാമ്പത്തികജീവിതം ആസൂത്രണം ചെയ്യേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാക്കുകയാണ്” നിർദ്ദേശിക്കപ്പെട്ട നാലാം വകുപ്പിന്റെ ഉദ്ദേശ്യം. അദ്ദേഹം തുടരുന്നു:

“കാർഷിക മേഖല സർക്കാരിന്റെ ഉടമസ്ഥതയിലാക്കുകയും ഒരു കൂട്ടുകൃഷി രീതി സ്വീകരിക്കുകയും വ്യവസായ മേഖലയിൽ സ്റ്റേറ്റ് സോഷ്യലിസത്തിന്റെ ഒരു നവീന രൂപം അംഗീകരിക്കുകയും ചെയ്യുകയെന്നതാണ് നിർദിഷ്ട പരിപാടി. സർക്കാരിൽ നിന്നും മൂലധനം ലഭ്യമാക്കാതെ കൃഷിയോ വ്യവസായമോ അഭിവൃദ്ധി പ്രാപിക്കയില്ല….ഇന്ത്യയുടെ ത്വരിതമായ വ്യാവസായിക വികസനത്തിന് സ്റ്റേറ്റ് സോഷ്യലിസം അനിവാര്യമാണ്. സ്വകാര്യ സംരംഭത്തിന് അത് കഴിയുകയില്ല. അഥവാ കഴിഞ്ഞാൽത്തന്നെ സ്വകാര്യ മുതലാളിത്തം യൂറോപ്പിൽ ചെയ്തപോലെ അത് സാമ്പത്തികമായ അസമത്വം സൃഷ്ടിക്കും. കൈവശഭൂമികളുടെ ഏകീകരണവും പാട്ടം സംബന്ധിച്ച നിയമങ്ങളും ഇക്കാര്യത്തിൽ നിഷ്ഫലമാണ്. അവയ്ക്കു കാർഷിക മേഖലയിൽ അഭിവൃദ്ധിയുണ്ടാക്കാൻ പറ്റുകയില്ല… ഭൂരഹിതരായ തൊഴിലാളികൾ മാത്രമായ 60 ദശലക്ഷം അധഃകൃതർക്കു ഏകീകരണമോ പാട്ടം നിയമമോ ഒട്ടും സഹായകമാവില്ല….അവരെ സഹായിക്കാവുന്നതു നിർദിഷ്ട കൂട്ടുകൃഷി സമ്പ്രദായം മാത്രമാണ്” (ഡോ. അംബേദ്‌കർ, “സംസ്ഥാനങ്ങളും ന്യുനപക്ഷങ്ങളും, 1947”:160-61).

ഭരണഘടനാ നിർമാണ സഭയിൽ ഈ നിലപാടെടുക്കുന്നതിനു ഏതാണ്ട് 30 വർഷം മുമ്പ് ‘ജേർണൽ ഓഫ് ദി ഇന്ത്യൻ ഇക്കണോമിക് സൊസൈറ്റി’യിൽ അംബേദ്‌കർ എഴുതിയ “ഇന്ത്യയിലെ തുണ്ടുഭൂമികളും അവയ്ക്കുള്ള പരിഹാരങ്ങളും” എന്ന ബൃഹത്തായ ലേഖനം ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. 1918-ലെ ലേഖനത്തിൽ അംബേദ്‌കർ എഴുതി:

“ഇന്ത്യയിലെ കൃഷിയെ ചിതറിക്കിടക്കുന്ന തുണ്ടുഭൂമികൾ ദോഷകരമായി ബാധിക്കുന്നു എങ്കിൽ തുണ്ടുകളെ സംയോജിപ്പിക്കുക മാത്രമല്ല, അവയെ വിപുലീകരിക്കുകയും വേണം. സംയോജനം ചിതറിയ ഭൂമികളുടെ ദോഷം പരിഹരിക്കും. എന്നാൽ അത് തുണ്ടുകളുടെ ദോഷത്തിനു പരിഹാരമാവില്ല. പരിഹാരമായി സംയോജിത ഭൂമി വിപുലീകൃതമാവണം” (ഡോ. അംബേദ്‌കർ, “ഇന്ത്യയിലെ തുണ്ടുഭൂമികളും അവയ്ക്കുള്ള പരിഹാരങ്ങളും, 1918,” സമ്പൂർണകൃതികൾ, വാല്യം 2:217). തുടർന്ന് അംബേദ്‌കർ എഴുതി:

“കൃഷിയെ ഒരു സാമ്പത്തിക സംരംഭമായി കണക്കാക്കുമ്പോൾ കൈവശഭൂമിയുടെ വലിപ്പം അപ്രസക്തമാകുന്നു” എന്ന് അംബേദ്‌കർ വാദിച്ചു. “തന്റെ കൈവശഭൂമിയിൽ സാമ്പത്തിക സംരംഭമെന്ന നിലയിൽ കൃഷി നടത്താൻ ആഗ്രഹിക്കുന്ന കർഷകന് അയാളുടെ അധീനതയിലുള്ള മറ്റു ഉൽപ്പാദന ഘടകങ്ങൾക്ക് മുമ്പിൽ കൈവശഭൂമിയുടെ വലിപ്പം പരിഗണിക്കേണ്ടതില്ല.” “ഭൂമിയുടെ വലിപ്പമെന്നത് സാമ്പത്തികമായ അർത്ഥം നഷ്ടപ്പെട്ട ഒരു പദമാണ്. അതിനാൽ വലിപ്പം കൂടിയ ഭൂമി ആദായകരമാണെന്നും വലിപ്പം കുറഞ്ഞ ഭൂമി ആദായകരമല്ലെന്നും പറയുന്നത് സാമ്പത്തിക ശാസ്‌ത്രപരമായി ശരിയല്ല. ഒരു ഭൗമഘടകത്തിൽ ഉൾച്ചേർക്കപ്പെടുന്ന ഉൽപ്പാദന ഘടകങ്ങളുടെ തെറ്റായ അനുപാതമോ ശരിയായ അനുപാതമോ ആണ് അദായകരമാക്കുന്നതും അല്ലാതാക്കുന്നതും. അതിനാൽ ഒരു ചെറിയ കൃഷിയിടം വലിയ കൃഷിയിടത്തെപോലെ തന്നെ ആദായകരമായ ഭവിക്കാം” (ഡോ. അംബേദ്‌കർ, “ഇന്ത്യയിലെ തുണ്ടുഭൂമികളും അവയ്ക്കുള്ള പരിഹാരങ്ങളും, 1918,” : 220).

ചുരുക്കത്തിൽ “ഇന്ത്യയിലെ കാർഷിക വൃത്തിയെ ബാധിച്ചിട്ടുള്ള ദോഷങ്ങൾ പരിഹരിക്കാൻ മുഖ്യമായി വേണ്ടതു കൃഷിഭൂയിയുടെ വലിപ്പം വർധിപ്പിക്കുകയല്ല, മൂലധനവും അനുസാരികളും വർധിപ്പിക്കുകയാണെന്നു” അംബേദ്‌കർ ചൂണ്ടിക്കാട്ടി. “കൃഷി ഭൂമികൾ സംയോജിപ്പിക്കണമെന്നും വിപുലീകരിക്കണ”മെന്നുമുള്ള നിർദ്ദേശത്തോട് യോജിച്ചുകൊണ്ട് അദ്ദേഹം പറയുന്നത് “ഇന്ത്യയുടെ വ്യവസായവൽക്കരണമാണ് ഇവിടത്തെ കാർഷിക പ്രശ്നങ്ങൾക്ക് പറ്റിയ പ്രതിവിധി” (ഡോ. അംബേദ്‌കർ, “ഇന്ത്യയിലെ തുണ്ടുഭൂമികളും അവയ്ക്കുള്ള പരിഹാരങ്ങളും, 1918,” : 229) എന്നാണ്.

എന്നാൽ ഇതിനെ സ്വകാര്യ മേഖലയുടെ അനിയന്ത്രിതമായ വളർച്ചയ്ക്കുള്ള ലൈസൻസാക്കി മാറ്റാൻ അംബേദ്‌കർ സമ്മതിച്ചിരുന്നില്ല. ഭരണകൂടത്തിന്റെ ഇടപെടൽ ഈ മേഖലകളിൽ അനിവാര്യമാണെന്ന് ഭരണഘടനാനിർമാണ സഭയിൽ അദ്ദേഹം വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. കാലാന്തരത്തിൽ ഹരിതവിപ്ലവം ഇന്ത്യൻ കാർഷികമേഖലയിൽ (അത്യുൽപ്പാദനം ഉൾപ്പടെ) സൃഷ്ടിച്ച മാറ്റങ്ങൾക്ക് കാരണമായി എന്നതും, കൃഷിയും വ്യവസായവും തമ്മിലുള്ള അഭേദ്യമായ ബന്ധം ഇതിലൂടെ ഉറപ്പിച്ചതും കാണാൻ അംബേദ്‌കർ ജീവിച്ചിരുന്നില്ല.
ഏറ്റവുമൊടുവിൽ കർഷകരുടെ അതിജീവനം അസാധ്യമാക്കുന്ന കാർഷിക വിപണി പിടിച്ചെടുക്കൽ തന്ത്രത്തിൽ വരെ എത്തിനിൽക്കുന്ന വൻകിട വ്യവസായികളുടെ സമ്മർദ്ദത്തിന് ഭരണകൂടം കീഴ്പ്പെടുന്ന അവസ്ഥയും നാം കണ്ടു. ഭരണകൂടഇടപെടൽ എന്ന് അംബേദ്‌കർ അർത്ഥമാക്കിയ കാര്യങ്ങളല്ല ഇപ്പോൾ നടക്കുന്നത്. ഭരണകൂടത്തിന്റെ ഒഴിഞ്ഞുപോക്കാണ് ഓരോ സർക്കാരും ഉറപ്പിക്കുന്നത്.

ഒരു ഘട്ടത്തിൽ ഭരണകൂടത്തിന്റെ തന്ത്രപരമായ ഇടപെടലിലൂടെ ഹരിതവിപ്ലവം കാർഷിക മേഖലയിൽ പുതിയ അധികാര ബന്ധങ്ങൾ സ്ഥാപിച്ചെടുത്തു. ഭൂബന്ധങ്ങളിൽ വലിയ മാനങ്ങളും കൈവന്നു. വൻകിട ഭൂവുടമകളാണ് അതിന്റെ നേട്ടം മുഖ്യമായി കൊയ്തത്. എന്നാൽ ദശലക്ഷക്കണക്കിന് വരുന്ന അധഃസ്ഥിതരുടെ സ്ഥിതി ഒട്ടും മെച്ചപ്പെട്ടില്ല. ഭൂപരിഷ്കരണമെന്ന ലക്‌ഷ്യം വെറും പൊള്ളയായ വാഗ്ദാനമായി.

അംബേദ്‌കർ ഭരണഘടനാ നിർമാണസഭയിൽ ഇത് സംബന്ധിച്ചു ഉയർത്തിയ ആശങ്കകൾ പിന്നീട് യാഥാർത്ഥ്യമായി. സ്വത്തവകാശത്തെക്കുറിച്ചുള്ള ചർച്ചയിൽ അംബേദ്‌കറുടെ നിലപാടുകളല്ല സ്വീകരിക്കപ്പെട്ടത്. സ്വത്തവകാശം മൗലികാവകാശം ആക്കുന്നതിനെ എതിർത്ത അദ്ദേഹം പിന്നീട് പറഞ്ഞത് ഭരണഘടനയുടെ അനുച്ഛേദം 31 അവലക്ഷണമായ ഒരു വകുപ്പെന്നാണ്.

അംബേദ്‌കറുടെ നിലപാട് എത്രയോ കാലം കഴിഞ്ഞാണ് ഭരണകൂടം തിരിച്ചറിഞ്ഞതു. സ്വത്തവകാശം മൗലികാവകാശമല്ലെന്നു പ്രഖ്യാപിച്ച നാല്പത്തിനാലാം ഭരണഘടനാ ഭേദഗതി ഉണ്ടാകുന്നത് ഭരണഘടനയെ തന്നെ താൽക്കാലികമായി റദ്ദുചെയ്ത അടിയന്തിരാവസ്ഥയ്ക്കു ശേഷമാണെന്നത് നാം ഓർക്കണം — അപ്പോഴേക്കും സ്വാതന്ത്ര്യം കിട്ടി 30 വർഷങ്ങൾ കഴിഞ്ഞിരുന്നു.

അംബേദ്‌കർ ഭരണഘടനയിൽ ഉൾപ്പെടുത്താൻ ആഗ്രഹിച്ച ‘സോഷ്യലിസം’ എന്ന ആശയം അടിയന്തിരാവസ്ഥകാലത്തു ഇന്ദിരാഗാന്ധി ഒരു ഭരണഘടനാ ഭേദദഗതിയിലൂടെ അതിന്റെ തന്നെ ആമുഖത്തിൽ എഴുതിച്ചേർത്ത് മറ്റൊരു വിചിത്രമായ ചരിത്ര ഗതി. യഥാർത്ഥത്തിൽ ‘സ്റ്റേറ്റ് സോഷ്യലിസം’ എന്ന ആശയം വളരെ യാന്ത്രികമായി ഭരണഘടനയിൽ ഉൾച്ചേർക്കാനല്ല അംബേദ്‌കർ ആഗ്രഹിച്ചത്. അത് അദ്ദേഹം 1947 ൽ ഭരണഘടനാ നിർമാണ സഭയിൽ വ്യക്തമാക്കുന്നുണ്ട്.

‘സ്റ്റേറ്റ് സോഷ്യലിസം’ വേണമെന്ന ആഗ്രഹം എത്ര ശക്തമായിരുന്നാലും പാർലമെൻററി ജനാധിപത്യത്തിനു പകരം ഏകാധിപത്യം വരിക്കാൻ പാടുള്ളതല്ല എന്ന് അദ്ദേഹം താകീതു ചെയ്തു. എന്നാൽ കാൽ നൂറ്റാണ്ടിനു ശേഷം – അടിയന്തിരാവസ്ഥയുടെ നാളുകളിൽ – ഇന്ദിരാഗാന്ധി ചെയ്തത് ഏകാധിപത്യത്തെ വാഴ്ത്തികൊണ്ടു ‘സോഷ്യലിസ്റ്റ്’ എന്ന ആശയം ഭരണഘടനയുടെ ആമുഖത്തിൽ എഴുതിച്ചേർത്തു എന്നതാണ്.

ആമുഖത്തിൽ കുറിച്ചതുകൊണ്ടൊന്നും സോഷ്യലിസം ഇന്ത്യയിൽ നടപ്പാകില്ലെന്നും അതിനു വേണ്ട ശക്തമായ ഭൂപരിഷ്കരണ നിയമങ്ങൾ ആവിഷ്കരിക്കേണ്ടതുണ്ടെന്നും തിരിച്ചറിഞ്ഞിരുന്ന അംബേദ്‌കർ ഭരണഘടനയുടെ രാഷ്ട്രനയ മാർഗ്ഗനിർദ്ദേശക തത്വങ്ങളിലൂടെ ഇത് സംബന്ധിച്ച സൂചനകൾ എങ്കിലും നൽകാൻ ആഗ്രഹിച്ചിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 39 ഭാഗികമായെങ്കിലും ഈ ലക്ഷ്യപ്രാപ്തിക്കുള്ള ഒരു ചുവടുവെപ്പായിട്ടു വരട്ടെ എന്ന് അദ്ദേഹം കരുതി.

ഏറ്റവുമൊടുവിൽ ഭരണഘടനാ നിർമാണ സഭയിൽ അദ്ദേഹം നടത്തിയ പ്രസംഗം പ്രസിദ്ധമാണ്. അതിൽ അദ്ദേഹം അടിവരയിട്ടുപറയുന്നതു, സാമ്പത്തിക സമത്വവും സാമൂഹിക സമത്വവും ഇല്ലാതെ രാഷ്ട്രീയ സ്വാതന്ത്ര്യവും പാർലമെൻററി ജനാധിപത്യവും അർത്ഥവത്താകില്ലെന്നാണ്.
‘സ്റ്റേറ്റ് സോഷ്യലിസ’ ത്തെകുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടുകൾ പലരെയും അസ്വസ്ഥരാക്കിയിട്ടുണ്ടാകും. എന്നാൽ ഭരണകൂടത്തിന്റെ സാമ്പത്തിക-സാമൂഹിക മേഖലകളിലുള്ള ഇടപെടലുകളെ സാധൂകരിക്കുന്ന പിൽക്കാലനയങ്ങൾ അംബേദ്‌കറിന്റെ ദീർഘവീക്ഷണത്തിന്റെ ഫലം കൂടിയാണ്.

കാലാന്തരത്തിൽ ഇതിൽ നിന്നെല്ലാം പിന്നോക്കം പോയി ആഗോള-നവലിബറൽ പ്രത്യയശാസ്ത്രത്തിൽ അഭിരമിച്ച മാറി മാറി വന്ന സർക്കാരുകൾ അംബേദ്‌കർ ഉയർത്തിയ മൗലിക ചോദ്യങ്ങളെ അഭിമുഖീകരിച്ചില്ല. അതിന്റെ അടിസ്ഥാനം ഭൂപ്രശ്‌നവും തൊഴിലും തന്നെയാണ്.

ഇന്ത്യയുടെ സാമൂഹിക മാറ്റത്തിനു വിഘാതമായിനിൽക്കുന്നതു ഈ മേഖലകളിൽ ഉറഞ്ഞുകൂടി നിൽക്കുന്ന കടുത്ത അസമത്വമാണെന്നു സ്വാതന്ത്ര്യത്തിനു എത്രയോ വർഷങ്ങൾക്കു മുമ്പ് അംബേദ്‌കർ വാദിച്ചിരുന്നു. മഹാത്മാഗാന്ധി ഉൾപ്പടെയുള്ള ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ നേതാക്കളുമായി അംബേദ്കറിന് നിരന്തരം കലഹിക്കേണ്ടി വന്നതും ഈ വിഷയങ്ങളെ ചൊല്ലിയാണ്. അക്കാലത്തെ സോഷ്യലിസ്റ്റ് ആശയഗതിക്കാരുമായും അംബേദ്കറിനു ഏറ്റുമുട്ടേണ്ടിവന്നത് ഈ വിഷയങ്ങളെ സംബന്ധിച്ചാണ്.

1936 ലെ അംബേദ്കറുടെ “ജാതി ഉന്മൂലനം” എന്ന പ്രഭാഷണ പ്രബന്ധം ഇത് ചർച്ച ചെയ്യുന്നുണ്ട്.  ലാഹോറിലെ ജാഠ്-പത് തോഡക് മണ്ഡലിന്റെ (പിന്നീടു റദ്ദു ചെയ്യപ്പെട്ട) സമ്മേളനത്തിനായി തയ്യാറാക്കിയ അദ്ദേഹത്തിന്റെ ദീർഘമായ പ്രഭാഷണ പ്രബന്ധത്തിൽ “ചരിത്രത്തിന്റെ സാമ്പത്തിക വ്യഖ്യാനത്തിൽ അടിയുറച്ചു വിശ്വസിച്ച സോഷ്യലിസ്റ്റുകൾക്കുള്ള” വിമർശനം ഉൾപ്പെടിത്തിയിട്ടുണ്ട്.  അംബേദ്‌കർ പറയുന്നു: ” തുല്യമായ സ്വത്തു വിഭജനത്തിനു വേണ്ടി മാത്രം ഒരു വിപ്ലവം നടത്താൻ ജനങ്ങൾ ഒന്നിക്കുകയില്ല. അങ്ങനെ ഒന്നിക്കണമെങ്കിൽ വിപ്ലവാനന്തരം അവർ തുല്യരായി പരിഗണിക്കപ്പെടുമെന്നും ജാതിയുടെയോ വിശ്വാസത്തിന്റെയോ പേരിൽ വിവേചനത്തിന് വിധേയരാകുകയില്ലെന്നും അയാൾക്ക്‌ ബോധ്യമുണ്ടായിരിക്കണം.“ “വിപ്ലവം നയിക്കുന്ന ഒരു സോഷ്യലിസ്റ്റ് അയാൾ ജാതിയിൽ വിശ്വസിക്കുന്നില്ല എന്ന് മാത്രം പറഞ്ഞത് കൊണ്ടായില്ല. അയാൾ നൽകുന്ന ഉറപ്പിന് ആഴത്തിലുള്ള അടിസ്ഥാനമുണ്ടായിരിക്കണം.” “ഇന്ത്യയിലെ പാവപ്പെട്ടവരായ തൊഴിലാളിവർഗം സമ്പന്നരും ദരിദ്രരുമെന്ന ഒരു വ്യത്യാസമില്ലാതെ മറ്റൊരു വ്യത്യാസവും അംഗീകരിക്കുകയില്ലെന്നു പറയാൻ പറ്റുമോ” എന്ന് അംബേദ്‌കർ ചോദിച്ചു (ഡോ. അംബേദ്‌കർ, “ജാതി ഉന്മൂലനം,1936” സമ്പൂർണകൃതികൾ, വാല്യം 1: 53-54).

“ഇന്ത്യക്കാർക്കിടയിൽ ഉയർന്നവരെന്നും താഴ്ന്നവരെന്നും ശുദ്ധരെന്നും അശുദ്ധരെന്നുമുള്ള വിവേചനം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ ഇവിടെ ഒരു സോഷ്യലിസ്റ്റ് ഭരണകൂടത്തിന് ഒരു നിമിഷം പോലും നിലനിൽക്കാൻ പറ്റുകയില്ല,” അംബേദ്‌കർ പറഞ്ഞു. “എല്ലായിടത്തും നിങ്ങളുടെ വഴിയിൽ കടന്നെത്തുന്ന പിശാച് ജാതിയാണ്. ഈ പിശാചിനെ നിഗ്രഹിക്കാതെ നിങ്ങള്ക്ക് രാഷ്ട്രീയ പരിഷ്‌കരണം സാധ്യമല്ല. സാമ്പത്തിക പരിഷ്കരണം സാധ്യമല്ല.” “ജാതി വ്യവസ്ഥ തൊഴിൽ വിഭജനം മാത്രമല്ല, അത് തൊഴിലാളികളുടെ വിഭജനം കൂടിയാണെന്ന്” അംബേദ്‌കർ സോഷ്യലിസ്റ്റുകളെ ഓർമിപ്പിച്ചു.

“തൊഴിലിന്റെ പുനഃക്രമീകരണം അനുവദിക്കാതിരിക്കുക വഴി ജാതിവ്യവസ്ഥ ഇവിടെ തൊഴിലില്ലായ്മയുടെ മുഖ്യഹേതു” വായി ഭവിക്കുന്നതായി അദ്ദേഹം പറഞ്ഞു. “വ്യാവസായിക സമൂഹത്തിന്റെ ഏറ്റവും വലിയ ദോഷം അതിലന്തർഭവിച്ചിരിക്കുന്ന ദാരിദ്ര്യവും കഷ്ടപ്പാടുമല്ല, തൊഴിലെടുക്കുന്നവർക്കു അവരുടെ തൊഴിൽ ആകർഷകമാകുന്നില്ലെന്നതാണ്,” അംബേദ്‌കർ എഴുതി. “മനുഷ്യരുടെ മനസ്സോ ഹൃദയമോ തൊഴിലിൽ അർപ്പിക്കപ്പെടാതായാൽ കാര്യക്ഷമതയെങ്ങ നെ യുണ്ടാകും?” അദ്ദേഹം ചോദിക്കുന്നു.

“അതിനാൽ മനുഷ്യന്റെ സ്വാഭാവിക ശക്തികളെ പാരതന്ത്രത്തിലാക്കുകയും സാമൂഹിക നിയമങ്ങളുടെ ദുർഘടാവസ്ഥയ്ക്കു വിധേയമാകുകയും ചെയ്യുന്നിടത്തോളം ജാതിവ്യവസ്ഥ ഒരു സാമ്പത്തിക സ്ഥാപനമെന്ന നിലയിൽ ഹാനികരമാണ്” (“ജാതി ഉന്മൂലനം”: 55-56). “സ്വത്തിനും ജീവനുമുള്ള അവകാശത്തിന്റെ സംരക്ഷണമെന്ന അർത്ഥത്തിൽ മാത്രമേ ജാതിയുടെ പ്രണേതാക്കൾ സ്വാതന്ത്ര്യം അനുവദിക്കുന്നുള്ളൂ. ഒരാളിന് ഇഷ്ട്ടപ്പെട്ട തൊഴിൽ തിരഞ്ഞെടുക്കാനുള്ള അവകാശമെന്ന നിലയിൽ അവർ സ്വാതന്ത്രത്തെ പരിഗണിക്കുന്നില്ല. ഇത്തരം സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നത് അടിമത്തത്തെ അരക്കിട്ടുറപ്പിക്കാനാണ്” എന്ന് അംബേദ്‌കർ ചൂണ്ടിക്കാട്ടി (“ജാതി ഉന്മൂലനം”: 67-68). “വ്യവസായം ഒരിക്കലും നിശ്ചലമല്ല. അത് സത്വരവും ആകസ്മികവുമായ മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കും. അത്തരം മാറ്റങ്ങൾക്കൊപ്പം സ്വന്തം തൊഴിലിൽ മാറ്റം വരുത്താൻ ഒരു വ്യക്തിക്ക് സ്വാതന്ത്രമുണ്ടായിരിക്കണം,” അദ്ദേഹം ഓർമിപ്പിച്ചു (“ജാതി ഉന്മൂലനം”:55).

അംബേദ്കറുടെ മൗലിക ചിന്തകൾ നമുക്ക് ബോധ്യമാകുന്ന മറ്റൊരു മേഖല അദ്ദേഹത്തിന്റെ ഫെഡറൽ സംവിധാനങ്ങളെക്കുറിച്ചുള്ള നിലപാടുകളാണ്. കൊളംബിയ സർവ്വകലാശയിൽ നിന്നും 1917 ൽ അംബേദ്‌കർ സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് എടുക്കുന്ന വിഷയവും ഇതുമായി ബന്ധപ്പെട്ടാണ്. ബ്രിട്ടീഷ്-ഇന്ത്യയിലെ കേന്ദ്ര-പ്രവിശ്യാ ധനകാര്യ ബന്ധങ്ങളെക്കുറിച്ചായിരുന്നു വിഷയം. പ്രവിശ്യകൾ കേന്ദ്രത്തെയോ, കേന്ദ്രം പ്രവിശ്യകളെയോ അനിയന്ത്രിതമായി ആശ്രയിക്കുന്ന പ്രവണതകളെ അദ്ദേഹം ചോദ്യം ചെയ്തു. ഒരു നല്ല ഭരണത്തിൻ കീഴിൽ കേന്ദ്രവും പ്രവിശ്യകളും അവരവരുടെ ചിലവിനുള്ള തുക സ്വന്തം വിഭവങ്ങളുടെ സമാഹരണത്തിലൂടെ കണ്ടെത്തണമെന്ന് അംബേദ്‌കർ നിരീക്ഷിച്ചിരിരുന്നു.

ഈ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ നിലപാട് ഒന്നുകൂടി വ്യക്തമാക്കുന്നത് 1939 ലാണ്. പൂനയിലെ ഗോഖലേ ഇൻസ്റ്റിട്യൂട്ടിൽ നടത്തിയ കാലേ അനുസ്മരണ പ്രഭാഷണം 1935 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടിൽ കൂടി വിഭാവനം ചെയ്ത ഫെഡറൽ സംവിധാനത്തെക്കുറിച്ചുള്ള വിമർശനമായിരുന്നു.

കേന്ദ്രത്തിനു സംസ്ഥാനങ്ങളുടെമേലും സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെമേലും കടന്നുകയറാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണമെന്നു അംബേദ്‌കർ ആവശ്യപ്പെട്ടു. “പ്രവിശ്യകളുടെ സ്വയംഭരണം എന്നതിന് അവയുടെ അധികാരങ്ങൾ നിർവചിക്കപ്പെടുകയും അവയിൽ തന്നെ നിക്ഷിപ്തമാക്കുകയും ചെയ്യുകയെന്നർത്ഥം. പ്രവിശ്യകളുടെ സ്വയംഭരണം യാഥാർത്യമാക്കാൻ കേന്ദ്ര സർക്കാരിന്റെ അധികാരങ്ങൾ പരിമിതപ്പെടുത്തണം,” അംബേദ്‌കർ ഓർമിപ്പിച്ചു. “അല്ലാത്തപക്ഷം കേന്ദ്രത്തിനു പ്രവിശ്യകളുടെ മേഖലയിൽ കടന്നാക്രമണം നടത്താൻ കഴിയും,” അദ്ദേഹം പറഞ്ഞു (ഡോ. അംബേദ്‌കർ, “ഫെഡറേഷനും സ്വാതന്ത്ര്യവും, 1939,” സമ്പൂർണകൃതികൾ, വാല്യം 2:39-114).

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ സംബന്ധിച്ചു ഇന്നും നിലനിൽക്കുന്ന തർക്കങ്ങളും വിവാദങ്ങളും അംബേദ്‌കർ വളരെ നേരത്തെ തന്നെ മുൻകൂട്ടി കണ്ടിരുന്നു. ധനകാര്യ വിഷയങ്ങളിൽ ഇപ്പോൾ പ്രശ്നങ്ങൾ രൂക്ഷമാണ്. ചരക്ക്-സേവന നികുതി (GST) വ്യവസ്ഥ ഏർപ്പെടുത്തിയതോടെ സംസ്ഥാനങ്ങൾക്കു ധനകാര്യ വിഷയങ്ങളിൽ ഉള്ള സ്വാതന്ത്ര്യം പരിമിതമാക്കപ്പെട്ടിരിക്കുന്നു.

ഇന്ത്യയിൽ കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധങ്ങൾ നിശ്ചയിക്കുന്നതും സംസ്ഥാനങ്ങൾക്കുള്ള സാമ്പത്തിക വിഹിതം തീരുമാനിക്കുന്നതും കേന്ദ്ര ധനകാര്യ കമ്മീഷനിലൂടെയാണ്. ഭരണഘടനയുടെ അനുച്ഛേദം 280 പ്രകാരം ഇത്തരമൊരു സംവിധാനത്തിന് അടിത്തറയിട്ടത് അംബേദ്കറാണ്. കഴിഞ്ഞ 15 ധനകാര്യ കമ്മീഷനുകളും അംബേദ്‌കർ ദശകങ്ങൾക്ക് മുമ്പ് ആവിഷ്കരിച്ച തത്വങ്ങളെ ആധാരമാക്കിയാണ് പ്രവർത്തിച്ചത് എന്ന് പറയാറുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ മൗലിക നിലപാടുകൾ ഈ കമ്മീഷണനുകൾ യഥാർത്ഥത്തിൽ അംഗീകരിച്ചിരുന്നോ എന്ന കാര്യത്തിൽ ഇപ്പോഴും ആശങ്കകളുണ്ട്.

റിസർവ് ബാങ്കിന്റെ രൂപീകരണത്തിലും അംബേദ്കറുടെ കയ്യൊപ്പു വിസ്മരിക്കാനാവില്ല. 1935 ൽ റിസർവ് ബാങ്ക് നിലവിൽ വരുന്നതിനു മുമ്പ് ഹിൽട്ടൺ കമ്മീഷൻ 1926 ൽ ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഹിൽട്ടൺ കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ അംബേദ്കറുടെ രൂപയെ സംബന്ധിച്ച പുസ്തകം ഒരു മാർഗനിർദേശക രേഖയായിരുന്നു. കമ്മീഷന് അദ്ദേഹം സമർപ്പിച്ച ദീർഘമായ നിർദ്ദേശങ്ങളും വളരെ വിലപ്പെട്ടതായിരുന്നു.

അംബേദ്കറുടെ സാമ്പത്തിക ശാസ്ത്രത്തിലുള്ള രണ്ടാമത്തെ ഡോക്ടറേറ്റ് ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്നായിരുന്നു. അത് ഹിൽട്ടൺ കമ്മിഷൻ വരുന്നതിനു മൂന്ന് വർഷം മുമ്പായിരുന്നു. വിഷയം രൂപയെക്കുറിച്ച്‌ തന്നെ. പണപ്പെരുപ്പത്തിന് കാരണമാകുന്ന വിഷയങ്ങൾ വളരെ ഗൗരവത്തോടെ ഗവേഷണം ചെയ്ത അംബേദ്‌കർ ജോൺ മെയ്‌നാർഡ് കെയ്‌ൻസുമായി ഈ വിഷയത്തിൽ വ്യത്യസ്ത നിലപാടുകൾ പങ്കുവെച്ചു. കാലന്തരത്തിൽ അംബേദ്കറുടെ നിലപാടാണ് ശരിയെന്നു സാമ്പത്തിക വിദഗ്ധർക്ക് ബോധ്യപ്പെട്ടു. പണപ്പെരുപ്പം ഒരു രാജ്യത്തിൻറെ സമ്പത് വ്യവസ്ഥയെ എങ്ങനെ തകിടം മറിക്കുമെന്നു ഒരു നൂറ്റാണ്ടു മുമ്പ് തന്നെ ഗവേഷണം ചെയ്തു മുന്നറിയിപ്പുകൾ നൽകിയ ധിഷണാശാലിയാണ് അംബേദ്‌കർ.

ഹിന്ദു കോഡ് ബില്ലിനെ സംബന്ധിച്ച വാദപ്രതിവാദങ്ങൾ ഒടുവിൽ, 1951-ൽ അംബേദ്‌കറിന്റെ ക്യാബിനറ്റിൽ നിന്നുള്ള രാജിയിൽ കലാശിച്ചു. ലിംഗനീതിയിൽ അധിഷ്ഠിതമായ പരിഷ്‌ക്കാരങ്ങൾ വരുത്താൻ ആത്മാർത്തമായി ശ്രമിച്ച അദ്ദേഹം നിരാശയോടെയാണ് പടിയിറങ്ങിയത്. തുടർന്ന് നടന്ന തിരഞ്ഞെടുപ്പുകളിൽ അദ്ദേഹത്തെ പരാജയപ്പെടുത്തിയതും തന്റെ സഹപ്രവർത്തകരായിരുന്ന കോൺഗ്രസ്സുകാരായിരുന്നു.

ധനകാര്യ കമ്മീഷന് അടിത്തറയിട്ട അംബേദ്‌കർ കേന്ദ്ര പ്ലാനിംഗ് മന്ത്രാലയം ഏറ്റെടുക്കാനും താൽപ്പര്യം കാണിച്ചിരുന്നു. എന്നാൽ ഇന്ത്യയെ സംബന്ധിച്ച നിർണ്ണായക സാമ്പത്തിക വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയതൊന്നും അദ്ദേഹത്തിന് പ്രത്യകിച്ചു അംഗീകാരം നേടിക്കൊടുത്തില്ല. ജവാഹർലാൽ നെഹ്‌റു തന്റെ സഹപ്രവർത്തകരുടെ സമ്മർദ്ദങ്ങൾക്ക് പലപ്പോഴും വഴങ്ങി അംബേദ്‌കറിന്റെ പല വിലപ്പെട്ട അഭിപ്രായങ്ങളും മുഖവിലക്കെടുത്തില്ല.

വൈസ്രോയി എക്സിക്യൂട്ടീവ് കൗൺസിലിൽ മന്ത്രിയായിരിക്കെ തൊഴിൽ, ജലസേചനം, ഊർജം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്ത അംബേദ്‌കർ ഭരണ രംഗത്തെ കഴിവുകൾ തെളിയിച്ച ഒരു രാഷ്ട്രതന്ത്രജ്ഞനാണ്. രാജ്യത്തു ആദ്യമായി ഒരു എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് തുടങ്ങുന്നതും അംബേദ്കറാണ്. രാജ്യത്തിന്റെ വ്യാവസായിക വികസനത്തിന് തറക്കല്ലിട്ട നിരവധി ജലസേചന പദ്ധതികൾ, വൈദൂതി സംരംഭങ്ങൾ എന്നിവയെല്ലാം അദ്ദേഹത്തിന്റെ സംഭാവനകളാണ്. പലപ്പോഴും ഇതെല്ലം ബോധപൂർവം തന്റെ സഹപ്രവർത്തകർ തന്നെ വിസ്മരിക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് അംബേദ്‌കർ മനസ്സിലാക്കിയിരുന്നു.

അംബേദ്‌കറുടെ സാമ്പത്തിക വീക്ഷണങ്ങൾ ഇന്ത്യയുടെ സാമൂഹികാവസ്ഥയെക്കുറിച്ചുള്ള പഠനങ്ങൾക്കും സാമൂഹിക മാറ്റത്തിനായുള്ള ഇടപെടലുകൾക്കും ദാർശനിക അടിത്തറ ഒരുക്കിയിട്ടുണ്ട്. സാമ്പത്തിക സമത്വവും സാമൂഹിക സമത്വവും ഇല്ലാതെ പാർലമെൻററി ജനാധിപത്യം അപ്രസക്തമാകുമെന്നു പ്രവചിച്ച അംബേദ്‌കർ ഇന്ത്യ കണ്ട മഹാനായ ധൈഷണിക-രാഷ്ട്രീയ ചിന്തകനാണ്. കീഴാള രാഷ്ട്രീയത്തിനും സാമൂഹിക ജനാധിപത്യത്തിനും അടിത്തറയൊരുക്കിയ അദ്ദേഹത്തിന്റെ ചിന്തകൾ കലാതീതമായി നിലനിൽക്കും. ഇന്ത്യൻ സാമൂഹികാവസ്ഥയുടെ ജനിതകഘടന സൂക്ഷ്മമായി വിലയിരുത്തിയ അംബേദ്കർ വരും തലമുറകൾക്കു മാർഗദർശിയും ബൗദ്ധിക സ്രോതസ്സുമാണ്.


The post ഡോ. അംബേദ്കറുടെ സാമ്പത്തിക ദർശനങ്ങൾ first appeared on KM Seethi.

]]>
41945