40 വർഷമായി. അന്നൊരു കന്നി 5 (1983). പതിവുപോലെ എസ്‌.എൻ.എസ്. എസ് ലൈബ്രറി (കമലേശ്വരം) ശ്രീനാരായണ സമാധി ദിനത്തിൽ വാർഷിക ചടങ്ങു നടത്തുന്നു. കൂട്ടത്തിൽ അതിന്റെ പ്രവർത്തകരിൽ ഒരാൾ കൂടിയായ എനിക്ക് ഒരു സമ്മാനം തരുന്നു. എം എ പരീക്ഷയ്ക്ക് വിജയിച്ചതിലുള്ള ആദരവ്. ലൈബ്രറിയുടെ ബാലലോകം കൂട്ടായ്മയിൽ ഞാൻ അക്കാലത്ത് സജീവമായിരുന്നു. എന്റെ വാപ്പിയുടെ സഹപ്രവർത്തകൻ കൂടിയായിരുന്ന ശ്രീ തോട്ടം രാജശേഖരൻ ആയിരുന്നു ലൈബ്രറി പ്രസിഡന്റ്. അദ്ദേഹം പിന്നീട് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ആയി റിട്ടയർ ചെയ്തു.

ചടങ്ങിൽ മഹാകവി എം.പി. അപ്പനായിരുന്നു എനിക്ക് സമ്മാനം തന്നത്. സമ്മാനം ഇപ്പോഴും കൂടെയുണ്ട്. മാർക്സിന്റേയും ഏഗൽസിന്റെയും തിരഞ്ഞെടുത്ത കൃതികൾ. സമ്മാനം വാങ്ങി സീറ്റിൽ ഇരിക്കുമ്പോൾ കണിയാപുരം രാമചന്ദ്രൻ ചോദിച്ചു, ഇതിപ്പോൾ വായിച്ചു കാണുമല്ലേ എന്ന്. അവരുടെ ചില കൃതികൾ പഠിക്കാൻ ഉണ്ടായിരുന്നെങ്കിലും മൂന്ന് വാല്യങ്ങൾ ഒന്നിച്ചു കാണുന്നത് സോവിയറ്റ് കൾച്ചറൽ സെന്ററിൽ റഫറൻസിനു പോകുമ്പോഴാണ്. അത് കൈകളിലേക്ക് എത്തുന്നത് ആദ്യമായും.



പിന്നീട് അത് എന്റെ ബുക്ക് ഷെൽഫിലെ സജീവ സാന്നിധ്യമായി. അപ്പുവും കുഞ്ഞുണ്ണിയും ചെറുപ്പത്തിൽ ഈ മൂന്ന് വാല്യങ്ങളും എടുത്തു വെച്ച് “ഏങ്കൽച്ചും മാർച്ചും” കളിക്കുമായിരുന്നു (ഇക്കാലത്തു മാർക്സിനേയും ഏഗൽസിനേയും കളിപ്പിക്കുന്നതാരാണെന്നു പറയേണ്ടതില്ലല്ലോ).

മാസങ്ങൾ കഴിയുന്നതിനു മുമ്പ് മറ്റൊരു ചടങ്ങിൽ വെച്ച് കിട്ടിയ സമ്മാനം ഫത്ഹുൽ മുഈൻ. 16 ആം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന മുസ്‌ലിം പണ്ഡിതനായ സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ രചിച്ച വിഖ്യാതമായ ഒരു ഇസ്‌ലാമിക കർമശാസ്ത്ര ഗ്രന്ഥമാണ് അത്. എന്നിൽ നിന്നും ഒരാൾ അത് കൊണ്ടുപോയി. പിന്നെ കിട്ടിയിട്ടില്ല. തമാശ ഒരു കൂട്ടർ ഭൗതികവാദ ചിന്ത അടങ്ങിയ കൃതികൾ തന്നപ്പോൾ മറ്റൊരു കൂട്ടർ ആത്മീയ കാര്യകൃതിയാണ് തന്നത്. ഈ ചെക്കന് വേണ്ടത് എടുത്തോട്ടെ എന്ന് ഇരുകൂട്ടരും വിചാരിച്ചു കാണും.


മൂന്നാമത്തെ സമ്മാനം തിരുവനന്തപുരത്തെ വക്കം മൗലവി ഫൌണ്ടേഷൻ (ട്രസ്റ്റ് ആകുന്നതിനു മുമ്പ്) തന്ന 500 രൂപ. അതുകൊണ്ടൊരു സെക്കന്റ് ഹാൻഡ് സൈക്കിൾ വാങ്ങി (പുതിയത് വാങ്ങാനുള്ള ശേഷി അന്ന് എനിക്കില്ലായിരുന്നു). സൈക്കിൾ ആണ് എത്രയോകാലം എന്നെ കോട്ടയവുമായി ബന്ധിപ്പിച്ചിരുന്നത്. രാവിലെ വേണാട്   എക്സ് പ്രെസ്സിൽ കയറണമെങ്കിൽ ഇത് ചവിട്ടി തമ്പാനൂരിൽ എത്തണം. രാത്രി തിരിച്ചും അവൻ എന്നെ വീട്ടിൽ എത്തിക്കും. കുറേക്കാലം കഴിഞ്ഞപ്പോൾ അത് മോഷണം പോയി. വലിയ സങ്കടമായിരുന്നു. സമ്മാനം തന്ന ബഷീർ സാറിനോട് സൈക്കിളിന്റെ കാര്യമൊന്നും പറഞ്ഞിട്ടില്ലായിരുന്നു. പറഞ്ഞെങ്കിൽ അദ്ദേഹം ഒരു പുതിയത് തന്നെ വാങ്ങിച്ചു തരുമായിരുന്നു.

എല്ലാ ശ്രീനാരായണ സമാധിക്കും അന്ന് കിട്ടിയ ആ വലിയ സമ്മാനം ഓർക്കും. “വിദ്യയാണ് ഇരുകാലി മാടുകളെ യഥാര്‍ത്ഥ മനുഷ്യരാക്കിത്തീര്‍ക്കുന്നത് “എന്ന ഗുരുവചനം എത്രയോ കാലങ്ങൾ കഴിഞ്ഞാലും നമ്മോടു കൂടിയുണ്ടാവും. യഥാർത്ഥ മനുഷ്യൻ ആരാണെന്നോ എങ്ങനെയുള്ളതാണെന്നോ ഗുരു പറഞ്ഞില്ല. അത് നമ്മൾ സ്വയം ചോദിക്കേണ്ടതാണെന്നും സ്വയം കണ്ടെത്തേണ്ടതാണെന്നും ഗുരു പറയാതെ പറഞ്ഞു.