“വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മനാടായ തലയോലപ്പറമ്പിൽ ബഷീർ ആർട്ട് ഗാലറിയുടെ ഉദ്ഘാടനവും അദ്ദേഹത്തിന്റെ അർദ്ധകായ പ്രതിമയുടെ അനാച്ഛാദനവും ജൂലൈ അഞ്ചാം തിയതി തിങ്കളാഴ്ച അഞ്ചിന്‌ മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ട്രസ്റ്റ് ചെയർമാൻ അഡ്വ. പി.കെ.ഹരികുമാർ അധ്യക്ഷത വഹിക്കും. സെക്രട്ടറി സി.എം.കുസുമൻ സ്വാഗതം പറയും,” ഇന്നത്തെ മാതൃഭൂമി വാർത്ത.

“ഏറെക്കാലം ബഷീർ സുൽത്താനായി വിലസിയ കോഴിക്കോട്ട് ചില കേന്ദ്രങ്ങളുടെ എതിർപ്പുകാരണം പ്രതിമ സ്ഥാപിക്കാൻ കഴിഞ്ഞിരുന്നില്ല. ആ കുറവ് പരിഹരിച്ച് ബഷീർ സ്മാരക ട്രസ്റ്റാണ് മൂവാറ്റുപുഴയാറിന്റെ തീരത്ത് അർദ്ധകായ ശിൽപ്പവും ആർട്ട് ഗാലറിയുമടങ്ങുന്ന സ്മാരകം നിർമിച്ചത്,” കേരള കൗമുദി കൂട്ടിച്ചേർത്തു.

“ ‘ചിന്താധീനനായ ബഷീർ ജീവിതത്തിന്റെ സായാഹ്നത്തിൽ’ എന്നതാണ് പ്രതിമയുടെ ഇതിവൃത്തം,” മനോരമ എഴുതി.
ഈ വരികൾ കുറിക്കുമ്പോൾ പ്രതിമ ‘ചിന്താധീനനായ’ ബഷീറിനാൽ മറനീക്കപ്പെടും.

‘സായാഹ്നത്തി’ ലായതു കൊണ്ടു ബഷീർ ഇത് കണ്ടില്ലെന്നു കരുതാനും വയ്യ. ഇത് കണ്ടിട്ട് ബഷീറിന്റെ ആത്മാവ് ഞരങ്ങുമോ എന്നു നിശ്ചയമില്ല.

‘അനല്‍ ഹഖി’ (Anā al-Ḥaqq”) ന്റെ ഉപാസകനായിരുന്ന ബഷീർ ‘ഞാനാകുന്നു സത്യം’ എന്നു വിളിച്ചു പറഞ്ഞ ഒരു സൂഫി എഴുത്തുകാരൻ കൂടിയായിരുന്നു.

എന്നാൽ താൻ ഒരു മിസ്റ്റിക് ആയി എവിടെയും ബഷീർ സ്വയം പരിചയപ്പെടുത്തിയിരുന്നില്ല. “ഞാനൊരു വെണ്ടയ്ക്കയുമല്ലെന്നും ചോരയും നീരുമുള്ള പച്ചയായ ഒരു മനുഷ്യനാണെന്നും” എപ്പോഴും ഓർമിപ്പിച്ചുകൊണ്ടിരുന്നു.

എം.എന്‍.വിജയന്റെ വാക്കുകൾ എടുത്താൽ, “ജീവിക്കുന്നതെല്ലാം കഥയാണെന്നും പറയുന്നതെല്ലാം ഭാഷയാണെന്നുമുള്ള തിരിച്ചറിവ് ബഷീറിന്റെ ലോകങ്ങള്‍ക്ക് അവസാനിക്കാത്ത വിസ്താരമുണ്ടാക്കിക്കൊടുത്തു.”

വിജയൻ മാഷ് പൂരിപ്പിക്കാതെ പോയ ചിലതുകൂടിയുണ്ട്. അത് ബഷീറിന്റെ ഭാഷയുടെ സ്പന്ദനത്തിൽ, ജീവന്റെ തുടിപ്പുകളിൽ നിമഗ്നമായിരിക്കുന്നു.

ആ ‘വിസ്താരം’ തന്റെ ജീവിതകാലത്തു ബഷീർ പറഞ്ഞും എഴുതിയും തീർത്തിരുന്നില്ല. അത് കാലാതീതമായി നിൽക്കുന്ന ഒന്നാണ്.

ബഷീറിനുള്ള ഓരോ ആദരവും നമ്മൾ കൊടുത്തുകൊണ്ടിരിക്കുമ്പോൾ ആ ‘വിസ്താരത്തിന്റെ’ കാവ്യഭംഗി മാത്രമല്ല, അനന്തമായ അതിന്റെ സാമൂഹിക ഊർജവും നമ്മൾ കണ്ടെത്തിക്കൊണ്ടിരിക്കണം.

“ബഷീർ പ്രതിമ” ഇപ്പോൾ തലയോലപ്പറമ്പിൽ അനാശ്ചാദനം ചെയ്‌തു കഴിഞ്ഞ സ്ഥിതിക്ക് ഇനി ബഷീർ തന്നെ പ്രതിമകളെകുറിച്ച് പറഞ്ഞത് ഒന്ന് കണ്ണോടിക്കാം. ആ വാക്കുകളിലേക്ക് :


“പ്രതിമകൾ കാണുമ്പോൾ, പഴയ ഒരു സംഭവം ഓർമയിൽ വരാറുണ്ട്.

വളരെക്കാലം ബ്രിട്ടീഷ് ഭരണത്തിൽ നിന്നും നമ്മുടെ ഇന്ത്യ എന്ന മാതൃഭൂമി സ്വാതന്ത്ര്യം നേടിയതിന്റെ ഇരുപത്തഞ്ചാം വർഷത്തിൽ ബ്രിട്ടീഷ് ഗവൺമെന്റിനോട് സമരം ചെയ്‌തു, അടിയും ഇടിയും കൊണ്ട്, മാസത്തിലധികം ജയിൽ ശിക്ഷ അനുഭവിച്ച സ്വാതന്ത്ര്യപ്പോരാളികൾക്കു രാഷ്ട്രശില്പികളിൽ അപ്രധാനിയില്ലാത്ത ജവാഹർലാൽ നെഹ്രുവിന്റെ മകൾ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന ഗവണ്മെന്റ് രാഷ്ട്രീയ പെൻഷനും താമ്രപത്രവും കൊടുത്തു ബഹുമാനിക്കാൻ തീരുമാനിച്ചു.

അടിയും ഇടിയും കൊണ്ട് ആറുമാസത്തിലധികം ജയിൽശിക്ഷ അനുഭവിച്ച ഒരു സ്വാതന്ത്ര്യപ്പോരാളിയാണ് ഞാനും. താമ്രപത്രം വാങ്ങാൻ ഞാനും പോയി. പക്ഷേ, ചെന്നു വാങ്ങിയില്ല. വഴിക്കു അസുഖം ബാധിച്ചതിനാൽ തിരികെപ്പോന്നു. ഇടയ്ക്കു അപരിചിതമായ ഒരു പട്ടണത്തിൽ ഇറങ്ങി ദന്തഡോക്ടറെക്കൊണ്ട് എന്റെ വായിലെ ഒരു പല്ലു പറിപ്പിച്ചു. എന്നിട്ടു ക്ഷീണിതനായി മരവിച്ച മാതിരി കൊടുംവെയിലത്തു വരുമ്പോൾ തെരുവിനടുത്തുള്ള മൈതാനിയിലെ പ്രതിമയുടെ തണലിൽ ഇരുന്നു.

ആരുടെ പ്രതിമ എന്നു ശ്രദ്ധിച്ചില്ല. ഒരുപാടു രാജ്യങ്ങളിൽ ചുറ്റി, ഒരുപാടു പ്രതിമകൾ കണ്ടിട്ടുള്ളതിനാൽ പുത്തനായി പ്രതിമ കാണുമ്പോൾ യാതൊരു ജിജ്ഞാസയും എന്നിൽ ഉളവാക്കാറില്ല.

അനന്തമായ കാലത്തെ വെല്ലുവിളിച്ചുകൊണ്ട് ക്ഷണികജീവിയായ മനുഷ്യൻ നിർമിച്ചു വയ്ക്കുന്ന അഹന്തയുടെ അടയാളമാകുന്നു പ്രതിമ എന്നോ മറ്റോ ഈ ഞാൻ തന്നെ എവിടെയോ എഴുതിവെച്ചതായി ഓർമിച്ചു.

ചിലർ ജീവിച്ചിരിക്കുമ്പോൾ മറ്റുള്ളവരെ നിർബന്ധിച്ചു ജനകീയ ആവശ്യംപോലെ അവരുടെ പ്രതിമകൾ സ്ഥാപിക്കുന്നു.
മഹാന്മാരെന്നു പറയുന്നവർ മരിച്ചു മണ്ണടിഞ്ഞു കഴിയുമ്പോൾ ജനങ്ങൾ പണം പിരിച്ചു അവരുടെ പ്രതിമകൾ സ്ഥാപിക്കുന്നു. എന്തിനു വേണ്ടി? പ്രതിമകളെ ആരു ബഹുമാനിക്കുന്നു? പൊതുവെ പ്രതിമകൾ പക്ഷികളുടെ കക്കൂസാണ്. എന്തിനു പണം വ്യർത്ഥമാക്കുന്നു.
ആ പണം കൊണ്ട് ജനങ്ങൾക്ക് ഉപകാരപ്രദമായ എന്തെങ്കിലും ചെയ്തുകൂടെ?
എന്നെല്ലാം വിചാരിച്ചു ഞാൻ ഒരു സിഗരറ്റു കൊളുത്താൻ ആലോചിച്ചു.
—————————————————————————————————————————————————————————————–
ഞാൻ നാവുകൊണ്ട് പല്ലുപോയ ഭാഗം തപ്പിനോക്കി. പഞ്ഞി ഇരിപ്പുണ്ട്. ഒരു ചെറിയ ആലസ്യം പോലെ തോന്നി. ഉഗ്രമായ ക്ഷീണവും. പല്ലുപോയ ഭാഗത്തു വേദനയുണ്ട്. വേദനയുണ്ടാകുമ്പോൾ തിന്നാൻ തന്ന ഗുളിക ഞാൻ വിഴുങ്ങി. കുറച്ചു വെള്ളത്തിനെന്തു വഴി? ഗുളിക തൊണ്ടയിൽ താങ്ങി നിൽക്കുകയാണോ? …പെട്ടെന്ന് ഞാൻ നടുങ്ങി!
കരണക്കുറ്റിക്കടിച്ചതുപോലെ ‘േ’ ന്ന് ഒരു കല്ല് പ്രതിമയിൽ കൊണ്ടു. എന്നിട്ടാ കല്ല് എന്റെ തലയിൽ വന്നുവീണു.
മുടി ലവലേശമില്ലാത്തതിനാൽ നല്ലവണ്ണം വേദനിച്ചു.
ഞാൻ തൊട്ടുനോക്കിയപ്പോൾ — ചോര !
ഞാൻ നോക്കി.
ചക്കകൾ എറിഞ്ഞു വീഴിക്കാൻ ശ്രമിച്ച ചെറുപ്പക്കാരാണ്……
ഉല്ലാസവാന്മാരായ ചെറുപ്പക്കാർ. അവർ വലിയ ഉരുളൻ കല്ലുകൾ കൊണ്ടു പ്രതിമയെ ഉന്നം വെച്ച് എറിയുകയാണ്. പോലീസുകാരും നാട്ടുകാരും സമരക്കാരും കാണുന്നുണ്ട്.

പ‘േ’പ‘േ’ന്ന് പ്രതിമയിൽ കല്ലുകൾ കൊള്ളുന്നു. ഒരു ചെറുപ്പക്കാരൻ വീരവാദം മുഴക്കുന്നു. ആ കഴുവേര്മോന്റെ മൂക്ക് തെറിപ്പിച്ചത് ഞാനാണ് !
ആ താഴെ ഇരിക്കുന്ന കഷണ്ടിക്കാരൻ വൈക്കം മുഹമ്മദ് ബഷീർ എന്ന കഴുവേര്മോനാണ്.

അവന്റെ തല എറിഞ്ഞുടയ്ക്ക് ! എന്നു പറഞ്ഞേക്കുമെന്നു ഭയന്ന് ഞാൻ വേഗം ചാടിയെണീറ്റു ദൂരെ ദൂരെ മാറി നിന്നു. ചെറുപ്പക്കാർ എറിയുകയാണ്.
ഞാനാ പ്രതിമയെ നോക്കി. പഴയ ഏറുകൊണ്ടു മൂക്കും തലയുടെ മുകൾ ഭാഗവും തകർന്നു പോയിട്ടുണ്ട്. പ്രതിമ ആകെ കറുത്ത പൂപ്പലു പിടിച്ചിരിക്കുന്നു. ആരോ ഒക്കെ ചാണകം വാരി എറിഞ്ഞിട്ടുണ്ട്. ചെളിയും. കാക്കകൾ അനേകം കാലമായി കാഷ്ഠിച്ചിട്ടുണ്ട്.

ചെറുപ്പക്കാരുടെ കല്ലുകൾ പത്തുമുപ്പതു പ്രാവശ്യം പിന്നെയും പ്രതിമയിൽക്കൊണ്ടു. ചെറുപ്പക്കാർ കുറെ കല്ലുകൾ പ്രതിമയുടെ നെഞ്ചിൽകൊള്ളിച്ചിട്ടു ചിരിച്ചുല്ലസിച്ചുകൊണ്ടു വേറൊരു ഭാഗത്തേയ്ക്ക് പോയ തക്കത്തിനു ഞാൻ പ്രതിമയുടെ അടുത്തുചെന്നു നോക്കി. ആരുടെ പ്രതിമയാണ്? ശരി:
സ്വാതന്ത്ര ഇൻഡ്യയുടെ ആദ്യത്തെ പ്രധാനമന്ത്രി:ശ്രീജിത് ജവാഹർലാൽ നെഹ്‌റു ?
മംഗളം
ശുഭം”
(“പ്രതിമ” വൈക്കം മുഹമ്മദ് ബഷീർ)


എന്താ അല്ലേ?
ബഷീർ എന്ത് ആഗ്രഹിച്ചിരുന്നോ, അതിനപ്പുറം നമ്മൾ ‘വിസ്തരിച്ചു’ അദ്ദേഹത്തെ സ്വീകരിക്കുന്നു, ആദരിക്കുന്നു, എഴുന്നള്ളിക്കുന്നു.
ബഷീർ എഴുതിയതും, ‘ഇപ്പോഴും’ എഴുതിക്കൊണ്ടിരിക്കുന്നതുമാണ് നമ്മൾ കാണാതെപോകുന്നത്.

ബഷീറിന്റെ ജീവിതം ഒരു തുറന്ന പുസ്‌തകമാണ്‌. ആ പുസ്തകം ചില്ലിട്ടുറപ്പിച്ച പെട്ടിയിലോ കാറ്റും മഴയും വെയിലും കൊള്ളുന്ന പുറമ്പോക്കിലോ തള്ളരുതെ.

പി.കെ.ഹരികുമാർ എന്റെ സുഹൃത്തും മഹാത്മാഗാന്ധി സർവകലാശാലയിൽ പല സമിതികളിലും ഒന്നിച്ചു പ്രവർത്തിച്ചിട്ടുള്ള ആളുമാണ്. വായനയും എഴുത്തും സാംസ്‌കാരിക-രാഷ്ട്രീയ പ്രവർത്തനവും അദ്ദേഹത്തിന്റെ ജീവിതമാണ്. എല്ലാ ആദരവോടും കൂടി.