കെ.എം.സീതി
It originally appeared in Navamalayali (9 August 2017)
മലയാള സിനിമാലോകം നൊമ്പരത്തോടെ ഓർക്കേണ്ട രണ്ടു മരണങ്ങളുണ്ട്. 1980-കളിൽ – ഏകദേശം ആറുവർഷങ്ങളുടെ ഇടവേളയിൽ – സംഭവിച്ച ദുരന്തങ്ങൾ.
1981 ആഗസ്ത് 9-നു എം. ആസാദ് എന്ന ചലച്ചിത്രപ്രതിഭ തന്റെ യുവത്വം പിന്നിടുന്നതിനു മുമ്പ്തന്നെ ജീവിതം അവസാനിപ്പിച്ചു. 40 വയസ്സു ആയിട്ടേയുള്ളൂ അന്ന് ആസാദിന്.
1987 മെയ് 31-നു ആസാദിന്റെ സഹപാഠിയും സഹപ്രവർത്തകനും ഋതിക്ഘട്ടക്കിന്റെ അനന്തരാവകാശിയെന്നും വിശേഷിപ്പിച്ചിരുന്ന ജോൺ ഏബ്രഹാം എന്ന ഇതിഹാസ ചലച്ചിത്രകാരൻ മരണത്തിനു കീഴ്പ്പെട്ടു. ആസാദിന്റേത് ആത്മഹത്യ ആയിരുന്നെങ്കിൽ ജോണിന്റേത് ഒരു അപകടത്തെ തുടർന്ന്, തക്കസമയത്തു ചികിത്സ കിട്ടാതെയുള്ള മരണമായിരുന്നു.
മരിക്കുമ്പോൾ 50 വയസ്സ്പോലും തികഞ്ഞിട്ടില്ലാതിരുന്ന ജോണിന്റെ എൺപതാം ജന്മദിനം ആഗസ്ത് 11.
ആസാദിന്റെയും ജോണിന്റെയും ജീവിതം മലയാള സിനിമയുടെ പുതിയ അന്വേഷണങ്ങളുടെയും അസ്വസ്ഥതകളുടെയും ചരിത്രം കൂടിയാണ്.
ഇരുവരും ജീവിച്ചിരുന്നെങ്കിൽ സിനിമാലോകത്തിനു ഈ പരീക്ഷണങ്ങൾ വിലപ്പെട്ട പാഠങ്ങൾ ആകുമായിരുന്നു.
എല്ലാ നല്ല കലാസൃഷ്ടിയും പോലെ ആത്മഹത്യയും ഹൃദയത്തിന്റെ നിശബ്ദതയിൽ നിന്നാണ് പിറക്കുന്നതെന്നു പറഞ്ഞത് കമ്യു. ഈ കാലഘട്ടത്തിലെ വളരെ പ്രധാനപ്പെട്ട ദാർശനിക പ്രശ്നവും ആത്മഹത്യ തന്നെയെന്നും കമ്യു പ്രഖ്യാപിച്ചു. കലയും സ്വപ്നങ്ങളും വിൽക്കാനുള്ളതല്ലെന്നു നമ്മെ ഓർമിപ്പിച്ചു കൊണ്ട് യാത്രയായ ആസാദ് ജോണിന്റെ ചലച്ചിത്ര-ജിവിതദർശനം തന്നെ നെഞ്ചിലേറ്റ മാതിരി നമുക്ക് തോന്നും.
അനശ്വരപ്രതിഭയായ ജോൺ മരിക്കുന്നതിന് ഏകദേശം ഒരു വർഷം മുമ്പ് നിർമിച്ച “‘അമ്മ അറിയാൻ” എന്ന സിനിമ ആരംഭിക്കുന്നതു തന്നെ ഒരു ആത്മഹത്യ അനാവരണം ചെയ്തുകൊണ്ടാണ്. ഇങ്ങനെയൊരു സിനിമയെടുക്കാൻ ജോണിനെ പ്രേരിപ്പിച്ചതും തനിക്കു അറിയാമായിരുന്ന കുറെ ചെറുപ്പക്കാരുടെ ആത്മഹത്യതന്നെയായിരുന്നു. നക്സലൈറ്റ് പ്രസ്ഥാനത്തിൽ വിശ്വസിച്ച പ്രവർത്തിച്ചിരുന്ന അവർ ബുദ്ധിമാന്മാരും മിടുക്കരുമായിരുന്നു. ഇത് ജോണിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.
സഹപാഠിയും സഹപ്രവർത്തകനും സിനിമാനിർമാണത്തിലേക്കു തന്നെ കാലെടുത്തു വെക്കാൻ പ്രേരിപ്പിച്ച അസാദിന്റെ മരണവും ഒരർത്ഥത്തിൽ ജോണിനെ വേദനിപ്പിച്ചിട്ടുണ്ടായിരിക്കണം. താൻ വിശ്വസിച്ചു ഇറങ്ങിയ മേഖലയിൽ നിന്നും ഉണ്ടായ അസ്വസ്ഥതകളും നിരാശാബോധവും ചെറുപ്പക്കാരെ ആത്മഹത്യയിലേക്കു നയിച്ചിരിക്കാം എന്നു വിശ്വസിച്ച ജോൺ, ഹരി എന്ന കഥാപാത്രം സ്വയംവരിച്ച മരണത്തെ സാമൂഹികവൽക്കരിക്കുകയും പ്രശ്നവൽക്കരിക്കുകയുമാണ് “അമ്മ അറിയാൻ” എന്ന തന്റെ ചലച്ചിത്രത്തിലൂടെ.
അവർ, തങ്ങൾ വിശ്വസിച്ച പ്രസ്ഥാനത്തെ വളരെ റൊമാന്റിക് ആയി സമീപിച്ചതാണ് ഈ ദുരന്തങ്ങൾക്ക് കാരണമെന്നു അപഗ്രഥിച്ച ജോൺ ഉന്നയിക്കുന്ന ഒരു വിഷയമുണ്ട്: “സ്വന്തം അമ്മയെ പോലും അറിയാൻ കഴിയാത്തവർക്ക് എങ്ങിനെ ഒരു സമൂഹത്തെ മാറ്റാൻ കഴിയും?” തലവെട്ടി വിപ്ലവം നടത്താൻ പുറപ്പെട്ട ചെറുപ്പക്കാരോടാണ് ജോൺ ഇത് ചോദിക്കുന്നത്.
തന്റെ ചലച്ചിത്ര ജീവിതം റൊമാന്റിക് ആയ സങ്കൽപ്പങ്ങളിൽ ആഴ്ന്നിറങ്ങിയത് കൊണ്ടും,ചലച്ചിത്രമേഖലയെന്ന ഭൗതികഇടം നൽകിയ അത്ര സുഖകരമല്ലാത്ത യാഥാർഥ്യങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്തതു കൊണ്ടുമായിരിക്കണം ആസാദ് ആത്മഹത്യയെ പുണർത്തത്.
ജോണിന്റെ മരണവും ഒരർത്ഥത്തിൽ ഇതിനോടടുത്തു നിൽക്കുന്ന ചില യാഥാർഥ്യങ്ങൾ ആണെന്ന് നാം തിരിച്ചറിയുന്നു. അടൂർ ഗോപാലകൃഷ്ണൻ ജോണിനെ ഇങ്ങനെ വിലയിരുത്തുന്നു:
“ഉയിരു ഉരുവത്തിലെന്ന” പോലെ ആഖ്യാനാവിഷ്കരണങ്ങളിൽ ഉൾച്ചേർന്നിരിക്കുന്ന ഒരു പ്രത്യേക പ്രപഞ്ച വീക്ഷണമാണ് (ജോണിന്റെ ചിത്രങ്ങൾ) കാഴ്ചവെക്കുന്നത്…നാടകീയ ദുരന്തം കേട്ടും പറഞ്ഞും ഏറ്റുവാങ്ങി സ്വന്തമാക്കി ചേർന്ന ഒരു ഷെനേറിയോ ആയിരുന്നു ജോണിന്റെ ജീവിതമെന്ന സമസ്യയെന്നു ഒരു ഞെട്ടലോടെ നാമറിയുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ ആളറിയാതെ അനാഥമായി കിടന്ന ജീവിത രംഗങ്ങൾ, ‘അമ്മ അറിയാനി’ൽ നിന്നും ജോൺ അറിഞ്ഞും അറിയാതെയും കടം കൊണ്ടവയല്ലന്നു എങ്ങനെ പറയാനാവും? ജീവിതമെന്ന സമസ്യകളെ കലയാക്കിയും കലയിൽ നിന്നും ജീവിതവും മരണത്തെ തന്നെയും വാറ്റിയെടുത്ത ഒരു ധിഷണയുടെ കാണാപ്പുറങ്ങൾ ഇനിയും ഇരുളിൽ ശേഷിക്കുന്നു.”
അടൂരിന്റെ വാക്കുകൾ ജോണിന്റെയും ആസാദിന്റെയും കാര്യത്തിൽ അർത്ഥവത്തായാണ് പിന്നോട്ട് നോക്കുമ്പോൾ നമുക്ക് തോന്നുന്നത്.
പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആയിരുന്നു ആസാദിന്റെയും ജോണിന്റെയും പഠനസങ്കേതം. 1965-ൽ ജോൺ എൽ.ഐ.സിയിലെ ജോലി മതിയാക്കി ഇൻസ്റ്റിറ്റ്യുട്ടിൽ ചേരുമ്പോൾ ആസാദ് തന്റെ മുൻഗാമിയായി അവിടുണ്ട്. ലോകസിനിമാ രംഗത്തെ അതികായർ എന്നറിയപ്പെട്ടിരുന്ന ബെർഗ്മാൻ, കുറസോവ, അന്റോണിയോണി തുടങ്ങിയവരുടെ സൃഷ്ടികൾ ഇവരെ വിസ്മയിപ്പിച്ചിരുന്നു. അക്കാലത്തു മലയാളികൾക്ക് ഈ ചലച്ചിത്ര പ്രതിഭകളെ പരിചയപ്പെടുത്തികൊണ്ടുള്ള ലേഖനങ്ങൾ എഴുതിയിരുന്നതും പ്രഭാഷണങ്ങൾ നടത്തിയിരുന്നതും ആസാദും ജോണും ആയിരുന്നു.
പൂനാ ഫിലിം ഇൻസ്റ്റിറ്റുട്ടിൽ നിന്നും ആസാദും ജോണും സ്വർണമെഡൽ വാങ്ങിയാണ് പാസാകുന്നത്. ആദ്യം മദിരാശിയിൽ എത്തിയ ആസാദ് തന്റെ ചലച്ചിത്രജീവിതം ആരംഭിക്കുന്ന കാലത്താണ് സഹപാഠിയായ ജോൺ രംഗത്തേക്ക് വരുന്നത്. 1971-ൽ ആസാദ് തിരക്കഥ എഴുതിയ “വിദ്യാർത്ഥികളെ ഇതിലെ ഇതിലെ” സംവിധാനം ചെയ്യുന്നത് ജോൺ ആയിരുന്നു. മദിരാശി ചലച്ചിത്രമണ്ഡലത്തിലേക്ക് ജോണിനെ ക്ഷണിക്കുന്നതും ആസാദായിരുന്നു. ആസാദും ജോണും വയലാറും കൂടി ഈ ചിത്രത്തിന് വേണ്ടി നടത്തിയ ചർച്ചകളും കൂടിക്കാഴ്ചകളും ജോൺ തന്നെ വികാരത്തോടെ വിവരിച്ചിട്ടുണ്ട്. വയലാർ തന്റെ ആദ്യ ചിത്രത്തിന് എഴുതിയ ഗാനം (നളന്ദ തക്ഷശില…) തന്റെ ജീവിതത്തിലും അദ്ദേഹം ആദ്യമായി തന്ന ഒന്നാണെന്ന് ജോൺ ഓർമ്മിക്കുന്നു.
പക്ഷെ ഈ ചിത്രം ഒരു പരീക്ഷണ പരാജയമായിരുന്നു എന്ന് ആസാദും ജോണും ഒരു പോലെ സമ്മതിക്കുന്നുണ്ട്.
ജോൺ എത്തുന്നതിനു മുമ്പ് തന്നെ മദിരാശിയിൽ ആസാദ് തന്റെ ചലച്ചിത്ര സപര്യ ആരംഭിച്ചിരുന്നു. പ്രശസ്ത സംവിധായകനായ പി.എൻ. മേനോന്റെ സഹസംവിധായകൻ ആയിട്ടാണ് തുടക്കം. എം.ടി. തിരക്കഥ എഴുതിയ “കുട്ട്യേടത്തി” ആയിരുന്നു ആദ്യചിത്രം. എം.ടി.യെ പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ഷണിച്ചുകൊണ്ട് പോകുന്നതും പ്രഭാഷണങ്ങളും ചർച്ചകളും സംഘടിപ്പിക്കുന്നതും ആസാദായിരുന്നു. പ്രശസ്ത ക്യാമറാമാനായ രാമചന്ദ്രബാബു ഈ സുവർണകാലം നന്നായി ഓർക്കുന്നു. എം.ടി.യെ ലോക ക്ലാസ്സിക്കുകൾക്കു മുമ്പിൽ കൊണ്ട് നിർത്തുന്നതും ആസാദായിരുന്നു. സംവിധാനത്തിന്റെ ആദ്യപാഠങ്ങൾ എം.ടി.പഠിക്കുന്നതും ഈ സമാഗമത്തിൽ നിന്നാണ്. അതുപോലെ അരവിന്ദൻ തന്റെ ‘ഉത്തരായണം’ സംവിധാനം ചെയ്യാൻ ആദ്യം കരുതിയിരുന്നത് ആസാദിനെയായിരുന്നു എന്ന് സുഹൃത്തുക്കൾ ഓർക്കുന്നു.
“പാതിരാവും പകൽ വെളിച്ചവും” (1974) എം.ടി. തിരക്കഥ എഴുതി ആസാദ് സംവിധാനം ചെയ്ത ചിത്രമാണ്. പ്രദർശനവിജയം നേടിയില്ലെങ്കിലും അക്കാലത്തു ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം. 1981-ൽ വീണ്ടും എംടി തിരക്കഥ എഴുതി ആസാദ് സംവിധാനം ചെയ്ത ചിത്രമാണ് “വിൽക്കാനുണ്ട് സ്വപ്നങ്ങൾ.” ഗൾഫ് പ്രവാസജീവിതത്തിന്റെ നൊമ്പരങ്ങളും ആകുലതകളും അടയാളപ്പെടുത്തിയ ആദ്യമലയാളചിത്രം. മമ്മൂട്ടിയുടെ ആദ്യകാല ചിത്രങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷം ഇതിലേതായിരുന്നു.
“വിൽക്കാനുണ്ട് സ്വപ്നങ്ങൾ” ഏറെ പ്രതീക്ഷകൾ നൽകിയ ചിത്രമായിരുന്നിട്ടും ആസാദിന്റെ ജീവിതതിൽ അത് ഒരു കറുത്ത ഏടായിമാറി. അതിന്റെ നിർമാതാവും മറ്റും കാണിച്ച വഞ്ചന ആസാദിനെ വല്ലാതെ വേദനിപ്പിച്ചു. ചിത്രത്തിന്റെ പൂർത്തീകരണം തീർന്ന ശേഷം ആസാദ് വെറും കയ്യോടെയാണ് വർക്കലയിലെ കുടുംബവീട്ടിൽ എത്തുന്നത്. നിർമാതാക്കൾ കൊടുത്ത 1500 രൂപകൂടി തിരക്കഥാകൃത്തായ എംടി കടം വാങ്ങിയതോടെ ഒഴിഞ്ഞ കീശയുമായിട്ടാണ് ആസാദ് വണ്ടി കയറുന്നതു.
ആത്മഹത്യ ചെയ്യുന്നതിന് ഏതാനും ദിവസം മുമ്പ് എഴുതി വെച്ച ഒരു കത്തിനെ പറ്റി പി.കെ. ശ്രീനിവാസൻ ഇങ്ങനെ ഓർക്കുന്നു:
“എംടി യ്ക്ക് എഴുതിവെച്ച നീണ്ട കത്തിൽ ഇങ്ങനെ ഒരു വാചകമുണ്ടായിരുന്നു. ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾക്കു എനിക്ക് കിട്ടിയത് മദ്രാസിൽ നിന്നും വർക്കലക്കുള്ള ഒരു സെക്കന്റ് ക്ലാസ് ടിക്കറ്റും വഴിച്ചെലവിനുള്ള 100 രൂപയുമാണെന്നു എംടിക്കറിയാമല്ലോ’ എന്ന് തുടങ്ങി പോകുന്നു കത്തിലെ വരികൾ. ആസാദിന്റെ അടുത്ത സുഹൃത്തായ കേരളംകൗമുദി ലേഖകൻ കെ. ജയപ്രകാശ് അത് നശിപ്പിച്ചു കളഞ്ഞെന്നും “മഹത്തായൊരു സൗഹൃദത്തിന്റെ പൂക്കൾ നിറഞ്ഞ വീഥികളിൽ കള്ളി മുള്ളുകൾ വിതറണ്ടാന്നു ജയപ്രകാശ് തീരുമാനിച്ചെന്നും, മാത്രമല്ല അത് എംടിക്കു കിട്ടിയാൽ പോലും പ്രതികരണം ഉണ്ടാകില്ലെന്നും ജയപ്രകാശ് വിശ്വസിച്ചിരു”ന്നതായി ശ്രീനിവാസൻ എഴുതി.
‘സ്വപ്നങ്ങൾ വിൽക്കാൻ’ തയ്യാറാകാത്ത ആസാദ് തന്റെ ഏറ്റവും പുതിയ ചിത്രമായ “വെളുത്ത പക്ഷി” ക്കു നിറക്കൂട്ട് ഉണ്ടാക്കാൻ പാടുപെടുകയായിരുന്നു. പ്രശ്നങ്ങൾ ഒന്നൊന്നായി ആസാദിനെ അലട്ടി. സഹായം വാഗ്ദാനം ചെയ്തവർ തന്നെ പിൻവാങ്ങുന്നത് കണ്ടു ആസാദ് തകർന്നു. “വെളുത്ത പക്ഷി”യുടെ നിർമാണത്തിനായി രൂപീകരിച്ച ഇൻഡോ-ഓവർസീസ് ഫിലിംസ് തകർന്നു തുടങ്ങിയപ്പോൾ ആസാദ് അക്ഷരാർഥത്തിൽ വിഷാദരോഗിയായി. താൻ ചലച്ചിത്ര ലോകത്തേക്ക് ക്ഷണിച്ചവരും തന്റെ കൂടെ രാവുകൾ ഉണ്ടുറങ്ങിയവരും ആസാദിനെ തിരിഞ്ഞു നോക്കിയില്ല എന്നത് വലിയൊരു ദുരന്തമായിരുന്നു.
മരിച്ചവാർത്തയറിഞ്ഞു എത്തിയവരിൽ തന്റെ ചലച്ചിത്രലോകത്തെ ഹൃദയത്തോടുചേർത്ത സുഹൃത്തുക്കൾ ആരുമില്ലായിരുന്നു. പൂനാ ഫിലിം ഇൻസ്റ്റിറ്റ്യുട്ടിലെ രണ്ടാം ബാച്ച് വിദ്യാർത്ഥിയായിരുന്ന ആസാദ് തന്റെ പഠനകാലം മുഴുവൻ ലോകസിനിമയെ മലയാളിക്ക് പരിചയപ്പെടുത്താനായിരുന്നു ചെലവിട്ടത്. ഒടുവിൽ സ്വന്തം സഹോദരിയുടെ വിവാഹം കാണൻ നിൽക്കാതെ, ഭാര്യയെയും മൂന്ന് കുഞ്ഞുങ്ങളെയും തനിച്ചാക്കി അയിരൂർ ഗ്രാമത്തിലെ തന്റെ വീട്ടിന്റെ ഏകാന്തതയിൽ ആ ജീവിതം ആസാദ് അവസാനിപ്പിച്ചു.
ഒരർത്ഥത്തിൽ വാണിജ്യസിനിമയുടെ ഭൗതിക സാഹചര്യങ്ങളാണ് ജോണിനെയും ആസാദിനെയും തങ്ങളുടെ ജീവിതാന്ത്യത്തിൽ വരിഞ്ഞു മുറുക്കിയത്. ഇ.വി. ശ്രീധരനുമായുള്ള അഭിമുഖത്തിൽ ജോൺ പറഞ്ഞു: “ഇവിടത്തെ വാണിജ്യസിനിമ അശ്ലീലമാണ്. ആ മണ്ഡലത്തിലേക്ക് മരിച്ചുപോകുമെന്നായാൽ പോലും ഞാൻ കടന്നു ചെല്ലില്ല.” കാക്കനാടനുമായുള്ള ഒരു സംഭാഷണത്തിൽ ജോൺ ഇത് ആവർത്തിക്കുന്നുണ്ട്. ഒരു ദൂഷിതവലയമാണ് ചലച്ചിത്രവ്യവസായമെന്നും പരദേശീയർ ഇവിടെ ഇറക്കുന്ന പണത്തിനു ലാഭമല്ലാതെ മറ്റൊരു ലക്ഷ്യവുമില്ലന്നും ജോൺ തുറന്നടിച്ചു.
ചലച്ചിത്രമേഖലയിലെ ഈ യാഥാർഥ്യങ്ങൾ ജോണിനെ ‘ഒഡേസ’ യുടെ പിറവിക്കു പ്രേരണ നൽകി. “അമ്മയ്ക്ക് ഒരു റിപ്പോർട്ടി” ൽ ജോൺ എഴുതി: ” വ്യവസ്ഥാപിത കച്ചവടസിനിമ ഒരു കറുപ്പു തീറ്റിക്കുന്ന പ്രസ്ഥാനമാണ്. ഓരോ പടവും മയക്കത്തിനുള്ള അധിക ഡോസുകളുമായിട്ടാണ് ഇറങ്ങുന്നത്. ഒടുവിൽ വഷളത്തത്തെ അവർ സ്ഥാപനവൽക്കരിച്ചിരിക്കുന്നു. വിനോദ മൂല്യങ്ങളുടെ പേരിലാണ് ഈ ആത്മീയ കശാപ്പ് നടത്തിവരുന്നത്. ഉത്തരവാദിത്തമുള്ള ഒരു കലാകാരനും ജനങ്ങൾക്ക് വിഷം കൊടുക്കില്ല…ഈ സത്യം മനസ്സിലാക്കുന്ന ഒരുപാടു പേരുടെ ആത്മീയ ബന്ധത്തിന്റെ പ്രകാശനമാണ് ‘ഒഡേസ.’ ” ‘അമ്മ അറിയാൻ’ ഈ ആത്മബന്ധത്തിന്റെ പ്രകാശനമായിരുന്നു.
ആസാദും ജോണും ബുദ്ധിജീവി നാട്യങ്ങൾ കൊണ്ടുനടക്കുന്ന മനുഷ്യരായിരുന്നില്ല. ഒരു അഭിമുഖത്തിൽ ജോൺ പറയുന്നു: “എല്ലാ കാര്യങ്ങളെയും ബുദ്ധിപരമായി സമീപിക്കുന്ന സ്വഭാവമല്ല എന്റേത്….പല കാര്യങ്ങളിലും ഞാൻ സെന്റിമെന്റലാണ്. അത് പരസ്യമായി പറയാൻ എനിക്ക് നാണക്കേടൊന്നുമില്ല. എന്റെ അമ്മ മരിക്കുമ്പോൾ ഞാൻ ഉറക്കെ കരയും. എന്റെ കുഞ്ഞു മരിക്കുകയാണെങ്കിൽ ഞാൻ നിലവിളിക്കും. മരണസ്ഥലത്തു നിന്നും അൽപ്പം ദൂരെ മാറി നിന്നിട്ടു ‘ഞാൻ ബ്രെഹ്റ്റ് വായിച്ചിട്ടുണ്ട്, അതുകൊണ്ടു കരയില്ല’ എന്ന് പ്രഖ്യാപിക്കുന്നതിൽ എന്തർത്ഥം.”
പ്രസിദ്ധ ചലച്ചിത്രനിരൂപക മിസ് മേരിസേറ്റൻ ഒരിക്കൽ ജോണിനെകുറിച്ച് പറഞ്ഞ വാക്കുകൾ ഇങ്ങിനെ: ” ഇന്ത്യൻ സിനിമയെ സംബന്ധിച്ചിടത്തോളം ഋതിക് ഘട്ടക് മഹാനാണ്. ആധുനിക ഭാരതീയ ചലച്ചിത്ര കലയ്ക്ക് ഋതിക് ആണ് മാതൃകയും മാർഗദർശിയും. ഋതിക്കിന്റെ യഥാർത്ഥ അനന്തരാവകാശി, ഈ മുടിയനായ പുത്രനാണ്, സംശയമില്ല.”
പൂനാ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ ഋതിക്കിന്റെ ശിഷ്യരായ ജോണും ആസാദും നിശ്ചയമായും ആ പാരമ്പര്യത്തിന്റെ ഒസ്യത്ത് സൂക്ഷിച്ചവരായിരുന്നു. ഇരുവരും സ്വന്തം ദേശത്തു അസ്വസ്ഥമായ പ്രവാസജീവിതം നയിച്ചവരും.
”അമ്മ അറിയാനി” ലെ ചില രംഗങ്ങൾ നമ്മുടെ മനസ്സിനെ എക്കാലവും അസ്വസ്ഥമാക്കികൊണ്ടിരിക്കും. പുരുഷനും സംഘവും സഞ്ചരിച്ചു കൊണ്ടിരുന്ന വാനിലെ ഡ്രൈവർ ഉരുവിടുന്ന വരികൾ ജോൺ സിനിമകളിലെ മരണമെന്ന ‘കറുത്തഫലിത’ത്തെ ഓർമിപ്പിച്ചുകൊണ്ടിരിക്കും:
“ഇരന്തവനെ ചുമന്തവനും ഇരന്തിട്ടാൻ, ഇരിപ്പവരും ഇരന്തവനെ മറന്നിട്ടാൻ.”