” ‘പരിപാവന’മായ സാഹിത്യത്തിരുമുറ്റത്ത് മുരിക്കിന്‍പൂ കൊണ്ട് പൂക്കളമിട്ട ഒരു ‘തെമ്മാടി’യെ ശുദ്ധകലാവാദികളായ പിന്തിരിപ്പന്മാര്‍ ആദരിക്കാനിടയില്ല……..” നിരൂപണ സാഹിത്യത്തിൽ സ്വന്തം വ്യക്തിത്വം എക്കാലവും കാത്തു സൂക്ഷിച്ച ഡോ. എം. ലീലാവതി ഒരിക്കൽ ചെറുകാടിനെക്കുറിച്ചു എഴുതി.

“പുരോഗമനപക്ഷത്തു നിലയുറപ്പിച്ച മറ്റുപലര്‍ക്കും ലഭിച്ച സ്വീകരണങ്ങളൊന്നും ചെറുകാടിനു കിട്ടുകയുണ്ടായില്ല” എന്നും അവർ കുറിച്ചു.

ഇതിപ്പോൾ പറയാൻ ഒരു കാരണം ഉണ്ട്.

ഇന്ന് പുലർച്ചെ അപ്രതീക്ഷിതമായി വന്ന ആ വാർത്ത ചെറുകാടിന്റെ ഓർമകളുടെ മാറിലേക്ക് എന്നെ കൂട്ടികൊണ്ടുപോയി.
തൗഫീഖ് എന്ന ശബ്ദവും ഒടുവിൽ നിലച്ചു. ചെറുകാടിനെക്കുറിച്ചും ‘മണ്ണിന്റെ മാറി’നെ ക്കുറിച്ചും ഞങ്ങൾ ഫോണിലൂടെ സംസാരിച്ചിട്ട് അധികമായില്ല.

തൗഫീഖ് എന്ന ഞങ്ങളുടെ ‘കൂട്ടുകാരൻ’ വിട്ടുപിരിഞ്ഞു എന്ന് വിശ്വസിക്കാൻ പ്രയാസം.

രക്തബന്ധങ്ങൾക്കപ്പുറം നീളുന്ന സൗഹൃദവും, തമാശകളും, കാര്യവിചാരവും വാദപ്രതിവാദവും എല്ലാം കൂടിച്ചേരുമ്പോൾ രൂപപ്പെടുന്നത് കേവല കുടുംബബന്ധങ്ങൾ വലിച്ചു നീട്ടുന്ന യാന്ത്രിക യുക്തികളല്ല.

വക്കം പൂന്ത്രാൻ വിളാകം കുടുംബത്തിലെ എഴുത്തുകാരനും ചിന്തകനും പരിഭാഷകനുമായ പി. മുഹമ്മദ് മൈതീന്റെ പുത്രനാണ് എക്കാലവും ഇടതുപക്ഷ-പുരോഗമനപക്ഷത്തു നിലയുറപ്പിച്ച തൗഫീഖ് (വക്കം മൗലവിയുടെ മാതുലനും ശിഷ്യനും കൂടിയായിരുന്നു അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് മൈതീൻ).

വക്കം പാരമ്പര്യത്തിന്റെ ഒരു പ്രത്യേകത വായനയും എഴുത്തും തന്നെയാണ്. അത് പുരോഗമന-ലിബറൽ പക്ഷത്തു നിലയുറപ്പിച്ച ചിന്തകൾ കൊണ്ട് സമ്പന്നമായ ഒരു ബൗദ്ധികതയാണ്.

ആ പാരമ്പര്യത്തിൽ നിന്നും ചിലർ നന്നായി എഴുതി, ചിലർ നന്നായി വായിച്ചു, ചിലർ നന്നായി പ്രവർത്തിച്ചു. ചിലർ ലിബറൽ പക്ഷത്തു നിലയുറപ്പിച്ചപ്പോൾ ചിലർ ഇടതുപക്ഷധാരയോടു ചേർന്ന് നിന്നു. തൗഫീഖ് തികച്ചും സാമ്പ്രദായിക ഇടതുപക്ഷത്തു തന്നെയായിരുന്നു – പബ്ലിക് സർവീസ് കമ്മീഷനിൽ ഉദ്യോഗസ്ഥനായിരുന്ന കാലത്തും, സർവീസിൽ നിന്നും വിരമിച്ച ശേഷവും.

ഞങ്ങൾ തമ്മിൽ പ്രായത്തിന്റെ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും ചെറുപ്പകാലം മുതൽ നിലനിന്നിരുന്ന സൗഹൃദത്തിന്റെ സവിശേഷത നിർവചനങ്ങൾക്ക് അപ്പുറമായിരുന്നു.  ഞാൻ തിരുവനന്തപുരത്തു പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലത്താണ് അദ്ദേഹത്തെ കണ്ടുതുടങ്ങുന്നതു. വീട്ടിലെ സജീവ സാന്നിധ്യമാകാറുള്ള തൗഫീഖിന്റെ മാതാവ് (ആസിയ ബീവി) ഉമ്മയുടെ ഏറ്റവും അടുപ്പമുള്ള സൗഹൃദങ്ങളിൽ ഒരാളായിരുന്നു.
വായനയും ബീഡിവലിയും സരസസംഭാഷണവും പൊട്ടിച്ചിരികളും കൊണ്ട് ഞങ്ങളുടെ ബാല്യത്തിലെ കഷ്ടാ-നഷ്ടങ്ങൾക്കു വലിയൊരു ശമനം ഉണ്ടാക്കിത്തന്നത് ഇവരെല്ലാമാണ് (കുടുംബത്തിലെ മുതിർന്ന സ്ത്രീകളുടെ ബീഡിവലി എക്കാലത്തെയും വലിയ കൗതുകമായിരുന്നു ! ).
ചിറയിൻകീഴിൽ നിന്നും വക്കത്തുനിന്നും വർക്കല നിന്നും വന്നിരുന്ന ഇത്തരം ‘ജൈവ-വൈവിധ്യ’ങ്ങളാണ് എന്റെ ബൗദ്ധിക ജീവിതത്തിന്റെ വിത്തുകൾ വിതച്ചിട്ടു പോയത്.

ചെറുകാടിന്റെ ‘മണ്ണിന്റെ മാറിലും’ ‘മുത്തശ്ശിയും’ ഒക്കെ ഞാൻ ആദ്യം കാണുന്നത് തൗഫീഖിന്റെ കൈകളിലായിരുന്നു (വക്കം, ചിറയിൻകീഴ്, വർക്കല തുടങ്ങിയ ദേശങ്ങളിൽ നിന്നും വന്നിരുന്ന ‘ജൈവ-വൈവിധ്യ’ങ്ങളുടെ കക്ഷത്തും കയ്യിലും നിറച്ചും പുസ്തകങ്ങൾ മാത്രമായിരുന്നു). വലിയ വായനയുടെ ലോകത്തേക്ക് കടന്നിട്ടില്ലാത്ത അക്കാലത്തു ഷേക്സ്പിയറും, ബെട്രാൻഡ് റസ്സലും ചെറുകാടും എല്ലാം കേവലകൗതുകങ്ങൾ മാത്രമായിരുന്നില്ല. ഇവർക്കെല്ലാമുണ്ടായിരുന്ന ഒരു പ്രത്യേകത വായിക്കുന്നതൊന്നും സ്വകാര്യ ഇടങ്ങളിൽ കൂട്ടിവെച്ചിട്ടില്ല എന്നത് തന്നെ. ഓരോ വായനയും മറ്റുള്ളവർക്ക് കൂടി വേണ്ടതാണെന്ന ബോധ്യത്തോടെ അതിന്റെ ഉള്ളടക്കവും പൊരുളും മറ്റുള്ളവരുമായി പങ്കിടും. അത് തന്നെ വലിയൊരു അനൗപചാരിക ബൗദ്ധിക വിദ്യാഭ്യാസമായിരുന്നു (പുതുതലമുറ ഇക്കാലഘട്ടത്തിൽ ഇതിനോടെല്ലാം എങ്ങിനെ പ്രതികരിക്കുന്നു എന്നത് ഗൗരവമേറിയ ഒരു വിഷയമാണ്).

കോളേജ് വിദ്യാഭ്യാസ കാലമാകുമ്പോൾ വായനയുടെ ലോകത്തിന്റെ ബൗദ്ധിക ഉൾപ്പിരിവുകളും നീർച്ചാലുകളും നന്നായി ബോധ്യപ്പെട്ടു. അത് ഇടക്കിടയ്ക്ക് കണ്ടുമുട്ടുമ്പോൾ പങ്കിടാറുണ്ടായിരുന്നു. ശക്തമായ വാദപ്രതിവാദങ്ങളും ആശയങ്ങളുടെ പങ്കിടലും ചെറിയ കൂടിക്കാഴ്ചകളിൽ പോലുമുണ്ടായിരുന്നു.

പാർട്ടി പ്രവർത്തനത്തിൽ സജീവമായിരുന്ന കാലത്തു സ്വയം വിമർശനത്തിനും ചില ഇടവേളകളിൽ സന്നദ്ധനായിരുന്നു.
താനും തന്റെ സഹധർമ്മിണിയും മക്കളും എല്ലാം തദ്ദേശ സ്വയംഭരണ സംവിധാനങ്ങളുടെ തലത്തിലും അനുബന്ധ മേഖലകളിലും പ്രവർത്തിക്കുമ്പോൾ ഉയർത്തിപ്പിടിച്ച ആദർശനിഷ്ടയും പ്രതിബദ്ധതയും പലരും അതിന്റെ സാമൂഹിക നന്മയുടെ പക്ഷത്തു നിന്നും നോക്കികണ്ടിട്ടുണ്ടാവില്ല. തീർച്ചയായും അതിന്റെ സാമൂഹികഗുണം അനുഭവിച്ചവർ എക്കാലവും അതോർക്കും. ഇടതുപക്ഷ രാഷ്ട്രീയ വിമർശനം നടത്തുന്ന സുഹൃത്തുക്കളും ബന്ധുമിത്രാദികളും പലപ്പോഴും തിരിച്ചറിയാതെ പോകുന്ന ഒരു സത്യമുണ്ട്. ചെറുകാടിന്റെ കൃതികളിലെ ചില കഥാപത്രങ്ങൾ സൂചിപ്പിക്കുന്നപോലെ ആ സത്യം സാമൂഹിക നന്മയിലും അർപ്പിതമായ പ്രവർത്തനങ്ങളിലും ഇഴപിരിയാതെ കിടക്കുന്നു.

ഭൗതിക ലോകത്തിന്റെ സുഖസമൃദ്ധിയിൽ അഭിരമിച്ചു ജീവിക്കാൻ തൗഫീഖിന് കഴിയുമായിരുന്നില്ല. സാധാരണക്കാരുടെ ഇടയിൽ നിന്നും വേറിട്ട് ജീവിക്കാനും ആഗ്രഹിച്ചിട്ടില്ല. അതുകൊണ്ടുതന്നെ, മറ്റു പലരെയും പോലെ ധാരാളം ‘പിഴവുകൾ’ എപ്പോഴും അദ്ദേഹത്തെ പിന്തുടരുന്നുണ്ടായിരിക്കണം.

ജീവിതത്തിന്റെ നാൾവഴികളിൽ കുടുംബത്തിലും സൗഹൃദങ്ങളിലും സാർത്ഥകമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. അതിനു വിമർശനവും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സ്വയം പേരെടുക്കാനോ, പെരുമയ്ക്കു വേണ്ടിയോ അദ്ദേഹം ഒന്നും ചെയ്തില്ല. പാർട്ടിയുടെ താഴെത്തട്ടിൽ നിന്നും കൂടെ നിന്നവർ പലരും മുകളിലേക്ക് ചുവടുവെയ്ക്കുമ്പോൾ അതിൽ വേവലാതികൊള്ളനോ പരാതി പറയാനോ പോയില്ല. തന്റെ രാഷ്ട്രീയ ജീവിതം തന്നെ ‘പരിമിതമായ മേഖലകളിൽ പരമാവധി പ്രവർത്തിക്കുക’ എന്ന വീക്ഷണത്തോടു കൂടിയുള്ളതായിരുന്നു.

ഡോ. ലീലാവതി ചെറുകാടിനെക്കുറിച്ചു പറഞ്ഞത് പാഠഭേദം വരുത്തിയാൽ ഇങ്ങനെ വായിക്കാം:

‘പരിപാവന’മായ രാഷ്ട്രീയത്തിരുമുറ്റത്ത് മുരിക്കിന്‍പൂകൊണ്ട് പൂക്കളമിട്ട ഒരു ‘തെമ്മാടി’യെ ‘ശുദ്ധ’രാഷ്ട്രീയവാദികളായ പിന്തിരിപ്പന്മാര്‍ ആദരിക്കാനിടയില്ല.


തൗഫീഖിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട്