ഇനിയും മരിച്ചിട്ടില്ലാത്ത ‘സ്വതന്ത്ര്യം’
കെ. എം. സീതി
കൃതി: ഉണ്ണി.ആർ, ബെന്യാമിൻ ((എഡി.)
“സ്വാതന്ത്രത്തിന്റെ മാനിഫെസ്റ്റോ” (2018)
‘സ്വാതന്ത്ര്യം’ കാല-ദേശാന്തരങ്ങളിൽ സർവസമ്മതമായി ചിട്ടപ്പെടുത്താത്ത ഒരു വ്യവഹാര ഭൂമികയാണ്. മനുഷ്യൻ സ്വന്തം ശരീരത്തിൽ നിന്നും വ്യക്തി ബന്ധങ്ങളിലേക്കും, സമൂഹത്തിലേക്കും, രാജ്യാന്തര മണ്ഡലങ്ങളിലേക്കും ആവശ്യാനുസരണം വിന്യസിക്കുന്ന രാഷ്ട്രീയ ഊർജ്ജം കൂടിയാണത്. കത്തിച്ചാൽ ആളിക്കത്താവുന്ന ആന്തരികോർജ്ജം അതിനുണ്ട്. കെടുത്തിയാലും കനൽക്കട്ടപോലെ പിന്നെയും എരിഞ്ഞുകൊണ്ടിരിക്കും. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള കരുതൽ രാഷ്ട്രീയ ജൈവഘടനയിൽ അന്തർവർത്തിയായ ഒരു പ്രതിഭാസമാണ്.
അതിജീവനത്തിൽ നിന്നും ഭൂമിയുടെ വിഭവങ്ങൾക്ക്മേലുള്ള അവകാശ/അധികാര സ്ഥാപനം, അതിനെ ഉല്ലംഘിക്കുന്ന ആധിപത്യ പ്രവണതകൾ, ആധിപത്യത്തെ സാധൂകരിക്കുന്ന സാമൂഹിക നിയന്ത്രണ സംവിധാനങ്ങൾ, ഇവയെല്ലാം മനുഷ്യന്റെ രാഷ്ട്രീയ ശരീരത്തിൽ ചരിത്രാതീതകാലം മുതൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.
ശാസ്ത്രവും മതവും ഇതിന്റെ ഗതീയതയെ വ്യത്യസ്തമായി നിർണയിക്കുമ്പോൾ, രാഷ്ട്രീയം അതിന്റെ വൈരുദ്ധ്യാത്മകതയ്ക്കു മേൽ പുതിയ ഉടമ്പടികൾ ഉണ്ടാക്കുന്നു. സമ്പത്തും സാങ്കേതിക വിദ്യയും ഈ ഉടമ്പടികൾക്കുവേണ്ട ഭൗതികസാഹചര്യം ഒരുക്കുന്നു. സംസ്കാരം ഇതിനുവേണ്ട ബൗദ്ധികാടിത്തറ സൃഷ്ടിക്കുന്നു. വിലപേശൽ അവസാനിക്കുന്നിടത്തു സമരമുഖങ്ങൾ രൂപപ്പെടുന്നു. രാഷ്ട്രീയ-സാംസ്കാരിക ബലതന്ത്രം പരാജയപ്പെടുന്ന ഇടങ്ങളിൽ ‘സ്വാതന്ത്ര്യം’ ഒടുങ്ങാത്ത ദാഹമായി മനുഷ്യരിൽ ഉപവസിക്കും. മറ്റൊരു ഉരുൾപൊട്ടലിനായുള്ള അമിതഭാരം മനുഷ്യൻ അപ്പോഴും വഹിച്ചുകൊണ്ടിരിക്കും.
പാശ്ചാത്യ ആധുനികതയുടെ കൂടെപ്പിറപ്പായി കരുതുന്ന പുതിയ സ്വാതന്ത്ര്യസങ്കൽപ്പങ്ങൾ അവകാശങ്ങളെക്കുറിച്ചും നീതിയെക്കുറിച്ചും തുല്യതയെക്കുറിച്ചും വ്യവഹരിക്കുമ്പോൾ തന്നെയാണ് അതിനെതിരെയുള്ള തിട്ടൂരങ്ങൾ അധിനിവേശത്തിലൂടെ പാശ്ചാത്യേതര സമൂഹങ്ങളിലേക്കു കെട്ടിയിറക്കിയത്. എന്നാൽ ‘അധിനിവേശ-ആധുനികത’ ആത്യന്തികമായി അതിനെതിരെയുള്ള സ്വാതന്ത്ര്യപ്രസ്ഥാനങ്ങൾക്ക്തന്നെ കാരണമായി. ദേശീയതയും ആധുനികതയും ഇണചേർന്ന പുതിയ സങ്കൽപ്പങ്ങൾ ഇത്തരത്തിൽ വ്യത്യസ്തമായി വിവിധസമൂഹങ്ങളിൽ ആവിഷ്കൃതമായി. പക്ഷെ ഇതിനുള്ളിലെ വൈരുധ്യങ്ങൾ ഒന്നൊന്നായി മറനീക്കി പുറത്തുവന്നുകൊണ്ടിരുന്നു. മതം, വംശീയത, ജാതീ, ഗോത്രം തുടങ്ങിയ സ്വത്വരൂപങ്ങൾ സങ്കീർണമായി ഇടകലർന്ന രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളാണ് മിക്കവാറും രാജ്യങ്ങളിൽ നിലനിന്നത്. ഇന്നും നിലനിൽക്കുന്നത്. വൈവിധ്യമാർന്ന സ്വാതന്ത്ര്യസങ്കൽപ്പങ്ങൾക്ക് ഇതു കളമൊരുക്കി.
മുതലാളിത്തം വികസന-ഉൽപാദന വ്യവസ്ഥയായും ജനാധിപത്യം രാഷ്ട്രീയ പ്രതിബദ്ധതയായും അംഗീകരിച്ച രാജ്യങ്ങളിൽ സ്വാതന്ത്ര്യം അദൃശ്യമായ വിലക്കുകളിലൂടെ തളർത്തപ്പെടുകയോ അട്ടിമറിക്കപ്പെടുകയോ ചെയ്തു. പൗരസമൂഹങ്ങളിൽ ഇത് പുതിയ തിരിച്ചറിവുകൾക്കു കാരണമായി. സോഷ്യലിസ്റ്റ് പരീക്ഷണങ്ങളിലൂടെ കടന്നുപോയ രാജ്യങ്ങളിൽ ‘സ്വാതന്ത്ര്യം’ പ്രത്യക്ഷത്തിൽതന്നെ സമീകരിക്കപ്പെട്ട ഒരു പ്രത്യയശാസ്ത്രബോധമായി നിലനിർത്തി. പൗരസമൂഹത്തിൻറെ അഭാവം ‘സ്വാതന്ത്ര്യ’ത്തിനുമേൽ വീണ ഇരുണ്ടമറയായി.
മുതലാളിത്വത്തിൻറെ പ്രതിസന്ധി കാലാന്തരത്തിൽ വിപണിപ്രത്യയശാസ്ത്രത്തിന്റെ ‘സ്വാതന്ത്ര്യ’മായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ, ‘ചരിത്രത്തിൻറെ അന്ത്യം’ കുറിക്കാനായി ‘സ്വതന്ത്ര’ചിന്തകരും രംഗത്തെത്തി. ‘അതിരുകളില്ലാത്ത ലോകം,’ ‘പ്രത്യയശാസ്ത്രം തോറ്റ നൂറ്റാണ്ടു്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഈ ‘നവസ്വാതന്ത്ര്യ’ത്തിൻറെ കച്ചവടസാധ്യതകൾ കൂട്ടി.
മനുഷ്യരിൽ നിന്നും ഭരണഘടനകളിൽ നിന്നും, മനുഷ്യാവകാശ ഉടമ്പടികളിൽ നിന്നും ‘സ്വതന്ത്ര’മായ മൂലധനം രാജ്യാന്തരവിപണിയുടെ ‘സ്വാതന്ത്ര്യം’ ഉദ്ഘോഷിക്കുന്ന പരമാധികാര ശക്തിയായി. സമ്പത് വ്യവസ്ഥകളും ഭരണകൂടങ്ങളും ഈ ശക്തികൾക്ക് മുമ്പിൽ കുമ്പിട്ടുനിന്നു. “പതാക പോകുന്നിടത്തു വ്യാപാരം” എന്ന അവസ്ഥയിൽ നിന്നും “വ്യാപാരം പോകുന്നിടത്തു പതാക” എന്ന സ്ഥിതിയായി. നവലിബറലിസം അങ്ങനെ സാമൂഹിക ഡാർവിനിസത്തിന്റെ അചഞ്ചലമായ പ്രത്യയശാസ്ത്ര രൂപമായി. “എല്ലാവർക്കും ഒരു പോലെ മത്സരിക്കാനും ഒരു പോലെ ജയിക്കാനും കഴിയുന്ന” നവലോക സ്വപ്നങ്ങൾ ആത്യന്തികമായി ശക്തന്മാരുടെ സ്വപ്നങ്ങളായി. സ്വാതന്ത്ര്യം അവരുടെ സ്വാതന്ത്ര്യമായി.
മൂന്നാംലോകം ഒന്നാംലോകവുമായി ചേർന്നു ഓടാൻ തുടങ്ങിയതോടെ കിതപ്പിൻറെ വേഗതയും കൂടി. എന്നാൽ വികസനത്തിൻറെയും സമൃദ്ധിയുടെയും സ്വർഗ്ഗരാജ്യങ്ങൾ തന്നെ ഒന്നൊന്നായി തങ്ങളുടെ ബലതന്ത്രങ്ങൾ മാറ്റിയെഴുതാൻ തുടങ്ങിയപ്പോൾ മൂന്നാംലോകത്തിൻറെ ഓട്ടം ആഗോളമൈതാനങ്ങൾക്കുള്ളിലെ വാരിക്കുഴികളിൽ അവസാനിപ്പിക്കേണ്ടിവന്നു. കമ്പോള സ്വാതന്ത്ര്യത്തിൻറെ കാറ്റേറ്റ് വാടാതെനിന്ന എടുപ്പുകളുടെ എണ്ണം അങ്ങിനെ കുറഞ്ഞുവന്നു. പതാകകൾ താഴ്ത്തി ദുഃഖാചരണം നടത്താനുള്ള ദുരന്തങ്ങൾ ഈ ‘സ്വാതന്ത്ര്യ’ത്തിൻറെ പുതുയുഗത്തിൽ ആവർത്തിച്ചുകൊണ്ടേയിരുന്നു. സ്ത്രീകളും കുട്ടികളും വൃദ്ധരും മത-വംശീയ ന്യുനപക്ഷങ്ങളും ഗോത്രസമൂഹങ്ങളും ഈ ദുരന്തങ്ങൾ ഏറ്റെടുക്കാൻ വിധിക്കപ്പെട്ടു.
യുനിസെഫിന്റെ കണക്കുപുസ്തകത്തിൽ കാൽ ലക്ഷത്തോളം കുഞ്ഞുങ്ങൾ നിത്യവും മരിച്ചുകൊണ്ടിരിക്കുന്ന ലോകത്താണ് സ്വാതന്ത്ര്യത്തിനുവേണ്ടി വീണ്ടും വീണ്ടും ദാഹിക്കുന്നതു. ഈ കാൽ ലക്ഷം കുട്ടികൾക്ക് നിത്യവും ‘മരിക്കാനുള്ള സ്വാതന്ത്ര്യം’ നൽകുന്നതിൽ മുഖ്യപങ്കുവഹിക്കുന്നത് 800 ദശലക്ഷത്തിലേറെ വരുന്ന ലോകത്തിലെ ദരിദ്രരിൽ ദരിദ്രരാണ്. അവരിൽ ഭൂരിഭാഗവും ജീവിക്കുന്നത് ഇന്ത്യയും നൈജീരിയയും ബംഗ്ളദേശും ഉൾപ്പെടുന്ന ‘വികസ്വര’ രാജ്യങ്ങളിലാണ് എന്നത് മറനീക്കി വന്ന യാഥാർഥ്യം! മറുഭാഗത്തു, ആഗോളതലത്തിൽ ഒരു ശതമാനം സമ്പന്നരാണ് ലോകസമ്പത്തിൻറെ 82 ശതമാനവും കൈക്കലാക്കിയിരിക്കുന്നതു. ഇന്ത്യയിലാകട്ടെ ഒരു ശതമാനം സമ്പന്നർ 73 ശതമാനം സമ്പത്തും കൈയടക്കി വെച്ചിരിക്കുന്നു.
പ്രാന്തസ്ഥരായവരുടെയും പുറന്തള്ളപ്പെട്ടവരുടെയും കണക്കുകൾ വേറെ. 70 ദശലക്ഷം മനുഷ്യർ ഇങ്ങനെ സ്വന്തം രാജ്യങ്ങളിൽ നിന്നും ബഹിഷ്കൃതരായി അലഞ്ഞുതിരിഞ്ഞു നടക്കുന്നു. 26 ദശലക്ഷത്തോളം ഇത്തരം മനുഷ്യർക്ക് ‘അഭയാര്ഥികൾ’ എന്ന പദവിയുണ്ട്. ഇതിൽ പകുതിയിലേറെ പേർ 18 വയസ്സിനു താഴെ. 10 ദശലക്ഷത്തോളംപേർക്കു രാജ്യം തന്നെ ഇല്ലാത്ത അവസ്ഥ. ഇവർക്ക് പൗരത്വം, ദേശീയത, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, സഞ്ചാരസ്വാതന്ത്ര്യം തുടങ്ങിയവയ്ക്കു അർഹതയില്ല. ഓരോ രണ്ടു സെക്കന്റിലും ഒരാൾ ഇങ്ങനെ പ്രാന്തസ്ഥനായി മാറുകയാണ്. യുദ്ധങ്ങളിലും ആഭ്യന്തരകലാപങ്ങളിലും കൊല്ലപെടുന്നവരുടെ കണക്കു ഒരു ലക്ഷത്തിലേറെയാണ്.
സ്വാതന്ത്ര്യത്തിന്റെ ഈ കാലഘട്ടത്തിൽ 30 ദശലക്ഷം അടിമകൾ ലോകത്തുണ്ട്. അടിമവ്യാപാരം നിലനിൽക്കുന്ന രാജ്യങ്ങൾ നിരവധി. ഇന്നു തീവ്രവാദസംഘടനകൾ വരെ അടിമവ്യാപാരം നടത്തുന്നു. ഉദാഹരണമായി ‘ബോക്കോ ഹറാം’ എന്ന ആഫ്രിക്കൻ സംഘടനയിലെ തീവ്രവാദികൾ പറയുന്നത് അവരുടെ മതം അടിമത്വം നിയമാനുസൃതമാക്കിയിട്ടുണ്ടെന്നാണ് ! പെൺകുട്ടികളെ വിദ്യാലയങ്ങളിൽ അയക്കുന്നത് പോലും അവർ വിലക്കുന്നു. തൊട്ടടുത്ത പാകിസ്താനിലും ചില പ്രദേശങ്ങളിൽ ഇത് നടക്കുന്നു. വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിൽ നൂറുകണക്കിന് സ്കൂളുകളാണ് തീവ്രവാദികൾ തീയിട്ടു നശിപ്പിച്ചത്. ഇതേ കാരണം പറഞ്ഞാണ് ഇറാഖിലും സിറിയയിലും ആവിർഭവിച്ച ‘ഇസ്ലാമിക് സ്റ്റേറ്റ്’ തീവ്രവാദികളും അടിമവ്യാപാരം വ്യാപകമായി നടത്തിവന്നത്. ആയിരക്കണക്കിന് യസീദി സ്ത്രീകളും കുട്ടികളും ഇസ്ലാമിക് സ്റ്റേറ്റിന്റെ അടിമവ്യാപാരത്തിന് ഇരകളായി.
മതതീവ്രവാദവും വംശീയതയും ജാതീയതയും വർഗീയതയും മനുഷ്യന്റെ പൊതുഇടങ്ങളെ അപ്രസക്തമാക്കിക്കൊണ്ടിരിക്കുന്നു. വർഗരാഷ്ട്രീയ തിരിച്ചറിവുകൾ ഒരു ഘട്ടത്തിൽ സാമൂഹികവിഷയങ്ങളെ അർത്ഥപൂർണ്ണമായി വിലയിരുത്താൻ സഹായിച്ചിരുന്നു. ആ സ്ഥാനത്തു ഇടുങ്ങിയ/പതുങ്ങിയ സ്വതബോധങ്ങൾ സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും വിലയിടുന്നു. ഈ സംഘർഷാത്മക ഘട്ടത്തിൽ ഒരു നല്ല ഇടനിലക്കാരനാകാൻപോലും കഴിയാതെ ഭരണകൂടം ചങ്ങാത്തമുതലാളിത്വത്തിന്റെ പ്രത്യക്ഷരക്ഷകരാകുന്നു. ഭരണകൂട സ്ഥാപനങ്ങൾ ഈ പുത്തൻകമ്പോള ‘സ്വാതന്ത്ര്യ’ത്തിന്റെ പ്രാദേശിക വില്പ്പനകേന്ദ്രങ്ങളാകുന്നു.
അപ്പോഴും, ഇനിയും മരിച്ചിട്ടിലാത്ത ‘സ്വതന്ത്ര്യം’ പുതിയൊരു ഘടികാരവും വാഗ്ദത്തഭൂമിയും തേടി യാത്ര തുടരും.