നവതിയിൽ എത്തിയ മലയാള സിനിമാരംഗത്തെ അതികായൻ മധുവിന് ഒരായിരം ആശംസകൾ.
ഏറ്റവും ഒടുവിൽ മധുവിനെ കാണുന്നത്, ഒരു വേദി പങ്കിടുന്നത് 2016-ൽ. സർവകലാശാലയുടെ സ്കൂൾ ഓഫ് ലെറ്റേഴ്സ് സ്ഥാപക ഡയറക്ടർ ആയിരുന്ന ജി. ശങ്കരപിള്ളയുടെ അനുസ്മരണത്തിനു കോട്ടയത്ത് വന്നപ്പോൾ. ശങ്കരപിള്ള ഞങ്ങളുടെ സഹപ്രവർത്തകനും കുടുംബസുഹൃത്തുമായിരുന്നു. മധുവിന്റെ ആദ്യകാല നാടക/അഭിനയ ജീവിതത്തിൽ ശങ്കരപിള്ളയ്ക്ക് വലിയ പങ്കുണ്ടായിരുന്നതായി മധു ഓർത്തെടുത്തു. ചിറയിൻകീഴിൽ ഞങ്ങളുടെ കുടുംബപരിസരത്തും കുടുംബക്കാരുമായി അടുത്തബന്ധമുള്ള സിനിമ/നാടകക്കാരായിരുന്നു പ്രേംനസീർ, ജി.ശങ്കരപ്പിള്ള, ഗോപി, തുടങ്ങിയവർ. മധുവിന്റെ നാടക/ സിനിമാ ജീവിതത്തിൽ ഇവരെല്ലാം വലിയ പങ്കുവഹിച്ചവരായിരുന്നു.
ശങ്കരപിള്ള അനുസ്മരണചടങ്ങിനിടയിൽ മിനി ഓടിനടന്നു പടമെടുക്കുന്നതു കണ്ടപ്പോൾ മധു അടുത്ത് വിളിച്ചു ചോദിച്ചു, ഒന്നിച്ചു പടമെടുക്കണ്ടേ എന്ന്. ഭർത്താവാണ് തൻറെ കൂടെയിരിക്കുന്നതെന്നു പറഞ്ഞപ്പോൾ, മധുവിന് കൂടുതൽ ആവേശമായി. പോകുമ്പോൾ തിരുവനന്തപുരത്തു വീട്ടിൽ വരണമെന്നും പറഞ്ഞു. എന്നാൽ നിരവധി തവണ കണ്ണൻമൂലയിലൂടെ പോകുമ്പോഴെല്ലാം കയറാൻ സാധിക്കാത്തതിൽ ദുഃഖമുണ്ടായിട്ടുണ്ട്.
എഴുപതുകളിലും എൺപതുകളിലും ഞങ്ങളുടെ കൗമാരവും യൗവ്വനവും എല്ലാം ഭാവസാന്ദ്രമാക്കിയത് മലയാള നോവലുകളിലെ ചില കഥാപാത്രങ്ങളാണ് എന്ന് പറയുന്നതിൽ തെറ്റില്ല. അതിനു ഭാവുകത്വം നൽകിയ നടന്മാരാണ് സത്യനും മധുവുമെല്ലാം. പേരെടുത്തു പറയാൻ വേറെയും നിരവധി പേരുണ്ട്. മധുവിന്റെയും സത്യൻെയും അനശ്വര കഥാപാത്രങ്ങൾ നിറഞ്ഞാടിയ മിക്ക സിനിമകളും അക്കാലത്തു തന്നെ കണ്ടിട്ടുണ്ട്. കാണാതെപോയതു പിൽക്കാലത്തു തേടിപ്പിടിച്ചു കാണാനും സാധിച്ചിട്ടുണ്ട്.
പല അനശ്വര കഥാപാത്രങ്ങളും പല അനശ്വര ഗാനങ്ങളും ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്നു. മധു “പാടിയ” പാട്ടുകൾ എന്നാൽ അത് ഹൃദയത്തിൽ തട്ടിയതായിരിക്കും.
“എന്‍റെ സൂര്യൻ എരിഞ്ഞടങ്ങി
ഈ സന്ധ്യതൻ സ്വർണ്ണമേടയിൽ
എന്‍റെ കുങ്കുമപ്പാടമാകവേ
ഇന്നു കത്തിയെരിഞ്ഞു പോയ്
മേഘമായ് മേഘരാഗമായ് വരൂ
വേഗമീ..തീ കെടുത്തുവാൻ..”
1977-ൽ എം.ജി.കോളേജിൽ പ്രീഡിഗ്രിക്കു പഠിക്കുന്ന കാലത്താണ് ‘യുദ്ധകാണ്ഡം’ ഇറങ്ങുന്നത്. മനസ്സിൽ നിന്നും മായാത്ത ഒത്തിരി പാട്ടുകളിൽ ഒന്നായിരുന്നു, ഓ.എൻ.വി/കെ.രാഘവൻ, പി. ഭാസ്കരൻ/കെ.രാഘവൻ ടീമിൻറെതായി വന്നു കൊണ്ടിരുന്നത്. മിക്കതും മധുവിന്റെ ചുണ്ടുകളിൽ കൂടി. മധുവും എം.ജി.കോളേജിൽ പ്രീഡിഗ്രിക്കു പഠിച്ച ഒരാളായിരുന്നു. മോഹൻലാൽ എന്റെ ഒരു വർഷം സീനിയർ ആയി അന്ന് എം.ജി.കോളേജിൽ ഉണ്ട്. സിനിമയൊന്നും അന്ന് തുടങ്ങിയിട്ടില്ല. യൂണിവേഴ്സിറ്റി കോളേജിൽ എത്തുമ്പോൾ കേൾക്കുന്നത് അവിടെയും മധു ഒരു പൂർവ്വവിദ്യർത്ഥിയായിരുന്നു എന്നാണ്.
ഞാൻ മധുവിനെ നേരിട്ട് കാണുന്നത് 1980-ൽ ആണെന്നാണ് ഓർമ. മുഹമ്മദ് എളാപ്പയുടെ മകൻറെ വിവാഹ ദിവസം. മധുവിന്റെ അടുത്ത സുഹൃത്തായ ബഹദൂർ എളാപ്പയും അവിടെ ഉണ്ടായിരുന്നു. വാപ്പിയുടെ മരണശേഷം ഞങ്ങളുടെ പിതാവിന്റെ സ്ഥാനത്തു നിന്നു ഞങ്ങളെ വാത്സല്യപൂർവ്വം നോക്കിയ മുഹമ്മദ് എളാപ്പ തലസ്ഥാനത്തെ അന്നത്തെ പ്രമുഖരുമായെല്ലാം വലിയ അടുപ്പമുള്ള ആളായിരുന്നു. ഞങ്ങളുടെ അടുത്ത ബന്ധുകൂടിയായ ബഹദൂർ എളാപ്പ തിരുവനന്തപുരത്തുള്ളപ്പോഴെല്ലാം ജവാഹർ നഗറിലെ മുഹമ്മദ് എളാപ്പയുടെ വീട്ടിൽ ആയിരിക്കും. മധു ഉമാസ്റ്റുഡിയോ ആരംഭിക്കുന്ന കാലത്തു ഇവരുടെയെല്ലാം സഹായവും സേവനവും തേടിയിരുന്നു എന്ന് കേട്ടിട്ടുണ്ട്. അക്കാലത്തു ഉമാസ്റ്റുഡിയോയിൽ നിർമിച്ച പല സിനിമകളും കാണാൻ സാധിച്ചിട്ടുമുണ്ട്. ഒരിക്കൽ സ്റ്റുഡിയോ കാണാൻ വട്ടിയൂർക്കാവിനടുത്തു പോയത് ഓർക്കുന്നു.
മധുവിന്റെ സിനിമാഭൂപടം അതിവിശാലമാണ്. നടനും, നിർമാതാവും, സംവിധായകനും എല്ലാം കൂടിച്ചേർന്ന അതിവിശാലമായ മണ്ഡലം. മലയാള സിനിമയിൽ അങ്ങനെ കൈവെച്ചു പോയവർ വിരളം. എത്രയോ മികച്ച സിനിമകൾ. സ്വന്തം നിർമിതിയിലും സംവിധാനത്തിലും കൂടി വന്ന നിരവധി ചിതങ്ങൾ. മറ്റനേകം സിനിമകളിൽ എന്നും ഓർത്തുവെക്കാൻ പറ്റുന്ന ഒട്ടേറെ കഥാപാത്രങ്ങൾ. പഴയ പല ഗാനങ്ങളും ഇന്നും കേൾക്കുമ്പോൾ മധുവിന്റെ കഥാപാത്രങ്ങൾ പുനർജനിക്കുന്നമാതിരി.
നവതിയിലും മലയാള സിനിമയുടെ യൗവനം കാത്തുസൂക്ഷിക്കുന്ന, ഹൃദയത്തിൻ തന്ത്രികൾ എന്നും തട്ടിയുണർത്തുന്ന മധുവിനു ഒരായിരം ആശംസകൾ..
താരക കണ്ണെഴുതി വിണ്ണിലെ തൂവെള്ള
താമരപ്പൂവൊന്നു ചൂടി
വെണ്മുകിൽ തൂവാല തുന്നിയിരിക്കുന്നു
കണ്ണിൽ കവിതയുമായീ-
മണിവീണക്കമ്പിയെ ചുംബിച്ചുണർത്തുന്ന
മലരണിക്കൈ വിരൽ പോലെ
ഹൃദയത്തിൻ തന്ത്രികൾ തട്ടിയുണർത്തുന്നു
അനുരാഗസുന്ദരസ്വപ്നം…..