മാതൃഭൂമിയിൽ ഇതിന്റെ സംക്ഷിപ്ത രൂപം (27 ഡിസംബർ 2022) പ്രസിദ്ധീകരിച്ചു.

കെ.എം. സീതി


കേരളീയ ആധുനികത വ്യത്യസ്തമായ സാമൂഹിക പോരാട്ടങ്ങളിലൂടെയും ബൗദ്ധിക-ശാക്തീകരണ-നവീകരണ-പരിഷ്കരണ സംരംഭങ്ങളിലൂടെയും രൂപപ്പെട്ട ഒരു പ്രതിഭാസമായിരുന്നു. സാമൂഹികമാറ്റത്തിന്റെ മൂലശക്തിയായി പ്രവർത്തിച്ച ഈ സംരംഭങ്ങളെ “നവോത്ഥാനം” എന്നെല്ലാം വിളിക്കാറുണ്ടെങ്കിലും യൂറോപ്യൻ സാഹചര്യങ്ങളിൽ നിന്നും വ്യത്യസ്തമായ സാമൂഹിക രാഷ്ട്രീയ ജീവിതാനുഭവങ്ങളുടെ കൂടിച്ചേരൽ ആയിരുന്നു അത്. മണ്മറഞ്ഞു പോയതിനെ കണ്ടെത്തുകയല്ല, മറിച്ച് മറച്ചുപിടിക്കപ്പെട്ട അസമത്വത്തിന്റെ ശീലങ്ങളെയും ആചാരപ്പെരുമയെയും മറികടന്നും തലകീഴ് മറിച്ചും മുന്നേറിയ വ്യത്യസ്ത ഇടപെടലുകളുടെ നേർക്കാഴ്ചയായിരുന്നു കേരളീയ ആധുനികതയുടെ പ്രത്യേകത. ലിംഗനീതിയ്ക്കും തുല്യതയ്ക്കും അവകാശങ്ങൾക്കും വേണ്ടിയുള്ള ഈ പോരാട്ടങ്ങളെ ‘നവോത്ഥാനം’ എന്ന് ഒറ്റവാക്കിൽ ഒതുക്കാമോ എന്നത് ഇനിയും ചർച്ച ചെയ്ത് തീർപ്പാക്കേണ്ട കാര്യമാണ്. എന്നാൽ കേരളീയ ആധുനികതയ്ക്കു അടിത്തറയിട്ട സാമൂഹിക പ്രക്രിയയുടെ നിർണായകഘട്ടങ്ങളിൽ ഉൽപതിഷ്ണുക്കളായ ഒട്ടനവധിപേർ വ്യത്യസ്ത മണ്ഡലങ്ങളിൽ നിന്നും പ്രവർത്തിക്കുകയും പോരാടുകയും ചെയ്തിട്ടുണ്ട്. നാരായണഗുരുവും, അയ്യങ്കാളിയും മക്തിതങ്ങളും, വാഗ്ഭടാനന്ദനും, പൊയ്കയിൽ അപ്പച്ചനും, വിടി ഭട്ടതിരിപ്പാടും, വക്കം മൗലവിയും എല്ലാം കേരളത്തിൻറെ ബൗദ്ധിക-സാമൂഹിക ശാക്തീകരണ പ്രക്രിയയിലെ നിർണായക കണ്ണികളാണ്. മുഖ്യധാരയിൽ വാഴ്ത്തപ്പെടാത്ത നിരവധി പേർ ഇപ്പോഴും ചരിത്രത്തിൻറെ പിന്നാമ്പുറത്തോ ഓരത്തോ നിൽക്കുന്നുണ്ട്. ഇവരെല്ലാം മുന്നോട്ടു വെച്ച ആശയങ്ങൾ ആത്യന്തികമായി തുല്യതയ്ക്കും നീതിക്കും വേണ്ടിയുള്ള സാമൂഹിക ശബ്ദങ്ങൾ ആയിരുന്നു.

വക്കം മൗലവിയുടെ 150 -ാം ജന്മദിനം ഒരർത്ഥത്തിൽ ഓർമ്മപ്പെടുത്തലുകളുടെ ദിനം കൂടിയാണ്. ചരിത്രത്തിൻറെ പിന്നാമ്പുറത്തേക്ക് ചാഞ്ഞുകൊണ്ടിരുന്ന ഈ മഹത് വ്യക്തിത്വത്തെ വീണ്ടെടുക്കുന്നത് എഴുപതുകളിലാണ്. കേരളത്തിൽ ഇങ്ങനെയൊരു മനുഷ്യൻ ജീവിച്ചിരുന്നതായി സ്വാതന്ത്ര്യം കിട്ടി എത്രയോ വർഷങ്ങൾ കഴിഞ്ഞിട്ടും പലർക്കും ഓർക്കാൻ കൂടി കഴിഞ്ഞില്ല എന്നതാണ് സത്യം. അക്കാലങ്ങളിലെ കേരള ചരിത പുസ്തകങ്ങളിൽ കേവലമൊരു അടിക്കുറിപ്പായി മാത്രം മൗലവിയെ കണ്ടിരുന്നു. ആകെക്കൂടി ‘സ്വദേശാഭിമാനി’ പത്രം സ്ഥാപിച്ച ഒരു വ്യക്തി എന്നതിൽ കവിഞ്ഞ് ഒരു സമൂഹത്തെ ആകമാനം സ്വാധീനിച്ച ഒരു മഹാപ്രതിഭയുടെ വ്യത്യസ്തമായ ഇടപെടലുകളെ പൊതുവേ സമൂഹം തമസ്കരിക്കുകയായിരുന്നു.

ബോധപൂർവ്വവും അല്ലാതെയുമുള്ള ഈ തമസ്കരണത്തിനു ദീർഘനാളത്തെ ചരിത്രപശ്ചാത്തലം ഉണ്ട്. വക്കം മൗലവി എന്തിനുവേണ്ടി നിലകൊണ്ടിരുന്നുവോ അതിനു കടകവിരുദ്ധമായി പ്രവർത്തിച്ച പ്രസ്ഥാനങ്ങളുടെ വളർച്ചയും വ്യാപനവും ഈ തമസ്കരണത്തിനു വഴിയൊരുക്കി. മാത്രമല്ല അദ്ദേഹം നേതൃത്വം കൊടുത്തും അല്ലാതെയും ഉയർത്തിക്കൊണ്ടുവന്ന പ്രസ്ഥാനങ്ങൾ (കൊടുങ്ങലൂരിലെ “ഐക്യസംഘം’ ആലപ്പുഴയിലെ “ലജനത്തുൽ മുഹമ്മദിയ്യ സംഘം” ” ചിറയിൻകീഴ് താലൂക്ക് മുസ്ലിം സമാജം” തുടങ്ങിയവ) മൗലവിയുടെ കാലത്തുതന്നെ ക്ഷയിച്ചു തുടങ്ങി. പലതും എന്നെന്നേയ്ക്കുമായി മണ്മറഞ്ഞു. 1930-കളിൽ ദേശീയപ്രസ്ഥാനത്തിൽ രൂപപ്പെട്ട “മുസ്ലിം പ്രശ്നം” പല വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും കളംമാറി പ്രവർത്തിക്കാൻ വഴിയൊരുക്കി.

കേരളത്തിൽ സമുദായ രാഷ്ട്രീയ രൂപങ്ങളുടെ ആവിർഭാവവും വളർച്ചയും സമുദായത്തിൻറെ ആകമാന മാറ്റത്തിനല്ല, മറിച്ച് രാഷ്ട്രീയ വിലപേശലുകൾക്കും അധികാര രാഷ്ട്രീയത്തിനും വേണ്ടിയുള്ള വളക്കൂറുള്ള മണ്ണ് ഉണ്ടാക്കി. മുന്നണി രാഷ്ട്രീയത്തിൽ ഇന്നും ഇത്തരം പ്രസ്ഥാനങ്ങൾ അധികാര താല്പര്യങ്ങൾക്കപ്പുറം സഞ്ചരിക്കാൻ ശ്രമിച്ചിട്ടില്ല. സ്വാഭാവികമായും ഇത്തരം പ്രസ്ഥാനങ്ങൾ എന്നും (ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നത്) അവരുടെ സംഘടനകളുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന മഹാന്മാരെ മാത്രം ഉയർത്തിക്കാട്ടാനാണു. എന്നാൽ അവർക്കെല്ലാം ബൗദ്ധിക അടിത്തറ നൽകിയ, അവരെ സ്വാധീനിച്ച വക്കം മൗലവിയെ പോലുള്ളവരെ പിന്നിലേക്ക് തള്ളി.

അതിൻറെ കാരണങ്ങൾ വ്യക്തമാണ്. മൗലവിയുടെ മതബോധം യാന്ത്രികവും കേവലം അനുഷ്ഠാനപരവും ആയിരുന്നില്ല. യാഥാസ്ഥിതിക മതമൗലികവാദത്തെയും ലിംഗ അസമത്വത്തെയും ശക്തമായി എതിർത്തിരുന്ന മൗലവി ഇസ്ലാമിനെ ജൈവപരമായി കാണാനാണ് ആഗ്രഹിച്ചത് . ഇസ്ലാമിനെക്കുറിച്ചുള്ള പഠനങ്ങൾ യാന്ത്രികമായി മാറിയ ആ കാലഘട്ടത്തിൽ മാതൃഭാഷകളിൽ അതിനെ വിവർത്തനം ചെയ്തു വ്യാഖ്യാനിച്ച് മുന്നോട്ടുപോകാനാണ് സമുദായം ശ്രമിക്കേണ്ടത് എന്ന് അദ്ദേഹം നിരന്തരം ഉദ്ബോധനം നടത്തി. ഇംഗ്ലീഷും മലയാളവും യാഥാസ്ഥിതികർ പറയുന്നപോലെ “നരകത്തിന്റെ ഭാഷ”യല്ലന്നും നാഗരികതയുടെ സാംസ്കാരിക ആവിഷ്കാരങ്ങൾ ആണെന്നും മൗലവി എഴുതി.

ഖുർആൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു തുടങ്ങിയ അദ്ദേഹം ഇസ്ലാമിക വ്യാഖ്യാന ശാസ്ത്രത്തിൻറെ മൗലിക ധാരകളെ ഉൾക്കൊണ്ടാണ് മുന്നോട്ടുപോയത്. “ഇജ്തിഹാദി” ന്റെ (സ്വതന്ത്ര വ്യാഖാനത്തിനുള്ള അവകാശം) അനിവാര്യത ബോധ്യപ്പെട്ട മൗലവി തന്റെ ഖുർആൻ വ്യാഖാനത്തിനു അത് പ്രയോജനപ്പെടുത്തി. ഖുർആൻ വിവർത്തനം പൂർണമാകുന്നതിനുമുമ്പ് മൺമറഞ്ഞ മൗലവിയുടെ ഇതര ലേഖനങ്ങളും പ്രഭാഷണങ്ങളും ഭാവി വിവർത്തകർക്കു എക്കാലത്തെയും മാർഗ്ഗദർശനങ്ങളായിരുന്നു.

വക്കം മൗലവിയെ മറ്റ് പരിഷ്കരണവാദികൾ നിന്നും വ്യത്യസ്തമാക്കുന്ന ചില കാര്യങ്ങൾ കൂടിയുണ്ട്. അതാണ് യഥാർത്ഥത്തിൽ യാഥാസ്ഥിതികർക്കു ഇന്നും ഉൾക്കൊള്ളാൻ കഴിയാത്തതായി നിൽക്കുന്നത്. ഒന്നാമതായി അദ്ദേഹം അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തുറന്നെതിർത്തു. ഇസ്ലാമിൻറെ പേരിൽ നടത്തിവന്ന എല്ലാ കൊള്ളരുതായ്മകളും മൗലവി തുറന്നുകാട്ടി. ഇതിൻറെ പേരിൽ ആണ് മൗലവിക്ക് “വഹാബി” പട്ടം യാഥാസ്ഥിതികർ നൽകിയത്. മൗലവിയുടെ ലേഖനങ്ങളിൽ മറ്റു പലരെയും പോലെ ഇബിനു അബ്ദുൽ വഹാബിനെ കുറിച്ച് പറയുന്നത് വളരെ തെറ്റിദ്ധാരണജനകമാംവിധം യാഥാസ്ഥിക മൗലവിമാർ പ്രചരിപ്പിക്കുന്നത് കണ്ടിട്ടാണ് “എന്താണ് വഹാബിയത്വം” എന്ന ലേഖനം പിന്നീട് അദ്ദേഹം എഴുതി വിശദീകരിച്ചത്. മറ്റു ചിലർ വക്കം മൗലവിയെ “തീവ്ര സലഫി” ആയി ചിത്രീകരിക്കാൻ തുടങ്ങി. യഥാർത്ഥത്തിൽ സലഫി പാരമ്പര്യത്തെ യാന്ത്രികമായി പിന്തുടരാൻ അല്ല അദ്ദേഹം ആഹ്വാനം ചെയ്തതു.

ആധുനികതയെ ഇസ്ലാമിക പാരമ്പര്യങ്ങൾ എപ്രകാരം ഉൾക്കൊള്ളണമെന്ന ഈജിപ്ഷ്യൻ പണ്ഡിതനായ മുഹമ്മദ് അബ്ദുവിന്റെ നിരീക്ഷണങ്ങൾ സ്വാംശീകരിച്ചാണ് വക്കം മൗലവി കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോയത്. സൂഫിവര്യനായ ഇമാം ഗസാലി, സർ സയ്യിദ് അഹമ്മദ് ഖാൻ, ജമാലുദ്ദീൻ അഫ്ഗാനി, റഷീദ് റിദ, ഷാ വലിയുള്ള തുടങ്ങിയവരെല്ലാം മൗലവിയെ സ്വാധീനിച്ച മറ്റു വ്യക്തിത്വങ്ങളാണ്.

ആ അർത്ഥത്തിൽ വക്കം മൗലവി യാഥാസ്ഥിതികർ ആരോപിക്കുന്നതുപോലെ കടുത്ത വഹാബി-തീവ്ര സലഫി ആയിരുന്നില്ല. അങ്ങനെയെല്ലാം ആയിരുന്നെങ്കിൽ ശരീയത്തിനെക്കുറിച്ചുള്ള മൗലവിയുടെ നിലപാടുകൾ അതുമായി ചേർന്നുപോകുകയുമില്ല. മതനിയമങ്ങളെക്കുറിച്ചുള്ള നിലപാടുകൾ വിശദീകരിക്കുമ്പോൾ മൗലവി നിലപാട് വ്യക്തമാക്കി. ആത്മീയ വിഷയങ്ങൾക്ക് സാർവ്വജനീനത്വം ഉണ്ടെങ്കിലും ലൗകിക കാര്യങ്ങളിൽ ദേശകാലവ്യത്യാസമനുസരിച്ച് ഭേദപ്പെടാവുന്നതാണെന്നും അവയെ ക്ലിപ്തമായ പരിധികൾക്കുള്ളിൽ തളച്ചിടാവുന്നതല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇത്തരം വിഷയങ്ങളിൽ ഗുണങ്ങളെ ഗ്രഹിക്കുക, ദോഷങ്ങളെ നിരസിക്കുക, അവകാശങ്ങൾ സമമാകുന്നു, അനീതി ചെയ്യരുത്, അക്രമം ചെയ്യരുത്, തുടങ്ങിയ പൊതുനിയമങ്ങളെയാണ് സ്വീകരിക്കേണ്ടതെന്നും മൗലവി എഴുതി. വാസ്തവത്തിൽ മുഹമ്മദ് അബ്ദു ഇത്തരത്തിൽ നടത്തിയ പല നിരീക്ഷണങ്ങളും മൗലവി പൂർണമായും ഉൾക്കൊണ്ടു. അക്കാലത്ത് ഈജിപ്തിൽനിന്നും മൗലവി വരുത്തിയിരുന്ന “അൽ-മനാർ” മാസിക ഇതിൻറെ ബൗദ്ധിക അടിത്തറ ഒരുക്കി. അൽ-മനാറിൽ മൗലവിയും ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.

1905-ൽ ആരംഭിച്ച “സ്വദേശാഭിമാനി” യും പിന്നീട് പ്രസിദ്ധീകരിച്ച “മുസ്ലിം” (1906), “അൽ-ഇസ്ലാം (1918), “ദീപിക” (1931) തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളും മൗലവിയുടെ ബൗദ്ധിക സാമൂഹിക ഇടപെടലുകളുടെ ദൃഷ്ടാന്തങ്ങളാണ്. ആധുനിക വിദ്യാഭ്യാസം, സ്ത്രീസമത്വം, മതനവീകരണം തുടങ്ങിയ വിഷയങ്ങളിലുള്ള അദ്ദേഹത്തിൻറെ മൗലിക വീക്ഷണങ്ങൾ തൻറെ എഴുത്തിലും പ്രഭാഷണങ്ങളിലും കൂടി അവതരിപ്പിക്കുകയായിരുന്നു മൂന്നു പതിറ്റാണ്ടിലേറെക്കാലം.

യാഥാസ്ഥിതികർ വക്കം മൗലവിയുടെ പ്രവർത്തനങ്ങളെ ശക്തമായ എതിർത്തിരുന്നു എങ്കിലും അദ്ദേഹത്തിൻറെ ഇടപെടലുകൾ സമുദായത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായി. പെൺകുട്ടികൾ വിദ്യാലയങ്ങളിലേക്ക് പോകാൻ തുടങ്ങിയതും, മദ്രസാ വിദ്യാഭ്യാസം പരിഷ്കരിച്ചു ഇതര വിഷയങ്ങൾകൂടി പഠിപ്പിക്കാൻ തുടങ്ങിയതും സമുദായത്തിൽ ആധുനികതയുടെ വരവിനെ അടയാളപ്പെടുത്തി. ഒരു നൂറ്റാണ്ടിനിപ്പുറം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു നേരെ വാതിലുകൾ കൊട്ടിയടക്കപ്പെട്ട “താലിബാൻ സംസ്കാരം” ചർച്ചചെയ്യപ്പെടുന്ന ഇക്കാലത്ത് മൗലവിയുടെ നിലപാടുകളും നിരീക്ഷണങ്ങളും എത്രത്തോളം പ്രസക്തമാണ് എന്ന് പറയേണ്ടതില്ല. സലഫി-വഹാബി പാരമ്പര്യം അവകാശപ്പെടുന്ന “താലിബാൻ ഇസ്ലാം” എത്രത്തോളം മനുഷ്യവിരുദ്ധവും സ്ത്രീവിരുദ്ധവുമാണെന്ന് ബോധ്യപ്പെടുന്ന നിരവധി സന്ദർഭങ്ങളും ഇന്ന് ലോകത്തിനു മുന്നിൽ ഉണ്ട്.

വക്കം മൗലവി സ്ഥാപിച്ച “സ്വദേശാഭിമാനി” യുടെ മുഖമുദ്ര “ഭയകൗടില്യ ലോഭങ്ങൾ വളർക്കില്ലൊരു നാടിനെ” എന്നായിരുന്നു. രാമകൃഷ്ണപിള്ള പത്രാധിപത്യം ഏറ്റെടുക്കുന്നതിനു മുമ്പ് തന്നെ ഈ വിളംബരം വന്നിരുന്നു എന്ന് ഓർക്കുക.  പത്രപ്രവർത്തനരംഗത്ത് ഇന്ത്യയിൽ തന്നെ ഇത്തരമൊരു പരീക്ഷണം ആദ്യമായിരുന്നു. അഞ്ചു വർഷം നീണ്ട ആ നിർഭയ പത്രപ്രവർത്തനം അധികാരകേന്ദ്രങ്ങളും അവരുടെ ദല്ലാളന്മാർക്കും ഭീഷണി ആയപ്പോൾ കണ്ടുകെട്ടി. 1910-ൽ രാമകൃഷ്ണപിള്ളയെ നാടുകടത്തി. പത്രം ഉടമ എന്ന നിലയിൽ എഡിറ്റോറിയൽ കാര്യങ്ങളിലും വാർത്താ വിന്യാസത്തിലും മൗലവി ഇടപെട്ടില്ല. രാമകൃഷ്ണപിള്ള തന്റെ “തൂലിക പടവാളാ”ക്കിയത്തിന്റെ ഊർജ്ജം ഇത്രയും ജനാധിപത്യപരമായ നിലനിന്ന ഉടമ-എഡിറ്റ്ർ ബന്ധമാണ്. നിർഭയ പത്രപ്രവർത്തനത്തിനു ഏറെ വെല്ലുവിളികൾ ഉയർന്ന ഇക്കാലത്ത് “സ്വദേശാഭിമാനി” നിലപാടുകൾ കൊണ്ടും നിരീക്ഷണങ്ങൾ കൊണ്ടും വേറിട്ട് നിൽക്കുന്നു . മാപ്പെഴുതി കൊടുത്താൽ പ്രസ് തിരിച്ചു നൽകാമെന്ന പ്രലോഭനങ്ങൾക്ക് മൗലവി വഴങ്ങിയില്ല. “എൻറെ പത്രാധിപർ ഇല്ലാത്ത പത്രം തനിക്കെന്തിന് ” എന്ന് അദ്ദേഹം ചോദിച്ചു.

സ്വദേശാഭിമാനി” പ്രസ്സ് കണ്ടുകെട്ടിയെങ്കിലും മൗലവി തന്റെ എഴുത്തും പ്രഭാഷണങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളിലൂടെ തുടർന്നു. സ്വത്തും സമ്പാദ്യവും എല്ലാം ദീർഘനാളത്തെ സാമൂഹിക ജീവിതത്തിന് പണയപ്പെടുത്തിയ മൗലവി മണ്മറഞ്ഞത് തന്റെ ബൗദ്ധിക ഒസ്യത്തു മാത്രം ബാക്കിവെച്ചാണ്. പുതിയ തലമുറയിലെ (മത-സമുദായ-രാഷ്ട്രീയ) നേതാക്കൾക്ക് സങ്കൽപ്പിക്കാനാവുമോ ഇതെല്ലാം?

വക്കം മൗലവിയുടെ ജീവിതവും ദൗത്യവും യഥാർത്ഥത്തിൽ കാലദേശങ്ങൾ കടന്നുപോകുന്ന സാർത്ഥക സഞ്ചാരമാണ്. അതാരും തിരിച്ചറിയുന്നില്ലെങ്കിലും ആ സഞ്ചാരത്തിന്റെ നീക്കിയിരിപ്പുകൾ ഇപ്പോഴും നമ്മോടൊപ്പമുണ്ട്.