ദേശാഭിമാനി, 6 മാർച്ച് 2026

മൂലധനസമാഹരണത്തിന്റെ രാഷ്ട്രീയഅനിവാര്യതയാണ് സാമ്രാജ്യത്വത്തിന്റെ സൈനികാധിപത്യം എന്ന് പറഞ്ഞത് റോസാ ലക്സംബർഗ്.  ഒരു നൂറ്റാണ്ടുമുമ്പത്തെ ഈ നിരീക്ഷണം വർത്തമാനകാലത്തെ യുദ്ധാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിൽ അക്ഷരാർത്ഥത്തിൽ ശരിയാണ്. സൈനികവാദം (militarism) എന്നത് അമേരിക്കൻ സാമ്രാജ്യത്വചരിത്രത്തിൽ, കരാറുകൾ, സൈനികതാവളങ്ങൾ, നിരീക്ഷണസംവിധാനങ്ങൾ എന്നിവയിലൂടെ ലാഭം കൊയ്യുന്ന ഒരു വ്യവസ്ഥിതിയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. സമാധാനം എന്നത് അവിടെ ലാഭകരമല്ലാത്ത ഒരു കച്ചവടമായി മാറുന്നു.

നയതന്ത്രചർച്ചകൾക്കിടയിൽ ഇറാനെതിരിയുള്ള കടന്നാക്രമണം നേരെത്തെ തീരുമാനിച്ചുറപ്പിച്ച ഒരു നീക്കം തന്നെയായിരുന്നു.  ആദ്യം ആക്രമിച്ച് കീഴടക്കുക, പിന്നീട് വിശദീകരണം നൽകുക എന്ന പഴയ സാമ്രാജ്യത്വശൈലി  പശ്ചിമേഷ്യയിൽ വീണ്ടും പ്രയോഗിച്ചുകൊണ്ട് അമേരിക്കയും ഇസ്രയേലും യുദ്ധത്തിന് പുതിയ മാനങ്ങൾ നൽകിയിരിക്കയാണ്. ഇതിനെ അവർ ‘മുൻകൂട്ടിയുള്ള പ്രതിരോധനടപടി’ (pre-emption) എന്നും  ‘മുൻകൂട്ടിയുള്ള പ്രതിരോധ തടയൽ’ (deterrence) എന്നും വ്യവഹരിക്കുന്നു. ഈ ശൈലി മുമ്പും ലോകത്തിനു പരിചിതമാണ്. ഒരു രാജ്യത്തെ തകർക്കുക, പിന്നീട് ആ അവശിഷ്ടങ്ങൾക്കിടയിൽ സമാധാനം ഉണ്ടാകുന്നില്ലല്ലോ എന്ന് പറഞ്ഞു അത്ഭുതം കൂറുക!

ഇറാന്റെ ആണവപദ്ധതികളും മിസൈൽ ശേഖരവുമാണ് ഇതിന് പുറമെ പറയുന്ന ന്യായങ്ങൾ. എന്നാൽ ആക്രമണത്തിന്റെ ആഴവും തകർക്കാൻ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളും കാണിക്കുന്നത് മറ്റൊരു ലക്ഷ്യത്തിലേക്കാണ്. രാഷ്ട്രീയമായ ഉന്മൂലനവും ഭരണകൂട മാറ്റവും (regime change). ഇറാനികൾ ഭരണകൂടത്തിനെതിരെ കലാപം നടത്തണമെന്ന ആഹ്വാനവും, വിദേശ സൈനികശക്തി ഉപയോഗിച്ച് ഒരു പരമാധികാര വ്യവസ്ഥയെ അട്ടിമറിക്കണമെന്ന നിർദ്ദേശവും സാമ്രാജ്യത്വശക്തികൾക്കല്ലാതെ മാറ്റർക്കും ചെയ്യാൻ കഴിയില്ല. ഇവിടെ സ്വാഭാവികമായും ഒരു ചോദ്യം ഉയരുന്നു. നിലവിലെ ഭരണകൂടം വീണാൽ പിന്നെ ആര് ഭരിക്കും? അവിടെ കൃത്യമായ ഒരു അധികാരകൈമാറ്റ പദ്ധതിയോ, വിശ്വസനീയമായ ബദൽസഖ്യമോ, ഒരു രാഷ്ട്രീയഅസ്ഥിരത ഒഴിവാക്കാനുള്ള ചട്ടക്കൂടോ നിലവിലില്ല. “ഭരണകൂടമാറ്റം” എന്നത് വെറുമൊരു അട്ടിമറിയായി മാത്രമാണ് ഇവിടെ കാണുന്നത്. ഇറാഖും ലിബിയയും അഫ്ഘാനിസ്ഥാനും  അത്തരമൊരു അനുഭവം എങ്ങനെ അവസാനിക്കുമെന്ന് ലോകത്തിന് നേരത്തെ കാട്ടിക്കൊടുത്തിട്ടുള്ളതാണ്.

നിയമസാധുതയില്ലാത്ത ആക്രമണം ആഗോളവ്യവസ്ഥയിൽ കടുത്ത വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്‌.  ഉടനടിയുണ്ടാകാൻ സാധ്യതയുള്ള ഒരു ആക്രമണത്തിനെതിരെയുള്ള സ്വയംരക്ഷയ്ക്കോ, അല്ലെങ്കിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാകൗൺസിലിന്റെ അംഗീകാരത്തോടെയോ മാത്രമേ അന്താരാഷ്ട്ര നിയമമനുസരിച്ച് സൈനികശക്തി ഉപയോഗിക്കാൻ അനുവാദമുള്ളൂ. ഒരു രാജ്യം എന്നെങ്കിലും എന്തെങ്കിലും ചെയ്തേക്കാം എന്ന ഭയത്താൽ നടത്തുന്ന “മുൻകൂർ യുദ്ധങ്ങൾ” (preventive war) 1945-ന് ശേഷമുള്ള ലോകക്രമം നിയമവിരുദ്ധമാക്കിയതാണ്. ഈ നിരോധനം ലംഘിക്കപ്പെട്ടാൽ, “നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള ആഗോളക്രമം” എന്നത് വെറുമൊരു മിഥ്യയായി മാറും.

ആണവായുധങ്ങളെക്കുറിച്ചുള്ള വ്യവഹാരങ്ങളിലാണ് ഈ ധാർമ്മികവൈരുദ്ധ്യം മറനീക്കി പുറത്തുവരുന്നത്. ലോകത്തെ പ്രധാന ആണവശക്തികളിൽ ഒന്നായി അമേരിക്ക തുടരുന്നു. ആണവായുധവ്യാപനനിരോധനകരാറിന് (എൻപിടി) പുറത്തുള്ള ഇസ്രായേൽ, വെളിപ്പെടുത്താത്ത ആണവശേഖരം കൈവശം വെച്ചിട്ടുണ്ടെന്ന് ഇന്ന് എല്ലാവർക്കും  അറിയാം. കരാറിൽ ഒപ്പിട്ടിട്ടുള്ള ഇറാനാകട്ടെ, തങ്ങളുടേത് സമാധാനപരമായ ആവശ്യങ്ങൾക്കുള്ള പദ്ധതിയെന്ന് തറപ്പിച്ചു പറയുന്നു. എന്നിട്ടും നിയമങ്ങൾ പക്ഷപാതപരമായാണ് നടപ്പിലാക്കുന്നത്: ശത്രുക്കൾക്ക് കടുത്ത ശിക്ഷ, സഖ്യകക്ഷികൾക്ക് അളവറ്റ ആനുകൂല്യം. ഇത് സാർവത്രികമായ ഒരു നിയമമല്ലാതായി കഴിഞ്ഞു. ഭൗമരാഷ്ട്രീയഅച്ചടക്കം പഠിപ്പിക്കാനുള്ള ഒരു ഉപകരണം മാത്രമാണ് ഇന്ന് എൻപിടി.

പുതിയ ഭൗമരാഷ്ട്രീയഘടനയിൽ ട്രംപ്  ഒരേസമയം ഒരു ദേശീയവാദിയെപ്പോലെ സംസാരിക്കുകയും ഒരു സാമ്രാജ്യത്വദല്ലാളിനെപ്പോലെ ഭരിക്കുകയും ചെയ്യുന്നു. ട്രംപിന്റെ രാഷ്ട്രീയം അക്രമത്തെ ഒരു ‘നീതിനിർവഹണമായും’  സഖ്യകക്ഷികളെ ഉപഭോക്താക്കളായും കാണുന്നു. ഇറാനെതിരെ നെതന്യാഹു ദീർഘകാലമായി നടത്തുന്ന നീക്കങ്ങളിൽ ഇസ്രായേൽ അക്രമോൽസുകാരായ പങ്കാളിയും ഈ നീക്കങ്ങൾക്ക് വേഗത കൂട്ടുന്ന ഘടകവുമായി മാറുന്നു. യുദ്ധം ഒരു അനിവാര്യതയായി ന്യായീകരിക്കുന്നുണ്ടെകിലും അതൊരു ഭൗമരാഷ്ട്രീയതന്ത്രം കൂടിയാണ്: ഇറാനെ ഒരു മേഖലാശക്തി എന്ന നിലയിൽ തകർക്കുക, ഗൾഫ് മേഖലയെ വരുതിയിലാക്കുക, എതിരാളികളെ ഭീഷണിപ്പെടുത്തുക, കൂടാതെ അമേരിക്കൻ അധികാരം നിയമങ്ങൾക്ക് അതീതമാണെന്ന് ലോകത്തെ ഓർമ്മിപ്പിക്കുക.

അമേരിക്കൻഭരണകൂടത്തിൽ പോലും ഈ യുദ്ധപദ്ധതിക്ക് പൂർണ്ണയോജിപ്പില്ല. യുദ്ധകാര്യസെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും സ്റ്റേറ്റ്സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിൽ, അമേരിക്ക നേരിട്ട് കരയുദ്ധത്തിലേക്ക് ഇറങ്ങണോ എന്ന കാര്യത്തിൽ കടുത്ത അഭിപ്രായവ്യത്യാസമുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. ഈ ഭിന്നത പ്രധാനമാണ്. വ്യോമാക്രമണത്തെ “പരിമിതമായ ഇടപെടൽ” എന്ന് വിശേഷിപ്പിക്കാം., എന്നാൽ യുദ്ധത്തിൽ മരിക്കുന്ന സൈനികരുടെ മൃതദേഹങ്ങൾ വരുമ്പോൾ അത് അങ്ങനെയാവില്ല. എന്നാൽ (കുർദുകൾ ഉൾപ്പടെയുള്ള) നിഴൽയുദ്ധസംഘങ്ങളെ ആയുധമണിയിച്ചും രഹസ്യസൈനികനീക്കങ്ങളിലൂടെയും “പരിമിതമായ ആക്രമണവും” “പൂർണ്ണമായ യുദ്ധവും” തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാക്കുകയാണ്.

ഈ യുദ്ധം പെട്ടെന്ന് അവസാനിക്കുമോ എന്ന് ആർക്കും ഉറപ്പുപറയാനാവില്ല. യുദ്ധയന്ത്രത്തിന്റെ പ്രവർത്തനം അങ്ങനെയാണ്. മുഖം രക്ഷിക്കാനുള്ള താൽക്കാലിക വെടിനിർത്തൽ, രഹസ്യചർച്ചകൾ, നിയന്ത്രണാതീതമായ ഒരു യുദ്ധം ഒഴിവാക്കാനുള്ള ഇരുപക്ഷത്തിന്റെയും താൽപ്പര്യം എന്നിവയുണ്ടെങ്കിൽ ചിലപ്പോൾ കാര്യങ്ങൾ മാറാം. പരോക്ഷമായ നയതന്ത്രം നിലവിലുണ്ടെങ്കിലും, ബോംബാക്രമണത്തിനിടയിൽ നടക്കുന്ന ഇടപെടൽ ചർച്ചയല്ല. ഇറാൻ “തകരുന്നതുവരെ” സമ്മർദ്ദം ചെലുത്താനാണ് അമേരിക്കയും ഇസ്രയേലും ആഗ്രഹിക്കുന്നത്. എന്നാൽ സാമ്രാജ്യത്വസഖ്യകക്ഷികൾക്കിടയിൽ വിള്ളലുണ്ടാക്കാൻ തക്കവിധം യുദ്ധം ചിലവേറിയതാക്കാനാണ് ഇറാൻ ശ്രമിക്കുന്നത്.

അമേരിക്കയുടെയും ഇസ്രായേലിന്റെയും വ്യോമശക്തിയോട് നേരിട്ട് പൊരുതാൻ ഇറാന് അധികകാലം കഴിയില്ലായിരിക്കാം. പക്ഷേ മിസൈലുകൾ, പ്രാദേശിക ശൃംഖലകൾ, ഊർജ്ജവിതരണ കേന്ദ്രങ്ങളിലെ സമ്മർദ്ദം എന്നിവയിലൂടെ അവർക്ക് തിരിച്ചടിക്കാനാകും. ആഗോളസമ്പദ്‌വ്യവസ്ഥ ഈ യുദ്ധക്കളത്തിന് പുറത്തല്ല. ഹോർമുസ്കടലിടുക്ക് ലോകവ്യാപാരവിനിമയത്തിന്റെ ജീവനനാഡിയാണ്. ആഗോളഎണ്ണയുടെയും എൽഎൻജിയുടെയും അഞ്ചിലൊന്ന് ഭാഗം ഇതിലൂടെയാണ് കടന്നുപോകുന്നത്. അവിടെയുണ്ടാകുന്ന ഏത് തടസ്സവും ഏഷ്യയിലും യൂറോപ്പിലും പെട്ടെന്നുള്ള സാമ്പത്തികാഘാതത്തിനു  കാരണമാകും. അതുകൊണ്ടാണ് ഒരു “പരിമിത യുദ്ധം” പോലും ഊർജ്ജത്തിനും പണപ്പെരുപ്പത്തിനും വളർച്ചയ്ക്കും മേലുള്ള ലോകവ്യാപകമായ ബാധ്യതയായി മാറുന്നത്. അമേരിക്ക ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് ഒരു ഇറാനിയൻ നാവിക കപ്പൽ തകർക്കപ്പെട്ടത് യുദ്ധം ‘പരിമിതമല്ല’ എന്ന വ്യക്തമായ സൂചനയാണ് നൽകുന്നത്.

യുദ്ധത്തിന്റെ ഭൗമരാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഇതിലും വലുതാണ്. മുൻകൂർ യുദ്ധങ്ങൾ സാധാരണമായി മാറുകയും കരാറുകൾ തിരഞ്ഞെടുക്കപ്പെട്ട രീതിയിൽ മാത്രം നടപ്പിലാക്കുകയും ചെയ്താൽ, ചെറിയരാഷ്ട്രങ്ങൾ ഒരു വലിയ പാഠം പഠിക്കും. നിയമനുസരണമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അവരെ സംരക്ഷിക്കാനാവില്ല. പ്രതിരോധ-സൈനിക ശേഷിക്ക് മാത്രമേ അതിന് കഴിയൂ. ഈ ചിന്താഗതി മേഖലകളെ ആയുധമത്സരത്തിലേക്കും ലോകത്തെ കടുത്ത അരക്ഷിതാവസ്ഥയിലേക്കും നിരാശയിലേക്കും നയിക്കുന്നു. അധിനിവേശങ്ങളെ തടയാൻ രൂപീകരിച്ച “ലോകക്രമം” അധിനിവേശങ്ങൾക്കുള്ള ആയുധമായി മാറാൻ തുടങ്ങുന്നു. അമിതമായി ആയുധം കുന്നുകൂട്ടിയിട്ടുള്ള സാമ്രാജ്യത്വ ശക്തികൾ ചെയ്യുന്നത് ഇതാണ്.  സൈനിക ശക്തിയാണ് അന്തിമവാക്ക് എന്ന നിലയിലേക്ക് ലോകം കൂപ്പുകുത്തുകയാണെങ്കിൽ, ഇറാൻ യുദ്ധം നൽകുന്നത് ശക്തമായ ഒരു മുന്നറിയിപ്പാണ്.