‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന പെരുമ കേരളത്തിന് നഷ്ടപ്പെട്ടു തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. വിനോദ സഞ്ചാരത്തിന്റെ വില്പന തന്ത്രമായാണ് ആ പെരുമ സാർവദേശീയതലത്തിലേയ്ക്ക് നമ്മൾ കടത്തി വിട്ടതെങ്കിലും തൊട്ടതിനും പിടിച്ചതിനും എല്ലാം ഈ ‘ദൈവത്തിന്റെ കൈയ്യൊപ്പ്’ കാണാൻ ആർക്കും മടിയില്ലായിരുന്നു. പ്രകൃതി അനുഗ്രഹിച്ചു നൽകിയ എല്ലാ സൗഭാഗ്യങ്ങളും ഇതിന്റെ നിറക്കൂട്ടുകളായിരുന്നു.

പക്ഷെ പ്രകൃതിയും മനുഷ്യനും ഇവിടെ ദുരന്തങ്ങളുടെയും ദുരന്തനിവാരണങ്ങളുടെയും ഇടയിലാണ് ഇന്ന് കഷ്ടിച്ചു കഴിയുന്നത്.

അതിനിടയിലാണ് ‘ചോര നീരാക്കിയ’ വീമ്പുപറച്ചിലുകൾ ‘ചോര നീർച്ചാലുകൾ’ തീർക്കുന്ന ദുരന്തഭൂമിക്ക് വഴിമാറുന്നത്. വെട്ടിയും കുത്തിയും പച്ചയ്ക്കു മനുഷ്യരെ കൊല്ലുന്നതിലൂടെ ‘പിശാചിന്റെ സ്വന്തം നാടാ’ക്കിയതിൽ ആർക്കും ഇപ്പോൾ ലജ്ജ തോന്നാൻ ഇടയില്ല. കാരണം ലജ്ജ എന്ന വികാരം തന്നെ വഴിമാറിപ്പോയ ഒന്നാണെന്ന് പലർക്കും തോന്നിത്തുടങ്ങിയ കാലമാണിത്.

രാഷ്ട്രീയ-വർഗീയ മത്സരാർത്ഥികളുടെ ലോകമാണല്ലോ ഇതെന്ന് യാതൊരു ലജ്ജയും കൂടാതെ പറയാൻ മടിക്കാത്ത ‘സ്വന്തം നാട്’ !

രാഷ്ട്രീയസ്വതങ്ങൾ സ്വത്വരാഷ്ട്രീയത്തിന്റെ ഇടങ്ങളിലേയ്ക്ക് സഞ്ചരിക്കാൻ തുടങ്ങിയതാണ്, അതിന്റെ സാദ്ധ്യതകൾ അന്വേഷിക്കാൻ സങ്കോചം ഇല്ലാതായതാണു, കഴിഞ്ഞ മൂന്നു പതിറ്റാണ്ടിന്റെ ബാക്കി.

മതനിരപേക്ഷത ഒരു രാഷ്ട്രീയ ചിഹ്നമായിട്ടുപോലും അവശേഷിക്കാൻ സാധ്യതയില്ലാത്തവിധം വർഗീയത ഈ രാഷ്ട്രത്തിന്റെ സിരാപടലങ്ങളിലേയ്ക്ക് സംക്രമിക്കാൻ തുടങ്ങിയ കാലം.

ബാലറ്റ് പെട്ടിയിലേയ്ക്ക് വീഴ്ത്താൻ വർഗീയതയുടെ കറപുരണ്ട വിരലുകൾ വെമ്പൽ കൊണ്ട കാലം. അങ്ങിനെ ഓരോ ‘സംഭവങ്ങളും’ വർഗീയ മുദ്ര പതിഞ്ഞ ജീവിതാനുഭങ്ങളായി.

വിഭജനം ഒരുക്കിയ വർഗീയതയുടെ കാൽനൂറ്റാണ്ടിന്റെ അന്തരീക്ഷ പടലങ്ങൾ അടുത്ത അരനൂറ്റണ്ടു കാലം ഭൂമിയിൽ പതിച്ച, ജീവജാലങ്ങളിൽ പടർന്നു കയറിയ വിഷവികിരങ്ങളായി. അത് ജനിതക ഘടനയിൽ നിന്നും ജനിതക ഘടനയിലേക്കു കൈമാറ്റം ചെയ്യപ്പെട്ട തന്തുക്കളായി.

പുണ്യമന്ദിരങ്ങൾ കാഴ്‌ചബംഗ്ലാവുകളും കാഴ്ചബംഗ്ലാവുകൾ പുണ്യമന്ദിരങ്ങളും ആകുമ്പോൾ ‘ദൈവത്തിന്റെ സ്വന്തം നാട്ടിൽ’ വീണ്ടും വർഗീയതയുടെ ‘വസന്തകാലം’ ആരംഭിക്കും.

കാബൂളിൽ ‘മധ്യകാലയുഗം’ വീണ്ടും തുടങ്ങുമ്പോൾ ‘സ്വന്തം നാട്ടി’ലും ഇതരയിടങ്ങളിലും ‘ആധുനിക’ വിഷവികിരണങ്ങൾക്കു ആയുസ്സു കൂടും.

‘ഹലാലും’ ‘ഹറാമും’ ‘ജിഹാദും’ ബഹുസ്വരതയുടെ ‘അടിത്തറ ഇളക്കു’മ്പോൾ ജനിതക മാറ്റം സംഭവിച്ച വർഗീയ വൈറസുകൾ ‘ദൈവത്തിന്റെ സ്വന്തം’ സ്വത്തുക്കൾ മുൻ നിർത്തിയുള്ള യുദ്ധത്തിന് പടക്കളമൊരുക്കും.

അങ്ങനെ അന്തരീക്ഷമാകെ വർഗീയ വികിരണം കൊണ്ട് വിഷലിപ്തമാകുമ്പോൾ ചോര കാണാതെ ഉറങ്ങാൻ വയ്യാത്ത സ്വതങ്ങളായി ‘ദൈവത്തിന്റെ സ്വന്തം’ മക്കൾ മാറും.

കൈവെട്ടിൽ നിന്നും കാൽവെട്ടിലേക്കും പിന്നീടു യാതൊരു സങ്കോചവുമില്ലാതെ എല്ലാ അവയവനാന്തര ക്രിയകളിലേയ്ക്കും നീങ്ങാൻ ഏതെല്ലാമോ ‘ദൈവങ്ങൾ’ ഇവരെ പഠിപ്പിക്കുന്നുണ്ട്.

ഓരോ ഇരുണ്ടു വെളുക്കലും പ്രതീക്ഷകൾ തരുന്നുണ്ട് പോലും !

വികിരണമേൽക്കാൻ, ജനിതക മാറ്റം കൈവരിക്കാൻ ആർക്കും ക്രിമിനൽ പശ്ചാത്തലമൊന്നും വേണ്ട.

നഷ്ടപ്പെട്ടവരുടെ കരഞ്ഞു തീർക്കൽ ഒരു ആചാരമായും, ആശങ്കപ്പെടുന്നവരുടെ ഭയപ്പാടുകൾ ‘പുതിയ ശരി’യായും മാറിയ കാലം.

സമാധാനം ഒരായിരം മേശയ്ക്കു ചുറ്റുമിരുന്നാലും വന്നു ചേരാത്ത ‘വസന്ത’മായിക്കഴിഞ്ഞോ?

ഈ ക്രിസ്മസ് കാലത്തു യോഹന്നാൻറെ ഒന്നാം ലേഖനം ഉദ്ധരിക്കാതെ എങ്ങനെ നിർത്തും !

“…ഈ ലോകത്തെയും ഈ ലോകത്തിലുള്ളതിനേയും സ്നേഹിക്കരുത്. ലോകത്തെ സ്നേഹിക്കുന്നവരിൽ പിതാവിനോടുള്ള സ്‌നേഹം ഉണ്ടായിരിക്കുകയില്ല. മാംസദാഹം, കണ്ണുകളുടെ കാമാർത്തി, അഹങ്കാരം എന്നിവയെല്ലാം ലോകത്തിന്റേതാണ്. പിതാവിന്റേതല്ല. ലോകവും അതിന്റെ ദുരാശകളും കടന്നുപോകും.”

അതെ, ഈ ‘കടന്നു പോക്കാ’ണ് ഇപ്പോൾ ആകെയുള്ള ‘വിശാസവും ആശ്വാസവും.’

https://azhimukham.com/commerce/it-was-a-time-when-mourning-for-the-bereaved-became-a/cid6083556.htm
Azhimukham