റോഹിൻഗ്യൻ അഭയാർത്ഥി പ്രശ്നം:
അതിർത്തികളിൽ അരിച്ചും ഒഴുകിയും ജീവിക്കുന്ന മനുഷ്യർ
മാതൃഭൂമി ആഴ്ചപ്പതിപ്പ് ഏപ്രിൽ 2018
കെ. എം. സീതി
രോഹിൻഗ്യൻ വംശജരുടെ അതിജീവനം വീണ്ടും അനിശ്ചിതത്തിലേക്കു നീങ്ങുന്നു. മ്യാന്മാറും ബംഗ്ലദേശും കഴിഞ്ഞ നവംബറിൽ ഒപ്പിട്ട കരാർ ഒരു ജലരേഖയായി മാറിക്കഴിഞ്ഞതായി ഐക്യരാഷ്ട്ര സംഘടനയുടെ തന്നെ മുതിർന്ന ഉദ്യോഗസ്ഥർ ഇപ്പോൾ മുന്നറിയിപ്പ് നൽകുന്നു.
രോഹിൻഗ്യൻ പ്രശ്നം അഭയാർത്ഥി പ്രവാഹങ്ങളുടെ ചരിത്രത്തിൽ സവിശേഷ ശ്രദ്ധ അർഹിക്കുന്ന ഒന്നാണ്. ദുരിതങ്ങളുടെ വ്യാപ്തിയും ഭൂമി നഷ്ടപ്പെട്ടവരുടെ കണക്കും എടുത്താൽ ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ വേറിട്ടുനിൽക്കുന്ന, സങ്കീർണമായ ഒരു അഭയാർത്ഥി പ്രശ്നം തന്നെയാണ് ഇതു. കഴിഞ്ഞ വര്ഷം ലോകം ഏറ്റവും കൂടുതൽ ജാഗ്രതയോടെ വീക്ഷിച്ച പ്രശ്നവും രോഹിൻഗ്യകളുടേതു തന്നെയായിരിക്കണം. പശ്ചിമേഷ്യയിൽ സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും യൂറോപ്പിലേക്കുള്ള അഭയാർത്ഥി പ്രവാഹം കഴിഞ്ഞ കുറെ വർഷങ്ങളിൽ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
രോഹിൻഗ്യൻ പ്രശ്നം പല ചരിത്രകാരണങ്ങളാലും വ്യത്യസ്തമായിരിക്കുന്നു. ഇത് ഭരണകൂടങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും നിലപാടുകളുടെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുന്ന ഒരു വിഷയം കൂടിയാണ്. അഹിംസയിൽ അധിഷ്ഠിതമായ ബുദ്ധമതം ഭരണകൂടപ്രത്യയശാസ്ത്രമായിരിക്കുന്ന ഒരു രാജ്യത്തിനു സ്വന്തംജനതയുടെ മേൽ ഇത്തരം ഹിംസാത്മകപ്രവർത്തനങ്ങൾ നടത്താൻ കഴിയുമോ എന്ന ചോദ്യം പ്രസക്തമാണ്. മറുഭാഗത്തു, ലോക സമാധാനത്തിനു നോബൽസമ്മാനം കരസ്ഥമാക്കിയ ജനാധിപത്യവാദിയായ ആങ് സാങ് സൂചിയുടെ തന്ത്രപൂർവ്വമായ നിലപാടുകൾ എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. നാല്പത്തിനായിരത്തോളം രോഹിൻഗ്യൻ വംശജർ അതിജീവനത്തിനായി മല്ലിടുന്ന ഒരു രാജ്യമായ ഇന്ത്യയുടെ ഇക്കാര്യത്തിലുള്ള നിലപാടും പൊതുവെ വിമർശന വിഷയമായിട്ടുണ്ട്. ജനാധിപത്യത്തിനും മനുഷാവകാശങ്ങൾക്കും വേണ്ടി എക്കാലത്തും ശബ്ദമുയർത്തിയ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യം ഈ വിഷയത്തിൽ സ്വീകരിച്ച നയം പല വേദികളിലും തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്.
മ്യാൻമാറിൽ നിന്നും അതിർത്തി കടന്നു ബംഗ്ലാദേശിൽ എത്തിയവർ സാധാരണ അഭയാർത്ഥി കണക്കുകൾക്കു അപ്പുറത്താണ്. ഏഴ് ലക്ഷത്തോളം രോഹ്യൻഗ്യകൾ ജീവനും കൊണ്ട് മാതൃരാജ്യം വിടേണ്ടിവന്നു. സ്വന്തം രാജ്യത്തിനുപോലും അവർ പൗരന്മാർ പോലുമല്ല എന്ന വിചിത്ര സാഹചര്യം ലോകഅഭയാർത്ഥി ഭൂപടത്തിൽ പ്രത്യേകമായി അടയാളപ്പെടുത്തേണ്ടിവന്നു. വംശീയ’ശുദ്ധീകരണ’ത്തിന്റെ പ്രത്യക്ഷ ഉദാഹരണമായാണ് ഐക്യരാഷ്ട്രസംഘടന 2017 ആഗസ്റ്റിൽ രാഖൈൻ പ്രവിശ്യയിൽ നടന്ന സൈനികനടപടിയെ വിശേഷിപ്പിച്ചത്. ഇതേ തുടർന്നാണ് അഭൂതപൂർവ്വമായ അഭയാർഥിപ്രവാഹം ഉണ്ടാകുന്നത്. മ്യാൻമാർ പട്ടാളംപറഞ്ഞത് അവർ ‘തീവ്രവാദി’കളെയാണ് നേരിട്ടുകൊണ്ടിരുന്നതെന്നാണ്, സിവിലിയൻ മാരെയല്ലത്രേ !
മാറിവന്ന ഭരണകൂടങ്ങൾ അംഗീകരിച്ചിട്ടില്ലെങ്കിലും വംശീയ ന്യുനപക്ഷമാണ് മ്യാന്മാറിലെ രോഹിൻഗ്യകൾ. അവരുടെ ജനസംഖ്യ പതിനൊന്നു ലക്ഷത്തോളം ഉണ്ടായിരുന്നു. രാജ്യത്തെ മുസ്ലിംകളിൽ വലിയൊരു വിഭാഗവും രാഖൈൻ എന്ന പ്രവിശ്യയിലാണ് ജീവിക്കുന്നത്. രോഹിൻഗ്യകൾക്കു സ്വന്തം ഭാഷയുണ്ട്, സംസ്കാരമുണ്ട്, ചരിത്രമുണ്ട്. നൂറ്റാണ്ടുകളായി ഇവിടെ വസിക്കുന്ന റോഹിൻഗ്യകൾ അറബി വ്യാപാരികളുടെ പിന്തുടർച്ചാപാരമ്പര്യം അവകാശപ്പെടുന്നു. എന്നാൽ ബുദ്ധമതത്തിന്റെ ഭൂമികയെന്നെല്ലാം വിശേഷിപ്പിക്കുന്ന മ്യാന്മാർ രോഹിൻഗ്യർ മനുഷ്യരും പൗരന്മാരുമായി പരിഗണിക്കുന്നില്ല. 1982-ലെ നിയമമനുസരിച്ചു 1823-നു മുമ്പുള്ള ബർമീസ് പാരമ്പര്യം സ്ഥാപിക്കാൻ കഴിയാത്ത ആർക്കും പൗരത്വം ലഭിക്കില്ല.
ഏതാണ്ട് ഒരു ദശലക്ഷത്തിനുമുകളിൽ വരുന്ന ഒരു വംശീയ ന്യുനപക്ഷമാണ് മ്യാന്മാറിലെ രോഹിൻഗ്യകൾ. രാജ്യത്തെ മുസ്ലിംകളിൽ വലിയൊരു വിഭാഗവും രാഖൈനിലാണ് ജീവിക്കുന്നത്. അവർക്കു സ്വന്തം ഭാഷയുണ്ട്, സംസ്കാരമുണ്ട്, ചരിത്രമുണ്ട്. നൂറ്റാണ്ടുകളായി ഇവിടെ വസിക്കുന്ന രോഹിൻഗ്യകൾ അറബി വ്യാപാരികളുടെ പിന്തുടർച്ചാപാരമ്പര്യം അവകാശപ്പെടുന്നുണ്ട്. എന്നാൽ ബുദ്ധമതത്തിന്റെ ഭൂമികയെന്നെല്ലാം വിശേഷിപ്പിക്കുന്ന മ്യാന്മാർ റോഹിൻഗ്യർ മനുഷ്യരും പൗരന്മാരുമായി പരിഗണിക്കുന്നില്ല. 1982-ലെ നിയമമനുസരിച്ചു 1823-നു മുമ്പെയുള്ള ബർമീസ് പാരമ്പര്യം സ്ഥാപിക്കാൻ കഴിയാത്ത ആർക്കും പൗരത്വം ലഭിക്കില്ല.
ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ സെൻസസിലും (2014) രോഹിൻഗ്യകളെ പൗരന്മാരായി അംഗീകരിച്ചിട്ടില്ല. കണക്കുകളിൽ അവർ “അനധികൃത ബംഗാളികുടിയേറ്റക്കാർ” മാത്രം. ചരിത്രപരമായി ഇങ്ങനെ പൗരത്വം നിഷേധിക്കപ്പെട്ട രോഹിൻഗ്യകൾ സ്വന്തം നാടും വീടും വിട്ടു ബംഗ്ലാദേശിലേക്കും മറ്റു രാജ്യങ്ങളിലേക്കും കടക്കാൻ കാരണം നിരന്തരമായ അക്രമങ്ങളും പീഡനങ്ങങ്ങളും തന്നെയാണ്. ഒരു നീണ്ട കാലഘട്ടത്തിൽ സൈനിക ഭരണത്തിൽ കഴിഞ്ഞ മ്യാൻമാറിന് ഇവരുടെ കാര്യം നോക്കാൻ യാതൊരു താൽപ്പര്യവും ഇല്ലായിരുന്നു. വിദ്വേഷവും വംശീയവെറിയും മാത്രമായിരുന്നു അവരുടെ പ്രത്യയശാസ്ത്രബോധത്തെ നിയന്ത്രിച്ചുകൊണ്ടിരുന്നത്.
അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും, പ്രവർത്തകരും, പാശ്ചാത്യ രാജ്യങ്ങളും ഒരുപോലെ സമ്മതിക്കുന്ന ഒരു കാര്യമുണ്ട് ഇക്കാര്യത്തിൽ. മ്യാൻമർ ഭരണകൂടവും പൊതുസമൂഹവും വളരെ ക്രൂരമായാണ് രോഹിൻഗ്യൻ ജനതയെ കൈകാര്യം ചെയ്തത്. പൗരത്വം നിഷേധിക്കപ്പെടുക മാത്രമല്ല, സഞ്ചാര സ്വാതന്ത്ര്യം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയവയെല്ലാം രോഹിൻഗ്യകൾക്കു നിഷിദ്ധമാക്കപ്പെട്ടിരുന്നു. കുട്ടികളെ സ്കൂളുകളിൽ ചേർക്കുന്നതിന് അവർക്കു പ്രത്യേക തിരിച്ചറിയൽ കാർഡ് ആവശ്യമുണ്ട്. യു എൻ മനുഷ്യാവകാശ വിഭാഗം പലതവണ അഭ്യർത്ഥിച്ചിട്ടും ഇവർക്ക് അടിസ്ഥാന അംഗീകാരം പോലും നൽകാൻ മ്യാൻമർ സർക്കാർ തയ്യാറായിരുന്നില്ല. വിവാഹം കഴിക്കുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവർ കർശനമായ നിയന്ത്രണമേർപ്പെടുത്തി. സർക്കാർ അനുമതിയില്ലാതെ രോഹിൻഗ്യൻ വിഭാഗങ്ങൾക്ക് വിവാഹം കഴിക്കാൻ പോലും കഴിയുമായിരുന്നില്ല. അനുമതിക്ക് അപേക്ഷിക്കണമെങ്കിൽ പോലും സ്വന്തമായി സ്വത്തുവകകൾ ഉണ്ടെന്നു ഭരണകൂടത്തിന് മുന്നിൽ തെളിയിക്കണമായിരുന്നു. എന്നാൽ രോഹിൻഗ്യൻജനതയുടെ വാസസ്ഥലത്തിന് രേഖകളൊന്നും കാണില്ല. എപ്പോൾ വേണമെങ്കിലും അവരുടെ സ്ഥലം കൈയേറാനും കുടിയൊഴിപ്പിക്കാനും കഴിയുന്ന സാഹചര്യമാണ് രാഖൈൻ പ്രവിശ്യയിലുടനീളം നിലനിൽക്കുന്നത്. അടിസ്ഥാനപരമായി കൃഷിക്കാരായ രോഹിൻഗ്യൻ ജനതയ്ക്ക് അവരുടെ ഭൂരിപക്ഷം ഭൂമിയും ഭരണകൂടമോ അധീശവിഭാഗമോ കൈയടക്കിവച്ചതോടെ കാർഷികവൃത്തി തന്നെ ഉപേക്ഷിക്കാൻ അവർ നിർബന്ധിതരായിത്തീർന്നു. മൽസ്യബന്ധനത്തിൽ ഏർപെടുന്നവർക്കും ദുരിതങ്ങൾ മാത്രം.
2017 ലെ സൈനികാക്രമണങ്ങളിൽ കൊല്ലപ്പെട്ടത് പതിനായിരത്തോളം വരും. ഇതിൽ കുട്ടികൾ മാത്രം ആയിരത്തോളം വരുമെന്നാണ് കണക്കുകൾ. ആംനസ്റ്റി ഇന്റർനാഷണൽ രേഖകൾ പ്രകാരം നൂറുകണക്കിന് സ്ത്രീകളെയും പെൺകുട്ടികളും പീഡനത്തിനും ബലാൽക്കാരത്തിനും വിധേയമായി. രാഖൈനിൽ മുന്നൂറോളം ഗ്രാമങ്ങൾ ചുട്ടെരിക്കപ്പെട്ടു. 2017 അഗസ്റ്റിന് മുമ്പ് മൂന്നുലക്ഷത്തോളം അഭയാർത്ഥികൾ വിവിധ ക്യാമ്പുകളിൽ ഉണ്ടായിരുന്നെന്നു ഐക്യരാഷ്ട്രസംഘടന രേഖപ്പെടുത്തിയിരുന്നു. എന്നാൽ സൈനിക ആക്രമണത്തോടെ, വെറും മൂന്ന് മാസങ്ങൾകൊണ്ട് ഇത് ഇരട്ടിയായി.ചുരുക്കത്തിൽ രാഖൈനിലും ബംഗ്ലാദേശിലും അഭയാർഥികളായി കഴിയുന്ന രോഹിൻഗ്യകൾക്കു അടിയന്തിരമായി വേണ്ടിയിരുന്നത് ഭക്ഷണവും കിടപ്പാടവും മരുന്നുകളുമായിരുന്നു. കുട്ടികൾക്ക് തീവ്രമായ പോഷകാഹാരകുറവ്കൊണ്ടുള്ള രോഗങ്ങൾ നിരവധി. ലക്ഷക്കണക്കിന് കുട്ടികൾക്കാണ് ഡിഫ്തീരിയ പോലുള്ള രോഗങ്ങൾ പിടിപെട്ടതു.
ഐക്യരാഷ്ട്രസംഘടന നിരവധി സമ്മർദ്ദങ്ങൾ ചെലുത്തിയെങ്കിലും മ്യാൻമാർ ഭരണകൂടം പാലിച്ച മൗനവും നിസ്സംഗതയും വളരെ ക്രൂരമായിരുന്നു. അതിലേറെ ലോകശ്രദ്ധ പിടിച്ചു പറ്റിയത് ഭരണത്തിൽ നിർണായക സ്ഥാനം വഹിക്കുന്ന സൂചിയുടെ നിലപാടായിരുന്നു. വിമർശനങ്ങൾ ഏറി വന്നപ്പോൾ അവർ അൽപ്പം അയഞ്ഞു. ഒടുവിൽ റാഖൈനിലെ എല്ലാവിധ മനുഷ്യാവകാശ ലംഘനങ്ങളെയും നിയമവിരുദ്ധ പ്രവർത്തനങ്ങളെയും അപലപിക്കുന്നതായി സൂചി. സംഭവങ്ങളിൽ ദുഃഖമുണ്ടെന്നും അവർ പറഞ്ഞു. രോഹിൻഗ്യ മുസ്ലിംകൾക്കെതിരെ മ്യാൻമർ തുടർച്ചയായി നടത്തുന്ന ആരോപണങ്ങളുടെ നിജസ്ഥിതി കണ്ടെത്താൻ പുതിയ രാജ്യാന്തരതല അന്വേഷണം ആവശ്യമാണെന്നു യുഎൻ മനുഷ്യാവകാശ സമിതി തലവൻ ചൂണ്ടിക്കാട്ടി.
ഇന്ത്യയും രോഹിൻഗ്യൻ പ്രശ്നവും വ്യക്തമായ ഒരു അഭയാർത്ഥിനയം ആവിഷ്ക്കരിച്ചിട്ടില്ലെങ്കിലും ഇന്ത്യ മറ്റു രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളെ യാതൊരു മത-വംശീയ പക്ഷപാതിത്വം ഇല്ലാതെ സ്വീകരിച്ചിട്ടുള്ള ഒരു രാജ്യമാണ്. ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ അഭയാർത്ഥി പ്രവാഹങ്ങൾ ഉണ്ടാകുന്നത് 1947 ലെ വിഭജനനത്തിനു ശേഷവും പിന്നീട് 1971-ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധകാലത്തുമാണ്. 1971 ലെ യുദ്ധകാലത്തു പത്തുലക്ഷത്തിനു മേലെയാണ് കിഴക്കൻ പാക്കിസ്ഥാനിൽ നിന്നും അഭയാർത്ഥികൾ ഇന്ത്യയിൽ എത്തിയത്. ഇന്ത്യ-ചൈന സംഘർഷം രൂപപ്പെടുന്നതിനു മുമ്പ്തന്നെ പതിനായിരക്കണക്കിന് ടിബറ്റൻ അഭയാർത്ഥികൾ ദലൈ ലാമയുടെ നേതൃത്വത്തിൽ ഇൻഡ്യയിൽ എത്തിയിരുന്നു. പിന്നീട് ബംഗ്ളദേശിൽ നിന്നും വന്ന ചക്മ അഭയാർത്ഥികൾ, ശ്രീലങ്കയിൽ നിന്നും വന്ന തമിഴ് അഭയാർത്ഥികൾ….ഇവരൊക്കെ ഇന്ത്യയുടെ ആതിഥ്യം സ്വീകരിച്ചിച്ചിട്ടുള്ള ജനതകളാണ്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കു പ്രകാരം 2016 ആദ്യമാസങ്ങളിൽ ഇന്ത്യയിൽ ഏതാണ്ടു 2,90,000 അഭയാർത്ഥികൾ വിവിധ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ ഉണ്ടായിരുന്നു. ഇതിൽ പല ഘട്ടങ്ങളിൽ ഇന്ത്യയിൽ എത്തിയ 40,000 രോഹിൻഗ്യൻ അഭയാർത്ഥികളുമുണ്ട്. എന്നാൽ ഇവരിൽ പകുതിപ്പേർക്കുപോലും അഭയാർത്ഥിരേഖകളില്ല. വിവിധ കേന്ദ്രങ്ങളിൽ ദുരിതസമാനമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന ഇവർ ഇപ്പോൾ സർക്കാരിന്റെ ഭാഷയിൽ “നിയമവിരുദ്ധ” കുടിയേറ്റക്കാരാണ്.
ഇതിനിടയിൽ രോഹിൻഗ്യൻ അഭയാര്ത്ഥികൾ, ഇന്ത്യയുടെ രാജ്യസുരക്ഷക്ക് ഭീഷണിയെന്ന് മോദി സര്ക്കാരും രംഗത്തെത്തി. രോഹിൻഗ്യകളെ തിരിച്ചയക്കുമെന്നും അവരുടെ കാര്യത്തില് യു എന് നിയമം ബാധകമല്ലെന്നും കേന്ദ്രസര്ക്കാറിന്റെ സത്യവാങ്മൂലം സുപ്രീം കോടതിയിൽ കൊടുത്തതു വിവാദമായി. രോഹിൻഗ്യൻ അഭയാര്ത്ഥികൾ, ഇന്ത്യക്ക് ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നേരത്തെ പറഞ്ഞിരുന്നു. അഭയാര്ത്ഥികളുടെ വിഷയം ശക്തമായ രീതിയില് കൈകാര്യം ചെയ്യുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കിയരുന്നു. എന്നാല് രോഹിൻഗ്യൻ അഭയാര്ത്ഥികളെ തിരിച്ചയക്കാനുളള ഇന്ത്യയുടെ തിരുമാനത്തെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവാകാശ കൗണ്സിൽ ഉദ്യേഗസ്ഥൻ രൂക്ഷമായി വിമര്ശിച്ചിരുന്നു.
ചരിത്രപരമായ ഇന്ത്യയുടെ നിലപാടിൽ നിന്നുള്ള ഒരു വലിയ മാറ്റമായി ഇതിനെ ലോകരാഷ്ട്രങ്ങളും നിരീക്ഷകരും കണ്ടു. ഇത് സംഘ്പരിവാർ നേതൃത്വം കൊടുക്കുന്ന ഒരു സർക്കാരിന്റെ വംശീയ-മത പക്ഷപാതിത്വമായും വിമർശിക്കപ്പെട്ടു. രോഹിൻഗ്യകളെല്ലാം തീവ്രവാദികളാണെന്നു തോന്നിപ്പിക്കുന്ന വിധം സംഘ്പരിവാർ നടത്തുന്ന പ്രചാരണത്തെ വ്യാപകമായി ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ ചേരിചേരാനയത്തിൽ നിന്നുള്ള വ്യതിയാനമായും ഇത്തരം വിഷയങ്ങളിൽ കാണിക്കുന്ന അലംഭാവത്തെ വിലയിരുത്തപ്പെട്ടു. 1951-ലെ ഐക്യരാഷ്ട്രസംഘടനയുടെ അഭയാർത്ഥി കൺവെൻഷനിലും 1967-ലെ പ്രോട്ടോക്കോളിലും ചേർന്നിട്ടില്ല എന്നത് ഇന്ത്യയുടെ ഈ മേഖലയിലെ രാജ്യാന്തരപ്രവർത്തനങ്ങൾക്ക് പരിമിതികൾ സൃഷ്ടിക്കുന്നു.
രോഹിൻഗ്യൻ അഭയാർഥികൾക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചുവരാൻ അവസരമൊരുക്കുന്നതു സംബന്ധിച്ച് മ്യാന്മാറും ബംഗ്ലാദേശും 2017 നവംബറിൽ കരാറൊപ്പിട്ടതു വലിയ പ്രതീക്ഷകൾ നൽകിയിരുന്നു. അഭയാർഥി പ്രശ്നത്തിൽ ആഗോളപ്രതിഷേധം ശക്തമായതിനെത്തുടര്ന്ന് മ്യാന്മാർ-ബംഗ്ലാദേശ് നേതാക്കൾ കൂടിക്കാഴ്ച നടത്തി. അതുപോലെ ഇന്ത്യയും മ്യാന്മാറും തമ്മിലും ഇക്കാര്യത്തിൽ ചില കരാറുകളിൽ ഏർപ്പെട്ടിരുന്നു.
കരാറുകളും വാഗ്ദാനങ്ങളും നിലവിലുണ്ടെങ്കിലും തിരിച്ചുപോകുന്ന രോഹിൻഗ്യൻ ജനതയുടെ സുരക്ഷയും അതിജീവനവും സംബന്ധിച്ച വ്യക്തമായ ഉറപ്പുകളൊന്നും കൊടുക്കാൻ ഭരണകൂടത്തിനോ അവരുമായി ഇടപെട്ട രാജ്യങ്ങൾക്കോ സാധിച്ചിട്ടില്ല. മാത്രമല്ല രാഖൈൻ പ്രവിശ്യയിൽ ബംഗ്ലാദേശിൽ നിന്നുള്ള ബുദ്ധമത വിശ്വാസികളായ ഗോത്രവിഭാഗങ്ങളെ ക്ഷണിച്ചുകൊണ്ടുപോയി അവർക്കു പുനരധിവാസം ഉറപ്പാക്കാൻ മ്യാന്മാർ ഭരണകൂടം രഹസ്യമായി നടത്തിയ ശ്രമങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ തുറന്ന് കാട്ടിയതു അവരുടെ ഇക്കാര്യത്തിലുള്ള വിശ്വാസ്യതയെയും വംശീയ പക്ഷപാതിത്വത്തെയും വെളിവാക്കി. ഇപ്പോൾ പൗരത്വം സംബന്ധിച്ചു എന്തെങ്കിലും ഉറപ്പുകൊടുക്കാൻ മ്യാന്മാർ ഭരണകൂടത്തിനു കഴിയുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ ഏഴു ലക്ഷത്തോളം രോഹിൻഗ്യർ വീണ്ടുമൊരു ജീവൻ-മരണ പരീക്ഷണത്തിന് മുതിരുമോ എന്നു ഐക്യരാഷ്ട്ര സംഘടനയുടെ ഉന്നതസ്ഥാനീയർ ഉയർത്തുന്ന ചോദ്യം ഗൗരവമുള്ളതും അന്താരാഷ്ട്രസമൂഹം ചർച്ച ചെയ്യേണ്ടതുമാണ്.
References
Human Rights Watch, “Rohingya Crisis,” October 21, 2017.
UN Office for the Coordination of Humanitarian Affairs, Rohingya Refugee Crisis, 16 March 2018.
UNHCR, “Rohingya refugees seeking safety in Bangladesh,” 18 September 2017.
കെ. എം. സീതി, “മാനുഷിക പരിഗണനയില്ലാതെ രോഹിൻഗ്യകൾ,” ഇസ്കഫ് സൗഹൃദം, ഫെബ്രുവരി-മാർച്ച് 2018.