എനിക്ക് ചുറ്റും
ഇസ്രയേലിന്റെ വെടിമരുന്നുകൾ
മുറിവുകൾ ഉണക്കാനായി
വട്ടമിടുന്നു
അല്ല വീണുകൊണ്ടിരിക്കുന്നു
ഒടുവിൽ മോർച്ചറികൾ ആവശ്യമില്ലാത്ത ദേശമായി
ഞങ്ങളുടേത്…
കുഴിമാടങ്ങൾ വേണ്ടാത്ത നാടായി
ഈ രാജ്യമല്ലാത്ത രാജ്യം
ഞങ്ങൾ 141 ചതുരശ്ര മൈലുള്ള
വലിയൊരു ഖബറിസ്ഥാന്റെ ഉടമകളാണ്‌ ഇന്ന്..
റഫ അതിർത്തിയിൽ കാത്തുകിടക്കുന്ന ട്രക്കുകൾ
ഞങ്ങളുടെ നീക്കിയിരിപ്പുകൾ കണ്ടു മടങ്ങണം
വാഗ്‌ദത്ത ഭൂമിയിലെ
ഈ ഖബറിസ്ഥാൻ
ലോകമഹാത്ഭുതങ്ങളിൽ
ഒന്നായി
പ്രഖ്യാപിക്കപ്പെടണം
അതുവരെ
വെടിമരുന്നുകൾ
ഞങ്ങളുടെ വേദനകൾ
ശമിപ്പിച്ചുകൊണ്ടിരിക്കും

കെഎം.സീതി