‘മീശയും ‘ദുരവസ്ഥ’യുടെ അവസ്ഥാന്തരങ്ങളും 

കെ എം സീതി

First Published in Leftclick News, 24 July 2018

http://leftclicknews.com/single_news.php?nid=19097

എസ്. ഹരീഷിന്റെ “മീശ”വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് നീങ്ങുകയാണ്. അടിമസദാചാരം കൊണ്ടാടപ്പെടേണ്ട ഒന്നാണെന്ന് ഇന്നും പലരും വിശ്വസിക്കുന്നു. കഥാപാത്രങ്ങൾ പോലും സദാചാരം കാത്തുസൂക്ഷിക്കേണ്ടവരാണെന്നു ഇക്കൂട്ടർ പൊതുസമൂഹത്തോട് വിളിച്ചു പറയുന്നു. കൃതിയിൽ നിന്നും ആവശ്യാനുസരണം അടർത്തിയടുത്ത വരികൾ ഈ കൊണ്ടാട്ടത്തിനു പരിസരമൊരുക്കുന്നു. ആ വരികളിലേക്കു വീണ്ടും വീണ്ടും സൂക്ഷിച്ചു നോക്കിയാൽ “അതല്ലേ ഇതെന്ന്” പറഞ്ഞു തുടങ്ങും. അതാണ് ദുർവായനയുടെ പ്രത്യേകത. കൃതിയുടെ ബാഹ്യഘടന പോലും ഇവർക്ക് വിഷയമല്ല. പിന്നെയല്ലേ അതിന്റെ ആന്തരികഘടന !

ഇത്തരം ‘ഒളിഞ്ഞു നോട്ടം’ പണ്ടും ഉണ്ടായിട്ടുണ്ട്. ഓ.വി.വിജയൻ, മാധവിക്കുട്ടി, ആനന്ദ്, എൻ.എസ്. മാധവൻ തുടങ്ങിയവരുടെ കൃതികളും ഇത്തരം ‘നോട്ടപ്പിശകിന്’ വിധേയമായിട്ടുണ്ട്. “മുസ്ലിം വിരുദ്ധത”യും ‘ഹൈന്ദവസൗഹാർദ്ദവും’ എല്ലാം ഇവരുടെ കൃതികാളിൽ കണ്ടെത്താൻ ശ്രമങ്ങൾ നടന്നിട്ടുണ്ട്. അടുത്തകാലത്ത് സക്കറിയാ ഓ.വി.വിജയനെപ്പറ്റി പറഞ്ഞത് നമ്മൾ മറന്നിട്ടില്ല. അത് നേരത്തെ പറഞ്ഞതിന്റെ ആവർത്തനം കൂടിയായിരുന്നു. എഴുത്തുകാരിൽ ഇത്തരം ആരോപണങ്ങൾ അടിച്ചേൽപ്പിക്കുന്നത് പുതിയ കാര്യവുമല്ല.

കുമാരനാശാന്റെ ‘ദുരവസ്ഥ’ നല്ലൊരു ഉദാഹരണം. അക്കാലത്തു തന്നെ ഏറെ ഒച്ചപ്പാടുകൾ ഉണ്ടാക്കിയിരുന്നു ആ കൃതി. നവോഥാനനായകർ തന്നെ അതിൽ ഇടപെട്ടിരുന്നു. പക്ഷെ കാലം ഏറെ കഴിഞ്ഞിട്ടും ‘ദുരവസ്ഥക്ക്‌’ പിന്നെയും ദുർവ്യാഖ്യാനങ്ങൾ ഉണ്ടായി. ഏറ്റവും ഒടുവിൽ അതിനെകുറിച്ച് കെ.കെ.കൊച്ചു എഴുതിയ ഒരു ലേഖനം ഒരു ഉദാഹരണം.

കെ.കെ. കൊച്ചിന്റെ നിലപാടുകൾ പൊതുവെ യാഥാർത്യബോധം ഉൾക്കൊണ്ടു കൊണ്ടുള്ള ഉൾക്കാഴ്ച്ചകളാണ്. പക്ഷെ ആശാന്റെ ‘ദുരവസ്ഥ’ മുസ്ലിം വിരോധത്തിലൂടെ ‘ഹൈന്ദവത’ രൂപപ്പെടുത്തുന്ന ഒരു കൃതിയാക്കികളഞ്ഞത് അല്പം കടന്നു പോയില്ലേ എന്ന് പലർക്കും സംശയമുണ്ടായിരുന്നു (മാധ്യമം പത്രം7/12/2015).

അദ്ദേഹത്തിന്റെ വരികൾ നോക്കുക: “എസ്.എൻ.ഡി.പിയുടെ ആദ്യത്തെ ജനറൽ സെക്രട്ടറിയായിരുന്ന കുമാരനാശാൻ, അംബേദ്കർ ചൂണ്ടിക്കാട്ടുന്ന മുസ്ലിംവിരോധത്തിെൻറ വക്താവായിരുന്നു. അതുകൊണ്ടാണദ്ദേഹം ദുരവസ്ഥ എന്ന കൃതിയിൽ ‘ക്രൂര മുഹമ്മദർ  ചിന്തുന്ന  ഹൈന്ദവ/ച്ചോരയിൽ ചോന്നെഴും’ എന്നെഴുതിയത്.”

‘ദുരവസ്ഥ’ എഴുതിയ കാലഘട്ടം മലബാർ കലാപം നടന്നയുടനെയാണ്. സ്വന്തം ഇല്ലം കലാപകാരികൾ ആക്രമിക്കുമ്പോൾ ചാത്തൻ പുലയന്റെ കുടിലാണ് സാവിത്രിയുടെ അഭയകേന്ദ്രം. തുടർന്നുള്ള വരികൾ യഥാർത്ഥത്തിൽ മുസ്ലിം വിരോധം ഊട്ടിയുറപ്പിക്കനൊ ഹൈന്ദവത നിർമിക്കാനൊ ആയിരുന്നില്ല. ‘ദുരവസ്ഥ’യുടെ ലക്ഷ്യം അതാണെന്ന് വ്യഖാനിക്കാനും കഴിയില്ല. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റ് കവിത എന്ന് വിശേഷിപ്പിക്കപെട്ടിരുന്ന ‘ദുരവസ്ഥ’ എന്നാൽ ചിലർ മറിച്ചു വ്യാഖാനിക്കപെടുകയും ചെയ്തിട്ടുണ്ട്. അതിലെ ചിലവരികൾ മാത്രമാണ് ‘വരികൾക്കിടയിലൂടെ’ വായിക്കുമ്പോൾ സംശയം തോന്നുക.

അക്കാലത്തു തന്നെ കെ എം സീതി സാഹിബ് ‘ഇതെന്തൊരവസ്ഥ’ എന്ന തലകെട്ടിൽ ഒരു ലേഖനം എഴുതിയിരുന്നു. അതിലെ മുഖ്യ വിഷയം ഇതിൽ ഉപയോഗിച്ച “ക്രൂര മുഹമ്മദർ ചിന്തുന്ന ഹൈന്ദവ/ച്ചോര” പ്രയോഗങ്ങളാണ്. ഇത് ഉണ്ടാക്കുന്ന തെറ്റിദ്ധാരണ മാറ്റാൻ വക്കം മൗലവിയും സീതിസഹിബും കൂടി ആശാനെ തിരുവനന്തപുരത്ത് വെച്ച് കണ്ടു. ധീർഘനേരത്തെ സംഭാഷണത്തിന് ശേഷം ആശാൻ ഇങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടായതിൽ വേദനിച്ചു. ഉടൻ തന്നെ താൻ മറ്റൊരു കവിത എഴുതി ഇത് പരിഹരിക്കുമെന്ന് വക്കം മൌലവിക്കും സീതിസഹിബിനും ഉറപ്പു കൊടുത്തു.

നിർഭാഗ്യവശാൽ ആശാൻ അടുത്ത ദിവസം തന്നെ പല്ലനയിൽ വെച്ച് ഒരു ബോട്ടപകടത്തിൽ മരിച്ചു. ഇതിനെകുറിച്ച് മൗലവിയും സീതി സാഹിബും അക്കാലത്തുതന്നെ എഴുതിയിട്ടുണ്ട് . ഇതെല്ലാം കാണിക്കുന്നത് അക്കാലത്തെ നവോഥാന നായകരുടെ ഔന്നിത്യമാണു്. ഒരു നൂറ്റാണ്ടാകുന്നതിനു മുമ്പ് തന്നെ ഇതെല്ലം വിസ്‌മൃതിയിലാകുന്നതു നിർഭാഗ്യകരമാണ്. ‘ദുരവസ്ഥയെ’ എത്ര തന്നെ മറിച്ചു വായിക്കാൻ ശ്രമിച്ചാലും അതിലെ ചില വാക്യങ്ങൽക്കപ്പുറം കവിതയ്ക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു. അതൊട്ടും വർഗീയമായിരുന്നില്ല. ഹൈന്ദവ സമൂഹത്തോടുള്ള, അതിനുള്ളിലെ ജാതി വ്യവസ്ഥയോടുള്ള അമർഷം കാണാതെ വരികളിൽ തപ്പി തടഞ്ഞു പോയത് കഷ്ട്ടം തന്നെ.

ഇത്തരം തെറ്റുകൾ റാം മോഹൻ റോയിയിൽ നിന്നും ഗാന്ധി, അംബദ്കർ മുതലായവരിലും കാണാം. അംബദ്കരുദെ ഒരു വരി ശ്രദ്ധിക്കൂ –

“The third thing that is noticeable is the adoption by the Muslims of the gangster’s method in politics. The riots are a sufficient indication that gangsterism has become a settled part of their strategy in politics. .. So long as the Muslims were the aggressors, the Hindus were passive, and in the conflict they suffered more than the Muslims did..”

അദ്ദേഹത്തിന്റെ പാക്കിസ്താനെ കുറിച്ചുള്ള പുസ്തകത്തിലാണ് ഇത്തരം നിരവധി പ്രയോഗങ്ങലുള്ളത്. പക്ഷെ ഇത് അംബദ്കരെ ഇകഴ്ത്താനായി ഉപയോഗിക്കാൻ പാടില്ലല്ലോ. മലബാർ കലാപത്തിനു ശേഷം ഹരിജനിൽ മഹാത്മാഗാന്ധി എഴുതിയ ഒരു ലേഖനമുണ്ട്. അത് ഇന്ന് ആർക്കും ഉദ്ധരിക്കാൻ ധൈര്യം കാണില്ല. ഇത്രയും മുസ്ലിം വിരോധമോ എന്നു ചോദിച്ചു പോകും. പക്ഷെ ഗാന്ധി അങ്ങനെയല്ലായിരുന്നു എന്നു എല്ലാവർക്കും അറിയാം. സന്ദർഭങ്ങൾ സൃഷ്ട്ടിക്കുന്ന ചില നിലപ്പാടുകൾ ചിലപ്പോൾ നമ്മെ അന്ധാളിപ്പിക്കും. പക്ഷെ അവർ അതിനപ്പുറവും ജീവിച്ചിരുന്നല്ലോ

എം എൻ വിജയൻ മാഷ്‌ ‘ദുരവസ്ഥ’യെ കണ്ടത് മറ്റൊരു കോണിലൂടെയായിരുന്നു. മലബാർ ലഹളയുടെ ഫലമായി ഒരു നവ ഹൈന്ദവ സമുദായം രൂപം കൊള്ളുമെന്ന സ്വപ്നമാണ് ‘ദുരവസ്ഥ’ക്ക് പ്രചോദനം ആയിതീർന്നതു എന്നു വരെ മാഷ്‌ പറഞ്ഞു.

കൃതികൾ സാമൂഹ്യമായി വായിക്കുമ്പോഴും അഭിപ്രായങ്ങൾ വ്യത്യസ്തമാവാം. സൌന്ദര്യശാസ്ത്രപരമായി മാത്രമല്ല. പലപ്പോഴും അപകടം ഉണ്ടാകുന്നത് അത് വര്ഗീയമായി വായിക്കുമ്പോഴാണ്. എല്ലാ ആത്മനിഷ്ഠ വായനകളും വർഗീയമല്ല. എന്നാൽ എല്ലാ വർഗീയ/വംശീയ വായനകളും സാമൂഹിക വിപത്തുകൾക്ക് വഴിമരുന്നിടാം. പ്രത്യേകിച്ച് ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്. കൊച്ചിന്റെ ലേഖനം ഒരർത്ഥത്തിൽ അതിന്റെ ‘ആകമാനത’ (whole) അംഗീകരിക്കുമ്പോൾ തന്നെ ലേഖനം ഉപയോഗിച്ച ‘ദുരവസ്ഥ’യുടെ ‘ആകമാനത’ (whole) നഷ്ട്ട പെടുത്തി.

വർഗീയത ഇന്ന് അപകടകരമാംവിധം ശക്തിയാർജിച്ച ഒരു പ്രത്യയശാസ്ത്രമാണ്. അതിലൂടെയുള്ള വായനക്ക് ‘വില’ അല്പ്പം കൂടിയിരിക്കും. സ്വദേശാഭിമാനി രാമകൃഷപിള്ളയെ ഒരു “വർഗീയ-സവർണ” മൂരാച്ചിയാക്കാൻ അദ്ദേഹം എഴുതിയ മുഖപ്രസംഗത്തിന്റെ രണ്ടു വാചകം മതിയായിരുന്നു. രാമകൃഷപിള്ളയുടെ ‘കുതിര-പോത്ത്’ പ്രയോഗം അരനൂറ്റാണ്ട് കഴിഞ്ഞപ്പോൾ പലരും ഉപയോഗിച്ചു തുടങ്ങി. മഹാകവി എം പി അപ്പൻ, എം കെ കുമാരൻ തുടങ്ങിയവർ തുടങ്ങി വെച്ച ‘ചർച്ച’ വളരെ അപകടം നിറഞ്ഞ ഒന്നായിരുന്നു. പീ.കെ. ബാലകൃഷൻ പോലും അത്തരത്തിൽ വീണു പോയി. പക്ഷെ പിന്നീട് ‘സ്വദേശാഭിമാനി’ മുഖ പ്രസംഗം പൂർണരൂപത്തിൽ കണ്ട ബാലകൃഷൻ തൻറെ നിലപാട് തിരുത്തി.

‘വന്ദേമാതരം’ ഇത്തരത്തിൽ ദേശീയ സമര കാലത്ത് വലിയ ചർച്ചകൾ ഉണ്ടാക്കിയ ഒരു കൃതിയാണ്. പലപ്പോഴും വാക്യങ്ങൾ/വാചകങ്ങൾ ഉപയോഗിക്കുന്നവർ, അത് ഉദ്ധരിക്കുന്നവർ (ബോധപൂർവ്വമോ അല്ലാതെയോ) മറന്നു പോകുന്ന ഒന്നുണ്ട്. വാക്യങ്ങളിൽ നിന്നും (Parts) ‘പാഠത്തിന്റെ’ ‘ആകമാനതയിലേക്ക്’ (whole) കടന്നു വായിക്കണമെന്ന ഉത്തരവാദിത്വം. അത് ഒരു രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ വേണ്ടിയാകുമ്പോൾ കൂടുതൽ കരുതൽ ആവശ്യപ്പെടുന്ന ഒന്നാണ്.

ഹരീഷിന്റെ ‘മീശ’ വാസ്തവത്തിൽ വർഗീയരാഷ്ട്രീയ നിലപാടിനായി ‘വായിച്ചവർ’ (വായിക്കാത്തവരും) ദുരുപയോഗം ചെയ്തു എന്ന് തന്നെയാണ് പറയേണ്ടത്. വി.ടി.ഭട്ടതിരിപ്പാടു, ഇഎംഎസ്സ്, എം.ആർ.ബി. കുട്ടൻ നമ്പൂതിരിപ്പാട് തുടങ്ങിയവർ കെട്ടിപൊക്കിയ ‘യോഗക്ഷേമസഭ’യെപ്പോലുള്ള പ്രസ്ഥാനങ്ങൾ ഇത്തരം ‘വായന’യ്ക്കു കൂട്ടുനിന്നത് ചരിത്ര നിഷേധമാണ്.

യോഗക്ഷേമസഭയുടെ ഓങ്ങല്ലൂർ സമ്മേളനകാലത്തു കുട്ടൻനമ്പൂതിരിപ്പാടിനെപ്പറ്റി വി.ടി എഴുതിയതു ഓർക്കാം. “തന്റെ ഹൃദയത്തിനു പാകത്തിൽ സഭയും സമുദായവും ചെറുതാവുകയല്ല, അവയുടെ വിശാലതയനുസരിച്ചു താനും തന്റെ ഹൃദയവും വലുതാവുകയാണ് വേണ്ടത്” എന്ന കുട്ടൻ നമ്പൂതിരിപ്പാടിൻറെ ധീരസന്ദേശം മുഴങ്ങിക്കേട്ടത് വി.ടി ആവേശപൂർവം ഓർക്കുന്നു. ആ യോഗക്ഷേമസഭ ഇന്ന് എത്തിനിൽക്കുന്നതു നവോഥാനകാലഘട്ടം ബാക്കിവെച്ചുപോയ വലിയ നന്മകളുടെ ഇടത്തല്ല എന്നു തീർത്തും പറയാം.

ഏറ്റവും കുറഞ്ഞത് സാഹിത്യത്തെയും കലയെയും സിനിമയെയും അതിന്റെ ബൗദ്ധിക-സാംസ്‌കാരിക പരിസരത്തു നിന്ന് വായിക്കാനെങ്കിലും നവോഥാനത്തിൻറെ പാരമ്പര്യം അവകാശപ്പെടുന്നവർ പ്രേരിപ്പിക്കണം.  ജനങ്ങളെ ഭിന്നിപ്പിക്കാനല്ല ഈ പാരമ്പര്യങ്ങൾ എക്കാലവും ശ്രമിച്ചിട്ടുള്ളത്.