Originally published in TrueCopy Think, 9 November 2024 (translation from Eurasia Review)

മേരിക്കയിൽ ഡോണൾഡ് ട്രംപ് വീണ്ടും അധികാരമേൽക്കുന്നത് ആ രാജ്യത്തിൻെറ ആഭ്യന്തര, അന്താരാഷ്ട്ര നയങ്ങളിൽ വലിയ വ്യതിയാനത്തിനാണ് വഴിയൊരുക്കാൻ പോവുന്നത്. 2025 ജനുവരിയിൽ വൈറ്റ് ഹൗസിലേക്ക് തിരികെയെത്തുന്ന ട്രംപ് തൻെറ ‘അമേരിക്ക ഫസ്റ്റ്’ (America First) എന്ന വാക്യം ഉയർത്തിപ്പിടിച്ചായിരിക്കും മുന്നോട്ട് പോവുക.

പരമ്പരാഗതമായി പിന്തുടരുന്ന സഖ്യങ്ങൾക്കും ബഹുമുഖ വിഷയങ്ങൾക്കുമൊക്കെ അപ്പുറത്ത് അമേരിക്കൻ താൽപര്യങ്ങൾക്ക് മുന്തിയ പരിഗണന നൽകുമെന്നാണ് അദ്ദേഹം ജനങ്ങൾക്ക് കൊടുത്തിട്ടുള്ള വാഗ്ദാനം. ജോ ബൈഡൻ – കമലാ ഹാരിസ് ഭരണകൂടത്തിൽ ജനങ്ങൾക്കുണ്ടായിരുന്ന അതൃപ്തി മുതലെടുത്ത ട്രംപ്, അമേരിക്കയുടെ ശക്തി വീണ്ടെടുക്കണമെന്ന ആഗ്രഹത്തെയാണ് പ്രതിനിധീകരിക്കാൻ ശ്രമിച്ചത്.

ആഗോള നേതൃനിരയിലേക്ക് ട്രംപ് വീണ്ടുമെത്തുമ്പോൾ 2021-ൽ അദ്ദേഹത്തിൻെറ ഒന്നാം ടേം അവസാനിച്ച ഘട്ടത്തിനേക്കാൾ തകർന്നതും അസ്ഥിരവുമായ ഒരു ലോകക്രമമാണ് മുന്നിലുള്ളത്. ആഗോളസംഘർഷങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ, മാറിമറിയുന്ന സഖ്യങ്ങൾ എന്നിവയെല്ലാം ലോകത്തെയാകമാനം പ്രവചനാതീതമായ ഒരു അന്തരീക്ഷത്തിലേക്ക് എത്തിച്ചിട്ടുണ്ട്.

സാമ്പത്തിക പരമാധികാരം വീണ്ടെടുക്കാൻ അമേരിക്ക

ദേശീയ സാമ്പത്തിക പരമാധികാരത്തിന് മുൻഗണന നൽകി, ‘ആദ്യം അമേരിക്ക’ എന്ന ലക്ഷ്യത്തോടെയുള്ള അജണ്ടയാണ് ട്രംപ് തൻെറ രണ്ടാം വരവിൽ നടപ്പിലാക്കാൻ പോവുന്നത്. ആഗോളവൽക്കരണമോ, ബഹുരാഷ്ട്ര സഹകരണമോ ഒന്നും തന്നെ ഇവിടെ അദ്ദേഹം വിഷയമാക്കാൻ പോവുന്നില്ല.

ട്രംപിൻെറ സാമ്പത്തിക നിലപാടുകൾ അമേരിക്കയെ ആഭ്യന്തരമായി ശക്തിപ്പെടുത്തുന്ന ഒരു സംരക്ഷണ പദ്ധതിയായി മാറാമെങ്കിലും ആഗോള സാമ്പത്തിക മേഖലയിൽ അത് ദൂരവ്യാപക പ്രത്യാഘാതം തന്നെ ഉണ്ടാക്കിയേക്കും. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളിൽ നിലവിലുള്ളതിനേക്കാൾ 10 മുതൽ 20 ശതമാനം വരെ തീരുവ ഇനിയും അധികമായി വർധിപ്പിക്കുമെന്ന് ട്രംപ് ഇതിനോടകം സൂചന നൽകിയിട്ടുണ്ട്. ചൈനീസ് വസ്തുക്കളുടെ ഇറക്കുമതി തീരുവ 100 ശതമാനം വരെ വർധിപ്പിച്ചേക്കുമെന്നാണ് പറയുന്നത്. ആഗോള സാമ്പത്തിക അസ്ഥിരതയെ ഒട്ടുമേ പരിഗണിക്കാതെ, അമേരിക്കയ്ക്ക് മാത്രം ഗുണം ചെയ്യുന്ന തരത്തിലുള്ള വ്യാപാര നയങ്ങളിലേക്ക് രാജ്യം തിരിച്ചുപോവുമെന്നാണ് ഇത് വ്യക്തമാക്കുന്നത്.

യൂറോപ്പടക്കമുള്ള മേഖലകളിൽ നിന്നുള്ള വിദേശതാൽപര്യങ്ങളെ പൂർണമായും അവഗണിച്ച് അമേരിക്കൻ താൽപര്യം മുൻനിർത്തി മുന്നോട്ട് പോവുന്ന മൺറോ സിദ്ധാന്തവുമായി ട്രംപിൻെറ നയങ്ങൾക്ക് സാമ്യമുണ്ടെങ്കിലും, അമേരിക്കയ്ക്ക് മാത്രം സംരക്ഷണം നൽകുന്നതല്ല ഈ നയം. അതിൻെറ വ്യാപ്തി വലുതാണ്. പടിഞ്ഞാറൻ വൈദേശിക താൽപര്യങ്ങളിൽ നിന്ന് അമേരിക്കയെ സംരക്ഷിച്ച് നിർത്തുന്ന നിലപാടെടുത്തിരുന്ന മുൻഗാമികളിൽ നിന്ന് വ്യത്യസ്തമായി, ആഗോള സാമ്പത്തിക മേഖലയെ പുനർനിർമ്മിച്ച് അവിടെ അമേരിക്കൻ ആധിപത്യം ഉറപ്പാക്കുകയെന്നതാണ് ട്രംപ് ലക്ഷ്യമിടുന്നത്.

ഇതിൻെറ പ്രത്യാഘാതങ്ങൾ എന്താവുമെന്ന് ഏകദേശം വ്യക്തമാണ്: അന്താരാഷ്ട്ര സ്ഥാപനങ്ങളുമായുള്ള ഇടപെടൽ പരമാവധി കുറയ്ക്കുക, ഉഭയകക്ഷി വ്യാപാര ഇടപാടുകൾക്ക് മുൻഗണന നൽകുക, ലോകത്തിൻെറ ബഹുമുഖ താൽപര്യങ്ങളെ ഒട്ടുമേ പരിഗണിക്കാതിരിക്കുക എന്നിവയൊക്കെയാണ് സംഭവിക്കാൻ പോവുന്നത്. ചൈന, മെക്സിക്കോ, ഇന്ത്യ തുടങ്ങിയ പ്രധാന വ്യാപാര പങ്കാളികൾക്ക് ഈ നയം വലിയ സമ്മർദ്ദമായിരിക്കും ഉണ്ടാക്കാൻ പോവുന്നത്. തീരുവ ഉയർത്തി പ്രതികാര നടപടികൾ കൈക്കൊള്ളുന്നത് മുതൽ, വ്യാപാരബന്ധത്തിൽ തന്നെ വിള്ളലുണ്ടാവാനുള്ള സാധ്യത കൂടുതലാണ്.

ആഗോളവൽക്കരണം കാരണം പിന്തള്ളപ്പെട്ടു പോയവർക്ക് ട്രംപിന്റെ ഈ ആഭ്യന്തര സംരക്ഷണ സാമ്പത്തിക നയം ഗുണം ചെയ്തേക്കാം. എന്നാൽ അമേരിക്കയിലെ ഉപഭോക്താക്കൾക്ക് തന്നെ ഇത് വലിയ അപകടം സൃഷ്ടിച്ചേക്കും. തീരുവ കൂട്ടുമ്പോൾ സ്വാഭാവികമായും അവർക്ക് വിദേശവസ്തുക്കൾ കൂടിയ വിലയ്ക്ക് വാങ്ങേണ്ടതായി വരും. വില കൂടുമ്പോൾ ഉപഭോക്താക്കളുടെ ചെലവ് വർധിക്കുകയും സാമ്പത്തിക വളർച്ച മന്ദഗതിയിലാവുകയും ചെയ്യും. ബഹുമുഖ വ്യാപാര കരാറുകളുടെ അഭാവം വിദേശവിപണിയിൽ ഇടപെടുന്ന അമേരിക്കൻ കമ്പനികൾകക്കും പ്രതിസന്ധി സൃഷ്ടിച്ചേക്കും. ആഭ്യന്തര വിപണിയെ മാത്രം സംരക്ഷിക്കുന്ന ഈ നയം അമേരിക്കയുമായി ദീർഘകാലമായി നല്ല രീതിയിൽ വ്യാപാരബന്ധം തുടരുന്ന രാജ്യങ്ങളെ പോലും അകറ്റി നിർത്തിയേക്കും. മാത്രമല്ല, ആഗോളതലത്തിൽ തന്നെ യുഎസ് സ്വാധീനത്തിൽ പെടാതെ നിൽക്കുന്ന ബദൽ സാമ്പത്തിക ശക്തികളുടെ ഒരു കൂട്ടായ്മ തന്നെ ഉയർന്നുവരാനുള്ള സാധ്യതയുമുണ്ട്.

ആഗോള സഖ്യങ്ങളിൽ നിന്നും, ബഹുരാഷ്ട്ര നയങ്ങളിൽ നിന്നുമുള്ള പിൻമാറ്റം

പരമ്പരാഗത സഖ്യങ്ങളെ പോലും മാറ്റിനിർത്തി, സാമ്പത്തിക ഇടപാടുകൾ മാത്രം ലക്ഷ്യമാക്കിയുള്ള പ്രായോഗിക കരാറുകൾ ഉണ്ടാക്കുന്ന രീതി ട്രംപ് നേരത്തെ തന്നെ പിന്തുടർന്നിട്ടുണ്ട്. ആദ്യം അധികാരത്തിലെത്തിയ കാലത്ത് പാരീസ് കാലാവസ്ഥാ ഉടമ്പടി, ഇറാൻ ആണവ കരാർ തുടങ്ങിയ സുപ്രധാന കരാറുകളിൽ നിന്നും പിൻമാറിയത് നിർണായക വിഷയങ്ങളിൽ ബഹുരാഷ്ട്ര സഹകരണം ദുർബലപ്പെടുത്താനാണ് സഹായമായിട്ടുള്ളത്. ഇത്തരം നയങ്ങളുടെ കൂടുതൽ ശക്തമായ തിരിച്ചുവരവായിരിക്കും രണ്ടാം ട്രംപ് ഭരണകാലത്ത് നമുക്ക് കാണാൻ സാധിക്കുക.

നാറ്റോയുമായി ബന്ധപ്പെട്ട്, അമേരിക്ക നൽകുന്ന സഹായം മറ്റ് സഖ്യകക്ഷികളുമായി തട്ടിച്ച് നോക്കുമ്പോൾ വളരെ കൂടുതലാണെന്ന പരാതി ട്രംപ് നേരത്തെ തന്നെ ഉന്നയിച്ചിട്ടുള്ളതാണ്. അമേരിക്ക ആഗോളതലത്തിൽ ചെലഴിക്കുന്ന സാമ്പത്തികഭാരം കുറയ്ക്കുന്നതിൻെറ ഭാഗമായി ലോകത്തിൻെറ പല ഭാഗങ്ങളിലും സൈന്യത്തിൻെറ ഇടപെടൽ കുറയ്ക്കൽ, സൈന്യത്തെ തന്നെ പിൻവലിക്കൽ, സാമ്പത്തിക സഹായം കുറയ്ക്കൽ എന്നീ നടപടികളിലേക്ക് ട്രംപ് പോയേക്കുമെന്ന് ഇപ്പോൾ തന്നെ ഊഹാപോഹങ്ങളുണ്ട്.

ഇതോടെ നാറ്റോയുടെ സുരക്ഷാ സംവിധാനം അപ്പാടെ ദുർബലപ്പെടുകയും പാശ്ചാത്യ താൽപ്പര്യങ്ങൾ വെല്ലുവിളിക്കപ്പെടുകയും ചെയ്യും. പരമ്പരാഗത സഖ്യങ്ങളിൽ നിന്ന് പിൻമാറുന്ന ട്രംപിൻെറ നീക്കം അന്തർദേശീയ സുരക്ഷാ പ്രതിബദ്ധതകൾ കുറയ്ക്കുന്നതിനുള്ള ശ്രമം കൂടിയാണ്. അമേരിക്കയുടെ മാത്രം നേട്ടം ലക്ഷ്യമിട്ടുള്ള ഈ സങ്കുചിതമായ നയപരിപാടികൾ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കാനുള്ള സാധ്യതയാണുള്ളത്.

പാരിസ്ഥിതിക നയത്തിൻെറ ഭാഗമായും ആഗോള കരാറുകളിൽ അമേരിക്കയുടെ സാന്നിധ്യം കുറയുന്ന സാഹചര്യമാണ് വരാൻ പോവുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള ആഗോളതലത്തിലുള്ള ശ്രമങ്ങളോടുള്ള ട്രംപിൻെറ വിയോജിപ്പ് തന്നെ വ്യക്തമായ സൂചന ഇക്കാര്യത്തിൽ നൽകുന്നുണ്ട്. പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന് വീണ്ടും പിൻമാറാനുള്ള തീരുമാനം പാരിസ്ഥിതിക മേഖലയിലെ പ്രതിസന്ധികളെ അതിജീവിക്കാനുള്ള ലോകരാജ്യങ്ങളുടെ കൂട്ടായ ശ്രമങ്ങളെ ദുർബലപ്പെടുത്തുകയും അസ്ഥിരപ്പെടുത്തുകയുമാണ് ചെയ്യുക. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട കരാറുകളിൽ നിന്നുള്ള പിൻമാറ്റം വലിയ പ്രത്യാഘാതം ഉണ്ടാക്കും. വികസ്വര രാജ്യങ്ങളായിരിക്കും ഇക്കാര്യത്തിൽ ഏറ്റവും വലിയ പ്രതിസന്ധി നേരിടുക. പരിസ്ഥിതി നയത്തിൽ എവിടെയും ചേരാതെ ഒറ്റയ്ക്ക് നിൽക്കാനുള്ള ട്രംപിൻെറ പദ്ധതി പ്രതീകാത്മകമായി മാത്രം കാണാൻ സാധിക്കില്ല. ആഗോളതാപനം മൂലം വെല്ലുവിളികൾ നേരിടുന്ന പ്രദേശങ്ങൾക്ക് ലഭിക്കുന്ന അന്താരാഷ്ട്ര സാമ്പത്തിക സഹായത്തെ ഇത് നേരിട്ട് തന്നെ പ്രതികൂലമായി ബാധിക്കും.

വികസ്വര, അവികസിത രാജ്യങ്ങളോടുള്ള വെല്ലുവിളി

ട്രംപിന്റെ നയങ്ങൾ അമേരിക്കൻ അതിർത്തിക്കപ്പുറത്ത് ലോകത്തെ വികസ്വര, അവികസിത രാജ്യങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് ഉറപ്പാണ്. പ്രത്യേകിച്ച്, അമേരിക്കൻ വിപണിയെ ആശ്രയിക്കുന്ന വികസ്വര രാജ്യങ്ങൾക്കും, ചരിത്രപരമായി അമേരിക്കയുമായുള്ള വ്യാവസായിക കരാറുകളിലൂടെ മെച്ചമുണ്ടാക്കിയിരുന്ന രാജ്യങ്ങൾക്കും വലിയ തിരിച്ചടിയാവും.

ലാറ്റിനമേരിക്ക, ആഫ്രിക്ക, തെക്കുപടിഞ്ഞാറൻ ഏഷ്യ എന്നിവിടങ്ങളിലെ രാജ്യങ്ങൾക്ക് അമേരിക്കൻ വിപണിയിലെ കൃഷി, ടെക്സ്റ്റൈൽസ്, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലുള്ള ഇടപെടൽ കുറയ്ക്കേണ്ടതായി വരും. അമേരിക്കൻ വിപണിയിൽ പ്രവേശിക്കുന്നതിനുള്ള അവസരങ്ങൾ കുറയുന്നതോടെ ഇത്തരം രാജ്യങ്ങൾ സാമ്പത്തികസുരക്ഷ ലക്ഷ്യം വെച്ച് ബദൽ വിപണികൾ തേടും. ആഗോളശക്തിയായി ഇതിനോടകം മാറിയിട്ടുള്ള ചൈനയെയോ മറ്റ് പ്രാദേശിക ശക്തികളെയോ ആശ്രിയിക്കുന്നതിനുള്ള സാധ്യത വർധിക്കും.

ലോകവ്യാപാര സംഘടനയെ (WTO) പോലുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളെ പൊതുവിൽ സംശയത്തോടെ വീക്ഷിക്കുന്നയാളാണ് ട്രംപ്. ഈ സമീപനം ആഗോള വ്യാപാരഅന്തരീക്ഷം കൂടുതൽ പ്രതിസന്ധിയിലാക്കും. സംഘടനയുടെ ശക്തി കുറഞ്ഞാൽ, വ്യാപാര തർക്കങ്ങൾക്ക് മധ്യസ്ഥത വഹിക്കാൻ വികസ്വരരാജ്യങ്ങൾ ഡബ്ല്യുടിഒയെ ആശ്രയിക്കാതെ വരും. പകരം സ്വയം പരിഹാരം കണ്ടെത്താനുള്ള മാർഗ്ഗങ്ങൾ ആരംഭിക്കും. വിശ്വസനീയമായ ആഗോള സംഘടനകളുടെ അഭാവത്തിൽ സഹകരണ വ്യാപാരത്തേക്കാൾ രാജ്യങ്ങളുടെ ആഭ്യന്തര നേട്ടങ്ങൾക്കായിരിക്കും മുൻഗണന ലഭിക്കുക. ഇത് രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക കിടമത്സരം വർധിപ്പിക്കുകയും ചെയ്യും.

സാമ്പത്തിക ഉന്നമനം ലക്ഷ്യമിടുന്ന ട്രംപ് അതിന് ഒരു സാധ്യതയായി ഉപയോഗിക്കുന്നത് ഡോളറിൻെറ ആധിപത്യം കൂടുതൽ ശക്തമാക്കുക എന്നതാണ്. എന്നാൽ, ഇത് പുത്തൻ സാമ്പത്തിക ശക്തികളിൽ ഡോളറിനെതിരായ മനോഭാവം വളരാൻ കാരണമാവും. മറ്റ് കറൻസികൾക്ക് പ്രാധാന്യം നൽകാൻ ശ്രമിക്കുന്ന രാജ്യങ്ങൾക്ക് കൂടുതൽ തീരുവ ചുമത്താനുള്ള ട്രംപിൻെറ പദ്ധതി ഡോളറിൻെറ ആഗോള ആധിപത്യം തിരികെ പിടിക്കാനുള്ള ശ്രമത്തിൻെറ ഭാഗമായാണ്. എന്നാലിത്, സ്വതന്ത്ര സാമ്പത്തിക സംവിധാനങ്ങൾ കണ്ടെത്താനുള്ള ബ്രിക്സ് രാജ്യങ്ങളുടെ ആലോചനകൾ ത്വരിതഗതിയിലാക്കും. റഷ്യയും ചൈനയും ഇതിനോടകം തന്നെ അവരുടെ പ്രാദേശിക കറൻസികൾക്ക് വ്യാപാരം നടത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ച് കഴിഞ്ഞു. ട്രംപിൻെറ രണ്ടാം ടേമിൽ ഈ ട്രെൻഡിന് കൂടുതൽ പ്രാമുഖ്യം ലഭിക്കും. ഡോളറുമായുള്ള വിനിമയത്തിൽ ലോകരാജ്യങ്ങൾ കൂടുതൽ ശ്രദ്ധയോടെ മാത്രംം തീരുമാനമെടക്കുന്ന ഒരു ആഗോള സമ്പദ് വ്യവസ്ഥയായിരിക്കും ഇനി വരാൻ പോവുന്നത്.

ഇന്ത്യൻ, ചൈനീസ്, റഷ്യൻ സമ്പദ് വ്യവസ്ഥകളെ അസ്ഥിരമാക്കാനുള്ള പദ്ധതികൾ

ചൈന: അമേരിക്കയുടെ വ്യാപാര വിതരണ ശൃംഖലയിൽ നിന്നും ചൈനയെ പരമാവധി അകറ്റിനിർത്തുന്നതിനായി ഇറക്കുമതി തീരുവകൾ കുത്തനെ കൂട്ടുവാനാണ് ട്രംപ് പദ്ധതിയിടുന്നത്. ഇത് അമേരിക്കൻ വ്യവസായങ്ങളെ ഹ്രസ്വകാലത്തേക്ക് നേട്ടത്തിലേക്ക് നയിക്കാമെങ്കിലും ആഗോളവിപണിയിൽ ഒറ്റപ്പെടാനുള്ള സാധ്യത പോലും കാത്തിരിക്കുന്നുണ്ട്. കൂടുതൽ സ്വയംപര്യാപ്തത നേടുന്നതിനും ഏഷ്യാ-പെസഫിക് മേഖലയിൽ പ്രാദേശിക സഖ്യങ്ങൾ ഉണ്ടാക്കുന്നതിനും ചൈന ശക്തമായി ശ്രമിക്കുമെന്നതാണ് ഇതിന്റെ പരിണിതഫലം. സാമ്പത്തിക സംഘർഷം അമേരിക്ക പുനരാരംഭിക്കുകയാണെങ്കിൽ, ചൈന ഒരു സമാന്തര സാമ്പത്തിക വ്യവസ്ഥ തന്നെ കണ്ടെത്തി മുന്നോട്ട് പോവും. അമേരിക്കൻ സാമ്പത്തികനയങ്ങളെ ചെറുക്കുന്ന രാജ്യങ്ങളുടെ സഖ്യം ശക്തിപ്പെടുത്തുന്നതിനും ചൈന മുൻകയ്യെടുത്തേക്കും.

റഷ്യ: ബഹുരാഷ്ട്ര താൽപര്യങ്ങളിൽ വിമുഖത കാണിക്കുന്ന ട്രംപ് വീണ്ടും വരുന്നതോടെ റഷ്യ, അമേരിക്കൻ ഡോളറിലുള്ള ആശ്രിതത്വം പരമാവധി കുറയ്ക്കും. പാശ്ചാത്യ വിപണിയിലേക്കുള്ള റഷ്യയുടെ പ്രവേശനം പരിമിതപ്പെടുന്നതോടെ, അവർ ചൈനയും ബ്രിക്സ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തും. ഈ മാറ്റം ഒരു ആഗോള ബദൽ സാമ്പത്തിക ക്രമത്തിന് തന്നെ വഴി വെക്കുകയും പ്രാദേശിക കറൻസികളിൽ വ്യാപാരം നടത്തുന്നത് കൂടുതലായി പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യും. സാമ്പത്തിക ചാഞ്ചാട്ടങ്ങൾക്ക് വഴിവെക്കുമെങ്കിലും, റഷ്യയുടെ സ്വാധീനത്തിലുള്ള രാജ്യങ്ങൾ യുഎസിൻെറ ഉപരോധങ്ങളെ മറികടക്കാനുള്ള ഒരു വഴിയായി ഈ വ്യാപാരരീതിയെ ഉപയോഗപ്പെടുത്തും.

ഇന്ത്യ: ട്രംപ് പ്രസിഡൻായ അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം അൽപം സങ്കീർണമായിരിക്കും. ചൈനയും റഷ്യയുമായുള്ള വ്യാപാരബന്ധം വഷളാവുന്നതോടെ, ഇന്ത്യ അമേരിക്കയ്ക്ക് താൽപര്യമുള്ള ഒരു വ്യാപാര പങ്കാളിയാവാനുള്ള സാധ്യതയുണ്ട്. അതേസമയം തന്നെ ആഭ്യന്തര വിപണിയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള ട്രംപിൻെറ നയം ഇന്ത്യൻ കമ്പനികൾക്കും അമേരിക്കൻ വിപണിയിലേക്കുള്ള പ്രവേശനം പരിമിതമാക്കി മാറ്റും. സാങ്കേതികമേഖലയിലും ഫാർമസ്യൂട്ടിക്കൽസ് മേഖലയിലുമായിരിക്കും ഇന്ത്യ വലിയ തിരിച്ചടി നേരിടുക. ഏഷ്യൻ വിപണിയിൽ ആധിപത്യം ശക്തിപ്പെടുത്താനുള്ള ട്രംപിൻെറ ശ്രമങ്ങൾ, അമേരിക്കൻ താൽപര്യങ്ങൾ പിന്തുടരുന്നതിന് ഇന്ത്യയ്ക്ക് മേൽ സമ്മർദ്ദമുണ്ടാക്കും. ഇത് അയൽരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധത്തെ പോലും ബാധിക്കുകയും ചെയ്തേക്കും.

ആഗോള സമ്പദ് വ്യവസ്ഥയിൽ വരാൻ പോവുന്ന മാറ്റങ്ങൾ

ആഗോളതലത്തിൽ സാമ്പത്തികക്രമം അപ്പാടെ ട്രംപിൻെറ കാലത്ത് മാറിമറിയാനുള്ള സാധ്യത ഏറെയാണ്. ട്രംപിൻെറ, ആഗോള സംഘടനകളോടുള്ള സംശയത്തോടെയുള്ള സമീപനവും ആഭ്യന്തര വിപണിയെ മാത്രം സംരക്ഷിക്കുന്ന നയവും സഹകരണത്തിലും സഹവർത്തിത്വത്തിലും ഊന്നിയുള്ള ഉദാര സാമ്പത്തിക വ്യവസ്ഥയെ പ്രതിസന്ധിയിലാക്കും. ബഹുരാഷ്ട്ര താൽപര്യങ്ങളെ പരിഗണിക്കാതെയുള്ള മുന്നോട്ടുപോക്ക് അന്താരാഷ്ട്ര വ്യാപാര മേഖലയുടെ വികസനത്തെയും തുരങ്കം വെക്കും. ഇത് ആഗോള സാമ്പത്തിക മേഖലയെ അസ്ഥിരതയിലേക്കാണ് നയിക്കുക.

വികസിത, വികസ്വര രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കും. വർധിച്ചുവരുന്ന കടബാധ്യത, അമേരിക്കൻ വിപണിയിലേക്കുള്ള പ്രവേശനം പരിമിതപ്പെടൽ, ബദൽ സഖ്യങ്ങളിലുള്ള ആശ്രിതത്വം എന്നിവയെല്ലാം പല രാജ്യങ്ങളുടെയും നിലവിലുള്ള പുരോഗതിക്ക് തന്നെ ഭീഷണിയായി മാറും. അന്താരാഷ്ട്ര സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുകയും ഡോളറിൻെറ ആധിപത്യം തിരിച്ച് പിടിക്കാനെന്ന നിലയിൽ നടത്തുന്ന ശ്രമങ്ങളും തത്വത്തിൽ ആഗോള സമ്പദ് വ്യവസ്ഥയെ ശിഥിലീകരിക്കുകയും പ്രാദേശിത സാമ്പത്തിക ബന്ധങ്ങളെ പ്രോത്സാഹിപ്പിച്ച്, ഒരു ഏകക്രമം ഇല്ലാതാക്കുകയുമാണ് ചെയ്യുക.

സുസ്ഥിര സാമ്പത്തിക വികസനത്തിനുള്ള ആഗോള മാതൃക

ആഗോള സാമ്പത്തിക മാതൃകയുടെ സുസ്ഥിരതയെക്കുറിച്ച് നിർണായക ചോദ്യങ്ങളാണ് രണ്ടാം ട്രംപ് ഭരണകൂടം ഉയർത്താൻ പോവുന്നത്. ഹ്രസ്വകാല ആഭ്യന്തര നേട്ടങ്ങൾക്ക് പ്രാധാന്യം നൽകി ട്രംപ് നടപ്പിലാക്കാൻ പോവുന്ന സാമ്പത്തിക നയങ്ങൾ സാമ്പത്തിക സുസ്ഥിരതയെ വെല്ലുവിളിക്കുകയാണ് ചെയ്യാൻ പോവുന്നത്. വ്യാപാര മേഖലയിൽ തുല്യപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്ന കരാറുകൾ, സുസ്ഥിര വികസനം ഉന്നം വെച്ചുള്ള പദ്ധതികൾ, അന്താരാഷ്ട്ര സഹകരണം, ഉദാര സാമ്പത്തിക നയങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കപ്പെട്ടാൽ മാത്രമേ രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുകയുള്ളൂ. അങ്ങനെയെങ്കിൽ മാത്രമേ പ്രതിസന്ധികളെയും വെല്ലുവിളികളെയും ഒറ്റക്കെട്ടായി പ്രതിരോധിക്കാൻ സാധിക്കുകയുള്ളൂ. ട്രംപ് ഭരണകൂടത്തിൻെറ നയങ്ങൾ കാരണമുള്ള സമ്മർദ്ദങ്ങളെ അതിജീവിക്കാൻ ആഗോള സംഘടനകൾ മുൻകയ്യെടുത്ത് സാമ്പത്തികമായി ദുർബലമായ രാജ്യങ്ങളെ ഉന്നമനത്തിലേക്ക് നയിക്കുകയും രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കാനുള്ള ശ്രമം നടത്തുകയും വേണം. അതിദേശീയതയ്ക്ക് വലിയ പ്രാമുഖ്യം കൈവരുന്നൊരു കാലത്ത് സാമ്പത്തിക സ്ഥിരതയിലൂന്നിയ, രാജ്യങ്ങൾ തമ്മിലുള്ള സഹവർത്തിത്വം ശക്തമായ ഒരു ലോകക്രമത്തിന് വേണ്ടിയാണ് പരിശ്രമങ്ങൾ ഉണ്ടാവേണ്ടത്.