മാതൃഭൂമിയുടെ ഒരു നൂറ്റാണ്ടു, ബഹുസ്വരതയുടെ ദൃഷ്‌ടാന്തം

 കെ. എം. സീതി

ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന മാതൃഭൂമിയിൽ ഞാൻ ആദ്യം എഴുതിത്തുടങ്ങുന്നത് നാൽപ്പതു വർഷങ്ങൾക്കു മുമ്പ്. ആദ്യത്തേത് ഒരു ചെറിയ കുറിപ്പായിരുന്നു. ഇന്ത്യൻ വിദേശനയം അതിന്റെ സവിശേഷ സ്വാതന്ത്ര്യവും ആർജ്ജവവും നഷ്ട്ടപ്പെടുത്തിത്തുടങ്ങിയോ എന്ന ആശങ്കയിൽ നിന്നാണ് അന്ന് കുറിച്ചത്. അഫ്ഗാനിസ്താനിലെ സോവിയറ്റ് ഇടപെടലിന്റെ കാലത്തായിരുന്നു അത്. തന്ത്രപരമായി പ്രതികരിക്കാതെ, യൂ എൻ സെക്യൂരിറ്റി കൗൺസിലിൽ ഇന്ത്യ, ഇപ്പോഴത്തെപ്പോലെ, ‘മാറിനിൽക്കൽ’ നിലപാട്‌ സ്വീകരിച്ച കാലം. മാത്രമല്ല കംബോഡിയയിലെ സോവിയറ്റ്-വിയറ്റ്നാം നിയന്ത്രിതമായ ഹെങ് സമറിൻ സർക്കാരിനെ ഇന്ദിരാ സർക്കാർ കണ്ണടച്ച് അംഗീകരിച്ച കാലം. മാതൃഭൂമിയിൽ കുറിക്കാൻ ഇതായിരുന്നു കാരണം.

പിന്നീട് എൺപതുകളിൽ കുറിപ്പുകൾ എഴുതിയത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ആയിരുന്നു. ഓ.വി വിജയൻറെ ഇന്ദ്രപ്രസ്ഥ കോളം നിറഞ്ഞുനിന്ന കാലം. യുനെസ്കോയെക്കുറിച്ചുള്ള വിജയൻറെ നിലപാടിനെ ഖണ്ഡിച്ചുകൊണ്ടു ഒരു കുറിപ്പ് അയച്ചു. അത് വിജയന് അത്ര ഇഷ്ടപ്പെട്ടില്ല എന്ന് പിന്നീടു അറിഞ്ഞു. ഞാൻ ഒരു സിപിഎം കാരനാണോ എന്ന് വരെ അദ്ദേഹം ചില സുഹൃത്തുക്കളോട് ചോദിച്ചിരുന്നു (വിധി വൈപരീത്യം എന്ന് പറയട്ടെ, വിജയൻ അന്തരിച്ചതിനു ശേഷം ഇറങ്ങിയ പ്രത്യേക മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ എന്റെ ഒരു ലേഖനം പേറ്റന്റ് നിയമ ഭേദഗതി വിഷയത്തിൽ ഇന്ത്യൻ ഇടതുപക്ഷം പാർലമെൻറിൽ സ്വീകരിച്ച നിലപാടിനെ നിശിതമായി വിമർശിച്ചുകൊണ്ടായിരുന്നു. അദ്ദേഹത്തിന് അത് കാണാൻ സാധിച്ചില്ല !). എന്റെ സ്വാതന്ത്ര്യവും മാതൃഭൂമി യഥേഷ്ട്ടം നൽകിയ അവസരങ്ങളും നിലപാടുകൾ ശക്തമായി സ്വീകരിക്കാൻ സഹായിച്ചു.

വീണ്ടും പത്രത്തിൽ എഴുതാൻ തുടങ്ങുന്നത് തൊണ്ണൂറുകളിൽ. മാതൃഭൂമിയിൽ അയച്ചതൊന്നും പ്രസിദ്ധീകരിക്കാതിരുന്നിട്ടില്ല. അക്കാലത്തു മറ്റു വാരികകളും മറ്റും തുടരെ എന്റെ ലേഖനങ്ങൾ ചോദിച്ചു വാങ്ങുമായിരുന്നു. ദേശാഭിമാനിയിൽ അക്കാലങ്ങളിൽ ഉണ്ടായിരുന്ന അന്തരിച്ച ഐ. വി. ബാബുവും മാതൃഭൂമിയിലെ സുധീറും, കമൽറാമും, മലയാളം വാരികയിലെ ജയചന്ദ്രൻ നായരുമെല്ലാം എന്റെ മലയാളം എഴുത്തിന്റെ പ്രചോദകരായിരുന്നു. അവരുടെ പ്രേരണയാലാണ് പലതും എഴുതിക്കൂട്ടിയതു. 

മറ്റൊന്ന് പ്രത്യകം ഓർക്കുന്നു. 2010 ല്‍ തൃശൂരിൽ വെച്ചു നടന്ന മഹാത്മജിയുടെ ‘മാതൃഭൂമി’ സന്ദർശനത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളത്തിൽ എന്നെ ക്ഷണിച്ചിരുന്നു. അന്ന് “മഹാത്മജിയും, മാതൃഭൂമിയും രാഷ്ട്രനിർമാണവും” എന്ന വിഷയത്തെക്കുറിച്ചു സംസാരിച്ചത് ഓർക്കുന്നു. സംസാരിച്ചു തുടങ്ങിയത് ഇങ്ങനെ:
“മഹാത്മജിയുടെ ‘മാതൃഭൂമി’ സന്ദർശത്തിന്റെ സ്മരണകൾ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അണയാത്ത സ്മരണകളാണ്. പത്രപ്രവർത്തനം സ്വാതന്ത്രസമരത്തിനു എത്രമാത്രം പ്രാധാന്യമുള്ളതാണെന്നു ബോധ്യപ്പെടാൻ മഹാത്മജിയുടെ ജീവിതവും ചിന്തകളും തന്നെയാണ് ആധികാരിക സ്രോതസ്സുകൾ. പത്രപ്രവർത്തനത്തെ ഒരു ജീവിത നിയോഗമായിക്കണ്ടിരുന്ന, പത്ര പ്രസാധനം സ്വാതന്ത്ര്യസമരത്തിന്റെ അവിഭാജ്യഘടകമായി കണ്ടിരുന്ന ദീർഘദർശിയായിരുന്നു അദ്ദേഹം. തന്റെ രാഷ്ട്രീയ ദർശനങ്ങളും മാനവിക ചിന്തകളും പങ്കുവെക്കാൻ കണ്ടെത്തിയ ഒരു വിശാലമായ മണ്ഡലമായിരുന്നു അത്.
ദേശീയസ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ പത്രപ്രവർത്തനം ഒരു രാഷ്ട്രീയ പ്രവർത്തനം കൂടിയായിരുന്നു. വെറുമൊരു വിവര-വിനിമയ പ്രക്രിയ മാത്രമല്ല. അതുകൊണ്ടുതന്നെ മാതൃഭൂമിക്കുള്ള പ്രാധാന്യം മഹാത്മജി മനസ്സിലാക്കിയിരുന്നു. കെ. പി. കേശവമേനോനും മാധവൻ നായരുമെല്ലാം പത്രപ്രവർത്തനത്തിന്റെയും രാഷ്ട്രീയ പ്രവർത്തനനത്തിന്റെയും അന്യോന്യത്വം മനസ്സിലാക്കിയവരായിരുന്നു. പുതുതലമുറയ്ക്ക് പഠിക്കാനുള്ളതും മൺമറഞ്ഞുപോയ ഈ മഹാരഥന്മാരുടെ പ്രതിബദ്ധതയും നിശ്ചയദാര്‍ഢ്യവുമാണ്. 2010 മറ്റൊരു ചരിത്ര സംഭവത്തിന്റെ നൂറാം വർഷം കൂടിയാണ്.

കേരളീയ നവോത്ഥാനത്തിന്റെ ധീരശബ്ദം എന്ന് വിശേഷിപ്പിക്കാവുന്ന വക്കം മൗലവി സ്ഥാപിച്ച “സ്വദേശാഭിമാനി” പത്രം കണ്ടു കെട്ടുകയും അതിന്റെ പത്രാധിപരായിരുന്ന കെ. രാമകൃഷ്‌പിള്ളയെ നാടുകടത്തുകയും ചെയ്തതിന്റെ നൂറാം വാർഷികം ആചരിക്കുന്ന സന്ദർഭം കൂടിയാണിത്. “ഭയകൗടില്യ ലോഭങ്ങൾ വളർക്കില്ലൊരു നാടിനെ” എന്ന ആപ്‌തവാക്യം മുന്നോട്ടു വെച്ച “സ്വദേശാഭിമാനി” യുടെ പൈതൃകം കൈവെടിയാത്ത ‘മാതൃഭുമി’ യെപ്പോലുള്ള പത്രങ്ങൾ ഇന്നും നമ്മോടൊപ്പം ഉണ്ട് എന്നുള്ളത് സ്വാതന്ത്ര്യത്തിന്റെ മഹിമ വിളിച്ചോതുന്നു. “

പിൽക്കാലത്തു സ്വദേശാഭിമാനിയെപ്പറ്റിയുള്ള ഒരു ബൃഹുത്തായ ഗ്രന്ഥം പുറത്തിറക്കിയത് മാതൃഭൂമിയിലെത്തന്നെ മുതിർന്ന പത്രപ്രവർത്തകനായിരുന്ന ടി. വേണുഗോപാലാണ്.
“ഭയകൗടില്യ ലോഭങ്ങൾ വളർക്കില്ലൊരു നാടിനെ” എന്ന ശബ്ദം മുഴങ്ങുന്നിടത്തെല്ലാം രഹസ്യാന്വേഷണ ഏജൻസികൾ കാതോർക്കുന്ന കാലമാണിത്.

ഒരു നൂറ്റാണ്ടിന്റെ ഊർജവും, ആർജവവും മാതൃഭൂമിയെ ഇനിയും സ്വാതന്ത്ര്യ സമരങ്ങളുടെ മുൻനിരയിൽ നിർത്തും. കാരണം മാതൃഭൂമിക്ക് അടിമത്വത്തിന്റെയും ആധിപത്യത്തിന്റെയും സൂക്ഷശബ്ദങ്ങളെപ്പോലും തിരിച്ചറിയാൻ കഴിയും. അതിനെ പ്രതിരോധിക്കാൻ ആകും. പ്രതിരോധിക്കുന്നവരോടൊപ്പം നില്ക്കാൻ ആകും.