കോട്ടയത്ത് താമസം തുടങ്ങിയ കാലം. തിരുവനന്തപുരത്തുനിന്നും വീട്ടിലെ ഗ്യാസ് കണക്ഷൻ കോട്ടയത്തേയ്ക്കു ട്രാസ്ഫെർ ചെയ്തു കിട്ടിയത് നാഗമ്പടത്തുള്ള ‘ഭാരത്’ഗ്യാസ് ഏജൻസിയിലാണ്. ഗ്യാസ് വണ്ടി ഹൗസിങ് കോളനിയിലെ വീട്ടിൽ എത്തുമ്പോൾ മധു ഉച്ചത്തിൽ വിളിക്കും ‘സീതയ്ക്ക് ഗ്യാസ്.’ ഞാൻ അങ്ങനെ അവരുടെ കണക്കിൽ ‘സീത’യായി. തിരുത്താനൊന്നും പോയില്ല. നല്ല പേരല്ലേ. ഞാൻ ഇറങ്ങി ചെല്ലുമ്പോൾ വീട്ടിനുള്ളിൽ ഒരു സീത എന്തായാലും ഉണ്ടാവുമെന്ന് ചങ്ങാതി വിചാരിച്ചു കാണും.
പിന്നീട് ഏജൻസി ‘ഹിന്ദുസ്ഥാനി’ലേയ്ക്ക് മാറിയപ്പോൾ ‘തി’ തിരിച്ചുകിട്ടി. വടക്കേഇന്ത്യയിൽ പോകുമ്പോൾ ഞാൻ ‘സേഥി’യാകും. പലർക്കും അതിനപ്പുറം ഒരു പേര് സങ്കല്പിക്കാനാകില്ല. കോട്ടയത്ത് വന്നകാലത്തു എത്രപറഞ്ഞാലും ഞാൻ ‘സിബി’യാണെന്ന് അവർ ഉറപ്പിക്കും. ഒരു പേരിൽ എന്തിരിക്കുന്നു എന്ന് ചോദിക്കാം.
എന്നാൽ കാലം മാറി. സിംഹത്തിനു ഇപ്പോൾ ‘സീത’യെന്നു വിളിച്ചതിനു കോടതി മറുപടി പറയേണ്ടി വന്നിരിക്കുന്നു. അതും ‘അക്ബർ’ എന്ന മറ്റൊരു ചങ്ങാതിയുടെ കൂടെ വസിക്കുന്നതിനു. ഞാൻ ഓർക്കുകയായിരുന്നു. പത്തുമുപ്പതു വർഷം മുമ്പ് മൂന്നാർ മാട്ടുപ്പെട്ടിയിൽ പശുഫാം കാണാൻ പോയി. നല്ല കൊഴുത്ത പശുക്കൾ. ഇൻഡോ-സ്വിസ് പ്രൊജക്റ്റ് പ്രകാരം ആണെന്ന് തോന്നുന്നു ഇതിനെ പരിപാലിച്ചിരുന്നത്. ഞങ്ങൾ കൗതുകത്തോടെ നോക്കി. പശുക്കൾക്ക് പേരുണ്ട്. അബ്ദുല്ല, രാജു, രാമൻ, ജോസഫ്….അങ്ങനെ. പശുഫാമിൽ ഇത്രനല്ല നിലയിൽ മതേതരത്വം കാത്തുസൂക്ഷിച്ച ഒരു കാലം ഉണ്ടായിരുന്നു. ഇന്നാണെങ്കിൽ വടക്കേ ഇന്ത്യയിലോ മറ്റോ ഇത് സങ്കൽപ്പിക്കാൻ പറ്റുമോ?
മൃഗങ്ങൾക്കു മനുഷ്യരുടെയും ദൈവങ്ങളുടെയും പേരിടുന്നതിൽ സ്നേഹത്തിന്റെ ഒരംശമുണ്ട്. അവിടെ വർഗീയതയ്ക്ക് ഒരു സ്ഥാനവുമില്ല. കോടതി ഇന്ന് ഹർജിക്കാരോട് ചോദിച്ചതും ഇതുതന്നെ. ആ അർത്ഥത്തിൽ ‘മനുഷ്യ-മൃഗ’ സന്ദേഹങ്ങൾക്കു ഇന്ന് പുതിയ മാനങ്ങൾ കൈവന്നിരിക്കുന്നു. സിനിമയിലെ കഥാപാത്രങ്ങൾക്ക് പോലും ഇന്ന് ധൈര്യത്തോടെ പേരിടാൻ പലരും മടിക്കുകയാണ്. സാഹിത്യത്തിൽ ഇന്ന് ഇതുമായി ബന്ധപെട്ടും ചോദ്യങ്ങൾ ഉയരുന്നുണ്ട്. ‘പാല്പിരിയുന്ന കാലം’ ചെറുകഥയിൽ എന്തുകൊണ്ട് എൻ. എസ്.മാധവൻ ‘സാബു’ എന്ന് കഥാപാത്രത്തിനു പേരിട്ടു? ഉത്തരേന്ത്യയിൽ മാട്ടിറച്ചിയുമായി യാത്ര ചെയ്തു ആക്രമിക്കപ്പെടുന്നത് ആഖ്ലാഖും മറ്റുമല്ലേ, സാബുവല്ലല്ലോ…തുടങ്ങിയ ആശങ്കപ്പെടുത്തുന്ന ചോദ്യങ്ങൾ. ബഷീറും തകഴിയും കേശവദേവും പൊൻകുന്നം വർക്കിയുമെല്ലാം ഇന്ന് ജീവിച്ചിരുന്നെകിൽ അവരുടെ കഥാപാത്രങ്ങൾ എന്തുതരം വിചാരണയ്ക്കു ഇന്ന് കീഴ്പ്പെടേണ്ടി വരുമായിരുന്നു !