ബ്രിട്ടനിലെ സസ്സെക്സ് സർവകലാശാലയിലെ നരവംശശാസ്ത്ര-ദക്ഷിണേഷ്യൻ പഠനവിഭാഗം പ്രൊഫസ്സറായ ഫെലിപോ ഒസല്ലയെ ദീർഘകാലമായി അറിയാവുന്ന ഒരാളെന്ന നിലയ്ക്ക് പറയുകയാണ്, അങ്ങേയറ്റം വിഷമവും ആശങ്കയും ഉണ്ടാക്കിയ സംഭവമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിനു ഉണ്ടായ അനുഭവം. അത് വിമാനത്താവളത്തിലെ ഉദ്യാഗസ്ഥരുടെ മാത്രം പ്രശ്നവുമില്ല. എമിഗ്രേഷൻ ഉദ്യോഗസ്ഥർക്കു ഉന്നതങ്ങളിൽ നിന്നും കിട്ടിയ നിർദ്ദേശം അവർ നടപ്പാക്കുകയായിരുന്നു. ആ നിർദ്ദേശത്തിന്റെ അടിസ്ഥാനം എന്തെന്ന് അറിയാനുള്ള അവകാശം പോലും ആദരണീയനായ അദ്ദേഹത്തിന് നിഷേധിച്ചു.
കേവലം വിസയുടെ പ്രശ്നമല്ലെന്നു നല്ല ബോധ്യമുള്ള അദ്ദേഹം മാധ്യമങ്ങൾക്ക് നൽകിയ കുറിപ്പുകളിൽ ന്യായമായും സംശയിക്കുന്നത് തന്റെ പാസ്പോർട്ടിൽ കണ്ട പാകിസ്ഥാൻ സന്ദർശനത്തിന്റെ രേഖപ്പെടുത്തലുകളാണ്.
ബ്രിട്ടീഷ് പൗരനായ പ്രൊഫ.ഒസല്ലയ്ക്കു ദക്ഷിണേഷ്യൻ പഠനങ്ങളുമായി ബന്ധപ്പെട്ട് ഏതു രാജ്യത്തു പോകാനും നിയമപരമായ അവകാശമുണ്ട്. അതു മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളൂ. അതും തന്റെ നരവംശ ശാസ്ത്ര പഠനങ്ങൾക്ക് മാത്രമായി.
പാകിസ്ഥാനിൽ പോകുന്നവരെല്ലാം ‘ചാര’ന്മാരായി സങ്കല്പിക്കുന്ന ഒരു ഭരണകൂടമാണ് നമ്മുടേതെങ്കിൽ നമ്മുടെ നയതന്ത്രജ്ഞർക്കോ പത്രപ്രവർത്തകർക്കോ ആർക്കും അവിടെ കാലുകുത്താൻ കഴിയില്ലല്ലോ!
മറ്റു രാജ്യങ്ങളിലെ നൂറുകണക്കിന് നയതന്ത്രജ്ഞരും പത്രപ്രവർത്തകരും പാകിസ്താനിലും ഇന്ത്യയിലും ഒരു പോലെ പോകുന്നുണ്ടല്ലോ? അതുപോലെ ഈ മേഖലയെക്കുറിച്ചു പഠിക്കുന്നവരും.
പ്രൊഫ. ഒസല്ല ഒരു മുഴുവൻസമയ അക്കാദമിക പണ്ഡിതനാണ്. മലയാളക്കരയിൽ ദീർഘകാലം താമസിച്ചു ഏവരുടെയും സ്നേഹവും ബഹുമാനവും ആർജിച്ചിട്ടുള്ള ഒരു മനുഷ്യനാണ്. അദ്ദേഹം പങ്കെടുക്കേണ്ടിയിരുന്ന സെമിനാറും വിവാദങ്ങൾക്ക് അപ്പുറമുള്ള ഒരു വിഷയത്തെ കേന്ദ്രീകരിച്ചാണ്. അനാവശ്യമായി ഒരു രാഷ്ട്രീയ പ്രസ്താവനയും നടത്താത്ത ഒരു വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.
പ്രൊഫ. ഒസല്ല തന്റെ മറ്റു രാജ്യങ്ങളിലെ സന്ദർശങ്ങളെ സംബന്ധിച്ചു കൃത്യമായി ബന്ധപ്പെട്ട അധികാരികളെ അറിയിക്കാറുണ്ട്. അതിൽ ഒരിക്കലും ഒളിച്ചു കളി നടത്തുന്ന ഒരാളല്ല അദ്ദേഹം. ഇന്ത്യയിൽ വന്നത് കൊണ്ട് പാകിസ്ഥാനോ ശ്രീലങ്കയോ ഒരിക്കലും അദ്ദേഹത്തോട് ഇങ്ങനെ കാണിച്ചിട്ടുമില്ല.
വിമാനത്താവളത്തിൽ സ്വന്തം ബാഗുപോലും തുറന്നു രക്തസമ്മർദ്ദത്തിനുള്ള മരുന്നെടുക്കാൻ അദ്ദേഹത്തിന് അനുവാദം കിട്ടിയില്ലെന്നു പറയുന്നു.
ലോകത്തിലെ ‘ഏറ്റവും വലിയ’ ജനാധിപത്യ രാജ്യത്തിനു ഇതിലും ചെറുതായി പെരുമാറാൻ കഴിയുമോ?
ഇതു പ്രധാനമന്ത്രി നരേന്ദ്രമോദി ക്കു തന്നെ നാണക്കേടാണ്. നാളെ പാകിസ്ഥാനിൽ ഔദ്യോഗിക സന്ദർശനത്തിനു പ്രധാനമന്ത്രിക്കു പോകണമെങ്കിൽ ഇതേ ഉദ്യോഗസ്ഥർ ഇതേ ന്യായം സ്വാകാര്യമായിട്ടെങ്കിലും വിളമ്പിയേക്കാം. കാരണം പാകിസ്ഥാൻ എന്ന വാക്ക് ഉച്ചരിക്കുന്നവർ പോലും ഇസ്ലാമിസ്റ്റുകളോ തീവ്രവാദികളോ ആയിരിക്കും. ഇനി ഒസല്ലയുടെ പേര് ഒസാമ ബിൻ ലാദൻ എന്നു വായിച്ചാൽ പോലും അതിശയിക്കേണ്ടതില്ല.
നമ്മുടെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കാൻ തയ്യാറെടുക്കുകയാണല്ലോ. “വസുധൈവ കുടുംബകം” എന്ന പ്രതിഞ്ജയുടെ യഥാർത്ഥ ധ്വനി നമ്മളെല്ലാം ഒന്നാണെന്നതാണെങ്കിൽ അതിൽ വേർതിരിവും വെറുപ്പും പാടുള്ളതല്ല.
പൗരത്വനിയമ ഭേദഗതിക്കാലത്തു ഉണ്ടാക്കിയ “ദേശവിരുദ്ധ”രുടെ പട്ടികയിൽ പെട്ടുപോയവരെല്ലാം ഇപ്പോൾ നിശബ്ദ സേവനകാലത്താണ് ജീവിക്കുന്നത്. വെറുപ്പും വിദ്വേഷവും അസഹിഷ്ണുതയും മഹമാരിയേക്കാൾ വലിയ അപകടകാരികളാണ്.
അക്കാദമിക്കുകളെയും പത്രപ്രവർത്തകരെയും ഭരണകൂടങ്ങൾ ഭയക്കുന്നതെന്തിനെന്ന ചോദ്യം ഇന്നിപ്പോൾ അപ്രസക്തമാണ്. ഭരണകൂടങ്ങളെ ഇക്കൂട്ടർ ഭയക്കുക എന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയൂ. അതിനെക്കുറിച്ചു വേദനയോടെ പ്രൊഫ. ഒസല്ല തൻറെ പ്രതികരണങ്ങളിൽ പങ്കുവെക്കുന്നുണ്ട്.
ഇനിയും ഈ നാട്ടിലേക്കു വരാനുള്ള സന്നദ്ധതയും താൽപ്പര്യവും അദ്ദേഹം കാണിക്കുന്നെങ്കിൽ അതിനർത്ഥം ഇവിടെയുള്ള മനുഷ്യരോട് അദ്ദേഹത്തിനുള്ള സ്നേഹവും ബഹുമാനവും ഇപ്പോഴും നിലനിൽക്കുന്നു എന്നതാണ്.
ബഹുസംസ്കൃതിയുടെ പ്രതീകമായ ഇന്ത്യയെന്ന മഹാരാജ്യത്തിനു ചേരാത്ത ഒന്നാണ് പുറന്തള്ളലും ഒഴിവാക്കലും. “ഉൾച്ചേർന്ന ജനാധിപത്യം” ഇനിയെങ്കിലും വെറുമൊരു വീമ്പുപറച്ചിൽ മാത്രമാക്കാതെ യഥാർത്ഥ ജീവിതാവസ്ഥയാകട്ടെ.