പുതിയ ആർക്ടിക് നയവും, അന്‍റാര്‍ട്ടിക്ക നിയമവും ആവിഷ്കരിച്ചുകൊണ്ടു  ഇന്ത്യ ലോക ഭൗമ ഭൂപടത്തിൽ പുതിയ അക്ഷാംശങ്ങൾ തേടുകയാണോ?

സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലി വർഷത്തിൽ ഇന്ത്യയുടെ വിദേശനയം സാധ്യതകളുടെ നയതന്ത്ര കലയാണോ അന്വേഷിക്കുന്നത്?

മാറിമറിയുന്ന സാർവദേശീയ സാഹചര്യങ്ങൾ നിരവധി വെല്ലുവിളികൾ ഉയർത്തുമ്പോൾ ചരിത്രത്തിന്റെ നീക്കിയിരിപ്പുകൾ ഇന്ത്യയെ ഉണർത്തുകയാണോ  അതോ തളർത്തുകയാണോ?

ഒട്ടനവധി ചോദ്യങ്ങൾ ഇപ്പോൾ ഇന്ത്യയെ ഉറ്റുനോക്കുന്നുണ്ട്.

സ്വതന്ത്ര ഇന്ത്യയുടെ വിദേശനയം സ്വയം നിർണായാവകാശത്തിന്റേയും രാഷ്ട്രീയ ഇച്ചാശക്തിയുടെയും സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെയും മൗലികാടിത്തറയിൽ തീർത്ത എടുപ്പുകളായിരുന്നു. ഇന്ത്യൻ പാർലമെൻറിൽ പ്രഥമ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായിരുന്ന ജവാഹർലാൽ നെഹ്‌റു ഈ വിഷയത്തിൽ നടത്തിയ ഒരു പ്രസ്താവനയുണ്ട്. എല്ലാകാലത്തേയ്ക്കും കരുതിവെയ്യ്ക്കാവുന്ന ഒരു പ്രഖ്യാപനം കൂടിയായിരുന്നു അത്. അതിങ്ങനെ പോകുന്നു:

എന്താണ് നമ്മുടെ രാജ്യത്തിൻറെ സ്വാതന്ത്ര്യം എന്നു പറഞ്ഞാൽ?

സ്വതന്ത്രമായ വിദേശനയമുള്ള രാജ്യം എന്ന അർത്ഥമാണതിന്.

സ്വതന്ത്രമായ വിദേശനയമെന്നു പറഞ്ഞാൽ എന്താണ്?

സ്വതന്ത്രമായ സാമ്പത്തിക നയമുള്ള ഒരു രാജ്യം എന്ന അർത്ഥമാണതിന്.

 നെഹ്രുവിന്റെ ഈ പ്രസ്താവന സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷിക വേളയിൽ ചർച്ചചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്. സ്വാതന്ത്ര്യത്തെ വിദേശനയവുമായും വിദേശനയത്തെ രാജ്യത്തിൻറെ സ്വതന്ത്രമായ സാമ്പത്തിക നയവുമായും വ്യാഖ്യാനിക്കാനുള്ള രാഷ്ട്രീയ ഇച്ചാശക്തി ഇന്ന് നമ്മുടെ ഭരണകൂടത്തിനുണ്ടോ? ഭരണകൂടം എന്ന് ഇവിടെ ഉദ്ദേശിച്ചത് കേവലം അധികാരത്തിലിരിക്കുന്ന ഏതെങ്കിലും ഒരു സർക്കാരിനെ മാത്രം ഉദ്ദേശിച്ചല്ല. ഏറ്റവും കുറഞ്ഞത് കഴിഞ്ഞ മുപ്പതു വർഷക്കാലത്തെ സാമ്പത്തിക നയവും, മാറിവന്ന സർക്കാരുകളുടെ ചങ്ങാത്തതന്ത്രങ്ങളും നെഹ്രുവിയൻ കാഴ്ചപ്പാടിൻറെ പ്രസക്തിയും പ്രാധാന്യവും എന്താണ്ടു പൂർണമായിത്തന്നെ ചോർത്തിക്കളഞ്ഞു എന്ന് പറയാം. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും ബിജെപിയും മറ്റു വലതു രാഷ്ട്രീയ പാർട്ടികളും ഒരുപോലെ പങ്കിടുന്ന ഒരു മേഖല കൂടിയാണ് വൈരുധ്യങ്ങളും വ്യാജോക്തികളും നിറഞ്ഞ വികസന/വിദേശനയ രംഗം.

യഥാർത്ഥ സ്വാശ്രയവാദികൾ ആരെന്ന ചോദ്യത്തിന് കപടയുക്തികൾ നിരത്തി കൊണ്ടാടുകയാണ് മാറിവന്ന വലതു സർക്കാരുകളും വലതു രാഷ്ട്രീയ കക്ഷികളും. മഹാത്മാഗാന്ധി സ്വപ്നം കണ്ടിരുന്ന സ്വരാജ്എന്ന സങ്കൽപ്പത്തിന് നവലിബറൽ കാലത്തു മറ്റൊരു അർത്ഥവും വ്യാഖ്യാനവും കല്പിച്ചുകൊടുത്തു ഏറ്റെടുത്തിരിക്കുകയാണ് ഭരണകൂടം.

സ്വാതന്ത്ര്യം, സ്വരാജ് തുടങ്ങിയ ആശയങ്ങളുടെ ദാർശനിക യുക്തിയും, പ്രത്യയശാസ്ത്ര ധർമവും ഏതാണ്ട് പൂർണമായിത്തന്നെ റദ്ദുചെയ്യപ്പെട്ട അവസ്ഥയിലാണ് കാര്യങ്ങൾ.

ഏതാണ്ട് മിക്ക വിദേശകാര്യ വിദഗ്ധരും സാമ്പത്തിക ശാസ്ത്രജ്ഞരും പങ്കിടുന്ന ചില ചോദ്യങ്ങളുണ്ട്.

 ബദലുകൾ ഇല്ലാത്ത ലോക സാഹചര്യങ്ങളിൽ ഇന്ത്യക്കു മറ്റെന്ത്  ചെയ്യാനാകും? വ്യാപാരത്തിന് പകരം വെയ്ക്കാൻ മറ്റെന്തുണ്ടു?രാജ്യങ്ങൾ അവരവരുടെ താല്പര്യങ്ങൾക്കല്ലേ അപ്പോൾ മുൻഗണന കൊടുക്കേണ്ടത്?

 ലളിതയുക്തിയിൽ പൊതിഞ്ഞ ഇത്തരം ചോദ്യങ്ങൾക്ക് ശക്തമായ ഒരു പ്രത്യയശാസ്ത്ര അടിത്തറയുണ്ട്. ലിബറൽ കാഴ്ചപ്പാടിൽ നിന്നും നവലിബറൽ പൊതുബോധത്തിലേക്കു എത്തുമ്പോൾ ഈ പ്രത്യയശാസ്ത്ര പ്രവർത്തനം സൗമ്യമായി നടന്നു കൊണ്ടിരിക്കുന്നു. പൊതുബോധംഎന്നതുകൊണ്ട് എല്ലാവരും മനസ്സിലാക്കി അംഗീകരിക്കുന്നുഎന്ന് അർത്ഥമില്ല. ജനങ്ങൾ ഒന്നും മനസ്സിലാക്കാതെ അംഗീകരിക്കുന്നതാണ് ഭരണകൂടങ്ങളുടെ ഇന്നത്തെ ആവശ്യം, ഇഷ്ടം.

ചുരുക്കത്തിൽ വിദേശകാര്യ വിഷയങ്ങളിൽ (വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യാ കൈമാറ്റം ഉൾപ്പടെ) രാഷ്ട്രീയ സമവായം തീർക്കാൻ മാറി വന്ന സർക്കാരുകൾക്ക് കഴിഞ്ഞിരിക്കുന്നു. ഇതിലൂടെ ദേശീയ സ്വാതന്ത്ര്യ സമരകാലത്തു മുഴങ്ങി കേട്ട പല മുദ്രാവാക്യങ്ങളും എന്നന്നേക്കുമായി മാഞ്ഞുപോയി.

സാമ്രാജ്യത്ത വിരുദ്ധതയിൽ നിന്നും വിധേയത്വത്തിലേയ്ക്കോ ?

ലിബറൽ ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന നെഹ്‌റു സാമ്രാജ്യത്വ വിരുദ്ധ വിദേശനയം മുന്നോട്ടുവെച്ചത്

രാജ്യത്തിൻറെ  കേവല പേരിനും‘ ‘പെരുമയ്ക്കുംവേണ്ടി മാത്രമായിരുന്നില്ല. പിന്നീട് ചേരിചേരാ നയത്തിലും പ്രസ്ഥാനത്തിലും കൂടി ആവിഷ്കരിക്കപ്പെട്ട ഈ നയം ഒരു സാർവദേശീയ

ലക്ഷ്യസാക്ഷാൽക്കാരത്തിനു  കൂടിയായിരുന്നു. അക്കാലത്തു് മൂന്നാം ലോകംഎന്നറിയപ്പെട്ടിരുന്ന വികസ്വര, അവികസിത രാജ്യങ്ങളുടെ രക്ഷാകർതൃത്വം കൂടി ഇന്ത്യയ്ക്ക് ഉണ്ടായിരുന്നു എന്നതാണ് യാഥാർഥ്യം.

രണ്ടാം ലോകയുദ്ധാനന്തരം പുതുതായി സ്വാതന്ത്ര്യം കിട്ടിയ രാജ്യങ്ങളിൽ ഇന്ത്യ പലകാരണങ്ങൾ കൊണ്ടും വേറിട്ട് നിന്നു. ശക്തമായ ജനകീയ അടിത്തറ ഉണ്ടായിരുന്ന ഒരു ദേശീയ പ്രസ്ഥാനവും, വ്യത്യസ്തവും എന്നാൽ രാഷ്ട്രീയ ധാർമികതയിൽ ഒരു പോലെ അടിയുറച്ചു വിശ്വസിച്ചിരുന്ന നേതാക്കളും അണികളും ചേർന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമരധാര മറ്റു പല രാജ്യങ്ങൾക്കും മാതൃകയായിരുന്നു. ജനാധിപത്യ-സോഷ്യലിസ്റ്റ്-ലിബറൽ ആശയങ്ങൾ സമന്വയിച്ച ഒരിടമായിരുന്നു അത്. 

ഏഷ്യൻ കൂട്ടായ്മയിൽ നിന്നും ആഫ്രോ-ഏഷ്യൻ രാജ്യാന്തര ബന്ധങ്ങളിലേയ്‌ക്ക്‌

സാമ്രാജ്യത്വ ശക്തികൾക്ക് അടിമപ്പെട്ടു കഴിഞ്ഞിരുന്ന അനേകം ആഫ്രോ-ഏഷ്യൻ രാജ്യങ്ങളിലെ ജനതകൾക്കു ഇന്ത്യ വലിയൊരു പ്രചോദനമായിരുന്നു. സ്വാതന്ത്ര്യസമരകാലത്തു തന്നെ ഏതാണ്ട് നാനൂറോളം അധിനിവേശ വിരുദ്ധ പ്രസ്ഥാനങ്ങളുമായി കോൺഗ്രസ്സ് സാർവദേശീയ ബന്ധങ്ങൾ സ്ഥാപിച്ചിരുന്നു.

സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിന് ഏതാനും മാസങ്ങൾക്കു മുമ്പ് ദില്ലിയിൽ നടന്ന ഏഷ്യൻ റിലേഷൻസ് കോൺഫറൻസ് ഈ ചരിത്രപരമായ ബന്ധങ്ങളുടെ വഴികളിലെ നാഴികക്കല്ലായിരുന്നു. നിർഭാഗ്യവശാൽ ഈ ചരിത്ര സമ്മേളനത്തിന്റെ എഴുപത്തഞ്ചാം വാർഷികം നമ്മൾ മറന്നു പോയി.

സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ദേശീയ പ്രസ്ഥാനങ്ങൾ” എന്ന വിഷയമായിരുന്നു സമ്മേളനത്തിൽ പ്രഥമ പരിഗണന ലഭിച്ചത്. ഇന്ത്യൻ കൌൺസിൽ ഫോർ വേൾഡ് അഫയേഴ്‌സ് നെഹ്‌റുവിന്റെയും സരോജിനി നായിഡുവിന്റെയും നേതൃത്വത്തിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്തത്. ഓരോ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും സ്ത്രീ പ്രതിനിധികൾ കൂടി ഉണ്ടാവണമെന്ന് നെഹ്‌റു നിഷ്കര്ഷിച്ചത് സമ്മേളനത്തെ രാജ്യാന്തര തലത്തിൽ വ്യത്യസ്തമാക്കി.

നിങ്ങൾ ഏഷ്യൻ സന്ദേശം മനസിലാക്കുക.

അത് പാശ്ചാത്യ കണ്ണടകളിലൂടെ ആവരുത്,

അണുബോംബിനെ അനുകരിച്ചുമല്ല.

സത്യത്തിന്റെ സന്ദേശമാണ് നല്കേണ്ടതെങ്കിൽ,

വെറുതെ നിങ്ങൾ  ശിരസ്സിലൂടെ കടത്തിവിട്ടുകൊണ്ടല്ല,

മറിച്ചു, ഹൃദയത്തെ കീഴടക്കികൊണ്ടാണ് യഥാർത്ഥത്തിൽ ചെയ്യേണ്ടത്.”

 ഗാന്ധിജിയുടെ പ്രസംഗത്തിലെ ഒരു പ്രധാന സന്ദേശം ഇതായിരുന്നു. മഹാത്മജി ഏഷ്യൻ സമൂഹത്തോടാണ്  അഭ്യർത്ഥിച്ചതെങ്കിലും ലോകത്തോടുള്ള സത്യപ്രഖ്യാപനമായിരുന്നു അത്. സ്വന്തം കണ്ണടയിലൂടെ ലോകത്തെ  കാണാനും വ്യത്യസ്തതകളുമായി സംവദിക്കാനുമുള്ള ആർജ്ജവം നമുക്കുണ്ടാവണമെന്നു ഗാന്ധിജിയും പിന്നീട് നെഹ്രുവും അടിവരയിട്ടു പറഞ്ഞു. സാമ്രാജ്യത്വ വിരുദ്ധതയിൽ ഊന്നിയ വിദേശനയ നിർമിതി സാധ്യമാകുന്നത് അങ്ങിനെയാണ്. ഈ ചരിത്രപരമായ സാഹചര്യങ്ങളിൽ നിന്നാണ് സ്വതന്ത്രമായ വിദേശനയം ഇന്ത്യ രൂപപ്പെടുത്തിയത്. ചേരിചേരാനയത്തിന്റെ ഉള്ളടക്കം ആവിഷ്‌കൃതമാകുന്നത് അങ്ങനെയാണ്.

ചേരിചേരാ നയത്തിന്റെ നാൾവഴികൾ

1955ൽ ബന്ദൂങ്ങിൽ വെച്ച് നടന്ന ആഫ്രോ-ഏഷ്യൻ സമ്മേളനം ഇതിന്റെ തുടർച്ചയായിരുന്നു. മൂന്നാം ലോക കൂട്ടായ്മയുടെ ആദ്യചുവടുവെയ്പുകൾ ഇതിലൂടെയാണ് ഉരുത്തിരിഞ്ഞത്. ഇതിനു നേതൃത്വം കൊടുത്തത് നെഹ്രുവും പിന്നീട് ചേരിചേരാ പ്രസ്ഥാനത്തിന് തുടക്കമിടുന്ന മുൻനിര നേതാക്കളായ ഈജിപ്തിലെ നാസറും, യുഗോസ്ലോവിയയിലെ മാർഷൽ ടിറ്റോയും, ഇന്തോനേഷ്യയുടെ സുകാർണോയും ഘാനയുടെ ക്വമെ എൻക്രുമയും എല്ലാമായിരുന്നു.

1961-ൽ ബെൽഗ്രേഡിൽ തുടക്കമിട്ട ചേരിചേരാ പ്രസ്ഥാനം കഴിഞ്ഞ വർഷം 60 തികച്ചു. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ ഇതെല്ലം സൗകര്യപൂർവം മറന്നു. കോവിഡ് മഹാമാരിയുടെ മറവിൽഇതെല്ലം സൗകര്യങ്ങൾ കൂടിയായി പല രാജ്യങ്ങൾക്കും. 

ധാരാളം വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ടെങ്കിലും മൂന്നാം ലോകത്തിന്റെ ശക്തിയും ശബ്ദവും ലോകം കേട്ടത് ചേരിചേരാ പ്രസ്ഥാനത്തിലൂടെയാണ്.

പ്രസ്ഥാനം ജന്മമെടുത്തു മൂന്നുവർഷം കഴിയുമ്പോഴേക്കും നെഹ്‌റു വിടവാങ്ങി. രണ്ടാമത്തെ ചേരിചേരാ സമ്മേളനത്തിൽ (1964) പങ്കെടുക്കാൻ അദ്ദേഹമില്ലായിരുന്നു. പ്രസ്ഥാനത്തിന്റെ 60 വർഷത്തെ ചരിത്രത്തിൽ ഒരിക്കൽ മാത്രമേ ഇന്ത്യ ചേരിചേരാ സമ്മേളനത്തിന് ആതിഥ്യം വഹിച്ചിട്ടുള്ളൂ. 1983-ൽ ഏഴാമത്തെ ഉന്നതതലത്തിനു ദില്ലി വേദിയൊരുക്കി. എന്നാൽ പ്രസ്ഥാനത്തിന്റെ അധ്യക്ഷയായ ഇന്ദിരാ ഗാന്ധി അടുത്തവർഷം കൊല്ലപ്പെടുകയായിരുന്നു. പിന്നാലെ വന്ന രാജീവ് ഗാന്ധി ചേരിചേരാ പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും മാറിവന്ന ലോക സാഹചര്യങ്ങൾ പുതിയ വെല്ലുവികൾ ഉയർത്തി.

ശാക്തിക ചേരികൾക്കു താൽക്കാലിക വിരാമമിട്ട “ശീതയുദ്ധാനന്ത” കാലഘട്ടത്തിൽ  പ്രസ്ഥാനത്തിന് ഏറെ വെല്ലുവിളികൾ ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ട്. ജക്കാർത്തയിൽ (1992) നിന്നും അസർബൈജാനിലെത്തുമ്പോഴേക്കും (2019), ഒമ്പതു ഉന്നതതലങ്ങൾ നടന്നെങ്കിലും ശീതയുദ്ധ കാലത്തു ഉയർത്തിയ ആശയങ്ങളോ പരിപാടികളോ മുന്നോട്ടുകൊണ്ടുപോകാൻ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്കു കഴിഞ്ഞിട്ടില്ല. അതിൽ പ്രധാനം ഒരു പുതിയ ലോക സാമ്പത്തിക ക്രമത്തിനും  ( A New International Economic Order) ഒരു പുതിയ വാർത്താവിനിമയ ലോകത്തിനും ( A New International Information  Order) വേണ്ടിയുള്ള ചുവടുവെയ്പുകളും പരിപാടികളുമായിരുന്നു. മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയിൽ നീതിപൂർവമായ വ്യാപാരവും, നിക്ഷേപവും, സാങ്കേതിക വിദ്യാ കൈമാറ്റവും നടക്കുന്നില്ല എന്ന തിരിച്ചറിവിൽ നിന്നാണ് ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ ബദൽ സംവിധാനങ്ങൾക്കും സാമ്പത്തിക ക്രമത്തിലെ ജനാധിപത്യവൽക്കരണത്തിനും വേണ്ടി വാദിച്ചത്. 

ഐക്യരാഷ്ട്ര സഭയിലും അൺക്ടാഡിലും (UNCTAD) കൂടി ഇതിനു വേണ്ടിയുള്ള ശബ്ദങ്ങൾക്ക് തുടക്കമിട്ടതും നേത്ര്യത്വം കൊടുത്തതും ഇന്ത്യയായിരുന്നു. ആഭ്യന്തര രംഗത്തു  ധാരാളം വെല്ലുവിളികൾ ഉയർത്തിയെങ്കിലും മൂന്നാം ലോകത്തിനു വേണ്ടി ഇന്ദിരാഗാന്ധി മുൻ നിരയിൽ നിന്നാണ് പ്രവർത്തിച്ചത്. സാമ്രജ്യത്വത്തിനും ആഗോള മൂലധന ശക്തികൾക്കുംവഴങ്ങാതെ സ്വതന്ത്രമായ സാമ്പത്തിക നയങ്ങൾ ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രചാരണങ്ങളും പരിപാടികളുമായി ഇന്ത്യ മുന്നോട്ടുപോകാൻ ശ്രമിച്ചു. എന്നാൽ വികസ്വര മുതലാളിത്ത രാജ്യമായ ഇന്ത്യയ്ക്ക് ആഗോള മുതലാളിത്ത സംവിധാനങ്ങളുടെ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ ആകുമായിരുന്നില്ല ആ കാലഘട്ടത്തിൽ. എൺപതുകൾ എത്തുമ്പോൾ ഇന്ത്യ ഉൾപ്പടെയുള്ള മിക്കവാറും മൂന്നാം ലോക രാജ്യങ്ങൾ ആഭ്യന്തര പ്രതിസന്ധികളിൽപെട്ട് വട്ടം തിരിയുന്നത് കാണാം.

മുതലാളിത്വത്തെ ധനകാര്യങ്ങളിൽ താങ്ങി നിർത്തുന്ന ആഗോള സാമ്പത്തിക സ്ഥാപനങ്ങൾ ഈ രാജ്യങ്ങളെ കടക്കെണിയിൽ പെടുത്തുന്നതും, വീണ്ടും അവരെ വായ്‌പ്പ കൊടുത്തു രക്ഷിക്കാൻ തയ്യാറാക്കുന്നതും ലോകം കണ്ടതാണ്. 1989-1991 കാലത്തെ ഇന്ത്യൻ സാമ്പത്തിക പ്രതിസന്ധിയും അതിനെ മറികടക്കാനായി സ്വീകരിച്ച സാമ്പത്തിക തന്ത്രങ്ങളും ആത്യന്തികമായി രാജ്യത്തെ പുതിയ പ്രശ്നനങ്ങളിലെയ്ക്ക് നയിച്ചു. ആഗോള തലത്തിൽ തന്നെ, സോവിയറ്റ് ചേരിയുടെ തകർച്ചയോടെ, സാമ്പത്തിക ഉദാരീകരണവും ആഗോളീകരണവും ആഘോഷിക്കപ്പെടേണ്ട കാര്യങ്ങളാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തികൊണ്ടിരുന്നു.

യാതൊരു രാഷ്ട്രീയ പശ്ചാത്തലവുമില്ലാതിരുന്ന മൻമോഹൻ സിംഗ് അങ്ങിനെ രാഷ്ട്രീയമായി വാഴ്ത്തപ്പെട്ട നേതാവായി. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ആഗോള മുതലാളിത്ത സമ്പദ് വ്യവസ്ഥയുമായി വിളക്കിച്ചേർക്കാൻ നിയോഗിക്കപ്പെട്ട സാമ്പത്തിക രസതന്ത്രജ്ഞൻ ആയിരുന്നു അദ്ദേഹം. ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കോൺഗ്രസ് ഇത്തരം വ്യക്തികളുടെ പിന്നിൽ അണിനിരക്കാൻ തുടങ്ങിയതോടെ കോൺഗ്രസിന്റെ തകർച്ചയും ആരംഭിച്ചു. വിദേശരംഗത്തു സാമ്രാജ്യത്വ ശക്തികളുമായി കൂട്ടുകെട്ടുകളും തന്ത്രപ്രധാനമായ ഉടമ്പടികളും ഉണ്ടാക്കാൻ തുടങ്ങിയതോടെ സ്വതന്ത്രമായ അഭിപ്രായങ്ങൾക്കു രാജ്യാന്തര തലത്തിൽ സ്വയം വിലക്കേർപ്പെടുത്തി. അങ്ങിനെ ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്നഇന്ത്യതന്നെ നിശ്ശബ്ദതയിലേക്കും തന്ത്രപരമായ അജ്ഞതയിലേക്കും നീങ്ങി. ഇക്കാലമത്രയും കോൺഗ്രസിനെ വിമര്ശിച്ചുകൊണ്ടിരുന്ന ബിജെപി അധികാരത്തിലേക്ക്  ചുവടുവെച്ചു തുടങ്ങിയപ്പോൾ തികച്ചും ദേശീയമായ അത്ഭുതങ്ങൾ ആരും പ്രതീക്ഷിച്ചിരുന്നില്ല. കോൺഗ്രസ് തുടങ്ങിവെച്ച നവലിബറൽ പരിഷ്‌കാരങ്ങൾ ഏറ്റെടുത്തു കൂടുതൽ ഊർജസ്വലതയോടുകൂടി അതിനെ മുന്നോട്ടുകൊണ്ടുപോകാൻ മോദി സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത് സമകാലിക യാഥാർഥ്യമാണ്.

വഴിപിരിയലിന്റെ അർത്ഥശാസ്ത്രം

1980-കള്‍ക്കുശേഷം ആഗോളപ്രശ്നങ്ങളോടും വിവിധരാജ്യങ്ങളോടുമുള്ള ഇന്ത്യയുടെ വിദേശനയ സമീപനത്തിലും ബന്ധങ്ങളിലുമുണ്ടായ ഗതിമാറ്റം പ്രകടമായി ബോധ്യപ്പെടുന്നത് മോദി അധികാരത്തിൽ വരുന്നതോടെയാണ്.

പുതിയ ആഗോളക്രമത്തില്‍ ഇന്ത്യക്ക് തങ്ങളുടെ താല്‍പ്പര്യവും ഒപ്പം വികസ്വര രാജ്യങ്ങളുടെ താല്‍പ്പര്യങ്ങളും ഉയര്‍ത്തിപ്പിടിക്കാനുള്ള സുസ്ഥിര രാഷ്ട്രീയ പരമാധികാരം പ്രകടമായും നഷ്ടപ്പെട്ടു.  ആഗോള ധനകാര്യസ്ഥാപനങ്ങളെ പിന്‍പറ്റി മുന്നോട്ടുപോകുന്ന ഒരു നവലിബറല്‍ ആഗോള ക്രമത്തില്‍ മുന്‍പെങ്ങുമില്ലാത്തവിധത്തില്‍ വികസ്വര രാജ്യങ്ങളുടെമേല്‍ സമ്മര്‍ദ്ദം ഉരുണ്ടുകൂടുന്നത് വളരെ നിര്‍ണ്ണായകമാണ്.

സമ്പദ്ഘടനയെ ഉദാരവല്‍ക്കരിക്കുന്ന നടപടികൾ മൻമോഹൻ സിംഗ് തുടങ്ങി വെച്ചത് ബിജെപി സർക്കാർ ശക്തമായി മുന്നോട്ടുകൊണ്ടുപോയതു ഇന്ത്യയുടെ വിദേശയത്തിൽ പ്രകടമായി പ്രതിഫലിച്ചു. ഇത് ഇന്ത്യയിലെ കുത്തക വ്യവസായികളെ ശക്തരാക്കിയപ്പോൾവിദേശമൂലധനത്തിന്, പ്രത്യേകിച്ചും  ബഹുരാഷ്ട്രകുത്തകകള്‍ക്ക് മേധാവിത്വം ഉറപ്പിക്കാന്‍ കാരണമായി. രാജ്യാന്തര ധനകാര്യ സ്ഥാപങ്ങൾ  നിര്‍ദ്ദേശിച്ച ഘടനാപരമായ മാറ്റങ്ങള്‍ നടപ്പിലാക്കുക എന്നത് ഈ പ്രക്രിയയുടെ അനിവാര്യ ഘടകമായി. വിദേശ സാങ്കേതികവിദ്യ ലഭ്യമാകുമെന്നും ഇവിടുത്തെ വ്യവസായികള്‍ക്കും പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും ഉന്നതനിലവാര്ത്തിലുള്ള സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി വിദേശകമ്പോളത്തിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കാമെന്നുമാണ് നയംമാറ്റത്തിനനുകൂലമായ ന്യായീകരണമായി ഭരണകൂടം അവതരിപ്പിച്ചത്.

ലോകവ്യാപാര സംഘടനയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം വ്യാപാരം, നിക്ഷേപം, സേവനങ്ങള്‍, കൃഷി, വ്യവസായം എന്നിങ്ങനെയുള്ള രംഗങ്ങളില്‍ നയപരമായ മാറ്റങ്ങള്‍ അനിവാര്യമാക്കി.

നവലിബറല്‍ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കിതുടങ്ങിയ ഘട്ടത്തിൽ , ഇന്ത്യ ആഗോളതലത്തില്‍ സവിശേഷമായ ഒരു പങ്ക് വഹിക്കാന്‍ തുടങ്ങിയിരുന്നു. സാങ്കേതിക മികവ്, മനുഷ്യവിഭവശേഷി, ഗവേഷണ സാമര്‍ത്ഥ്യം എല്ലാത്തിനും പുറമെ വളര്‍ന്നുവരുന്ന കമ്പോളം, ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ് ഇന്ത്യയെ ലോകം വിലയിരുത്തുന്നതെന്ന് പലരും വാദിച്ചു. സ്ഥൂല സാമ്പത്തിക പ്രകടനത്തില്‍ മികവ് പുലര്‍ത്തിയെങ്കിലും മറ്റുരംഗങ്ങളിലുണ്ടായ വളര്‍ച്ച സാമൂഹിക സേവനരംഗങ്ങളില്‍ ഉണ്ടായില്ല. അതിനുപുറമെ മാനവിക വികസന സൂചികയിലും ലോകദാരിദ്ര്യ സൂചികയിലും ഇന്ത്യയുടെ സ്ഥാനം വളരെ താഴെയായി. സുപ്രധാനമായ സംഗതി സമ്പദ്ഘടന ഉദാരവല്‍ക്കരിച്ചും, സ്വതന്ത്ര വ്യാപാരക്കരാറുകളില്‍ ഏര്‍പ്പെട്ടും കഴിയാവുന്നതെല്ലാം ചെയ്തിട്ടും ലോകവ്യാപാരത്തിലെ ഇന്ത്യയുടെ പങ്ക് വര്‍ധിച്ചില്ല എന്നതാണ്. ഇപ്പോഴത്തെ കണക്കനുസരിച്ച്, മൂന്ന്  ദശകത്തെ ഉദാരവല്‍ക്കരണത്തിനുശേഷം, ലോകവ്യാപാരത്തിലെ ഇന്ത്യയുടെ പങ്ക് മൊത്തംവ്യാപാരത്തിന്‍റെ രണ്ടു ശതമാനത്തില്‍ താഴെയായി നിൽക്കുന്നു.

ഇന്ത്യയുടെ വിദേശനയത്തിലെ വ്യതിയാനം പ്രകടമാവുന്നത് വികസ്വര രാജ്യങ്ങളെ പാടെ കൈയ്യൊഴിയുകയും സാമ്രാജ്യത്വശക്തികളോട് കൂടൂതല്‍ അടുക്കുന്നതിലൂടെയുമാണ്. ചേരിചേരാനയം ഇന്ന് സാര്‍വ്വദേശീയരാഷ്ട്രീയത്തില്‍ വികസ്വര രാജ്യങ്ങളുടെ ഐക്യവേദി എന്നതിനുപകരം ഒരു അനുഷ്ഠാനവും വിദേശനയത്തിലെ പുറംമോടിയും മാത്രമായി. സാമ്രാജ്യത്വ ശക്തികളുമായി ഇന്ത്യ ഏര്‍പ്പെട്ട അനേകം കരാറുകളും സംയുക്ത സംരംഭങ്ങളും  വിദേശനയത്തിലെ മൗലികത അര്‍ത്ഥശൂന്യമാക്കി കളഞ്ഞു. 

 ഉയര്‍ന്നുവരുന്ന ലോക ഊര്‍ജ്ജ, സുരക്ഷാ രംഗങ്ങളിലെ പുതിയ സാധ്യതകളാണ് ഇന്ത്യയുടെ  ആഗോള ഇടപാടുകളുടെ ഇപ്പോഴത്തെ ലക്‌ഷ്യം. ഇതിനായി റഷ്യയുമായുള്ള ചങ്ങാത്തം നിലനിർത്താൻ ഇന്ത്യ ആഗ്രഹിക്കുന്നത് സ്വാഭാവികം. യുക്രൈൻ യുദ്ധത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാട് ആ അർത്ഥത്തിൽ തന്ത്രപരവും സ്വാർത്ഥപരവുമാണ്. അമേരിക്കയെ പിണക്കാനും കഴിയില്ല, റഷ്യയെ പിരിയാനും കഴിയില്ല എന്ന സാഹചര്യത്തെ ഇന്ത്യ തന്ത്രപരമായി മറികടക്കുന്നത് നിശബ്ദ നയതന്ത്രം പ്രയോഗിച്ചിട്ടാണ്. പ്രത്യക്ഷത്തിൽ പാശ്ചാത്യ ശക്തികളുമായി വിലപേശാതെ റഷ്യയെ ചേർത്തുനിർത്തി കളിക്കളത്തിൽ നീക്കങ്ങൾ നടത്തുക എന്നതാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്ന മാർഗം.

ചുരുക്കത്തില്‍ ഇന്ത്യയുടെ  വിദേശനയം സാമ്രജ്യത്വ ശക്തികളുടെ സമ്മര്‍ദ്ദങ്ങളുടേയും ആജഞകളുടേയും പശ്ചാത്തലത്തില്‍ എഴുതപ്പെടുന്ന തിരക്കഥയാണ്.  ഇന്ത്യയുടെ സ്വയംഭരണാവകാശം, പരാമാധികാരം, സ്വതന്ത്ര നയരൂപീകരണം എന്നിവയെ സംബന്ധിച്ച് അനവധി ചോദ്യങ്ങള്‍ ഇവിടെ ഉയര്‍ന്നു വരുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലം  അധികാരത്തില്‍വന്നിട്ടുള്ള എല്ലാ സര്‍ക്കാരുകളും സാമ്പത്തിക പരിഷ്ക്കാരങ്ങള്‍, ആഗോളവല്‍ക്കരണം, സാമ്രജ്യത്വ ശക്തികളുമായുള്ള പങ്കാളിത്തംഎന്നീകാര്യത്തില്‍ സമവായത്തിലെത്തിയിരുന്നതായിക്കാണാം. സ്വയംഭരണം, സമത്വം, സാമൂഹികനീതി എന്നിവയൊന്നും മാറി മാറി വന്ന സർക്കാരുകൾ ഗൗരവമായി പരിഗണിച്ചിട്ടില്ല. നവലിബറല്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്ന ഇന്ത്യക്ക് അമേരിക്കയെപ്പോലുള്ള സാമ്രാജ്യശക്തികളുടെ സമ്മര്‍ദ്ദത്തില്‍നിന്നും  അത്രയൊന്നും എളുപ്പത്തില്‍ രക്ഷപ്പെടാന്‍ കഴിയില്ല. മഹാമാരിയും ആഗോളസാമ്പത്തിക മാന്ദ്യവും കടബാദ്ധ്യതകളം സാമ്ര്യാജ്യത്ത ശക്തികളെ ഞെട്ടിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ തല്‍ക്കാലം അതില്‍നിന്നും രക്ഷപ്പെട്ടിരിക്കുന്നു എന്ന ധ്വനിയാണ്  ഇപ്പോഴത്തെ രാഷ്ട്രീയ നേതൃത്വം നല്‍കുന്നത്. എന്നാല്‍ രാജ്യാന്തര  സാമ്പത്തിക രംഗത്തെ ഊരാക്കുടുക്കില്‍നിന്നും ലോകത്തിലെ ഒരു രാജ്യത്തിനും അത്രയൊന്നും എളുപ്പത്തില്‍ രക്ഷപ്പെടാമെന്ന് കരുതേണ്ടതില്ല. ഇന്നല്ലെങ്കില്‍ നാളെ ഇതിന്‍റെ ഭാരം ഇന്ത്യയും പേറേണ്ടിവരും. പശ്ചിമേഷ്യയിലേക്കും ദക്ഷിണ പൂര്‍വ്വേഷ്യയിലേക്കും യൂറോപ്പിലേക്കും വ്യാപാരത്തിനും കയറ്റുമതിക്കുമായി ഉറ്റു നോക്കുന്ന ഇന്ത്യയ്ക്ക് ഉയര്‍ന്നു വരുന്ന ആഗോള സാഹചര്യം അത്ര ശുഭകരമായ സൂചനയല്ല നല്‍കുന്നത്.

ജനങ്ങളുടെ സാമൂഹിക സുരക്ഷ മുൻനിർത്തി ദേശീയ താല്‍പ്പര്യങ്ങളുടെ വിശാലപരിധിക്കുള്ളില്‍നിന്നുകൊണ്ട് ശരിയായ ദിശയില്‍ ഇന്ത്യയ്ക്ക് നിലപാടെടുക്കാന്‍ കഴിയുമോ എന്നുള്ളതാണ് ഇന്നത്തെ കാതലായ ചോദ്യം. ആർക്ടിക് നയവും, അന്‍റാര്‍ട്ടിക്ക നിയമവും കൊണ്ടൊന്നും ആഗോളപരിസരത്തെ വെല്ലുവിളികളെ ഇന്ത്യയ്ക്ക് എളുപ്പത്തിൽ നേരിടാൻ കഴിയില്ല എന്നതാണ് യാഥാർഥ്യം.

 

_________________________

ലേഖകൻ ഇന്ത്യൻ കൌൺസിൽ ഫോർ സോഷ്യൽ സയൻസ് റിസർച്ചിൻറെ സീനിയർ ഫെല്ലോയും മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ഡയറക്ടറുമാണ്.