ട്രൂകോപ്പിതിങ്ക്, മാർച്ച് 6, 2026

 

ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ആരംഭിച്ച യുദ്ധം ഗൾഫ് മേഖലയെ വലിയൊരു പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഇറാനുമായുള്ള ഒരു സൈനികഏറ്റുമുട്ടലായി തുടങ്ങിയത് അതിവേഗം ഒരു വലിയ സുരക്ഷാ-സാമ്പത്തിക പ്രതിസന്ധിയായി വ്യാപിച്ചു. സൗദിഅറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ, ഒമാൻ എന്നീ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഈ സംഘർഷം ഭൗമരാഷ്ട്രീയപരവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്. ആഗോള ഊർജ്ജ വ്യവസ്ഥയുടെ ശൃംഖലയുടെ സിരാകേന്ദ്രമായ ഈ രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റ-പ്രവാസ ആവാസവ്യവസ്ഥ കൂടിയാണ്.

ഗൾഫിനെ യുദ്ധം ബാധിക്കുമ്പോൾ അതിന്റെ ഫലങ്ങൾ വെറും എണ്ണ വിപണിയിലോ നയതന്ത്രത്തിലോ മാത്രം ഒതുങ്ങുന്നില്ല. അവ വിമാനത്താവളങ്ങൾ, നിർമ്മാണകേന്ദ്രങ്ങൾ, തുറമുഖങ്ങൾ, പാർപ്പിടങ്ങൾ എന്നിവിടങ്ങളിലേക്ക് അതിവേഗം വ്യാപിക്കുന്നു—പ്രത്യേകിച്ചും ദക്ഷിണേഷ്യയിൽ നിന്നുള്ള ദശലക്ഷക്കണക്കിന് പ്രവാസികളെ ഇത് നേരിട്ട് ബാധിക്കുന്നു. ഗൾഫും നാട്ടിലെ കുടിയേറ്റ സമൂഹങ്ങളും തമ്മിലുള്ള സവിശേഷ സാമ്പത്തിക-സാമൂഹിക ബന്ധങ്ങൾ കാരണം, ഇന്ത്യയ്ക്കും പ്രത്യേകിച്ച് കേരളത്തിനും ഈ പ്രതിസന്ധി ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കും. യുദ്ധത്തിന്റെ ഗതിവിഗതികളാണ് ഇത് നിശ്ചയിക്കുന്നത്.

ജി.സി.സി രാജ്യങ്ങളെ ആക്രമിക്കാനോ ഭീഷണിപ്പെടുത്താനോ ഉള്ള ഇറാന്റെ തീരുമാനം, മേഖലയിലെ രാഷ്ട്രീയത്തെക്കുറിച്ചുള്ള അവരുടെ നിലപാടിന്റെ അടിസ്ഥാനത്തിൽ വേണം മനസ്സിലാക്കാൻ. പശ്ചിമേഷ്യയിലെ അമേരിക്കൻ സുരക്ഷാ സംവിധാനങ്ങളുടെ സജീവപങ്കാളികളായാണ് പല ഗൾഫ് രാജ്യങ്ങളെയും ഇറാൻ കാണുന്നത്. മേഖലയിലെ യുഎസ് സൈനിക നീക്കങ്ങളെ പിന്തുണയ്ക്കുന്ന നിർണ്ണായകമായ അമേരിക്കൻ സൈനികതാവളങ്ങൾ പല ജി.സി.സി രാജ്യങ്ങളിലും സ്ഥിതിചെയ്യുന്നുണ്ട്. ബഹ്‌റൈൻ യുഎസ് നേവിയുടെ അഞ്ചാംകപ്പൽപ്പടയുടെ  ആസ്ഥാനമായി പ്രവർത്തിക്കുമ്പോൾ, അമേരിക്കയ്ക്ക് പുറത്തുള്ള അവരുടെ ഏറ്റവും വലിയ സൈനികതാവളങ്ങളിലൊന്നായ അൽ ഉദൈദ് എയർബേസ് ഖത്തറിലാണുള്ളത്. ഗൾഫ്സർക്കാരുകൾ പരസ്യമായി സംയമനം പാലിക്കാൻ ആവശ്യപ്പെടുമ്പോൾ പോലും, അവരുടെ വ്യോമപാതയും രഹസ്യാന്വേഷണശൃംഖലകളും ലോജിസ്റ്റിക് പിന്തുണയും അമേരിക്കൻ-ഇസ്രായേൽ നീക്കങ്ങളെ പരോക്ഷമായി സഹായിക്കുന്നുണ്ടെന്ന് ഇറാൻ വിശ്വസിക്കുന്നു. അതിനാൽ, ടെഹ്‌റാന്റെ കാഴ്ചപ്പാടിൽ ഗൾഫ് രാജ്യങ്ങൾ  വാഷിംഗ്ടണുമായി ചേർന്നുനിൽക്കുന്ന ഒരു വലിയ സൈനികതന്ത്രത്തിന്റെ ഭാഗമാണ്.

മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന നയതന്ത്രസാഹചര്യങ്ങളാണ് മറ്റൊരു സംഘർഷ കാരണം. 2020-ലെ അബ്രഹാം ഉടമ്പടി (Abraham Accords) ഇസ്രായേലും യുഎഈയും ബഹ്‌റൈനും തമ്മിലുള്ള ബന്ധം സാധാരണനിലയിലാക്കി. സൗദി അറേബ്യയെപ്പോലെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങൾ ഔദ്യോഗികമായി ഈ കരാറിൽ പങ്കുചേർന്നിട്ടില്ലെങ്കിലും, അമേരിക്കൻ നേതൃത്വതിൽ ഇസ്രായേലുമായി ചേർന്ന് മേഖലയിൽ രൂപപ്പെടുന്ന ഒരു തന്ത്രപരമായ ക്രമീകരണത്തിന്റെ ഭാഗമായാണ് ഇറാൻ ഈ നീക്കങ്ങളെ വ്യാഖ്യാനിക്കുന്നത്.

ഗൾഫ് സർക്കാരുകൾ പൊതുവേദികളിൽ പലപ്പോഴും പലസ്തീൻ വിഷയത്തിന് പിന്തുണ പ്രഖ്യാപിക്കാറുണ്ട്. എന്നാൽ ഇറാന്റെ കാഴ്ചപ്പാടിൽ ഇത് കാപട്യമാണ്—ഗൾഫ് രാജ്യങ്ങൾ പലസ്തീനെക്കുറിച്ച് സംസാരിക്കുമ്പോഴും, ഒരേസമയം ഇസ്രായേലുമായും അമേരിക്കയുമായും തങ്ങളുടെ സുരക്ഷാ-സാമ്പത്തികബന്ധങ്ങൾ ശക്തിപ്പെടുത്തുകയാണെന്ന് ഇറാൻ വാദിക്കുന്നു.

മേഖലയിലെ നിഴൽയുദ്ധരാഷ്ട്രീയവും ഈ സാഹചര്യത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. ലെബനനിലെ ഹിസ്ബുള്ള, പലസ്തീനിലെ ഹമാസ്, യെമനിലെ ഹൂതി പ്രസ്ഥാനം എന്നിവയുൾപ്പെടെ പശ്ചിമേഷ്യയിലുടനീളമുള്ള രാഷ്ട്രീയ-സായുധ പ്രസ്ഥാനങ്ങളുടെ ഒരു ശൃംഖലയെ ഇറാൻ പിന്തുണയ്ക്കുന്നുണ്ട്. സൗദിഅറേബ്യയും യുഎഇയും ഉൾപ്പെടെയുള്ള പല ജിസിസി രാജ്യങ്ങളും ഈ ഗ്രൂപ്പുകളെ തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായാണ് കാണുന്നത്. സൗദി നേതൃത്വത്തിൽ യെമനിൽ നടന്ന യുദ്ധവും ഹൂതികളുമായുള്ള സംഘർഷങ്ങളും സമീപവർഷങ്ങളിൽ ഗൾഫ് മണ്ണിലേക്ക് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ എത്തുന്നതിന് കാരണമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, ഗൾഫ് അടിസ്ഥാന സൗകര്യങ്ങൾക്കെതിരെയുള്ള ഇറാന്റെ ആക്രമണങ്ങളോ ഭീഷണികളോ കേവലം അമേരിക്കൻ-ഇസ്രായേൽ സൈനിക നീക്കങ്ങൾക്കുള്ള നേരിട്ടുള്ള പ്രതികരണം എന്നതിലുപരി, മേഖലയിലെ സ്വാധീനമുറപ്പിക്കാനുള്ള വിപുലമായ മത്സരത്തിന്റെ ഭാഗമായി കൂടി കാണാവുന്നതാണ്.

ജി.സി.സി രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഇതിലെ സാമ്പത്തിക താൽപ്പര്യങ്ങൾ വളരെ വലുതാണ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ കയറ്റുമതി മേഖലകളിലൊന്നാണ് ഇവയെല്ലാം ചേർന്നാൽ രൂപപ്പെടുന്നത്. പല ഗൾഫ് രാജ്യങ്ങളിലും പൊതുവരുമാനത്തിന്റെ വലിയൊരു പങ്കും ഇപ്പോഴും എണ്ണ, വാതക വരുമാനത്തിൽ നിന്നാണ്. ചിലയിടങ്ങളിൽ ഇത് സർക്കാർ വരുമാനത്തിന്റെ 90 ശതമാനത്തോളം വരും.

സൗദിഅറേബ്യയുടെ മാത്രം ജിഡിപി ഏകദേശം 1.2 ട്രില്യൺ ഡോളറാണ്. യുഎഇയുടെ സമ്പദ്‌വ്യവസ്ഥ 600 ബില്യൺ ഡോളറിലധികം വരും. ഖത്തറിന്റേത് ഏകദേശം 240 ബില്യൺ ഡോളറും, കുവൈറ്റിന്റേത് 160 ബില്യൺ ഡോളറും, ഒമാന്റേത് 110 ബില്യൺ ഡോളറും, ബഹ്‌റൈന്റേത് ഏകദേശം 49 ബില്യൺ ഡോളറുമാണ്. സമീപകാലത്തായി ധനകാര്യം, വിനോദസഞ്ചാരം, ലോജിസ്റ്റിക്സ്, സാങ്കേതികവിദ്യ എന്നിവയിൽ വൻതോതിൽ നിക്ഷേപം നടത്തിക്കൊണ്ട് ഈ സമ്പദ്‌വ്യവസ്ഥകളെ വൈവിധ്യവത്കരിക്കാൻ അവർ ശ്രമിച്ചിട്ടുണ്ട്. മാത്രമല്ല തടസ്സമില്ലാത്ത ഊർജ്ജകയറ്റുമതി, സുരക്ഷിതമായ കപ്പൽപാതകൾ, നിക്ഷേപകരുടെ ആത്മവിശ്വാസം എന്നിവയെയാണ് ഈ രാജ്യങ്ങൾ ഇപ്പോഴും പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ കുടിയേറ്റ ആവാസ കേന്ദ്രങ്ങളിലൊന്നാണ് ഗൾഫ് മേഖല. 30 ദശലക്ഷത്തിലധികം വിദേശ തൊഴിലാളികളാണ് ജി.സി.സി രാജ്യങ്ങളിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നത്. ഇതിൽ വലിയൊരു പങ്കും ദക്ഷിണേഷ്യയിൽ നിന്നും തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുമുള്ളവരാണ്. ഗൾഫ് മേഖലയിലുടനീളമായി ഏകദേശം 90 ലക്ഷം മുതൽ ഒരുകോടി വരെ ഇന്ത്യക്കാരുണ്ട്. ഇതിൽ 70 ലക്ഷത്തിലധികം പേർ  യുഎയിലും സൗദി അറേബ്യയിലുമായിട്ടാണ് കഴിയുന്നത്. യുഎഇയിൽ ഏകദേശം 43 മുതൽ 44 ലക്ഷം വരെ ഇന്ത്യക്കാരുള്ളപ്പോൾ സൗദി അറേബ്യയിൽ ഇത് ഏകദേശം 26 ലക്ഷത്തോളമാണ്.

ഈ പ്രവാസി സമൂഹത്തിന്റെ ഒരു പ്രധാന ഭാഗം മലയാളികളാണ്. കേരളത്തിൽ നിന്നുള്ള ഏകദേശം 30 മുതൽ 35 ലക്ഷം വരെ ആളുകൾ ഗൾഫിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിൽ 13 മുതൽ 17 ലക്ഷം വരെ പേർ യുഎഇയിലും പത്തുലക്ഷത്തിനടുത്ത് ആളുകൾ സൗദി അറേബ്യയിലുമുണ്ട്. ഈ പ്രവാസികൾ ഓരോ വർഷവും വൻതോതിലുള്ള തുകയാണ് നാട്ടിലേക്ക് അയക്കുന്നത്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വലിയൊരു ഭാഗം ഗൾഫിൽ നിന്നുള്ള ഈ പണത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ചില വർഷങ്ങളിൽ സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ 20 മുതൽ 25 ശതമാനം വരെ സംഭാവന ചെയ്യുന്നത് ഈ തുകയാണ്. ഇത് പ്രതിവർഷം പതിനായിരക്കണക്കിന് കോടി രൂപ വരും.

ഈ യുദ്ധം കുടിയേറ്റ ആവാസവ്യവസ്ഥയെ താങ്ങിനിർത്തുന്ന സാമ്പത്തിക അടിത്തറയെ നേരിട്ട് ബാധിക്കുന്നു. തടസ്സമില്ലാത്ത ഗതാഗത, ലോജിസ്റ്റിക്സ് ശൃംഖലകളെ വളരെയധികം ആശ്രയിച്ചാണ് ഗൾഫ് സമ്പദ്‌വ്യവസ്ഥ നിലനിൽക്കുന്നത്. മിസൈൽ ആക്രമണങ്ങൾ, ഡ്രോൺ ആക്രമണങ്ങൾ അല്ലെങ്കിൽ സുരക്ഷാഭീതി എന്നിവ പോലും വ്യോമപാതകൾ അടയ്ക്കുന്നതിനും കപ്പൽ ചാലുകൾ തടസ്സപ്പെടുന്നതിനും ഓയിൽ ടാങ്കറുകളുടെ ഇൻഷുറൻസ് ചെലവ് വർദ്ധിക്കുന്നതിനും കാരണമാകും.

ഹോർമുസ് കടലിടുക്കോ  പ്രധാന ഗൾഫ് തുറമുഖങ്ങളോ തുടർച്ചയായ തടസ്സങ്ങൾ നേരിട്ടാൽ, അത് എണ്ണ കയറ്റുമതിയെയും ആഗോള ഊർജ്ജ വിപണിയെയും ഗുരുതരമായി ബാധിക്കും. താത്കാലികമായ തടസ്സങ്ങൾ പോലും വിമാനയാത്ര, വിനോദസഞ്ചാരം, വ്യാപാരം എന്നിവയിൽ കാലതാമസമുണ്ടാക്കും. കുടിയേറ്റ തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്ന മേഖലകളിലൊന്നായ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇത്തരം അനിശ്ചിതാവസ്ഥയുടെ സമയത്ത് സാധാരണയായി ആദ്യം മന്ദഗതിയിലാകുന്നത്.

ഗൾഫ് സാമ്പത്തിക മാതൃകയുടെ കരുത്തും അതേസമയം അതിന്റെ ദൗർബല്യവും ഒരുപോലെ വെളിപ്പെടുത്തുന്ന രാജ്യമാണ് യുഎഇ.  വ്യാപാരം, ധനകാര്യം, വിനോദസഞ്ചാരം, ലോജിസ്റ്റിക്സ് എന്നിവയുടെ ഒരു ആഗോള കേന്ദ്രമായി ദുബായ് സ്വയം മാറിയിരിക്കുന്നു. ദുബായിലെ ജനസംഖ്യയുടെ 85 ശതമാനത്തിലധികം പ്രവാസികളാണ്. ഇന്ന് ഈ എമിറേറ്റിന്റെ ആഭ്യന്തര ഉൽപ്പാദനത്തിന്റെ സിംഹഭാഗവും വരുന്നത് വ്യോമയാനം, ഹോസ്പിറ്റാലിറ്റി, റിയൽ എസ്റ്റേറ്റ്, ധനകാര്യം, സാങ്കേതികവിദ്യ തുടങ്ങിയ എണ്ണയിതര മേഖലകളിൽ നിന്നാണ്. വിദേശികൾക്ക് പൂർണ്ണ ഉടമസ്ഥാവകാശവും വേഗത്തിലുള്ള കമ്പനി രജിസ്‌ട്രേഷനും അനുവദിക്കുന്ന ഫ്രീ സോണുകൾ ലോകമെമ്പാടുമുള്ള ബിസിനസ്സുകളെ ഇവിടേക്ക് ആകർഷിക്കുന്നു.

ഇന്ത്യൻ സംരംഭകരും പ്രൊഫഷണലുകളും തൊഴിലാളികളും ഈ മേഖലകളിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ദുബായ് സുരക്ഷിതവും സുസ്ഥിരവുമായ ഒരു ബിസിനസ്സ് അന്തരീക്ഷമാണെന്ന ധാരണയെയാണ് ഈ മാതൃക പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്. മിസൈൽ ഭീഷണികൾ, വ്യോമപാത അടയ്ക്കൽ അല്ലെങ്കിൽ നീണ്ടുനിൽക്കുന്ന സംഘർഷങ്ങൾ എന്നിവ ഈ സൽപ്പേരിനെ ദോഷകരമായി ബാധിക്കുകയും നിക്ഷേപങ്ങളെയും വിനോദസഞ്ചാരത്തെയും മന്ദഗതിയിലാക്കുകയും ചെയ്യും. ഇത് പ്രവാസികളുടെ ജോലിയെ നേരിട്ട് ബാധിക്കുന്ന കാര്യമാണ്.

യുഎഇയുടെ തലസ്ഥാനമായ അബുദാബി പ്രധാനമായും ആശ്രയിക്കുന്നത് എണ്ണ വരുമാനത്തെയും പരമാധികാര സമ്പത്ത് നിക്ഷേപങ്ങളെയുമാണ് (Sovereign wealth investments). അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, മുബാദല തുടങ്ങിയ സ്ഥാപനങ്ങൾ ലോകമെമ്പാടുമുള്ള ശതകോടിക്കണക്കിന് ഡോളറിന്റെ ആസ്തികളാണ് കൈകാര്യം ചെയ്യുന്നത്. ഇത്തരത്തിലുള്ള സാമ്പത്തിക കരുതൽ ശേഖരം ഹ്രസ്വകാല സാമ്പത്തിക ആഘാതങ്ങളിൽ നിന്ന് ഒരു പരിധിവരെ സംരക്ഷണം നൽകുന്നുണ്ട്. എങ്കിലും, എണ്ണ കയറ്റുമതി സംവിധാനങ്ങൾക്കോ കപ്പൽ പാതകൾക്കോ ഭീഷണി നേരിട്ടാൽ അബുദാബിയും വെല്ലുവിളികൾ നേരിടേണ്ടി വരും. വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ വൈകുന്നത് നിർമ്മാണ, എഞ്ചിനീയറിംഗ് മേഖലകളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് പ്രവാസി തൊഴിലാളികളെ പ്രതികൂലമായി ബാധിച്ചേക്കാം.

സൗദിഅറേബ്യ നേരിടുന്നത് അല്പം വ്യത്യസ്തമായ വെല്ലുവിളിയാണ്. ‘വിഷൻ 2030’ (Vision 2030) എന്നറിയപ്പെടുന്ന ബൃഹുത്തായ സാമ്പത്തിക പരിവർത്തന പരിപാടി രാജ്യം നടപ്പിലാക്കിവരികയാണ്. അത്യാധുനിക നഗരമായ ‘നിയോം’ (NEOM) ഉൾപ്പെടെയുള്ള കൂറ്റൻ പദ്ധതികളും മറ്റ് വലിയ നഗര വികസനങ്ങളും കുടിയേറ്റ തൊഴിലാളികളെയും അന്താരാഷ്ട്ര നിക്ഷേപത്തെയുമാണ് വളരെയധികം ആശ്രയിക്കുന്നത്. യുദ്ധസാധ്യതകൾ വർദ്ധിക്കുകയാണെങ്കിൽ, പദ്ധതികളുടെ സമയപരിധി വൈകാനും പ്രതിരോധ ചെലവുകൾ കുത്തനെ ഉയരാനും ഇടയാക്കും. ഇത് പൊതുജനാരോഗ്യം, നിർമ്മാണം, ഗതാഗതം, സേവന മേഖലകൾ എന്നിവയിൽ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികളുടെ തൊഴിലവസരങ്ങളെ ബാധിക്കുകയും സർക്കാർ ധനസ്ഥിതിയിൽ സമ്മർദ്ദമുണ്ടാക്കുകയും ചെയ്യും.

ദ്രവീകൃത പ്രകൃതിവാതക (LNG) കയറ്റുമതിയെയാണ് ഖത്തറിന്റെ സമ്പദ്‌വ്യവസ്ഥ പ്രധാനമായും ആശ്രയിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ എൽ.എൻ.ജി ഉൽപ്പാദന-കയറ്റുമതി സംവിധാനങ്ങളിലൊന്ന് ഈ രാജ്യത്താണുള്ളത്. ഹോർമുസ് കടലിടുക്കിലെ കപ്പൽ പാതകൾക്കോ തുറമുഖ അടിസ്ഥാന സൗകര്യങ്ങൾക്കോ ഏൽക്കുന്ന ഏതൊരു ഭീഷണിയും കയറ്റുമതി വൈകിപ്പിക്കുകയും ആഗോള വാതക വിപണിയെ ബാധിക്കുകയും ചെയ്യും. ഖത്തറിൽ 20 ലക്ഷത്തിലധികം പ്രവാസികളുണ്ട്; ഇവരിൽ ഭൂരിഭാഗവും അടിസ്ഥാന സൗകര്യ വികസന മേഖലകളിലും സേവന മേഖലകളിലും ജോലി ചെയ്യുന്ന ദക്ഷിണേഷ്യൻ പ്രവാസികളാണ്. നിർമ്മാണ, ലോജിസ്റ്റിക്സ് മേഖലകളിലെ തടസ്സങ്ങൾ കുടിയേറ്റക്കാരുടെ വരുമാനത്തെ പെട്ടെന്ന് തന്നെ ബാധിച്ചേക്കാം.

കുവൈത്തും ബഹ്‌റൈനും വിസ്തൃതിയിൽ ചെറുതാണെങ്കിലും മേഖലാസമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഭാഗങ്ങളാണ്. കുവൈത്തിന്റെ സാമ്പത്തിക വ്യവസ്ഥ ഇപ്പോഴും എണ്ണ വരുമാനത്തെ വളരെയധികം ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഉൽപ്പാദനത്തിലോ കയറ്റുമതിയിലോ ഉണ്ടാകുന്ന തടസ്സങ്ങൾ സർക്കാർ ചെലവുകളെ പെട്ടെന്ന് ബാധിക്കും. ഒരു പ്രാദേശിക സാമ്പത്തിക കേന്ദ്രമായി സ്വയം അടയാളപ്പെടുത്തിയിട്ടുള്ള ബഹ്‌റൈൻ, രാഷ്ട്രീയവും സുരക്ഷാപരവുമായ വെല്ലുവിളികളോട്  സവിശേഷമായ ജാഗ്രത പുലർത്തുന്ന രാജ്യമാണ്. വിനോദസഞ്ചാര മേഖലയിലോ ബാങ്കിംഗ് പ്രവർത്തനങ്ങളിലോ ഉണ്ടാകുന്ന ഏതൊരു ഇടിവും സേവന-റീട്ടെയിൽ മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ തൊഴിലിനെ ബാധിക്കും.

മേഖലാനയതന്ത്രത്തിൽ താരതമ്യേന നിഷ്പക്ഷമായ നിലപാട് സ്വീകരിക്കുന്ന ഒമാൻ, നേരിട്ടുള്ള സുരക്ഷാ ഭീഷണികൾ കുറവായിരിക്കുമെങ്കിലും സാമ്പത്തിക തടസ്സങ്ങൾക്ക് സാധ്യതയുണ്ട്. സമുദ്ര വ്യാപാര പാതകളെയും ദുഖം (Duqm) പോലുള്ള തുറമുഖങ്ങളെയും രാജ്യം വളരെയധികം ആശ്രയിക്കുന്നുണ്ട്. ഇൻഷുറൻസ് ചെലവ് വർദ്ധിക്കുന്നതും കപ്പൽ ഗതാഗതത്തിലെ അപകടസാധ്യതകളും ഈ മേഖലയെ പ്രതികൂലമായി ബാധിച്ചേക്കാം.

കുടിയേറ്റ ജനങ്ങളെ സംബന്ധിച്ചിടത്തോളം, ഈ സംഘർഷത്തിന്റെ പെട്ടെന്നുള്ള പ്രത്യാഘാതങ്ങൾ സാമ്പത്തികവും സാമൂഹികവും കൂടിയാണ്. വ്യോമപാതകൾ അടയ്ക്കുന്നതും വിമാന സർവീസുകൾ റദ്ദാക്കുന്നതും തൊഴിലാളികളെ തങ്ങളുടെ ജോലിക്കും കുടുംബത്തിനും ഇടയിൽ കുടുങ്ങിപ്പോകുന്ന അവസ്ഥയിലാക്കും. സുരക്ഷാ ജാഗ്രതാ നിർദ്ദേശങ്ങൾ കാരണം നിർമ്മാണ മേഖലകൾ താൽക്കാലികമായി അടച്ചുപൂട്ടിയേക്കാം. വിനോദസഞ്ചാര മേഖലയിൽ ഇടിവുണ്ടായാൽ റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, സർവീസ് മേഖലകളിൽ ജോലി സമയം വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ട്.

കുടിയേറുന്നതിനായി വലിയ തുക കടം വാങ്ങിയവർ—പലപ്പോഴും ഭൂമി വിറ്റോ റിക്രൂട്ട്‌മെന്റ് ഫീസ് അടയ്ക്കാൻ വായ്പ എടുത്തോ എത്തിയവർ—ഇത്തരം സാഹചര്യങ്ങളിൽ കൂടുതൽ ദുർബലരാണ്. ഏതാനും മാസത്തെ ശമ്പളം തടസ്സപ്പെടുന്നത് പോലും നാട്ടിലെ അവരുടെ കുടുംബങ്ങളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടേക്കാം. ഈ പ്രതിസന്ധിയുടെ മറ്റൊരു നിർണ്ണായക വശം വിദേശത്തുനിന്നുള്ള പണമയക്കലാണ്. സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ, ഒരു മുൻകരുതൽ എന്ന നിലയിൽ പ്രവാസികൾ നാട്ടിലേക്ക് കൂടുതൽ പണമയക്കാൻ സാധ്യതയുണ്ട്. തൊഴിലാളികൾ തങ്ങളുടെ സമ്പാദ്യമെല്ലാം നാട്ടിലേക്ക് മാറ്റുന്നതിലൂടെ കുടുംബങ്ങൾക്ക് ലഭിക്കുന്ന പണത്തിൽ താൽക്കാലികമായി ഒരു വർദ്ധനവ് ഉണ്ടായേക്കാം. എന്നാൽ സംഘർഷം നീണ്ടുനിൽക്കുകയും സാമ്പത്തിക പ്രവർത്തനങ്ങൾ മന്ദഗതിയിലാവുകയും ചെയ്താൽ ഈ സാഹചര്യം മാറും. ജോലി നഷ്ടപ്പെടുന്നതോ, ശമ്പളം വെട്ടിക്കുറയ്ക്കുന്നതോ, കരാറുകൾ റദ്ദാക്കപ്പെടുന്നതോ ഒക്കെ നാട്ടിലേക്കുള്ള പണത്തിന്റെ ഒഴുക്ക് ഗണ്യമായി കുറയ്ക്കാൻ ഇടയാക്കും. പണമയക്കൽ എന്നത് കുടുംബവരുമാനത്തിന്റെയും ഉപഭോഗത്തിന്റെയും ആധാരശിലയായി നിലകൊള്ളുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം, അത്തരമൊരു ഇടിവ് റിയൽ എസ്റ്റേറ്റ് വിപണി, വ്യാപാര മേഖല, പ്രാദേശിക തൊഴിലവസരങ്ങൾ എന്നിവയെ സാരമായി ബാധിച്ചേക്കാം.

 

ഗൾഫിലെ രാഷ്ട്രീയ-സാമ്പത്തിക അന്തരീക്ഷവും പ്രതിസന്ധികളും പ്രവാസികളെ  ഏറെ സ്വാധീനിക്കുന്നുണ്ട്. ശക്തമായ നയതന്ത്ര ബന്ധങ്ങൾ ഉള്ളതിനാൽ പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് സാധാരണയായി വേഗത്തിൽ ഒഴിപ്പിക്കൽ സഹായങ്ങൾ ലഭിക്കാറുണ്ട്. എന്നാൽ ദക്ഷിണേഷ്യയിൽ നിന്നുള്ള കുറഞ്ഞ വേതനക്കാരായ കുടിയേറ്റ തൊഴിലാളികൾക്ക് പലപ്പോഴും അത്തരം ഔദ്യോഗിക സുരക്ഷാ സംവിധാനങ്ങൾ കുറവായിരിക്കും; ഒഴിപ്പിക്കൽ വിമാനങ്ങളിലോ താൽക്കാലിക അഭയകേന്ദ്രങ്ങളിലോ പ്രവേശനം ലഭിക്കാൻ അവർ ബുദ്ധിമുട്ടിയേക്കാം.

ഇന്ത്യയെപ്പോലുള്ള സർക്കാരുകൾ എംബസികൾ വഴിയും കേരളത്തിലെ നോർക്ക (NORKA) പോലുള്ള സംസ്ഥാന ഏജൻസികൾ വഴിയും ജാഗ്രതാ നിർദ്ദേശങ്ങൾ നൽകാനും പിന്തുണാ സംവിധാനങ്ങൾ സ്ഥാപിക്കാനും തുടങ്ങിയിട്ടുണ്ട്. എങ്കിലും, പ്രവാസി ജനസംഖ്യയുടെ വലിപ്പം കണക്കിലെടുക്കുമ്പോൾ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിലെ മാനേജ്‌മെന്റ് അത്യന്തം സങ്കീർണ്ണമാണ്.

ദീർഘകാലാടിസ്ഥാനത്തിൽ, ഈ യുദ്ധം ഗൾഫ് തൊഴിൽ വിപണിയിലെ ഘടനാപരമായ മാറ്റങ്ങൾക്ക് വേഗത കൂട്ടിയേക്കാം. സ്വന്തം പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നയങ്ങൾ പല ജി.സി.സി രാജ്യങ്ങളും ഇതിനകം തന്നെ നടപ്പിലാക്കിയിട്ടുണ്ട്. നീണ്ടുനിൽക്കുന്ന അസ്ഥിരത നിക്ഷേപത്തെയും സാമ്പത്തിക വളർച്ചയെയും ബാധിച്ചാൽ, സർക്കാരുകൾ വിസ നിയമങ്ങൾ കൂടുതൽ കർശനമാക്കാനോ കുറഞ്ഞ വേതനക്കാരായ വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കാനോ മുതിർന്നേക്കാം. ഇത് വൻതോതിലുള്ള തൊഴിലാളി കുടിയേറ്റത്തിൽ നിന്നും വിദഗ്ധരായ പ്രൊഫഷണലുകളെ മാത്രം തിരഞ്ഞെടുക്കുന്ന രീതിയിലേക്ക് കുടിയേറ്റ ക്രമങ്ങളെ ക്രമേണ മാറ്റിയേക്കാം. മുൻ കാലങ്ങളിലും ഇത് സംഭവിച്ചിട്ടുണ്ട്.

ചുരുക്കത്തിൽ കേരളത്തെയും ഇന്ത്യയെയും സംബന്ധിച്ചിടത്തോളം ഈ യുദ്ധം വെറുമൊരു ഭൗമരാഷ്ട്രീയ പ്രതിസന്ധിയെക്കാളേറെ വലിയ സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ്. ദശലക്ഷക്കണക്കിന് കുടുംബങ്ങൾ നേരിട്ടോ അല്ലാതെയോ ഗൾഫ് കുടിയേറ്റ വ്യവസ്ഥയെ ആശ്രയിച്ചാണ് കഴിയുന്നത്. ഈ മേഖലയിലുണ്ടാകുന്ന ദീർഘകാല തടസ്സങ്ങൾ കുടിയേറ്റ പ്രവാഹത്തെയും പണമയക്കൽ രീതികളെയും വരും വർഷങ്ങളിലെ തൊഴിലവസരങ്ങളെയും മാറ്റിമറിച്ചേക്കാം. അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള ഈ യുദ്ധം മേഖലയ്ക്കപ്പുറം വലിയ വെല്ലുവിളികൾ ഉയർത്തുന്നു. ഗൾഫ്സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുത്ത പ്രവാസികളുടെ ദൈനംദിന ജീവിതത്തെയും ആ മേഖലയിലെ അരക്ഷിതാവസ്ഥയുമായി ബന്ധപ്പെട്ടു കിടക്കുന്ന അവരുടെ ഭാവി ജീവിതത്തെയുമാണ് ഇത് ബാധിക്കുന്നത്.