Photo: MAHMUD HAMS/AFP via Getty Images
മാതൃഭൂമി (ഒക്ടോബർ 7) ലേഖനത്തിന്റെ പൂർണരൂപം
പശ്ചിമേഷ്യ അക്ഷരാർത്ഥത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. ബാലിസ്റ്റിക് മിസൈലുകളും റോക്കറ്റുകളും വെടിക്കോപ്പുകളും ആകാശത്തിൽ മരണം വിതച്ചുകൊണ്ടിരിക്കുന്നു. ഗസയിൽ ഒരു വർഷം മുമ്പ് ആരംഭിച്ച യുദ്ധം വിവിധ രാജ്യങ്ങളിലേക്ക് പടർന്നുകേറുമോ എന്ന ആശങ്ക പരക്കെയുണ്ട്. ഇപ്പോളതു ഗസയിലും, തെക്കൻ ലബനനിലും കേന്ദ്രീകരിച്ചിരിക്കുന്നുവെങ്കിലും ഇറാനിലേയ്ക്കും യമനിലേയ്ക്കും ഇത് വ്യാപിക്കാനുള്ള സാദ്ധ്യതകൾ തള്ളിക്കളയാനാവില്ല. ഇസ്രായേലിന് ഇത് സൈനികസാഹസത്തിന്റെ ശാക്തികപര്യടനകാലമാണ്. പലസ്‌തീൻ സംഘടയായ ഹമാസിന്റെ രാഷ്ട്രീയകാര്യനേതാവ് ഇസ്മായിൽ ഹാനിയെയും ലബനീസ് സംഘടനയായ ഹിസ്‌ബുള്ള നേതാവ് ഹസൻ നസറുള്ളയെയും വധിച്ചതോടെ ഇസ്രായേലിന്റെ ആത്മവീര്യം കൂടി. ഭരണകൂടങ്ങളുടെ സൈനിക ആത്മവീര്യം കൂടുന്നത് വലിയ അപകടങ്ങൾ ഉണ്ടാക്കുമെന്ന് തെളിയിച്ച ഒരു കാലം കൂടിയാണിത്.
പലസ്തീനികൾക്കും അവരോടൊപ്പം വിവിധ രാജ്യങ്ങളിൽ കഴിയുന്ന അറബ് വംശജർക്കും കഴിഞ്ഞുപോയത് ഭയാനകമായ വർഷമായിരുന്നു. 12 മാസമായി, അധിനിവേശ പലസ്തീൻ പ്രദേശം, ഗസ, ഇസ്രായേൽ, ലബനൻ എന്നിവിടങ്ങളിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷങ്ങളും യുദ്ധവും വ്യാപകമായ നാശം വിതച്ചു. ഇപ്പോൾ ഈ മേഖലയാകെ ഒരു വലിയ പ്രാദേശിക യുദ്ധത്തിൻ്റെ നടുവിലാണ്. ലക്ഷക്കണക്കിന് സാധാരണക്കാർ കൊല്ലപ്പെടുകയോ, പരിക്കേൽക്കുകയോ, സ്വന്തം ഭവനങ്ങൾ ഉപേക്ഷിച്ചുപോകാൻ നിർബന്ധിതരാകുകയോ ചെയ്തിട്ടുണ്ട്. പതിനായിരക്കണക്കിന് കുട്ടികൾ ഒരു വർഷത്തിനു ശേഷവും യുദ്ധവും പട്ടിണിയും കാരണം രോഗികളായി കഴിയുന്നു.
കഴിഞ്ഞ വർഷം ഒക്‌ടോബർ 7-ന് ഗസയിൽ നിന്നുള്ള ഹമാസിന്റെ സായുധസംഘങ്ങൾ നടത്തിയ ആക്രമണത്തിൽ ഇസ്രായേലിൽ 1,200 പേർ കൊല്ലപ്പെടുകയും 5,400-ലധികം പേർക്ക് പരിക്കേൽക്കുകയും, വിദേശീയർ ഉൾപ്പടെ 251 പേരെ ബന്ദികളാക്കുകയും ചെയ്തു. ഇതിനു തിരിച്ചടിയായി ഗസയിൽ ഇസ്രായേലിൻ്റെ വലിയ തോതിലുള്ള ആക്രമണങ്ങളിൽ 42000 ത്തോളം പേർ കൊല്ലപ്പെടുകയും ഒരു ലക്ഷത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പതിനായിരങ്ങൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കിടപ്പുണ്ട്. ഗസയിൽ നാന്നൂറിലേറെ അന്താരാഷ്ട്ര സന്നദ്ധപ്രവർത്തകരും ആയിരത്തിലധികം മെഡിക്കൽ സ്റ്റാഫുകളും കൊല്ലപ്പെട്ടു. ഗസയിലെ ഏകദേശം 1.9 ദശലക്ഷം പലസ്തീനികൾ (90%) പലായനം ചെയ്തു.
വെസ്റ്റ് ബാങ്കിലും ഗസയിലുമുള്ള രണ്ടര ദശലക്ഷത്തോളം കുട്ടികൾ വംശനാശ ഭീഷണിയുടെ നിഴലിലാണ്. യുനിസെഫിന്റെ കണക്കനുസരിച്ച് സത്വര മാനുഷികസഹായം വേണ്ട ഒന്നര ദശലക്ഷം കുട്ടികളുണ്ട്. ഭൂരിഭാഗം പലസ്തീനിയൻ കുടുംബങ്ങളും ഇപ്പോൾ ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്ന യാഥാർഥ്യവും അന്താരാഷ്ട്രഏജൻസികൾ പുറത്തുവിട്ടു.
ലബനനിൽ കഴിഞ്ഞ ദിവസങ്ങളിൽ മാത്രം ആയിരക്കണയ്ക്കു പേർ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട. കൂടുതൽ കണക്കുകൾ പുറത്തുവരുന്നതേയുള്ളൂ. ഇതിനിടയിൽ വടക്കൻ ഇസ്രായേലിൽ ഡസൻകണക്കിന് പേരും ഇസ്രായേൽ അധിനിവേശ ഗോലാൻ കുന്നുകളിൽ നിരവധി കുട്ടികളും കൊല്ലപ്പെട്ടതായി ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. വടക്കൻ ഇസ്രായേലിൽ നിന്ന് 70,000-ത്തിലധികം ആളുകളെയും ഗസയ്ക്ക് സമീപമുള്ള പ്രദേശങ്ങളിൽ നിന്ന് 80000 പേരെയും മാറ്റിപ്പാർപ്പിച്ചു. വെസ്റ്റ് ബാങ്കിലും നൂറുകണക്കിന് പലസ്തീനികൾ കൊല്ലപ്പെട്ടു. ഒക്‌ടോബർ 7-ന് ശേഷം ആയിരക്കണക്കിന് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്‌തതോടെ കുടിയേറ്റക്കാരുടെ അതിക്രമങ്ങൾ ഏറ്റവും ഉയർന്ന നിലയിലാണ്.
ഇത്രയും വലിയ നാശം സംഭവിച്ചിട്ടും, ഐക്യരാഷ്ട്രസംഘടന ഉൾപ്പടെയുള്ള അന്താരാഷ്ട്രസമൂഹം ശക്തമായ നടപടികളെടുക്കാൻ തയ്യാറാകാതെ നിഷ്‌ക്രിയമായി നിൽക്കുന്നു. ഇസ്രായേലി സൈന്യം നടത്തിയ കുറ്റകൃത്യങ്ങളുടെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഗസയിൽ വംശഹത്യ നടക്കുന്നതെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ഈ വർഷമാദ്യം വിധിച്ചത്. 2024 ജൂലൈയിൽ, കോടതി ഇസ്രായേലിൻ്റെ നടപടികളെ യുദ്ധസമാനമായ അധിനിവേശമായി പ്രഖ്യാപിച്ചു. ഈ വിധികൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടികൾ ഒന്നും ഉണ്ടായില്ല. വംശഹത്യയും അധിനിവേശവും തുടരുന്നു എന്ന് മാത്രമല്ല, ഇസ്രായേലിനെ ഇതിൽ നിന്നും തടയാനുള്ള യാതൊരു തീരുമാനങ്ങളും എടുത്തിട്ടുമില്ല. അന്താരാഷ്ട്രനിയമം നടപ്പിലാക്കുന്നതിലെ പരാജയം ആഗോളസ്ഥിരതയെ ദുർബലപ്പെടുത്തുകയും സ്വേച്ഛാധിപത്യഭരണകൂടങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
പലസ്തീനികളെ സംബന്ധിച്ചിടത്തോളം ഇതൊരു ജീവൻ-മരണ പോരാട്ടമാണ്. പാശ്ചാത്യരാജ്യങ്ങളുടെ നിഷ്‌ക്രിയത്വം അന്താരാഷ്ട്ര തത്ത്വങ്ങളുടെ ലംഘനം മാത്രമല്ല, വംശഹത്യയുടെ പങ്കാളിത്തവും കൂടിയാണ്. സമാധാനത്തിലേക്കുള്ള ഏക മാർഗമായി അന്താരാഷ്ട്ര സമൂഹം ദീർഘകാലമായി ദ്വിരാഷ്ട്ര പരിഹാരത്തെ അംഗീകരിച്ചിരുന്നു. എന്നാൽ ഇസ്രായേലിൻ്റെ അനധികൃത കുടിയേറ്റങ്ങളും തീവ്രമായ അധിനിവേശവും കാര്യങ്ങളെ മാറ്റിമറിച്ചു. പലസ്തീൻ ഭൂമിയിൽ ഇസ്രായേലിൻ്റെ തുടർച്ചയായ കോളനിവൽക്കരണം ദ്വിരാഷ്ട്ര പരിഹാരം എന്ന നിർദ്ദേശത്തെ അപ്രസക്തമാക്കി.
പലസ്തീൻ രാഷ്ട്രമെന്ന ആശയം തന്നെ ഇസ്രായേൽ നേതൃത്വം ഇപ്പോൾ നിരാകരിക്കുന്നു. 2024 ജൂലൈയിൽ, ഇസ്രായേൽ പാർലമെൻ്റ് പലസ്തീൻ പരമാധികാരത്തിനെതിരെ വോട്ട് ചെയ്തു. 2023 ഡിസംബറിൽ, ബ്രിട്ടനിലെ ഇസ്രായേൽ അംബാസഡർ ദ്വിരാഷ്ട്ര പരിഹാരം ഇസ്രായേൽ അംഗീകരിക്കില്ലെന്ന് തുറന്നു പറയുകയും ചെയ്തു.
പലസ്‌തീൻ രാഷ്ട്രമെന്നത് കേവലം ഒരു രാഷ്ട്രീയസംവാദവിഷയമല്ല. ഇസ്രായേൽ സർക്കാരുകൾ സമാധാനം ആഗ്രഹിക്കുന്നതായി നടിക്കുന്നുപോലുമില്ലെന്നത് ശ്രദ്ധേയമാണ്. അവർ പലസ്തീൻജനതയുടെ അസ്തിത്വം നിഷേധിക്കുന്നു. പലസ്തീനികളെക്കാൾ ജൂതരുടെ അവകാശങ്ങളാണ് പ്രധാനമെന്ന് ദേശീയ സുരക്ഷാമന്ത്രി ഈയിടെ അവകാശപ്പെട്ടിരുന്നു. ഈ പ്രസ്താവനകളും, ജൂതകുടിയേറ്റങ്ങളുടെ വ്യാപനവും വർണ്ണവിവേചന നയങ്ങളും, ദ്വിരാഷ്ട്ര പരിഹാരം അത്ര എളുപ്പമല്ലെന്ന് കാണിക്കുന്നു.
ഇസ്രയേലിൻ്റെ അന്താരാഷ്ട്രനിയമങ്ങളുടെ ലംഘനങ്ങൾ തുടരുമ്പോൾ പല രാജ്യങ്ങളും നിസ്സംഗതയ്ക്കും സങ്കീർണ്ണതയ്ക്കും ഇടയിൽപ്പെട്ടിരിക്കുകയാണ്. ഈ നിഷ്‌ക്രിയത്വം രാഷ്ട്രീയപ്രായോഗികതയായി ചിലർ വ്യാഖ്യാനിക്കുന്നു. എന്നാലത് മനുഷ്യജീവൻ്റെയും രാജ്യാന്തരധാർമ്മിക പ്രതിബദ്ധതയുടെയും നഗ്നമായ ലംഘനമായി കാണാൻ അവർക്കു കഴിയുന്നില്ല.
ചൈനയും റഷ്യയും തങ്ങളുടെ രാജ്യാന്തരസ്വാധീനം വർധിപ്പിക്കുമ്പോൾ, പലരാജ്യങ്ങളും ഈ ശക്തികളിലേക്കു ചായുന്നുണ്ട്. അപ്പോഴും ചൈനയും റഷ്യയും പഴയതുപോലെ പലസ്‌തീൻ വിഷയത്തിൽ ഒരു പരിധിക്കപ്പുറം ഇടപെടുന്നുമില്ല. എന്നാൽ ഇത്തരം നിസ്സംഗതകൾ പല രാജ്യങ്ങളിലും ജനങ്ങളെ കൂടുതൽ സജീവമായി രംഗത്തിറക്കാനും അണിചേരാനും സാഹചര്യമൊരുക്കുന്നുണ്ട്. കഴിഞ്ഞ ഒരു വർഷമായി അമേരിക്കയിലും യൂറോപ്പിലും വലിയ പ്രകടനങ്ങളിലൂടെ ജനങ്ങൾ പലസ്തീനിൻ വംശഹത്യയ്‌ക്കെതിരായ തങ്ങളുടെ എതിർപ്പ് ഉയർത്തികൊണ്ടുവരുന്നുണ്ട്. ഈ പ്രതിഷേധങ്ങൾ വർണ്ണവിവേചനം, അധിനിവേശം, വംശീയ ഉന്മൂലനം എന്നിവയ്‌ക്കെതിരെ എല്ലാവിഭാഗങ്ങളിൽനിന്നുമുള്ള ജനങ്ങളെ ഒന്നിപ്പിച്ചു. വിഭജനം മതങ്ങൾ തമ്മിലല്ല, വംശഹത്യയെ എതിർക്കുന്നവരും അനുവദിക്കുന്നവരും തമ്മിലാണ് എന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറി.
അധിനിവേശവും വംശഹത്യയും അവസാനിപ്പിക്കാൻ സാധ്യമാക്കുന്ന ഉപരോധങ്ങൾ ഏർപ്പെടുത്തുക, രാജ്യാന്തരനിയമനടപടികളെ പിന്തുണയ്ക്കുക, ഇസ്രയേലിനുള്ള ആയുധവിൽപ്പന നിർത്തുക എന്നിവയ്ക്കായി ഭരണകൂടങ്ങൾ മുന്നോട്ട് പോകണമെന്ന നിലപാട് പല രാജ്യങ്ങളിൽ നിന്നും ഉയർന്നുവരുന്നുണ്ട്.
ഹമാസ് ആക്രമണത്തിന് തിരഞ്ഞെടുത്ത സന്ദർഭം നോക്കുക. ഇസ്രായേലിൻ്റെ പലസ്‌തീൻ മേഖലകളിലെ അധിനിവേശപ്രവർത്തനങ്ങൾ അഭൂതപൂർവമായി കൂടിവന്ന കാലമായിരുന്നു ഇത്. അതേസമയം ചരിത്രപരമായി പലസ്‌തീനികളെ പിന്തുണച്ചവർ പോലും അവരുടെ ബദ്ധശതൃക്കളായ ഇസ്രേലികളുമായി സന്ധിചെയ്തതു ഹമാസിനെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിത്താന്ന വെസ്റ്റ് ബാങ്കിലെ മുഹമ്മദ് അബ്ബാസിന്റെ സർക്കാർ ഇതിനോടകം ഹമാസുമായി കൊമ്പുകോർത്തു.
ഏറ്റവുമൊടുവിൽ അബ്രഹാം ഉടമ്പടികളിലൂടെ ഇസ്രായേലുമായി സന്ധിചെയ്ത പശ്ചിമേഷ്യൻ ഭരണകൂടങ്ങളുടെ നിലപാടിൽ ഹമാസ് അസ്വസ്ഥമായിരുന്നു. യുഎഇ, ബഹറിൻ, സുഡാൻ, മൊറോക്കോ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ ഈ പിന്നാമ്പുറ സൽക്കാരങ്ങളെ തകർക്കാൻ ഹമാസ് കണ്ട വഴി മറ്റൊന്നുമല്ല. മാത്രമല്ല, സൗദി അറേബ്യയും ഒമാനും ഇന്തോനേഷ്യയും എബ്രഹാം ഉടമ്പടികളിലേയ്ക്ക് നീങ്ങുന്നുവെന്ന വാർത്തകൾ ഹമാസിനെ വല്ലാതെ ക്ഷോഭിപ്പിച്ചിരുന്നു. പല കാലഘട്ടങ്ങളിലും ഇറാനുമായി ബന്ധങ്ങൾ നിലനിർത്തിയിരുന്ന ഇസ്രായേലിനു മറ്റൊരു തിരിച്ചടിയുണ്ടായി. ഇറാൻ നേരിട്ട് സൈനിക സാമ്പത്തിക സഹായങ്ങൾ നല്കിവന്നിരുന്ന ഹിസ്ബുള്ള, ഹൂതി തുടങ്ങിയ തീവ്രവാദ സംഘടനകൾ ഹമാസുമായി കൂടുതൽ അടുക്കുകയും സംഘർഷങ്ങൾക്ക് മൂർച്ചകൂട്ടുകയും ചെയ്തു. ഷിയാ-സുന്നി സംഘർഷങ്ങൾ ഏറ്റവും കുറഞ്ഞത് പലസ്‌തീൻ പ്രശ്നത്തിലെങ്കിലും മുതലാക്കാമെന്ന ഇസ്രായേൽ തന്ത്രം പാളിയ കാലഘട്ടമായിരുന്നു ഇത്. ഇസ്രയേലിനകത്തെ ആഭ്യന്തര കലഹങ്ങളും മുതലെടുക്കാൻ പറ്റിയ സന്ദർഭമായി ഹമാസ് കരുതി. നെതന്യാഹുവിനെതിരെയുള്ള അഴിമതി ആരോപണങ്ങൾ ഏറ്റവും രൂക്ഷമായ സമയമായിരുന്നു അത്. ഇസ്രായേലി ഭരണകൂടത്തിൻ്റെ ഏറ്റവും ദുർബലമായ രാഷ്ട്രീയ അവസ്ഥയെ മുതലെടുക്കാമെന്ന ചിന്ത ഹമാസിനെ വല്ലാതെ പിടികൂടിയ കാലമായിരുന്നു അത്.
ഗസയുടെ നിയന്ത്രണം ഹമാസ് ഏറ്റെടുത്ത 2006 മുതൽ രൂപപ്പെട്ട സംഘർഷങ്ങൾ പ്രശ്നങ്ങളെ വഷളാക്കിയിരുന്നു. വർഷങ്ങൾനീണ്ട നയതന്ത്രശ്രമങ്ങൾ വിഫലമായ പശ്ചാത്തലത്തിൽ മേഖലയിലെ രാജ്യങ്ങളും രാഷ്ട്രീയശക്തികളും അവരവരുടെ സ്വന്തം നിലയ്ക്ക് കാര്യങ്ങൾ നീക്കി. ഇസ്രായേലിനൊപ്പം ഒരു പലസ്തീൻ രാഷ്ട്രം എന്നത് ഐക്യരാഷ്ട്രസംഘടന അംഗീകരിച്ച ഒരു കാര്യമാണെന്നത് ശീതയുദ്ധകാലത്തുതന്നെ പലരും മറന്നു. 1948-ൽ പലസ്തീൻ വിഭജിക്കുമ്പോൾ അവിടെ നിലനിന്ന രാഷ്ട്രത്തെ ഇല്ലായ്മ ചെയ്തുകൊണ്ടായിരുന്നല്ല ഇസ്രായേൽ സ്ഥാപിച്ചത്. കാലാന്തരത്തിൽ പലസ്തീനെ ഇല്ലായ്മ ചെയ്തവരും അതിനു കൂട്ടുനിന്നവരും ഇതിനുത്തരം പറയേണ്ടതല്ലേ?
വിഭജനാനന്തരം ചിന്നിച്ചിതറിയ പലസ്തീൻ അഭയാർത്ഥികളുടെ ഭാവിയെ സംബന്ധിച്ചു അറബ് രാജ്യങ്ങൾക്കുപോലും ഏകഖണ്ഡമായ നിലപാടില്ലായിരുന്നു. അവരെല്ലാം സ്വന്തംകാര്യങ്ങൾ സുരക്ഷിതമാക്കാൻ ശ്രമിക്കുകയായിരുന്നു. പലസ്‌തീനികളുടെ ജന്മദേശത്തേയ്ക്കു മടങ്ങാനുള്ള അവരുടെ അവകാശത്തെ ഇവരെല്ലാംകൂടി തുരങ്കം വെക്കുകയായിരുന്നു.
വെസ്റ്റ്ബാങ്കിലെ നിർബന്ധിത ജൂതകുടിയേറ്റം അന്താരാഷ്ട്ര നിയമമനുസരിച്ചു ക്രിമിനൽ കുറ്റമാണ്. അതുപോലെ ജറുസലേമിന്റെ കാര്യത്തിൽ അമേരിക്കയും മറ്റു പാശ്ചാത്യരാജ്യങ്ങളും യുഎൻ പ്രമേയങ്ങളെ അട്ടിമറിച്ചിരിക്കുകയാണ്. യുഎൻ വിഭജനപദ്ധതിപ്രകാരംതന്നെ അതൊരു സാർവദേശീയ പുണ്യസ്ഥലമായി പ്രഖ്യാപിക്കേണ്ടതായിരുന്നു. വർഷങ്ങൾ നീണ്ട ഇസ്രായേൽ-പലസ്തീൻ സമാധാന ചർച്ചകൾ എങ്ങുമെത്താതെ നീങ്ങിയതിന്റെ ഉത്തരവാദിത്വം ഇവർക്കെല്ലാമുണ്ട്. 1993-ൽ ആരംഭിച്ച ഓസ്ലോ സമാധാനപ്രക്രിയ പ്രകാരം പലസ്തീനികൾ ഇസ്രായേൽ രാഷ്ട്രത്തെ അംഗീകരിച്ചത് മാറ്റങ്ങൾക്കു തുടക്കം കുറിച്ചിരുന്നു. ഇസ്രായേൽ പിഎൽഒയേയും പലസ്തീൻ ജനതയുടെ ഏകപ്രതിനിധിയായും അംഗീകരിച്ചു. തുടർന്നാണ് സ്വയംഭരണാധികാരമുള്ള പലസ്തീൻ അതോറിറ്റി രൂപീകരിച്ചത്. ഒസ്‌ലോ ഉടമ്പടികൾ ഇസ്രായേലിനു തീരാഭീഷണിയാണെന്ന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചതോടെ സമാധാനത്തിനുള്ള സാദ്ധ്യതകൾ വീണ്ടും അടഞ്ഞു. 1996-ൽ അദ്ദേഹം പ്രധാനമന്ത്രിയാകുന്നതോടെ ഈ നിലപാട് സാധൂകരിക്കാൻ നടപടികൾ തുടങ്ങി. അധിനിവേശപലസ്തീൻ പ്രദേശങ്ങളിൽ ജൂതന്മാരെ കുടിയിരുത്താനുള്ള പുതിയപദ്ധതികൾക്ക് ഇസ്രയേലി ഭരണകൂടം അനുമതിനൽകി. ഇതിനെത്തുടർന്ന് ഹമാസും കൂടുതൽ അക്രമണങ്ങളിലേയ്ക്ക് തിരിഞ്ഞു.
ദ്വിരാഷ്ട്ര പരിഹാരം എന്ന ആത്യന്തിക ലക്ഷ്യത്തോടെ സമാധാന പ്രക്രിയ മുന്നോട്ടുപോയെങ്കിലും അതെങ്ങുമെത്തിയില്ല. ട്രംപ് പ്രസിഡൻ്റായിരിക്കുമ്പോൾ അമേരിക്ക തയ്യാറാക്കിയ സമാധാന പദ്ധതിയെ പ്രധാനമന്ത്രി നെതന്യാഹു ‘നൂറ്റാണ്ടിൻ്റെ കരാർ’ എന്ന് വിളിച്ചിരുന്നു, പക്ഷേ പലസ്തീനികൾ ഇതിനെ നിരാകരിച്ചു. ഇസ്രയേലിൻ്റെ കടുത്ത നിയന്ത്രണങ്ങളും ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ അവർ നടത്തിയ വ്യോമാക്രമണവും കൂട്ടശിക്ഷയായാണ് ഗസയിലെ ജനങ്ങൾക്കു അനുഭവപ്പെട്ടത്. നീണ്ടുനിന്ന ഇസ്രായേലി ആക്രമണങ്ങൾ പ്രതിരോധിച്ചുനിന്നെങ്കിലും ഹമാസ് പലഘട്ടത്തിലും തിരിച്ചുള്ള ആക്രമണങ്ങൾക്കും തുടക്കമിട്ടു. അതാണ് ഇപ്പോൾ നിയന്ത്രിക്കാനാവാത്ത തരത്തിലുള്ള സംഘർഷത്തിലേയ്ക്കും യുദ്ധത്തിലേയ്ക്കും നയിച്ചത്.
ഇറാൻ പിന്തുണയ്ക്കുന്ന ഹിസ്‌ബുള്ളയും ഹമാസും ഹൂതികളും മേഖലയിലെ നിർണായക ശക്തികളാണെന്നു ഇസ്രായേലിനു അറിയാം. അവരെ തകർത്താൽ മേഖലയിൽ ഇസ്രായേലി ആധിപത്യം ഉറപ്പിക്കാൻ കഴിയുമെന്ന് നെതന്യാഹു വിശ്വസിക്കുന്നു. ക്രമേണ അറബ് ഭരണകൂടങ്ങളും ഇതാഗ്രഹിക്കുന്നതായി അദ്ദേഹം കരുതുന്നുണ്ട്. കാരണം എബ്രഹാം ഉടമ്പടികളോടുള്ള അറബ് രാജ്യങ്ങളുടെ താല്‌പര്യം സാമ്പത്തിക ലക്ഷ്യങ്ങൾ മാത്രമാണ്. കൂടാതെ ഒരു ജനകീയ സർക്കാർ പലസ്‌തീനിൽ അധികാരത്തിൽ വരുന്നത് ആത്യന്തികമായി അറബ് ഭരണകൂടങ്ങൾക്ക് വെല്ലുവിളിയാണ്. ‘അറബ് വസന്തം’ അടിച്ചൊതുക്കുന്നതിൽ ഇവരെല്ലാം പിന്നീട് ഒത്തൊരുമിക്കുന്നത് ലോകം കണ്ടു. പലസ്‌തീൻ പ്രശ്നത്തിൽ അറബ് രാജ്യങ്ങൾ കാണിക്കുന്ന ‘ഒരുമ’യുടെ രഹസ്യം കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ എല്ലാവർക്കും കണ്ടു. പറയുന്നതിൽ ആത്മാർത്ഥയുണ്ടായിരുന്നെകിൽ അറബ് ലീഗിനോ അല്ലെങ്കിൽ അവരിലെ ഏതെങ്കിലും പ്രമുഖ രാജ്യങ്ങൾക്കോ പലസ്തിനികളുടെ കിടപ്പാടം എന്നേ അവർക്കു തിരിച്ചുകൊടുപ്പിക്കുമായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അടുത്ത് വന്നുനിൽക്കുന്ന അവസരത്തിൽ അമേരിക്കയ്ക്ക് മറ്റൊന്നും ചെയ്യാനില്ല എന്നത് ആരെയും ആശ്ചര്യപ്പെടുത്തുന്നില്ല. പണ്ടും അങ്ങനെ തന്നെയാണ്. ഇസ്രയേലിനെ നിയന്ത്രിക്കുന്നത് ഡെമോക്രാറ്റിക്-റിപ്പബ്ലിക്കൻ കക്ഷികൾക്ക് കാലിനടിയിലെ മണ്ണിളക്കിക്കളയുന്നതിനു തുല്യമാണ്.
ഇസ്രായേലിലേക്കും മേഖലയിലെ സായുധശക്തികളിലേയ്ക്കും ആയുധങ്ങൾ എത്തുന്നിടത്തോളം കാലം യുദ്ധം തുടരുമെന്നും ജനങ്ങൾ ദുരിതം തുടർന്നും അനുഭവിച്ചുകൊണ്ടിരിക്കുമെന്നും ലോകം തിരിച്ചറിയുന്നുണ്ട്. ഈ ആയുധങ്ങൾ (അമേരിക്കയും ജർമനിയും ഇന്ത്യയും ഉൾപ്പടെ) വിതരണം ചെയ്യുന്നവർ പലസ്തീൻ ദുരന്തത്തിൻ്റെ ഉത്തരവാദിത്തം പങ്കിടുന്നു എന്ന കാര്യത്തിൽ സംശയമില്ല. പാശ്ചാത്യ സൈനിക-വ്യവസായകൂട്ടുകെട്ടിന്റെ ഏറ്റവും വലിയ ആയുധവിപണിയാണ് പശ്ചിമേഷ്യ. എണ്ണ വ്യാപാരത്തെക്കാൾ സാമ്ര്യാജ്യത്വരാജ്യങ്ങൾക്കു കൂടുതൽ താല്പര്യവും അതുതന്നെയാണ്. അതുകൊണ്ടു യുദ്ധവും സമാധാനമില്ലായ്മയും പശ്ചിമേഷ്യയ്ക്കു പുതിയകാര്യമല്ല. പക്ഷെ ഇതനുഭവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ അതിജീവനം കേവലം രാജ്യാന്തരപ്രമേയങ്ങളിൽ മാത്രം ഒതുങ്ങിപ്പോകുന്നു എന്നതാണ് വലിയ ദുരന്തം.