രണ്ട് ചോദ്യങ്ങള്‍
കെ.എം. സീതി / കമൽറാം സജീവ്
ട്രൂകോപ്പി, 1 ഒക്ടോബർ 2022
നവലിബറലിസം തുറന്നിടുന്ന അസ്വസ്ഥതകള്‍ നിയോ ഫാഷിസത്തെ വളര്‍ത്തുന്നു
ഫാഷിസത്തിന് രൂപപരിണാമങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ്. മുന്‍കാല അനുഭവങ്ങളില്‍ നിന്ന് പല പാഠങ്ങളും അവര്‍ പഠിച്ചിട്ടുണ്ട്. ജനാധിപത്യ സംവിധാനങ്ങളിലൂടെ രാഷ്ട്രീയാധിപത്യം സ്ഥാപിക്കാന്‍ പല വഴികളും അവര്‍ തേടാറുമുണ്ട്. അതില്‍ പ്രധാനമാണ് സിവില്‍ സമൂഹത്തിലൂടെയുള്ള പ്രവര്‍ത്തനങ്ങള്‍.
കമൽറാം സജീവ്: നിയോ ഫാഷിസത്തിൽ വേരുകളുള്ള ബ്രദേർസ് ഒഫ് ഇറ്റലിയുടെ നേതാവ് ജോർജിയ മെലോനി ഇറ്റലിയുടെ പ്രധാനമന്ത്രി ആവുകയാണ്. യൂറോപ്പിൽ മാറി വീശുന്ന രാഷ്ട്രീയക്കാറ്റ് ഭയം ജനിപ്പിക്കുന്നതാണ്. ഹംഗറിയിൽ പ്രധാനമന്ത്രി വിക്റ്റർ ഒർബാൻ നടത്തിയ ‘ശുദ്ധ നാസി‘ പ്രസംഗത്തിൻ്റെ ഭയവ്യാപനം തുടരുകയാണ്.ഈയടുത്തു നടന്ന പൊതു തെരഞ്ഞെടുപ്പോടെ യെമ്മി ഓക്കെസണിൻറെ തീവ്ര വലതുപക്ഷ പാർട്ടിയായ സ്വീഡൻ ഡെമോക്രാറ്റ്സ് സ്വീഡനിലെ രണ്ടാമത്തെ പാർട്ടിയായി മാറിയിരിക്കുകയാണ്. ഫ്രാൻസിൽ, മറീൻ ലെ പെൻ, ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇമ്മാനുവേൽ മാക്രോണമായുള്ള മത്സരത്തിൽ നേടിയത് 41 ശതമാനം വോട്ടാണ്. യൂറോപ്പിലാകെ തീവ്ര ദേശീയ വലതുപക്ഷത്തിൻ്റെ ഭാഗത്തേക്ക് മാറിയടിക്കുന്ന കാറ്റ് രണ്ടാം ലോകയുദ്ധത്തിനു മുൻപ് പ്രബലമായിരുന്ന രാഷ്ട്രീയ സങ്കൽപ്പങ്ങളെ തിരിച്ചു കൊണ്ടുവരികയല്ലേ ചെയ്യുന്നത്?
കെ.എം. സീതി : ഇറ്റലിയിലെ തീവ്രവലതുപക്ഷത്തേക്കുള്ള ഭരണമാറ്റം തീർച്ചയായും ആശങ്കയുയർത്തുന്നതാണ്. യൂറോപ്പ്യൻ രാഷ്ട്രീയത്തിൽ സ്വീഡനും ഹങ്കറിയും പോളണ്ടുമെല്ലാം നേരത്തെ തന്നെ ആ വഴിക്കു നീങ്ങിയത് നല്ലൊരു സൂചനയായിട്ടല്ല ലോകം കണ്ടത്. കോവിഡ് ഉണ്ടാക്കിയ സാമൂഹിക സാമ്പത്തിക അസ്വസ്ഥതകളുടെ ബാക്കിയായി കൂടി ഇതിനെ കാണേണ്ടതുണ്ട്. ഈ ആഗോള പ്രതിസന്ധി ഘട്ടത്തിൽ ഭരണകൂടങ്ങളുടെ നിസ്സംഗതയും ജനവിരുദ്ധ നയങ്ങളും നിരവധി രാജ്യങ്ങളിൽ ഇത്തരം ഭരണമാറ്റങ്ങൾക്കും തീവ്രവലതു പ്രസ്ഥാനങ്ങൾക്കും കാരണമായിട്ടുണ്ട്.
എന്നാൽ ഇതിലൂടെ ഈ രാജ്യങ്ങളെല്ലാം കഴിഞ്ഞ നൂറ്റാണ്ടിലെ ഫാസിസ്റ്റു – സ്വേച്ഛാധിപത്യ പ്രവണതകളിലേയ്ക്ക് മടങ്ങുമെന്നു കരുതാൻ വയ്യ. കാരണം ജർമ്മനി, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ ജനതകൾ അനുഭവിച്ച ദുരനുഭവങ്ങൾ ആവർത്തിക്കാൻ അവർക്കു അത്ര എളുപ്പത്തിൽ ആവില്ല. പുതിയ തലമുറ ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും പ്രാധാന്യം നന്നായി മനസ്സിലാക്കിയവരാണ്. തീവ്രവലതുപക്ഷത്തേക്ക് പോകുമ്പോഴും സാർവദേശീയ ധാർമികതയെ പാടെ ഉപേക്ഷിച്ചു പോകാൻ അവർക്കാവില്ല. അത്തരമൊരു ലോകത്തിലാണ് ജീവിക്കുന്നതെന്ന ബോധ്യം അവർക്കുണ്ട്. രാഷ്ട്രീയ അധികാരം പിടിക്കുന്നതിനു വേണ്ടി സാമൂഹിക അസ്വാസ്ഥ്യങ്ങളെ ഉപയോഗിച്ച് കൊണ്ട് ‘ദേശീയത’യെ മുൻ നിർത്തി വോട്ടു രാഷ്ട്രീയം കളിക്കുക മാത്രമാണ് അവർ ചെയ്യുന്നത്.
നവ ലിബറൽ നയങ്ങൾ തീവ്രമായി നടപ്പാക്കിയ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിലെല്ലാം ഈ പ്രവണതകൾ കാണിക്കുന്നുണ്ട്. വലതു രാഷ്ട്രീയം സുഗമമായി സഞ്ചരിക്കുന്ന വഴികളാണ് നവലിബറലിസം തുറന്നിടുന്നത്. ആ വഴികളിൽ നിന്നും ഉയരുന്ന അസ്വസ്ഥതകൾ തീവ്ര വലതു പ്രസ്ഥാനങ്ങളെ സ്വാഭാവികമായും വളർത്തും. ഇറ്റലി കടന്നു പോയതും ഇതിലൂടെയാണ്.
‘ബ്രദേഴ്സ് ഓഫ് ഇറ്റലി’ യുടെ ആവിർഭാവം ഇത്തരത്തിൽ ആണ് കാണേണ്ടത്. എന്നാൽ ഈ തീവ്ര വലതുകക്ഷിക്കു മുസ്സോളിനിയുടെ ഫാസിസ്റ്റു പ്രസ്ഥാനമാകാൻ അത്ര എളുപ്പത്തിൽ ആവില്ല. ഈ കക്ഷിയുടെ നയങ്ങൾ തന്നെ നിഗൂഢവും പലതും അപ്രഖ്യാപിതവുമാണ്. മാത്രമല്ല ഒരു മുന്നണി സംവിധാനത്തിൽ, പ്രത്യേകിച്ച് വ്യത്യസ്തമായ രാഷ്ട്രീയ വീക്ഷണമുള്ളവർ അടങ്ങിയ സർക്കാരിലൂടെ ഒരു സ്വേച്ഛാഭരണം കൊണ്ട് നടക്കാൻ മിലോണിക്കു കഴിയുമെന്ന് തോന്നുന്നില്ല. മാത്രമല്ല ഇറ്റലി രാഷ്ട്രീയ അസ്ഥിരതയുടെ ചരിത്രമുള്ള ഒരു രാജ്യമാണ്. കഴിഞ്ഞ 77 വർഷങ്ങൾക്കുള്ളിൽ 69 സർക്കാരുകൾ മാറിമാറി വന്നു. ഒരു സർക്കാരിന്റെ ശരാശരി ആയുസ്സു ഒരു വർഷവും ഏതാനും മാസങ്ങൾ മാത്രമാണ്. 18 മാസംമാത്രം അധികാരത്തിലിരുന്ന മരിയോ ദാഗ്രിയുടെ നേതൃത്വത്തിലുള്ള ദേശീയ സർക്കാർ സാമ്പത്തിക സാമൂഹിക മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതെ പോയതാണ് തിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. വിലക്കയറ്റം, ഇന്ധന പ്രതിസന്ധി, തൊഴിലില്ലായ്മ തുടങ്ങിയവ നേരിടാൻ മുൻ യൂറോപ്യൻ സെൻട്രൽ ബാങ്ക് മേധാവിയായ ദാഗ്രിക്കു സാധിച്ചില്ല. ഇതിനെ നന്നായി തിരഞ്ഞെടുപ്പിൽ മുതലെടുത്തവർ ഒത്തുകൂടിയാണ് മുന്നണി വിജയം ഉറപ്പിച്ചത്. എന്നാൽ മെലോണിയുടെ ‘ബ്രദേഴ്സ് ഓഫ് ഇറ്റലി’ കേവലം 26 ശതമാനം വോട്ടുകൾ മാത്രമാണ് നേടിയത് എന്നത് മുന്നണി രാഷ്ട്രീയം വീണ്ടും കലുഷിതമാക്കിയേക്കാം. പ്രത്യേകിച്ച് സഖ്യത്തിലുള്ളവർക്കു വിവിധ നിലപാടുകൾ ഉള്ളപ്പോൾ. മെലോണിയും, സാൽവിനിയും, ബർലുസ്കോണിയും പല വിഷയങ്ങളിലും അഭിപ്രായ വിത്യാസമുള്ളവളാണ്.
കമൽറാം സജീവ്: ഹിറ്റ്ലറുടെ ഫാഷിസത്തിൽ നിന്നും ഇപ്പോൾ യൂറോപ്പിൽ പ്രകടമാവുന്ന നിയോ ഫാഷിസത്തിനു വലിയ വ്യത്യാസം കാണുന്നു. ഹിറ്റ്ലറുടേത് പൂർണമായും റേഷ്യൽ ആയ ദേശീയ വാദമായിരുന്നെങ്കിൽ മെലോനിയും ഒർബാനും ലെ പെന്നുമൊക്കെ പ്രതിനിധീകരിക്കുന്ന ഫാഷിസ്റ്റ് പരിപ്രേക്ഷ്യത്തിന് അവർ തന്നെ ഉയർത്തിക്കാണിക്കുന്ന ക്രിസ്ത്യൻ മുഖവും ഉണ്ട്. ഇവരുടെ രാഷ്ട്രങ്ങളിലെ അഭയാർത്ഥികളുടെ മത ശതമാനവും അതുവഴി ഉണ്ടാവുന്ന ഇസ്ലാമോഫോബിയയും ആയിരിക്കുമോ നിയോ ഫാഷിസത്തിൻ്റെ മതമുഖത്തിന് പിന്നിൽ?
കെ.എം. സീതി : ഫാസിസത്തിന് രൂപ പരിണാമങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ്. മുൻകാല അനുഭവങ്ങളിൽ നിന്നും പല പാഠങ്ങളും അവർ പഠിച്ചിട്ടുണ്ട്. ജനാധിപത്യ സംവിധാനങ്ങളിലൂടെ രാഷ്ട്രീയാധിപത്യം സ്ഥാപിക്കാൻ പല വഴികളും അവർ തേടാറുമുണ്ട്. അതിൽ പ്രധാനമാണ് സിവിൽ സമൂഹത്തിലൂടെയുള്ള പ്രവർത്തനങ്ങൾ. ബലം നേരിട്ട് ഉപയോഗിക്കാതെ തന്ത്രപരമായി പിടിച്ചെടുക്കൽ ഇതിന്റെ ഭാഗമാണ്. സാംസ്കാരിക രംഗം ഇതിന്റെ ഫലഭൂയിഷ്ഠമായ മേഖലയാണ്. ഇതിനെക്കുറിച്ചെല്ലാം സവിസ്തരം പറഞ്ഞിട്ടുള്ളത് ഇറ്റാലിയൻ ചിന്തകനായ അന്റോണിയോ ഗ്രാംഷിയാണ്. ഫാസിസ്റ്റു ജയിൽ കിടന്നു കൊണ്ട് എഴുതിയ കുറിപ്പിലെല്ലാം ഇത് വിവരിക്കുന്നുണ്ട്. ഇന്ത്യയിൽ സംഘ് പരിവാറും ഇതേ കൃത്യം ചെയ്യുന്നു. സാംസ്കാരിക സ്ഥാപനങ്ങളും ജനങ്ങളുടെ മത-വംശീയ വികാരങ്ങളും ഈ സിവിൽ സമൂഹ-കേന്ദ്രീകൃത പ്രവർത്തനങ്ങളുടെ മുന്നോട്ടു പോക്കിന് അനിവാര്യമാണ്.
മെലോണിയുടെ ബ്രദേഴ്സ് ഓഫ് ഇറ്റലി മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തിൽ ഇതിൽ പ്രകടമായി കാണുന്നുണ്ട്. ഞങ്ങൾ “എൽജിബിടിക്കൊപ്പമല്ല, യഥാർത്ഥ കുടുംബങ്ങൾക്കൊപ്പമാണ്. ആണും പെണ്ണും എന്ന യാഥാർത്ഥ്യത്തിനൊപ്പമാണ്. ലൈംഗീക ന്യൂനപക്ഷവാദത്തിനൊപ്പമല്ല. ഇസ്ലാമിക ഭീകരർക്കൊപ്പമല്ല. ഈ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കൊപ്പമാണ്. കുടിയേറ്റക്കാർക്കൊപ്പമല്ല, ഈ നാട്ടിലെ പൗരന്മാർക്കൊപ്പമാണ്. ആഗോള സാമ്പത്തിക ആശങ്കകൾക്കൊപ്പമല്ല, ഇറ്റലിയുടെ സാമ്പത്തിക ഭദ്രതയ്ക്കൊപ്പമാണ്” എന്ന പ്രഖ്യാപനങ്ങൾ മറ്റെന്താണ് സൂചിപ്പിക്കുന്നത്.
ഇറ്റലിയിലെ കുടിയേറ്റ വിരുദ്ധതയ്ക്കു ദീർഘനാളത്തെ ചരിത്രമുണ്ട്. ഒരു ഇടവേളയ്ക്കു ശേഷം ഇന്ന് യൂറോപ്പിൽ എത്തുന്ന കുടിയേറ്റക്കാരിൽ വലിയൊരു ശതമാനം ഇറ്റലിയിലാണ് എത്തിപ്പെടുന്നത്. മെഡിറ്ററേനിയൻ കടന്നു വരുന്ന വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലെ കുടിയേറ്റക്കാരും അഭയാർത്ഥികളും ഉൾപ്പടെ ഇറ്റാലിയൻ ജനതയ്ക്കു ഭീഷണിയാണെന്ന പ്രചാരണം മെലോണിയെ നന്നായി സഹായിച്ചു. രണ്ടു ദശ ലക്ഷത്തോളം പേർ തൊഴിലില്ലാത്തവരായി ഇറ്റലിയിൽ ഉണ്ട്. ഇവരുടെയും പുതു തലമുറയുടെയും ജീവിത സാഹചര്യങ്ങളെ മാറ്റിമറിക്കാൻ ഈ കുടിയേറ്റ-അഭയാർത്ഥികൾക്ക് സാധിച്ചേക്കുമെന്ന ഭീഷണി അവർ നന്നായി തിരഞ്ഞെടുപ്പിൽ പ്രയോജനനപ്പെടുത്തി.
ഇതിൽ സ്വാഭാവികമായും മതപക്ഷപാതിത്വം ഉണ്ട്. ആറു കോടി വരുന്ന ജനസംഖ്യയിൽ കേവലം ഒന്നര ദശലക്ഷം മാത്രം വരുന്ന മുസ്ലിം ജനവിഭാഗങ്ങൾ ഇറ്റലിക്ക് ‘ഭീഷണി’യാകുന്നത് ആഭ്യന്തര വിഷയങ്ങൾ മാത്രം ചൂണ്ടിക്കാണിച്ചല്ല. അതിൽ കുടിയേറ്റക്കാരും സാർവദേശീയ രംഗത്തെ വിഷയങ്ങളും ഉൾച്ചേർന്നിരിക്കുന്നു. അതാണ് ‘ഇസ്ലാമിക ഭീകരവാദ’ മായി മെലോണിയും കൂട്ടരും പറയുന്നതു. എന്നാൽ ഇതൊന്നും അത്ര എളുപ്പത്തിൽ ഒരു ഭരണ കൂടത്തിന്റെ നയങ്ങളായി പുറത്തുവരാൻ സാധിക്കില്ല. കാരണം ഒരേ സമയം യൂറോപ്പ്യൻ യൂണിയന്റെ ഭാഗമായും സ്വതന്ത്ര ഭരണകൂടമായും പ്രവർത്തിക്കുമ്പോൾ വിവിധ വിഷയങ്ങളിൽ ഒത്തുതീർപ്പുകൾക്കു വിധേയമാകേണ്ടി വരും. അത് കൊണ്ട് തന്നെ പുതിയ സർക്കാർ മുൻ കാലങ്ങളിലെപോലെ “പ്രതിസന്ധി പരിഹാര” സർക്കാറായി മാറാൻ ശ്രമിക്കാനാണ് സാധ്യത. കാരണം പുതിയ പ്രതിസന്ധികൾ സൃഷ്ഠിക്കുന്നതിലൂടെ അസ്ഥിരതയ്ക്കു ആക്കം കൂട്ടുമെന്ന മുൻ അനുഭവങ്ങൾ ഇറ്റലിക്കുണ്ട്.