കെ. എം. സീതി
വി.സി.ഹാരിസ് എന്ന സർഗ്ഗപ്രതിഭ ഒടുവിൽ ഒരു ‘പാഠ’മായി.
സമകാലിക കേരളീയചരിത്രത്തിൽ അങ്ങിനെ സ്വയം ‘കൃതി’യും ‘കർത്താ’വുമാകുന്ന വ്യക്തികൾ വിരളമാണ്. ഹാരിസ് തന്റെ വിടവാങ്ങലിലൂടെ സൃഷ്ട്ടിച്ച ‘ശൂന്യത’ യഥാർത്ഥത്തിൽ വ്യത്യസ്തങ്ങളായ ‘പാഠ്യ’ങ്ങൾക്കും അടയാളപ്പെടുത്തലുകൾക്കും കാരണമായേക്കാം. അതിൽ ഏറെ ശ്രദ്ധിക്കപ്പെടേണ്ടുന്ന ഒന്നാണ് അദ്ദേഹം നടത്തിയ ‘അതിർ-ഉല്ലംഘനം’ (border-crossing). സാമ്പ്രദായിക സാംസ്കാരിക മേഖലകൾക്ക് ശീലമില്ലാത്ത ഈ ‘മുറിച്ചു കടക്കൽ’ ഫലപ്രദമായി നടത്തിയിട്ടുള്ള പണ്ഡിതർ വളരെ അപൂർവമായേ കാണൂ. അതുകൊണ്ടു തന്നെ വ്യവസ്ഥാപിതമായ ചട്ടക്കൂടുകൾക്കു ഹാരിസ് ‘അച്ചടക്കം’ തീരെ ഇല്ലാത്ത ഒരു ‘അധ്യാപകൻ’ മാത്രമാണ്. ധിഷണയെ സ്നേഹിക്കുന്നവർക്കും അത് കണ്ടറിഞ്ഞവർക്കും അങ്ങനെയൊന്നുമല്ലതാനും.
മുപ്പതു കൊല്ലങ്ങൾക്കു മുമ്പ് യൂ.ആർ.അന്തമൂർത്തിയെന്ന സർഗ്ഗപ്രതിഭ മഹാത്മാഗാന്ധി സർവകലാശാലയുടെ വൈസ്ചാൻസിലർ പദവി ഏറ്റെടുക്കുമ്പോൾ വെറും നാല് പഠനവകുപ്പുകളെ ഉണ്ടായിരുന്നുള്ളൂ. എഴുത്തുകാരനും ഇംഗ്ലീഷ് അധ്യാപകനുമായിരുന്ന അനന്തമൂർത്തിയുടെ സ്വപ്ന പദ്ധതിയായിരുന്നു ഒരു ‘അക്ഷരകളരി’ (School of Letters) സർവകലാശാലയിൽ തുടങ്ങുക എന്നത്. എഴുത്തുകാരേയും കലാകാരന്മാരെയും ഇവിടേയ്ക്ക് ക്ഷണിച്ചുകൊണ്ടുവന്നു സർഗാത്മക സൃഷ്ട്ടികൾ ഉണ്ടാക്കാൻ ഒരിടം. സാമ്പ്രദായിക അക്കാദമിക പരിവേഷങ്ങളില്ലാതെ പൂർണസ്വാതന്ത്ര്യത്തോടെ പ്രതിഭകൾക്കു സൃഷ്ടികർമം നിർവഹിക്കാൻ പറ്റിയൊരിടം എന്ന സങ്കൽപ്പത്തിൽ. പരീഷണാത്മക നാടകത്തിന്റെ വക്താവായിരുന്ന ജി.ശങ്കരപ്പിള്ളയുടെ സാന്നിധ്യം ഇതിനു ഉണർവേകി. പക്ഷെ സർവകലാശാലക്ക് ആക്റ്റും സ്റ്റാറ്റ്യൂട്ടും ഉണ്ടായിക്കഴിഞ്ഞപ്പോഴാണ് ഇതിന്റെ പരിമിതികൾ അനന്തമൂർത്തിക്കു ബോധ്യപ്പെടുന്നത്. സാമ്പ്രദായിക അക്കാദമിക പ്രവർത്തനങ്ങൾ കൂടിയില്ലാതെ ഇതൊന്നും സാധ്യമല്ലാതാകുമെന്ന അവസ്ഥ വന്നപ്പോൾ അതിപ്രശസ്തരായ വിദഗ്ധരുടെ ഒരു ‘ബോർഡ് ഓഫ് സ്റ്റഡീസ്’ വിളിച്ചുകൂട്ടുകയും അവരുടെകൂടി നിർദ്ദേശത്താൽ ഒരു എംഫിൽ കോഴ്സ് ആരംഭിക്കുകയും ചെയ്തു. പഠിപ്പിക്കാൻ അധ്യാപകരും ഇതോടെ വേണ്ടി വന്നു. ഇതിനിടയിൽ ജി. ശങ്കരപ്പിള്ളയുടെ ആകസ്മിക മരണം പ്രവർത്തനങ്ങളെ അൽപ്പമൊന്നു മന്ദീപവിപ്പിച്ചു.
ഒട്ടും വൈകാതെ അനന്തമൂർത്തി കണ്ടെത്തിയ നരേന്ദ്രപ്രസാദ് അക്ഷരകളരിയുടെ നേതൃത്വം ഏറ്റെടുത്തു. തുടർന്നാണ് ഡി. വിനയചന്ദ്രനും വി.സി.ഹാരിസും പി.പി. രവീന്ദ്രനും പി. ബാലചന്ദ്രനും കെ. എം. കൃഷ്ണനും, മൂസതും, ഗീതയും, കുര്യാസ് കുമ്പളക്കുഴിയും വത്സലകുമാരിയും അടങ്ങുന്ന അധ്യാപക-സാംസ്കാരിക സംഘം എത്തുന്നത്. ഇംഗ്ലീഷ്/മലയാള സാഹിത്യം, സാംസ്കാരിക-താരതമ്യ പഠനങ്ങൾ, നാടക-ചലച്ചിത്ര വിശകലനങ്ങൾ, വിവർത്തനം, സാഹിത്യവിമർശന സിദ്ധാന്തങ്ങൾ എല്ലാം, കണ്ടും കൊടുത്തും വളർന്നു. സർവകലാശാലയുടെ മറ്റു പഠനവകുപ്പുകളിൽ എത്തിക്കഴിഞ്ഞ പ്രഗത്ഭർ കൂടിയായപ്പോൾ [രാജൻ ഗുരുക്കൾ, ഏ.കെ.രാമകൃഷ്ണൻ, നിസാർ അഹമ്മദ്, എം. മുരളീധരൻ സനൽ മോഹൻ, എം. ഗംഗാധരൻ, തുടങ്ങിയവർ ഉദാഹരണം] മഹാത്മാഗാന്ധി സർവകലാശാല അന്തർ-വൈജ്ഞാനിക മേഖലയിലെ മികവുറ്റ സ്ഥാപനമായി. കേരളത്തിന്റെ രാഷ്ട്രീയ-സാംസ്കാരിക ജീവിതത്തിൽ ഈ പ്രഗത്ഭരുടെ സാന്നിധ്യവും പ്രവർത്തനങ്ങളും കുറച്ചൊന്നുമല്ല മാറ്റങ്ങൾ വരുത്തിയത്. ഇതിനു പശ്ചാത്തലമൊരുക്കിയ ബൗദ്ധിക-സാംസ്കാരിക ഇടപെടലുകളിൽ വി.സി.ഹാരിസിന്റെ സംഭാവന വേറിട്ട് നിൽക്കുന്നു. നേരത്തെ സൂചിപ്പിച്ച ഹാരിസിന്റെ സാബ്രദായിക രീതികളിൽ നിന്നുള്ള ‘മുറിച്ചു നടത്തം’ തന്നെയാണ് ഇതിനു കാരണമായത്. അദ്ദേഹത്തിന്റെ ബൗദ്ധികജീവിതം ഇത്തരം ‘ഉല്ലംഘന’ങ്ങളിലൂടെയാണ് വളർന്നു വികാസം പ്രാപിച്ചതെന്നു നിസ്സംശയം പറയാം.
1958-ൽ, മയ്യഴിയിൽ വലപ്പകത്തു ചെറിയത്തു വീട്ടിൽ ഉമ്മർ ഹാജിയുടെയും മറിയത്തിന്റെയും പുത്രനായി ജനിച്ച ഹാരിസിന് കൂട്ടുകുടുംബത്തിൻറെ വലിയൊരു പിൻബലം ഉണ്ടായിരുന്നു. എന്നാൽ സാബ്രദായിക മുസ്ലിംകുടുംബങ്ങളിലെ യാഥാസ്ഥികത്വം ഒന്നും ഹാരിസിന് നേരിടേണ്ടി വന്നിട്ടില്ല. കച്ചവട-വ്യാപാര മേഖലയിൽ വ്യാപൃതരായിരുന്ന പിതാവ് കുറേകാലം മുംബൈയിൽ ആയിരുന്നു [ഹാരിസിന്റെ മൂത്തസഹോദരനും ഏറെക്കാലം അവിടെയായിരുന്നു]. ഹാരിസടക്കം എട്ടുപേരടങ്ങുന്ന സഹോദരങ്ങളിൽ ഒരാൾ മാത്രം വിദ്യാഭ്യാസപരമായി മുന്നോട്ടു പോയി. അത് മറ്റാരുമായിരുന്നില്ല. മയ്യഴിയിലെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം കണ്ണൂർ എസ്.എൻ. കോളേജിലും കോഴിക്കോട് സർവകലാശാലയുടെ തലശ്ശേരി കേന്ദ്രത്തിലും നിന്നു ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് അയ്യപ്പപ്പണിക്കരുടെ പ്രത്യേക താൽപ്പര്യപ്രകാരം കേരള സർവ്വകലാശാലയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ എംഫിലിന് ചേർന്നു.സിൽവിയാ പ്ലാത്തും എമിലി ഡിക്കിൻസണും ഹാരിസിന്റെ ഇഷ്ട്ടവിഷയങ്ങളായിരുന്നു. അങ്ങനെ ഡോക്ടറേറ്റും അയ്യപ്പപ്പണിക്കരുടെ കീഴിൽ നേടി. പണിക്കരുടെ ഏറ്റവും ഇഷ്ട്ടപെട്ട ശിഷ്യരിൽ ഒരാളായിരുന്നു ഹാരിസെന്ന് പത്നി അഡ്വ. അനില ഓർക്കുന്നു.
ഒരു പക്ഷെ ഹാരിസിന്റെ ജീവിതത്തെ മാറ്റിമറിച്ച, സാംബ്രദായിക അക്കാദമിക അതിരുകളെ ഭേദിച്ച് കടന്നുള്ള അന്വേഷണങ്ങൾക്ക് തുടക്കമിടുന്നത് അയ്യപ്പപണിക്കരുമായുള്ള ബൗദ്ധിക ഇടപെടലുകളുടെ കാലത്താണ്. ബക്തീനും, സൊസ്സൂറും, യാക്കോബ്സണും, ബാർത്തും, ദെറിദയും, ഫൂക്കോയും, ലകാനും എല്ലാം ഹാരിസിന്റെ ബൗദ്ധികാന്വേഷണങ്ങളുടെ ലോകത്തെ ‘പ്രചോദനങ്ങളും പ്രകോപന’ങ്ങളുമായിരുന്നു. ആധുനികാനന്തര പഠനങ്ങൾ (‘postmodern’ studies), ഘടനാവാദം (structuralism), ചിഹ്നവിജ്ഞാനീയം(semiotics), ഘടനാവാദാനാന്തര (post-structural) സിദ്ധാന്തങ്ങൾ തുടങ്ങിയവയെല്ലാം പാശ്ചാത്യസാഹിത്യ വിമർശനമേഖലകളിൽ വലിയ പൊളിച്ചെഴുത്തുകൾക്കും സംവാദങ്ങൾക്കും കാരണമായ ഒരു ഘട്ടത്തിലാണ് ഹാരിസ് രചനകളിലൂടെ, ഇടപെടലുകളിലൂടെ, തന്റെ ബൗദ്ധിക സാന്നിധ്യം അറിയിക്കുന്നത്. പാശ്ചാത്യസാഹിത്യ വിമർശനമേഖലകളിലെ പുതിയ സിദ്ധാന്തങ്ങളെയും പഠനങ്ങളെയും അപ്പാടെ വിഴുങ്ങുന്ന രീതിയായിരുന്നില്ല ഹാരിസിന്റെത്. ദറിദയും ബാർത്തുമെല്ലാം നന്നായി സ്വാധീനിച്ചിട്ടുണ്ടെങ്കിലും അവരുടെ കൃതികളെ നമ്മുടെ വിമർശനപാരമ്പര്യത്തിനകത്തു നിന്നു കാണാനും നമ്മൾതന്നെ സ്വയംവിമർശനത്തിന് വിധേയമാകാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു പക്ഷെ ഈ കാലഘട്ടത്തിൽ തന്നെയാണ് ഹാരിസെന്ന ബഹുമുഖ പ്രതിഭ തന്റെ വേഷങ്ങൾ മാറ്റി ആടാൻ തുടങ്ങുന്നത്. ഫറൂഖ് കോളേജിലെ അധ്യാപക ജീവിതം (1985-1991) ഒരർത്ഥത്തിൽ ഇത്തരം വേദി മാറിയ വേഷങ്ങൾക്ക് തണലേകി. സഹപ്രവർത്തകരും വിദ്യാർത്ഥികളും സാധാരണക്കാരുമായി നാടകവും, സിനിമയും സാഹിത്യവും മാറി മാറി പരീക്ഷിച്ച സർഗാത്മകമായ ഒരു കലാലയജീവിതമായിരുന്നു ഫറൂക്കിലെ അഞ്ചു വർഷങ്ങൾ.
ഇതിനിടയിലാണ് ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട വായനയും പ്രവർത്തനങ്ങളും സജീവമാകുന്നത്. ജോൺഎബ്രഹാം എന്ന പ്രതിഭ രാജ്യാന്തരതലത്തിൽ തന്നെ അറിഞ്ഞു തുടങ്ങിയ കാലം. ജോണിനെ ഒന്നോ രണ്ടോ തവണ മാത്രമേ കണ്ടിട്ടുള്ളൂ എങ്കിലും അദ്ദേഹത്തിന്റെ സിനിമകളും രചനകളും ഹാരിസിനെ വല്ലാതെ ആകർഷിച്ചിരുന്നു. ഈ ആകർഷണം തന്നെയാണ് ‘ഒഡേസ’യുമായി കുറച്ചുകാലമെങ്കിലും ബന്ധപ്പെട്ടു പ്രവർത്തിക്കാൻ കാരണമായത്. ആ സന്ദർഭങ്ങളിൽ നടന്നിട്ടുള്ള ചലച്ചിത്രപഠന ക്ളാസ്സുകളിലും സംവാദ വേദികളിലും ഹാരിസ് ഏറെ ശ്രദ്ധിക്കപ്പെട്ടു. ലോകക്ലാസിക്ക് സിനിമകളെ ഇത്തരം ചെറിയ ഇടങ്ങളിലൂടെ ബൗദ്ധികമായി പരിചയപ്പെടുത്തിക്കൊണ്ടിരുന്ന അദ്ദേഹം പിന്നീട് തന്റെതായ വഴികളിലൂടെ ചലച്ചിത്രപഠന മേഖലതന്നെ മുന്നേറാൻ കഴിയുന്ന തരത്തിൽ പുതിയ പ്രവണതകൾക്ക് തുടക്കം കുറിച്ചു.
ഒരേ സമയം നാടകവും സിനിമയും സാഹിത്യവും ഇത്ര ഒന്നത്യത്തോടെ കൈകാര്യം ചെയ്യാൻ കഴിയുന്നവർ അക്കാലത്തു ഇല്ലായിരുന്നു എന്നുതന്നെ പറയാം. അനന്തമൂർത്തിക്കും നരേന്ദ്രപ്രസാദിനും ഹാരിസിലുള്ള താൽപ്പര്യവും വിശ്വാസവും ഉണ്ടാകുന്നതിന്റെ കാരണവും മറ്റൊന്നല്ല. മഹാത്മാഗാന്ധി സർവകലാശാലയിൽ ഔദ്യോഗിക നിയമനനടപടികൾ പൂർത്തിയാക്കുന്നതിനു മുമ്പ് തന്നെ അക്ഷരകളരിയുടെ അതിരുകൾ ഭേദിച്ചുകടന്നു വിദ്യാർത്ഥികൾക്ക് സാഹിത്യപഠനമേഖലയിലെ പുതിയ പ്രവണതകളെ പരിചയപ്പെടുത്താനും അവരുടെ മനസ്സുകൾക്ക് ഉണർവേകാനും സൗകര്യമൊരുക്കിയത് നരേന്ദ്രപ്രസാദും അനന്തമൂർത്തിയുമായിരുന്നു.
അതിരമ്പുഴയിലെ ഹസ്സൻമൻസിലിൽ മുകളിലും താഴെയുമായി വ്യാപിച്ചുകിടന്ന സ്കൂൾ ഓഫ് ലെറ്റേഴ്സ് എന്ന അക്ഷരകളരിയിൽ അങ്ങനെ സൊസ്യൂറും, ബാർത്തും, ദെറിദയും, ഫൂക്കോയും, ലക്കാനുമെല്ലാം ആദ്യ ബാച്ചുകളിലെ വിദ്യാർത്ഥികളുടെ നാവിൻതുമ്പത്തെ ബൗദ്ധികരുചിഭേദങ്ങളായിരുന്നു. നിയമനത്തെചൊല്ലി നടന്ന വ്യവഹാരങ്ങൾ അവസാനിച്ചതോടെ അക്ഷരക്കളരിയിൽ പത്തുപേരടങ്ങുന്ന ഒരു സാംസ്കാരിക സംഘം തങ്ങളുടെ അക്കാദമിക യാത്ര തുടങ്ങി. ഈ ‘യാത്രികരിൽ’ പലതുകൊണ്ടും ഹാരിസ് വ്യത്യസ്തനായിരുന്നു.
ഹാരിസ് സർവകലാശാലയിൽ ചേരുന്ന സമയത്തു അധ്യാപകസംഘടനയുടെ സെക്രട്ടറി ഞാനായിരുന്നു. അനന്തമൂർത്തിയുമായുള്ള ഒരു സംഭാഷണവേളയിൽ ഹാരിസിനെക്കുറിച്ചു അദ്ദേഹം പറഞ്ഞ ഒരു വാചകം ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്നു. “അക്ഷരങ്ങൾ വിതച്ചു അത്ഭുതങ്ങൾ കൊയ്യാൻ കെൽപ്പുള്ള, സെല്ലുലോയ്ഡിലും നാട്യവേദികളിലും ആടിത്തിമിർക്കാൻ കഴിയുന്ന ഒരു സാംസ്കാരിക വാഗ്ദാന” മാണു ഹാരിസെന്ന് അനന്തമൂർത്തി പറയുമ്പോൾ അന്ന് മിഴിച്ചിരിക്കാനേ കഴിഞ്ഞുള്ളു. ഫറൂഖ് കോളേജിൽ നിന്നും അയ്യപ്പപണിക്കരുടെ ഒരു ശിഷ്യൻ വരുന്നുണ്ടെന്നു ആരോ പറഞ്ഞപ്പോൾ അത് ഹാരിസ്സായിരുന്നു എന്ന് തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ ഇത് ആദ്യം എന്നോട് സൂചിപ്പിച്ചതു പിന്നീട് കോഴിക്കോട് സർവകലാശാലയിൽ വൈസ്ചാൻസിലർ ആയിരുന്ന ഡോ.ഏ.എൻ.പി.ഉമ്മർകുട്ടി ആയിരുന്നു. ഞങ്ങൾ അന്ന് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിച്ചു തുടങ്ങിയ വക്കം മൗലവി ഫൗണ്ടേഷന്റെ അണിയറ പ്രവർത്തകരും കൂടിയായിരുന്നു. ഒരു ദിവസം കോട്ടയത്ത് വെച്ച് കണ്ടപ്പോൾ അദ്ദേഹം, “എന്റെ മരുമകനും നിങ്ങളോടൊപ്പം കൂടാൻ പോകുന്നു” എന്നു പറഞ്ഞു [നേരെത്തെ ഹാരിസ് എന്റെ ഭാര്യ മിനിയുടെ ഫറൂഖ് കോളേജിലെ അധ്യാപകനായിരുന്നു. മിനിയുടെ പിതാവ് പ്രൊഫ. താഹിർ ഹാരിസിന്റെ സഹപ്രവർത്തകനും കൂടിയായിരുന്ന]).
സ്കൂൾ ഓഫ് ലെറ്റേഴ്സ് ഹസ്സൻമൻസിലിലും മറ്റു പഠനവിഭാഗങ്ങൾ കിലോമീറ്ററുകൾക്കപ്പുറം ചെറുവാണ്ടൂരിലും പുല്ലരിക്കുന്നിലും വ്യാപിച്ചുകിടക്കുന്നതിനാൽ അധ്യാപകർക്ക് പരസ്പരം കാണാൻ വലിയ ബദ്ധപ്പാടായിരുന്നു. അക്കാലത്താണ് അനന്തമൂർത്തിതന്നെ തുടക്കമിട്ട ‘പ്രസാരംഗ’ത്തിന്റെ പ്രവർത്തനങ്ങളും അധ്യാപകരുടെ ‘വ്യാഴവട്ട’ ചർച്ചകളും നടക്കുന്നത്. സംഘടനാപ്രവർത്തനങ്ങളും ബൗദ്ധികചർച്ചകളും അധ്യാപകരെ ഇടയ്ക്കിടയ്ക്ക് ഒന്നിപ്പിക്കുന്ന സന്ദർഭങ്ങളായി [ഹാരിസ് പിൽക്കാലത്ത് സംഘടനയുടെ നേതൃസ്ഥാനത്തു വരികയും അധ്യാപകരുടെ പ്രതിനിധിയായി സെനറ്റിലും അക്കാദമിക് കൗൺസിലിലും പ്രവർത്തിക്കുകയും ചെയ്തിരുന്നു].
ജനുവരി ഒന്നാം തിയതി ജി. ശങ്കരപിളളയുടെ ഓർമദിനവും സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ സ്ഥാപക ദിനവും ആയി ആചരിക്കാൻ തുടങ്ങിയതോടെ അതോടൊപ്പം അവതരിപ്പിക്കുന്ന നാടകത്തിന്റെ അണിയറ ശില്പികളും നടന്മാരുമായി ഹാരിസും പി. ബാലചന്ദ്രനും രംഗത്ത് വന്നു തുടങ്ങി. കോട്ടയത്തെ സാംസ്കാരിക ജീവിതത്തിനു പുതിയ ഉണർവുനൽകിയ പരിപാടിയായിരുന്നു ശങ്കരപ്പിള്ള അനുസ്മരണവും അതിനെ തുടർന്നുള്ള നാടകങ്ങളും. അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾക്കു ഹാരിസും ബാലചന്ദ്രനും നൽകിയിട്ടുള്ള സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. ഹാരിസിനൊപ്പം നടന്മാരും നടിമാരുമായി മാറുന്ന ലെറ്റേഴ്സിലെ വിദ്യാർത്ഥികൾക്കു ഇതൊരു വലിയ അനുഭവമാണ്. നടനും സംവിധായകരുമായ സിദ്ധാർത്ഥശിവയും ദിലീഷ് പോത്തനും ദേശീയ അവാർഡ് നേടിയ സുരഭിയുമെല്ലാം അക്ഷരമുറ്റത്തെ താരങ്ങളായിരുന്നു.”ഒരു മദ്ധ്യവേനൽ പ്രണയരാവു,” “ഇയാഗോ,” “മായാസീതാങ്കം” തുടങ്ങി ഓരോ വർഷവും വ്യത്യസ്തതകളുടെ മാറ്റുരയ്ക്കുന്നതായിരുന്നു ഓരോ നാടകവും. ഏറ്റവുമൊടുവിൽ സി.ജെ.തോമസിന്റെ “1128-ൽ ക്രൈം 27” ആയിരുന്നു ഹാരിസിന്റെ ജനുവരി സായാഹ്നത്തിലെ നാടകം. ഏതാനും വർഷങ്ങൾക്കു മുമ്പ് പി. ബാലചന്ദ്രൻ സർവകലാശാലയിൽ നിന്നും വിടപറഞ്ഞതോടെ ഹാരിസിന് ഈ മേഖലയിൽ നിന്നും മറ്റൊരാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നത് വേദനയോടെ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
നാടകനടനായും സംവിധായകനായും പരിശീലകനായും ഒക്കെയുള്ള ഹാരിസിന്റെ കഴിവു അനന്യസാധാരണമായിരുന്നു. കഴിഞ്ഞ കുറെ വർഷങ്ങളിൽ ഹാരിസിനു ഇഷ്ട്ടപെട്ടു തുടങ്ങിയത് ഏകാഭിനയമായിരുന്നു. “ക്രാപ്പ്സ് ലാസ്റ്റ് ടേപ്പ്” (Krapp’s Last Tape) വിവർത്തനം ചെയ്യുകയും അതിൽ അഭിനയിക്കുകയും ചെയ്തു. ബാലചന്ദ്രന്റെ “ചത്തവനും കൊന്നവനും ഭാര്യ സമേതം,” “മാർക്സ് ഇൻ സോഹ” തുടങ്ങിയവയും ഹാരിസിന്റെ ഈ ഒറ്റയാൾ പരീക്ഷണത്തിന്റെ വിജയിച്ച ഉദാഹരണങ്ങളാണ്. അതുപോലെ തന്നെ ചലച്ചിത്രമേഖലയിലെ പ്രവർത്തനങ്ങൾ കൊണ്ട് ഒരു വലിയസൗഹൃദ സംഘംതന്നെ ഹാരിസ് ഉണ്ടാക്കി.ലോകക്ലാസ്സിക്കുകളെ പരിചയപ്പെടുത്തിയും ചലച്ചിത്ര പരിശീലനകളരികളിലും രാജ്യാന്തരചലച്ചിത്ര സംവാദവേദികളിലും ഉൾക്കാഴ്ചയുള്ള നിരീക്ഷണങ്ങൾ നടത്തിയും ഹാരിസ് വേറിട്ടു നിന്നു. ചില ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മാവൂർ ഗ്വാളിയോർ റയോൺസ് മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ ടി.കെ.രാജീവ്കുമാർ സംവിധാനം ചെയ്ത “ജലമർമ്മര”ത്തിൽ വ്യത്യസ്തമായൊരു വേഷമായിരുന്നു ഹാരിസിന്റെത്. തന്റെ വിദ്യാർഥികൂടിയായ ഉണ്ണികൃഷ്ണൻ ബി. യും സഹപ്രവർത്തകനായ പി.ബാലചന്ദ്രനും ഈ മേഖലയിൽ ഹാരിസിനൊപ്പം പ്രവർത്തിച്ചിരുന്നു.
ഹാരിസിന്റെ ബൗദ്ധികജീവിതം അക്കമിട്ടു നിരത്താവുന്ന കള്ളികൾക്കുള്ളിൽ ഒതുങ്ങില്ല. അധ്യാപനവും പൊതുപ്രഭാഷണങ്ങളും പരിശീലന ക്ലാസ്സുകളും സംവാദങ്ങളിലെ ഇടപെടലുകളും എല്ലാം ഒരു ഭാഗത്തു അദ്ദേഹത്തിന്റെ ധിഷണയും നിലപാടുകളും വെളിപ്പെടുത്തുമ്പോൾ, എഴുതിക്കൂട്ടിയ ചെറുതും വലുതുമായ ലേഖനങ്ങളും, പഠനങ്ങളും, കഥകളും, തിരക്കഥകളും, അവതാരികകളും, പിൻകുറിപ്പുകളും എല്ലാം കൂടി ചേരുന്ന ഒരു “ഹാരിസിയൻ” പ്രപഞ്ചം (ഡോ. ജോസിയോട് കടപ്പാട്) മലയാളികൾ കാണാതെ പോകുന്നു. തന്റെ തന്നെ ഗുരുവായ അയ്യപ്പപ്പണിക്കരുടെ കൃതികളുടെ പഠനം (വീണ്ടും കുതിരക്കൊമ്പു:വായനയുടെ രാഷ്ട്രീയം), തീയേറ്റർ തെറപ്പി, ബെർതോൾഡ് ബ്രെഹ്തിന്റെ രംഗവേദിക്ക് ഒരു “ഓർഗാസം”, ആത്മകഥ, അജുനാരായണനുമൊത്തുള്ള ‘ബക്കറ്റും ക്രാപ്പും കുറുപ്പും,’ ‘സ്ത്രീ-സ്ത്രീനീതി,’ ഖലീൽ ജിബ്രാന്റെ ‘ഭ്രാന്തൻ,’ ഡിസി ബുക്ക്സ് പ്രസിദ്ധീകരിച്ച ‘നവസിദ്ധാന്ത’ങ്ങളുടെ പരമ്പര (ഉണ്ണികൃഷ്ണൻ ബി.യുമായി) യുടെ എഡിറ്റർ, മാധവിക്കുട്ടി, വികെഎൻ, മേതിൽ, നരേന്ദ്രപ്രസാദ്, പി. ബാലചന്ദ്രൻ, സി. അയ്യപ്പൻ, തുടങ്ങിയവരുടെ കൃതികളുടെ വിവർത്തനം… പലരും ശ്രദ്ധിക്കാതെ പോകുന്ന ഹാരിസിന്റെ മിക്ക രചനകളും അദ്ദേഹം പല കൃതികൾക്കായി എഴുതിയിട്ടുള്ള അവതാരികകളും പിൻകുറിപ്പുകളുമാണ്. ‘ജോൺ അബ്രഹാമിന്റെ കഥകൾ,’ സേതുവിൻറെ ‘പാണ്ഡവപുരം’ (ഇംഗ്ലീഷ്), മോഹനകൃഷ്ണൻ കാലടിയുടെ ‘പാലൈസ്’ തുടങ്ങി നിരവധി കൃതികളിൽ ഹാരിസിന്റെ ധിഷണയും കൈയ്യൊപ്പുമുണ്ട്.
സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ ഡയറക്ടർ ആയി രണ്ടുതവണ പ്രവർത്തിച്ച ഹാരിസ് ഭാഷശാസ്ത്രത്തിന്റെ ഡീനുമായി പ്രവർത്തിച്ചു. 2002-03-ൽ ജർമനിയിൽ വിസിറ്റിംഗ് പ്രൊഫെസ്സറായി ഇരിക്കുന്ന ഘട്ടത്തിലാണ് മുത്തങ്ങ സമരവും പ്ലാച്ചിമട പ്രക്ഷോഭവും ഉണ്ടാകുന്നത്. ഇതിനെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയും അവിടെ പല വേദികളിലും ഈ വിഷയങ്ങളെക്കുറിച്ചു സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
പുത്തൻ സാമൂഹികപ്രസ്ഥാനങ്ങളുമായുള്ള ഹാരിസിന്റെ ഐക്യപ്പെടൽ ഈ ഘട്ടത്തിൽ കാണാം. സ്ത്രീകളുടെ പ്രശ്ങ്ങളിലും ദലിത് വിഭാഗങ്ങൾ ഉൾപ്പടെയുള്ള പ്രാന്തസ്ഥരായ മനുഷ്യരുടെ പ്രശ്നങ്ങളിലും ഹാരിസ് നേരിട്ടും അല്ലാതെയും ഇടപെടുന്നുണ്ടായിരുന്നു. സാമ്പ്രദായിക ഇടതുപക്ഷ വേദികളിൽ സജീവമായില്ലെങ്കിലും ശക്തമായ ഒരു ഇടതുപക്ഷമനസ്സ് ഹാരിസിനുണ്ടായിരുന്നു. കോട്ടയത്ത് നടന്ന നിരവധി പ്രതിഷേധസമരങ്ങളിൽ ഹാരിസ് സജീവമായി പങ്കെടുത്തിരുന്നു. ഗൗരി ലങ്കേഷിന്റെ വധവും റോഹിങ്ക്യർ വംശജരുടെ മേൽനടക്കുന്ന അതിക്രമങ്ങളും ഹാരിസിനെ അസ്വസ്ഥനാക്കിയിരുന്നു.
ഏറ്റവുമൊടുവിൽ കോട്ടയത്ത് അപകടത്തിൽ പെടുന്നതിനു നാല്ദിവസം മുമ്പ് ഹാരിസുമായുള്ള ഏറ്റുമാനൂർ വീട്ടിലെ സായാഹ്നം ഞങ്ങൾക്കു ഒരിക്കലും മറക്കാൻ കഴിയാത്ത തരത്തിലുള്ള അനുഭവമാണ് തന്നത്. തലേദിവസം താനും സണ്ണി കപിക്കാടും വി.ഡി. ജോസും, അഡ്വ. അനിലയും, എലിസബത്തും ഷാഹിനയും കൂടി വൈക്കത്തു ടീവിപുരത്തു വീട്ടുതടങ്കലിനു സമാനമായി കഴിയുന്ന ഹാദിയായെ സന്ദർശിക്കാൻ പോയ സംഭവങ്ങൾ വിവരിക്കുകയായിരുന്നു ഹാരിസ്. അസ്വസ്ഥതയും പ്രതിഷേധവും ആകാംക്ഷയും എല്ലാം അടങ്ങിയ ഹാരിസിന്റെ വിവരണം ഞങ്ങളെയും അസ്വസ്ഥരാക്കി. ഹാരിസ് എന്ന മനുഷ്യന്റെ അവസ്ഥാന്തരം ഇതായിരുന്നു.
ഹാരിസിന്റെ ബൗദ്ധിക ജീവിതത്തിനു തടസ്സങ്ങളുണ്ടാക്കിയ ശാരീരിക അസ്വാസ്ഥ്യങ്ങൾ കുറച്ചു നാളായി ആ പ്രതിഭയെ പിന്നോട്ടു വലിച്ചു തുടങ്ങിയിരുന്നു. തന്റെ ജൈവഘടികാരത്തിൽ സൂചികൾ പഴയതുപോലെ ചലിക്കുന്നില്ലന്നു ഹാരിസിനും അറിയാമായിരുന്നു. വ്യക്തിജീവിതത്തിൽ മാറിമറിഞ്ഞരംഗസംവിധാനങ്ങൾ ഹാരിസിന്റെ ബൗദ്ധികജീവിതത്തെ ബാധിക്കാതിരിക്കാൻ അനില ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. സൗഹൃദങ്ങളുടെ നെടുനീളൻ പട്ടികയിൽനിന്നും പലരും മറഞ്ഞു പോയെങ്കിലും കണ്ടുമുട്ടുന്നവരെല്ലാം ആ ഹൃദയത്തിൽ ഒരിടം കണ്ടെത്തികൊണ്ടിരുന്നു.
ഏതാനും ആഴ്ചകൾക്കു മുമ്പാണ് ഹാരിസിനെ ഏറെ വിഷമിപ്പിച്ച ആ സംഭവമുണ്ടാകുന്നത്. സർവകലാശാല അധികൃതർ ഹാരിസിനെ സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കുന്നു. കാര്യം അത്ര ഗൗരവമുള്ള ഒന്നുമല്ല താനും. സർവകലാശാലയിൽ നിന്നും പടിയിറങ്ങാൻ ഹാരിസിനു രണ്ടു വർഷത്തിൽ താഴെ മാത്രം സമയമുള്ളപ്പോഴാണ് ഇത് സംഭവിക്കുന്നത്. ഏതൊരു ശിക്ഷയും നടപ്പാക്കുന്നതിന് മുമ്പ് നടപടിക്രമങ്ങൾ ഉണ്ട്. അത് പാലിച്ചിരുന്നോ എന്ന് സർവകലാശാലയോടു ചോദിക്കാൻ അധികം ആളുകൾ ഇല്ലായിരുന്നു. എന്നാൽ ഹാരിസിന്റെ വിദ്യാത്ഥികളും പൂർവ വിദ്യാത്ഥികളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സർവകലാശാല തീരുമാനം മാറ്റുകയും ചെയ്തു.
“ബലിമൃഗത്തിനും കോമാളിക്കുമിടയിൽ” എന്ന തലക്കെട്ടോടെ ജോൺ ഏബ്രഹാമിന്റെ കഥകൾക്ക് പിൻ കുറിപ്പ് എഴുതിയ വി.സി. ഹാരിസിന്റെ വരികൾ ശ്രദ്ധിക്കാം:
“ഒരേ സമയം ബലിമൃഗവും കോമാളിയും രക്ഷകനും പീഡിതനും. ഇത് നാം കാണാതിരുന്നു കൂടാ. ഒരു പക്ഷേ, വിരോധാഭാസങ്ങളുടെ ഒരു കാലഘട്ടത്തിൽ അങ്ങനെയെല്ലാമായിത്തീരുന്ന പ്രതിഭകളെയാണ് നാം സംശയത്തോടെ വീക്ഷിക്കേണ്ടത്. ലളിതമായ ഉത്തരങ്ങളും സ്വസ്ഥവും സ്വച്ഛന്ദവുമായ മനസ്സും പ്രതിഭയുടെയോ മൗലികതയുടെയോ അടിസ്ഥാന വിശേഷങ്ങളാവണമെന്ന ശാഠ്യo യഥാർത്ഥത്തിൽ വിരോധാഭാസങ്ങളെ വളരെ ‘മോശമായ വെളിച്ചത്തിൽ’ കാണാനാണ് നമ്മെ പ്രേരിപ്പിക്കുക. മറിച്ചു, വിരോധാഭാസങ്ങളുടെ തന്നെ യാഥാർഥ്യത്തിൽ ഊന്നുകയും അതുളവാക്കുന്ന സങ്കീർണതകളുടെ ചരിത്രപ്രേരണകൾ വായിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോളാണ് ഒരു…കലാകാരനെ നമുക്ക് കൂടുതൽ ‘ആഴ’ത്തിൽ മനസ്സിലാക്കാൻ കഴിയുക.”
ജോൺ അബ്രഹാമിനെ എങ്ങിനെയാണ് നാം മനസ്സിലാക്കാൻ ശ്രമിക്കേണ്ടതെന്നു ഹാരിസ് പറയുന്നത്, അത് തന്നെ ഹാരിസിനും ബാധകമായ ഒന്നായി മാറുന്ന അവസ്ഥ. കർത്താവ് തന്നെ സ്വയം ഒരു ‘പാഠ’മായി മാറുന്ന കാഴ്ച. ആ ‘പാഠ’ത്തിനുള്ളിൽ പരിസരവും അടക്കം ചെയ്തിരിക്കുന്ന പ്രഹേളിക. തന്റെ ശരീരം മരണാന്തരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ കൊടുക്കണമെന്ന് ആഗ്രഹിച്ചിരുന്ന ഹാരിസ് ഒടുവിൽ അതിനു സാധിക്കാതെ തന്റെതന്നെ ഭൂമിയുടെ അതിരിനുള്ളിൽ ഒതുങ്ങിക്കൂടി. ‘അതിർ’ മുറിച്ചു കടക്കാതെ തന്നെ. പക്ഷെ അത് ഹാരിസെന്ന ‘ദേഹം’ മാത്രം. ഹാരിസെന്ന ‘പാഠം’ ഇപ്പോഴും അതിർത്തികൾ ഭേദിച്ചു പോകാൻ വെമ്പൽ കൊള്ളുന്നു — സാഹിത്യസിദ്ധാന്ത വിമർശകനായി, തിരക്കഥാകൃത്തായി, അവതാരകനായി, പിൻകുറിപ്പുകാരനായി, നാടകസംവിധായകനായി, നാടക നടനായി, ചലച്ചിത്ര നിരൂപകനായി, സിനിമാനടനായി…
ഹാരിസെന്ന ‘പാഠം’ വായിക്കാനായി തുടങ്ങുമ്പോൾ ഹാരിസിന്റെ തന്നെ വരികൾ നമ്മെ ഓർമ്മപെടുത്തും:
“വായനയുടെ നിക്ഷ്കളങ്കത നഷ്ടമായിരിക്കുന്നു. എന്നെന്നേക്കുമായി ഇനി “കളങ്ക”മാണ്. അത് നാം വായിച്ചെടുക്കുന്നതു എപ്രകാരമായിരിക്കും.?”
അതെ, എപ്രകാരമായിരിക്കും നാം ഹാരിസിനെയും വായിച്ചെടുക്കുക?