“എന്തിന് നീയിനിയെന്തൊക്കെ ചെയ്താലും
പിന്തിരിഞ്ഞെത്തില്ലാപ്പോയ കാലം.”

ആരു പറഞ്ഞു എത്തില്ലെന്നു?
ചങ്ങമ്പുഴയ്ക്ക് തെറ്റി.

ജീവിതയാത്രയിൽ പോയകാലം എപ്പോഴും കൂടെയുണ്ട്.
ഉണ്ടാവണം.

ജീവിതത്തിനു ആളും അർത്ഥവും ഉണ്ടാകണമെങ്കിൽ പിന്തിരിഞ്ഞെത്തുന്ന കാലം നമ്മോടൊപ്പം സഞ്ചരിക്കണം.

ആ സഞ്ചാരപഥത്തിൽ ആരെല്ലാം കൂടെയുണ്ട് എന്നുള്ളതു വലിയ കാര്യം.

ഞങ്ങളുടെ ഒന്നിച്ചുള്ള യാത്ര തുടങ്ങിയിട്ട് 30 വർഷങ്ങൾ.
കൊണ്ടും കൊടുത്തും, ഇണങ്ങിയും പിണങ്ങിയും,സ്നേഹിച്ചും കലഹിച്ചും ഒന്നായി സഞ്ചരിച്ചു.

ജീവിതയാത്രയിൽ സഞ്ചരിച്ച വഴികളെല്ലാം സുന്ദര സുരഭിലമായിരുന്നില്ല.
ദുർഘടം നിറഞ്ഞ വഴികളിലെല്ലാം ഒന്നിച്ചു കൈപിടിച്ചു നടന്നു.
വീഴാതെ,മറിയാതെ പരസ്പരം ഊന്നു വടികളായി.

കുട്ടികളായി,കൗമാരക്കാരായി,മുതിർന്നവരായി.
ധരിച്ചും,തെറ്റിദ്ധരിച്ചും പോയവർക്കു താക്കീതായി, ആശയായി, പ്രത്യാശയായി…പ്രതീക്ഷയായി..

അതെ, യാത്രയിൽ അതെല്ലാം നാൾവഴികൾ.
ശരീരവും മനസ്സും തളരുമ്പോൾ ഞങ്ങൾ സഞ്ചാരപഥം മാറ്റും.
പിന്നേയും വീണ്ടെടുത്ത ഊർജവുമായി യാത്ര തുടരും..
സംഗീതവും പ്രകൃതിയും നിറക്കൂട്ടുകളായി….
പറഞ്ഞും പഠിപ്പിച്ചും…പാടാതെ പാടിയും.

ആരോ പറഞ്ഞു നിങ്ങൾ വെറും കുട്ടികളാണെന്നു.
അതേ, ആർക്കും പറയാം ഞങ്ങളും കുട്ടികളാണെന്നു.
സഞ്ചരിക്കുന്നവരെല്ലാം കുട്ടികൾ കൂടിയാണ്.

സ്വപ്നങ്ങൾ എപ്പോഴും ഞങ്ങളുടെ കൂടെ.
ബാല്യകൗമാരങ്ങളുടെ ബാക്കിയെല്ലാം പിന്നാലെ.

സഹപ്രവർത്തകനും സുഹൃത്തുമായിരുന്ന ഡി. വിനയചന്ദ്രൻ പാടി.

“മലയുടെ പ്രായം മറന്നു നാം കിളികൻ തൻ
മധുരമാം ഗീതം ശ്രവിച്ചിടുന്നു
പുതുതായി തളിരിട്ട പൂക്കളിൽ സ്നേഹത്തിൻ
പരിമളം കൊണ്ട് മദിച്ചിടുന്നു
അകലെയാകാശമാണായൂസ്സറിയാതെ
നിരനിരെ മേഘങ്ങൾ പൊന്തിടുന്നു
ഒരു മഹാപ്രതലത്തിനുടനുടൻ തെളിയുന്ന
നിറവും വടിവുമായി നാം കഴിയും.
അറിയുവതെങ്ങനെ മനസ്സിന്റെ പ്രായം നാം
അത് നിനയ്ക്കാതെ കിനാവുകാണും
പ്രണയത്തിനില്ലെന്നോ പ്രായം പ്രപഞ്ചമേ
തരളമെൻ മനസ്സിൽ നീ പുതുമയെന്നും”


അതെ, തരളമെൻ മനസ്സിൽ നീ പുതുമയെന്നും !