കോഴിക്കോട് ബാലുശ്ശേരി ഡോ. അംബേദ്‌കർ മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടത്തിയ ഡോ. അംബേദ്‌കർ അനുസ്‌മരണ പ്രഭാഷണം.  ട്രൂ കോപ്പി വെബ്‌സീനിൽ (മാർച്ച് 8, 2021) എഡിറ്റ് ചെയ്ത പ്രസംഗം പ്രസിദ്ധീകൃതമായി

കെ.എം.സീതി


ഡോ. അംബേദ്‌കറുടെ ജീവിതവും പ്രവർത്തനങ്ങളും ഇന്ത്യൻ സാമൂഹികാവസ്ഥയെ ക്കുറിച്ചുള്ള മൗലികമായ ചോദ്യങ്ങളും അന്വേഷണങ്ങളുമടങ്ങിയ ബൃഹത്തായ ഒരു ചരിത്ര-സാമൂഹിക പാഠമാണ്. ഇന്ത്യയുടെ സങ്കീർണമായ സാമൂഹികാവസ്ഥയുടെ ജനിതകഘടനയെ ഇത്ര ആഴത്തിലും പരപ്പിലും അപഗ്രഥിച്ചിട്ടുള്ള ഒരു ധിഷണാശാലി കഴിഞ്ഞ നൂറ്റാണ്ടിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.

സാമൂഹിക ചിന്തകൻ, ഭരണഘടനാ ശില്പി, സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രി, അധഃസ്ഥിതരുടെ വിമോചകൻ, വൈസ്രോയി എക്സിക്യൂട്ടീവ് കൗൺസിൽ അംഗം, ബോംബെ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം, ലേബർ യൂണിയൻ നേതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തി നേടിയ ഡോ. അംബേദ്‌കറുടെ മൗലിക നിലപാടുകൾ ഏതെങ്കിലും അക്കാദമിക-വൈജ്ഞാനിക കള്ളികളിൽ മാത്രം ഒതുക്കി വിശകലനം ചെയ്യാൻ കഴിയുന്നതല്ല. അദ്ദേഹത്തിന്റെ ചിന്തകൾ സവിശേഷമായി അന്തർ-വൈജ്ഞാനിക മേഖലകളിൽ നിറഞ്ഞു നിൽക്കുന്നു. ഡോ. അംബേദ്‌കറുടെ ഭരണഘടനാ-നിയമ-ഭരണരംഗത്തെ പരിജ്ഞാനവും ഇടപെടലുകളും ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

അതുപോലെ അധഃസ്ഥിത വിഭാഗങ്ങളുടെ അവകാശങ്ങളെക്കുറിച്ചും ജാതിവ്യവസ്ഥ സൃഷ്ടിക്കുന്ന സാമൂഹിക അരക്ഷിതാവസ്ഥയെക്കുറിച്ചും അദ്ദേഹം നടത്തിയിട്ടുള്ള വിശകലങ്ങൾ, ഇടപെടലുകൾ, ഒട്ടേറെ പഠനങ്ങൾക്കും സാമൂഹിക മാറ്റത്തിനും കാരണമായിട്ടുണ്ട്.  എന്നാൽ വേണ്ടത്ര ശ്രദ്ധ കിട്ടിയിട്ടില്ല എന്ന് പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ള ഒരു മേഖലയാണ് അദ്ദേഹത്തിന്റെ സാമ്പത്തിക ദർശനങ്ങൾ. ഡോ. അംബേദ്‌കറുടെ സാമ്പത്തിക ദർശനങ്ങളുടെ പ്രസക്തിയെപ്പറ്റി ചർച്ച ചെയ്യുമ്പോൾ സമകാലിക സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളെ മുൻനിർത്തി തന്നെയാണ് അത് അപഗ്രഥിക്കേണ്ടത്.

ഉത്തരേന്ത്യയെ അക്ഷരാർത്ഥത്തിൽ സ്തംഭിപ്പിച്ച കർഷക സമരത്തിന്റെ അടിസ്ഥാന കാരണങ്ങൾ ഒരു നൂറ്റാണ്ടുമുമ്പ് ഡോ. അംബേദ്‌കർ ചർച്ച ചെയ്ത കാർഷിക മേഖലയിലെ കൈവശഭൂമിയെ സംബന്ധിച്ച്‌ ഉയർന്നു വന്ന പ്രശ്നങ്ങളുടെ മാറ്റൊലിയാണ്. അതുപോലെ കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധങ്ങളിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളും ഡോ. അംബേദ്‌കർ ഒരു നൂറ്റാണ്ടു മുമ്പ് മുന്നോട്ടു വെച്ച ആശയങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധിക്കപ്പെടേണ്ടതുണ്ട്. രാജ്യത്തിന്റെ മാറുന്ന നാണയ നയവും രൂപയുടെ വിനിമയ പ്രശ്നങ്ങളും ഡോ. അംബേദ്‌കർ ദശകങ്ങൾക്ക് മുമ്പ് ഗവേഷണം ചെയ്തു ആവിഷ്ക്കരിച്ച തത്വങ്ങളുടെ അടിസ്ഥാനത്തിൽ സമീപിക്കാവുന്നതാണ്. മാത്രമല്ല, തൊഴിലിനെ സംബന്ധിച്ചും, സാമ്പത്തിക സമത്വം, ലിംഗനീതി തുടങ്ങിയവയെക്കുറിച്ചും അംബേദ്‌കർ സ്വീകരിച്ച നിലപാടുകൾ എക്കാലത്തേയും പ്രസക്തമായ ആശയങ്ങളാണ്.

ഡോ. അംബേദ്കറുടെ സാമ്പത്തിക ദർശനങ്ങളെ വിലയിരുത്തുന്ന വിദഗ്ദർ പലപ്പോഴും അദ്ദേഹത്തെ മുതലാളിത്ത പ്രത്യയശാസ്ത്രത്തിന്റെയോ സോഷ്യലിസ്റ്റ് ആശയഗതിയുടെയോ മാത്രം ഉപാസകനായി ചിത്രീകരിക്കാറുണ്ട്.

എന്നാൽ അദ്ദേഹം ഈ രണ്ടു പ്രത്യയശാസ്ത്ര ധാരകളെയും പല സന്ദർഭത്തിലും വിമർശിക്കുകയും ബദൽ സമീപനങ്ങളെ അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്. സാമൂഹിക ജനാധിപത്യം സ്വപ്നം കണ്ടിരുന്ന അംബേദ്‌കർ അതിന്റെ രാഷ്ട്രീയ-സമ്പദ് ശാസ്‌ത്രത്തെ മാറ്റിനിർത്തികൊണ്ടു വിശകലനം നടത്തുകയോ ഇടപെടുകയോ ചെയ്തിട്ടില്ല.

1947 ൽ പട്ടികജാതി വിഭാഗങ്ങളുടെ പരിരക്ഷകളെപറ്റിയുള്ള ഒരു മെമ്മോറാണ്ടം ഭരണഘടന നിർമാണസഭയിൽ സമർപ്പിച്ചുകൊണ്ട് പറയുന്നത് ഇപ്രകാരമാണ്:

“ഒരു വ്യക്തി, ഒരു മൂല്യം എന്നതാണ് ജനാധിപത്യത്തിന്റെ ആത്മാവ്. നിർഭാഗ്യവശാൽ ജനാധിപത്യം ഈ തത്വത്തിന് പ്രാബല്യം നൽകുന്നത് രാഷ്ട്രീയ ഘടനയെ സംബന്ധിച്ചു മാത്രമാണ്. ഒരു വ്യക്തി, ഒരു മൂല്യം എന്ന തത്വത്തെ പ്രായോഗിക തലത്തിലേക്ക് പരിവർത്തിപ്പിക്കാമെന്ന മട്ടിൽ സ്വീകരിക്കപ്പെടുന്നതു ഒരു വ്യക്തി, ഒരു വോട്ട് എന്ന ചട്ടമാണ്. സാമ്പത്തിക ഘടനയെ, അതിനു രൂപം നല്കാൻ പോന്നവരുടെ ഇംഗിതത്തിനു വിട്ടുകൊടുക്കുന്നു. ഇങ്ങനെ സംഭവിക്കുന്നത് ഭരണഘടനാ നിയമവിശാരദന്മാരുടെ കാലഹരണപ്പെട്ട സങ്കല്പനം മൂലമാണ്. …എന്നാൽ ജനാധിപത്യം, ഒരു വ്യക്തി, ഒരു മൂല്യം എന്ന തത്വത്തിനൊത്തു പുലരണമെങ്കിൽ സമൂഹത്തിന്റെ സാമ്പത്തിക ഘടനയുടെ രൂപനിർണയനവും തുല്യ പ്രാധാന്യം അർഹിക്കുന്നു എന്നത് അവർ മനസ്സിലാക്കിയില്ല” (ഡോ. അംബേദ്‌കർ, “സംസ്ഥാനങ്ങളും ന്യുനപക്ഷങ്ങളും 1947,” സമ്പൂർണകൃതികൾ, വാല്യം 2: 164-65).

ഭരണഘടനാ നിർമാണസഭയിൽ അദ്ദേഹം മുന്നോട്ടു വെച്ച ആശയങ്ങൾ കുറച്ചുകൂടി വ്യക്തമായി രേഖപ്പെടുത്താം.
“സ്വകാര്യ സംരംഭകരുടെ വഴിയടയ്ക്കാതെ ഉൽപ്പാദന ക്ഷമത പരമാവധി ഉയർത്തുകയും ധാർമികാടിസ്ഥാനത്തിൽ സാമ്പത്തിക വിതരണം നടത്തുകയും ചെയ്യാൻ പറ്റിയ തരത്തിൽ ജനങ്ങളുടെ സാമ്പത്തികജീവിതം ആസൂത്രണം ചെയ്യേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാക്കുകയാണ്” നിർദ്ദേശിക്കപ്പെട്ട നാലാം വകുപ്പിന്റെ ഉദ്ദേശ്യം. അദ്ദേഹം തുടരുന്നു:

“കാർഷിക മേഖല സർക്കാരിന്റെ ഉടമസ്ഥതയിലാക്കുകയും ഒരു കൂട്ടുകൃഷി രീതി സ്വീകരിക്കുകയും വ്യവസായ മേഖലയിൽ സ്റ്റേറ്റ് സോഷ്യലിസത്തിന്റെ ഒരു നവീന രൂപം അംഗീകരിക്കുകയും ചെയ്യുകയെന്നതാണ് നിർദിഷ്ട പരിപാടി. സർക്കാരിൽ നിന്നും മൂലധനം ലഭ്യമാക്കാതെ കൃഷിയോ വ്യവസായമോ അഭിവൃദ്ധി പ്രാപിക്കയില്ല….ഇന്ത്യയുടെ ത്വരിതമായ വ്യാവസായിക വികസനത്തിന് സ്റ്റേറ്റ് സോഷ്യലിസം അനിവാര്യമാണ്. സ്വകാര്യ സംരംഭത്തിന് അത് കഴിയുകയില്ല. അഥവാ കഴിഞ്ഞാൽത്തന്നെ സ്വകാര്യ മുതലാളിത്തം യൂറോപ്പിൽ ചെയ്തപോലെ അത് സാമ്പത്തികമായ അസമത്വം സൃഷ്ടിക്കും. കൈവശഭൂമികളുടെ ഏകീകരണവും പാട്ടം സംബന്ധിച്ച നിയമങ്ങളും ഇക്കാര്യത്തിൽ നിഷ്ഫലമാണ്. അവയ്ക്കു കാർഷിക മേഖലയിൽ അഭിവൃദ്ധിയുണ്ടാക്കാൻ പറ്റുകയില്ല… ഭൂരഹിതരായ തൊഴിലാളികൾ മാത്രമായ 60 ദശലക്ഷം അധഃകൃതർക്കു ഏകീകരണമോ പാട്ടം നിയമമോ ഒട്ടും സഹായകമാവില്ല….അവരെ സഹായിക്കാവുന്നതു നിർദിഷ്ട കൂട്ടുകൃഷി സമ്പ്രദായം മാത്രമാണ്” (ഡോ. അംബേദ്‌കർ, “സംസ്ഥാനങ്ങളും ന്യുനപക്ഷങ്ങളും, 1947”:160-61).

ഭരണഘടനാ നിർമാണ സഭയിൽ ഈ നിലപാടെടുക്കുന്നതിനു ഏതാണ്ട് 30 വർഷം മുമ്പ് ‘ജേർണൽ ഓഫ് ദി ഇന്ത്യൻ ഇക്കണോമിക് സൊസൈറ്റി’യിൽ അംബേദ്‌കർ എഴുതിയ “ഇന്ത്യയിലെ തുണ്ടുഭൂമികളും അവയ്ക്കുള്ള പരിഹാരങ്ങളും” എന്ന ബൃഹത്തായ ലേഖനം ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. 1918-ലെ ലേഖനത്തിൽ അംബേദ്‌കർ എഴുതി:

“ഇന്ത്യയിലെ കൃഷിയെ ചിതറിക്കിടക്കുന്ന തുണ്ടുഭൂമികൾ ദോഷകരമായി ബാധിക്കുന്നു എങ്കിൽ തുണ്ടുകളെ സംയോജിപ്പിക്കുക മാത്രമല്ല, അവയെ വിപുലീകരിക്കുകയും വേണം. സംയോജനം ചിതറിയ ഭൂമികളുടെ ദോഷം പരിഹരിക്കും. എന്നാൽ അത് തുണ്ടുകളുടെ ദോഷത്തിനു പരിഹാരമാവില്ല. പരിഹാരമായി സംയോജിത ഭൂമി വിപുലീകൃതമാവണം” (ഡോ. അംബേദ്‌കർ, “ഇന്ത്യയിലെ തുണ്ടുഭൂമികളും അവയ്ക്കുള്ള പരിഹാരങ്ങളും, 1918,” സമ്പൂർണകൃതികൾ, വാല്യം 2:217). തുടർന്ന് അംബേദ്‌കർ എഴുതി:

“കൃഷിയെ ഒരു സാമ്പത്തിക സംരംഭമായി കണക്കാക്കുമ്പോൾ കൈവശഭൂമിയുടെ വലിപ്പം അപ്രസക്തമാകുന്നു” എന്ന് അംബേദ്‌കർ വാദിച്ചു. “തന്റെ കൈവശഭൂമിയിൽ സാമ്പത്തിക സംരംഭമെന്ന നിലയിൽ കൃഷി നടത്താൻ ആഗ്രഹിക്കുന്ന കർഷകന് അയാളുടെ അധീനതയിലുള്ള മറ്റു ഉൽപ്പാദന ഘടകങ്ങൾക്ക് മുമ്പിൽ കൈവശഭൂമിയുടെ വലിപ്പം പരിഗണിക്കേണ്ടതില്ല.” “ഭൂമിയുടെ വലിപ്പമെന്നത് സാമ്പത്തികമായ അർത്ഥം നഷ്ടപ്പെട്ട ഒരു പദമാണ്. അതിനാൽ വലിപ്പം കൂടിയ ഭൂമി ആദായകരമാണെന്നും വലിപ്പം കുറഞ്ഞ ഭൂമി ആദായകരമല്ലെന്നും പറയുന്നത് സാമ്പത്തിക ശാസ്‌ത്രപരമായി ശരിയല്ല. ഒരു ഭൗമഘടകത്തിൽ ഉൾച്ചേർക്കപ്പെടുന്ന ഉൽപ്പാദന ഘടകങ്ങളുടെ തെറ്റായ അനുപാതമോ ശരിയായ അനുപാതമോ ആണ് അദായകരമാക്കുന്നതും അല്ലാതാക്കുന്നതും. അതിനാൽ ഒരു ചെറിയ കൃഷിയിടം വലിയ കൃഷിയിടത്തെപോലെ തന്നെ ആദായകരമായ ഭവിക്കാം” (ഡോ. അംബേദ്‌കർ, “ഇന്ത്യയിലെ തുണ്ടുഭൂമികളും അവയ്ക്കുള്ള പരിഹാരങ്ങളും, 1918,” : 220).

ചുരുക്കത്തിൽ “ഇന്ത്യയിലെ കാർഷിക വൃത്തിയെ ബാധിച്ചിട്ടുള്ള ദോഷങ്ങൾ പരിഹരിക്കാൻ മുഖ്യമായി വേണ്ടതു കൃഷിഭൂയിയുടെ വലിപ്പം വർധിപ്പിക്കുകയല്ല, മൂലധനവും അനുസാരികളും വർധിപ്പിക്കുകയാണെന്നു” അംബേദ്‌കർ ചൂണ്ടിക്കാട്ടി. “കൃഷി ഭൂമികൾ സംയോജിപ്പിക്കണമെന്നും വിപുലീകരിക്കണ”മെന്നുമുള്ള നിർദ്ദേശത്തോട് യോജിച്ചുകൊണ്ട് അദ്ദേഹം പറയുന്നത് “ഇന്ത്യയുടെ വ്യവസായവൽക്കരണമാണ് ഇവിടത്തെ കാർഷിക പ്രശ്നങ്ങൾക്ക് പറ്റിയ പ്രതിവിധി” (ഡോ. അംബേദ്‌കർ, “ഇന്ത്യയിലെ തുണ്ടുഭൂമികളും അവയ്ക്കുള്ള പരിഹാരങ്ങളും, 1918,” : 229) എന്നാണ്.

എന്നാൽ ഇതിനെ സ്വകാര്യ മേഖലയുടെ അനിയന്ത്രിതമായ വളർച്ചയ്ക്കുള്ള ലൈസൻസാക്കി മാറ്റാൻ അംബേദ്‌കർ സമ്മതിച്ചിരുന്നില്ല. ഭരണകൂടത്തിന്റെ ഇടപെടൽ ഈ മേഖലകളിൽ അനിവാര്യമാണെന്ന് ഭരണഘടനാനിർമാണ സഭയിൽ അദ്ദേഹം വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. കാലാന്തരത്തിൽ ഹരിതവിപ്ലവം ഇന്ത്യൻ കാർഷികമേഖലയിൽ (അത്യുൽപ്പാദനം ഉൾപ്പടെ) സൃഷ്ടിച്ച മാറ്റങ്ങൾക്ക് കാരണമായി എന്നതും, കൃഷിയും വ്യവസായവും തമ്മിലുള്ള അഭേദ്യമായ ബന്ധം ഇതിലൂടെ ഉറപ്പിച്ചതും കാണാൻ അംബേദ്‌കർ ജീവിച്ചിരുന്നില്ല.
ഏറ്റവുമൊടുവിൽ കർഷകരുടെ അതിജീവനം അസാധ്യമാക്കുന്ന കാർഷിക വിപണി പിടിച്ചെടുക്കൽ തന്ത്രത്തിൽ വരെ എത്തിനിൽക്കുന്ന വൻകിട വ്യവസായികളുടെ സമ്മർദ്ദത്തിന് ഭരണകൂടം കീഴ്പ്പെടുന്ന അവസ്ഥയും നാം കണ്ടു. ഭരണകൂടഇടപെടൽ എന്ന് അംബേദ്‌കർ അർത്ഥമാക്കിയ കാര്യങ്ങളല്ല ഇപ്പോൾ നടക്കുന്നത്. ഭരണകൂടത്തിന്റെ ഒഴിഞ്ഞുപോക്കാണ് ഓരോ സർക്കാരും ഉറപ്പിക്കുന്നത്.

ഒരു ഘട്ടത്തിൽ ഭരണകൂടത്തിന്റെ തന്ത്രപരമായ ഇടപെടലിലൂടെ ഹരിതവിപ്ലവം കാർഷിക മേഖലയിൽ പുതിയ അധികാര ബന്ധങ്ങൾ സ്ഥാപിച്ചെടുത്തു. ഭൂബന്ധങ്ങളിൽ വലിയ മാനങ്ങളും കൈവന്നു. വൻകിട ഭൂവുടമകളാണ് അതിന്റെ നേട്ടം മുഖ്യമായി കൊയ്തത്. എന്നാൽ ദശലക്ഷക്കണക്കിന് വരുന്ന അധഃസ്ഥിതരുടെ സ്ഥിതി ഒട്ടും മെച്ചപ്പെട്ടില്ല. ഭൂപരിഷ്കരണമെന്ന ലക്‌ഷ്യം വെറും പൊള്ളയായ വാഗ്ദാനമായി.

അംബേദ്‌കർ ഭരണഘടനാ നിർമാണസഭയിൽ ഇത് സംബന്ധിച്ചു ഉയർത്തിയ ആശങ്കകൾ പിന്നീട് യാഥാർത്ഥ്യമായി. സ്വത്തവകാശത്തെക്കുറിച്ചുള്ള ചർച്ചയിൽ അംബേദ്‌കറുടെ നിലപാടുകളല്ല സ്വീകരിക്കപ്പെട്ടത്. സ്വത്തവകാശം മൗലികാവകാശം ആക്കുന്നതിനെ എതിർത്ത അദ്ദേഹം പിന്നീട് പറഞ്ഞത് ഭരണഘടനയുടെ അനുച്ഛേദം 31 അവലക്ഷണമായ ഒരു വകുപ്പെന്നാണ്.

അംബേദ്‌കറുടെ നിലപാട് എത്രയോ കാലം കഴിഞ്ഞാണ് ഭരണകൂടം തിരിച്ചറിഞ്ഞതു. സ്വത്തവകാശം മൗലികാവകാശമല്ലെന്നു പ്രഖ്യാപിച്ച നാല്പത്തിനാലാം ഭരണഘടനാ ഭേദഗതി ഉണ്ടാകുന്നത് ഭരണഘടനയെ തന്നെ താൽക്കാലികമായി റദ്ദുചെയ്ത അടിയന്തിരാവസ്ഥയ്ക്കു ശേഷമാണെന്നത് നാം ഓർക്കണം — അപ്പോഴേക്കും സ്വാതന്ത്ര്യം കിട്ടി 30 വർഷങ്ങൾ കഴിഞ്ഞിരുന്നു.

അംബേദ്‌കർ ഭരണഘടനയിൽ ഉൾപ്പെടുത്താൻ ആഗ്രഹിച്ച ‘സോഷ്യലിസം’ എന്ന ആശയം അടിയന്തിരാവസ്ഥകാലത്തു ഇന്ദിരാഗാന്ധി ഒരു ഭരണഘടനാ ഭേദദഗതിയിലൂടെ അതിന്റെ തന്നെ ആമുഖത്തിൽ എഴുതിച്ചേർത്ത് മറ്റൊരു വിചിത്രമായ ചരിത്ര ഗതി. യഥാർത്ഥത്തിൽ ‘സ്റ്റേറ്റ് സോഷ്യലിസം’ എന്ന ആശയം വളരെ യാന്ത്രികമായി ഭരണഘടനയിൽ ഉൾച്ചേർക്കാനല്ല അംബേദ്‌കർ ആഗ്രഹിച്ചത്. അത് അദ്ദേഹം 1947 ൽ ഭരണഘടനാ നിർമാണ സഭയിൽ വ്യക്തമാക്കുന്നുണ്ട്.

‘സ്റ്റേറ്റ് സോഷ്യലിസം’ വേണമെന്ന ആഗ്രഹം എത്ര ശക്തമായിരുന്നാലും പാർലമെൻററി ജനാധിപത്യത്തിനു പകരം ഏകാധിപത്യം വരിക്കാൻ പാടുള്ളതല്ല എന്ന് അദ്ദേഹം താകീതു ചെയ്തു. എന്നാൽ കാൽ നൂറ്റാണ്ടിനു ശേഷം – അടിയന്തിരാവസ്ഥയുടെ നാളുകളിൽ – ഇന്ദിരാഗാന്ധി ചെയ്തത് ഏകാധിപത്യത്തെ വാഴ്ത്തികൊണ്ടു ‘സോഷ്യലിസ്റ്റ്’ എന്ന ആശയം ഭരണഘടനയുടെ ആമുഖത്തിൽ എഴുതിച്ചേർത്തു എന്നതാണ്.

ആമുഖത്തിൽ കുറിച്ചതുകൊണ്ടൊന്നും സോഷ്യലിസം ഇന്ത്യയിൽ നടപ്പാകില്ലെന്നും അതിനു വേണ്ട ശക്തമായ ഭൂപരിഷ്കരണ നിയമങ്ങൾ ആവിഷ്കരിക്കേണ്ടതുണ്ടെന്നും തിരിച്ചറിഞ്ഞിരുന്ന അംബേദ്‌കർ ഭരണഘടനയുടെ രാഷ്ട്രനയ മാർഗ്ഗനിർദ്ദേശക തത്വങ്ങളിലൂടെ ഇത് സംബന്ധിച്ച സൂചനകൾ എങ്കിലും നൽകാൻ ആഗ്രഹിച്ചിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 39 ഭാഗികമായെങ്കിലും ഈ ലക്ഷ്യപ്രാപ്തിക്കുള്ള ഒരു ചുവടുവെപ്പായിട്ടു വരട്ടെ എന്ന് അദ്ദേഹം കരുതി.

ഏറ്റവുമൊടുവിൽ ഭരണഘടനാ നിർമാണ സഭയിൽ അദ്ദേഹം നടത്തിയ പ്രസംഗം പ്രസിദ്ധമാണ്. അതിൽ അദ്ദേഹം അടിവരയിട്ടുപറയുന്നതു, സാമ്പത്തിക സമത്വവും സാമൂഹിക സമത്വവും ഇല്ലാതെ രാഷ്ട്രീയ സ്വാതന്ത്ര്യവും പാർലമെൻററി ജനാധിപത്യവും അർത്ഥവത്താകില്ലെന്നാണ്.
‘സ്റ്റേറ്റ് സോഷ്യലിസ’ ത്തെകുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടുകൾ പലരെയും അസ്വസ്ഥരാക്കിയിട്ടുണ്ടാകും. എന്നാൽ ഭരണകൂടത്തിന്റെ സാമ്പത്തിക-സാമൂഹിക മേഖലകളിലുള്ള ഇടപെടലുകളെ സാധൂകരിക്കുന്ന പിൽക്കാലനയങ്ങൾ അംബേദ്‌കറിന്റെ ദീർഘവീക്ഷണത്തിന്റെ ഫലം കൂടിയാണ്.

കാലാന്തരത്തിൽ ഇതിൽ നിന്നെല്ലാം പിന്നോക്കം പോയി ആഗോള-നവലിബറൽ പ്രത്യയശാസ്ത്രത്തിൽ അഭിരമിച്ച മാറി മാറി വന്ന സർക്കാരുകൾ അംബേദ്‌കർ ഉയർത്തിയ മൗലിക ചോദ്യങ്ങളെ അഭിമുഖീകരിച്ചില്ല. അതിന്റെ അടിസ്ഥാനം ഭൂപ്രശ്‌നവും തൊഴിലും തന്നെയാണ്.

ഇന്ത്യയുടെ സാമൂഹിക മാറ്റത്തിനു വിഘാതമായിനിൽക്കുന്നതു ഈ മേഖലകളിൽ ഉറഞ്ഞുകൂടി നിൽക്കുന്ന കടുത്ത അസമത്വമാണെന്നു സ്വാതന്ത്ര്യത്തിനു എത്രയോ വർഷങ്ങൾക്കു മുമ്പ് അംബേദ്‌കർ വാദിച്ചിരുന്നു. മഹാത്മാഗാന്ധി ഉൾപ്പടെയുള്ള ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ നേതാക്കളുമായി അംബേദ്കറിന് നിരന്തരം കലഹിക്കേണ്ടി വന്നതും ഈ വിഷയങ്ങളെ ചൊല്ലിയാണ്. അക്കാലത്തെ സോഷ്യലിസ്റ്റ് ആശയഗതിക്കാരുമായും അംബേദ്കറിനു ഏറ്റുമുട്ടേണ്ടിവന്നത് ഈ വിഷയങ്ങളെ സംബന്ധിച്ചാണ്.

1936 ലെ അംബേദ്കറുടെ “ജാതി ഉന്മൂലനം” എന്ന പ്രഭാഷണ പ്രബന്ധം ഇത് ചർച്ച ചെയ്യുന്നുണ്ട്.  ലാഹോറിലെ ജാഠ്-പത് തോഡക് മണ്ഡലിന്റെ (പിന്നീടു റദ്ദു ചെയ്യപ്പെട്ട) സമ്മേളനത്തിനായി തയ്യാറാക്കിയ അദ്ദേഹത്തിന്റെ ദീർഘമായ പ്രഭാഷണ പ്രബന്ധത്തിൽ “ചരിത്രത്തിന്റെ സാമ്പത്തിക വ്യഖ്യാനത്തിൽ അടിയുറച്ചു വിശ്വസിച്ച സോഷ്യലിസ്റ്റുകൾക്കുള്ള” വിമർശനം ഉൾപ്പെടിത്തിയിട്ടുണ്ട്.  അംബേദ്‌കർ പറയുന്നു: ” തുല്യമായ സ്വത്തു വിഭജനത്തിനു വേണ്ടി മാത്രം ഒരു വിപ്ലവം നടത്താൻ ജനങ്ങൾ ഒന്നിക്കുകയില്ല. അങ്ങനെ ഒന്നിക്കണമെങ്കിൽ വിപ്ലവാനന്തരം അവർ തുല്യരായി പരിഗണിക്കപ്പെടുമെന്നും ജാതിയുടെയോ വിശ്വാസത്തിന്റെയോ പേരിൽ വിവേചനത്തിന് വിധേയരാകുകയില്ലെന്നും അയാൾക്ക്‌ ബോധ്യമുണ്ടായിരിക്കണം.“ “വിപ്ലവം നയിക്കുന്ന ഒരു സോഷ്യലിസ്റ്റ് അയാൾ ജാതിയിൽ വിശ്വസിക്കുന്നില്ല എന്ന് മാത്രം പറഞ്ഞത് കൊണ്ടായില്ല. അയാൾ നൽകുന്ന ഉറപ്പിന് ആഴത്തിലുള്ള അടിസ്ഥാനമുണ്ടായിരിക്കണം.” “ഇന്ത്യയിലെ പാവപ്പെട്ടവരായ തൊഴിലാളിവർഗം സമ്പന്നരും ദരിദ്രരുമെന്ന ഒരു വ്യത്യാസമില്ലാതെ മറ്റൊരു വ്യത്യാസവും അംഗീകരിക്കുകയില്ലെന്നു പറയാൻ പറ്റുമോ” എന്ന് അംബേദ്‌കർ ചോദിച്ചു (ഡോ. അംബേദ്‌കർ, “ജാതി ഉന്മൂലനം,1936” സമ്പൂർണകൃതികൾ, വാല്യം 1: 53-54).

“ഇന്ത്യക്കാർക്കിടയിൽ ഉയർന്നവരെന്നും താഴ്ന്നവരെന്നും ശുദ്ധരെന്നും അശുദ്ധരെന്നുമുള്ള വിവേചനം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ ഇവിടെ ഒരു സോഷ്യലിസ്റ്റ് ഭരണകൂടത്തിന് ഒരു നിമിഷം പോലും നിലനിൽക്കാൻ പറ്റുകയില്ല,” അംബേദ്‌കർ പറഞ്ഞു. “എല്ലായിടത്തും നിങ്ങളുടെ വഴിയിൽ കടന്നെത്തുന്ന പിശാച് ജാതിയാണ്. ഈ പിശാചിനെ നിഗ്രഹിക്കാതെ നിങ്ങള്ക്ക് രാഷ്ട്രീയ പരിഷ്‌കരണം സാധ്യമല്ല. സാമ്പത്തിക പരിഷ്കരണം സാധ്യമല്ല.” “ജാതി വ്യവസ്ഥ തൊഴിൽ വിഭജനം മാത്രമല്ല, അത് തൊഴിലാളികളുടെ വിഭജനം കൂടിയാണെന്ന്” അംബേദ്‌കർ സോഷ്യലിസ്റ്റുകളെ ഓർമിപ്പിച്ചു.

“തൊഴിലിന്റെ പുനഃക്രമീകരണം അനുവദിക്കാതിരിക്കുക വഴി ജാതിവ്യവസ്ഥ ഇവിടെ തൊഴിലില്ലായ്മയുടെ മുഖ്യഹേതു” വായി ഭവിക്കുന്നതായി അദ്ദേഹം പറഞ്ഞു. “വ്യാവസായിക സമൂഹത്തിന്റെ ഏറ്റവും വലിയ ദോഷം അതിലന്തർഭവിച്ചിരിക്കുന്ന ദാരിദ്ര്യവും കഷ്ടപ്പാടുമല്ല, തൊഴിലെടുക്കുന്നവർക്കു അവരുടെ തൊഴിൽ ആകർഷകമാകുന്നില്ലെന്നതാണ്,” അംബേദ്‌കർ എഴുതി. “മനുഷ്യരുടെ മനസ്സോ ഹൃദയമോ തൊഴിലിൽ അർപ്പിക്കപ്പെടാതായാൽ കാര്യക്ഷമതയെങ്ങ നെ യുണ്ടാകും?” അദ്ദേഹം ചോദിക്കുന്നു.

“അതിനാൽ മനുഷ്യന്റെ സ്വാഭാവിക ശക്തികളെ പാരതന്ത്രത്തിലാക്കുകയും സാമൂഹിക നിയമങ്ങളുടെ ദുർഘടാവസ്ഥയ്ക്കു വിധേയമാകുകയും ചെയ്യുന്നിടത്തോളം ജാതിവ്യവസ്ഥ ഒരു സാമ്പത്തിക സ്ഥാപനമെന്ന നിലയിൽ ഹാനികരമാണ്” (“ജാതി ഉന്മൂലനം”: 55-56). “സ്വത്തിനും ജീവനുമുള്ള അവകാശത്തിന്റെ സംരക്ഷണമെന്ന അർത്ഥത്തിൽ മാത്രമേ ജാതിയുടെ പ്രണേതാക്കൾ സ്വാതന്ത്ര്യം അനുവദിക്കുന്നുള്ളൂ. ഒരാളിന് ഇഷ്ട്ടപ്പെട്ട തൊഴിൽ തിരഞ്ഞെടുക്കാനുള്ള അവകാശമെന്ന നിലയിൽ അവർ സ്വാതന്ത്രത്തെ പരിഗണിക്കുന്നില്ല. ഇത്തരം സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നത് അടിമത്തത്തെ അരക്കിട്ടുറപ്പിക്കാനാണ്” എന്ന് അംബേദ്‌കർ ചൂണ്ടിക്കാട്ടി (“ജാതി ഉന്മൂലനം”: 67-68). “വ്യവസായം ഒരിക്കലും നിശ്ചലമല്ല. അത് സത്വരവും ആകസ്മികവുമായ മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കും. അത്തരം മാറ്റങ്ങൾക്കൊപ്പം സ്വന്തം തൊഴിലിൽ മാറ്റം വരുത്താൻ ഒരു വ്യക്തിക്ക് സ്വാതന്ത്രമുണ്ടായിരിക്കണം,” അദ്ദേഹം ഓർമിപ്പിച്ചു (“ജാതി ഉന്മൂലനം”:55).

അംബേദ്കറുടെ മൗലിക ചിന്തകൾ നമുക്ക് ബോധ്യമാകുന്ന മറ്റൊരു മേഖല അദ്ദേഹത്തിന്റെ ഫെഡറൽ സംവിധാനങ്ങളെക്കുറിച്ചുള്ള നിലപാടുകളാണ്. കൊളംബിയ സർവ്വകലാശയിൽ നിന്നും 1917 ൽ അംബേദ്‌കർ സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് എടുക്കുന്ന വിഷയവും ഇതുമായി ബന്ധപ്പെട്ടാണ്. ബ്രിട്ടീഷ്-ഇന്ത്യയിലെ കേന്ദ്ര-പ്രവിശ്യാ ധനകാര്യ ബന്ധങ്ങളെക്കുറിച്ചായിരുന്നു വിഷയം. പ്രവിശ്യകൾ കേന്ദ്രത്തെയോ, കേന്ദ്രം പ്രവിശ്യകളെയോ അനിയന്ത്രിതമായി ആശ്രയിക്കുന്ന പ്രവണതകളെ അദ്ദേഹം ചോദ്യം ചെയ്തു. ഒരു നല്ല ഭരണത്തിൻ കീഴിൽ കേന്ദ്രവും പ്രവിശ്യകളും അവരവരുടെ ചിലവിനുള്ള തുക സ്വന്തം വിഭവങ്ങളുടെ സമാഹരണത്തിലൂടെ കണ്ടെത്തണമെന്ന് അംബേദ്‌കർ നിരീക്ഷിച്ചിരിരുന്നു.

ഈ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ നിലപാട് ഒന്നുകൂടി വ്യക്തമാക്കുന്നത് 1939 ലാണ്. പൂനയിലെ ഗോഖലേ ഇൻസ്റ്റിട്യൂട്ടിൽ നടത്തിയ കാലേ അനുസ്മരണ പ്രഭാഷണം 1935 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടിൽ കൂടി വിഭാവനം ചെയ്ത ഫെഡറൽ സംവിധാനത്തെക്കുറിച്ചുള്ള വിമർശനമായിരുന്നു.

കേന്ദ്രത്തിനു സംസ്ഥാനങ്ങളുടെമേലും സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെമേലും കടന്നുകയറാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണമെന്നു അംബേദ്‌കർ ആവശ്യപ്പെട്ടു. “പ്രവിശ്യകളുടെ സ്വയംഭരണം എന്നതിന് അവയുടെ അധികാരങ്ങൾ നിർവചിക്കപ്പെടുകയും അവയിൽ തന്നെ നിക്ഷിപ്തമാക്കുകയും ചെയ്യുകയെന്നർത്ഥം. പ്രവിശ്യകളുടെ സ്വയംഭരണം യാഥാർത്യമാക്കാൻ കേന്ദ്ര സർക്കാരിന്റെ അധികാരങ്ങൾ പരിമിതപ്പെടുത്തണം,” അംബേദ്‌കർ ഓർമിപ്പിച്ചു. “അല്ലാത്തപക്ഷം കേന്ദ്രത്തിനു പ്രവിശ്യകളുടെ മേഖലയിൽ കടന്നാക്രമണം നടത്താൻ കഴിയും,” അദ്ദേഹം പറഞ്ഞു (ഡോ. അംബേദ്‌കർ, “ഫെഡറേഷനും സ്വാതന്ത്ര്യവും, 1939,” സമ്പൂർണകൃതികൾ, വാല്യം 2:39-114).

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ സംബന്ധിച്ചു ഇന്നും നിലനിൽക്കുന്ന തർക്കങ്ങളും വിവാദങ്ങളും അംബേദ്‌കർ വളരെ നേരത്തെ തന്നെ മുൻകൂട്ടി കണ്ടിരുന്നു. ധനകാര്യ വിഷയങ്ങളിൽ ഇപ്പോൾ പ്രശ്നങ്ങൾ രൂക്ഷമാണ്. ചരക്ക്-സേവന നികുതി (GST) വ്യവസ്ഥ ഏർപ്പെടുത്തിയതോടെ സംസ്ഥാനങ്ങൾക്കു ധനകാര്യ വിഷയങ്ങളിൽ ഉള്ള സ്വാതന്ത്ര്യം പരിമിതമാക്കപ്പെട്ടിരിക്കുന്നു.

ഇന്ത്യയിൽ കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധങ്ങൾ നിശ്ചയിക്കുന്നതും സംസ്ഥാനങ്ങൾക്കുള്ള സാമ്പത്തിക വിഹിതം തീരുമാനിക്കുന്നതും കേന്ദ്ര ധനകാര്യ കമ്മീഷനിലൂടെയാണ്. ഭരണഘടനയുടെ അനുച്ഛേദം 280 പ്രകാരം ഇത്തരമൊരു സംവിധാനത്തിന് അടിത്തറയിട്ടത് അംബേദ്കറാണ്. കഴിഞ്ഞ 15 ധനകാര്യ കമ്മീഷനുകളും അംബേദ്‌കർ ദശകങ്ങൾക്ക് മുമ്പ് ആവിഷ്കരിച്ച തത്വങ്ങളെ ആധാരമാക്കിയാണ് പ്രവർത്തിച്ചത് എന്ന് പറയാറുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ മൗലിക നിലപാടുകൾ ഈ കമ്മീഷണനുകൾ യഥാർത്ഥത്തിൽ അംഗീകരിച്ചിരുന്നോ എന്ന കാര്യത്തിൽ ഇപ്പോഴും ആശങ്കകളുണ്ട്.

റിസർവ് ബാങ്കിന്റെ രൂപീകരണത്തിലും അംബേദ്കറുടെ കയ്യൊപ്പു വിസ്മരിക്കാനാവില്ല. 1935 ൽ റിസർവ് ബാങ്ക് നിലവിൽ വരുന്നതിനു മുമ്പ് ഹിൽട്ടൺ കമ്മീഷൻ 1926 ൽ ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഹിൽട്ടൺ കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ അംബേദ്കറുടെ രൂപയെ സംബന്ധിച്ച പുസ്തകം ഒരു മാർഗനിർദേശക രേഖയായിരുന്നു. കമ്മീഷന് അദ്ദേഹം സമർപ്പിച്ച ദീർഘമായ നിർദ്ദേശങ്ങളും വളരെ വിലപ്പെട്ടതായിരുന്നു.

അംബേദ്കറുടെ സാമ്പത്തിക ശാസ്ത്രത്തിലുള്ള രണ്ടാമത്തെ ഡോക്ടറേറ്റ് ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്നായിരുന്നു. അത് ഹിൽട്ടൺ കമ്മിഷൻ വരുന്നതിനു മൂന്ന് വർഷം മുമ്പായിരുന്നു. വിഷയം രൂപയെക്കുറിച്ച്‌ തന്നെ. പണപ്പെരുപ്പത്തിന് കാരണമാകുന്ന വിഷയങ്ങൾ വളരെ ഗൗരവത്തോടെ ഗവേഷണം ചെയ്ത അംബേദ്‌കർ ജോൺ മെയ്‌നാർഡ് കെയ്‌ൻസുമായി ഈ വിഷയത്തിൽ വ്യത്യസ്ത നിലപാടുകൾ പങ്കുവെച്ചു. കാലന്തരത്തിൽ അംബേദ്കറുടെ നിലപാടാണ് ശരിയെന്നു സാമ്പത്തിക വിദഗ്ധർക്ക് ബോധ്യപ്പെട്ടു. പണപ്പെരുപ്പം ഒരു രാജ്യത്തിൻറെ സമ്പത് വ്യവസ്ഥയെ എങ്ങനെ തകിടം മറിക്കുമെന്നു ഒരു നൂറ്റാണ്ടു മുമ്പ് തന്നെ ഗവേഷണം ചെയ്തു മുന്നറിയിപ്പുകൾ നൽകിയ ധിഷണാശാലിയാണ് അംബേദ്‌കർ.

ഹിന്ദു കോഡ് ബില്ലിനെ സംബന്ധിച്ച വാദപ്രതിവാദങ്ങൾ ഒടുവിൽ, 1951-ൽ അംബേദ്‌കറിന്റെ ക്യാബിനറ്റിൽ നിന്നുള്ള രാജിയിൽ കലാശിച്ചു. ലിംഗനീതിയിൽ അധിഷ്ഠിതമായ പരിഷ്‌ക്കാരങ്ങൾ വരുത്താൻ ആത്മാർത്തമായി ശ്രമിച്ച അദ്ദേഹം നിരാശയോടെയാണ് പടിയിറങ്ങിയത്. തുടർന്ന് നടന്ന തിരഞ്ഞെടുപ്പുകളിൽ അദ്ദേഹത്തെ പരാജയപ്പെടുത്തിയതും തന്റെ സഹപ്രവർത്തകരായിരുന്ന കോൺഗ്രസ്സുകാരായിരുന്നു.

ധനകാര്യ കമ്മീഷന് അടിത്തറയിട്ട അംബേദ്‌കർ കേന്ദ്ര പ്ലാനിംഗ് മന്ത്രാലയം ഏറ്റെടുക്കാനും താൽപ്പര്യം കാണിച്ചിരുന്നു. എന്നാൽ ഇന്ത്യയെ സംബന്ധിച്ച നിർണ്ണായക സാമ്പത്തിക വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയതൊന്നും അദ്ദേഹത്തിന് പ്രത്യകിച്ചു അംഗീകാരം നേടിക്കൊടുത്തില്ല. ജവാഹർലാൽ നെഹ്‌റു തന്റെ സഹപ്രവർത്തകരുടെ സമ്മർദ്ദങ്ങൾക്ക് പലപ്പോഴും വഴങ്ങി അംബേദ്‌കറിന്റെ പല വിലപ്പെട്ട അഭിപ്രായങ്ങളും മുഖവിലക്കെടുത്തില്ല.

വൈസ്രോയി എക്സിക്യൂട്ടീവ് കൗൺസിലിൽ മന്ത്രിയായിരിക്കെ തൊഴിൽ, ജലസേചനം, ഊർജം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്ത അംബേദ്‌കർ ഭരണ രംഗത്തെ കഴിവുകൾ തെളിയിച്ച ഒരു രാഷ്ട്രതന്ത്രജ്ഞനാണ്. രാജ്യത്തു ആദ്യമായി ഒരു എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് തുടങ്ങുന്നതും അംബേദ്കറാണ്. രാജ്യത്തിന്റെ വ്യാവസായിക വികസനത്തിന് തറക്കല്ലിട്ട നിരവധി ജലസേചന പദ്ധതികൾ, വൈദൂതി സംരംഭങ്ങൾ എന്നിവയെല്ലാം അദ്ദേഹത്തിന്റെ സംഭാവനകളാണ്. പലപ്പോഴും ഇതെല്ലം ബോധപൂർവം തന്റെ സഹപ്രവർത്തകർ തന്നെ വിസ്മരിക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് അംബേദ്‌കർ മനസ്സിലാക്കിയിരുന്നു.

അംബേദ്‌കറുടെ സാമ്പത്തിക വീക്ഷണങ്ങൾ ഇന്ത്യയുടെ സാമൂഹികാവസ്ഥയെക്കുറിച്ചുള്ള പഠനങ്ങൾക്കും സാമൂഹിക മാറ്റത്തിനായുള്ള ഇടപെടലുകൾക്കും ദാർശനിക അടിത്തറ ഒരുക്കിയിട്ടുണ്ട്. സാമ്പത്തിക സമത്വവും സാമൂഹിക സമത്വവും ഇല്ലാതെ പാർലമെൻററി ജനാധിപത്യം അപ്രസക്തമാകുമെന്നു പ്രവചിച്ച അംബേദ്‌കർ ഇന്ത്യ കണ്ട മഹാനായ ധൈഷണിക-രാഷ്ട്രീയ ചിന്തകനാണ്. കീഴാള രാഷ്ട്രീയത്തിനും സാമൂഹിക ജനാധിപത്യത്തിനും അടിത്തറയൊരുക്കിയ അദ്ദേഹത്തിന്റെ ചിന്തകൾ കലാതീതമായി നിലനിൽക്കും. ഇന്ത്യൻ സാമൂഹികാവസ്ഥയുടെ ജനിതകഘടന സൂക്ഷ്മമായി വിലയിരുത്തിയ അംബേദ്കർ വരും തലമുറകൾക്കു മാർഗദർശിയും ബൗദ്ധിക സ്രോതസ്സുമാണ്.