മാതൃഭൂമിയിൽ നവംബർ 8,9, 10 തീയതികളിൽ വന്ന ലേഖനത്തിന്റെ പൂർണ്ണരൂപം
PDF KM Seethi – Donald Trump Back to White House
ഡൊണാൾഡ് ട്രംപിൻ്റെ വിജയം അമേരിക്കൻഭരണകൂടചരിത്രം വിശകലനംചെയ്യുന്നവർക്ക് അത്ഭുതമൊന്നും ഉണ്ടാക്കുന്നില്ല. കോമാളിയായും, വായാടിയായും, തന്റേടിയായുമെല്ലാം പല കോണുകളിൽനിന്നും വിശേഷണങ്ങൾ ഏറ്റുവാങ്ങിയ ട്രംപ് തിരഞ്ഞെടുപ്പിൽ മുന്നേറിയത് കഴിഞ്ഞ നാലുവർഷക്കാലം എല്ലാമേഖലകളിലും പ്രതിശ്ചായ നഷ്ടപ്പെടുത്തികൊണ്ടിരുന്ന ബൈഡൻ-ഹാരിസ് സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കുമേലാണ്. ആഭ്യന്തരരംഗത്തും രാജ്യാന്തരരംഗത്തും ഒരുപോലെ നഷ്ട്ടപ്പെട്ട ‘അമേരിക്കൻ പ്രതാപം’ തിരിച്ചുപിടിക്കാൻ തന്നെപോലെ മറ്റാർക്കും കഴിയില്ലെന്ന് ട്രംപ് പറഞ്ഞുകൊണ്ടിരുന്നു. വൈറ്റ് ഹൗസിലേക്ക് അദ്ദേഹം നടന്നടുക്കുന്നത് തന്റെ ആദ്യഭരണത്തിൽ (2017-2021) പറഞ്ഞ അതേകാര്യങ്ങൾ ആവർത്തിച്ചുകൊണ്ടാണ്. എന്നാൽ ലോകം അന്നത്തേതിൽനിന്നും വ്യത്യസ്തമായി യുദ്ധങ്ങളുടെയും സാമ്പത്തിക അനിശ്ചിതത്വത്തിന്റെയും നടുവിലാണ്. ഇവിടെ “അമേരിക്കയുടെ സുവർണകാലം” പ്രഖ്യാപിക്കാൻ അദ്ദേഹം തിടുക്കംകാണിച്ചത് ആഹ്ലാദം അലതല്ലിനിന്നതുകൊണ്ടുമാത്രമാണ്. ട്രംപിനറിയാം, അമേരിക്കയ്ക്ക് മാത്രമായി ഒരു സുവർണകാലം അത്ര എളുപ്പത്തിൽ ഉണ്ടാകില്ലെന്ന്.
ട്രംപിൻ്റെ രണ്ടാംഭരണം അമേരിക്കൻ വിദേശനയത്തിലെ ഒരു പുതിയ ഘട്ടത്തെ സൂചിപ്പിക്കാൻ പര്യാപ്തമായിരിക്കുമോ? അന്താരാഷ്ട്രബന്ധങ്ങളുടെ ഘടനയും രൂപവും പുനർരൂപകൽപ്പന ചെയ്യാൻ അദ്ദേഹത്തിന്റെ വിദേശനയത്തിനു കഴിയുമോ? ആഗോളഭൗമരാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾ ഇത് സൃഷ്ടിക്കുമോ? രാജ്യന്തര വിദഗ്ദ്ധർ ഇക്കാര്യങ്ങളിലെല്ലാം വലിയ സംശയാലുക്കളാണ്.
കാര്യം മറ്റൊന്നുമല്ല. ട്രംപിൻ്റെ ഒന്നാംഭരണം വെറും കെട്ടുകാഴ്ചകൾ മാത്രമായ സമീപകാലചരിത്രം നമ്മോടൊപ്പമുണ്ട്. വലിയ ആശയാടിത്തറയുള്ള ഒരു ലിബറൽ ജനാധിപത്യ ഭരണകൂടത്തിന്റെ മുന്നോട്ടുപോക്ക് സഹകരണത്തിന്റെയും സൗഹാർദത്തിന്റെയും സമാധാനത്തിന്റെയുമാകുമ്പോൾ ലോകം ആ ഭരണകൂടത്തോട് സൗമ്യമായി പെരുമാറും, ആദരവോടെ ഇടപെടും. പ്രത്യയശാസ്ത്രപരമായി വിയോജിപ്പുകൾ ഉള്ളപ്പോഴും. അമേരിക്കയ്ക്ക് അത്തരമൊരു ചരിത്രമുണ്ടോ എന്ന് ചോദിക്കുന്നവരുണ്ടാകും. എന്നാൽ അമേരിക്ക കെട്ടിപ്പടുത്ത ഒരു ലിബറൽ ജനാധിപത്യത്തിന്റെ ആഗോളപരത സാമ്രാജ്യത്വ താൽപ്പര്യങ്ങളാൽ കലുഷിതമാകുമ്പോൾ ലോകം ആശങ്കയോടെ അതിനെ കാണും.
ട്രംപിൻ്റെ കീഴിൽ അമേരിക്കയ്ക്ക് സൂക്ഷ്മമായ ഒരു വിദേശനയരേഖ സജ്ജീകരിക്കാൻ കഴിയില്ല എന്ന് വിശ്വസിക്കുന്നവർ ഉണ്ട്. കാരണം ഇതെല്ലാം ട്രംപ് ആരെയാണ് ഇഷ്ടപ്പെടുന്നത്, ആരെ ഇഷ്ടപ്പെടുന്നില്ല എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
ട്രംപ് അധികാരത്തിൽ തിരിച്ചെത്തുമ്പോൾ അദ്ദേഹത്തിൻ്റെ സമീപനം ആഗോളവൽക്കരണത്തെയും നവലിബറൽനയങ്ങളെയും തുടർന്നും പ്രോത്സാഹിപ്പിക്കാൻ സാധ്യതയുണ്ടോ എന്ന് ചോദിക്കുന്നവരുണ്ട്. നവലിബറൽ സാമ്പത്തികനയവുമായി ചേർന്നുപോകുന്ന നികുതിപരിഷ്കാരങ്ങളും മറ്റും അദ്ദേഹം തുടരുമെങ്കിലും, വ്യാപാരത്തെയും കുടിയേറ്റത്തെയും കുറിച്ചുള്ള അദ്ദേഹത്തിൻ്റെ നിലപാടുകൾ ആഗോള ഏകീകരണത്തേക്കാൾ സംരക്ഷണവാദത്തിനും (protectionism) ദേശീയതാൽപ്പര്യങ്ങൾക്കും മുൻഗണന നൽകുന്നു. നവലിബറൽ നയങ്ങൾ നിലനിൽക്കുമെങ്കിലും, ആഗോളവൽക്കരണത്തിൻ്റെ പൂർണ്ണമായ പ്രോത്സാഹനത്തിന് സാധ്യതയില്ല. കാരണം ട്രംപിൻ്റെ ശ്രദ്ധ ചരിത്രപരമായി ‘അമേരിക്ക-ആദ്യം’ (America-first) എന്ന നയത്തിലേക്ക് വീണ്ടും മാറ്റാൻ ശ്രമിക്കുകയാണ്. ഇവിടെ ട്രംപിൻ്റെ അന്താരാഷ്ട്രനയത്തിന് മൺറോ സിദ്ധാന്തവുമായി ചില സമാനതകൾ കണ്ടെത്താൻ കഴിയും. പ്രത്യേകിച്ച് അമേരിക്കൻ താൽപ്പര്യങ്ങൾ ഉറപ്പിക്കുന്നതിലും വിദേശകുരുക്കുകൾ കുറയ്ക്കുന്നതിലും. പാശ്ചാത്യലോകത്തു യൂറോപ്യൻസ്വാധീനം പരിമിതപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള മൺറോ സിദ്ധാന്തം, ഒരു സംരക്ഷകവും ഒരു പരിധിവരെ ഒറ്റപ്പെടുത്തുന്നതുമായ (isolationist) നിലപാടിന് ഊന്നൽ നൽകി. ട്രംപിൻ്റെ നയങ്ങൾ, പ്രത്യേകിച്ച് ‘അമേരിക്ക-ആദ്യം’ എന്ന് ഉദ്‌ഘോഷിക്കുന്നത്, അമേരിക്കൻ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുകയും, രാജ്യത്തിന് വ്യക്തമായി പ്രയോജനം ചെയ്യാത്ത സംഘടനകളിലോ ബഹുമുഖകരാറുകളിലോ ഇടപെടുന്നത് കുറയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.
എന്നാൽ ട്രംപിൻ്റെ വിദേശനയം മൺറോ സിദ്ധാന്തം പോലെ മേഖലാ-നിർദ്ദിഷ്‌ടമല്ല (region-specific). പകരം ആഗോളസംരക്ഷണവാദവും ഇടപാട് ബന്ധങ്ങളും ലക്ഷ്യമിടുന്നു. രണ്ട് നിലപാടുകളും ദേശീയതാൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ഊന്നൽ നൽകുമ്പോൾ, ട്രംപിൻ്റെ നിലപാട് ഒരു പ്രത്യേക മേഖലയിൽ സ്വാധീനം നിയന്ത്രിക്കുന്നതിനുപകരം അമേരിക്കയ്ക്ക് അനുകൂലമായി ആഗോള ശക്തിസന്തുലിതാവസ്ഥ പുനഃക്രമീകരിക്കുന്നതിനെക്കുറിച്ചാണ് അടിവരയിടുന്നത്.
അന്താരാഷ്ട്ര സഖ്യങ്ങളിലും ഉടമ്പടികളിലും അമേരിക്കൻ പങ്കാളിത്തം കുറയ്ക്കുന്നതിന് ഊന്നൽ നൽകിക്കൊണ്ടുള്ള മുൻകാല സമീപനം ട്രംപ് തീവ്രമാക്കാൻ സാധ്യതയുണ്ട്. സൈന്യത്തെ പിൻവലിച്ചും, താവളങ്ങൾ കുറച്ചും, സാമ്പത്തിക സഹായം പരിമിതപ്പെടുത്തിയും നാറ്റോ ഉൾപ്പടെയുള്ള സഖ്യങ്ങളിൽനിന്നും സംഘടനകളിൽ നിന്നും അമേരിക്കയെ അകറ്റാൻ അദ്ദേഹം ശ്രമിച്ചേക്കാമെന്നു വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
ട്രംപിൻ്റെ സമീപനം മറ്റ് രാജ്യങ്ങളുമായുള്ള നേരിട്ടുള്ള ഇടപാട് ബന്ധങ്ങൾക്ക് മുൻഗണന നൽകും. അതേസമയം ബഹുമുഖ കരാറുകളിൽ ആശ്രയിക്കുന്നത് കുറയ്ക്കും. പ്രത്യേകിച്ച് അമേരിക്കയെ ‘മുതലെടുത്തു’ മുന്നോട്ടു പോകുന്ന സഖ്യകക്ഷികളുമായുള്ള ബന്ധം. ഇത് പരമ്പരാഗതപങ്കാളികളുമായുള്ള സഹകരണം കുറയ്ക്കാനും കൂടുതൽ ഉഭയകക്ഷി ഇടപാടുകൾക്കും ഇടയാക്കും.
രാജ്യാന്തരവ്യാപാരരംഗത്തെ മാറ്റങ്ങൾ തന്റെ മുൻകാലനിലപാടുകൾപോലെ കർക്കശമാക്കാൻ ഇടയുണ്ട്. ഇത് സംബന്ധിച്ച ചില സൂചനകൾ അദ്ദേഹം നൽകികഴിഞ്ഞു. ട്രംപിൻ്റെ നിർദ്ദേശിത താരിഫുകൾ 10-20% വർധനയാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ചൈനീസ് ഇറക്കുമതിയിൽ 100% വരെ താരിഫുകളും അദ്ദേഹം ആലോചിക്കുന്നുണ്ട്. ഇത് കൂടുതൽ കർക്കശ വ്യാപാരനയങ്ങളിലേക്കുള്ള തിരിച്ചുവരവിൻ്റെ സാധ്യതയെ സൂചിപ്പിക്കുന്നു. ഇത്തരം താരിഫുകൾ ചൈനയെയും മെക്സിക്കോ, ഇന്ത്യ ഉൾപ്പെടെയുള്ള പ്രധാന വ്യാപാര പങ്കാളികളെയും ലക്ഷ്യമിടുന്നു. ഇത് പുതിയ ആഗോളവ്യാപാര സംഘർഷങ്ങൾക്ക് കാരണമാവും. അമേരിക്കൻ ഉപഭോക്താക്കൾക്ക് വിലവർദ്ധനവിലൂടെ പുതിയ ബാധ്യതകളും വന്നുചേരും.
കുടിയേറ്റക്കാരോടുള്ള ട്രംപിൻ്റെ നയം വലിയ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അമേരിക്ക-മെക്‌സിക്കോ അതിർത്തി അടച്ച് കൂട്ടനാടുകടത്തലുകൾ നടപ്പിലാക്കുമെന്ന് ട്രംപ് പ്രതിജ്ഞയെടുത്തിരുന്നു. ഇതിനായി സൈന്യത്തെ വ്യാപകമായി ഉപയോഗിച്ചേക്കാം. കുടിയേറ്റക്കാർക്കുള്ള തടങ്കൽസൗകര്യങ്ങൾ വിപുലീകരിക്കാനും പരമ്പരാഗത കുടിയേറ്റപ്രക്രിയകളെ മറികടക്കാൻ എക്സിക്യൂട്ടീവ് ഉത്തരവുകൾ ഉപയോഗിക്കാനും അദ്ദേഹം ശ്രമിക്കും. സുപ്രീംകോടതി ആത്യന്തികമായി അദ്ദേഹത്തിൻ്റെ നയങ്ങൾ അംഗീകരിക്കുമെന്ന് ട്രംപിൻ്റെ സഖ്യകക്ഷികൾ വിശ്വസിക്കുന്നു.
പ്രസിഡന്റിന്റെ ഓഫിസിനുള്ളിലെ അധികാരം കേന്ദ്രീകരിക്കാനുള്ള ട്രംപിൻ്റെ പദ്ധതികൾ പലരും ആശങ്കയോടെയാണ് കാണുന്നത്. ഇതിലൂടെ അമേരിക്കൻ കോൺഗ്രസിൽ നിന്നുള്ള മേൽനോട്ടം കുറയുകയും ഉദ്യോഗസ്ഥരുടെ സംരക്ഷണം കുറയ്ക്കുകയും ചെയ്യും. ഇത് ഭരണകൂടത്തെ തൻ്റെ അജണ്ടയിലേക്ക് കൂടുതൽ അടുപ്പിക്കാൻ അദ്ദേഹത്തെ സഹായിക്കും. ഫെഡറൽ ബ്യൂറോക്രസിയിലെ എതിരാളികളെ പുറത്താക്കുന്നതിനും കോൺഗ്രസ് അംഗീകരിച്ച ഫണ്ടുകൾ നിയന്ത്രിക്കുന്നതിനുമുള്ള അധികാരം പുനഃസ്ഥാപിക്കുന്നതും ട്രംപിൻ്റെ നടപടികളിൽ പ്രധാനമാണ്. യുദ്ധംകൊണ്ട് കലുഷിതമായ പശ്ചിമേഷ്യയിൽ ട്രംപ് കരുതലോടെ നീങ്ങാനാണ് സാധ്യത. 43,000-ത്തിലധികം പലസ്തീനികളെ കൊന്നൊടുക്കിയ ഗാസയ്‌ക്കെതിരായ ഇസ്രായേൽ യുദ്ധത്തിൽ, ബെഞ്ചമിൻ നെതന്യാഹുവിന് ട്രംപിൻ്റെ അചഞ്ചലമായ പിന്തുണയാണ് ലഭിച്ചത്.
നെതന്യാഹുവിനെ പിന്തുണയ്ക്കുന്നതിൽ ജോ ബൈഡൻ വളരെ ദുർബലനായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. ഇസ്രയേലിനുള്ള ട്രംപിൻ്റെ പൂർണപിന്തുണ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് അദ്ദേഹം ആവർത്തിച്ചുകൊണ്ടിരുന്നു. ഇതിന്റെ തുടർച്ചയായി ഗാസയിലും ലെബനനിലും ഇസ്രായേലിന് അനിയന്ത്രിതമായ പിന്തുണ നൽകുകയും ഇറാനെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയും ചെയ്യും. ഇസ്രയേലുമായുള്ള അദ്ദേഹത്തിൻ്റെ ചങ്ങാത്തം മേഖലയിൽ നെതന്യാഹുവിന്റെ നയങ്ങളെ ശക്തിപ്പെടുത്തും, ഇത് കൂടുതൽ ഏറ്റുമുട്ടലുകളിലേക്ക് നയിച്ചേക്കാം. എന്നാൽ ട്രംപ് നയതന്ത്രപരമായി ഇടപെടാൻ സാധ്യതയില്ല.
ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധങ്ങളിൽ തന്ത്രപരമായ സഖ്യങ്ങളേക്കാൾ ഹ്രസ്വകാല ഇടപാടുകൾക്കായിരിക്കും അദ്ദേഹം മുൻഗണന നൽകുന്നത്. രാഷ്ട്രീയപരിഷ്‌കാരങ്ങൾക്കായി ഈ രാജ്യങ്ങളുടെമേലുള്ള സമ്മർദ്ദം കൂട്ടാൻ ഇടയില്ല. സൗദിഅറേബ്യയുമായി മുൻകാലങ്ങളിലെ പോലെ നല്ല കച്ചവട ബന്ധം ഉറപ്പിക്കാൻ അദ്ദേഹം ശ്രമിക്കും. മേഖലയിലെ തൻ്റെ നിലപാട് ഉറപ്പിക്കുന്നതിനു യു.എ.ഇ, ബഹ്‌റൈൻ എന്നിവയുമായുള്ള അബ്രഹാം കരാറുകൾ പുനഃപരിശോചിക്കുമെന്നു കരുതാൻ വയ്യ.
തൻ്റെ ആദ്യ ഭരണത്തിൽ ‘ഇറാൻ കരാർ’ എന്ന് വിളിക്കപ്പെടുന്ന ജോയിൻ്റ് കോംപ്രിഹെൻസീവ് പ്ലാൻ ഓഫ് ആക്ഷൻ (ജെസിപിഒഎ) ഉൾപ്പെടെയുള്ള ഒന്നിലധികം അന്താരാഷ്ട്ര കരാറുകളിൽ നിന്ന് ട്രംപ് അമേരിക്കയെ പിൻവലിച്ചു. പ്രസിഡൻ്റ് ബരാക് ഒബാമയുടെ കീഴിൽ 2015-ൽ രൂപപ്പെട്ട ആ കരാർ, ഇറാൻ്റെ ആണവപരിപാടി വെട്ടിക്കുറയ്ക്കുന്നതിനും അതിൻ്റെ കൂടുതൽ അന്താരാഷ്ട്ര മേൽനോട്ടം അനുവദിക്കുന്നതിനും തുടക്കമിട്ടിരുന്നു. പകരമായി അമേരിക്കയുടെ ഉപരോധവും ലഘൂകരിച്ചിരുന്നു.
2018-ൽ കരാർ അവസാനിപ്പിച്ചപ്പോൾ ട്രംപ് പറഞ്ഞു, “അമേരിക്ക ഇതുവരെ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും മോശമായതും ഏകപക്ഷീയവുമായ ഇടപാടുകളിലൊന്നായിരുന്നു ഇറാൻ ഇടപാട്.” എന്നാൽ അതിനുശേഷം ഇറാൻ അതിൻ്റെ സമ്പുഷ്ടമായ യുറേനിയത്തിൻ്റെ ശേഖരം ഉയർത്തുകയും മിസൈൽ നിർമാണം വർദ്ധിപ്പിക്കുകയും ചെയ്തു. ഇപ്പോൾ ഇറാൻ ആണവശേഷി വികസിപ്പിക്കുന്നതിലേക്ക് കൂടുതൽ അടുത്തതായി റിപ്പോർട്ടുണ്ട് (ഇറാന് ഒരിക്കലും അവ ഉണ്ടാകില്ലെന്ന് ട്രംപ് ഭരണകൂടത്തിൻ്റെ വാഗ്ദാനം ഉണ്ടായിരുന്നിട്ടും).
യുക്രൈൻ യുദ്ധത്തെ സംബന്ധിച്ചു ട്രംപിൻ്റെ നിലപാട് ലോകം ഇതിനോടകം കേട്ടുകഴിഞ്ഞു. റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം 24 മണിക്കൂറിനുള്ളിൽ താൻ അവസാനിപ്പിക്കുമെന്നു അദ്ദേഹം വീമ്പിളക്കിയതും ലോകം കണ്ടു. സൈനിക-സാമ്പത്തിക സഹായങ്ങൾ ഉപയോഗിച്ച് യുക്രൈനെ പിന്തുണയ്ക്കാൻ ട്രംപിനു വിമുഖതയുണ്ട്. യൂറോപ്യൻ യൂണിയനേയും മറ്റ് സഖ്യകക്ഷികളെയും കൂടുതൽ ആശ്രയിക്കാൻ യുക്രൈനെ പ്രേരിപ്പിക്കും. റഷ്യയുമായി ചർച്ച നടത്താൻ അവർക്കുമേൽ സമ്മർദ്ദം ചെലുത്താനും സാധ്യതയുണ്ട്.
റഷ്യയ്‌ക്കെതിരായ യുദ്ധത്തിൽ യുക്രൈന് യുഎസ് സഹായം നൽകുമ്പോൾ, ട്രംപ് സാമ്പത്തിക, സൈനിക സഹായം വെട്ടിക്കുറയ്ക്കുമെന്നു പറഞ്ഞിട്ടുണ്ട്. ഇത് യുക്രൈനെ ചർച്ചാ മേശയിലേക്ക് നയിക്കുമോ എന്ന് കണ്ടറിയണം. മാത്രമല്ല റഷ്യക്കാരുടെ കൈവശമുള്ള 25% പ്രദേശം വിട്ടുകൊടുക്കുമോ എന്നും എന്ന് ലോകം ഉറ്റുനോക്കുകയാണ്. ജൂണിൽ, ട്രംപ് സെലെൻസ്‌കിയെ തുറന്നു വിമർശിച്ചിരുന്നു.
അമേരിക്കൻ വിദേശനയത്തിൽ വലിയ മാറ്റങ്ങൾ ആവശ്യമാണെന്ന് താൻ വിശ്വസിക്കുന്നതായി ട്രംപ് പ്രചാരണവേളയിൽ വളരെ വ്യക്തമായി പറഞ്ഞിരുന്നു. “സഖ്യകക്ഷികൾ ഞങ്ങളോട് വളരെ മോശമായി പെരുമാറി. അവർ ഞങ്ങളോട് ശത്രുക്കൾ എന്ന് വിളിക്കപ്പെടുന്നതിനേക്കാൾ മോശമായി പെരുമാറുന്നു.. സൈന്യബലം കൊണ്ട് ഞങ്ങൾ അവരെ സംരക്ഷിക്കുന്നു. എന്നാൽ അവർ ഞങ്ങളെ വ്യാപാരത്തിൽ കുരുക്കുന്നു. അത് ഇനി ഞങ്ങൾ അനുവദിക്കില്ല.” പാശ്ചാത്യ സഖ്യകക്ഷികളോടാണ് ട്രംപ് ഇത് പറയുന്നത്.
ആഗോളക്രമത്തിൽ അമേരിയുടെ നിലയും വിലയും അടിസ്ഥാനപരമായി ദുർബലപ്പെടുത്തുന്ന തരത്തിൽ പ്രവർത്തിക്കുന്ന സഖ്യങ്ങളിൽ നിന്നും അന്താരാഷ്ട്രകരാറുകളിൽനിന്നും നാടകീയമായ മാറ്റം വരുത്താനോ പിൻവാങ്ങാനോ ഉള്ള ശ്രമങ്ങൾ തുടരുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ട്രംപിൻ്റെ പ്രഖ്യാപിത വിദേശനയ നിലപാടുകളിൽ, സംരക്ഷണവാദ വ്യാപാരനയം അമേരിക്കക്കാർക്ക് ദോഷം ചെയ്യുമെന്നു അദ്ദേഹത്തിന് അറിയാം. ട്രംപിൻ്റെ നിർദിഷ്ട താരിഫ് വർദ്ധന ഒരു ആഗോള വ്യാപാര യുദ്ധത്തിന് തുടക്കമിടുകയും അമേരിക്കൻ ഉപഭോക്താക്കൾക്ക് വെല്ലുവിളികൾ ഉയർത്തുകയും ചെയ്യും. ദീർഘകാലാടിസ്ഥാനത്തിൽ, അന്താരാഷ്ട്ര കാര്യങ്ങളിൽ അമേരിക്കയുടെ പങ്കിനെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ആശയങ്ങൾ അമേരിക്കൻ നയതന്ത്രത്തെ ദുർബലപ്പെടുത്തുകയും നാറ്റോ, യുഎൻ തുടങ്ങിയ സ്ഥാപനങ്ങളെ തളർത്തുകയും ചെയ്യും. ട്രംപിൻ്റെ ആദ്യകാല വിദേശനയ തീരുമാനങ്ങൾ ചെയ്തതുപോലെ അത് ഭൗമരാഷ്ട്രീയമണ്ഡലത്തിൽ പുതിയ സംഘർഷങ്ങൾക്ക് കാരണമാകും.
ഹരിതഗൃഹവാതക ബഹിർഗമനം കുറയ്ക്കുന്നതിന് എല്ലാ രാജ്യങ്ങളെയും പ്രതിജ്ഞാബദ്ധമാക്കുന്ന പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്നും ട്രംപ് അമേരിക്കയെ പിൻവലിച്ചിരുന്നു. ജോ ബൈഡൻ ഇത് പുനസ്ഥാപിച്ചു. ഇപ്പോൾ ട്രംപ് പറയുന്നു അമേരിക്ക ഇതിൽ നിന്നും വീണ്ടും പുറത്തുവരുമെന്ന്. വളരെ നിർണായകമായ ഇത്തരം രാജ്യാന്തരവിഷയങ്ങളിൽ അമേരിക്കയുടെ നൈതികതയെ ഇത് ദോഷകരമായി ബാധിക്കും.
ട്രംപ് ഭരണകൂടത്തിൻ്റെ മറ്റ് നയതന്ത്ര പിന്മാറ്റങ്ങളിൽ ഇൻ്റർമീഡിയറ്റ് റേഞ്ച് ന്യൂക്ലിയർ ഫോഴ്‌സസ് ട്രീറ്റി (ഐഎൻഎഫ്) ഉൾപ്പെടുന്നു. അമേരിക്കയും റഷ്യയും തമ്മിലുള്ള ശീതയുദ്ധ കാലത്തെ ഉടമ്പടി ഹ്രസ്വ-ഇൻ്റർമീഡിയറ്റ് റേഞ്ച് ആണവായുധങ്ങളുടെ വികസനം പരിമിതപ്പെടുത്തിയിരുന്നു. സൈനിക നിരീക്ഷണങ്ങൾ നടത്താൻ ഒപ്പിട്ട ഓപ്പൺ സ്കൈസ് ഉടമ്പടി, കൂടാതെ രണ്ട് അന്താരാഷ്ട്ര മൈഗ്രേഷൻ കരാറുകളും ട്രംപ് നിഷേധിച്ചുകളഞ്ഞു.
ലോകാരോഗ്യസംഘടനയെപ്പോലെ തൻ്റെ ഭരണകൂടത്തെ വിമർശിച്ച യുഎൻ സംഘടനകളുമായുള്ള അമേരിക്കൻ സഹകരണവും ട്രംപിന് പരിമിതപ്പെടുത്താൻ കഴിയും. പലതരത്തിലുള്ള പുതിയ താരിഫുകളും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട് – ചില സമയങ്ങളിൽ അമേരിക്കൻ വ്യാപാര പങ്കാളികളോട് 20 ശതമാനം വരെ പുതിയ നികുതികൾ ആവശ്യപ്പെടുകയും 2024-ൽ അമേരിക്കയുടെ വലിയ വ്യാപാര പങ്കാളിയായ മെക്സിക്കോയ്ക്ക് 100 ശതമാനം വരെ താരിഫ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ശക്തവും പരിചയസമ്പന്നവുമായ ഒരു നയതന്ത്ര സംവിധാനത്തിന്റെ അഭാവത്തിൽ, ട്രംപ് മുൻകാലങ്ങളിലേതുപോലെ വിദേശനയം കൂടുതലായി സ്വന്തമായി കൈകാര്യം ചെയ്യാൻ ശ്രമിച്ചേക്കാം. ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി ചർച്ച നടത്താനുള്ള അദ്ദേഹത്തിൻ്റെ ശ്രമം 2019-ൽ അവസാനിച്ചത് പോലെ. ആണവായുധ വികസനം തടയാൻ ഉത്തരകൊറിയയുടെ ഭാഗത്ത് യാതൊരു ഉറപ്പുമുണ്ടായില്ല. ബന്ധത്തിൽ അടിസ്ഥാനപരമായ മാറ്റമൊന്നും ഉണ്ടായതുമില്ല. അതുപോലെ താലിബാനുമായുള്ള ചർച്ചകൾ യുഎസ്, നാറ്റോ സേനകളുടെ പിൻവാങ്ങലിലേക്കും അഫ്ഗാനിസ്ഥാനിലെ സിവിലിയൻ സർക്കാരിൻ്റെ തകർച്ചയിലേക്കും നയിച്ചു.
ഇന്ത്യ ഉൾപ്പടെയുള്ള വികസ്വര രാജ്യങ്ങളോടുള്ള ട്രംപിന്റെ നിലപാട് വ്യക്തമാണ്. തന്ത്രപരമായ വ്യാപാര-സൈനിക പങ്കാളിയാക്കുമ്പോഴും ഈ രാജ്യങ്ങൾ അമേരിക്കയുടെ അടിസ്ഥാന താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെങ്കിൽ വിലപേശലുകൾ കൊണ്ട് അവരെ സമ്മർദ്ദത്തിലാക്കും. മോദിഭരണകൂടവുമായി ഒത്തുപോകുമ്പോഴും വ്യാപാരരംഗത്തു വിട്ടുവീഴ്‍യില്ലാത്ത നിലപാടായിരിക്കും ട്രംപ് സ്വീകരിക്കുക. ഏറ്റവുമൊടുവിൽ ബ്രിക്‌സ് ഉച്ചകോടിയിൽ നിന്നും ഉയർന്നുവന്ന ആശയങ്ങൾ ഒട്ടും സന്തോഷത്തോടെയല്ല ട്രംപ് സ്വീകരിച്ചത്. അമേരിക്കയെ വെല്ലുവിളിക്കുന്ന ഒരു പുതിയ ലോകക്രമം ഇതിലൂടെ ഉയർന്നുവന്നാൽ അതിനു വലിയ വിലകൊടുക്കേണ്ടിവരുമെന്നു അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചിട്ടുണ്ട്. ഇതെല്ലം കാണിക്കുന്നത് അടുത്ത നാലുവർഷം ലോകരാഷ്ട്രീയം പ്രവചനാതീതമായ ഒരു ഘട്ടത്തിലേക്ക് കടക്കുമെന്നാണ്.