ജീവിതത്തിന്റെ “കണക്കു പുസ്തകം” എന്നു പലരും പറഞ്ഞും എഴുതിയും കേട്ടിട്ടുണ്ട്.
ഞങ്ങൾക്കും ഉണ്ട് ഒരെണ്ണം.
എഴുതാതെ എഴുതിപ്പോയ കണക്കുകൾ ഏറെ.
കൂട്ടിയിട്ടും കുറഞ്ഞുകൊണ്ടിരുന്ന കണക്കുകളാണ് മിക്കവയും.
കുറവുകൊണ്ടു കുറഞ്ഞു കൊണ്ടിരുന്ന കണക്കുകൾ വേറെ.
ഗുണിച്ചും ഹരിച്ചും നോക്കുമ്പോൾ സങ്കടം മാത്രം വരുന്ന കണക്കുകൾ പിന്നെയും.
എന്താല്ലേ ഈ ജീവിതം.
വായിച്ചും എഴുതിയും തീർത്ത കണക്കുകൾ എഴുതപ്പെടാതെ പോയ കാലം.
ആരോടും സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും കണക്കുകൾ പറയാൻ കഴിയാത്ത കാലം.
പ്രായം വരുത്തിവെക്കുന്ന വിടവുകളുടെ കണക്കുകൾ തിട്ടപ്പെടുത്താൻ വയ്യാത്ത കാലം.
ഓർമകളുടെ രേഖാഗണിതം ചികഞ്ഞെടുക്കാൻ കഴിയാത്ത കാലം.
രാഷ്ട്രീയവും ദാർശനികതയും സംസ്കാരവും മതവുമെല്ലാം ജീവിതത്തിന്റെ കണക്കുപുസ്തകത്തിൽ നിന്നും ഇറങ്ങി ഓടുന്ന കാലം.
കടൽതീരത്തു ഇരുന്നു സന്ധ്യാമേഘങ്ങളെ നോക്കി അസൂയപ്പെട്ടിരിക്കാൻ കൊതി തോന്നുന്ന ജീവിത സായന്തനം.
– കെ. എം. സീതി