മാതൃഭൂമി, 1 സെപ്റ്റംബർ 2022
മിഖായേൽ ഗോർബച്ചേവ് ചരിത്രമാകുമ്പോൾ ലോകരാഷ്ട്രീയ ഭൂപടത്തിൽ സമാനതകളില്ലാത്ത ചരിത്രസംഭവങ്ങളുടെ നേർസാക്ഷ്യം കൂടി വിടപറയുകയാണ്. സോവിയറ്റു കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും അവസാന പ്രസിഡന്റും ആയിരുന്ന ഗോർബച്ചേവ് 1991 ൽ രാജ്യാന്തര രാഷ്ട്രീയത്തിന് ബാക്കി വെച്ചത് പ്രതീക്ഷകളുടെ ‘ശീതയുദ്ധാനന്തര ലോക’ മാണ്. ലോകത്തിന്റെ പ്രതീക്ഷകൾ വലിയ താമസമില്ലാതെ അസ്ഥാനത്തായെങ്കിലും വൻകിട ശക്തികളുടെ നിലയ്ക്കാത്ത പോരാട്ടങ്ങൾക്ക് താൽക്കാലികമായെങ്കിലും വിരാമമായി.
സോവിയറ്റു യൂണിയനെ ജനാധിപത്യത്തിന്റെ പാതയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു ഒട്ടേറെ വിമർശനങ്ങൾ അദ്ദേഹം ഏറ്റു വാങ്ങി. പാർട്ടിക്കുള്ളിലും പുറത്തും ധാരാളം വിമർശകർ അദ്ദേഹത്തിനുണ്ടായി.
പെരിസ്ട്രോയിക്ക, ഗ്ലാസ്നോസ്റ്റു സിദ്ധാന്തങ്ങൾ മുന്നോട്ടു വെച്ച് ക്രൂഷ്ചേവ് പിന്തുടരാൻ ശ്രമിച്ച പാതയിലൂടെയാണ് ഗോർബച്ചേവ് നീങ്ങിയത്. ഇത് ലോക രാഷ്ട്രീയത്തിലും ചലനങ്ങൾ ഉണ്ടാക്കി.
ഗോർബച്ചേവ് 1985 ൽ അധികാരത്തിൽ വരുമ്പോൾ ലോകരാഷ്ട്രീയം കലങ്ങി മറിയുകയാണ്. അഫ്ഘാൻ യുദ്ധം മാരകമായ മുറിവുകൾ ഏല്പിച്ചുകൊണ്ടു തുടരുന്നു. അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ സോവിയറ്റ് യൂണിയനെ ‘രാക്ഷസ സാമ്രാജ്യം’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
തന്റെ ഗ്ലാസ്നോസ്റ്റു സമീപനത്തിലൂടെ ഗോർബച്ചേവ് ആദ്യം ചെയ്തത് മൂന്നാം ലോകരാജ്യങ്ങളിൽ ഏർപ്പെട്ടിരുന്ന സോവിയറ്റ് യൂണിയന്റെ എല്ലാ ‘പ്രവർത്തന’ ങ്ങളും മരവിപ്പിക്കുകയും പിന്നീട് നിർത്തിവെപ്പിക്കുകയും ആയിരുന്നു.
ഈ പ്രവർത്തനങ്ങളിൽ ചിലതു വിമോചന സമരങ്ങളെ പിൻതുണയ്ക്കുന്നതും സൈനിക-സാമ്പത്തിക സഹായങ്ങൾ ദീർഘകാലടിസ്ഥാനത്തിൽ നല്കികൊണ്ടിരുന്നതുമായിരുന്നു. ഇതിൽ അഫ്ഘാനിസ്ഥാൻ, ക്യൂബ, അംഗോള തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെട്ടിരുന്നു.
രാജ്യാന്തര ബാധ്യതകൾ രാജ്യത്തെ കടുത്ത സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധികളിൽ എത്തിച്ചെന്നു ഗോർബച്ചേവ് പലഘട്ടത്തിലും പറഞ്ഞിരുന്നു. ഭരണകൂടങ്ങൾക്ക് നൽകിവന്ന നിർലോഭ സഹായങ്ങളും വെട്ടിച്ചുരുക്കി. പലസ്തീൻ തുടങ്ങിയ വിഷയങ്ങളിൽ പോലും മോസ്കോ പിന്നോക്കം പോയി. അതെ സമയം സാമ്രാജ്യത്വ രാജ്യങ്ങളുമായി പുതിയ സന്ധികൾക്കും സംഭാഷണങ്ങൾക്കും അദ്ദേഹം ആഹ്വാനം നൽകുകയും ചെയ്തു. അഫ്ഘാൻ യുദ്ധം അവസാനിപ്പിക്കാൻ ഗോർബച്ചേവ് വിമർശനങ്ങൾ അവഗണിച്ചു മുന്നോട്ടു പോയി. 1988 ൽ ജനീവയിൽ സമാധാന ചർച്ചകൾക്കും പിന്നീട് സോവിയറ്റ് പടയുടെ കാബൂളിൽ നിന്നുള്ള പിന് വാങ്ങലിലും നിർണായക പങ്കു വഹിച്ചു.
തന്റെ രാഷ്ട്രീയ എതിരാളികളെ അവഗണിച്ചു ധൈര്യപൂർവം മുന്നോട്ടു പോയ ഗോർബച്ചേവ് പ്രത്യയശാസ്ത്രത്തിന്റെ എല്ലാ ഉടയാടകളും അഴിച്ചു വെച്ചു. അല്ലെങ്കിൽ തന്നെ പ്രത്യയശാസ്ത്ര പ്രതിബദ്ധതകൾ മാറി വന്ന ഭരണകൂടങ്ങൾക്ക് കുറഞ്ഞുവരികയായിരുന്നു. അതിന്റെ ഏതാണ്ട് പൂർത്തീകരണമാണ് ഗോർബിയുടെ കാലഘട്ടത്തിൽ കണ്ടത്.
ഇന്ത്യയിൽ ഇ. എം. എസ് നമ്പൂതിരിപ്പാട് ഉൾപ്പടെയുള്ള സിപിഎം നേതാക്കളും മാർക്സിസ്റ്റ്-ലെനിനിസ്റ്റ്-മാവോയിസ്റ് പാർട്ടികളും ഗോർബച്ചേവിന്റെ പ്രത്യശാസ്ത്ര നിലപാട് മാറ്റങ്ങളെ നിശിതമായി വിമർശിച്ചു. റിവിഷനിസ്റ്റു പാരമ്പര്യങ്ങളിലെ ഏറ്റവും ഒടുവിലത്തെ ചുവടുമാറ്റം എന്ന് മിക്കവരും അദ്ദേഹത്തെ പരിഹസിച്ചു. ഇതിനുള്ള പ്രധാന കാരണം വിവിധ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളും വിമോചന പ്രസ്ഥാനങ്ങളും അവരവരുടെ സാഹചര്യങ്ങളിൽ നിന്നും വിഭവ സമാഹരണം നടത്തി പോരാട്ടങ്ങളുമായി മുന്നോട്ടുപോകണമെന്ന ഗോർബച്ചേവ് നിലപാടായിരുന്നു. മോസ്കോയിലേക്ക് നോക്കിക്കൊണ്ടുള്ള സമരപോരാട്ടങ്ങളെ വിലക്കിയത് മാത്രമല്ല, ഗോർബച്ചോവിന്റെ സാമ്രാജ്യത്ത-ചങ്ങാത്ത നിലപാടും വിമർശനങ്ങൾക്ക് അടിത്തറയിട്ടു.
സോവിയറ്റ് യൂണിയൻ അതിന്റെ തകർച്ചയുടെ ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയെ നിലനിർത്താൻ അദ്ദേഹം ശ്രമിച്ചില്ല എന്ന വിമർശനം അദ്ദേഹം ഏറ്റുവാങ്ങി.
ഒറ്റുകാരാനെന്നും വഞ്ചകനെന്നും ഒരു ഭാഗത്ത് ഇകഴ്ത്തപ്പെട്ടപ്പോൾ ലോകത്തിനു തന്നെ ‘മാതൃക’യായ ഒരു സ്റ്റേറ്റ്സ്മാൻ എന്ന് ഗോർബച്ചേവിനെ മറ്റുള്ളവർ വാഴ്ത്തി.
എന്നാൽ പതിനഞ്ചു രാജ്യങ്ങൾ ആയി മാറിയ സോവിയറ്റ് യൂണിയൻ രാഷ്ട്രീയമായോ സാമ്പത്തികമായോ ഒന്നും ബാക്കി വെച്ചിട്ടല്ല മണ്മറഞ്ഞതു. റഷ്യ ഉൾപ്പടെയുള്ള ഈ രാജ്യങ്ങൾ സോഷ്യലിസ്റ്റ് പാത കൈവിട്ടെങ്കിലും മുതലാളിത്തം ഇന്നേ വരെ അവരുടെ രക്ഷയ്ക്കെത്തിയില്ല.
സാമ്പത്തികമായും രാഷ്ട്രീയമായും തകർന്നടിഞ്ഞ ഈ മുൻ സോഷ്യലിസ്റ്റ് രാജ്യങ്ങൾ ജനാധിപത്യത്തിന് വേണ്ടിയും ഇപ്പോഴും പാടുപെടുന്നു. വർഷങ്ങൾ കഴിയുന്നതിനു മുമ്പ് തന്നെ ഗോർബച്ചേവ് ഇത് തിരിച്ചറിഞ്ഞിരുന്നു.
തന്റെ ഭരണ കാലത്തു കിഴക്കൻ ജർമനിയിൽ റഷ്യയുടെ കെ.ജി.ബി. ഉദ്യോഗസ്ഥനായിരുന്ന വ്ളാഡിമർ പുടിന്റെ കഴിവുകളെക്കുറിച്ചും ബലഹീനതകളെക്കുറിച്ചും ഗോർബച്ചേവിനു നല്ല ബോധ്യമുണ്ട്. യുക്രൈനിയൻ മാതാവിന്റെയും റഷ്യൻ പിതാവിന്റെയും പുത്രനായി ജനിച്ച ഗോർബച്ചേവിന് പുടിന്റെ നയങ്ങളോടുള്ള യോജിപ്പും വിയോജിപ്പും പല ഘട്ടങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. യുക്രൈൻ റഷ്യയുടെ ‘സഹോദര രാജ്യ’മാണെന്ന കാഴ്ചപ്പാടിനോട് യോജിപ്പുണ്ടെങ്കിലും ഫെബ്രുവരി 24 നു തുടങ്ങിയ യുദ്ധത്തോടുള്ള ഗോർബച്ചേവ് നിലപാട് വ്യക്തമല്ല. രോഗകിടക്കയിൽ വെച്ച് അദ്ദേഹം എന്ത് പറഞ്ഞിരുന്നു എന്ന് ലോകം ഒരു പക്ഷെ അറിയുമായിരിക്കും.
എന്നാൽ 2014 ൽ റഷ്യയുടെ ക്രൈമിയൻ പിടിച്ചടക്കലിനെ ഗോർബച്ചേവ് ന്യായീകരിച്ചിരുന്നു. അത് മേഖലയിലെ ജനങ്ങളുടെ ഇംഗിതമനുസരിച്ചാണെന്നു പറയുകയും ചെയ്തു. മാത്രമല്ല യുക്രൈനെ നാറ്റോയുടെ ഭാഗമാക്കാനുള്ള പാശ്ചാത്യ ശ്രമങ്ങളെ അദ്ദേഹം നിശിതമായി വിമർശിക്കുകയും ചെയ്തു.
2017 ൽ എഴുതിയ ഒരു ലേഖനത്തിൽ പുടിന്റെ നിലപാടുകൾക്ക് ‘ന്യായീകരണ’മുണ്ടെകിലുംദീർഘകാലാടിസ്ഥാനത്തിൽ റഷ്യയ്ക്ക് നഷ്ടങ്ങളെ ഉണ്ടാക്കിയിട്ടുള്ളൂ എന്ന് ഗോർബച്ചേവ് പറഞ്ഞു. സർവ്വാധികാര പ്രവണതകളെ ആദ്യഘട്ടത്തിൽ ‘ന്യായീകരി’ക്കാമെങ്കിലും അതിന്റെ ആത്യന്തിക ഫലം പാർലമെന്റിന്റെയും ജുഡിഷ്യറിയുടെയും സിവിൽ സമൂഹത്തിന്റെയും മാധ്യമ സ്വാതന്ത്ര്യത്തിന്റെയും തകർച്ചയിലാണ് അവസാനിച്ചത്. ഗോർബച്ചേവ് എഴുതി:
“റഷ്യയുടെ ജീവിത നിലവാരം തകർന്നു. പട്ടിണിയും അഴിമതിയും വർധിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, ശാസ്ത്രം എന്നീ മേഖലകളിൽ കാര്യങ്ങൾ കൂടുതൽ മോശമായി. രാഷ്ട്രീയ വ്യവസ്ഥയിൽ സമൂല മാറ്റങ്ങൾ ഇല്ലാതെ ഇതൊന്നും പരിഹരിക്കാൻ ഭരണകൂടത്തിന് ആവില്ല. ജനാധിപത്യത്തിൽ കൂടി മാത്രമേ റഷ്യയ്ക്ക് ഇനിയും വിജയിക്കാൻ കഴിയൂ.”
ആണവശക്തിയെക്കുറിച്ചുള്ള ഗോർബച്ചേവിന്റെ നിലപാടുകൾ ലോകം ശ്രദ്ധിക്കാൻ തുടങ്ങുന്നത് 1986 ലെ ചെർണോബിൽ ആണവ ദുരന്തത്തോടെയായിരുന്നു. ചെർണോബിൽ തന്റെ കണ്ണ് തുറപ്പിച്ചെന്നു അദ്ദേഹം പിന്നീട് പറഞ്ഞു. സൈനികേതര ആവശ്യങ്ങൾക്കുപോലും ആണവോർജം ഉപയോഗിക്കുന്നതിലെ അപകടം ഗോർബച്ചേവ് ചൂണ്ടിക്കാട്ടി. സോവിയറ്റ് യൂനിയന്റെ യഥാർത്ഥ തകർച്ചക്കുള്ള കാരണം പെരെസ്ട്രോയ്ക്ക യെക്കാളും ചെർണോബിൽ ദുരന്തമായിരുന്നു എന്നാണ് പിൽക്കാലത്തു അദ്ദേഹം പറഞ്ഞത്. ദുരന്തത്തെകുറിച്ചുള്ള വിവരങ്ങൾ പോളിറ്റ് ബ്യൂറോ മൂടിവെച്ചെന്ന ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചു. ദുരന്തത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ വർഷങ്ങൾ കഴിഞ്ഞിട്ടും റഷ്യയെയും യുക്രൈനെയും ബെലാറസിനെയും ബാധിച്ചു. ദുരന്തത്തിന് മുമ്പ് തന്നെ ആണവായുധങ്ങളെ ഭൂമുഖത്തുനിന്നും ഇല്ലായ്മ ചെയ്യാൻ താൻ ശ്രമങ്ങൾ തുടങ്ങിയിരുന്നു എന്നും ചെർണോബിൽ തന്റെ കണ്ണ് തുറപ്പിച്ചു എന്നും അദ്ദേഹം വർഷങ്ങൾക്കു ശേഷം എഴുതി. അമേരിക്കയുമായി തന്ത്രപ്രധാനമായ ആണവ നിയന്ത്രണ കരാർ 1987-ൽ അദ്ദേഹം ഒപ്പിട്ടത് ഈ ലക്ഷ്യം നിറവേറാൻ വേണ്ടിയായിരുന്നു 2019-ൽ ഡൊണാൾഡ് ട്രംപ് ഏകപക്ഷീയമായി ഇതിൽ നിന്നും പിൻവാങ്ങി. വളരെ ദുഃഖത്തോടെയാണ് ഗോബർച്ചേവ് ഈ വാർത്ത കേട്ടത്. ഇത് ലോകത്തിനു നല്ലതല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.