‘കിഴക്കേ’തിലെ ഉദയാസ്തമനങ്ങൾ
കെ. എം. സീതി
“എല്ലാ സന്തുഷ്ട കുടുംബങ്ങളും ഒരേ പോലെയാണ്. എന്നാൽ ഓരോ അസന്തുഷ്ട കുടുംബവും അസന്തുഷ്ടരായിരിക്കുന്നത് ഓരോ തരത്തിലാണ്.”
‘കിഴക്കേ’തിലെ ഒറ്റയാൻ വാസം തുടങ്ങി രണ്ടു നാൾ കഴിഞ്ഞയുടനെ ഇറയത്ത് ഭക്ഷണവുമായി വന്ന മിനി ഓർമിപ്പിച്ച ടോൾസ്റ്റോയുടെ “അന്നാകരെനീന”യിലെ ആദ്യവരികൾക്കു ഒരായിരം അർത്ഥങ്ങൾ ഉണ്ടായ കാലം.
21 ദിവസങ്ങൾ പിന്നിടുമ്പോൾ ഈ ഒറ്റയാൻ വാസം ഓർമകളുടെയും ഓർമ്മപ്പെടുത്തലുകളുടെയും കാലമായി മാറുകയാണ്.
പത്രങ്ങളില്ല, ടെലിവിഷൻ ഇല്ല, ചുറ്റും മനുഷ്യരില്ല.
കൂടെയുള്ളത് രാവിലെ ശബ്ദിച്ചു തുടങ്ങുന്ന അനന്തപുരി എഫ്.എം. രാവോളം അതു ‘കിഴക്കേ’തിനു ജീവൻ നൽകും, ഒരു കുഞ്ഞു ട്രാന്സിസ്റ്ററിലൂടെ.
ഗൃഹാതുരത്വം ഉണ്ടാക്കുന്ന ഹിന്ദി മലയാള ഗാനങ്ങൾ…
കോവിഡ് കാലത്തെ ചെറുതും വലുതുമായ ജീവിതാനുഭവങ്ങൾ പലരും പങ്കുവെച്ചു കാണാറുണ്ട്. കൂടുതലും ആരോഗ്യപരമായ വിഷയങ്ങൾ.
കഴിഞ്ഞ ഒന്നര വർഷത്തിലേറെക്കാലം എടുത്ത എല്ലാ മുൻകരുതലുകളും അപ്രസക്തമായ നിമിഷങ്ങൾ. പിഴവുകൾ മനുഷ്യസഹജമാണെന്നു സ്വയം ബോധ്യപ്പെടുത്തേണ്ടി വരുന്ന സാഹചര്യങ്ങൾ. അതു കുറെയേറെ ആശങ്കകളും ആലോസരങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.
നമുക്ക് കോവിഡ് പിടിപെടുന്നതിനെക്കാൾ ആശങ്കാജനകമാണ് നമുക്ക് ചുറ്റും കോവിഡ് ബാധിച്ചവർ ഒതുങ്ങി കൂടി ജീവിക്കുന്നത്. അവരെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതും പരിചരിക്കേണ്ടതും ഗൗരവമുള്ള വിഷയം തന്നെയാണ്. പ്രത്യേകിച്ചും ഉയർന്ന പ്രായമുള്ളവരെ. അവരെ പരിചരിക്കുന്നവർക്കു കൂടി രോഗം വന്നാൽ കഥ മാറും.
അതെ, കഥ മാറി കാര്യങ്ങളിലേക്കു എത്തുമ്പോൾ ആരാരുടെ കൂടെ എന്ന ചോദ്യം വരും. മിനി നേരിട്ടുകൊണ്ടിരുന്നതും ഇതായിരുന്നു. പുരുഷകേന്ദ്രീകൃത ആവാസ വ്യവസ്ഥയിൽ ഇതിനൊന്നും പ്രസക്തിയില്ലല്ലോ. സമയത്തിനു ഭക്ഷണവും മരുന്നും എത്തിക്കുക എന്ന ദൗത്യം പണ്ടേ പറഞ്ഞു വെച്ചിട്ടുള്ളതാണ്. പുതിയ തലമുറയ്ക്ക് പോലും ആൺകോയ്മയുടെ സൂക്ഷ്മ അധികാര വിന്യാസം അത്രമേൽ ബോധ്യപ്പെട്ടിട്ടില്ല. പിന്നെയല്ലേ പഴയ തലമുറ! കോവിഡ് കാലത്ത് ഏറ്റവും അധികം ദുരിതം പേറേണ്ടി വന്നത് സ്ത്രീകൾ തന്നെയാണ്.
കോവിഡ് ബാധിച്ചിട്ടില്ല എന്ന വിശ്വാസത്തിൽ സമ്പർക്ക വിലക്കുമായി ദിവസങ്ങൾ തള്ളി നീക്കുമ്പോൾ ഓർമപ്പെടുത്തുന്നതു കോടാനുകോടി മനുഷ്യരുടെ ആധിയും അങ്കലാപ്പുകളുമാണ്.
ജീവിത സമരത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഇത്ര ദീർഘകാലം ‘വിലക്കും വിലങ്ങു’മായി കഴിയേണ്ടി വരുന്നത് വലിയൊരു പരീക്ഷണം തന്നെ. കോവിഡ് കാലത്ത് ദാരിദ്ര്യത്തിൽ നിന്നും പട്ടിണിയിലേക്കു എടുത്തെറിയപ്പെട്ടവരുടെ കണക്കുകൾ അക്കാദമിയ പരികല്പനകൾക്കപ്പുറം പോകാറില്ല. ഉപരിവർഗ്ഗ-മധ്യവർഗ നിയന്ത്രിതമായ ഒരു ലോകക്രമത്തിൽ ഇത്തരം കണക്കുകൾ നടപ്പുരീതികളുടെ ഭാഗമായി ചരിത്ര രേഖകളിലോ പുരാവസ്തു ശേഖരങ്ങളിലോ ഇടംപിടിക്കും, അത്ര തന്നെ.
‘കിഴക്കേ’തിലെ വാസകാലം അർഥപൂർണമാക്കാമെന്ന അതിമോഹമൊന്നും തീരെയില്ലായിരുന്നു. അനന്തപുരി എഫ്.എം പാടിക്കൊണ്ടിരിക്കുമ്പോൾ എന്തെല്ലാമോ ചെയ്തു കൂട്ടി.
അന്തർസർവകലാശാല ഗവേഷണ കേന്ദ്രത്തിന്റെ കുടിയേറ്റ പ്രശ്നങ്ങളെക്കുറിച്ചുള്ള അത്യാവശ്യം പണികൾ ചെയ്തു കൊണ്ടിരിക്കും. “വീട്ടിൽ നിന്നും പണി” കഴിഞ്ഞ കുറേക്കാലമായി ശീലിച്ചത് കൊണ്ട് അതിലൊട്ടും മുഷിപ്പു തോന്നിയിട്ടില്ല.
എന്നാൽ ഗൗരവമായി ചെയ്ത ചില പണികൾ സംതൃപ്തി നൽകുന്നുണ്ട്. അതിലൊന്ന് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള 550 തിലേറെ പുസ്തകങ്ങൾ വേർതിരിച്ചു, നമ്പറിട്ടു രേഖപ്പെടുത്തി ഒരു പുതിയ ഷെൽഫിൽ അടുക്കിവെച്ചു എന്നുള്ളതാണ്. ലൈബ്രറി കാറ്റലോഗിങ് തീരെ പഠിച്ചിട്ടില്ലെങ്കിലും മുൻ ലൈബ്രറി ഇടപാടുകാലത്ത് മനസ്സിലാക്കിയ ചെറിയ വിവരങ്ങൾ ഇതിനു സഹായിച്ചു.
കേരള സർക്കാരിൽ റവന്യു വകുപ്പിൽ മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന എ. ഷാഹുൽ ഹമീദ് (1930-2018) സാഹിബിന്റെ ഗ്രന്ഥശേഖരത്തിൽ നിന്ന് വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രത്തിനു അദ്ദേഹത്തിന്റെ മക്കൾ സംഭാവന ചെയ്ത പുസ്തകങ്ങളായിരുന്നു അത്. ‘കിഴക്കേ’തിൽ സൂക്ഷിച്ചിരുന്ന ഈ ശേഖരത്തിൽ ഒരു നൂറ്റാണ്ടിനു മുമ്പ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ വരെയുണ്ടായിരുന്നു. വക്കം മൗലവിയുടെയും മക്കൾ അബ്‌ദുൾസലാമിന്റെയും വക്കം അബ്‌ദുൽ ഖാദറിന്റെയും ഉൾപ്പടെയുള്ള പല മൗലികകൃതികളും അക്കൂട്ടത്തിലുണ്ടായിരുന്നു. ചരിത്രത്തോടൊപ്പം സഞ്ചരിക്കുന്നു എന്ന തോന്നൽ ഈ പുസ്തക സഞ്ചയത്തിലൂടെ കടന്നുപോയപ്പോൾ അനുഭവപ്പെട്ടു.
കുറിച്ചെടുക്കുന്നതെല്ലാം മൊബൈൽ ഫോണിൽ ഇമേജ് എടുത്ത് സമീർ മുനീറിന് അയച്ചുകൊടുക്കും. ദുബായിയിലെ തന്റെ തിരക്കുള്ള ഔദ്യോഗിക ജീവിതത്തിനിടെ ഇതെല്ലം ടൈപ്പ് ചെയ്തെടുക്കാൻ സമീർ സമയം കണ്ടെത്തുന്നുണ്ടായിരുന്നു. ദിവസവും നാലും അഞ്ചും ഫോൺ കോളുകൾ സമീറിൽ നിന്നും ഉണ്ടാകും. ചില കൃതികളുടെ കർത്തൃത്വത്തെക്കുറിച്ചു സംശയങ്ങൾ ഞങ്ങൾ രണ്ടാൾക്കും ഉണ്ടാകും. സമീർ ഉടൻ അത് ബന്ധപ്പെട്ട സാമൂഹിക മാധ്യമ കൂട്ടായ്മകളിൽ പങ്കുവെക്കും. അത്തരത്തിലൊരാളെ ഇങ്ങനെ കണ്ടെത്തിയതു മാധ്യമങ്ങളിൽ വാർത്തയുമായി.
21 ദിവസങ്ങൾ പിന്നിടുമ്പോൾ അഞ്ഞൂറിലേറെ പുസ്തകങ്ങൾ എന്റെ കൈകളിലൂടെ കടന്നുപോയി. പലതും ചരിത്ര പ്രാധാന്യമുള്ള കൃതികൾ. വക്കം മൗലവി സ്മാരക കേന്ദ്രം ഇതെല്ലം ഡിജിറ്റലൈസ് ചെയ്യാൻ തയ്യാറെടുക്കുകയാണ്.
വക്കത്ത് സ്ഥാപിതമായ മൗലവി സ്മാരക ഗവേഷണ കേന്ദ്രം ജന്മമെടുത്തു ഒരു വർഷത്തിനുള്ളിൽ തന്നെ (അതും ഒരു മഹാമാരിക്കാലത്ത് ) നേടിയ ഈ അമൂല്യ ശേഖരം ആധുനിക കേരള ചരിത്രഗവേഷണത്തിന് ഒരു മുതൽക്കൂട്ടാണ്.
ഷാഹുൽ ഹമീദ് സാഹിബ് വലിയ വായനക്കാരനും, സംവാദ പ്രിയനുമായിരുന്നു. നാലു പതിറ്റാണ്ടു മുമ്പാണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്. തിരുവനന്തപുരത്തു സ്ഥാപിതമായ (പിന്നീട് ട്രസ്റ്റ് ആയി മാറിയ) വക്കം മൗലവി ഫൗണ്ടേഷൻ രൂപീകരിക്കുന്നതിൽ നിർണായക പങ്കു വഹിച്ച വ്യക്തി. ഞാൻ ഫൗണ്ടേഷന്റെ തുടക്ക സെക്രട്ടറിയും ഡോ. എ. എൻ. പി. ഉമ്മർകുട്ടി പ്രസിഡന്റും മുഹമ്മദ് അബ്ദാ, വക്കം മജീദ്, കുന്നിൽ ബഷീർ, മുഹമ്മദ് ഈസാ, എ. സുഹൈർ, എ. ഷാഹുൽ ഹമീദ് തുടങ്ങിയവർ സജീവ പ്രവർത്തകരുമായിരുന്നു. ജനീവയിൽ നിന്നും കെ. എം. ബഷീർ കൂടിയായപ്പോൾ ഫൗണ്ടേഷൻ സജീവമായി. സർക്കാരിൽ നിന്നും ഫൗണ്ടേഷന് ഭൂമി ലഭിക്കാതായപ്പോൾ സ്വന്തം മൂലധനം മുടക്കി സ്ഥാപനത്തിന് ബഷീർ സാഹിബ് അടിസ്ഥാനം ഇട്ടു. അതാണ് പിന്നീട് ട്രസ്റ്റ് ആയതു. അക്കാലത്തു ‘VMFT Newsletter’ തയ്യാറാക്കാനും മറ്റും ഓടിനടക്കുമ്പോൾ എൻ.എ. കരീമും സുഹൈറും ഷാഹുൽ ഹമീദും എല്ലാം ഫൗണ്ടേഷന്റെ ജീവനാഡിയായി. 1982 -ൽ ട്രിവാൻഡ്രം ഹോട്ടലിൽ വെച്ച് നടന്ന ഫൗണ്ടേഷൻറെ പരിപാടിയിൽ ഷാഹുൽ ഹമീദ് സാഹിബ് അവതരിപ്പിച്ച പ്രബന്ധം ഇപ്പോഴും ഓർമയിലുണ്ട്.
ഔദ്യോഗിക ജീവിതം കോട്ടയത്തേക്ക് മാറിയതോടെ എന്റെ തലസ്ഥാനത്തെ പ്രവർത്തനങ്ങൾ കുറഞ്ഞു തുടങ്ങി. കാലാന്തരത്തിൽ അതിനു പരിഹാരം കണ്ടെത്താൻ കഴിയാതെയും വന്നു.
ഇപ്പോൾ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിടപറഞ്ഞു മറ്റൊരു ഉത്തരവാദിത്വത്തിൽ എത്തിയതോടെ വക്കത്തെ സ്മാരക ഗവേഷണ കേന്ദ്രവുമായി സഹകരിച്ചു പ്രവർത്തിക്കാനുള്ള സാഹചര്യം കൂടുതൽ ഉണ്ടായി.
‘കിഴക്കേ’തു സമീർ മുനീറിന്റെ വക്കത്തെ തറവാട് വീടാണ്. സമീറിന്റെ പിതാവ് മുനീർ സംസ്ഥാന സർക്കാരിൽ പൊതുമരാമത്തു വകുപ്പിൽ മുതിർന്ന ഉദ്യോഗസ്ഥനായിരുന്നു. ഏതാനും വർഷങ്ങൾക്കു മുമ്പാണ് അന്തരിച്ചത്. വക്കം മൗലവിയുടെ പൗത്രനായിരുന്ന അദ്ദേഹത്തിന്റെ ഒരു സ്വപ്നം കൂടിയായിരുന്നു വക്കത്തു ഒരു സ്മാരകം സ്ഥാപിക്കുക എന്നുള്ളത്. മരിക്കുന്നതിന് ഏതാനും നാളുകൾ മുമ്പ് വരെ അദ്ദേഹം അതെന്നെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. പുറമെ ഗൗരവക്കാരനെന്നു പലർക്കും തോന്നിയിരുന്ന അദ്ദേഹം ഹൃദയശുദ്ധിയുള്ള കപടതകളില്ലാത്ത വ്യക്തിത്വമായിരുന്നു. വക്കത്ത് വരുന്ന ഏതൊരു സന്ദർഭത്തിലും ‘കിഴക്കേ’തിൽ കയറാതെ പോകാൻ കഴിയുമായിരുന്നില്ല. ഞങ്ങൾ ഏറെ നേരം സംസാരിച്ചിരിക്കും. സ്ഥലത്തു ഉള്ളപ്പോൾ സമീറും കൂടും.
വക്കം മൗലവിയുടെ കുടുംബവീടായ ‘മുള്ളുവിളാകം’ ഒരു മതിലിനപ്പുറം. ഈ സമ്പർക്കവിലക്ക് കാലത്തു ‘കിഴക്കേ’തിൽ കഴിയുമ്പോൾ ഓർമ്മകൾ ഒന്നിന് പിറകെ മറ്റൊന്ന് വന്നു കൊണ്ടിരിക്കും.
രാത്രി-പകലുകൾ വന്നു പോകുന്നത് അറിയുന്നില്ല. ട്രാൻസിസ്റ്ററിൽ നിന്നും ഇടയ്ക്കു കേൾക്കുന്ന പ്രധാന വാർത്തകൾ മാത്രം. ഇന്റർനെറ്റ് സൗകര്യം പരിമിതമായ ഇവിടെ നിന്ന് ലോകവുമായി ബന്ധപ്പെടാൻ കഴിയുന്നത് തന്നെ ഭാഗ്യം.
ദിനചര്യകളിൽ മറ്റൊന്ന് സബീൻ ഇക്ബാലിന്റെ ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിച്ച ‘ഷമാൽ ഡേയ്സ്’ എന്ന പ്രവാസ നോവൽ വായിക്കുക എന്നതാണ്. പുസ്തക നിരൂപണം ഏറ്റെടുത്ത ഉത്തരവാദിത്വമായതുകൊണ്ടു വളരെ സാവധാനത്തിൽ ആണ് വായിക്കുന്നത്. ഇടയ്ക്കു നോട്ടെടുക്കണം. പ്രവാസ ജീവിതങ്ങൾ ഇപ്പോൾ നടത്തുന്ന കുടിയേറ്റ പഠനങ്ങളിൽ പ്രധാന വിഷയമായത് കൊണ്ട് ‘ഷമാൽ ഡേയ്സ് ‘ കൗതുകകരമായ പലതും നൽകുന്നുണ്ട്.
മഴയും വെയിലും മൂടിക്കെട്ടിയ അന്തരീക്ഷവുമൊന്നും ‘കിഴക്കേ’തിന്റെ ദിനങ്ങളിൽ വലിയ വിഷമങ്ങളുണ്ടാക്കിയിട്ടില്ല. വന്ന നാൾ മുതൽ ഒരു പൂച്ച എനിക്ക് കാവൽ നിൽക്കുന്നപോലെ. രാത്രി പടിക്കൽ വന്നു കിടക്കും. രാവിലെ വാതിൽ തുറക്കുമ്പോൾ അവൻ ഒരു നീണ്ട കരച്ചിലോടെ കാറിനടിയിലേക്കു പോകും. വീടിനുള്ളിലെ എന്റെ അരമണിക്കൂർ നടത്തം അവൻ ശ്രദ്ധിച്ചിരിക്കും. പിന്നീട് എങ്ങോ മറയും. വെയിൽ വന്നു തുടങ്ങുമ്പോൾ തന്നെ ‘കിഴക്കേ’തു അതിന്റെ ആവാസ വ്യവസ്ഥയിലേക്കു മടങ്ങും.
കഴുകന്മാർ ഉൾപ്പടെ ധാരാളം പക്ഷികൾ. മനുഷ്യ ശബ്ദം ഇല്ലാത്തതു കൊണ്ട് അവർക്കു സ്വൈര വിഹാരത്തിനു പറ്റിയ ആവാസ വ്യവസ്ഥ. സ്ഥിരമായി കാണുന്ന മറ്റൊരു കൂട്ടരാണ് ഒരു കീരി കുടുംബം. മൂന്നോ നാലോ പേർ ഉണ്ട്. പറമ്പിലൂടെ അവർ ഒന്നിച്ചു നടക്കും. ഒരു കറുത്ത് തടിച്ച മാർജാരനും ഇടയ്ക്കു വരും. എന്നെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ടു പോകും. എല്ലാം ശരിയല്ലേ എന്ന മട്ടിൽ ഒരു നോട്ടം.
മുറ്റത്തെ മാവിൻ ചുവട്ടിനു ചുറ്റും ഇലകൾ പാറി നടക്കും. രണ്ടു ഇടനേരങ്ങളിൽ മിനി അവിടെ ഒരു ചൂരൽ കസേരയിൽ വന്നിരിക്കും. സമ്പർക്ക വിലക്ക് കാരണം അകത്തു കയറില്ല. ഭക്ഷണവുമായി വരുമ്പോഴും പുറത്താണ് നിൽപ്പ്. സകലമാന ഉത്തരവാദിത്വങ്ങളും തലയിലേറി വരുന്ന അവസ്ഥയിൽ സങ്കടങ്ങളും ആശങ്കകളും പങ്കുവെക്കും. മനുഷ്യ ബന്ധങ്ങളിലെ ഏറ്റമിറക്കങ്ങൾ, പരിദേവനങ്ങൾ, നെടുവീർപ്പുകൾ, ശ്വാസ-നിശ്വാസങ്ങൾ എല്ലാം വർത്തമാനത്തിൽ വരും.
പൊടിപടലങ്ങൾ നിറഞ്ഞ പുസ്തകക്കെട്ടുകൾക്കുള്ളിൽ നിന്നും പുറത്തു വരുന്ന ഞാൻ ചില നെടുനീളൻ ദാർശനിക പ്രസ്താവനകൾ നടത്തും. പുരുഷ സഹജമായ ചില കപട പ്രമാണങ്ങളും നിരത്തും. മഹാമാരിക്കാലത്തു കുറഞ്ഞ ചിലവിൽ സാധ്യമാകുന്നത് ഇതെല്ലാമല്ലേ എന്ന ചോദ്യം ചോദിക്കാതെ മിനി ‘കിഴക്കേ’തു വിടുമ്പോൾ “അന്നാകരെനീന”യിലെ ആ വാചകം പിന്നെയും എന്നെ തേടിയെത്തും.
അതെ, “ഓരോ അസന്തുഷ്ട കുടുംബവും അസന്തുഷ്ടരായിരിക്കുന്നത് ഓരോ തരത്തിലാണ്.”