Dil Dhadakne Ka Sabhab aayaa
Wo teri yaad thi, abyaad aayaa…

ആസ്ക്വിത്ത് ഹോസ്റ്റലിൽ ഒന്നാംനിലയിലെ രാജുതാടിക്കാരൻറെ മുറിയിൽ നിന്നും ആ ഗസൽ ഒഴുകിയെത്തുമ്പോൾ ഓർക്കും, എന്തിനാണ് നാം ഓർമ്മകളെ ഇങ്ങനെ ഹൃദയത്തിൽ സൂക്ഷിക്കുന്നതെന്ന്!

നസീർ കസ്മിയുടെ വരികളിൽ ഹൃദയത്തിൻറെ വിങ്ങൽ ഓർമ്മകളുടെ തുടിപ്പുകൾ ആണ്.

40 വർഷം ചെറിയൊരു കാലഘട്ടമല്ല ഞങ്ങൾക്ക്.
പച്ച വിരിച്ചുനിന്ന അക്കാലത്തെ മനോഹരമായ കാമ്പസുകളിൽ ഒന്നായിരുന്നു സിഎംഎസ് കോളേജ്.

രാജ്യാന്തരപഠനവും അധ്യാപനവുമായി കഴിഞ്ഞിരുന്ന ആ നാളുകൾക്ക് ഉയിരും ഊർജ്ജവും നൽകിയ രണ്ടു സഹപ്രവർത്തകരായിരുന്നു രാജു താടിക്കാരനും എ.കെ.രാമകൃഷ്ണനും.

ഞാനും തോമസും കേരള യൂണിവേഴ്സിറ്റിയുടെയും രാജുവും രാംകിയും ജെഎൻയുവിന്റെയും സന്തതികൾ. ഞാനും തോമസും തെക്കൻ തിരുവിതാംകൂർ കാരും രാജുവും രാംകിയും മലബാറിനോടു ചേർന്നുകിടക്കുന്ന ദേശക്കാരും.

ഇടയ്ക്കിടയ്ക്ക് രാജുവിന്റെ സ്വതസിദ്ധമായ തൃശൂർ ശൈലിയിൽ പറയും, ഭാരതപ്പുഴയ്ക്ക് തെക്കുള്ളവരെ വിശ്വസിക്കാൻ കൊള്ളില്ലെന്ന്. രാംകി ഇതുകേട്ട് കുലുങ്ങി ചിരിക്കും. ഞങ്ങളുടെ ‘ഭാവുകത്വ’ ലോകത്തിൽ കളിയും തമാശയും കാര്യവും എല്ലാം കെട്ടുപിണഞ്ഞു കിടക്കുമ്പോൾ അതിന് നേതൃത്വം കൊടുക്കുന്നത് രാജുവാണ്.

ഞങ്ങളുടെ ‘ഒറ്റയാൾ’ ജീവിതങ്ങളുടെ എല്ലാ പരിമിതികളെയും മറികടക്കാൻ പഠിപ്പിച്ചത് രാജുവാണ്. എപ്പോഴും നേതൃത്വത്തിലേക്ക് വരാനുള്ള ആ കൊച്ചു ‘കൊതി’യെ ഞങ്ങൾ എന്നും സ്നേഹപൂർവ്വം അംഗീകരിച്ചിരുന്നു. കാരണം രാജുവിന്റെ ആത്മവിശ്വാസവും ധൈര്യവും ഞങ്ങൾക്ക് എന്നും ആവേശമായിരുന്നു. രാജുവിന്റെ ‘ലൈക്ക്’ ഞങ്ങളുടെ കൂടെ ‘ലൈക്സു’കൾ ആയി മാറിയകാലം.

രാജുവിൻറെ കട്ടിൽ, രാജുവിൻറെ ഉറക്കം, രാജുവിൻറെ പുതപ്പ്, രാജുവിൻറെ കുളി, രാജുവിൻറെ ഭക്ഷണം, രാജുവിൻറെ ബാഗ്, രാജുവിൻറെ സിഗരറ്റ്, രാജുവിൻറെ…..രാജുവിൻറെ….എല്ലാം ഞങ്ങൾക്ക് കൗതുകമായിരുന്നു.

രാവിലെ കുളി കഴിഞ്ഞു തോമസ്ഏട്ടൻറെ പോസ്റ്റ്ഗ്രാജുവേറ്റ് മെസ്സിലേക്ക് നടക്കുമ്പോൾ ആരംഭിക്കുന്ന ആ “ഉത്തരവാദിത്ത സഞ്ചാരം” പാതിരാവരെ നീളും. ഇതിനിടയിൽ ടേപ്പ്റെക്കോർഡർ പാടിക്കൊണ്ടേയിരിക്കും. ഞാൻ ആദ്യമായി ഗസൽ ആസ്വദിച്ചു തുടങ്ങുന്നത് ആ ചെറിയ ടേപ്പ്റെക്കോർഡറിലൂടെയാണ്. ചിലപ്പോഴെല്ലാം ഹിന്ദിയിൽ നിരക്ഷരനായ എനിക്ക് ഗസൽ വരികളുടെ അർത്ഥം രാജു പറഞ്ഞു തരും.

ക്ലാസ്മുറികളിൽ സ്വന്തം പ്രകടനങ്ങൾക്കപ്പുറം സ്ഥാപനത്തിന്റെ പ്രകടനങ്ങൾക്ക് എന്നും രാജു വില കല്പിച്ചിരുന്നു.

വലിയൊരു സൗഹൃദ സമ്പത്തിന്റെ ഉടമയായിരുന്നു. അങ്ങിനെ രാജുവിൻറെ സുഹൃത്തുക്കൾ ഞങ്ങളുടേതും കൂടിയായി (രാംകിയുടെ സുഹൃത്തുക്കളും അങ്ങനെ തന്നെയായിരുന്നു). സുഹൃത്തുക്കൾക്ക് വേണ്ടി – അതിൽ വിദ്യാർഥികളും ഉൾപ്പെടും – എന്തും ചെയ്യാൻ മടിക്കാത്ത ഒരു വ്യക്തിത്വമായിരുന്നു. ഞങ്ങൾക്കെല്ലാം അസൂയ തോന്നുംവിധം അവരെ സൽക്കരിക്കുന്നതും ആദരിക്കുന്നതും തൻറെ ജീവിതാന്ത്യംവരെ തുടർന്നു.

ആരോടും പക വെച്ചുകൊണ്ട് നടക്കില്ല. പറയാനുള്ളത് ഉള്ളു തുറന്നു പറയും. തനിക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുക തന്നെ ചെയ്യും, അതിനു ശ്രമിച്ചു കൊണ്ടേയിരിക്കും.

ഒരുപക്ഷേ പഠനവകുപ്പിൽ ഏറ്റവും അധികം തർക്കിക്കുകയും വഴക്കു കൂടുകയും സ്നേഹിക്കുകയും ചെയ്തിട്ടുള്ളത് ഞാനുമായിട്ടായിരിക്കും. എന്നാൽ ഞങ്ങളുടെ വഴക്കുകൾക്ക് അൽപ്പായുസ്സേ ഉണ്ടാകാറുള്ളൂ. നേരം ഇരുട്ടിവെളുത്താൽ അതെല്ലാം മഞ്ഞുരുകുന്നു പോലെയാകും. കുറച്ചുകാലം സംസാരിക്കാതിരിക്കാൻ വരെ തീരുമാനിച്ച സന്ദർഭങ്ങളുണ്ട്. പക്ഷെ രാജു അതിനു സമ്മതിക്കില്ല. ഹൃദയത്തിൽ ആരോടും വിദ്വേഷവും കൊണ്ട് നടക്കാൻ രാജുവിന് കഴിയില്ല.

പത്തു വർഷങ്ങൾക്കു മുമ്പ് ഞങ്ങളുടെ ചൈന, ദക്ഷിണ കൊറിയ യാത്രയ്ക്കിടയിൽ പഴയകാല ഓർമ്മകൾ അയവിറക്കിയിരുന്നു. അതിലേറെയും തമാശകൾ നിറഞ്ഞ ഞങ്ങളുടെ ഭൂതകാലം ആയിരുന്നു. ഓർത്തോർത്ത് ചിരിക്കാൻ ഉള്ള ഒട്ടേറെ വെടിക്കോപ്പുകൾ ആ നെഞ്ചിൽ കാത്തുസൂക്ഷിച്ചിരുന്നു.

ഔദ്യോഗികജീവിതവും കുടുംബജീവിതവും എന്ന രണ്ട് ദ്വന്ദങ്ങളിൽ കഴിയാൻ രാജു ഒരിക്കലും ആഗ്രഹിച്ചിട്ടുണ്ടായിരിക്കില്ല. ഷേർളിക്കും മനുവിനും തീർച്ചയായും അത് ബോധ്യപ്പെട്ടിട്ടുണ്ടാവണം. അന്യോന്യതയിൽ ഒരു ഭാവുകത്വം സ്വയം ഉണ്ടാക്കിയെടുത്ത ലോകത്താണ് രാജു ജീവിച്ചത്. ഇതിനിടയിൽ സ്വപ്നം കാണാൻ ധാരാളം സമയം കണ്ടെത്തുമായിരുന്നു.



കത്തിച്ച സിഗരറ്റുമായി ഏകാന്തതയിലേക്ക് നോക്കിയിരിക്കുന്നതായി പലർക്കും തോന്നും. വാസ്തവത്തിൽ അപ്പോൾ, ഒരായിരം ചിന്തകളാകും മനസ്സിൽ. അടുക്കിവെക്കാത്ത സ്വപ്നലോകത്ത് കൂടിയുള്ള സഞ്ചാരം മാത്രമായിരുന്നില്ല ആ നിൽപ്പ്. നാളെ എന്ത് ചെയ്യണം, അടുത്ത മിനുട്ടിൽ എന്ത് ചെയ്യണം എന്ന ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും തേടിയുള്ള ചിന്തകളാണ് എന്നും ആ മനസ്സിൽ, എപ്പോഴും ആ നിൽപ്പിൽ.

രാജുവിന് ‘വാസ്തുവിദ്യ’യുടെ രസതന്ത്രം അറിയാം. താൻ കൈവെക്കുന്ന ഇടങ്ങളെല്ലാം തൻറെ ‘രൂപകൽപ്പന’യാൽ ആവിഷ്‌കൃതമാകണമെന്ന ‘ശാഠ്യം’ രാജുവിനുണ്ടായിരുന്നു. അത് രാജ്യാന്തരപഠന വകുപ്പിൻറെ ഭൗതിക/ബൗദ്ധിക ഇടങ്ങളെ രൂപപ്പെടുത്തുന്നതിൽ മാത്രമല്ല വെളിവാക്കപ്പെട്ടതു.

കുടുംബ ബന്ധങ്ങൾ നിലനിർത്തുന്നതിലും സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കുന്നതിലും തന്റെ ‘വാസ്തുവിദ്യ’ പ്രവർത്തിക്കണമെന്ന ചിന്ത രാജുവിനുണ്ടായിരുന്നു. വെണ്ണൂരും കോട്ടയത്തും കാരണവരിൽ കാരണവരാകാൻ തനിക്കൊട്ടും മടിയുമില്ലായിരുന്നു. ജീവിതസഞ്ചാരത്തിൽ കപ്പിത്താൻ ആകുമ്പോഴും തഴയപ്പെട്ടവരുടെയും നിർഗ്ഗതിക്കാരുടെയും ആശ്രയം കൂടിയായിരുന്നു രാജു. അത്തരത്തിൽ പലർക്കും അറിയാത്ത ഒരു രാജു നമ്മോടൊപ്പം ജീവിച്ചുപോയി. പേരിനും പ്രശസ്തിക്കും വേണ്ടി ഒന്നും ചെയ്തിട്ടില്ല. തനിക്കു ആരോടെങ്കിലും ഇഷ്ടക്കേടുണ്ടായെങ്കിൽ – വ്യക്തവും യഥാർത്ഥവുമായ കാരണം കൊണ്ട് – അത് തുറന്നുപറയാനുള്ള ആർജവം രാജു കാണിച്ചിരുന്നു. അതിൻറെ ഭവിഷ്യത്തുകളെക്കുറിച്ച് ചിന്തിക്കാറുമില്ല. തന്റെ ന്യായകോടതിയിൽ വിചാരണയും തീർപ്പുകൽപ്പിക്കലും രാജുവിൻറെതു മാത്രമായിരുന്നു. അദ്ദേഹത്തെ അറിയാവുന്നവർക്ക് അതിൽ അത്ഭുതം ഒന്നുമില്ലായിരുന്നു.

തന്റെ ദില്ലി ജീവിതം വെല്ലുവിളികളും സാധ്യതകളും നിറഞ്ഞതായിരുന്നു എന്ന് പറയാറുണ്ടായിരുന്നു. എന്നാൽ ദില്ലിയിലെ സാദ്ധ്യതകൾ തേടി പോയിട്ടുമില്ല. ഗൃഹാതുരത്തത്വത്തോടെ ദില്ലികാലത്തെക്കുറിച്ച് എപ്പോഴും ഓർക്കുമായിരുന്നു… എങ്കിലും അതിൽ അഭിരമിച്ചുകൊണ്ടു കൊണ്ടാടാൻ രാജുവിന് കഴിയുമായിരുന്നില്ല.

രാജുവില്ലാത്ത കോട്ടയം പലർക്കും വരണ്ടുണങ്ങിയ ഭൂമിയാണ്.
സ്നേഹത്തിൻറെയും സൗഹൃദത്തിന്റെയും സാഹോദര്യത്തിൻറെയും പ്രതീകമായിരുന്ന രാജു ഓർമ്മകളിൽ അണയാതെ നിൽക്കുന്നു.

The cause of the heart’s violent throbbing dawns upon me…
It was your bestirred memory, I now remember vividly.

Dil Dhadakne Ka Sabhab aayaa
Wo teri yaad thi, abyaad aayaa…

പങ്കജ് ഉദാസിൻറെ ഗസൽ ഒഴുകുമ്പോൾ ഹൃദയതാളം ഉയരും, ഓർമകൾക്ക് ഒരായിരം ചിറകുകൾ മുളച്ചത് പോലെ…..