7 മുസ്ലിം മെഡിക്കൽ വിദ്യാർത്ഥിനികൾ തങ്ങൾക്കു ഓപ്പറേഷൻ തിയേറ്ററിൽ ഹിജാബ് ധരിക്കണമെന്നു ആവശ്യപ്പെട്ടു തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികാരികൾക്ക് കത്ത് കൊടുത്തിരിക്കുന്നത്രെ. എന്താല്ലേ ദൈവവിശ്വാസത്തിന്റെ ‘കടന്നു’ കയറ്റം?

സർജറി ടേബിളിൽ ജീവൻ നിലനിർത്താൻ കിടക്കുന്ന മനുഷ്യന്റെ ‘ഇനവും തരവും’ കൂടി ഈ ‘വിശ്വാസി’കൾ അന്വേഷിച്ചു പോകാൻ സാധ്യതയുണ്ട്. ഓരോ അവയവും കയ്യിലെടുത്തു കീറി തുന്നിക്കെട്ടുമ്പോൾ “പടച്ചോനെ ഈ മനുഷ്യനെ രക്ഷിക്കണേ” എന്ന് പ്രാർത്ഥിച്ചാൽ പോരെ സഹൃദയരെ ?

ശാസ്ത്രം പഠിച്ചവർ ശസ്ത്രക്രിയ ചെയ്യുമ്പോൾ രക്തത്തിനും ശരീരാവയവങ്ങൾക്കും എന്ത് മതം? എന്ത് ജാതി? ഇക്കാലമത്രയും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ചു ശസ്ത്രക്രിയാ മുറികളിലെ യൂണിഫോം ധരിച്ച്‌ പണി ചെയ്തവർ എല്ലാം നരകത്തിലേയ്ക്കാനോ പോയത്? ഇവരെല്ലാം കൈകൊണ്ടു തൊട്ട രോഗികളുടെ ശരീരങ്ങൾ മതങ്ങളാൽ തീർക്കപ്പെട്ട എടുപ്പുകളായിരുന്നോ? 

ഹാ കഷ്ടം.

നി‍ർമ്മിത ബുദ്ധി ലോകത്തെ കീഴടക്കികൊണ്ടിരിക്കുന്ന കാലത്താണ് മത ബുദ്ധികേന്ദ്രങ്ങൾ ഇത്തരം മൗലികവാദ ശാഠ്യങ്ങൾക്കു പുതിയ മേച്ചിൽപ്പുറങ്ങൾ തുറന്നിടുന്നത്. ഇത് കേവലം ഏഴ് വിദ്യാർത്ഥിനികളുടെ ആവശ്യമായി മാത്രം കാണാനുള്ള ‘ബുദ്ധി ‘ മാത്രമേ മലയാളികൾക്ക് ഉള്ളോ ?

മനസ്സാണ് ആത്യന്തികമായും മനുഷ്യന്റെ ചോദനകളെ പ്രചോദിപ്പിക്കുന്നതും പ്രലോഭിപ്പിക്കുന്നതും. വസ്ത്രം കേവലം ‘അടയ്ക്കൽ -തുറക്കൽ ‘ പ്രക്രിയകൾക്കപ്പുറം പ്രചോദനത്തിന്റെയും പ്രലോഭനത്തിന്റെയും മാറാല തീർക്കുന്ന ഒരു ഇടം കൂടിയാണ്. ഒരു ഭാഗത്തു കമ്പോളം അത് കൊയ്തെടുക്കുമ്പോൾ, മറുഭാഗത്തു മതമൗലിക വാദം കൊണ്ടാടുന്നു.

ഖുർആൻ നന്നായി വായിച്ചാൽ മനസ്സിലാകുന്നത് വസ്ത്രം മനുഷ്യനെ നിയന്ത്രിക്കുന്നില്ല എന്നാണ്. മനുഷ്യനാണ് വസ്ത്രങ്ങളെ നിയന്ത്രിക്കേണ്ടത് എന്ന് ചുരുക്കം. ഈ നിയന്ത്രണം ആത്യന്തികമായി മനുഷ്യന്റെ സാമൂഹിക നന്മയിലും, വിചാരത്തിലും, വിവേകത്തിലും കൂടി ആവിഷ്‌കൃതമായിരിക്കണം. ഓരോരോ മതങ്ങളും ജാതികളും അവരവരുടെ “നിയന്ത്രണ സംവിധാനങ്ങൾ” ഒരുക്കിയാൽ, നിർബന്ധിച്ചാൽ, പൊതുസമൂഹം പൊതുനന്മ പൊതുബോധം തുടങ്ങിയവ നമുക്കില്ലാതെ വരും. എത്ര തന്നെ നന്മയുള്ളവരായിരുന്നാലും അതിൽ പെട്ടുപോകുന്നവർ സമൂഹത്തിനു മുമ്പിൽ അപഹാസ്യരായിത്തീരും.

അല്ലെങ്കിൽ തന്നെ ഇത്തരം വിഷയങ്ങൾ നന്നായി ചിലവാകുന്ന ഒരു രാഷ്ട്രീയ കാലാവസ്ഥയിൽ ഇതുകൂടി ഒരു ‘സാധ്യത’യുള്ള വില്പനച്ചരക്കാകും.

നന്മബോധമുള്ള മെഡിക്കൽ വിദ്യാർത്ഥിനികൾ ഇത്തരം ബാലിശമായ വാദങ്ങൾ വലിച്ചെറിഞ്ഞു ലോകം കടന്നു പോകുന്ന വെല്ലുവിളികളെ നേരിടുക. വസ്ത്രങ്ങളിൽ കൂടി ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്ന മതമൗലികവാദത്തെ തിരിച്ചറിയുക, പ്രതിരോധിക്കുക.