മാതൃഭൂമി 10 സെപ്റ്റംബർ 2022 ൽ പ്രസിദ്ധീകരിച്ചതിന്റെ പൂർണ രൂപം
പത്തു വർഷങ്ങൾക്കു മുമ്പ് ഒരു ലണ്ടൻ – എക്സിറ്റർ യാത്രയിൽ തൊട്ടടുത്തിരുന്ന സ്കോട്ടിഷ് യുവാവിനോട്–മറ്റു സംഭാഷണ വിഷയങ്ങൾക്കിടയിൽ–ഞാൻ ചോദിച്ചു: “ആധുനിക ജനാധിപത്യ യുഗത്തിൽ എന്തിനാണ് പ്രൗഢഗംഭീരമായ കൊട്ടാരവും രാജ്ഞിയും ചക്രവർത്തി പദവിയും.?”
പുതുസംരംഭക ബിസിനസ്സ്കാരനായ അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. “ചരിത്രം ഏല്പിച്ചുതന്ന പല ബാധ്യതകളും ഞങ്ങൾ നികുതി നൽകി സംരക്ഷിക്കുന്നുണ്ട്. എന്നാൽ എത്രകാലം, എത്രത്തോളം ഈ സംരക്ഷണം തുടരുമെന്ന് ഇപ്പോൾ പറയാനാവില്ല. പല രാഷ്ട്രീയ ചിഹ്നങ്ങളും ഇന്ന് രൂപാന്തരം പ്രാപിക്കുന്നുണ്ട്. ഇത് ബക്കിങ്ഹാം കൊട്ടാരത്തിനും ബാധകമാവാം.”
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ നടന്ന പല സർവ്വേകളിലും ബ്രിട്ടീഷ് ‘ചക്രവർത്തി’ പദവിയോടുള്ള ജനങ്ങളുടെ, പ്രത്യേകിച്ച് പുതു തലമുറയുടെ, ആഭിമുഖ്യം കുറഞ്ഞുവരുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. പൊതുവെ 75 ശതമാനത്തോളം ജനങ്ങൾ ‘രാജാധികാര’ ത്തെ, അതിന്റെ എല്ലാ പരിമിതികളോടും കൂടി അംഗീകരിക്കുമ്പോൾ, 18-24 വയസ്സ് പ്രായമായ യുവാക്കളിൽ കേവലം 33 ശതമാനമേ ഇത്തരമൊരു അധികാര കേന്ദ്രത്തിന്റെ പ്രസക്തിയെ അംഗീകരിക്കുന്നുള്ളൂ എന്നത് വാർത്തയായി. പുതിയ തലമുറയ്ക്ക് ഈ പ്രതീകാത്മകമായ അധികാരരൂപത്തെ തുടർന്നുകൊണ്ടുപോകാൻ താൽപ്പര്യം കുറഞ്ഞുതുടങ്ങി എന്നതിന്റെ സൂചനകൂടിയാവാം സ്കോട്ടിഷ് യുവാവും ഒരു ദശകം മുമ്പ് പങ്കുവെച്ച അഭിപ്രായങ്ങൾ.
എലിസബത്ത് രാജ്ഞി വിടപറയുമ്പോൾ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഒരു വലിയ കാലഘട്ടത്തിലെ സംഘർഷാത്മകവും സംവാദാത്മകവുമായ ഒട്ടേറെ കാര്യങ്ങൾ ബാക്കിവെച്ചാണ് പോകുന്നത്. ബ്രിട്ടനും ഓസ്ട്രേലിയയും കാനഡയും ന്യൂ സിലൻഡും ഉൾപ്പെടുന്ന 15 അംഗ കോമൺവെൽത്ത് മണ്ഡലത്തിന്റെ (Commonwealth Realm) തലപ്പത്തു ഈ ബക്കിങ്ഹാം ‘കിരീടം’ ഇപ്പോഴും തുടരുന്നത് പലരെയും അമ്പരപ്പിച്ചേക്കാം.
56 അംഗ കോമൺവെൽത് രാജ്യങ്ങളിൽ ഇന്ത്യ ഉൾപ്പടെ 36 രാജ്യങ്ങൾ റിപ്പബ്ലിക്കുകളാണ്. ബ്രൂണൈ ഉൾപ്പടെ 5 രാജ്യങ്ങൾക്കു പ്രത്യേകം രാജാക്കന്മാരുണ്ട്. ഈ രാജ്യങ്ങളെല്ലാം ഒരുകാലത്തു ബ്രിട്ടീഷ് കോളനികൾ ആയിരുന്നു. രണ്ടാം ലോകയുദ്ധത്തിന് ശേഷം ഏതാണ്ട് 20 രാജ്യങ്ങൾ സ്വതന്ത്രരായി. ഏറ്റവും ഒടുവിൽ ബാർബഡോസാണ് ‘ബ്രിട്ടീഷ് കിരീട’ത്തിൽ നിന്നും മാറി സ്വതന്ത്ര റിപ്പബ്ലിക്ക് ആയതു. ഇപ്പോൾ ഏതാണ്ട് 151 ദശലക്ഷം ജനങ്ങൾ വസിക്കുന്ന വിവിധരാജ്യങ്ങളുടെ തലപ്പത്തു ഈ കിരീടം ഇപ്പോഴും നിലനിൽക്കുന്നത് ഒരു വിരോധാഭാസമായി തോന്നാം.
“പാർലമെന്റുകളുടെ മാതാവായ” ബ്രിട്ടീഷ് പാർലമെന്റു ‘പരമാധികാരം’ കൈകാര്യം ചെയ്യുന്നത് സങ്കീർണമായ പ്രക്രിയയിലൂടെയാണ്. സ്വന്തമായി ഒരു ലിഖിത ഭരണഘടന ബ്രിട്ടനില്ലെങ്കിലും കീഴ്വഴക്കങ്ങളും വ്യവസ്ഥാപിത നിയമങ്ങളും ചട്ടങ്ങളും കോടതി വിധികളും ഈ ഭരണഘടനാ ബാധ്യത നിറവേറ്റുന്നു. രാഷ്ട്രതലപ്പത്തു ‘രാജ്ഞി/കിരീരം’ അവരോധിക്കപ്പെട്ടിരിക്കുന്നെങ്കിലും പ്രതീകാത്മകമായ അധികാരം മാത്രമേ കൊട്ടാരത്തിനുള്ളൂ. എന്നാൽ നിർണായകമായ പല നിയമങ്ങളും പാർലമെൻറിൽ അവതരിപ്പിക്കുന്നതിനു മുമ്പ് കൊട്ടാരത്തിന്റെ ‘അനുമതി’ തേടുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പറയപ്പെടുന്നു. പ്രത്യേകിച്ച് രാജകുടുംബത്തെ ബാധിക്കാവുന്ന വിഷയങ്ങളിൽ.
എലിസബത്ത് രാജ്ഞിയുടെ നീണ്ട എഴുപതു വർഷങ്ങൾ ഇക്കഴിഞ്ഞ നൂറ്റാണ്ടിലെതന്നെ ഏറ്റവും വലിയ സംഘർഷങ്ങളും യുദ്ധങ്ങളും കണ്ട കാലഘട്ടമാണ്. വിൻസ്റ്റൺ ചർച്ചിലിൽ തുടങ്ങി ബോറിസ് ജോൺസണിൽ അവസാനിച്ച “എലിസബത്തൻ യുഗം” ബ്രിട്ടന്റെ ലോകരാഷ്ട്രീയ ഭൂപടത്തിലുള്ള സ്ഥാനത്തിന് വലിയ ഇളക്കങ്ങൾക്കു സാക്ഷിയാവേണ്ടിവന്നു.
ബ്രിട്ടൺ ഒട്ടേറെ വിവാദങ്ങൾക്കു കാരണമാകുമ്പോഴും ‘കൊട്ടാരം’ പലപ്പോഴും നിശബ്ദമായിരുന്നു. എലിസബത്ത് രാജ്ഞിയുടെ കാലഘട്ടത്തിൽ തന്നെയാണ് ബ്രിട്ടൺ ഫ്രാൻസിനോടും ഇസ്രയേലിനോടും ചേർന്ന് സൂയസ് കനാൽ (1956) ആക്രമിക്കുന്നത്. 1960-കളിലും 1970- കളിലും നിരവധി കോളനികൾ സ്വതന്ത്രമായെങ്കിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ നേരിട്ടും അല്ലാതെയുമുള്ള ആധിപത്യം ലോകരാജ്യങ്ങൾക്കിടയിൽ സംശയങ്ങൾ ഉയർത്തിയിരുന്നു. അമേരിക്കയുടെ ഈ കാലഘട്ടത്തിലെ തന്ത്രപരമായ പല ദൗത്യങ്ങളും ബ്രിട്ടൻ ഏറ്റെടുക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് വിരുദ്ധ സുരക്ഷാ ചേരിയായ സെന്റോയുടെ (CENTO) തലപ്പത്തു ബ്രിട്ടനെ അവരോധിച്ചതു ഇന്ത്യയെയും മറ്റു രാജ്യങ്ങളെയും സോവിയറ്റ് സൗഹൃദത്തിൽ നിന്നും പിന്തിരിപ്പിക്കാൻ കൂടിയായിരുന്നു. അക്കാലത്തു നെഹ്റു പാർലമെൻറിൽ ഇതിനെതിരെ തുറന്നടിച്ചു. മാത്രമല്ല കാശ്മീർ വിഷയത്തിൽ ബ്രിട്ടൻ അമേരിക്കയോടൊപ്പം നിലയുറപ്പിച്ചത് നെഹ്റുവിനെ ചില്ലറയൊന്നുമല്ല ദേഷ്യം പിടിപ്പിച്ചത്.
വിയറ്റ്നാം യുദ്ധം, ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധം, അഫ്ഘാൻ പ്രതിസന്ധി, ഈജിപ്ത്, ഇറാഖ്, സിറിയ, ലിബിയ, തുടങ്ങിയ പശ്ചിമേഷ്യൻ-ഗൾഫ് രാജ്യങ്ങളിലെ സംഘർഷങ്ങൾ, ഫോക്ക്ലാൻഡ്സ് യുദ്ധം, സൗത്ത് ആഫ്രിക്ക, നമീബിയ ഉൾപ്പടെയുള്ള നിരവധി ആഫ്രിക്കൻ രാജ്യങ്ങളിലെ വിമോചന പോരാട്ടങ്ങൾ… ഇതിലെല്ലാം ബ്രിട്ടൻ തികച്ചും പക്ഷപാതപരമായി പെരുമാറിയ കാലഘട്ടം കൂടിയാണ് ‘എലിസബത്തൻ യുഗം.’
രാജ്ഞിക്കു ഇക്കാര്യങ്ങളിൽ ബ്രിട്ടിഷ് സർക്കാരുകളിൽ നിന്നും മറിച്ചൊരു അഭിപ്രായം ഉണ്ടായതായി കേട്ടിട്ടില്ല. താച്ചറുമായി ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസം ഉണ്ടായതായി വാർത്തകൾ ഉണ്ടായിരുന്നെങ്കിലും എലിസബത്ത് രാജ്ഞി പൊതുമണ്ഡലത്തിൽ ഇക്കാര്യങ്ങൾ ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ രാജ്യാന്തര തലത്തിൽ രാഷ്ട്രത്തലവനെന്ന നിലയ്ക്ക് വളരെ ഗൗരവത്തോടെയും പക്വതയോടെയും ഇടപെട്ടിട്ടുണ്ട്. ഏറ്റവും ഒടുവിൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള സമ്മേളനത്തിൽ ഭാവിതലമുറ നേരിടാൻ പോകുന്ന വിപത്തുകളെ കുറിച്ച് അവർ മുന്നറിയിപ്പ് നൽകി.
കൊട്ടാര കുടംബത്തിന്റെ ആസ്തികളെ സംബന്ധിച്ച വാർത്തകൾ ബ്രിട്ടനിൽ പലപ്പോഴും വിവാദങ്ങൾക്കു കാരണമായിട്ടുണ്ട്. ഏതാണ്ട് 500 മില്യൺ ഡോളറിന്റെ സ്വത്തുക്കൾ എലിസബത്ത് രാജ്ഞിയുടെ കുടുംബത്തിനുണ്ടെന്നാണ് വാർത്തകൾ. “ക്രൗൺ എസ്റ്റേറ്റ്” എന്ന് വിളിക്കുന്ന ഈ ആസ്തികൾ വലിയ നിക്ഷേപങ്ങളായും ഭൂസ്വത്തുക്കളായും, ഷെയറുകളായും നിലവിലുണ്ട്. അതുകൊണ്ടു തന്നെ ഈ മേഖലകളെ സംബന്ധിക്കുന്ന നിയമനിർമാണങ്ങൾ നടക്കുമ്പോൾ “കൊട്ടാരം” ഇടപെടാറുണ്ട് എന്ന് ബ്രിട്ടീഷ് പത്രങ്ങൾ എഴുതി. എന്നാൽ രാജ്ഞിയോ മറ്റു കുടുംബാംഗങ്ങളോ ഇത് സംബന്ധിച്ചു പ്രതികരിക്കാറില്ല. കൊട്ടാരത്തിന്റെ ആസ്തികളെ സംബന്ധിച്ചു കൂടുതൽ സുതാര്യത വേണമെന്ന് ഇന്ന് ബ്രിട്ടിനിൽ പൊതുജനാഭിപ്രായം രൂപപ്പെട്ടുവരുന്നുണ്ട്.
എലിസബത്ത് രാജ്ഞിയുടെ കാലഘട്ടത്തിലെ നിർണായകമായ ചുവടുവെപ്പാണ് ബ്രിട്ടന്റെ യൂറോപ്പുമായുള്ള ബന്ധങ്ങളിൽ വരുത്തിയ മാറ്റങ്ങൾ. ബ്രെക്സിറ്റ് ആ അർത്ഥത്തിൽ ഒരു വഴിത്തിരിവാണ്. 2008-ൽ രൂക്ഷമാകാൻ തുടങ്ങിയ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ബ്രെക്സിറ്റ് ഒരു നാടകീയ പര്യവസാനമാണ് സമ്മാനിച്ചത്. വൈരുധ്യങ്ങളുടെ മേൽ വൈരുധ്യങ്ങൾ കെട്ടിപ്പൊക്കിയ ഒരു വലിയ എടുപ്പാണ് ഇന്ന് യൂറോപ്യൻ സാമ്പത്തിക പ്രതിസന്ധി. വംശീയത, കുടിയേറ്റ വിരുദ്ധത, സങ്കുചിത ദേശീയ വാദം, മത മൗലിക വാദം, തീവ്രവാദം തുടങ്ങിയവയെല്ലാം ശക്തി പ്രാപിച്ചിരിക്കുന്ന ഈ നാളുകളിൽ ബ്രിട്ടന് ഏറ്റെടുക്കേണ്ടി വരുന്നതു വലിയ വെല്ലുവിളികളാണ്. മാത്രമല്ല, ആഗോള മൂലധനത്തിന്റെ വ്യത്യസ്ത മേഖലകളിലെ വ്യാപനവും അതു സൃഷ്ട്ടിക്കുന്ന സമ്മർദ്ദങ്ങളും അലോസരങ്ങളും കൂടിവരുന്ന കാലമാണ്. ബ്രിട്ടൻ തന്നെ കഴിഞ്ഞ ഏതാനും മാസങ്ങളിൽ നിരവധി ദേശീയ പണിമുടക്കുകൾ കണ്ടു.
ഓരോ പ്രതിസന്ധിയെയും പുതിയ അവസരങ്ങളായി രൂപാന്തരപ്പെടുത്താൻ ആഗോളസാമ്പത്തിക ശക്തികൾക്കു കഴിയുമെന്ന് വീമ്പു പറച്ചിൽ നടത്തുന്നെങ്കിലും തൊഴിലിനേയും തൊഴിലാളി വർഗത്തെയും തന്ത്രപരമായി കീഴടക്കാനും സ്വാംശീകരിക്കാനും അത്ര എളുപ്പത്തിൽ കഴിയുകയില്ല എന്ന് പല യൂറോപ്യൻ രാജ്യങ്ങളിലെയും ജനകീയ മുന്നേറ്റങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. താച്ചറിന് ശേഷം തീവ്ര വലതുപക്ഷ മനസ്സുമായി അധികാരത്തിൽ വരുന്ന ലിസ് ട്രസ് എന്ത് ചെയ്യുന്നു എന്നത് ലോകം കൗതുകത്തോടെ നോക്കുകയാണ്. ഇക്കാര്യത്തിൽ നിയുക്ത ചാൾസ് രാജാവിനു പ്രത്യേകിച്ച് ഒന്നും ചെയ്യാനുമില്ല എന്നതാണ് സത്യം.