മലബാർ ജേർണൽ, 1 മാർച്ച് 2026

 

ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി ആരംഭിച്ച ആക്രമണങ്ങൾ  പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും അപകടകരമായ ഒരു ഘട്ടത്തിലേക്ക് പശ്ചിമേഷ്യയെ കൊണ്ടെത്തിച്ചിരിക്കുന്നു.   ആണവനിയന്ത്രണം എന്ന പ്രഖ്യാപിതലക്ഷ്യത്തോടെ ആരംഭിച്ച ഈ സൈനികനീക്കം, ഇപ്പോൾ അതിനേക്കാൾ ഗുരുതരമായ മറ്റൊരു തലത്തിലേക്ക് – ഒരു രാഷ്ട്രത്തിന്റെ നിലനില്പിനെത്തന്നെ  തകർക്കുന്ന നടപടികളിലേക്ക് — കടന്നിരിക്കുന്നു.

ഇറാന്റെ പരമോന്നതനേതാവ് ആയത്തുള്ള അലിഖമനേയി, മുതിർന്ന സൈനികമേധാവികൾ, രഹസ്യാന്വേഷണഉദ്യോഗസ്ഥർ എന്നിവരുടെ വധം സൂചിപ്പിക്കുന്നത് കേവലം സമ്മർദ്ദതന്ത്രങ്ങളിൽനിന്ന് നേരിട്ടുള്ള രാഷ്ട്രീയഇടപെടലുകളിലേക്ക് ഈ നീക്കം മാറിയിരിക്കുന്നു എന്നാണ്. ഇറാന്റെ ആണവനിയന്ത്രണം എന്ന പേരിൽ നടന്ന ചർച്ചകൾ വെറും പ്രഹസനമായിരുന്നു എന്ന് തുടർന്നുള്ള സംഭവങ്ങൾ തെളിയിച്ചു. നിലവിലെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്, സൈനികശക്തി ഉപയോഗിച്ച് ഒരു വലിയ സുരക്ഷാപ്രതിസന്ധി സൃഷ്ടിക്കപ്പെട്ടുവെങ്കിലും ഒരു രാഷ്ട്രീയപരിഹാരം മുന്നോട്ടുവെക്കാൻ ഈ നീക്കങ്ങൾക്ക് സാധിക്കുന്നില്ല എന്നതാണ്.

യുദ്ധത്തിന്റെ വ്യാപനം മേഖലയിലുടനീളം ഇതിനോടകം തന്നെ ഗുരുതരമായി തുടരുന്നു. ഇസ്രായേൽ ഭൂപ്രദേശങ്ങൾ ലക്ഷ്യമാക്കിയുള്ള മിസൈൽ ആക്രമണങ്ങളും ഗൾഫ് മേഖലയിലെ യു.എസ് സൈനികകേന്ദ്രങ്ങൾക്കെതിരെയുള്ള നീക്കങ്ങളും ഉൾപ്പെട്ടതാണ് ഇറാന്റെ പ്രത്യാക്രമണങ്ങൾ. ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, യു.എ.ഇ, ഒമാൻ, ഇറാക്ക്  എന്നിവിടങ്ങളിലെ സൈനികതാവളങ്ങൾ ആക്രമണങ്ങളോ ഭീഷണികളോ നേരിടുന്നുണ്ട്. യുദ്ധക്കളത്തെ സ്വന്തം അതിർത്തികൾക്ക് പുറത്തേക്ക് വ്യാപിപ്പിക്കുക എന്ന ഇറാന്റെ ദീർഘകാല തന്ത്രമാണ് ഇതിലൂടെകാണുന്നത്. ഷിയാക്കളുടെ ആത്മീയനേതാവിന്റെ വധം – അതും പുണ്യറംസാൻ മാസത്തിൽ – സൃഷ്ട്ടിക്കുന്ന ആശങ്കകളും പ്രതികരണങ്ങളും മേഖലാഅതിർത്തികൾ കടന്നുപോകുന്നു. കറാച്ചിയിലെ യു.എസ് കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണം ഈ സംഘർഷത്തിന്റെ ആശങ്കാജനകമായ വ്യാപനത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് ദക്ഷിണേഷ്യയെപ്പോലും സമ്മർദ്ദത്തിലാക്കുന്നു.  ഇറാഖിലാകട്ടെ, ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകൾ വീണ്ടും സജീവമായതോടെ രാജ്യം മറ്റൊരു നിഴൽയുദ്ധത്തിലേക്ക് വഴുതിവീഴുമോ എന്ന ഭീതി വർധിച്ചിരിക്കുന്നു. പശ്ചിമേഷ്യയിലുടനീളമുള്ള നയതന്ത്ര കാര്യാലയങ്ങൾ അതീവ ജാഗ്രതയിലാണ് പ്രവർത്തിക്കുന്നത്.

ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുന്നത് തടയാൻ ഇത്തരമൊരു നീക്കം അനിവാര്യമാണെന്നാണ് അമേരിക്കയും ഇസ്രയേലും വാദിക്കുന്നത്. എന്നാൽ, ആഗോള ആണവ ക്രമത്തെക്കുറിച്ചുള്ള സന്ദർഭോചിതമല്ലാത്തതും പക്ഷപാതപരവുമായ നിലപാടിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വാദം. അമേരിക്കയുടെ പക്കൽ ആയിരക്കണക്കിന് ആണവായുധങ്ങളുണ്ട്. ഇസ്രായേലിന്റെ വെളിപ്പെടുത്താത്ത ആണവശേഖരമാകട്ടെ ‘ആണവായുധ വ്യാപന നിരോധന കരാറിന്റെ’ (NPT) പരിശോധനകൾക്ക് പുറത്തുമാണ്. ഇതിനുപുറമെ, അമേരിക്കയുടെ പല സഖ്യരാഷ്ട്രങ്ങളും തങ്ങളുടെ ആണവശേഷി ആധുനികവൽക്കരിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ, സമാധാനപരമായ ആവശ്യങ്ങൾക്കെന്ന് അവകാശപ്പെടുമ്പോഴും ആണവസാങ്കേതികവിദ്യ കൈവരിക്കാൻ ശ്രമിക്കുന്നതിന്റെ പേരിൽ ഇറാനെ മാത്രം ശിക്ഷിക്കുന്നത് അന്താരാഷ്ട്രമാനദണ്ഡങ്ങളുടെ സംരക്ഷണമല്ല, മറിച്ച് തന്ത്രപരമായ ആധിപത്യം  ഉറപ്പിക്കൽ മാത്രമാണ്. ആണവപ്രശ്നം എന്നത് ഇവിടെ ഒരു ഭൗമരാഷ്ട്രീയ ആയുധമായി ഉപയോഗിക്കപ്പെട്ടിരിക്കുന്നു. നേരത്തെ ഇറാഖിലും ഇതുതന്നെയാണ് സംഭവിച്ചത്. ആണവവ്യാപനം തടയുന്നതിനേക്കാൾ സൈനികനീക്കങ്ങളെ ന്യായീകരിക്കാനും സൗഹൃദമല്ലാത്ത രാജ്യങ്ങളിൽ ഭരണകൂടമാറ്റം ഉറപ്പാക്കാനുമാണ് ഇത്തരം ആക്രമണങ്ങൾ അമേരിക്കയും ഇസ്രയേലും അഴിച്ചുവിടുന്നത്. 

അമേരിക്കയിലെയും ഇസ്രയേലിലെയും ആഭ്യന്തരരാഷ്ട്രീയ താല്പര്യങ്ങൾ ഈ മാറ്റത്തിന് നിദാനമാണ്. ഡൊണാൾഡ് ട്രംപിനും ബെഞ്ചമിൻ നെതന്യാഹുവിനും, ഇറാാനെ ഒരു ‘അസ്തിത്വ ഭീഷണി’യായി ചിത്രീകരിക്കുന്നത് തങ്ങളുടെ ആഭ്യന്തരവെല്ലുവിളികൾക്കിടയിൽ ഒരു ഏകീകൃത ആഖ്യാനം കെട്ടിപ്പടുക്കാൻ വേണ്ടിത്തന്നെയാണ്. സങ്കീർണ്ണമായ ഭൗമരാഷ്ട്രീയതർക്കങ്ങളെ ‘നാഗരികതയുടെ സംരക്ഷണം’ എന്ന നിലയിൽ അവതരിപ്പിക്കുന്നത് അവയെ ലളിതമായ ശരിതെറ്റുകളായി മാറ്റാൻ സഹായിക്കുന്നു. പക്ഷെ ഈ വാചാടോപങ്ങൾക്കപ്പുറം ‘ഭരണകൂട മാറ്റം’ (regime change) എന്ന പ്രകടമായ ലക്ഷ്യമാണുള്ളത്. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സൈനികപശ്ചാത്തലസൗകര്യങ്ങളെ മാത്രമല്ല, അതിന്റെ നേതൃത്വപരമായ അടിത്തറയെത്തന്നെയാണ് ഈ ആക്രമണങ്ങൾ ലക്ഷ്യം വെക്കുന്നത്. സ്വന്തം സർക്കാരിനെതിരെ ശബ്ദമുയർത്താൻ ഇറാനിയൻ ജനതയെ പ്രേരിപ്പിക്കുന്ന പരസ്യമായ ആഹ്വാനങ്ങൾ ഈ രാഷ്ട്രീയ ലക്ഷ്യത്തെ കൂടുതൽ വ്യക്തമാക്കുന്നു.

ഖൊമേനിയുടെ മരണവാർത്ത പുറത്തുവന്നതോടെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങി ആഘോഷിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ദശകങ്ങളായി കർശനമായ മതനിയമങ്ങൾക്കും സാമ്പത്തിക ഉപരോധങ്ങൾക്കും കീഴിൽ വീർപ്പുമുട്ടുന്ന ഒരു വിഭാഗം ജനത ഈ മാറ്റത്തെ വ്യത്യസ്തമായാണ് കാണുന്നത്. ചിലയിടങ്ങളിൽ സ്ത്രീകൾ തങ്ങളുടെ ബുർഖകൾ വലിച്ചെറിഞ്ഞ് ഈ മാറ്റത്തെ ആഘോഷിക്കുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. വർഷങ്ങളായി തുടരുന്ന ‘വിമൻ, ലൈഫ്, ഫ്രീഡം’ എന്ന വിപ്ലവത്തിന്റെ തുടർച്ചയായാണ് പലരും ഇതിനെ കാണുന്നത്. എന്നാൽ ഇറാന്റെ രാഷ്ട്രീയ-സാമൂഹിക ജീവിതത്തിൽ പെട്ടെന്നൊരു മാറ്റം പ്രവചിക്കുക അസാധ്യമാണ്. ഖൊമേനിയുടെ മരണത്തോടെ രൂപീകൃതമായ താൽക്കാലിക നേതൃത്വ കൗൺസിലും വരാനിരിക്കുന്ന ഭരണസംവിധാനവും ജനങ്ങൾക്ക് എന്ത് വാഗ്ദാനം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇറാന്റെ ഭാവി. മതപരമായ യാഥാസ്ഥിതികത്വവും സൈനിക മേധാവിത്വവും ഇനിയും വേരൂന്നിനിൽക്കുന്ന ഒരു വ്യവസ്ഥിതിയിൽ, യഥാർത്ഥ ജനാധിപത്യം എത്രത്തോളം സാധ്യമാകുമെന്നത് കണ്ടറിയണം.

ഭരണകൂടമാറ്റം എന്നത് പ്രായോഗികമായ മറ്റൊരു ബദൽ സംവിധാനം നിലവിലുണ്ട് എന്ന മുൻധാരണയെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ അത്തരമൊന്ന് നിലവിൽ ദൃശ്യമല്ല. വിദേശത്തുള്ള പ്രതിപക്ഷശക്തികൾക്ക് ഇറാന്റെ ആഭ്യന്തരതലത്തിൽ സംഘടനാപരമായ സ്വാധീനമില്ല. തീവ്രമായ ആഭ്യന്തര വിയോജിപ്പുകൾ നിലനിൽക്കുമ്പോഴും, ഇറാന്റെ രാഷ്ട്രീയവ്യവസ്ഥ ശക്തമായ അടിച്ചമർത്തൽ സംവിധാനങ്ങളെ  നിലനിർത്തുന്നുണ്ട്. ഇറാന്റെ സമ്പദ്‌വ്യവസ്ഥയിലും സുരക്ഷാ സംവിധാനങ്ങളിലും പ്രത്യയശാസ്ത്ര അടിത്തറയിലും ‘റെവല്യൂഷണറി ഗാർഡ്’ ആഴ്ന്നിറങ്ങിയിട്ടുണ്ട്. ബാഹ്യആക്രമണങ്ങൾ ഈ വിഭാഗത്തെ ദുർബലപ്പെടുത്തുന്നതിന് പകരം അവയുടെ സ്വാധീനം വർധിപ്പിക്കാനാണ് സാധ്യത. വിദേശ സൈനിക സമ്മർദ്ദങ്ങൾ, സ്വന്തം സർക്കാരിനോട് വിയോജിപ്പുള്ള ജനവിഭാഗങ്ങൾക്കിടയിൽപ്പോലും പലപ്പോഴും ദേശീയ വികാരം ശക്തിപ്പെടുത്താനാണ് ഉപകരിച്ചിട്ടുള്ളതെന്ന് ചരിത്രപരമായ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ആക്രമണങ്ങൾക്കു ശേഷമുള്ള സാഹചര്യങ്ങൾ ഈ സാധ്യതയെ ശരിവെക്കുന്നതാണ്. വധിക്കപ്പെട്ട നേതാവിനോടുള്ള ആദരസൂചകമായും വിദേശ ഇടപെടലുകളെ അപലപിച്ചുകൊണ്ടും ഇറാനിൽ നടന്ന പ്രകടനങ്ങൾ, ഈ ആക്രമണം അപ്രതീക്ഷിതമായി ഭരണകൂടത്തിന്റെ പ്രതീകാത്മകമായ സാധുതയെ (symbolic legitimacy) വർധിപ്പിച്ചേക്കാം എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. പലപ്പോഴും ഏകാധിപത്യ സ്വഭാവമുള്ള ഭരണകൂടങ്ങൾ ഇത്തരം ബാഹ്യസംഘർഷങ്ങളെ അതിജീവനത്തിനുള്ള കരുത്താക്കി മാറ്റാറുണ്ട്. ഭൗമരാഷ്ട്രീയതർക്കങ്ങളെ അവർ രാഷ്ട്രത്തിന്റെ നിലനിൽപ്പിനായുള്ള പോരാട്ടമെന്ന നിലയിൽ പുനർവ്യാഖ്യാനം ചെയ്യുന്നു. ഈ അർത്ഥത്തിൽ, യുദ്ധം അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾക്ക് വിപരീതമായ ഫലങ്ങളായിരിക്കും ഉളവാക്കുക.

യുദ്ധത്തിന്റെ ഭൗമരാഷ്ട്രീയപ്രത്യാഘാതങ്ങൾ ഇറാന്റെ അതിരുകൾക്കപ്പുറത്തേക്ക് വ്യാപിക്കുന്നുണ്ട്. ആഗോള ഊർജ്ജ വിതരണശൃംഖലയിലെ ഏറ്റവും നിർണ്ണായകമായ പാതയായി ഹോർമുസ് കടലിടുക്ക് (Strait of Hormuz) ഇപ്പോഴും സംഘര്ഷഭരിതമായി തുടരുന്നു. ഇവിടെയുണ്ടാകുന്ന ദീർഘകാല തടസ്സങ്ങൾ എണ്ണ വിപണികളെ ഉലയ്ക്കുകയും ഏഷ്യയിലെയും യൂറോപ്പിലെയും സമ്പദ്‌വ്യവസ്ഥകളെ അസ്ഥിരപ്പെടുത്തുകയും ചെയ്യും. സുസ്ഥിരമായ സമുദ്ര വ്യാപാരത്തെ ആശ്രയിച്ചു കഴിയുന്ന ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ ഒരു വലിയ വെല്ലുവിളിയാണ് നേരിടുന്നത്. അവർ അമേരിക്കൻ സൈനിക താവളങ്ങൾക്ക് ആതിഥ്യമരുളുമ്പോഴും, ആ സാന്നിധ്യം ക്ഷണിച്ചുവരുത്തിയേക്കാവുന്ന സംഘർഷങ്ങൾ  ഭയപ്പെടുന്നു. ഗൾഫിൽ കഴിയുന്ന ദശലക്ഷക്കണക്കിന് വരുന്ന ദക്ഷിണേഷ്യൻ പ്രവാസികളെ സംബന്ധിച്ചിടത്തോളം, നീണ്ടുനിൽക്കുന്ന സംഘർഷങ്ങൾ അവരുടെ തൊഴിലിനും സുരക്ഷയ്ക്കും ഭീഷണിയാകുന്നു. ഇത് പശ്ചിമേഷ്യയ്ക്ക് പുറത്തുള്ള ലക്ഷക്കണക്കിന് കുടുംബങ്ങളുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന വിദേശപ്പണത്തിന്റെ ഒഴുക്കിനെയും തടസ്സപ്പെടുത്തിയേക്കാം.

അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ പ്രകടമായ ലംഘനമാണ് അമേരിക്കയും ഇസ്രയേലും നടത്തിയിട്ടുള്ളത്. നിലവിലുള്ള നയതന്ത്ര മാർഗങ്ങളെ അവഗണിച്ചുകൊണ്ടും അന്താരാഷ്ട്ര അംഗീകാരമില്ലാതെയുമാണ് ഈ ആക്രമണങ്ങൾ നടന്നത്. കേവലം ഭീഷണികൾ മുൻകൂട്ടി കണ്ടുകൊണ്ടുള്ള (preventive military action) ഇത്തരം സൈനികനടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെ നിലവിൽത്തന്നെ ദുർബലമായ പദവിയെ കൂടുതൽ ക്ഷയിപ്പിക്കുന്നു. ശക്തരായ രാഷ്ട്രങ്ങൾ തങ്ങൾതന്നെ രൂപപ്പെടുത്തിയ നിയമങ്ങളെ മറികടക്കുമ്പോൾ, ആഗോള ക്രമത്തിന്റെ വിശ്വാസ്യതയാണ് തകരുന്നത്. 

സുരക്ഷാവീക്ഷണകോണിൽ നിന്നും നോക്കിയാൽ, ഈ സംഘർഷം  നിർണ്ണായകമായ മാറ്റങ്ങൾക്കു കാരണമായേക്കും. സാങ്കേതികമായി, പ്രത്യേകിച്ച് വ്യോമശക്തിയിലും രഹസ്യാന്വേഷണത്തിലും അമേരിക്കയ്ക്കും ഇസ്രായേലിനും ശക്തമായ മേധാവിത്വമുണ്ട്. എന്നാൽ, ഇറാൻ തങ്ങളുടെ തന്ത്രങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത് കേവലം സൈനിക ശേഷിയിൽ മാത്രമല്ല. ദീർഘകാലാടിസ്ഥാനത്തിലുള്ള അതിജീവനത്തിലാണ് അവർ ശ്രദ്ധ കൊടുക്കുന്നത്. വർഷങ്ങൾ നീണ്ട ഇറാൻ-ഇറാക്ക് യുദ്ധം ഒരുദാഹരണം.   ഇറാന്റെ മിസൈൽ സംവിധാനങ്ങൾക്കും, സമുദ്രഗതാഗതം തടസ്സപ്പെടുത്താനുള്ള ശേഷിക്കും പ്രാദേശിക പങ്കാളികളുടെ ശൃംഖലയ്ക്കും ശത്രുക്കൾക്ക് തുടർച്ചയായ ആഘാതങ്ങൾ ഏൽപ്പിക്കാൻ സാധിക്കും. ഈ സങ്കീർണമായ സൈനികാന്തരീക്ഷം സൂചിപ്പിക്കുന്നത് യുദ്ധം പെട്ടെന്നുള്ള ഒരു വിജയത്തിലവസാനിക്കുന്നതിന് പകരം ദീർഘകാലം നീണ്ടുനിൽക്കുന്ന ഒരു സംഘർഷമായി മാറുമെന്നാണ്.

അങ്ങേയറ്റം ഗുരുതരമായ പ്രത്യാഘാതങ്ങൾ നിറഞ്ഞതാണ് ഇപ്പോഴത്തെ യുദ്ധസാഹചര്യം. നീണ്ടുനിൽക്കുന്ന ഒരു സംഘർഷം ആഗോള ഊർജ്ജ വിപണികളെ സമ്മർദ്ദത്തിലാക്കുകയും, വിഭാഗീയതകൾ വർധിപ്പിക്കുകയും, യെമൻ മുതൽ ഇറാഖ് വരെയുള്ള പ്രദേശങ്ങളിൽ നിഴൽയുദ്ധങ്ങൾ വ്യാപിക്കാൻ കാരണമാവുകയും ചെയ്യും. ഇത് നിലവിലുള്ള ഭൗമരാഷ്ട്രീയ സാഹചര്യങ്ങളെ മാറ്റിമറിക്കും. ഇറാനെ ചൈനയുമായും റഷ്യയുമായും കൂടുതൽ അടുപ്പിക്കാൻ പ്രേരിപ്പിക്കുകയും, മേഖലയിലെ മറ്റു ശക്തികളെ തങ്ങളുടെ സുരക്ഷാ തന്ത്രങ്ങൾ പുനർവിചിന്തനം ചെയ്യാൻ നിർബന്ധിതരാക്കുകയും ചെയ്യും. ആ  അർത്ഥത്തിൽ, ഈ യുദ്ധം പശ്ചിമേഷ്യയിലുടനീളം സുരക്ഷാ സമവാക്യങ്ങളുടെ മാറ്റങ്ങൾക്ക്  വഴിമരുന്നിടുന്ന ഒന്നാണ്.

നിലവിലെ പ്രതിസന്ധിയുടെ ഏറ്റവും ആശങ്കാജനകമായ കാര്യം വിശ്വസനീയമായ ഒരു രാഷ്ട്രീയ പരിഹാരത്തിന്റെ അഭാവമാണ്. യുദ്ധാനന്തര സ്ഥിരതയെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടിനേക്കാൾ, അടിയന്തരമായ തന്ത്രപരമായ നേട്ടങ്ങൾ ലക്ഷ്യം വെച്ചാണ് സൈനിക നീക്കങ്ങൾ നടക്കുന്നത്. ‘ഭരണകൂട മാറ്റമാണ്’ ലക്ഷ്യമെങ്കിൽ, അതിലേക്കുള്ള കൃത്യമായ ഒരു പദ്ധതി നിലവിലില്ല. ‘മുൻകൂട്ടിയുള്ള പ്രതിരോധമാണ്’ (deterrence) ഉദ്ദേശിക്കുന്നതെങ്കിൽ, സംഘർഷം വർധിപ്പിക്കുന്നത് വിപരീതഫലമായിരിക്കും ഉണ്ടാക്കുക. ഇറാന്റെ പ്രാദേശിക സ്വാധീനം കുറയ്ക്കുക എന്നതാണ് ലക്ഷ്യമെങ്കിൽ, ഈ ആക്രമണങ്ങൾ സൃഷ്ടിക്കുന്ന സങ്കീർണത ഇല്ലാതാക്കാൻ ശ്രമിക്കുന്ന അതേ സായുധഗ്രൂപ്പുകളെ (non-state actors) കൂടുതൽ ശക്തരാക്കാൻ മാത്രമേ സഹായിക്കൂ.

ചരിത്രം നൽകുന്നത് സങ്കീർണമായ രാജ്യാന്തര പാഠങ്ങളാണ്. ഇറാഖ് അധിനിവേശം വാഗ്ദാനം ചെയ്തത് സുസ്ഥിരതയായിരുന്നുവെങ്കിലും, ഫലത്തിൽ അത് പതിറ്റാണ്ടുകൾ നീണ്ടുനിന്ന ശിഥിലീകരണമാണ് ഉണ്ടാക്കിയത്. ഇറാഖിലും അഫ്ഘാനിസ്ഥാനിലും ലിബിയയിലുമെല്ലാം ഇത് സംഭവിച്ചു. സൈനിക ശക്തിക്ക് ഭരണസംവിധാനങ്ങളെ പുനർനിർമ്മിക്കുന്നതിനേക്കാൾ വേഗത്തിൽ അവയെ തകർക്കാൻ സാധിക്കും. ഇറാനെതിരെയുള്ള ഇപ്പോഴത്തെ ആക്രമണം, സംഘർഷങ്ങളും സാമ്പത്തിക അനിശ്ചിതത്വങ്ങളും കൊണ്ട് ഇതിനകം തന്നെ വലയുന്ന ഒരു മേഖലയെ കൂടുതൽ അസ്ഥിരപ്പെടുത്തിക്കൊണ്ട് അതേ ചരിത്രം ആവർത്തിക്കാനല്ല സാധ്യതയാണ് വർദ്ധിപ്പിക്കുന്നത്. 

പശ്ചിമേഷ്യ ഇപ്പോൾ ഒരു നിർണ്ണായക ഘട്ടത്തിലാണ്. നീണ്ടുനിൽക്കുന്ന സംഘർഷങ്ങൾക്കും, ഊർജ്ജ പ്രതിസന്ധികൾക്കും പടരുന്ന നിഴൽയുദ്ധങ്ങൾക്കുമാണ് ഇപ്പോഴത്തെ യുദ്ധം കാരണമാകുന്നത്. അതേസമയം  പക്ഷപാതപരമായ ആക്രമണങ്ങൾക്കും അടിച്ചേൽപ്പിക്കലുകൾക്കും  പകരം കൃത്യമായ മാനദണ്ഡങ്ങളിൽ അധിഷ്ഠിതമായ നയതന്ത്രത്തിലേക്കുള്ള തിരിച്ചുവരവാണ് ലോകം ആവശ്യപ്പെടുന്നത്. വരും നാളുകളിൽ  മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ പ്രധാനമാകുന്നത് പക്വതയാർന്ന നയതന്ത്രമായിരിക്കും. എന്നാൽ തീവ്രവലതുപക്ഷത്തുനിന്നും ആക്രമണങ്ങളും യുദ്ധങ്ങളും കൊണ്ടാടുന്ന ട്രംപും നെതന്യാഹുവും മറിച്ചൊരു ലോകക്രമത്തിന്റെ വക്താക്കളാകുമെന്നു കരുതുന്നത് മൗഢ്യമായിരിക്കും.