“ഉരുകി, രാത്രിയോട് രാഗങ്ങള്‍ പാടുന്ന
പാഞ്ഞൊഴുകുന്ന ഒരരുവിയാകുക.
അത്യധികമായ ഹൃദയ മൃദുലതയുടെ
വേദനയറിയുക.
സ്നേഹത്തെക്കുറിച്ചുള്ള നിങ്ങളുടെ
സ്വന്തം ധാരണയാല്‍ മുറിവേല്ക്കുക.”
(ഖലില്‍ ജിബ്രാന്‍)
എല്ലാ രാവുകളും കാത്തിരിപ്പിന്റേതാണ്.
വെളിച്ചം അടർന്നുവീഴാൻ തുടങ്ങുമ്പോൾ
ഓരോ കാത്തിരിപ്പും പ്രതീക്ഷകളുടെ വാതിൽ തുറക്കും.
എന്നാൽ, അന്ന് രാവുകൾക്കുള്ള താക്കീതുകൂടിയായിരുന്നു.
26 ജൂൺ 2011, പുലർച്ചെ അഞ്ചു മണി
ഉമ്മയുടെ വിയോഗം ഒരു വലിയ അറിവിന്റെ വെളിച്ചം കൂടിയായിരുന്നു.
ജീവിതം തുന്നിക്കെട്ടാൻ “നല്ലൊരു തയ്യൽക്കാരി” തന്നെ വേണമത്രേ !
അനാഥത്വം അറിയിക്കാതെ, പട്ടിണിയിലേക്കുള്ള പാലം പണിയാതെ
രാവും പകലും മുന്നറിയിപ്പുകൾ നൽകിക്കൊണ്ടിരുന്നു,
ഓരോ തയ്യലുകൾക്കിടയിലും.
ജീവിതം അദ്ധ്വാനം തന്നെയാണ്,
ഒരു ശമ്പളവുമില്ലാത്ത അദ്ധ്വാനം !
വാക്കുകൾക്ക് എപ്പോഴും തിരിച്ചറിവിന്റെ സ്വരം തന്നെയായിരുന്നു.
അവയ്ക്കു മൂർച്ച കൂടുമ്പോൾ ജീവിതമെന്ന താക്കീതുകളായി ഞങ്ങളെ പിന്തുടർന്നു.
ജീവിതം അദ്ധ്വാനമാണ്,
ശമ്പളമില്ല, അവധിയില്ല, ഒരിടക്കാലാശ്വാസവുമില്ല.
യൗവനത്തിൽ നഷ്ടപ്പെട്ട എല്ലാ ആഗ്രഹങ്ങളും, സ്വപ്നങ്ങളും ആരെയും അറിയിച്ചില്ല.
ജീവിതം തുന്നികെട്ടികൊണ്ടിരുന്ന ആ കരങ്ങളിൽ നാലു ജീവിതങ്ങളുടെ ബാല്യം, യൗവനം.
ആരറിയാൻ, ആ അദ്ധ്വാനം എത്ര വിലപ്പെട്ടതായിരുന്നു എന്ന്.
സഹാനുഭൂതി ആ തയ്യൽക്കാരിക്ക് അന്യമായിരുന്നില്ല
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും സമയമില്ലാതിരുന്ന ഒരു തുന്നൽപണി.
ഇതിനിടയിൽ തുന്നിക്കൊടുത്ത ജീവിതങ്ങൾ നിരവധി.
കൂലിയില്ലാത്ത ആ അദ്ധ്വാനം ജീവിതാന്ത്യം വരെ.
രോഗങ്ങൾ ജീവിതയാത്രക്കിടയിലെ സന്തതസഹചാരികൾ.
ഓരോ വേദനയും സഹിഷ്ണതയുടെ കിടക്കയിൽ ഉറക്കി.
ജീവിതയാത്രക്കിടയിൽ നഷ്ടങ്ങളുടെ കണക്കുപുസ്തകം സൂക്ഷിച്ചില്ല.
ജീവിതത്തിന്റെ നേർരേഖ സ്വയം കണ്ടെത്തണമെന്ന തിരിച്ചറിവ് നല്കിക്കൊണ്ടിരുന്നു.
ആരോടും പരിഭവമില്ലാതെ ആ യാത്ര അവസാനിച്ചു.
ആശുപത്രിയിലേക്കു പോകുന്നതിന്റെ തലേന്നാൾ മുതുകത്തു തടവുമ്പോൾ
വേദന നന്നായി കടിച്ചിറക്കുന്നുണ്ടായിരുന്നു.
ജീവിതത്തിന്റെ വില കാപട്യങ്ങളിൽ കെട്ടിപ്പൊക്കിയ എടുപ്പുകൾ അല്ലെന്നു ബോധ്യപ്പെട്ട ദിനങ്ങൾ.
വാക്കുകൾക്ക് സൂക്ഷമത വേണമെന്ന് ഓർമപ്പെടുത്തിയ നാളുകൾ.
ജീവിതത്തിനു ഒരു എളിമ കൂടി വേണ്ടിവരുമെന്ന് താക്കീതു നൽകിയ നിമിഷങ്ങൾ.
പറച്ചിലിനും പെരുമയ്ക്കും അതിരുകൾ ഉണ്ടെന്നു അടയാളപ്പെടുത്തിയ ഒരു തുന്നൽ ജീവിതം.
“സ്നേഹത്തെക്കുറിച്ചുള്ള സ്വന്തം ധാരണയാല്‍” മുറിവേൽക്കാൻ തയ്യാറാവണമെന്ന
സന്ദേശം ബാക്കിവെച്ചുപോയ ആ രാവിന്റെ താക്കീതു.
“ഉരുകി, രാത്രിയോട് രാഗങ്ങള്‍ പാടുന്ന
പാഞ്ഞൊഴുകുന്ന ഒരരുവിയാകുക” എന്ന സ്‌നേഹഗീതം ആരുമറിയാതെ
ബാക്കിവെച്ചു പോയ ഒരു തുന്നൽ ജീവിതം.
Share This Story!
3 Comments
Comments are closed.
എത്രയും ഹൃദയസ്പർശി, ദൂരെ നിന്നു മാത്രമേ കുട്ടീമ്മായെ അറിയുമായിരുന്നെങ്കിൽക്കൂടി.
Subtle expression of lofty sentiments.
Thanks Shaky