മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചത് (മാർച്ച് 5, 2026)
കഴിഞ്ഞ അരനൂറ്റാണ്ടിനിടയിലെ ഏറ്റവും അപകടകരമായ ഒരു ഘട്ടത്തിലൂടെയാണ് പശ്ചിമേഷ്യ കടന്നുപോകുന്നത്. ഇറാനുമായുള്ള നയതന്ത്രചർച്ചകൾ ഈ ആഴ്ച പുനരാരംഭിക്കാനിരിക്കെയാണ് അമേരിക്കയും ഇസ്രായേലും ഇറാനുനേരെ അപ്രതീക്ഷിതമായ ആക്രമണങ്ങൾ നടത്തിയത്. ഇറാൻ ഇനി എന്ത് ചെയ്യും എന്നതിനേക്കാൾ, പശ്ചിമേഷ്യ ഇനി എന്തായിത്തീരും എന്നതാണ് ഏവരെയും അലട്ടുന്ന ചോദ്യം.
അമേരിക്കയും ഇസ്രയേലും ലക്ഷ്യമിടുന്ന ഭരണകൂടമാറ്റം അത്ര എളുപ്പമല്ല എന്നാണ് ഇപ്പോഴത്തെ സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്. നിലവിൽ ഇറാൻ വലിയ മാറ്റങ്ങൾക്ക് തയ്യാറെടുക്കുന്നുണ്ട്.
പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, ചീഫ് ജസ്റ്റിസ്, പുരോഹിതനായ അലിറേസ അറാഫി എന്നിവരടങ്ങുന്ന മൂന്നംഗ താൽക്കാലിക നേതൃസമിതി ഔദ്യോഗിക ഭരണസംവിധാനം മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്നു. ഇക്കാര്യത്തിൽ ഏറ്റവും നിർണ്ണായകമാകുക ഇറാന്റെ സുരക്ഷാസംവിധാനമാണ്. ‘ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്’ (IRGC) വെറുമൊരു സൈനികവിഭാഗമല്ല. അതൊരു രാഷ്ട്രീയശക്തിയും വലിയ സാമ്പത്തികശൃംഖലയുമാണ്. പുതിയതായി ആര് അധികാരത്തിൽ വന്നാലും അവർക്ക് ഈ സൈന്യത്തിന്റെ പിന്തുണയോ അല്ലെങ്കിൽ എതിർപ്പില്ലാത്ത അവസ്ഥയോ ആവശ്യമാണ്. ഈ സൈനികവിഭാഗം ഒരുമിച്ച് നിൽക്കുകയാണെങ്കിൽ, വലിയ തിരിച്ചടികൾ നേരിട്ടാലും പഴയരീതിയിലുള്ള ഭരണംതന്നെ തുടരാൻ അവർക്ക് സാധിക്കും.
ഒരു യഥാർത്ഥ ഭരണകൂടമാറ്റം ഉണ്ടാകാൻ സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ പലതാണ്. നിലവിലെ താൽക്കാലികഭരണസംവിധാനം തീവ്രപക്ഷക്കാരും മറ്റ് യാഥാസ്ഥിതിക പുരോഹിതന്മാരും തമ്മിലുള്ള ഒരു സംഘർഷഭൂമിയായി മാറിയാൽ ഭരണകൂടം നിശ്ചലമാകുകയോ തകരുകയോ ചെയ്യാം. സൈനികർ ഉത്തരവുകൾ അനുസരിക്കാൻ വിസമ്മതിക്കുമ്പോഴാണ് ഒരു ഭരണകൂടം പെട്ടെന്ന് തകരുന്നത്. പ്രതിഷേധക്കാർക്ക്നേരെ വെടിവെക്കില്ലെന്ന് സാധാരണസൈന്യം സൂചനനൽകിയാൽ എല്ലാം മാറിമറിയും. ഇറാനകത്ത് വ്യക്തമായ പദ്ധതിയുള്ള, ഒന്നിച്ചുനിൽക്കുന്ന ഒരു പ്രതിപക്ഷം ആവശ്യമാണ്. ഇറാന്റെ പ്രതിപക്ഷം സജീവമാണെങ്കിലും ഇപ്പോഴും വിഘടിച്ചു നിൽക്കുകയാണ്. റേസ പഹ്‌ലവിയെപ്പോലുള്ളവരുടെ പ്രാധാന്യവും അതേസമയം പ്രവാസി ഗ്രൂപ്പുകൾക്കിടയിലെ കടുത്തഭിന്നതയും ഇപ്പോൾ പുറത്തുവരുന്നുണ്ട്. ഇത് അടുത്തഘട്ടം എങ്ങനെയെന്ന കാര്യത്തിൽ അവ്യക്തതയുണ്ടാക്കുന്നു. പ്രതിഷേധങ്ങൾ പ്രധാനമാണ്, എന്നാൽ മന്ത്രാലയങ്ങൾ, പ്രാദേശിക ഓഫീസുകൾ, ദേശീയമാധ്യമങ്ങൾ എന്നിവയുടെ നിയന്ത്രണം ആരുടെ കൈവശമാണ് എന്നതും നിർണ്ണായകമാണ്.
പ്രതിപക്ഷത്തിന് ഇപ്പോൾ വലിയ ആവേശമുണ്ടെങ്കിലും എല്ലാവരെയും നയിക്കാൻ ഒരൊറ്റ നേതൃത്വമില്ല. റേസ പഹ്‌ലവിയെ അനുകൂലിക്കുന്ന രാജഭരണവാദികൾ, റിപ്പബ്ലിക്കൻ-ഇടതുപക്ഷ സഖ്യങ്ങൾ, പരിഷ്കരണവാദികളായ പുരോഹിതന്മാർ, സ്വന്തം ആവശ്യങ്ങളുമായി നിൽക്കുന്ന വിവിധ ഗോത്രവർഗ്ഗ പ്രസ്ഥാനങ്ങൾ എന്നിവരെല്ലാം ഇതിലുണ്ട്. ഇവർക്ക് ലഭിച്ച വലിയ അവസരത്തെക്കുറിച്ചും എന്നാൽ ഇവർക്കിടയിലുള്ള പരസ്പര അവിശ്വാസത്തെക്കുറിച്ചും ആശങ്കയുണ്ട്. ഒരു ഭരണകൂടം തകരുമ്പോൾ സുരക്ഷ, അടിസ്ഥാനസേവനങ്ങൾ, അതിർത്തിസംരക്ഷണം, പ്രതികാരനടപടികൾ തടയൽ എന്നിവ ഉറപ്പാക്കാൻ വ്യക്തമായ ഒരു ഇടക്കാലപദ്ധതി അത്യാവശ്യമാണ്. ഇത്തരമൊരു കൃത്യമായ പദ്ധതിയുടെ അഭാവത്തിൽ ജനാധിപത്യമല്ല, മറിച്ച് രാജ്യം അരാജകത്വത്തിലേക്ക് വീണുപോകുമെന്നാണ് പലരും ഭയപ്പെടുന്നത്. വിവിധ പ്രവിശ്യകൾ സായുധസംഘങ്ങളുടെയും കള്ളക്കടത്ത് മാഫിയകളുടെയും വിദേശശക്തികളുടെയും നിയന്ത്രണത്തിലായേക്കാം. അങ്ങനെയൊരു സാഹചര്യംവന്നാൽ അതിന്റെ ദുരിതം മുഴുവൻ അനുഭവിക്കേണ്ടിവരിക സാധാരണക്കാരായ ഇറാനികളായിരിക്കും.
പുറത്തുനിന്നുള്ള സൈനികസമ്മർദ്ദം രാജ്യത്തെ ദുർബലപ്പെടുത്തിയേക്കാം, എന്നാൽ അത് ജനങ്ങൾക്കിടയിൽ ദേശീയതാവികാരം വർദ്ധിപ്പിക്കാനും കാരണമാകും. ഇസ്ലാമിക്റിപ്പബ്ലിക്കിനെ എതിർക്കുന്ന ചില ഇറാനികൾ പോലും വിദേശരാജ്യങ്ങൾ തങ്ങളുടെ രാജ്യം തകർക്കുന്നതിനോട് യോജിച്ചെന്നുവരില്ല.
ടെഹ്‌റാനിലെ കേന്ദ്രീകൃതഭരണം ഇല്ലാതായാൽ മേഖല ശാന്തമാകില്ല. പകരം ആ ഒഴിവ് നികത്താനുള്ള ഒരു മത്സരവേദിയായി പശ്ചിമേഷ്യ മാറും. ഇറാന്റെ കേന്ദ്രീകൃത അധികാരം തകർന്നാൽ അതിന്റെ ആദ്യ പ്രതിഫലനം ഉണ്ടാവുക ലെബനൻ, ഇറാഖ്, സിറിയ, യെമൻ എന്നിവിടങ്ങളിലാണ്. ഇറാന്റെ സാമ്പത്തിക-സൈനിക സഹായത്തോടെ പ്രവർത്തിക്കുന്ന ഹിസ്ബുള്ളയും ഹൂതികളും ഉൾപ്പെടെയുള്ള ഗ്രൂപ്പുകൾ അനാഥമാക്കപ്പെടും. ഇത് ഇസ്രായേലിന് താൽക്കാലികമായി സൈനികനേട്ടം നൽകുമെങ്കിലും, മേഖലയിൽ സമാധാനം കൊണ്ടുവരില്ല. പകരം നിയന്ത്രിക്കാൻ കഴിയാത്ത നിരവധി ചെറിയ സായുധസംഘങ്ങളുടെ വളർച്ചയ്ക്കും ഇത് സാക്ഷ്യം വഹിക്കും.
തങ്ങളുടെ ഏറ്റവും വലിയ ശത്രു ദുർബലമാകുന്നതോടെ ഇസ്രായേലിന് തന്ത്രപരമായ നേട്ടമുണ്ടാകും. പക്ഷെ, എതിരാളികളില്ലാത്ത ഒരു ഏകപക്ഷീയ ശക്തിയായി ഇസ്രായേൽ മാറും എന്ന് കരുതാനാവില്ല. വാസ്തവത്തിൽ, ഇറാന്റെ ഭീഷണിയുണ്ടായിരുന്നപ്പോൾ ചില അറബ് രാജ്യങ്ങൾ ഇസ്രായേലുമായി പുലർത്തിയിരുന്ന രഹസ്യധാരണകൾ ഈ മാറ്റത്തോടെ പുതിയ ഘട്ടത്തിലേക്ക് കടക്കാം. കൂടാതെ ഇസ്രായേലിന്റെ തുടർച്ചയായ യുദ്ധങ്ങളും അതിർത്തികടന്നുള്ള ആക്രമണങ്ങളും മേഖലയിൽ പുതിയ എതിർപ്പുകൾക്കും പുതിയ അധികാരസന്തുലിതാവസ്ഥകൾക്കും വഴിതുറന്നേക്കാം. ഇറാൻ പിന്തുണയുള്ള സായുധസംഘങ്ങൾ ദുർബലമായാൽ, ഇറാഖിലെ വിവിധവിഭാഗങ്ങൾ ഭൂപ്രദേശങ്ങൾക്കും മന്ത്രാലയങ്ങൾക്കും എണ്ണപ്പാതകൾക്കും വേണ്ടി പരസ്പരം പോരടിക്കും. ഇറാന്റെ മിസൈലുകളെയും നിഴൽയുദ്ധങ്ങളെയും ഭയപ്പെട്ടിരുന്ന ഗൾഫ് രാജ്യങ്ങൾക്ക് ഈ തകർച്ച ആശ്വാസം നൽകുന്നുണ്ടെങ്കിലും വലിയ പേടിയും ഒപ്പമുണ്ട്.

ഇറാനിലെ ആഘാതം ലോകമാകെ പടരുന്നത് എണ്ണവിപണിയിലൂടെയാണ്. എണ്ണ വിപണിയിൽ ഇറാൻ പ്രധാനമാകുന്നത് രണ്ട് കാരണങ്ങൾ കൊണ്ടാണ്: ഇറാന്റെ സ്വന്തം എണ്ണവിതരണവും അതിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനവും. ഹോർമുസ് കടലിടുക്ക് ലോകത്തെ ഏറ്റവും നിർണ്ണായകമായ കപ്പൽപ്പാതയാണിത്. ഹോർമുസ് വഴി കടന്നുപോകുന്ന ക്രൂഡ് ഓയിലിന്റെ 84 ശതമാനവും ഏഷ്യൻ വിപണികളിലേക്കാണ് പോകുന്നത്. ഇക്കാര്യത്തിൽ ചൈനയാണ് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്. ചൈനയെ സംബന്ധിച്ച് ഇറാൻ ഒരു പ്രധാന ഊർജ്ജപങ്കാളിയും അമേരിക്കൻ സ്വാധീനത്തെ പ്രതിരോധിക്കാനുള്ള ഒരു ശക്തിയുമായിരുന്നു. ഇറാൻ ഒരു പരാജയപ്പെട്ട രാജ്യമായി മാറുകയോ അല്ലെങ്കിൽ പാശ്ചാത്യരാജ്യങ്ങളോട് ആഭിമുഖ്യമുള്ള ഭരണകൂടം അവിടെ വരികയോ ചെയ്താൽ, ചൈനയ്ക്ക് മേഖലയിലുള്ള സ്വാധീനം നഷ്ടമാകും.
ഇറാൻ വല്ലാതെ ദുർബലമായാൽ, ആ സാഹചര്യം തങ്ങൾക്കനുകൂലമായി മാറ്റാൻ തുർക്കി, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങൾ സ്വന്തം നിലയിൽ ശ്രമിക്കും. ഗൾഫ് മേഖലയുടെ സുസ്ഥിരത ഉറപ്പാക്കുന്ന പ്രധാന ശക്തിയായി സൗദിഅറേബ്യ സ്വയം അവതരിപ്പിക്കും. മേഖലയിലെ വ്യോമ-മിസൈൽ പ്രതിരോധസംവിധാനങ്ങൾ ശക്തിപ്പെടുത്താനും ഊർജ്ജനിലയങ്ങളുടെ സുരക്ഷവർദ്ധിപ്പിക്കാനും സൗദി മുൻകൈയെടുക്കും. ഒരു രാജ്യം എന്നനിലയിലുള്ള ഇറാനെയല്ല സൗദി ഭയപ്പെടുന്നത്. നിയന്ത്രണമില്ലാത്തതും മുറിവേറ്റതുമായ അവസ്ഥയിലുള്ള ഇറാൻ നടത്തുന്ന അപ്രതീക്ഷിത ആക്രമണങ്ങളെയും അത് വിപണിയിലുണ്ടാക്കുന്ന പരിഭ്രാന്തിയെയും ആണ്.
തുർക്കി തങ്ങളുടെ ശ്രദ്ധ വടക്കോട്ടും കിഴക്കോട്ടും കേന്ദ്രീകരിക്കും. അതായത് ഇറാഖ്, സിറിയ, അതിർത്തികൾ, കുർദിഷ് രാഷ്ട്രീയം എന്നിവയിൽ. ഇറാന്റെ ശ്രദ്ധമാറുമ്പോൾ, തങ്ങളുടെ സുരക്ഷാമേഖലകൾ വ്യാപിപ്പിക്കാനും ചർച്ചകളിൽ വിലപേശൽശേഷി വർദ്ധിപ്പിക്കാനും തുർക്കിക്ക് കൂടുതൽ അവസരം ലഭിക്കും. കൂടാതെ മേഖലയിലെ പ്രധാന നയതന്ത്ര-ഗതാഗതകേന്ദ്രമായി മാറാനും തുർക്കി ശ്രമിക്കും. ചെങ്കടലിലെയും സൂയസ് കനാലിലെയും സാമ്പത്തികസുരക്ഷയിലായിരിക്കും ഈജിപ്തിന്റെ പ്രധാനശ്രദ്ധ. അതോടൊപ്പം പശ്ചിമേഷ്യയുടെ ഭാവി അമേരിക്കയും ഇസ്രായേലും മാത്രം തീരുമാനിക്കുന്ന അവസ്ഥ ഒഴിവാക്കാൻ നയതന്ത്രചർച്ചകളിൽ ഒരു പ്രധാനസ്ഥാനം നേടാനും ഈജിപ്ത് ശ്രമിക്കും.
പശ്ചിമേഷ്യയെ സംബന്ധിച്ചിടത്തോളം ഇറാന്റെ തകർച്ച എന്നാൽ സമാധാനം എന്നല്ല അർത്ഥം. അതൊരു വലിയ മാറ്റത്തിനും മത്സരത്തിനുമാണ് വഴിതുറക്കുന്നത്. ഇറാഖിലും ഗൾഫ്മേഖലയിലും ഇറാന്റെ പിന്തുണയുള്ള ഗ്രൂപ്പുകൾക്കിടയിലും ഇത് പ്രാദേശിക യുദ്ധസാഹചര്യങ്ങൾ സൃഷ്ടിച്ചേക്കാം.
ലോകസമ്പദ്‌വ്യവസ്ഥ ഇപ്പോൾതന്നെ കടുത്തസമ്മർദ്ദത്തിലാണ്. എണ്ണവിലയിലുണ്ടാകുന്ന തുടർച്ചയായ വർദ്ധനവ് ഗതാഗതചെലവും ഭക്ഷണസാധനങ്ങളുടെ വിലയും വർദ്ധിപ്പിക്കുകയും പലിശനിരക്ക് കൂടാൻ കാരണമാവുകയും ചെയ്യും. ഇത് ഏഷ്യൻ രാജ്യങ്ങൾ ഉൾപ്പെടെയുള്ള ഇറക്കുമതിരാജ്യങ്ങളെയാണ് ആദ്യം ബാധിക്കുക,
പശ്ചിമേഷ്യ ഇപ്പോൾ വെറുമൊരു യുദ്ധത്തിലല്ല. ഒരു ഭരണകൂടത്തിന്റെ തകർച്ചയും, ഊർജ്ജപ്രതിസന്ധിയും, വൻശക്തികൾ തമ്മിലുള്ള മത്സരവും ചേർന്ന് ദീർഘകാലം നീണ്ടുനിൽക്കുന്ന ഒരു വലിയ പ്രതിസന്ധിയായി മാറാവുന്ന ഘട്ടത്തിലാണിത്. ഇറാൻ ക്രമബദ്ധമായ ഒരു മാറ്റത്തിലേക്ക് കടക്കുമോ, അതോ മേഖലയാകെ വർഷങ്ങൾ നീണ്ടുനിൽക്കുന്ന അസ്ഥിരതയിലേക്ക് വീഴുമോ എന്ന് വരും ദിവസങ്ങൾ തീരുമാനിക്കും.



Leave A Comment